കൊച്ചുമകൾ നെഹ്റുവിന്റെ സ്വപ്നത്തിന്റെ ചിതാഭസ്മനിമഞ്ജനവും നടത്തിക്കഴിഞ്ഞു

ഇന്ത്യ എന്തുകൊണ്ട് മതേതര രാജ്യമായി തുടങ്ങി? ഈ രാജ്യം എഴുപതു വർഷം പിന്നിടുമ്പോൾ വർഗീയവാദികൾക്ക് മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ പേരിൽ ആഹ്‌ളാദിക്കാൻ എങ്ങനെ ഒരവസരമുണ്ടായി? വിചിത്രമായ ആ സമസ്യയുടെ ഉത്തരം ഒന്നുതന്നെ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ശ്രീരാമൻ ജനിച്ചത് അയോധ്യയിലാണ് എന്നാണ് ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വിശ്വാസികളായ ഹിന്ദുക്കളും വിശ്വസിക്കുന്നത്. ഈ രാജ്യത്തെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും മതേതരവാദികളായതുകൊണ്ട് മതേതര രാജ്യമായി ഇപ്പോഴും നിലനിൽക്കുന്ന ഇന്ത്യയിൽ, ശ്രീരാമന് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ അയോധ്യയിൽ ഒരു ക്ഷേത്രം വരുന്നതിൽ ഈ രാജ്യത്തെ ഭൂരിഭാഗം മനുഷ്യർക്കും ആഹ്‌ളാദമുണ്ടാകേണ്ടതാണ്, ബാക്കിയുള്ളവർ, അതായത് വർഗീയവാദികൾ ഒഴികെയുള്ളവർ, ആ സന്തോഷം പങ്കുവെക്കേണ്ടതാണ്. എന്നാൽ അയോധ്യയിൽ രാമക്ഷത്രത്തിന് ശിലയിടുമ്പോൾ മതേതര ഇന്ത്യയിൽ ആരാണ് ആഹ്‌ളാദിക്കുന്നത്, ആരാണ് ആശങ്കപ്പെടുന്നത് എന്ന ചോദ്യമുയരുന്നു.

ജവഹർലാൽ നെഹ്രു
ജവഹർലാൽ നെഹ്രു

ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോൾ വിചിത്രമായ ഒരു സമസ്യയും അതുകൊണ്ടുതന്നെ വിചിത്രമായ ഒരുത്തരവും എന്നെത്തേടി വരുന്നു. ഇന്ത്യ എന്തുകൊണ്ട് മതേതര രാജ്യമായി തുടങ്ങി? ഈ രാജ്യം എഴുപതു വർഷം പിന്നിടുമ്പോൾ വർഗീയവാദികൾക്ക് മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ പേരിൽ ആഹ്‌ളാദിക്കാൻ എങ്ങനെ ഒരവസരമുണ്ടായി? ഇതാണ് വിചിത്രമായ ആ സമസ്യ. രണ്ടു ചോദ്യങ്ങളുള്ള ആ സമസ്യയുടെ ഉത്തരവും ഒന്നുതന്നെ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

എന്തുകൊണ്ട് ഹിന്ദുരാജ്യമായില്ല?

മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ വിഭജിക്കപ്പെടുകയും മുസ്‌ലിംകൾക്കായി പാകിസ്ഥാൻ സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോൾ ഇന്ത്യ ഒരു ഹിന്ദുരാജ്യമാവുക എന്നത് ഏതുവിധേനയും യുക്തിപരമായ ഒരു കാര്യമാണ്. പക്ഷെ ഇതൊരു മതേതര ഭരണഘടനയുള്ള രാജ്യമായി മാറിയതിനു കാരണം ഇന്ത്യ എങ്ങനെയിരിക്കണം എന്നതിനെപ്പറ്റി, ഭാവിയിൽ ഈ മണ്ണിൽ ജനിക്കുന്ന മനുഷ്യർക്ക് ഗുണകരമാവുക എന്തായിരിക്കണം എന്നതിനെപ്പറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അന്നത്തെ നേതാക്കൾക്ക് ഒരു ധാരണയുണ്ടായിരുന്നു എന്നതാണ്; അല്ലാതെ അതിൽ വിശ്വാസികളോ മതതീവ്രവാദികളോ ഇല്ലാഞ്ഞല്ല. ജാതിമത ഭേദമില്ലാതെ എല്ലാവിഭാഗം മനുഷ്യരെയും ഒരുമിച്ചുനിർത്തിയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അമരത്തുനിന്ന സംഘടനയ്ക്ക് മറിച്ചൊരു ചിന്ത അത്ര എളുപ്പമല്ലായിരുന്നു.
ഒരു വേള ആ സ്വാധീനം പാകിസ്ഥാനുപോലും ഉണ്ടായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടു എങ്കിലും അതിന്റെ ഭരണഘടന എല്ലാ വിഭാഗം പൗരന്മാർക്കും തുല്യനീതി ഉറപ്പുനൽകുന്നതായിരുന്നു. പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സിയാ ഉൽ ഹഖ്

മുസ്‌ലിംലീഗിൽ വർഗീയവാദികൾ കൂടുതലുണ്ടായിരുന്നു; കോൺഗ്രസിൽ അവർ തീരെയില്ലാതിരുന്നില്ല ഒരു കാലത്തും. മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും പ്രഭാവത്തിൽ അവർക്ക് മുൻനിരയിൽ ഇരിപ്പിടം കിട്ടിയില്ല എന്നുമാത്രം

അധികാരമുറപ്പിക്കാൻ മതവാദിയായി, മതത്തിന്റെ പേരിൽ ക്രിമിനലുകളെയും ഭീകരന്മാരെയും പ്രോത്സാഹിപ്പിച്ചുതുടങ്ങിയപ്പോഴാണ് അവിടെ മതന്യൂനപക്ഷങ്ങൾക്ക് രണ്ടാംതരം പൗരന്മാരെന്ന അവഗണന അനുഭവിച്ചുതുടങ്ങേണ്ടിവന്നത്. അത് പതുക്കെ വന്ന് ഭീകരത പാകിസ്ഥാനെ ആകെ വിഴുങ്ങുന്ന അവസ്ഥയായി. ഒരു സമയത്ത് ഇന്ത്യയെക്കാളും സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടുനിന്ന നിന്ന പാകിസ്ഥാൻ ഇന്ന് പിച്ചച്ചട്ടിയുമായി ലോകത്തിനു മുൻപിൽ നിൽക്കുന്ന കാഴ്ച മുൻകൂട്ടി കണ്ടതുകൊണ്ടുകൂടിയാണ് ഇന്ത്യ അത്തരം ആളുകൾക്ക് മേൽക്കൈ കൊടുക്കേണ്ട എന്ന് ആദ്യമേ തീരുമാനിച്ചത്.

ഇന്ദിരാഗാന്ധി പ്രോത്സാഹിപ്പിച്ച ഭീകരസംഘം

മഹാത്മാഗാന്ധിയുടെ വധത്തിന്റെ നിഴലിൽ ഭരണഘടന എഴുതിയുണ്ടാക്കുമ്പോൾ മതവാദികളെ അതിൽ കൂട്ടിത്തൊടുവിച്ചാൽ എന്താണ് സംഭവിക്കുക എന്നതിനെപ്പറ്റി ഭരണഘടനാ അസംബ്ലിയിൽ ഉണ്ടായിരുന്നവർക്കുള്ള ധാരണകൂടി ആ വിശുദ്ധഗ്രന്ഥത്തിന്റെ വരികളിക്കിടയിൽ പരന്നുകിടക്കുന്നുണ്ട്.
മുസ്‌ലിംലീഗിൽ വർഗീയവാദികൾ കൂടുതലുണ്ടായിരുന്നു; കോൺഗ്രസിൽ അവർ തീരെയില്ലാതിരുന്നില്ല ഒരു കാലത്തും. മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും പ്രഭാവത്തിൽ അവർക്ക് മുൻനിരയിൽ ഇരിപ്പിടം കിട്ടിയില്ല എന്നുമാത്രം. എങ്കിലും സമയാസമയങ്ങളിൽ പറ്റുന്ന തരത്തിൽ ഹിന്ദുത്വ അജണ്ട കുത്തിത്തിരുകാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു. അയോധ്യയിൽ പ്രത്യക്ഷപ്പെട്ട രാമബിംബത്തെക്കുറിച്ച് നെഹ്‌റുവിന്റെ നിർദ്ദേശം അവഗണിക്കാൻ അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ജി.ബി. പാന്തിന് ധൈര്യം വന്നത് അതുകൊണ്ടാണ്.

ഇന്ദിരാഗാന്ധി
ഇന്ദിരാഗാന്ധി

തികഞ്ഞ ജനാധിപത്യവാദിയും തികഞ്ഞ മതേതരവാദിയുമായിരുന്ന നെഹ്റു വിടവാങ്ങിയതോടെ അദ്ദേഹം ഉയർത്തിപ്പിടിച്ചിരുന്ന ആശയങ്ങൾക്കുനേരെ ചോദ്യം ഉയർന്നുതുടങ്ങി. അദ്ദേഹത്തിന്റെ മകളായിത്തുടങ്ങി പ്രധാനമന്ത്രിയായിത്തീർന്ന ഇന്ദിരാഗാന്ധിയെ ബംഗ്ലാദേശ് യുദ്ധവിജയത്തിനുശേഷം ‘ദുർഗ' എന്ന് ആർ. എസ്.എസ്-ജനസംഘം നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയി വിശേഷിപ്പിച്ചപ്പോൾ അതിൽ കോൺഗ്രസുകാർ അസ്വാഭാവികത കണ്ടില്ല. ഒരു മതേതരരാജ്യത്തിന്റെ വിജയത്തെ ദൈവങ്ങളുമായി ചേർത്തുകെട്ടാനുള്ള ശ്രമത്തെ തിരിച്ചറിയാൻ അന്ന് കഴിയാതെ പോയി. ഒന്നോർത്തുനോക്കിയാൽ വിഭജനകാലത്തെ വർഗീയ ലഹളയുടെ ആഘാതം സഹിച്ചിട്ടും ഇന്ത്യക്ക് അതിന്റെ മതേതര സ്വഭാവം നിലനിർത്താനായി; പക്ഷെ അകാലിദൾ എന്ന സിക്കുകാരുടെ

ഇന്ദിരാഗാന്ധിയെ ബംഗ്ലാദേശ് യുദ്ധവിജയത്തിനുശേഷം ‘ദുർഗ' എന്ന് ആർ. എസ്.എസ്-ജനസംഘം നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയി വിശേഷിപ്പിച്ചപ്പോൾ അതിൽ കോൺഗ്രസുകാർ അസ്വാഭാവികത കണ്ടില്ല

രാഷ്ട്രീയപാർട്ടിയെ തളയ്ക്കാൻ ഇന്ദിരാഗാന്ധി പ്രോത്സാഹിപ്പിച്ച ഭീകരസംഘം അവരുടെ ജീവനെടുത്തതിനെത്തുടർന്നുണ്ടായ വംശീയ അക്രമത്തിന്റെ, അതുയർത്തിവിട്ട ഭൂരിപക്ഷ വർഗീയതയുടെ വിഷാണുക്കളാണ് ഇന്ത്യയാകെ പടരുന്നത്. ഇവയൊക്കെ നടക്കുമ്പോൾ ഇന്ത്യ ഭരിച്ചിരുന്നത് കോൺഗ്രസായിരുന്നു. കോൺഗ്രസ് മാറിത്തുടങ്ങിയിരുന്നു, ഇന്ത്യയും.
തകർത്തവർക്കാണ് കൂടുതൽ അവകാശം

ബാബ്റി മസ്ജിദിന്റെ പൂട്ടുകൾ ശിലാന്യാസത്തിന് തുറന്നുകൊടുത്തും മസ്ജിദ് ഹിന്ദുത്വ തീവ്രാദികൾ തകർക്കുമ്പോൾ കൈകെട്ടിനിന്നുകണ്ടും കോൺഗ്രസ് അതിന്റെ പരിണാമം പൂർത്തിയാക്കി; ഇന്ത്യയും. ‘മതേതരത്വം' ഒരു തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്താൻ പോലും ആരും ധൈര്യപ്പെട്ടില്ല എന്ന് കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസ് വരച്ചിട്ട മാറുന്ന ഇന്ത്യയുടെ ചിത്രം പൂർത്തിയാക്കി അടിയിൽ ഒപ്പുമിട്ടു. പണ്ഡിറ്റ് നെഹ്രുവിന്റെ പിൻഗാമിയായി മോദി; അതാണ് ചലിക്കുന്ന ആ ചിത്രം. വളരെ സ്വാഭാവികമായ ചിത്രം.

ബാബരി മസ്ജിദ്
ബാബരി മസ്ജിദ്

ഇന്ന് ശിലയിടുന്ന ഭൂമിയിൽ ഇന്ത്യൻ മുസ്‌ലിമിന്റെ ഒരു ആരാധനാലയം ഉണ്ടായിരുന്നു; അതിന്മേൽ അവർക്കു അവകാശവുമുണ്ടായിരുന്നു എന്ന് കോടതി, ഇന്ത്യൻ പരമോന്നത കോടതി അംഗീകരിച്ചിട്ടുണ്ട്. അവിടെ മറ്റൊരു മതദൈവത്തിന്റെ വിഗ്രഹം വെച്ചതും പിന്നീട് ആ ആരാധനാലയം തകർത്തതും ‘നിയമവ്യവസ്ഥയ്ക്കുമേൽ സമാനതകളില്ലാത്ത ആഘാതമേൽപിച്ച സംഭവങ്ങളാണ്' എന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

എങ്കിലും കൂടുതൽ അവകാശം തകർത്തവർക്കാണ് എന്ന് വിചിത്രമായ ചില നീതിന്യായവഴികളിൽക്കൂടി സഞ്ചരിച്ചു കോടതി കണ്ടുപിടിച്ചു; ആ വിധിയുടെ തണലിലാണ് ഇന്ന് മര്യാദാപുരുഷോത്തമന്റെ മഹത്വത്തിനായുള്ള ക്ഷേത്രത്തിനു ശിലയിടുന്നത്. ഇന്ത്യയും കോൺഗ്രസും ഒരു വേള ശ്രീരാമചന്ദ്രനും മാറിയിരിക്കുന്നു. പുതിയ ക്ഷേത്രം രാജ്യത്തിന്റെ ഐക്യത്തിന്റെ അടയാളമാകുമെന്നു പ്രവചിച്ച് പണ്ഡിറ്റ് നെഹ്റുവിന്റെ കൊച്ചുമകൾ പ്രിയങ്ക ഗാന്ധി അദ്ദേഹത്തിന്റെ വലിയ സ്വപ്നത്തിന്റെ ചിതാഭസ്മനിമഞ്ജനവും നടത്തി.

നിങ്ങളെന്തിനാണ് അന്ന് ആഹ്‌ളാദിച്ചത്?

തെരഞ്ഞെടുപ്പുപ്രചാരണ വേദികളിൽനിന്ന്​ ഒഴിവായിരിക്കുന്നു എന്ന് പ്രധാനമന്ത്രി ആശ്വസിക്കുന്ന ‘മതേതരത്വം' എന്ന പദം എന്താണ് അർത്ഥമാക്കുന്നത്? അത് കേവലം മതത്തോടുണ്ടായിരിക്കേണ്ട രാഷ്ട്രത്തിന്റെ നിലപാടല്ല. അത് രാഷ്ട്രം അതിന്റെ പൗരന്മാരോട്, മനുഷ്യനോട് പുലർത്തേണ്ട സഞ്ചയിത നിലപാടാണ്. മതവും ജാതിയും ലിംഗവും ഭാഷയും നിറവും പ്രദേശവും ഒക്കെ ഒഴിച്ചുനിർത്തി പൗരനെ, മനുഷ്യനെ, അങ്ങനെ മാത്രം

ഇന്ന് ശിലയിടുന്ന ഭൂമിയിൽ ഇന്ത്യൻ മുസ്‌ലിമിന്റെ ഒരു ആരാധനാലയം ഉണ്ടായിരുന്നു; അതിന്മേൽ അവർക്കു അവകാശവുമുണ്ടായിരുന്നു എന്ന് കോടതി, ഇന്ത്യൻ പരമോന്നത കോടതി അംഗീകരിച്ചിട്ടുണ്ട്

കാണാൻ കഴിയുന്ന ഒരു വ്യവസ്ഥയുടെ പേരാണ് മതേതരത്വം. രാഷ്ട്രസംവിധാനത്തിൽനിന്ന് മതത്തെ മാറ്റിനിർത്തുകയും ബാക്കി എല്ലാ വേർതിരിവുകളും നിലനിൽക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി അസാധ്യമാണ്; മനുഷ്യർക്കിടയിലുള്ള മറ്റു വേർതിരിവുകൾകൂടി ഇല്ലാതായേലേ മതേതരത്വം എന്ന സങ്കൽപ്പത്തിന് നിലനിൽപ്പുള്ളൂ. അതുകൊണ്ട്​, ഇന്നത്തെ ഇന്ത്യയിൽ മതേതരത്വം എന്ന വാക്ക് അശ്ലീലമാകുന്നു എങ്കിൽ സമത്വം എന്ന ആശയസംഹിതയിലെ ഒരു സങ്കൽപം കൂടി അശ്‌ളീലമാകുന്നു എന്ന് മാത്രം കണക്കാക്കിയാൽ മതി. ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഏറിയോ കുറഞ്ഞോ ഉള്ള മറ്റു വൈജാത്യങ്ങൾ പഴയതിലും കൂടുതൽ ശക്തിയിൽ തിരിച്ചുവരും എന്ന് കണക്കാക്കുക. മതേതരത്ത്വത്തിന്റെ വൈരികൾക്ക് ലിംഗസമത്വം ഉറപ്പായും അശ്ളീല പദമാണ്; ജാതിസംവിധാനം അവരുടെ വിശ്വാസത്തിന്റെ ആധാരമാണ്; ഭാഷ അവർക്ക്​ അധികാരരൂപമാണ്, നിറം പല തട്ടിൽ പ്രവർത്തിക്കുന്ന അടിസ്ഥാനരൂപമാണ്. എന്നുവച്ചാൽ, ഈ ഉത്തമ സാധാരണ ഘടകങ്ങളുടെ ടെസ്റ്റിൽ പോസ്റ്റിറ്റീവാകുന്നവർക്കുവേണ്ടിയുള്ള സമൂഹനിർമ്മിതിയുടെ ശിലാന്യാസത്തിൽ പങ്കാളികളാകുന്ന അപ്പനും സുഭദ്രയും ഞാനുമുള്ള ട്രസ്റ്റിന് പുറത്തുള്ളവർ അവർക്കാവശ്യമുണ്ടെന്നു തോന്നുന്നെങ്കിൽ ആലോചിക്കേണ്ട കാര്യമാണ്, ഏതുതരത്തിലുള്ള ഇന്ത്യയിലാണ് അവരുടെ മക്കളും കൊച്ചുമക്കളും വളരേണ്ടതെന്ന്.

2019 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ക്ഷേത്ര ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി
2019 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ക്ഷേത്ര ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി

മനുഷ്യനെ ഇവിടെവരെയെത്തിച്ച സാഹോദര്യമെന്ന അടിസ്ഥാനമൂല്യത്തിൽ അധികാരത്തിനുവേണ്ടി വെള്ളവും പാഷാണവും ചേർത്തുള്ള കൂട്ടുകളുണ്ടാക്കി വെച്ചുവാണിഭം നടത്തുന്ന പരിഷകളുടെ ആഘോഷത്തിൽ മതിമറന്നുനിൽക്കുന്നവരോട് അവരുടെ വരും തലമുറകൾക്കുവേണ്ടി ഒരു കാര്യം ചോദിച്ചുവെക്കാൻ ഞാനാഗ്രഹിക്കുന്നു: നിങ്ങളാർക്കുവേണ്ടിയുള്ള ഇന്ത്യയുടെ നിർമ്മാണത്തിനാണ് തിരക്കിട്ടുപോയിരുന്നത്? നിങ്ങളെന്തിനാണ് അന്ന് ആഹ്‌ളാദിച്ചത്?
കോൺഗ്രസിനോടുകൂടിയാണ്.


Summary: ഇന്ത്യ എന്തുകൊണ്ട് മതേതര രാജ്യമായി തുടങ്ങി? ഈ രാജ്യം എഴുപതു വർഷം പിന്നിടുമ്പോൾ വർഗീയവാദികൾക്ക് മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ പേരിൽ ആഹ്‌ളാദിക്കാൻ എങ്ങനെ ഒരവസരമുണ്ടായി? വിചിത്രമായ ആ സമസ്യയുടെ ഉത്തരം ഒന്നുതന്നെ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്


കെ.ജെ. ജേക്കബ്​

മാധ്യമപ്രവർത്തകൻ

Comments