‘വിശ്വഭാരതി' ശതാബ്ദി: മോദിയുടെ 'ആത്മനിർഭർ ഭാരത'വും ടാഗോറിന്റെ വിശ്വമാനവികതയും

കേന്ദ്രസർവകലാശാലയായ വിശ്വഭാരതിയുടെ ശതാബ്ദി ആഘോഷങ്ങൾ ഈയിടെ ഉത്ഘാടനം ചെയ്ത് ചാൻസലർ കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഭാരതത്തെയും ലോകത്തെയും ശാക്തീകരിക്കാനുള്ള തന്റെ സർക്കാരിന്റെ 'ആത്മ നിർഭർ ഭാരത'ത്തിന്റെ സത്ത രവീന്ദ്രനാഥ ടാഗോറിന്റെ ദർശനമാണെന്നാണ്. പ്രധാനമന്ത്രിയുടെ ടാഗോറിനെ കുറിച്ചുള്ള പ്രസ്താവന ശരിയായ ഉദ്ദേശ്യത്തോടുകൂടിയാണെങ്കിൽ സംഘ്പരിവാറിന്റെ തന്നെ നിലപാടിനെ അദ്ദേഹം നിരാകരിച്ചതായി മനസ്സിലാക്കേണ്ടി വരും

നമ്മൾ ലോകത്തെ തെറ്റായി വായിക്കുന്നു. എന്നിട്ട്, ലോകം നമ്മളെ ചതിച്ചെന്ന് ആരോപിക്കുന്നു
ടാഗോർ

ഹാകവി രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതനിൽ സ്ഥാപിച്ച ‘വിശ്വഭാരതി' ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ളത് ഏതെങ്കിലും ഏജൻസികൾ കേവലം ‘സ്ഥിതി വിവരങ്ങളുടെ' അടിസ്ഥാനത്തിൽ നൽകിയ ‘നക്ഷത്ര പദവികൾ' കൊണ്ടല്ല. ബൗദ്ധിക-സാംസ്‌കാരിക രംഗത്തെ അതിന്റെ ഔന്നത്യം രേഖപ്പെടുത്താൻ നമ്മുടെ സാമ്പ്രദായിക അളവുകോലുകൾക്കു കഴിയില്ലതാനും. കലയും, സാഹിത്യവും, മാനവിക വിഷയങ്ങളും, കൃഷിയും സംഗീതവും എല്ലാം കൂടിച്ചേർന്ന ശാന്തിനികേതനിലെ ഈ സാംസ്‌കാരിക ഭൂമിക എല്ലാക്കാലത്തും ഇത്തരം ‘നക്ഷത്ര' പദവികൾക്കപ്പുറം സഞ്ചരിച്ചു വിശ്വമഹത്വം നേടിയ ഒരു കലാലയമാണ്. അതുകൊണ്ടു തന്നെ വിശ്വഭാരതിയുടെ ഔന്നിത്യം കാത്തുസൂക്ഷിക്കേണ്ടത് ഭാരതത്തിലെ ഓരോ പൗരന്റെയും കൂടി കടമയാണ്.

അമർത്യ സെൻ
അമർത്യ സെൻ

കേന്ദ്രസർവകലാശാലയായ വിശ്വഭാരതിയുടെ ശതാബ്ദി ആഘോഷങ്ങൾ ഈയിടെ ആരംഭിച്ചു. പ്രസ്തുത പരിപാടി ഉത്ഘാടനം ചെയ്​ത്​ ചാൻസലർ കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്, ഭാരതത്തെയും ലോകത്തെയും ശാക്തീകരിക്കാനുള്ള തന്റെ സർക്കാരിന്റെ ‘ആത്മ നിർഭർ ഭാരത്' (സ്വാശ്രയ ഭാരത) ദൗത്യത്തിന്റെ സത്ത രവീന്ദ്രനാഥ ടാഗോറിന്റെ ദർശനമാണെന്നാണ്.
ടാഗോറിന്റെ ദർശനങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം പ്രസക്തമാകുന്നത് രണ്ടു സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്.

ഒന്ന്, ശതാബ്ദി ഉത്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനാവാത്ത ബംഗാളിലെ മമത സർക്കാരുമായി ബന്ധപ്പെട്ടും നൊബേൽ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിനെ വിശ്വഭാരതിയിലെ ‘അനധികൃത ഭൂമികയ്യേറ്റ'വുമായി ബന്ധപ്പെടുത്തിയും ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ. മറ്റൊന്ന്, ടാഗോറുമായി നേരിട്ട് ബന്ധപ്പെട്ടത് തന്നെയാണ്.

ഇതിൽ ടാഗോറുമായി ബന്ധപ്പെട്ട വിഷയത്തിലേക്കു ആദ്യം കടക്കാം. മൂന്നു വർഷങ്ങൾക്കു മുമ്പാണെന്ന് തോന്നുന്നു, വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ ദേശീയഗാനം നിർബന്ധമാക്കിയ വിധി വരുന്നതും അതിനെ തുടർന്ന് ടാഗോറിന്റെ ദേശീയതാവാദത്തെ കുറിച്ചുള്ള പ്രസംഗങ്ങളും രചനകളും വാദപ്രതിവാദങ്ങൾക്കു ഇടയൊരുക്കിയതും.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

അക്കാലത്തു തന്നെ തീവ്രദേശീയതയിൽ അഭിരമിക്കുന്ന ഒരു സംഘ്പരിവാർ സംഘടന (ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ്) ടാഗോർ, മിർസ ഗാലിബ്, എ. കെ. രാമാനുജൻ, എം.എഫ്. ഹുസൈൻ തുടങ്ങിയവരെകുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് എൻ.സി.ആർ.ടി യോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ടാഗോറിനെ കുറിച്ചുള്ള ഇപ്പോഴത്തെ പ്രസ്താവന ശരിയായ ഉദ്ദേശ്യത്തോടുകൂടിയാണെങ്കിൽ സംഘ്പരിവാറിന്റെ തന്നെ നിലപാടിനെ അദ്ദേഹം നിരാകരിച്ചതായി മനസ്സിലാക്കേണ്ടി വരും.
ടാഗോറിനെ തമസ്‌കരിക്കാൻ ഉണ്ടായ ശ്രമങ്ങളുടെ പശ്ചാത്തലം ഇവിടെ പ്രസക്തമാണ്.

1917 ലെ ടാഗോറിന്റെ ദേശീയതാവാദത്തെക്കുറിച്ചുള്ള പ്രസംഗങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചിട്ടു ഒരു നൂറ്റാണ്ടു തികയുന്ന സന്ദർഭം കൂടിയായിരുന്നു അത്. 1917 ലെ കൃതി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ ദേശീയതയെക്കുറിച്ചുള്ള ടാഗോറിന്റെ നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. "ദേശസ്‌നേഹം തന്റെ ആത്മീയാഭയമല്ല'ന്നും ‘മനുഷ്യവംശത്തിനും മാനവികതകയ്ക്കും മീതെ പറന്നുയരാൻ' തന്റെ "ദേശസ്‌നേഹത്തെ അനുവദിക്കില്ലെന്നും' എഴുതിയ ടാഗോറിനു ഇന്നിപ്പോൾ ‘മനസ് നിർഭയമായി' ‘ശിരസ്സ് ഉയർത്തിപ്പിടിച്ചു' ഇത് പറയാൻ കഴിയുമോ എന്ന് ചോദിച്ചവരുണ്ട്. തന്റെ ‘അഭയ കേന്ദ്രം മനുഷ്യരാശി' യാണെന്നു പറഞ്ഞ ടാഗോറിനെ സമകാലിക ദേശിയതാവാദത്തിന്റെ ഇടുങ്ങിയ വഴികളിൽ തളച്ചിടാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ വിശ്വമാനവികതയിൽ ബോധ്യമുള്ളവർക്കെല്ലാം അറിയാം.

വിശ്വഭാരതി കേന്ദ്രസർവകലാശാല
വിശ്വഭാരതി കേന്ദ്രസർവകലാശാല

ടാഗോർ എന്ന നാമം ഒരു സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും ആ സംസ്‌കാരം സ്വതന്ത്ര മാനവികതയുടെ സംസ്ഥാപനത്തിന് ആവശ്യം വേണ്ട മൂല്യങ്ങൾക്കായാണ് നിലകൊള്ളുന്നതെന്നും പറഞ്ഞത് വംഗനാട്ടിലെ കവി നരേന്ദ്രനാഥ ചക്രവർത്തി. അസമി കവി ഹേമു ബറുവ ടാഗോറിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ: ‘യഥാർത്ഥത്തിൽ ടാഗോർ രണ്ടു ലോകങ്ങൾക്കു തുല്യാവകാശിയായിരുന്നു; ഒന്ന്, ആത്മാവിന്റെ ലോകം - അജ്ഞാതവും നിഗൂഢവും അസ്വസ്ഥവുമായ വികാരങ്ങളുടെ അന്തർലോകം; മറ്റേത്, ജീവിതപ്രവാഹത്താൽ കല്ലോലിതവും സ്പന്ദിതവുമായ ബാഹ്യലോകം.

അസമി കവി ഹേമു ബറുവ
അസമി കവി ഹേമു ബറുവ

ആത്മാവിന്റെ ലോകമാണ് ടാഗോറിനെ വിശ്വാരാധ്യനായ റൊമാന്റിക് മിസ്റ്റിക് ആക്കിയത്. രണ്ടാമത്തേത് അദ്ദേഹത്തെ ഭാരതീയ ദേശീയ പ്രബുദ്ധതയുടെ മധുരനാദമാക്കിതീർത്തു' (എസ്. ഗുപ്തൻ നായരുടെ പരിഭാഷ).

ഭാരതീയ ദേശീയ പ്രബുദ്ധതയുടെ ജ്വലിക്കുന്ന നക്ഷത്രമായാണ് ശാന്തിനികേതനും വിശ്വഭാരതിയും തിളങ്ങിയത്. വിശ്വഭാരതി ജനിക്കുന്നത് വലിയ സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ ശാന്തിനികേതൻ തന്നെ തുടങ്ങുന്നത് പിതാവിന്റെ സ്വത്തുക്കളിൽ വലിയൊരു ഭാഗം നീക്കിവെച്ചുകൊണ്ടാണ്. ടാഗോറിന്റെ സമ്പാദ്യവും തനിക്കു കിട്ടിയ നൊബേൽ സമ്മാന തുകയുമെല്ലാം ശാന്തിനികേതനിലും പിന്നീട് വിശ്വഭാരതിക്കു വേണ്ടിയും അദ്ദേഹം ചെലവഴിച്ചു.

എന്നാൽ വിശ്വവിദ്യാലയം തുടർന്നുകൊണ്ട് പോകണമെങ്കിൽ വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിയിരുന്നു. അങ്ങിനെ ധന സമാഹരണത്തിനായി ടാഗോറും തന്റെ സഹപ്രവർത്തകരും വിദ്യാർത്ഥികളും രാജ്യമെങ്ങും സഞ്ചരിച്ചു. 1922 നവംബറിൽ ടാഗോറും സി. എഫ്. ആൻഡ്രൂസ് ഉൾപ്പടെയുള്ള സഹപ്രവർത്തകരും കേരളത്തിലും എത്തി. തിരുവനന്തപുരം, ശിവഗിരി, കൊല്ലം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ വഴിയായിരുന്നു യാത്ര. അവിസ്മരണീയമായ ചടങ്ങുകളും പ്രഭാഷണങ്ങളും സംഭാഷണങ്ങളും ഈ യാത്രയിലുടനീളം ഉണ്ടായി.

ശ്രീനാരായണ ഗുരു, തിരുവിതാംകൂർ മഹാരാജാവ്, ഡോ. പൽപ്പു, കുമാരനാശാൻ തുടങ്ങിവർ ഈ സന്ദർശനത്തിൽ ടാഗോറിന്റെ മഹത്വം നേരിട്ടനുഭവിച്ചവരാണ്. ആയിരക്കണക്കിന് ജനങ്ങളാണ് ടാഗോറിന്റെ പ്രസംഗങ്ങൾ കേൾക്കാൻ എത്തിയത്. വിശ്വഭാരതിയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനും കലാലയത്തിന്റെ നിലനില്പിനാവശ്യമായ ധനസമാഹരണത്തിനുമായിരുന്നു യാത്രകൾ. നേരത്തെ 1919 ഫെബ്രുവരിയിൽ ടാഗോർ ഇതേ ലക്ഷ്യത്തോടെ പാലക്കാട് സന്ദർശിക്കുകയും പൊതു പരിപാടികളിൽ സംബന്ധിക്കുകയും ചെയ്തിരുന്നു.

മഹാത്മാഗാന്ധിയും കസ്തൂർബയും ശാന്തിനികേതനിൽ ടാഗോറിനെ സന്ദർശിച്ചപ്പോൾ
മഹാത്മാഗാന്ധിയും കസ്തൂർബയും ശാന്തിനികേതനിൽ ടാഗോറിനെ സന്ദർശിച്ചപ്പോൾ

എന്നാൽ രണ്ടാമത്തെ കേരള സന്ദർശനം എന്തുകൊണ്ടും അവിസ്മരണീയമായിരുന്നു. ആലപ്പുഴയിൽ ടാഗോർ നടത്തിയ പ്രസംഗത്തെ പ്രസിദ്ധ സാഹിത്യകാരൻ കൈനിക്കര കുമാരപിള്ള ഒരു ലേഖനത്തിൽ ഓർത്തെടുക്കുന്നു: ‘പാശ്ചാത്യ ഭൗതിക വിജ്ഞാനവും ഭാരതത്തിന്റെ ആദ്ധ്യാന്മിക ജ്ഞാനവും അനുരഞ്ജിക്കണ'മെന്നും അപ്പോൾ മാത്രമേ ‘ലോകത്തിൽ സമാധാനവും ഐശ്യര്യവുമുണ്ടാകൂ' എന്നും ടാഗോർ ഓർമിപ്പിച്ചതായി കൈനിക്കര എഴുതി.

ഒന്നാം ലോകമഹായുദ്ധത്തിന്റെ അനുഭവങ്ങളുടെ പശ്ചാത്തലം വിവരിച്ചു കൊണ്ടുള്ള ടാഗോറിന്റെ പ്രസംഗത്തിലെ വരികൾ കൈനിക്കര വളരെ പ്രസക്തമാംവിധം ഉദ്ധരിക്കുന്നു: ‘ഓരോ ജനസമുദായത്തിനും ഈശ്വരൻ ഒരധ്യാപകനെപ്പോലെ ഓരോ കണക്കു കൊടുക്കാറുണ്ട്. ഭാരതത്തിനു നൽകിയിരിക്കുന്ന കണക്ക് അത്യന്തം സങ്കീർണമാണ്. ലോകത്തിലുണ്ടാകാവുന്ന സകല വൈഷമ്യങ്ങളും ഇവിടെ സമാഹരിച്ചിട്ടുണ്ട്- ഭിന്ന വർഗങ്ങൾ, ഭിന്ന മതങ്ങൾ, ഭിന്ന ജാതികൾ- ഉന്നതർ, അധഃസ്ഥിതർ, ധനികർ, ദരിദ്രർ- ഗണിത ശാസ്ത്രത്തിലെ സകല വിഷമ ക്രിയകളും ആവശ്യപ്പെടുന്ന ഒരു കഠിന പ്രശ്‌നമാണവളുടേത്​. ഈ കണക്കിന് ശരിയായ ഉത്തരം കണ്ടുപിടിക്കുന്നതിനുള്ള ചുമതല ആ മഹാധ്യാപകൻ അവളെത്തന്നെ ഏൽപ്പിച്ചതിനു മതിയായ കാരണമുണ്ട്; വ്യക്തമായ ഉദ്ദേശ്യമുണ്ട്- അവൾക്കേ അതിനു കഴിവുള്ളൂ. അവൾക്കേ അതിലേക്കാവശ്യമായ ചരിത്രാതിലംഘിയായ വിശിഷ്ട്ടസംസ്‌കാരമുള്ളൂ.'

പാശ്ചാത്യർക്കു ലഘുവായ കണക്കാണ് കിട്ടിയതെങ്കിലും കേവലം സങ്കലനക്രിയപോലും വശമില്ലാത്ത അവർ ഉത്തരം തെറ്റിച്ചു എന്നും ആ മഹാധ്യാപകൻ തന്റെ ചുവന്ന പെൻസിൽ കൊണ്ട് അവരുടെ ഉത്തരക്കടലാസിൽ കുറുകെ ഒരു വരവരച്ചുവെന്നും ടാഗോർ തുടർന്ന് പറഞ്ഞു. ലോകയുദ്ധത്തിൽ ‘യൂറോപ്പിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പ്രവഹിച്ച ചോരപ്പുഴ' യെയാണ് അദ്ദേഹം ഇവിടെ വിവരിച്ചത്. കൈനിക്കര വീണ്ടും ടാഗോറിനെ ഉദ്ധരിക്കുന്നു: ‘അവർ വീണ്ടും ആ കണക്കു ചെയ്യുന്നതിൽ അതിത്വരയോടെ വ്യാപൃതരായിരിക്കുന്നു. അവർ വീണ്ടും തെറ്റിച്ചു കൂട്ടുന്നത് ഞാൻ കാണുന്നു. ചുവന്ന പെൻസിലോടുകൂടി ആ കൈ വീണ്ടും ഉയരുന്നത് ഞാൻ കാണുന്നു.'

ടാഗോറിന്റെ ‘ശാപഭീകരമായ ആ പ്രവചനം' ഭയങ്കരമായി ഫലിച്ചതായി കൈനിക്കര എഴുതി. രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികളെക്കുറിച്ചാണ് കൈനിക്കര സൂചിപ്പിക്കുന്നത്. ലോകയുദ്ധത്തിന്റെ ഇടയ്ക്കു വെച്ചുതന്നെ ആ മഹാകവി നമ്മെ വിട്ടുപിരിഞ്ഞു. സ്വാതന്ത്ര്യം വെച്ചുനീട്ടിയ പുതിയ കണക്കുകളോ പുതിയ ചുവന്ന പെൻസിലുകളോ അദ്ദേഹത്തിനു കാണേണ്ടി വന്നില്ല. അദ്ദേഹത്തിന്റെ മറ്റൊരു പ്രവചനവും ഫലിച്ചെങ്കിൽ എന്ന് കൈനിക്കര ആശിച്ചു. അതിതാണ്: ‘ഭാരതം കണ്ടെത്തുന്ന പരിഹാരം ലോകത്തിലെ സകല പ്രശ്‌നങ്ങൾക്കും പരിഹാരമായിരിക്കും. എന്തുകൊണ്ടെന്നാൽ അവയെല്ലാം അവളുടെ പ്രശ്‌നത്തിൽ അന്തർഭവിച്ചിട്ടുണ്ട്. അവൾ അതിനുള്ള പരിഹാരം തേടും. അവളേ അത് നേടുകയുള്ളൂ- അവൾക്കേ അതിനു കഴിയൂ.'

കൈനിക്കര എഴുതി: ‘ഭാരതത്തെ ലോകത്തിന്റെ അഭയദായകമായ ദീപസ്തംഭമാക്കുക' എന്നതായിരുന്നു ടാഗോറിന്റെ മഹത്തായ ലക്ഷ്യം. ‘ഭാരതത്തിന്റെ ആധ്യാത്മിക സന്ദേശം കൊണ്ട് വിശ്വത്തിൽ ശാന്തിയും സാഹോദര്യവും സ്ഥാപിക്കുക- വിശ്വഭാരതം സൃഷ്ടിക്കുക.'
പ്രധാനമന്ത്രി പറയുന്ന ‘ആത്മ നിർഭർ ഭാരത്' ടാഗോറിന്റെ ഈ വിശ്വദർശനത്തിലാണോ അധിഷ്ഠിതമായിരിക്കുന്നതെന്നു ആരെങ്കിലും ചോദിച്ചാൽ ആ മഹാധ്യാപകന്റെ ചുവന്ന പെൻസിൽ ഉയരുന്നത് കാണാം. കണക്കുകൾ തെറ്റിക്കുക മാത്രമല്ല ഒരിക്കലും ഉത്തരം കിട്ടാത്ത സമസ്യകൾ നിത്യേന ഉണ്ടാക്കുകയും ചെയ്യുന്നു നമ്മൾ.

വിശ്വഭാരതിയുടെ ശതാബ്ദി ചടങ്ങുകളിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പങ്കെടുപ്പിക്കാണോ വേണ്ടയോ എന്നത് ‘ആത്മ നിർഭർ ഭാരതി'ന്റെ പരിധിയിൽ വരുന്ന കാര്യമല്ലല്ലോ? കേന്ദ്ര സർക്കാരിന്റെ ദാക്ഷണ്യത്തിൽ കഴിയേണ്ടുന്ന വിശ്വഭാരതി സർവകലാശാലയ്ക്കു ‘സ്വാശ്രയ'മെന്ന വാക്ക് ഉപയോഗിക്കാൻ കഴിയുമെങ്കിൽ അത് മറ്റൊന്നിനാണ്. അത് ഇന്ന് പരക്കെ വ്യാപൃതമായിരിക്കുന്ന കച്ചവടമൂല്യമുള്ള ഒരു വിദ്യാഭ്യാസ ചരക്കാണെന്നു കൊച്ചു കുട്ടികൾക്ക് പോലും അറിയാം.

ശാന്തിനികേതൻ
ശാന്തിനികേതൻ

ഇനി ഇപ്പോൾ ‘ആത്മ നിർഭർ വിശ്വഭാരതി' എന്നോ മറ്റോ ആരെങ്കിലും വിളിച്ചാൽ അതിശയിക്കേണ്ടതായും ഇല്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഈ ‘ആത്മ നിർഭർ' പിന്നാമ്പുറത്തുകൂടി ഉൾച്ചേർത്തിട്ടുമുണ്ട്. മേമ്പൊടിയായി ‘ഇന്ത്യൻ പൈതൃകവും' ‘പാരമ്പര്യങ്ങളും' ഇടയ്ക്കിടെ കരുതിയിട്ടുമുണ്ട്.

ഇനി അമർത്യാസെന്നിനെ ഈ ശതാബ്ദി ആഘോഷ വേളയിൽ തന്നെ വിശ്വഭാരതിയിൽ നിന്ന്​ ‘കുടിയൊഴി'പ്പിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ അതിനുത്തരം അദ്ദേഹം തന്നെ പറയും. ‘കാമ്പസിൽ പാട്ടത്തിനെടുത്ത ഭൂമി അനധികൃതമായി കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തിൽ വിശ്വഭാരതി വൈസ് ചാൻസലർ ബിദ്യുത് ചക്രബർത്തി തിരക്കിലാണ്.'
‘കൈവശക്കാരുടെ പട്ടികയിൽ' തന്നെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മാധ്യമ റിപ്പോർട്ടുകൾ പരാമർശിച്ച് സെൻ പറഞ്ഞു. തന്റെ വീട് സ്ഥിതിചെയ്യുന്ന വിശ്വഭാരതി ഭൂമി പൂർണമായും ദീർഘകാല പാട്ടത്തിനെടുത്തതാണെന്നും അതിന്റെ കാലാവധി പോലും കഴിഞ്ഞിട്ടില്ലെന്നും സെൻ ചൂണ്ടിക്കാട്ടി. ‘ശാന്തിനികേതൻ സംസ്‌കാരവും വൈസ് ചാൻസലറും തമ്മിലുള്ള വലിയ വ്യത്യാസം സംബന്ധിച്ച് എനിക്ക് അഭിപ്രായം പറയാൻ കഴിയും, ബംഗാളിന്മേൽ ശക്തമായി വരുന്ന നിയന്ത്രണത്തോടെ ഡൽഹിയിലെ കേന്ദ്രസർക്കാരാണ് അദ്ദേഹത്തെ അധികാരപ്പെടുത്തിയത്,' സെൻ പറഞ്ഞു. മമത ബാനർജി ഇതറിഞ്ഞയുടൻ സെന്നിന് പിന്തുണ അറിയിച്ചും ഈ രാഷ്ട്രീയക്കളിയുടെ ഏറ്റവും മോശമായ മാനത്തെ ചൂണ്ടിക്കാട്ടിക്കൊണ്ടും കത്തെഴുതി.

നളന്ദ സർവകലാശാലയിൽ തുടങ്ങിയ തർക്കം മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിക്കുന്നതിലൂടെ രൂക്ഷമാകുകയായിരുന്നു. വിശ്വഭാരതിയുടെ പുത്രൻ കൂടിയായ സെന്നിന് പുതിയ വിവാദം കൂടുതൽ ശക്തി പകരുകയേ ഉള്ളൂ എന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും.

‘ഭാരതം കണ്ടെത്തുന്ന പരിഹാരം ലോകത്തിലെ സകല പ്രശ്‌നങ്ങൾക്കും പരിഹാരമായിരിക്കും' എന്ന ടാഗോറിന്റെ വീക്ഷണം ഒരു ചുവപ്പു പെൻസിലിനും കീഴടക്കാൻ പറ്റുന്നതല്ല. എന്നാൽ നമ്മുടെ ചില പ്രശ്‌നങ്ങൾക്കെങ്കിലും പരിഹാരം കിട്ടാൻ എത്ര വസന്തങ്ങളും ഹേമന്തങ്ങളും കാത്തിരിക്കണമെന്നു അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ. ടാഗോറിന്റെ ദൈവ സങ്കൽപ്പങ്ങളും ആത്മീയതയും കേവലം മനുഷ്യത്വരഹിതമല്ല എന്നുള്ളതിന്റെ വലിയ ദൃഷ്ടാന്തം ഗീതാഞ്ജലിയുടെ വരികൾ തന്നെയാണ്:

എല്ലാം അടച്ചിട്ട ഈ ദേവാലയത്തിന്റെ ഏകാന്തമായ ഇരുണ്ട കോണിലിരുന്നു നീ ആരെയാണ് ഉപാസിക്കുന്നത്.
കണ്ണു തുറന്നു നോക്കിയാൽ കാണാം
ദൈവം അവിടെയൊന്നുമില്ലെന്ന്
അവൻ ഇവിടെയുണ്ട്.
കരിനിലമുഴുമാ കർഷകനോടും
പെരിയ കരിങ്കൽപാറ നുറുക്കി ഒരുക്കും പണിയാളരോടും
എരിവെയിലത്തും പെരുമഴയത്തും
പൊടിയണിഞ്ഞ ഉടുവസ്ത്രവുമായി
അവൻ അവരോടൊപ്പമുണ്ട്.

കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ജയ്പൂർ-ഡൽഹി ദേശീയപാത പൂർണമായും സമരക്കാർ ഉപരോധിച്ചപ്പോൾ
കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ജയ്പൂർ-ഡൽഹി ദേശീയപാത പൂർണമായും സമരക്കാർ ഉപരോധിച്ചപ്പോൾ

ഗീതാഞ്ജലിയുടെ ഈ ദർശനം ഒരു നൂറ്റാണ്ടിനിപ്പുറം ഡൽഹിയിൽ പോരാടുന്ന കർഷക ജനതയുടെ അതിജീവനത്തിന്റെ മന്ത്രധ്വനികളിൽ മുഴങ്ങുന്നെങ്കിൽ അതിശയിക്കേണ്ടതില്ല. ധനികനായി ജനിച്ചെങ്കിലും ജീവിതത്തിലുടനീളം ഗ്രാമീണ ഇന്ത്യയിലെ പാവപ്പെട്ട കർഷകർ എങ്ങനെ അതിജീവനത്തിനു പോരാടേണ്ടതെന്നു ഓർമിപ്പിച്ചുകൊണ്ടിരുന്ന മഹാശയനാണ് ടാഗോർ. തന്റെ ‘ശ്രീനികേതൻ' ഗ്രാമീണ കൃഷിജീവിതത്തിന്റെ പരീക്ഷണശാലകൂടിയായിരുന്നു. മണ്ണിൽ നിന്നും വേരറുക്കപ്പെട്ട കർഷകന്റെ ‘ആത്മനിർഭർ ഭൂമി' ആണ് ഇന്ന് കൂടുതൽ ഗൗരവത്തോടെ ചർച്ചചെയ്യണ്ടത്. ഭാരതം മറ്റുള്ളവർക്ക് ഒരു പാഠവും പരിഹാരവുമാകുന്നത് അപ്പോഴാണ്.

ഗ്രന്ഥസൂചി
കൈനിക്കര കുമാര പിള്ള (1987): ഒരു പാവന സ്മരണ, ടാഗോറും കേരളവും (എഡി. ഡോ. കെ. അയ്യപ്പപണിക്കർ), കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്.
രവീന്ദ്രനാഥ ടാഗോർ (1985), ഗീതാഞ്ജലി (വിവർത്തനം ജി., ശങ്കരക്കുറുപ്പ്), മാതൃഭൂമി.

മഹാത്മാഗാന്ധി സർവകലാശാലയിൽ അന്തർസർവകലാശാല സാമൂഹികശാസ്ത്ര ഗവേഷണകേന്ദ്രം ഡയറക്ടറാണ് ലേഖകൻ.



Summary: കേന്ദ്രസർവകലാശാലയായ വിശ്വഭാരതിയുടെ ശതാബ്ദി ആഘോഷങ്ങൾ ഈയിടെ ഉത്ഘാടനം ചെയ്ത് ചാൻസലർ കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഭാരതത്തെയും ലോകത്തെയും ശാക്തീകരിക്കാനുള്ള തന്റെ സർക്കാരിന്റെ 'ആത്മ നിർഭർ ഭാരത'ത്തിന്റെ സത്ത രവീന്ദ്രനാഥ ടാഗോറിന്റെ ദർശനമാണെന്നാണ്. പ്രധാനമന്ത്രിയുടെ ടാഗോറിനെ കുറിച്ചുള്ള പ്രസ്താവന ശരിയായ ഉദ്ദേശ്യത്തോടുകൂടിയാണെങ്കിൽ സംഘ്പരിവാറിന്റെ തന്നെ നിലപാടിനെ അദ്ദേഹം നിരാകരിച്ചതായി മനസ്സിലാക്കേണ്ടി വരും


Comments