അതിജീവനത്തിന്റെ
ചോദ്യങ്ങൾ,
ഗാന്ധിയിൽ നിന്ന്…

ഇന്ന് വീണ്ടെടുക്കേണ്ട ഗാന്ധി അംബേദ്കർക്കോ, നെഹ്‌റുവിനോ, ആധുനികതയ്ക്കോ എതിരായ ഗാന്ധിയല്ല. അവരുമായി സംവാദത്തിലേർപ്പെടുന്ന ഗാന്ധിയാണ്- കെ.എം. സീതി എഴുതുന്നു.

സമകാലിക ലോകക്രമം അനിശ്ചിതത്വങ്ങളുടെ നാടുവിലാണെന്ന കാര്യത്തിൽ തർക്കമില്ല. ജനാധിപത്യം, വികസനം, വിഭവം, അധികാരം എന്നിവയെക്കുറിച്ച് വലുതും ചെറുതുമായ ആഖ്യാനങ്ങളുടെ ഇടയിലാണ് നാം ജീവിക്കുന്നത്. മഹാത്മാഗാന്ധി പതിറ്റാണ്ടുകൾക്കുമുമ്പ് ഈ വിഷയങ്ങളെയെല്ലാം സമീപിച്ചത് തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണകോണിൽ നിന്നാണ്. ഗാന്ധിയുടെ ചിന്തകളുടെ കേന്ദ്രബിന്ദു എപ്പോഴും മനുഷ്യൻ തന്നെയായിരുന്നു- മനുഷ്യൻ എങ്ങനെ ജീവിക്കണം, പരസ്പരം എങ്ങനെ ബന്ധപ്പെടണം, അധികാരം എങ്ങനെ വിനിയോഗിക്കപ്പെടണം, ഭാവി തലമുറയ്ക്കായി എങ്ങനെയുള്ളൊരു ലോകമാണ് കൈമാറേണ്ടത് എന്നതെല്ലാം അദ്ദേഹം ആഴത്തിൽ ചിന്തിച്ചു. സ്വയം നിയന്ത്രണം, ആത്മാഭിമാനം, ഉത്തരവാദിത്തബോധം, ജീവനോടുള്ള ആദരവ് എന്നിവയിലൂന്നിയതായിരുന്നു ഗാന്ധിജിയുടെ കാഴ്ചപ്പാട്.

ഒരു നൂറ്റാണ്ടിനിപ്പുറവും, മനുഷ്യനെയും അവർ അധിവസിക്കുന്ന ഈ പ്രപഞ്ചത്തെയും കുറിച്ചുള്ള ഈ മഹത്തായ ഉൾക്കാഴ്ച തന്നെയാണ് ഗാന്ധിയൻ ആശയങ്ങളെ എന്നും പ്രസക്തവും പുനർവായന അർഹിക്കുന്നതുമാക്കുന്നത്.

ഇതിന്റെ അർത്ഥം 21-ാം നൂറ്റാണ്ടിന്റെ വെല്ലുവിളികൾക്കുള്ള ഉത്തരം ഗാന്ധിജിയുടെ പക്കൽ ഉണ്ടായിരുന്നു എന്നല്ല. അദ്ദേഹത്തിന്റെ പല ആശയങ്ങളും ജീവിച്ചിരുന്ന കാലത്തുപോലും വലിയ വിമർശനങ്ങൾക്ക് വഴിതുറന്നിരുന്നു. അതിൽ ചിലതിനെ ഇന്നും ന്യായീകരിക്കുക പ്രയാസവുമാണ്. എങ്കിലും ഈ കാലഘട്ടത്തിലെ പ്രതിസന്ധികൾ ഗാന്ധി ഉയർത്തിയ ചോദ്യങ്ങളിലേക്കും അദ്ദേഹത്തിനുനേരെ ഉയർന്ന വിമർശനങ്ങളിലേക്കും വീണ്ടും സഞ്ചരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

ഗാന്ധിജി ജീവിച്ചിരുന്ന കാലഘട്ടത്തിൽ വിമർശകർക്ക് ഒരു കുറവുമുണ്ടായിരുന്നിട്ടില്ല. തികച്ചും വ്യത്യസ്തമായ ചിന്താധാരകളിൽ നിന്നും രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നുമുള്ളവരായിരുന്നു അവർ.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധികാരഗർവ്വിൽ നിന്ന് സംസാരിച്ച വിൻസ്റ്റൺ ചർച്ചിൽ, "അർദ്ധനഗ്നനായ ഫക്കീർ" എന്ന് അദ്ദേഹത്തെ പുച്ഛത്തോടെ വിശേഷിപ്പിച്ചു. ഗാന്ധിയൻ സാമ്പത്തിക സങ്കൽപ്പങ്ങളോടും വികേന്ദ്രീകൃതമായ ഗ്രാമീണ ഉൽപ്പാദനരീതിയോടും ബെർട്രാൻഡ് റസ്സൽ സംശയം പ്രകടിപ്പിച്ചു. ആഹാരം, ആരോഗ്യം, പ്രകൃതിചികിത്സ എന്നിവയിലുള്ള ഗാന്ധിജിയുടെ പരീക്ഷണങ്ങളെ ആർതർ കെസ്ലർ നിശിതമായി ആക്രമിച്ചു. ജോർജ്ജ് ഓർവെൽ, ഗാന്ധിജിയുടെ അസാധാരണമായ രാഷ്ട്രീയ- ധാർമ്മിക നിലപാടുകളെ അംഗീകരിക്കുമ്പോഴും, ക്രൂരമായ സർവ്വാധിപത്യ ഭരണകൂടങ്ങൾക്കുമുന്നിൽ അഹിംസാത്മക പ്രതിരോധത്തിന് നിലനിൽപ്പുണ്ടോ എന്ന് ചോദിച്ചു. രാഷ്ട്രീയ അധികാരത്തിന്റെ ഉറച്ചുപോയ ഘടനകളെ അല്പമെങ്കിലും ബലപ്രയോഗമില്ലാതെ മറികടക്കാനാവുമോ എന്ന് റെയിനോൾഡ് നീബൂറും സമാനമായി സംശയിച്ചു.

ഗാന്ധിജി ജീവിച്ചിരുന്ന കാലഘട്ടത്തിൽ വിമർശകർക്ക് ഒരു കുറവുമുണ്ടായിരുന്നിട്ടില്ല. തികച്ചും വ്യത്യസ്തമായ ചിന്താധാരകളിൽ നിന്നും രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നുമുള്ളവരായിരുന്നു അവർ.
ഗാന്ധിജി ജീവിച്ചിരുന്ന കാലഘട്ടത്തിൽ വിമർശകർക്ക് ഒരു കുറവുമുണ്ടായിരുന്നിട്ടില്ല. തികച്ചും വ്യത്യസ്തമായ ചിന്താധാരകളിൽ നിന്നും രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നുമുള്ളവരായിരുന്നു അവർ.

ഈ സംവാദങ്ങൾ ഒരിക്കലും ഗാന്ധിജിയും പാശ്ചാത്യലോകവും തമ്മിൽ മാത്രമായിരുന്നില്ല. കോളനിവാഴ്ചയോടുള്ള അദ്ദേഹത്തിന്റെ എതിർപ്പ് പങ്കുവെച്ച ഇന്ത്യയ്ക്കകത്തുനിന്നുള്ള പ്രമുഖരിൽ നിന്നുതന്നെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളും ഉയർന്നു വന്നു.

ആധുനിക വ്യവസായിക നാഗരികതയോടുള്ള ഗാന്ധിയുടെ കടുത്ത സംശയങ്ങളോട് ജവഹർലാൽ നെഹ്‌റുവിന് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യയുടെ ദാരിദ്ര്യം തുടച്ചുനീക്കാൻ ശാസ്ത്രവും ആസൂത്രണവും വ്യവസായ വികസനവും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ബി. ആർ. അംബേദ്കർ ഉന്നയിച്ചതാകട്ടെ, സാമൂഹിക നീതിയെക്കുറിച്ചുള്ള കൂടുതൽ കാതലായ ചോദ്യങ്ങളായിരുന്നു. ജാതിവ്യവസ്ഥയോടുള്ള ഗാന്ധിയുടെ സമീപനത്തെ ചോദ്യം ചെയ്ത അദ്ദേഹം, ജാതീയമായ ഉച്ചനീചത്വങ്ങളെയും പാർശ്വവൽക്കരണത്തെയും അടിച്ചമർത്തലുകളെയും വീണ്ടും ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ ഗ്രാമസമൂഹങ്ങളെ ആദർശവർക്കരിക്കുന്ന രീതികളെ അദ്ദേഹം വിമർശിച്ചു.

ഗാന്ധിയെക്കുറിച്ചുള്ള ഏതൊരു വായനയിലും ഈ അഭിപ്രായഭിന്നതകൾ പൊങ്ങിവരും. അദ്ദേഹത്തെ ചോദ്യം ചെയ്യപ്പെടാനാവാത്ത ഒരു ധാർമ്മിക പ്രതീകമായി മാത്രം കാണുന്നതിൽനിന്ന് നമ്മെ തടയുന്ന ഇവയെ പിൽക്കാല ചരിത്രാനുഭവങ്ങളുടെ വെളിച്ചത്തിൽ വേണം വിലയിരുത്താൻ.

ഇന്നു നാം ഉന്നയിക്കേണ്ട കൂടുതൽ കൗതുകകരമായ ചോദ്യം ഗാന്ധിജി ശരിയായിരുന്നുവോ അതോ അദ്ദേഹത്തിന്റെ വിമർശകരാണോ ശരി എന്നതിൽ നിന്ന് മാറി, ഗാന്ധിജിക്കുശേഷമുള്ള ലോകം ഈ സംവാദങ്ങളുടെ ഗതിമാനങ്ങളെ മാറ്റിമറിച്ചിട്ടുണ്ടോ എന്നതാണ്.

20-ാം നൂറ്റാണ്ട് മനുഷ്യജീവിതത്തെ മാറ്റിമറിക്കുന്നതിൽ ശാസ്ത്രത്തിന്റെയും വ്യവസായവൽക്കരണത്തിന്റെയും സാങ്കേതിക മുന്നേറ്റങ്ങളുടെയും കരുത്തിനെയാണ് ഏറെക്കുറെ ശരിവെച്ചത്. അതേസമയം, അനിയന്ത്രിതമായി വ്യാപിക്കുന്ന ഉൽപ്പാദനത്തിലും ഉപഭോഗത്തിലും സാങ്കേതികവിദ്യകളിലും മാത്രം കെട്ടിപ്പടുത്ത ഒരു നാഗരികതയുടെ പരിമിതികളെ 21-ാം നൂറ്റാണ്ടിലെ പാരിസ്ഥിതികവും സാമൂഹികവും സൈനികവുമായ പ്രതിസന്ധികൾ തുറന്നുകാട്ടുന്നുമുണ്ട്.

ആധുനിക വ്യവസായിക നാഗരികതയോടുള്ള ഗാന്ധിയുടെ കടുത്ത സംശയങ്ങളോട് ജവഹർലാൽ നെഹ്‌റുവിന് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യയുടെ ദാരിദ്ര്യം തുടച്ചുനീക്കാൻ ശാസ്ത്രവും ആസൂത്രണവും വ്യവസായ വികസനവും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
ആധുനിക വ്യവസായിക നാഗരികതയോടുള്ള ഗാന്ധിയുടെ കടുത്ത സംശയങ്ങളോട് ജവഹർലാൽ നെഹ്‌റുവിന് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യയുടെ ദാരിദ്ര്യം തുടച്ചുനീക്കാൻ ശാസ്ത്രവും ആസൂത്രണവും വ്യവസായ വികസനവും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

ഈയൊരു കോണിലൂടെ നോക്കുമ്പോൾ, ഒരുകാലത്ത് ഗാന്ധിയൻ വിചിത്രചിന്തകളെന്നോ റോമാന്റിക് ഭാവനകളെന്നോ തള്ളിക്കളഞ്ഞ ആശയങ്ങൾ ഇന്ന് അത്ര അപ്രസക്തമെന്നു തോന്നില്ല. ഭൗതിക വളർച്ചയുടെ അതിരുകൾ, സാങ്കേതികവിദ്യയുടെ സാമൂഹിക ലക്ഷ്യം, ആരോഗ്യത്തിന്റെ യഥാർത്ഥവിവക്ഷ, മാർഗ്ഗവും ലക്ഷ്യവും തമ്മിലുള്ള ബന്ധം, അധികാരത്തിന്റെ അക്രമങ്ങളെ അതേപടി ആവർത്തിക്കാതെ അതിനെ പ്രതിരോധിക്കാനുള്ള സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങൾ ഇനിയും ഉന്നയിക്കപ്പെടേണ്ടവ തന്നെയാണ്.

പക്ഷെ ഈ സംവാദങ്ങൾ നടന്ന കാലത്തെ വെച്ച് നോക്കുമ്പോൾ ഇന്ന് സാഹചര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. ഗാന്ധിയൻ വിമർശകർ തങ്ങളുടെ വാദങ്ങൾക്ക് ആധാരമാക്കിയ പല ധാരണകളുടെയും അടിത്തറ ഇന്ന് ദുർബലമായി കാണപ്പെടുന്നു. വ്യാവസായിക വളർച്ച, സാങ്കേതിക മുന്നേറ്റം, കേന്ദ്രീകൃത ഭരണകൂടങ്ങൾ, സൈനിക ശക്തി എന്നിവയിൽ 20-ാം നൂറ്റാണ്ട് വൻ ആത്മവിശ്വാസമാണ് അർപ്പിച്ചിരുന്നത്. എന്നാൽ അത്തരം തെരഞ്ഞെടുപ്പുകളുടെ പ്രത്യാഘാതങ്ങളെയാണ് 21-ാം നൂറ്റാണ്ട് ഇന്ന് അഭിമുഖീകരിക്കുന്നത്- കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക നാശം, തൊഴിൽനഷ്ടം, അമിത ഉപഭോഗ സംസ്‌കാരം, വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ, കച്ചവടവൽക്കരിക്കപ്പെട്ട ആരോഗ്യമേഖല, കൂടുതൽ അപകടകരമായ സൈനിക സംഘർഷങ്ങൾ എന്നിവ അതിന് ഉദാഹരണങ്ങളാണ്.

എല്ലാ കാര്യങ്ങളിലും ഗാന്ധിജി ശരിയായിരുന്നു എന്ന് ഇത് ഉറപ്പിക്കുന്നില്ല. എന്നാൽ അദ്ദേഹം ഉന്നയിച്ച ചില മൗലിക ചോദ്യങ്ങൾ അദ്ദേഹത്തിന്റെ വിമർശകർ മനസ്സിലാക്കിയതിനേക്കാൾ വളരെ ഉയരത്തിലുള്ളതായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.

പരിധിയില്ലാത്ത വളർച്ചയുടെ അതിരുകൾ

വ്യവസായവൽക്കരണത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇതിന് ഏറ്റവും വ്യക്തമായ ഉദാഹരണം നൽകുന്നത്. ഗാന്ധിജിയുടെ ചർക്കയും 'ഗ്രാമസ്വരാജ്' എന്ന ആശയവും അനേകം ആധുനിക ചിന്തകർക്ക് അങ്ങേയറ്റം കാലഹരണപ്പെട്ടതായി തോന്നിയിരുന്നു. ദാരിദ്ര്യവും അസ്ഥിതുളയ്ക്കുന്ന കഠിനാധ്വാനവും മറികടക്കാൻ യന്ത്രങ്ങളും വൻകിട വ്യാവസായിക ഉൽപ്പാദനവും അത്യാവശ്യമാണെന്ന് റസ്സൽ വിശ്വസിച്ചു. പുതുതായി സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യൻ ഭരണകൂടത്തിന് രൂപം നൽകിയ ശാസ്ത്രത്തിലെയും ആസൂത്രണത്തിലെയും വ്യവസായവൽക്കരണത്തിലെയും വിശ്വാസത്തെ നെഹ്‌റുവും വലിയൊരളവിൽ പങ്കുവെച്ചിരുന്നു. ആ ആത്മവിശ്വാസത്തിന് വ്യക്തമായ കാരണങ്ങളുമുണ്ടായിരുന്നു. വ്യവസായവൽക്കരണം ഉൽപ്പാദനം വർദ്ധിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ലക്ഷക്കണക്കിന് ആളുകളുടെ ജീവിതനിലവാരം ഉയർത്താൻ സഹായിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ, ആധുനിക വ്യാവസായിക വികസനത്തിന് പകരമായി ഗാന്ധിജിയുടെ ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയെ പ്രതിഷ്ഠിക്കണമായിരുന്നു എന്ന് വാദിക്കുന്നത് മൂഢത്വമായിരിക്കുമെന്നു നെഹ്രുവിയൻവാദികൾ പറഞ്ഞു.

എന്നാൽ ഗാന്ധിജി ഉയർത്തിയത് വേറൊരു ചോദ്യമായിരുന്നു: എത്രത്തോളം ഭൗതിക വളർച്ചയെ താങ്ങാൻ ഈ ഭൂമിക്ക് കഴിയും?

ഈ കാലഘട്ടത്തിന്റെ മുഖ്യ വിഷയമായി മാറിയിരിക്കുന്നത് ഈ ഒരു ചോദ്യമാണ്. കാലാവസ്ഥാ വ്യതിയാനം, നശിച്ചുകൊണ്ടിരിക്കുന്ന വനങ്ങൾ, മലിനമാക്കപ്പെട്ട നദികൾ, ക്ഷയിച്ചുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യം, പ്രകൃതിവിഭവങ്ങളുടെ ഊറ്റിയെടുക്കൽ എന്നിവയെല്ലാം തെളിയിക്കുന്നത് സാമ്പത്തിക വളർച്ചയ്ക്ക് പാരിസ്ഥിതികമായ അതിരുകളുണ്ടെന്നാണ്. "മനുഷ്യന്റെ ആവശ്യങ്ങൾക്ക് ആവശ്യമായതെല്ലാം ഈ ഭൂമിയിലുണ്ട്, എന്നാൽ അവരുടെ ആർത്തിക്കുള്ളതില്ല" എന്ന ഗാന്ധിജിയുടെ നിരീക്ഷണം ഇന്ന് അങ്ങേയറ്റം പ്രസക്തമായി തോന്നുന്നതും അതുകൊണ്ടാണ്.

ഗാന്ധിജിയുടെ ചർക്കയും  'ഗ്രാമസ്വരാജ്' എന്ന ആശയവും അനേകം ആധുനിക ചിന്തകർക്ക് അങ്ങേയറ്റം കാലഹരണപ്പെട്ടതായി തോന്നിയിരുന്നു
ഗാന്ധിജിയുടെ ചർക്കയും 'ഗ്രാമസ്വരാജ്' എന്ന ആശയവും അനേകം ആധുനിക ചിന്തകർക്ക് അങ്ങേയറ്റം കാലഹരണപ്പെട്ടതായി തോന്നിയിരുന്നു

യന്ത്രങ്ങൾ തിന്മയാണെന്ന ആക്ഷേപം മാത്രമായിരുന്നില്ല അദ്ദേഹത്തിന്റേത്. സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന സാമൂഹിക ബന്ധങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. അതിന്റെ ഉടമസ്ഥർ ആരാണ്? അതിൽ നിന്ന് ലാഭം കൊയ്യുന്നത് ആരാണ്? അത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണോ അതോ ഉപജീവനമാർഗ്ഗങ്ങൾ തകർക്കുകയാണോ ചെയ്യുന്നത്? അത് സമൂഹങ്ങളെ ശക്തമാക്കുകയാണോ അതോ സമ്പത്തും അധികാരവും ചുരുക്കം ചിലരിൽ കേന്ദ്രീകരിക്കുകയാണോ ചെയ്യുന്നത്?

ഇ. എഫ്. ഷൂമാക്കർ പിന്നീട് മനുഷ്യന്റെ അളവുകോലുകൾക്ക് അനുയോജ്യമായ സാമ്പത്തിക ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും വേണ്ടി വാദിച്ചുകൊണ്ട് സമാനമായ ആശയങ്ങൾ വികസിപ്പിച്ചെടുത്തു. ഇന്ന് നമ്മുടെ ഭാഷ മാറിയിരിക്കാം. സുസ്ഥിര വികസനം, പ്രാദേശിക ഉൽപ്പാദനം, സർക്കുലർ സാമ്പത്തിക വ്യവസ്ഥ, പുനരുപയോഗ ഊർജ്ജം, ചെറുത്തുനിൽപ്പ് ശേഷിയുള്ള സമൂഹങ്ങൾ എന്നൊക്കെയാവാം ഇപ്പോൾ സംസാരിക്കുന്നത്. എന്നാൽ ഈ ആശയങ്ങൾക്കെല്ലാം പിന്നിൽ ഗാന്ധി ആവർത്തിച്ചു ചോദിച്ച ഒരു ചോദ്യമുണ്ട്: മനുഷ്യൻ ഒരു സാമ്പത്തിക യന്ത്രത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സ്വയം മാറണമോ, അതോ സാമ്പത്തിക ക്രമീകരണങ്ങൾ മനുഷ്യന്റെയും പ്രകൃതിയുടെയും ആവശ്യങ്ങളെയാണോ സേവിക്കേണ്ടത്?

വിപണിക്ക് അപ്പുറത്തുള്ള ആരോഗ്യം

വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ഗാന്ധിയുടെ നിലപാടുകൾ കൂടുതൽ സങ്കീർണ്ണമായ ഒരു തലമാണ് ചൂണ്ടിക്കാണിക്കുന്നത്. ഉപവാസം, ഭക്ഷണം, പ്രകൃതിചികിത്സ എന്നിവയിലുള്ള അദ്ദേഹത്തിന്റെ ചില പരീക്ഷണങ്ങളെ വിമർശിച്ചതിൽ കെസ്ലർക്ക് ന്യായമായ കാരണങ്ങളുണ്ടായിരുന്നു. ആധുനിക വൈദ്യശാസ്ത്രം മനുഷ്യജീവിതത്തെ വലിയ അളവിൽ മാറ്റിമറിച്ചിട്ടുണ്ട്. വാക്‌സിനുകൾ, ആന്റിബയോട്ടിക്കുകൾ, ശസ്ത്രക്രിയകൾ, ശാസ്ത്രീയമായ രോഗനിർണ്ണയം എന്നിവ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുകയും ദുരിതങ്ങൾ അകറ്റുകയും ചെയ്തിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തോടുള്ള ഗാന്ധിയുടെ അവിശ്വാസം ചിലപ്പോഴൊക്കെ അതിരുകടന്നുപോവുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിചിത്രമെന്ന് തോന്നിയ പ്രവൃത്തികൾക്കുപിന്നിൽ ആരോഗ്യത്തെക്കുറിച്ചുള്ള കുറച്ചുകൂടി വിശാലമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. അത് ഇന്ന് നമുക്ക് തികച്ചും പരിചിതമായി തോന്നുന്ന ഒന്നാണ്.

രോഗങ്ങളെ മനുഷ്യൻ ജീവിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് എപ്പോഴും വേർപെടുത്തി കാണാനാവില്ലെന്ന് ഗാന്ധി വിശ്വസിച്ചു. ദാരിദ്ര്യം, ശുചിത്വം, ആഹാരം, കായിക അധ്വാനം, പരിസ്ഥിതി, സാമൂഹിക സാഹചര്യങ്ങൾ എന്നിവയെല്ലാം ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മരുന്നുകളോടുള്ള അമിതമായ ആശ്രയം, രോഗങ്ങൾ ഉണ്ടാക്കുന്ന അടിസ്ഥാന സാഹചര്യങ്ങളെ അവഗണിച്ച് ലക്ഷണങ്ങളെ മാത്രം ചികിത്സിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുമോ എന്ന് അദ്ദേഹം ആശങ്കപ്പെട്ടു.

ആധുനിക പൊതുജനാരോഗ്യ മേഖല ഇന്ന് കൃത്യമായി ഈ ബന്ധങ്ങളെ അംഗീകരിക്കുന്നുണ്ട്.

ഗാന്ധി മുൻകൂട്ടി കണ്ട മറ്റൊരു വലിയ പ്രശ്‌നവുമുണ്ട്: ആരോഗ്യത്തെ കച്ചവടച്ചരക്കാക്കി മാറ്റുന്നത്. ഇന്ന് ആരോഗ്യ പരിപാലനവും ഔഷധ നിർമ്മാണവുമെല്ലാം വൻകിട ആഗോള വ്യവസായങ്ങളായി മാറിയിരിക്കുന്നു. ശാസ്ത്രീയ വൈദ്യശാസ്ത്രം തീർച്ചയായും ഒഴിവാക്കാനാവാത്ത ഒന്നാണ്. എങ്കിലും നല്ല ആരോഗ്യത്തിനുള്ള സൗകര്യങ്ങൾ ലഭിക്കുന്നത് ഇന്നും വലിയ അസമത്വം നിറഞ്ഞതായി തുടരുന്നു. രോഗം വന്നതിനു ശേഷമുള്ള ചെലവേറിയ ചികിത്സകൾക്ക് നൽകുന്ന പ്രാധാന്യം പലപ്പോഴും പ്രതിരോധ ആരോഗ്യ പരിപാലനത്തിനോ കുടിവെള്ളത്തിനോ ശുചിത്വത്തിനോ പോഷകാഹാരത്തിനോ ആരോഗ്യകരമായ ചുറ്റുപാടുകൾക്കോ ലഭിക്കാറില്ല.

ഗാന്ധിയുടെ ചിന്തകൾ ആധുനിക വൈദ്യശാസ്ത്രത്തിന് പകരമാകരുത് ഇന്ന് പലരും തിരിച്ചറിയുന്നുണ്ട്. അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ ഒരിക്കലും മെഡിക്കൽ നിർദ്ദേശങ്ങളായി മാറുകയുമരുത്. ഗാന്ധിയുടെ ശാശ്വതമായ സംഭാവന മറ്റൊന്നിലാണ് കാണേണ്ടത്: ആരോഗ്യം എന്നത് വിപണിയിൽ നിന്ന് പണം കൊടുത്തു വാങ്ങുന്ന ഒന്നല്ല. അത് ഓരോ വ്യക്തിയും ജീവിക്കുന്ന രീതിയെയും അവരെ ചുറ്റുമുള്ള പരിസ്ഥിതിയേയും അവർ വസിക്കുന്ന സമൂഹത്തിന്റെ സ്വഭാവത്തേയും ആശ്രയിച്ചിരിക്കുന്നു.

വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ഗാന്ധിയുടെ നിലപാടുകൾ കൂടുതൽ സങ്കീർണ്ണമായ ഒരു തലമാണ് ചൂണ്ടിക്കാണിക്കുന്നത്. ഉപവാസം, ഭക്ഷണം, പ്രകൃതിചികിത്സ എന്നിവയിലുള്ള അദ്ദേഹത്തിന്റെ ചില പരീക്ഷണങ്ങളെ വിമർശിച്ചതിൽ കെസ്ലർക്ക്  ന്യായമായ കാരണങ്ങളുണ്ടായിരുന്നു.
വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ഗാന്ധിയുടെ നിലപാടുകൾ കൂടുതൽ സങ്കീർണ്ണമായ ഒരു തലമാണ് ചൂണ്ടിക്കാണിക്കുന്നത്. ഉപവാസം, ഭക്ഷണം, പ്രകൃതിചികിത്സ എന്നിവയിലുള്ള അദ്ദേഹത്തിന്റെ ചില പരീക്ഷണങ്ങളെ വിമർശിച്ചതിൽ കെസ്ലർക്ക് ന്യായമായ കാരണങ്ങളുണ്ടായിരുന്നു.

ക്രൂരമായ രാഷ്ട്രീയത്തെ അതിജീവിക്കാൻ അഹിംസയ്ക്ക് കഴിയുമോ?

ഗാന്ധിക്ക് നേരിടേണ്ടിവന്ന ഏറ്റവും കഠിനമായ വെല്ലുവിളി അഹിംസയെക്കുറിച്ചുള്ള ചോദ്യങ്ങളാണ്. ഓർവെൽ അതിശക്തമായ എതിർപ്പാണ് ഉന്നയിച്ചത്. പത്രങ്ങൾക്കും രാഷ്ട്രീയ കൂട്ടായ്മകൾക്കും പൊതുജനാഭിപ്രായങ്ങൾക്കും അല്പമെങ്കിലും സ്വാതന്ത്ര്യമുള്ള ഒരു അന്തരീക്ഷം നിലനിന്നിരുന്നതു കൊണ്ടാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ സത്യഗ്രഹത്തിന് ഭാഗികമായെങ്കിലും വിജയിക്കാൻ കഴിഞ്ഞത് എന്ന് അദ്ദേഹം വാദിച്ചു. നാസി ജർമ്മനിയിലോ സ്റ്റാലിന്റെ റഷ്യയിലോ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? സമരക്കാരുടെ ധാർമ്മിക ആഹ്വാനങ്ങൾ മറ്റുള്ളവരിലേക്ക് എത്തുന്നതിന് മുമ്പുതന്നെ ഒരു ഏകാധിപതിക്ക് അവരെ തടവിലിടാനോ കൊന്നൊടുക്കാനോ സാധിക്കുമായിരുന്നു.

നീബൂർ ഈ പ്രശ്നത്തെ വ്യത്യസ്ത രീതിയിലാണ് സമീപിച്ചതെങ്കിലും സമാന നിഗമനത്തിലാണ് എത്തിയത്: രാഷ്ട്രീയാധികാരം എന്നത് ബലപ്രയോഗം കൂടിച്ചേർന്നതാണ്. കൂടാതെ നീതികേടുകളെ എപ്പോഴും ധാർമ്മികമായ ബോധ്യപ്പെടുത്തലുകൾ കൊണ്ട് മാത്രം പരാജയപ്പെടുത്താൻ കഴിയില്ല.

ഈ വിമർശനങ്ങളെ അത്ര എളുപ്പം തള്ളിക്കളയാൻ കഴിയില്ല. അഹിംസ എന്നത് ഒരു അദ്ഭുത മന്ത്രമല്ല. കൂടാതെ ഗാന്ധി തന്നെയും പ്രത്യേകമായ ചില ചരിത്ര പശ്ചാത്തലങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്.

എന്നാൽ സത്യഗ്രഹത്തെ വെറും 'ധാർമ്മികമായ ബോധ്യപ്പെടുത്തൽ' മാത്രമായി കാണുന്നത് അതിന്റെ രാഷ്ട്രീയ കരുത്തിനെ വേണ്ടത്ര തിരിച്ചറിയാത്തതുകൊണ്ടാണ്. ഭരണാധികാരികൾ ആയുധബലം കൊണ്ടുമാത്രം ഭരണം നടത്താൻ കഴിയില്ലെന്ന് ഗാന്ധി മനസ്സിലാക്കിയിരുന്നു. ഭരണനിർവ്വഹണം നടത്താൻ ഉദ്യോഗസ്ഥരും, അധ്വാനിക്കാൻ തൊഴിലാളികളും, അനുസരിക്കാൻ പൗരരും, നികുതിയടക്കാൻ ജനങ്ങളും, സഹകരിക്കാൻ സ്ഥാപനങ്ങളും ഏതൊരു ഭരണകൂടത്തിനും ആവശ്യമാണ്. അതുകൊണ്ടുതന്നെ, സംഘടിതമായ നിസഹകരണത്തിന് ഒരു വലിയ ശക്തിയായി മാറാൻ കഴിയും.

പണിമുടക്കുകൾ, ബഹിഷ്‌കരണങ്ങൾ, പ്രതിഷേധ മാർച്ചുകൾ, നിയമലംഘനങ്ങൾ എന്നിവയിലൂടെ ഭരണകൂടത്തിനുള്ള സഹകരണം നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടാണ് ഗാന്ധിയുടെ അഹിംസ കേവലം നിഷ്ക്രിയമായ ഒന്നാവാതെ തികച്ചും വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് വഴിവെച്ചത്.

പിൽക്കാലത്തുണ്ടായ പല പ്രസ്ഥാനങ്ങളും ഈ സമരമാർഗ്ഗത്തിന്റെ വിശാലമായ സാധ്യതകൾ തെളിയിച്ചു. അമേരിക്കൻ പൗരാവകാശപ്രസ്ഥാനം, വർണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങൾ, വിവിധ ജനകീയ ജനാധിപത്യ പ്രസ്ഥാനങ്ങൾ എന്നിവയെല്ലാം നേരിട്ടോ അല്ലാതെയോ ഗാന്ധിയൻ രീതികളിൽനിന്ന് ഊർജ്ജം ഉൾക്കൊണ്ടവയാണ്. അഹിംസ എല്ലാ സാഹചര്യങ്ങളിലും വിജയിക്കുമെന്ന് ഇവ തെളിയിക്കുന്നില്ലായിരിക്കാം. എങ്കിലും, അധികാരത്തിന്റെ അക്രമങ്ങളെ അതേപടി ആവർത്തിക്കാതെ തന്നെ അതിനെ പ്രതിരോധിക്കാൻ രാഷ്ട്രീയ ശക്തിക്ക് ചിലപ്പോഴൊക്കെ സാധിക്കുമെന്ന് ഇവ വ്യക്തമാക്കുന്നു.

 സത്യഗ്രഹത്തെ വെറും 'ധാർമ്മികമായ ബോധ്യപ്പെടുത്തൽ' മാത്രമായി കാണുന്നത് അതിന്റെ രാഷ്ട്രീയ കരുത്തിനെ വേണ്ടത്ര തിരിച്ചറിയാത്തതുകൊണ്ടാണ്. ഭരണാധികാരികൾ ആയുധബലം കൊണ്ടുമാത്രം ഭരണം നടത്താൻ കഴിയില്ലെന്ന് ഗാന്ധി  മനസ്സിലാക്കിയിരുന്നു.
സത്യഗ്രഹത്തെ വെറും 'ധാർമ്മികമായ ബോധ്യപ്പെടുത്തൽ' മാത്രമായി കാണുന്നത് അതിന്റെ രാഷ്ട്രീയ കരുത്തിനെ വേണ്ടത്ര തിരിച്ചറിയാത്തതുകൊണ്ടാണ്. ഭരണാധികാരികൾ ആയുധബലം കൊണ്ടുമാത്രം ഭരണം നടത്താൻ കഴിയില്ലെന്ന് ഗാന്ധി മനസ്സിലാക്കിയിരുന്നു.

അണുവായുധയുഗത്തിൽ ഈ ചോദ്യത്തിന് മുൻപെങ്ങുമില്ലാത്തവിധം പ്രസക്തിയേറുകയാണ്. വൻതോതിലുള്ള സൈനിക വ്യൂഹം കെട്ടിപ്പടുക്കുന്നതിലൂടെ സുരക്ഷ ഉറപ്പാക്കാമെന്ന ഇരുപതാം നൂറ്റാണ്ടിലെ വിശ്വാസം, ഇന്ന് ലോകത്തെത്തന്നെ സ്വയം ഇല്ലാതാക്കാൻ ശേഷിയുള്ള ഒന്നാക്കി മാറ്റിയിരിക്കുന്നു. അണുവായുധ പ്രതിരോധ നയങ്ങളും, നിഴൽ യുദ്ധങ്ങളും, ആയുധസമ്പത്തിന്റെ അനിയന്ത്രിതമായ വർദ്ധനവും ചില സംഘർഷങ്ങളെ തടഞ്ഞേക്കാം. എന്നാൽ അവ പുതിയ രൂപത്തിലുള്ള അനിശ്ചിതത്വങ്ങൾക്കും ഭയത്തിനും വഴിവെക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, അക്രമം അക്രമത്തെ മാത്രമേ വീണ്ടും ഉൽപ്പാദിപ്പിക്കൂ എന്ന ഗാന്ധിയുടെ ഓർമ്മപ്പെടുത്തലിന് പ്രസക്തി നഷ്ടപ്പെടുന്നില്ല.

ഗാന്ധിക്ക് അംബേദ്കറുടെ തിരുത്തും ആവശ്യമുണ്ട്

ഗാന്ധിയെ വീണ്ടും വായിക്കാൻ ശ്രമിക്കുമ്പോൾ ഒരു അപകടവുമുണ്ട്: ആദരവ് പലപ്പോഴും അതിരുകടന്ന ആരാധനയായി മാറാം. ഇവിടെയാണ് അംബേദ്കറുടെ തിരുത്തൽ അത്യന്താപേക്ഷിതമാകുന്നത്.

ഗാന്ധി ഗ്രാമീണ ജീവിതത്തെ പുകഴ്ത്തിയപ്പോൾ, അവിടുത്തെ സങ്കീർണമായ സാമൂഹിക അസമത്വങ്ങളെയും അനീതികളെയും പലപ്പോഴും കാണാതെപോയി. ജാതീയ വിവേചനം അനുഭവിച്ചിരുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക്, പാരമ്പര്യ ഗ്രാമീണവ്യവസ്ഥ ഒരു തരത്തിലും അനുയോജ്യമായ ഒന്നായിരുന്നില്ല. ജാതിവ്യവസ്ഥയോടുള്ള ഗാന്ധിജിയുടെ നിലപാടുകളിൽ പിന്നീട് മാറ്റം വരികയും തൊട്ടുകൂടായ്മയ്‌ക്കെതിരായ അദ്ദേഹത്തിന്റെ പോരാട്ടം പ്രധാനമായി മാറുകയും ചെയ്തെങ്കിലും, അംബേദ്കർ ആവശ്യപ്പെട്ടത് കൂടുതൽ ഗൗരവമായ ഒന്നായിരുന്നു: തുല്യ പൗരത്വം, ഭരണഘടനാപരമായ അവകാശങ്ങൾ, ജാതിശ്രേണിയുടെ പൂർണ്ണമായ തകർക്കൽ. ആ വിമർശനം ഇന്നും ഒഴിവാക്കാനാവാത്തതാണ്.

സുസ്ഥിരമായ ഒരു സമൂഹം അനിവാര്യമായും ഒരു നീതിയുള്ള സമൂഹമാകണമെന്നില്ല. സമത്വമില്ലാത്ത വികേന്ദ്രീകരണം എന്നത് കേവലം അടിച്ചമർത്തലിന്റെ വികേന്ദ്രീകരണം മാത്രമായി മാറിയേക്കാം. മറ്റൊരു തിരുത്തൽ നൽകുന്നത് നെഹ്‌റുവാണ്. പണ്ടത്തെ ഇന്ത്യയിലേക്കുള്ള ഒരു തിരിച്ചുപോക്കിനുവേണ്ടി ശാസ്ത്രത്തെയോ ആധുനിക സ്ഥാപനങ്ങളെയോ അടിസ്ഥാന സൗകര്യങ്ങളെയോ സാങ്കേതിക വികസനത്തെയോ തള്ളിക്കളയാനാവില്ല.

അതുകൊണ്ട്, ഇന്ന് വീണ്ടെടുക്കേണ്ട ഗാന്ധി അംബേദ്കർക്കോ, നെഹ്‌റുവിനോ, ആധുനികതയ്ക്കോ എതിരായ ഗാന്ധിയല്ല. അവരുമായി സംവാദത്തിലേർപ്പെടുന്ന ഗാന്ധിയാണ്.

ഗാന്ധി ബാക്കിവെച്ച ചോദ്യങ്ങൾ

ഗാന്ധി തന്റെ കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു, അതിൻ്റേതായ പരിമിതികളും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഓരോ പരീക്ഷണങ്ങളെയും രാഷ്ട്രീയ തീരുമാനങ്ങളെയും ശാശ്വത സത്യങ്ങളായി കാണേണ്ടതില്ല. എന്നാൽ പുനർചിന്തനം അർഹിക്കുന്നത് അതിനേക്കാൾ ആഴത്തിലുള്ള മറ്റൊന്നാണ്. ഉൽപ്പാദനം കൂടിയാൽ പുരോഗതിയായി, സാങ്കേതികവിദ്യ കൂടിയാൽ മനുഷ്യന്റെ നിയന്ത്രണമായി, സൈനിക ശക്തി കൂടിയാൽ സുരക്ഷയായി എന്ന് വിശ്വസിച്ചിരുന്ന ഒരു കാലത്താണ് അദ്ദേഹത്തിന്റെ വിമർശകർ ജീവിച്ചിരുന്നത്.

ആ ധാരണകൾ നേട്ടങ്ങൾ ഉണ്ടാക്കിയെന്നത് ശരിയാണ്. എന്നാൽ പുതിയ നൂറ്റാണ്ടിന് ഇനി കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്ത പ്രത്യാഘാതങ്ങളും അവ സൃഷ്ടിച്ചു. ലോകത്തിന് ഇനി ഗാന്ധിജിയുടെ ചർക്കയിലേക്കു മടങ്ങേണ്ടതില്ലായിരിക്കാം. അദ്ദേഹത്തിന്റെ ഗ്രാമ സ്വരാജുകളെ അതേപടി അനുകരിക്കാനും ഒരു പക്ഷെ കഴിയില്ല. എന്നാൽ അതിനുപിന്നിലെ ചോദ്യങ്ങളെ ലോകത്തിന് വീണ്ടെടുക്കാൻ കഴിയും:

  • എത്രത്തോളം ഉപഭോഗമാണ് നമുക്ക് മതിയാവുന്നത്?

  • സാങ്കേതികവിദ്യയെ നിയന്ത്രിക്കുന്നത് ആരാണ്?

  • സാമ്പത്തിക വളർച്ചയുടെ ലാഭം ആർക്കാണ് ലഭിക്കുന്നത്?

  • പരിസ്ഥിതിയിൽ നിന്നും അസമത്വത്തിൽ നിന്നും ആരോഗ്യത്തെ വേർപെടുത്തി കാണാൻ കഴിയുമോ?

  • കൂടുതൽ നശീകരണശേഷിയിൽ കെട്ടിപ്പടുക്കുന്ന സുരക്ഷയ്ക്ക് മനുഷ്യരാശിക്ക് എന്നെങ്കിലും യഥാർത്ഥ സുരക്ഷിതത്വം നൽകാൻ കഴിയുമോ?

  • സാധാരണക്കാരായ മനുഷ്യർ തങ്ങളുടെ സഹകരണം കൂട്ടമായി പിൻവലിക്കുമ്പോൾ അധികാരത്തിന് നിലനിൽക്കാൻ കഴിയുമോ?

ഇവയെല്ലാം കേവലം 'ഗാന്ധിയൻ' ചോദ്യങ്ങളല്ല എന്ന് ഇന്ന് നാം തിരിച്ചറിയുന്നുണ്ട്. മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ തന്നെ ചോദ്യങ്ങളായി സ്വയം ചോദിക്കേണ്ടതാണ് ഇതോരോന്നും.

ഒരാൾ സ്വയം താനൊരു നെഹ്രുവിയൻ സോഷ്യലിസ്റ്റ് ആണെന്ന് പറയുമ്പോൾ, അയാൾ ഗാന്ധിയെ എവിടെയാണ് നിർത്തിയിരിക്കുന്നതെന്നുകൂടി പറഞ്ഞാലേ നമ്മുടെ അതിജീവനത്തിന്റെ രാശി വെളിപ്പെട്ടുവരികയുള്ളൂ.


Summary: On Gandhi Jayanti, K.M. Seethi explores the relevance of Gandhian ideas and their continuing significance in contemporary society.


കെ.എം. സീതി

രാജ്യാന്തര പഠന വിദഗ്ധൻ, എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടർ.

Comments