കൊൽക്കത്തയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആർ ജി കർ മെഡിക്കൽ കോളേജിലെ (R G Kar Medical College) ഓൺ ഡ്യൂട്ടി ട്രെയിനി ഡോക്ടറെ (PG Doctor Death) ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധത്തിൻെറ ഭാഗമായി കേരളത്തിൽ നാളെ (ആഗസ്ത് 16) ഒ പിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ച് ഡോക്ടർമാർ സമരം (Doctors Strike) നടത്തും. പി ജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് പണിമുടക്കുക. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാണ് ആവശ്യം. ജോയിൻറ് ആക്ഷൻ ഫോറത്തിൻെറ നേതൃത്വത്തിലാണ് പ്രതിഷേധം. അത്യാഹിത വിഭാഗങ്ങളിൽ സേവനമുണ്ടാകുമെന്ന് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുക, കൊലപാതകത്തിന് ഉത്തരവാദികളായവരെ 48 മണിക്കൂറിനുള്ളിൽ പിടികൂടുക, പ്രതികൾക്ക് ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരം ചെയ്യുന്ന ഡോക്ടർമാർ മുന്നോട്ടുവക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നാളെ കെജിഎംഒഎ കേരളത്തിൽ പ്രതിഷേധദിനം ആചരിക്കും. എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. വിഷയത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജിൽ സംഘർഷം
സമരം ശക്തമായ സാഹചര്യത്തിനിടെ കൊൽക്കത്തയിലെ മെഡിക്കൽ കോളേജ് സംഘർഷവേദിയായിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി കെട്ടിയ സമരപന്തൽ ഒരു സംഘം അക്രമികൾ അടിച്ചു തകർത്തു. സമാധാനപരമായി നടന്ന റാലിക്കിടെ വ്യാഴാഴ്ച പുലർച്ചെയോടെ പുറത്തുനിന്നെത്തിയ ആളുകളാണ് അക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്. ‘രാത്രിയെ തിരിച്ചുപിടിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയ സമരപ്രവർത്തകരുടെ ഇടയിലേക്ക് ഇടിച്ചുകയറിയവരാണ് സംഘർഷമുണ്ടാക്കിയത്.
കനത്ത പൊലീസ് സുരക്ഷയ്ക്കിടെ ബാരിക്കേഡ് പൊളിച്ച് ആശുപത്രിക്ക് അകത്തുകയറി സമരം ചെയ്യുന്ന ഡോക്‌ടർമാരെ അക്രമിക്കുകയും ഹോസ്റ്റലിൽ കയറാൻ ശ്രമിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. പൊലീസിന് നേരെ കല്ലേറുണ്ടായി. നിരവധി പൊലീസുകാർക്ക് അക്രമത്തിൽ പരിക്കേറ്റു. പൊലീസ് വാഹനങ്ങൾക്കും കേടുപാടുണ്ടായിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം 9 പേർ അറസ്റ്റിലായിട്ടുണ്ട്.
സമരം നടത്തുന്ന യുവ ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികളെയും ലക്ഷ്യമിട്ട് നടന്ന ആക്രമണം അപലപനീയമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സമരം നടത്തുന്ന യുവ ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികളെയും ലക്ഷ്യമിട്ട് നടന്ന ആക്രമണം അപലപനീയമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിൽ വൻ വീഴ്ചയാണ് നടക്കുന്നത്. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം നടക്കുന്നതിനിടയിലാണ് മെഡിക്കൽ കോളേജിൽ അക്രമം ഉണ്ടായത്. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും അക്രമങ്ങൾ പ്രതിഷേധാർഹമാണെന്നും ഐ എം എ വ്യക്തമാക്കി.
ദാരുണ കൊലപാതകം…
കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളിലടക്കം രക്തസ്രാവമുണ്ടായെന്നും മർദനത്തിൽ കണ്ണട പൊട്ടി ചില്ല് കണ്ണിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴുത്തിലും വയറ്റിലുമടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റിട്ടുണ്ട്. ഭിത്തിയിൽ തലയിടിപ്പിച്ചതിന്റെ തെളിവും റിപ്പോർട്ടിലുണ്ട്. മൃതദേഹത്തിൽ നിന്ന് 150 മില്ലിഗ്രാം ബീജം കണ്ടെടുത്തതായാണ് പുതിയ വിവരം.
മകൾ കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് കുടുംബാംഗങ്ങളും സംശയം പ്രകടിപ്പിച്ചിച്ചിട്ടുണ്ട്. ഇത്രയും കൂടിയ അളവിൽ ബീജം കണ്ടെത്തിയത് കൂട്ട ബലാത്സംഗത്തിന്റെ ലക്ഷണമാണെന്ന് ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് ഡോക്ടേഴ്സ് അസ്സോസിയേഷൻ ഭാരവാഹി സുബണ ഗോസ്വാമി പറഞ്ഞു. ആശുപത്രിക്ക് സമീപമുള്ള ഔട്ട്‌പോസ്റ്റിൽ പോലീസിനെ സഹായിക്കാൻ നിയോഗിക്കപ്പെട്ട വ്യക്തിയാണ് അറസ്റ്റിലായത്.
ദേശീയ രാഷ്ട്രീയത്തിലും ചർച്ച
വിഷയം ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചയായി മാറുകയാണ്. ഇരയ്ക്ക് നീതി ലഭ്യമാക്കുന്നതിന് പകരം പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷയുടെ കാര്യത്തിൽ ഇത് ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. അതിനിടയിൽ ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസ് മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി.