പായസം വിളമ്പാൻ അവകാശമുണ്ടെങ്കിൽ
‘രാം കെ നാം’ പ്രദർശിപ്പിക്കാനും അവകാശമുണ്ട്

ജനുവരി 22ന്, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനുപുറത്ത് വിദ്യാർഥികൾ ‘രാം കെ നാം’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞു. പൊലീസ് എത്തി ബാനറുകളും കീറിക്കളഞ്ഞു. ഡോക്യുമെന്ററി പ്രദർശനം തടഞ്ഞ ആളുകൾ ഇതേ സ്ഥലത്ത് പായസം വിതരണം ചെയ്യുന്നുണ്ടായിരുന്നു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഒരാൾക്ക് പായസം വിതരണം ചെയ്യാവുന്നതുപോലെ, പ്രതിഷേധസൂചകമായി മറ്റൊരാൾക്ക് രാം കെ നാം പ്രദർശിപ്പിക്കാനും അവകാശമുണ്ടെന്നു പറയുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജിജോയ് പി.ആർ.

മനില.സി.മോഹൻ: ഇന്നലെ ആനന്ദ് പട് വർധന്റെ ‘രാം കെ നാം’ എന്ന ഡോക്യുമെന്ററി കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനുപുറത്ത് പ്രദർശിപ്പിക്കുന്ന സമയത്ത് സംഘപരിവാർ പ്രവർത്തകർ അത് തടയുന്ന സംഭവമുണ്ടായല്ലോ. പുറത്ത് പ്രദർശിപ്പിക്കാൻ തന്നെയാണോ ആദ്യം തീരുമാനിച്ചിരുന്നത്? ഇന്നലെ എന്താണുണ്ടായത്?

ജിജോയ് പി.ആർ: ഇന്നലെ വിദ്യാർഥികൾ രാം കെ നാം കാമ്പസിനു പുറത്ത് പ്രദർശിപ്പിക്കണമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. പഠനത്തിന്റെ ഭാഗമായി പുറത്ത് സ്‌കൂളുകളിലും മറ്റുമൊക്കെ ഡോക്യുമെന്ററികള്‍ പ്രദർശിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ പുറത്ത് കാണിക്കുക എന്നത് തെറ്റല്ല. പക്ഷെ ഇന്നലത്തെ ഒരു പ്രത്യേക സാഹചര്യത്തിൽ, അയോധ്യയിലെ പരിപാടികൾ നടക്കുന്ന സാഹചര്യത്തിൽ, പ്രദർശനം ക്രമസമാധനത്തെ ബാധിച്ചേക്കാമെന്നതുകൊണ്ട് പുറത്ത് നടത്തണ്ട, ക്ലാസ് റൂം തിയേറ്ററിൽ കാണിച്ചോളൂ, അവിടെ പ്രദർശിപ്പിക്കാനുള്ള പൂർണ അവകാശം നിങ്ങൾക്കുണ്ടെന്ന് അവരോട് പറഞ്ഞിരുന്നു. എന്നാൽ, മീറ്റിംഗ് കൂടി പ്രദർശനം നടത്താനാണ് ഭൂരിപക്ഷ തീരുമാനമെന്ന് വിദ്യാർഥികൾ അറിയിച്ചു. അങ്ങനെയാണെങ്കിൽ പൊലീസിനെ അറിയിക്കണമെന്ന് ഞാൻ അവരോട് പറഞ്ഞു. അതനുസരിച്ച് അവർ പൊലീസിൽ അറിയിക്കുകയും ചെയ്തു.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ‘രാം കെ നാം’ പ്രദർശിപ്പിക്കുന്നു
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ‘രാം കെ നാം’ പ്രദർശിപ്പിക്കുന്നു

പ്രദർശനത്തിന് മുന്നോടിയായി ബാനറുകൾ സ്ഥാപിച്ചിരുന്നു. ബാബറി മസ്ജിദിനെ ഓർമപ്പെടുത്തുന്ന ചില സംഭവങ്ങൾ ബാനറിൽ ഉൾപ്പെടുത്തിയിരുന്നു. അത് കണ്ട്, ആർ.എസ്.എസ് ആണോ ബി.ജെ.പിയാണോ എന്നൊന്നും അറിയില്ല, കുറച്ചുപേർ അവിടേക്ക് വന്നു. ഇതിന്റെ തൊട്ടുമുമ്പിൽ ഒരു അമ്പലം കൂടിയുണ്ട്. അപ്പോൾ ആളുകൾ അതിനെ പലതരത്തിൽ വ്യാഖ്യാനിച്ചേക്കാം. ഒരു മതസ്ഥാപനത്തിനു മുമ്പിൽ പ്രദര്‍ശനം നടത്തിയെന്ന് അവർക്കു പറയാം. ആ രീതിയിൽ അത് വ്യാഖ്യാനിക്കപ്പെടുമെന്ന് കണ്ടാണ് അത് പാടില്ലെന്ന് ആദ്യം പറഞ്ഞത്.

ഇതേസമയം ഡോക്യുമെന്ററി പ്രദർശനം തടഞ്ഞ ആളുകൾ അവിടെ പായസം വിതരണം ചെയ്യുന്നുണ്ടായിരുന്നു. അതും ഒരേസമയം അമ്പലത്തിന്റെ മുന്നിലാണെന്നും സ്ഥാപനത്തിന്റെ മുന്നിലാണെന്നും പറയാം. ഒരേസമയം ഈ രണ്ട് കാര്യങ്ങളും അവിടെ നടന്നിട്ടുണ്ട്. അവരുടെ ഭാഗത്തുനിന്നുണ്ടായ പായസവിതരണം പ്രകോപനപരമാണെന്ന് വിദ്യാർഥികൾ പറയുന്നു. അമ്പലത്തിന്റെ മുന്നിലാണ് പായസം വിതരണം ചെയ്തതെന്ന് അവർക്ക് വേണമെങ്കിൽ പറയാം. എന്നാൽ അവിടെയൊരു വിദ്യാഭ്യാസ സ്ഥാപനവുമുണ്ടല്ലോ.

ഡോക്യുമെന്ററി പ്രദർശനം നടത്തുന്നതിനു മുമ്പുതന്നെ അവിടെയെത്തിയവർ അസഭ്യമായ രീതിയിൽ സംസാരിച്ച് തുടങ്ങിയിരുന്നു. അപ്പോഴേക്കും പൊലീസ് എത്തി പ്രദർശനം നടത്തേണ്ടെന്ന് പറഞ്ഞു. അപ്പോൾ ഞാൻ വിദ്യാർഥികളോട്, ശരി- തെറ്റ് എന്നതിനപ്പുറത്തേക്ക് ക്രമസമാധാനത്തിന്റെ ഭാഗമായി പ്രദർശനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടു. അത് അവർ അംഗീകരിച്ചു. തുടർന്ന് കാമ്പസിൽ കാന്റീനിനടുത്ത് സ്ട്രീമിങ് നടത്തുകയും ചെയ്തു.

ഡോക്യുമെന്ററി പ്രദർശനം കാണുന്ന വിദ്യാർഥികൾ
ഡോക്യുമെന്ററി പ്രദർശനം കാണുന്ന വിദ്യാർഥികൾ

ഇതിനിടയിൽ പോസ്റ്ററുകളും ബാനറുകളും പലതവണയായി മാറ്റിച്ചു. പോസ്റ്ററുകള്‍ പൊലീസ് തന്നെ കീറിക്കളഞ്ഞു. അതിനുശേഷം ഇടതുപക്ഷ പാർട്ടി പ്രവർത്തകർ വന്ന് പോസ്റ്ററുകളും ബാനറുകളും വീണ്ടും സ്ഥാപിക്കണമെന്ന് പൊലീസിനോട് പറഞ്ഞു. അങ്ങനെ വീണ്ടും ചെറിയ പ്രശ്‌നമുണ്ടായി. ഈ സംഭവങ്ങൾ നടക്കുമ്പോൾ വിദ്യാർഥികൾ ഗേറ്റിനടുത്തേക്ക് വരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശനം കഴിഞ്ഞ ശേഷം ആവേശത്തിന് വിദ്യാർഥികൾ അങ്ങോട്ട് വരുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. അങ്ങനെ ഇന്നലെ ആ പ്രശ്‌നം വലിയ കുഴപ്പമില്ലാതെ അവസാനിച്ചു.

ഇത്തരം വിഷയങ്ങളുമായി ബന്ധ​പ്പെട്ട പ്രതികരണങ്ങളുടെ പേരിൽ പോലും രണ്ടു തരം സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതായത്, അനുകൂലി വിഭാഗത്തിന്, അവരുടെ ഭാഗം ന്യായീകരിക്കാൻ സർവ സ്വാതന്ത്ര്യവും അവകാശവും ലഭിക്കുമ്പോൾ പ്രതിഷേധങ്ങൾ ബലപ്രയോഗത്തിലൂടെ അടിച്ചമർത്തപ്പെടുകയാണ്.

ഇത്തരം കാര്യങ്ങളിൽ സ്വന്തം അഭിപ്രായം പറയാനുള്ള അവകാശം ഈ രാജ്യത്തെ എല്ലാവർക്കുമുണ്ട്. എല്ലാ മത ആരാധനാലയങ്ങളും പരസ്പരം ആക്രമിക്കപ്പെട്ടതിന്റെ ചരിത്രമുണ്ട് ഇവിടെ. ഹിന്ദു മതം അങ്ങോട്ട് ചെയ്തിട്ടുണ്ട്, തിരിച്ച് ഇങ്ങോട്ടും ചെയ്തിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ ഇതൊന്നും പാടില്ല എന്നതാണ് നീതി. അതിന് വിഘാതം സംഭവിക്കുമ്പോഴാണ് ആളുകൾ പ്രതികരിക്കുന്നത്. എല്ലാവർക്കും പ്രതികരിക്കാൻ അവകാശമുണ്ട്. ഒരാൾക്ക് പായസം വിതരണം ചെയ്യാവുന്നതുപോലെ മറ്റൊരാൾക്ക് രാം കെ നാം പ്രദർശിപ്പിക്കാനും അവകാശമുണ്ട്. ഈ അവകാശം തന്നെയാണ് ഇന്ത്യയിൽ വേണ്ടതും. എന്നാൽ ഒരു അധ്യാപകൻ അല്ലെങ്കിൽ ഒരു സ്ഥാപനത്തിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളെന്ന നിലക്ക്, ക്രമസമാധാന പ്രശ്നമുണ്ടാകാതെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്തം കൂടിയാണ്. കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഒരു സർക്കാർ സ്ഥാപനമാണ്. അതിനെ ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അതാണ് എന്റെയൊരു ഭാഗം.

ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട്, കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനുപുറത്തുണ്ടായ സംഘർഷം
ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട്, കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനുപുറത്തുണ്ടായ സംഘർഷം

പിന്നെ നമ്മൾക്കെതിരെ ചില ഭീഷണിയൊക്കെ ഉയർത്തിയിരുന്നു. ഷൂട്ടിങ്ങിന് സ്ഥലം തരില്ല എന്നൊക്കെ പറഞ്ഞിരുന്നു. അത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു കാര്യമാണല്ലോ. അത്തരം ഭീഷണികൾക്കൊന്നും നമ്മൾ വിലനൽകുന്നില്ല. അതിലൊന്നും എനിക്ക് പ്രശ്‌നമില്ല. ഇവിടത്തെ 60 വിദ്യാർഥികൾക്ക് ഷൂട്ട് ചെയ്യാൻ ഇവിടെ സ്ഥലം കിട്ടിയില്ലെങ്കിൽ തൊട്ടടുത്തുള്ള വേറെ സ്ഥലം നോക്കും. അതിനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. നമ്മൾ അത് ചെയ്യും. അത്തരം ഊരുവിലക്കുകളെയൊന്നും ഭയപ്പെടുന്നില്ല. എന്നാൽ എല്ലാ പാർട്ടിക്കാരും വ്യത്യസ്ത രാഷ്ട്രീയമുള്ളവരും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന ആഗ്രഹം നമുക്കുണ്ട്.

1992-ൽ നമ്മളൊക്കെ കോളേജിൽ പഠിക്കുന്ന സമയത്താണ് രാം കെ നാം എന്ന ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്. നിരവധിയിടങ്ങളിൽ അന്നത് വ്യാപകമായി പ്രദർശിപ്പിച്ചിരുന്നു. 32 വർഷങ്ങൾക്കുശേഷം അതിന്റെ പ്രസക്തി വീണ്ടും കൂടിയിരിക്കുകയാണ്. ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഈ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനെതിരെ അറസ്റ്റുകളും നിയമനടപടികളും ഉണ്ടായിട്ടുണ്ട്. ചരിത്രത്തിന്റെ ഗംഭീരമായ ഒരു ഡോക്യുമെന്റേഷനാണിത്. ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളെന്ന നിലയിൽ ആ ഡോക്യുമെന്ററിയുടെ ചരിത്രപ്രാധാന്യം എത്രമാത്രമുണ്ടെന്നാണ് കരുതുന്നത്. ഇനിയും ഇനിയും പ്രദർശിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകത എത്രമാത്രമുണ്ട്?

എല്ലാവർഷവും ഡിസംബർ ആറിന് പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാം കെ നാം പ്രദർശിപ്പിക്കാറുണ്ട്. ഞാനവിടെ അധ്യാപകനായിരുന്നു. അത് നല്ലൊരു ഓർമപ്പെടുത്തലാണ്. ഇരിങ്ങാലക്കുട കൂടല്‍മാണക്യം ക്ഷേത്രം ഒരു ജൈന ക്ഷേത്രമാണെന്ന് പറയപ്പെടുന്നുണ്ട്. നാളെ ജൈനസമൂഹം വന്ന് അവകാശവാദം ഉയർത്തുകയോ, ഇടിച്ച് നിരത്താൻ പോവുകയോ ചെയ്താൽ ഹൈന്ദവ സമൂഹത്തിന്റെ വികാരം എന്തായിരിക്കാം. ശബരിമല ക്ഷേത്രം ബുദ്ധമത ക്ഷേത്രമായിരുന്നു എന്ന് ചില ചരിത്രകാരന്മാർ പറയാറുണ്ട്. അത് ശരിയാണെങ്കിൽ, ഇപ്പറയുന്ന ബുദ്ധസമൂഹം വന്നത് തിരിച്ച് ആവശ്യപ്പെട്ടാൽ മാറികൊടുക്കുമോ ഇല്ലയോ. എല്ലാ സമൂഹങ്ങളും പരസ്പരം ഇത്തരം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ആരുടെ കയ്യിലായിരുന്നോ അധികാരം അവർ അത് ചെയ്തിട്ടുണ്ട്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടശേഷം ഇങ്ങനെ സംഭവിക്കുമ്പോഴാണ് പുരോഗമന സ്വഭാവമുള്ള മതേതര മനസുകൾക്ക് വേദനിക്കുന്നത്.

അത്തരം നടപടികൾ എതിർക്കപ്പെടേണ്ടതുമാണ്, അതിനെയാണ് എതിർക്കുന്നതും. ഏതു കാലത്തും അത് എതിർക്കപ്പെടേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. വിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും ഭരണഘടന അവകാശങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്. ഒരു വിഭാഗത്തി​ന്റെ ആരാധനാലയം ആക്രമിച്ച് അവിടെ മറ്റൊരു ആരാധനാലയം പ്രതിഷ്ഠിക്കപ്പെടുന്ന ദിവസത്തിൽ തന്നെ പൊതുസ്ഥലത്ത് പായസം വിതരണം ചെയ്യാൻ ഒരുകൂട്ടര്‍ക്ക് അധികാരമുണ്ടെങ്കിൽ അതേ അധികാരം അതിനെതിരെ സംസാരിക്കുവാനും അതിനെതിരെയുള്ള ഡോക്യുമെന്ററി പൊതുസ്ഥലത്തുവെച്ച് കാണിക്കുവാനും ബാക്കിയുള്ളവർക്കുമുണ്ട്. ഇത്തരം ഡോക്യുമെന്റേഷൻ വളരെ അത്യാവശ്യം തന്നെയാണ്. കല ഇതുതന്നെയാണ് ചെയ്യേണ്ടത്. ആ ഡോക്യുമെന്ററിയിൽ പറയുന്ന രാഷ്ട്രീയം ശക്തമാണ്. അത് നമ്മുടെ വിദ്യാർഥികൾ പഠിക്കണം. അതിൽ ഒരിക്കലും തെറ്റ് പറയാൻ കഴിയില്ല. അത് നല്ല കാര്യമാണ്. അവർ എല്ലാ വശങ്ങളും പഠിക്കട്ടെ. എല്ലാവരും അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പറയട്ടെ. ഈ ഡോക്യുമെന്ററി ഇന്നും പ്രസക്തമാണ്. ഇനിയും പ്രസക്തമായിരിക്കും. അതിൽ എനിക്ക് തർക്കമില്ല.

ഡി.വൈ.എഫ്.ഐ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടല്ലോ? അതിനോട് ഇൻസ്റ്റിറ്റ്യൂട്ട് എങ്ങനെയാണ് സഹകരിക്കുക?

കാമ്പസിന് പുറത്താണ് പ്രദർശിപ്പിക്കുമെന്ന് പറഞ്ഞത്. അതവർ പ്രദർശിപ്പിക്കട്ടേ. അതിന് അവർക്കും സ്വാതന്ത്ര്യമുണ്ട്. അത്തരം സ്വാതന്ത്ര്യങ്ങളൊക്കെ മാനിക്കപ്പെടുക തന്നെ വേണം. നാളെയിപ്പോൾ ചെയ്യുന്നത് വേറെ പാർട്ടിയാണെങ്കിലും അവർ ചെയ്‌തോട്ടെ.

വിദ്യാര്‍ത്ഥികളുടെ കയ്യിലുള്ള സിനിമയെന്ന ആയുധം രാകിയെടുക്കാനാണ് ഇവിടെ പഠിപ്പിക്കുന്നത്. അപ്പോൾ ആ സിനിമ ഉപയോഗിച്ചുതന്നെ അവർ അവരുടെ രാഷ്ട്രീയം സംസാരിക്കട്ടെ. മൂന്നുവർഷം കൊണ്ട് പൂർത്തിയാകേണ്ട കോഴ്‌സ് പാൻഡമിക് മൂലവും ചില സമരങ്ങൾ മൂലവും അഞ്ച് വർഷമായി നീണ്ടുപോയിരിക്കുകയാണ്. ഉച്ചഭക്ഷണം പോലും ഒഴിവാക്കുന്ന വിദ്യാർഥികൾ അവർക്കിടയിലുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഇവരെ എത്രയും വേഗം ബിരുദധാരികളാക്കുക എന്നതാണ് ഇപ്പോഴത്തെ എന്റെ പ്രധാന ലക്ഷ്യം. അതിനാണ് ഒരു അധ്യാപകനെന്ന നിലക്കും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ എന്ന നിലക്കും കൂടുതൽ പ്രാധാന്യം നൽകുന്നത്. ചെയ്യേണ്ടതായ മറ്റ് കാര്യങ്ങളുമുണ്ട്. അവർ സിനിമയിലൂടെ സംസാരിക്കട്ടെ.

ഇന്നത്തെ കാലത്ത് രാം കെ നാം പ്രദർശിപ്പിക്കാൻ ശ്രമിക്കുന്ന സമയത്ത് വലിയ എതിർപ്പുകൾ കേരളത്തിൽ പോലുമുണ്ടാകുന്നു. അത് മുൻകാലങ്ങളിൽ ഉണ്ടായിരുന്നതല്ല. ഇതിനുമുമ്പ് വ്യാപകമായ പ്രദർശനം കേരളത്തിൽ നടന്നിട്ടുണ്ട്. പക്ഷെ പുതിയ സാഹചര്യത്തിൽ സംഘപരിവാറിന് പ്രദർശനം തടയാൻ ധൈര്യം വരുന്നു. അത് നമ്മളെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണ്. അന്നപൂരണി എന്ന സിനിമ നെറ്റ്ഫ്‌ളിക്‌സിന് പിൻവലിക്കേണ്ടി വന്നു. അതുപോലെ പലതരം സിനിമകൾ. കേരള സ്റ്റോറി പോലെയൊരു പ്രോപ്പഗാന്റ സിനിമക്ക് ഉത്തരേന്ത്യയിൽ വലിയ സ്വീകാര്യത ലഭിക്കുന്നു. അതായത്, കലാരംഗത്ത് സംഘപരിവാർ സ്വാധീനം തെറ്റായ രീതിയിൽ കൂടിവരുന്നു. അതെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് നിലനിൽക്കെ തന്നെ ചരിത്രത്തെയും വസ്തുതകളെയും വളച്ചൊടിച്ചുള്ള കലാപ്രവർത്തനം ഒരു പ്രൊപ്പഗാന്റ മിഷിനറിയായി പണിയെടുക്കുമ്പോൾ മതേതര പക്ഷത്ത് നിൽക്കുന്ന ആളുകളുടെ കലാജീവിതം പ്രത്യേകിച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളെ കേന്ദ്രീകരിച്ച് എങ്ങനെയായിരിക്കും എന്ന ആശങ്ക നിലനിൽക്കുന്നുണ്ടോ? എങ്ങനെയായിരിക്കും ഇത് ഭാവിയിൽ പ്രവർത്തിക്കാൻ പോകുന്നത്?

‘‘കേരളത്തിൽ ചില മതസ്ഥാപനങ്ങൾ നടത്തുന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾ എൽ.ജി.ബി.റ്റി.ക്യൂ സമൂഹത്തിന്റെ സിനിമകൾ കാണിക്കരുതെന്ന് തീരുമാനമെടുത്തിട്ടുണ്ട്’’
‘‘കേരളത്തിൽ ചില മതസ്ഥാപനങ്ങൾ നടത്തുന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾ എൽ.ജി.ബി.റ്റി.ക്യൂ സമൂഹത്തിന്റെ സിനിമകൾ കാണിക്കരുതെന്ന് തീരുമാനമെടുത്തിട്ടുണ്ട്’’

ഞാനൊരു മതത്തിന്റെയോ ജാതിയുടെയോ കക്ഷിരാഷ്ട്രീയത്തിന്റെയോ വക്താവല്ല. ഏറ്റവും സ്വതന്ത്രമായി ചിന്തിക്കാനാണ് ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഞാൻ മനസ്സിലാക്കുന്നത് ഇന്ത്യന്‍ ചരിത്രം എന്നത് ചാതുർവണ്യത്തിന്റെയും തൊട്ടുകൂടായ്മയുടെയും കൂടി ചരിത്രമാണ്. ആ ചരിത്രം വർത്തമാന കാലത്തിലും നമ്മെ സ്വാധീനിക്കും. അപ്പോൾ ആ ചരിത്രസ്വാധീനത്തെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാർഗം സമത്വം എന്ന ആശയമാണ്. ആ സമത്വത്തിലേക്ക് വരാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യണം. സംവരണമടക്കമുള്ള കാര്യങ്ങളിലൂടെ, ചാതുർവർണ്യത്തിനെതിരായ പ്രവർത്തനത്തിലൂടെ മാത്രമാണ് ഈ പറഞ്ഞ സമത്വം വരുത്താൻ പറ്റുകയുള്ളൂ. മതവും ജാതിയും അടിസ്ഥാനമാക്കിത്തന്നെയാണ് ഇപ്പോഴും ഇവിടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. മതങ്ങൾ ഒരു സ്ഥലത്ത് ന്യൂനപക്ഷമാവുമ്പോൾ മറ്റ് സ്ഥലത്ത് ഭൂരിപക്ഷമാകുന്നു, തിരിച്ചും മറിച്ചുമെല്ലാം അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഏതൊരു മതമായിക്കോട്ടെ, ജാതിയായിക്കോട്ടെ, ഈ പറഞ്ഞ മത- ജാതികളെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണത്. കലാകാരർ ഇത് നിരന്തരം പറഞ്ഞു കൊണ്ടിരിക്കണം. അഗ്രഷൻ ശരിയായ മാർഗമായി എനിക്ക് തോന്നുന്നില്ല. അധ്യാപകൻ എന്ന നിലക്കും ആർട്ടിസ്റ്റ് എന്ന നിലക്കും ഇക്കാര്യം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുകയും വേണം. അതേ പറ്റുകയുളളൂ, അത് നമ്മൾ ചെയ്തു കൊണ്ടിരിക്കണം. മതേതര സ്വഭാവവും ജനാധിപത്യ ബോധവും കലാകാരർ എല്ലായ്‌പ്പോഴും സൂക്ഷിച്ചു വെക്കേണ്ടതുണ്ട്. അല്ലെങ്കിൽ അത് വലിയ അപകടത്തിലേക്കാണ് പോവുക. പ്രത്യേകിച്ച് മതങ്ങൾ കലാസ്ഥാപനങ്ങളിൽ കൂടി കൈകടത്തുന്ന സ്ഥിതിവിശേഷമുള്ളപ്പോൾ.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജിജോയ് പി.ആർ.
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജിജോയ് പി.ആർ.

ഉദാഹരണത്തിന്, കേരളത്തിൽ ചില മതസ്ഥാപനങ്ങൾ നടത്തുന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകള്‍ എൽ.ജി.ബി.റ്റി.ക്യൂ സമൂഹത്തിന്റെ സിനിമകൾ കാണിക്കരുതെന്ന് തീരുമാനമെടുത്തിട്ടുണ്ട്. അവർ അത് കാണിക്കില്ല. മതസ്ഥാപനങ്ങൾ എങ്ങനെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നും അങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും തുറന്നുകാണിക്കുന്ന സംഗതിയാണിത്. ഏറ്റവും സെക്കുലറായി ഗവൺമെന്റാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൈകാര്യം ചെയ്യേണ്ടത് എന്ന ഓർമപ്പെടുത്തലാണ് ഇത് കാണിക്കുന്നത്. അല്ലെങ്കിൽ വിദ്യാഭ്യാസ ഇടത്തിൽ പരിണാമ സിദ്ധാന്തത്തെകുറിച്ച് വളരെ കൃത്യമായി പഠിപ്പിക്കേണ്ടിവരികയും മതപഠന ക്ലാസുകളിൽ ‘എന്റെ ദൈവമാണ് ലോകമുണ്ടാക്കിയത്’ എന്ന് പറയേണ്ടിവരികയും ചെയ്യും. ഇത് ഹി​പ്പോക്രസിയാണ്. അത് എന്തായാലും മതത്തിന് ചെയ്യേണ്ടിവരും. മതമില്ലാത്ത ജീവിതമായി നിലകൊള്ളുമ്പോഴാണ്, അല്ലെങ്കില്‍ സെക്യുലറായിരിക്കുമ്പോഴാണ് അത് സാധ്യമാവുക എന്നാണ് എനിക്ക് പറയാനുള്ളത്.

Comments