ഒരേയൊരു മഹുവ മൊയ്ത്ര

മഹുവ മൊയ്ത്ര എന്ന തൃണമൂൽ കോൺഗ്രസ് എം.പിയുടെ 2019 മുതൽ 2024 വരെയുള്ള ലോക്‌സഭയിലെ ഇടപെടലുകൾ ദേശീയ ശരാശരിയിലും താഴെയാണ്. എന്നിട്ടും എന്തുകൊണ്ടാണ് അവർ ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കുന്ന വ്യക്തിയായത്?

ശ്ചിമ ബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പിയാണ് മഹുവ മൊയ്ത്ര.
ലോക്‌സഭാ ചർച്ചകളിലെ പങ്കാളിത്തം 37, (ദേശീയ ശരാശരി 44.1), ഉന്നയിച്ച ചോദ്യങ്ങൾ 62 (ദേശീയ ശരാശരി 196), സ്വകാര്യ ബില്ലുകൾ 0, (ദേശീയ ശരാശരി 1.5).

മഹുവ മൊയ്ത്ര എന്ന തൃണമൂൽ കോൺഗ്രസ് എം.പിയുടെ 2019 മുതൽ 2024 വരെയുള്ള ലോക്‌സഭയിലെ ഇടപെടലുകൾ തിളങ്ങുന്ന ഒന്നാണെന്ന് പറയാൻ സാധ്യമല്ല, മാത്രമല്ല, ദേശീയ ശരാശരിയിലും താഴെയാണ് എന്ന് ലെജിസ്ലേറ്റീവ് റിസർച്ച് ഡാറ്റകൾ പറയും. അവരെത്തേടി മികച്ച പാർലമെന്റേറിയനുള്ള അവാർഡുകൾ എത്തിയില്ല. മാത്രമല്ല, കാലാവധി പൂർത്തിയാകും മുമ്പെ അവരെ പാർലമെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നിട്ടും കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിലെ ഈ അംഗം ഇന്ന് ഇന്ത്യക്കാർക്ക് സുപചരിതയാണ്. വിദേശ മാധ്യമങ്ങൾ മഹുവയുടെ വാക്കുകൾക്കായി കാതോർത്തുനിൽക്കാറുണ്ട്. 

പാർലമെന്റ് നടപടികളിലെ കുറഞ്ഞ ഇടപെടലുകൾ മാത്രമുണ്ടായിട്ടും എന്തുകൊണ്ടാണ് മഹുവ മൊയ്ത്ര ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കുന്ന വ്യക്തിയും ഇന്ത്യക്കാർക്ക് സുപരിചിതയുമായിത്തീർന്നതെന്നറിയണമെങ്കിൽ പാർലമെന്റിൽ അവർ ഉന്നയിച്ച 62 ചോദ്യങ്ങളും ചർച്ചയിലെ പങ്കാളിത്തവും വിശകലന വിധേയമാക്കിയാൽ മതി.

പാർലമെന്റ് നടപടികളിലെ കുറഞ്ഞ ഇടപെടലുകൾ മാത്രമുണ്ടായിട്ടും എന്തുകൊണ്ടാണ് മഹുവ മൊയ്ത്ര ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കുന്ന വ്യക്തിയും ഇന്ത്യക്കാർക്ക് സുപരിചിതയുമായിത്തീർന്നതെന്നറിയണമെങ്കിൽ പാർലമെന്റിൽ അവർ ഉന്നയിച്ച 62 ചോദ്യങ്ങളും ചർച്ചയിലെ പങ്കാളിത്തവും വിശകലന വിധേയമാക്കിയാൽ മതി. മഹുവ പാർലമെന്റിൽ ഉയർത്തിയ ചോദ്യങ്ങളിൽ മൂന്നിലൊന്നും ദേശീയ പ്രാധാന്യമുള്ളതും മോദി ഭരണത്തിന്റെ തനിനിറം തുറന്നുകാട്ടുന്നതുമായിരുന്നു.
ഫിനാൻഷ്യൽ ബില്ലുകൾ, പേർസണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ, ടാക്‌സേഷൻ ലോ, പൊതുമേഖലാ പെട്രോളിയം കമ്പനികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ആധാർ, യു എ പി എ തുടങ്ങി നിരവധി വിഷയങ്ങളിലെ ഇടപെടലുകൾ ഗവൺമെന്റിന് തലവേദന സൃഷ്ടിക്കുന്നവയായിരുന്നു. ഈ ചോദ്യങ്ങളെയും ചർച്ചകളിലെ ഇടപെടലുകളെയുമെല്ലാമുപരിയായി മോദി- അദാനി ബന്ധങ്ങളെ പാർലമെന്റിനകത്തും പുറത്തും ശക്തമായി മറനീക്കി പുറത്തുകാണിച്ചുവെന്നതാണ് മഹുവ മൊയ്ത്രയുടെ അംഗത്വം തന്നെ നഷ്ടപ്പെടുത്തുന്നതിലേക്ക് നയിച്ചത്.

അതായത് ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട് ആറ് മാസത്തിനുള്ളിൽത്തന്നെ, ധാംമ്ര തുറമുഖവുമായി ബന്ധപ്പെട്ട ഇടപാടുകളിലെ കള്ളത്തരങ്ങൾ സെൻട്രൽ ഇന്റലിജൻസ് കമീഷൻ മുമ്പാകെ മഹുവ എത്തിക്കുകയുണ്ടായി.

ലണ്ടനിലെ ജെ പി മോർഗൺ ചേയ്‌സിന്റെ വൈസ് പ്രസിഡണ്ട് പദവിയിൽ നിന്ന് രാജിവെച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ മഹുവ മൊയ്ത്രയ്ക്ക് ഒരു ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ എന്ന നിലയിൽ സാമ്പത്തിക ഇടപാടുകളിലെ സങ്കീർണ്ണതകൾ മനസ്സിലാക്കുന്നതിൽ വലിയ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. മോദി ഭരണകാലം ഗൗതം അദാനിക്ക് രാജ്യത്തിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കാനുള്ള സുവർണ കാലമായി മാറുകയാണെന്ന ബോധ്യം അവർ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു. ഒഡീഷയിലെ ധാംമ്ര തുറമുഖം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് അദാനി കൈക്കലായതിനെ എല്ലാ രേഖകളുടെയും പിൻബലത്തോടെ പാർലമെന്റിൽ ചോദ്യം ചെയ്ത അന്നു തൊട്ട് മഹുവ നരേന്ദ്ര മോദിയുടെയും അദാനി സാമ്രാജ്യത്തിന്റെയും കണ്ണിലെ കരടായി മാറിക്കഴിഞ്ഞിരുന്നു.

ഒഡീഷയിലെ ധാംമ്ര തുറമുഖം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് അദാനി കൈക്കലായതിനെ എല്ലാ രേഖകളുടെയും പിൻബലത്തോടെ പാർലമെന്റിൽ ചോദ്യം ചെയ്ത അന്നു തൊട്ട് മഹുവ നരേന്ദ്ര മോദിയുടെയും അദാനി സാമ്രാജ്യത്തിന്റെയും കണ്ണിലെ കരടായി മാറിക്കഴിഞ്ഞിരുന്നു.

2019 നവംബർ 19ന്, അതായത് ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട് ആറ് മാസത്തിനുള്ളിൽത്തന്നെ, ധാംമ്ര തുറമുഖവുമായി ബന്ധപ്പെട്ട ഇടപാടുകളിലെ കള്ളത്തരങ്ങൾ സെൻട്രൽ ഇന്റലിജൻസ് കമീഷൻ മുമ്പാകെ മഹുവ എത്തിക്കുകയുണ്ടായി. 2019 ഡിസംബർ 11ന് പാർലമെന്റിന്റെ സീറോ അവറിൽ ഈ വിഷയം മഹുവ ഉന്നയിക്കുകയും ചെയ്തു. ധാംമ്ര തുറമുഖത്തോട് ചേർന്നുള്ള എൽ എൻ ജി ടെർമിനൽ ഉപയോഗിക്കാൻ അദാനി ഗ്രൂപ്പുമായി 46,500 കോടി രൂപയ്ക്ക് ഐ ഒ സിയും ഗെയ്‌ലും ചേർന്നുണ്ടാക്കിയ അഴിമതി തുറന്നു കാട്ടിക്കൊണ്ടായിരുന്നു പാർലമെന്റിലെ മഹുവയുടെ പ്രകടനം. ഈ കരാറിലൂടെ രാജ്യത്തിന്റെ പൊതുഖജനാവിൽ നിന്ന് 40,000 കോടി രൂപ ഗൗതം അദാനിയുടെ അക്കൗണ്ടിലേക്ക് മാറിമറിയുന്നത് യുക്തിയുക്തം മഹുവ വിശദീകരിച്ചു.

പാർലമെന്റിലെ കന്നി പ്രസംഗത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫാഷിസത്തിന്റെ കടന്നുവരവിനെ സംബന്ധിച്ച് മഹുവ മൊയ്ത്ര നൽകിയ സൂചനകൾ ബി ജെ പിയെ സംബന്ധിച്ച് മുഖമടച്ച് കിട്ടിയ പ്രഹരമായിരുന്നു.

മോദി- അദാനി ബന്ധം തുറന്നുകാട്ടുന്നതിൽ പാർലമെന്റിനകത്ത് മാത്രമായി മഹുവ ഒതുങ്ങിനിന്നില്ല. ദേശീയ മാധ്യമങ്ങളിലൂടെ മഹുവ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടിരുന്നു. ഗൗതം അദാനി നടത്തിക്കൊണ്ടിരിക്കുന്ന ഓഹരി ക്രമക്കേടുകൾ സംബന്ധിച്ച ഹിൻഡൻബെർഗ് റിപ്പോർട്ട്, ആഗോളതലത്തിലെ പത്രപ്രവർത്തകർ ഉൾക്കൊള്ളുന്ന ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രൊജക്ട് തയ്യാറാക്കിയ റിപ്പോർട്ട്, ഫൈനാൻഷ്യൽ ടൈംസ് തയ്യാറാക്കിയ റിപ്പോർട്ടുകൾ എന്നിവ പുറത്തുവന്നതോടെ മഹുവ മൊയ്ത്ര അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയയായിക്കഴിഞ്ഞിരുന്നു.

ഇന്ത്യൻ രാഷ്ട്രീയ - വ്യവസായ മണ്ഡലങ്ങൾക്ക് അപരിചിതമായ ഒളിഗാർക്കിയുടെ ഉദയത്തെ സംബന്ധിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നുവെന്നതു മാത്രമായിരുന്നില്ല മഹുവയുടെ പ്രത്യേകത. പാർലമെന്റിലെ കന്നി പ്രസംഗത്തിൽ (2019 ജൂൺ 21) ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫാഷിസത്തിന്റെ കടന്നുവരവിനെ സംബന്ധിച്ച് അവർ നൽകിയ സൂചനകൾ ഭരണകക്ഷിയായ ബി ജെ പിയെ സംബന്ധിച്ച് മുഖമടച്ച് കിട്ടിയ പ്രഹരമായിരുന്നു. 'ഫാഷിസത്തിന്റെ പൂർവ്വ സൂചനകൾ' (Early signs of Fascism) എന്ന് വിശേഷിപ്പിച്ച് ദേശീയത, ദേശസുരക്ഷ എന്നിവയെ മതവുമായി കൂട്ടിക്കലർത്തി വിഭജന രാഷ്ട്രീയം കളിക്കുന്ന ഭരണകൂടത്തെ നരേന്ദ്ര മോദിയും അമിത് ഷായും ഇരിക്കുന്ന അതേ സെഷനിൽ വെച്ച് മഹുവ മൊയ്ത്ര ചോദ്യം ചെയ്തു. മഹുവയുടെ ഈ കന്നിപ്രസംഗം അന്തർദ്ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടി.

മോദി- അദാനി ബന്ധത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ പാർലമെന്റ് അംഗമെന്ന പ്രിവിലേജ് ഉപയോഗപ്പെടുത്തി ചികഞ്ഞെടുക്കാൻ തുടങ്ങിയതോടെ മഹുവ, മോദാനിമാരുടെ നോട്ടപ്പുള്ളിയായിക്കഴിഞ്ഞിരുന്നു. ഏതുവിധേനയും അവരെ ലോക്‌സഭയിൽനിന്ന് പുറത്താക്കുക എന്നതായി ബി ജെ പിയുടെ പിന്നീടുള്ള തന്ത്രം. മഹുവ മൊയ്ത്ര ഉയർത്തുന്ന ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട് അവരെ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നു ബി ജെ പി ആദ്യം ചെയ്തത്. മഹുവയുടെ പാർലമെന്റ് ചോദ്യങ്ങൾക്കു പിന്നിൽ രാജ്യത്തെ ഒരു പ്രധാന വ്യവസായ ഗ്രൂപ്പ് ആണെന്നും പണം പറ്റിയാണ് മഹുവ ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നുമായിരുന്നു അവരുടെ ആരോപണം. 'cash for querry'  ആരോപണത്തെ ബലപ്പെടുത്താൻ പാർലമെന്റ് അംഗങ്ങൾക്കായി നൽകിയ  ലോഗിൻ പാസ് വേഡ് മറ്റൊരു വ്യക്തിക്ക് കൈമാറിയെന്ന ആരോപണവും മഹുവയ്‌ക്കെതിരായി ഉന്നയിക്കപ്പെട്ടു. ബി ജെ പി അംഗങ്ങൾക്ക് മേൽക്കൈയുള്ള പാർലമെന്റിന്റെ എത്തിക്‌സ് കമ്മറ്റിയെ വിഷയത്തിൽ ഇടപെടുവിക്കുകയും അവരുടെ അംഗത്വം റദ്ദു ചെയ്തുകൊണ്ടുള്ള തീരുമാനം അനാവശ്യ ധൃതിയോടെ സ്വീകരിക്കുകയും ചെയ്തു.

ബി ജെ പി ഉന്നയിച്ച ‘കാഷ് ഫോർ ക്വൊറി’ ആരോപണം തികച്ചും വ്യാജമാണെന്ന് അതേക്കുറിച്ച് അന്വേഷിക്കുന്ന സി ബി ഐ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. പണം നൽകിയെന്ന് പറയുന്ന വ്യക്തിയെ ചോദ്യം ചെയ്തതിൽ നിന്ന് യാതൊരു തെളിവും ലഭ്യമാക്കാൻ സാധിച്ചിട്ടില്ലെന്നായിരുന്നു ചോർന്നുകിട്ടിയ സി ബി ഐ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

കൃഷ്ണനഗർ മണ്ഡലത്തിൽ മഹുവയ്ക്കെതിരെ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി അമൃതാ റായി.

ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട മഹുവ മൊയ്ത്ര തന്റെ മണ്ഡലമായ കൃഷ്ണനഗറിൽ നിന്ന് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. പുറത്താക്കപ്പെട്ട അന്നു മുതൽ അവർ മണ്ഡലത്തിലെ ജനങ്ങളുമായി സംവദിച്ചു വരികയാണ്. മഹുവയ്‌ക്കെതിരായി ബി ജെ പി സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്, ഈയിടെ മാത്രം ബി ജെ പിയിലേക്ക് ചേക്കേറിയ, കൃഷ്ണനഗർ രാജകുടുംബാംഗമായ അമൃതാ റോയിയെ ആണ്. ദീർഘകാലം സി പി എം നിയന്ത്രണത്തിലുണ്ടായിരുന്ന കൃഷ്ണനഗർ മണ്ഡലം 2000-ത്തിനുശേഷം പലരുടേതുമായി മാറിയിരുന്നു. ബി ജെ പി, സി പി എം എന്നിവരിൽ നിന്ന് 2009 മുതൽ തൃണമൂൽ കോൺഗ്രസ് മണ്ഡലം ഏറ്റെടുത്തു. 2019-ൽ 6,14,872 വോട്ടിനാണ് മഹുവാ മൊയ്ത്ര ജയിച്ചത്. തൊട്ടടുത്ത ബി ജെ പി സ്ഥാനാർത്ഥിയെ 63,000 ത്തിലധികം വോട്ടിനാണ് അവർ പരാജയപ്പെടുത്തിയത്.

മഹുവയെ പരാജയപ്പെടുത്തുക എന്നത് ബി ജെ പിയുടെ മാത്രം ആവശ്യമല്ലെന്നത് വസ്തുതയാണ്. ലോകത്തിലെ തന്നെ അതിസമ്പന്നന്മാരിൽ ഒരാളായ ഗൗതം അദാനിക്കെതിരെ ഇത്രയും ശക്തമായി വാദിക്കുന്ന രാഷ്ട്രീയ നേതാവ് വിരളമാണ്. അതുകൊണ്ടുതന്നെ മഹുവയെ വീണ്ടും പാർലമെന്റിൽ എത്തിക്കാതിരിക്കുക എന്നത് അദാനി സാമ്രാജ്യത്തിന്റെ കൂടി ആവശ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. തന്റെ എല്ലാ പണവും സ്വാധീനവും അദാനി അതിനുവേണ്ടി ഉപയോഗപ്പെടുത്തും എന്നത് തർക്കമില്ലാത്ത സംഗതിയാണ്. മോദി ഭരണത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്ന പ്ലൂട്ടോക്രസിയെ (ധനാധിപത്യം) അതിജീവിക്കാൻ ബംഗാളിലെ അതിദരിദ്ര ജനാധിപത്യത്തിന് സാധിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments