മഹുവ മതി കൃഷ്ണനഗറിന്

കഴിഞ്ഞ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും മുൾമുനയിൽ നിർത്തിപ്പൊരിച്ച മഹുവ മൊയ്ത്ര വീണ്ടും പാർലമെന്റിലേക്ക്.

Election Desk

ബംഗാളിൽ മറ്റാരു ജയിച്ചാലും തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര ജയിക്കരുതെന്ന വാശിയിലായിരുന്നു ബി ജെ പി. അത് കൃഷ്ണനഗറിലെ ജനങ്ങൾ തകർത്തിവിട്ടു. കഴിഞ്ഞ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും മുൾമുനയിൽ നിർത്തിയ മഹുവ മൊയ്ത്ര വീണ്ടും പാർലമെന്റിലേക്ക്. ബി.ജെ.പി സ്ഥാനാർഥി കൃഷ്ണനഗർ കൊട്ടാരത്തിലെ 'രാജമാത' അമൃത റോയിയെ അമ്പതിനായിരത്തിൽപരം വോട്ടുകൾക്ക് പിന്നിലാക്കിയാണ് മഹുവ വിജയസാധ്യത ഉറപ്പിക്കുന്നത്.

‘ഇന്ത്യ’ സഖ്യ സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ എം എൽ എ കൂടിയായിരുന്ന സി പി എമ്മിന്റെ എസ്. എം. സാധി മൂന്നാം സ്ഥാനെത്തി. 1971 മുതൽ ഇടതിന്റെ ഉറച്ചകോട്ടയായിരുന്ന കൃഷ്ണനഗറിൽ 1999-ലാണ് ആദ്യമായി ബി ജെ പി ജയിക്കുന്നത്. പിന്നീട്, ഇടതുപക്ഷത്തെ മണ്ഡലം പൂർണമായി കൈവിട്ടു. 2019-ൽ 1,20,222 വോട്ടുകളായിരുന്നു ആകെ സമ്പാദ്യം.

ബി ജെ പിയുടെയും നരേന്ദ്ര മോദിയുടെയും കോർപറേറ്റ് ബാന്ധവം തുറന്നുകാട്ടി നിർഭയം ആക്രമിക്കുന്ന മഹുവയെ തോൽപ്പിക്കാൻ കാടടച്ച പ്രചാരണമായിരുന്നു ബി.ജെ.പി നടത്തിയിരുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും കൃഷ്ണനഗറിലെത്തിയാണ് മഹുവയ്‌ക്കെതിരായ കാമ്പയിന് നേതൃത്വം നൽകിയത്.

പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം മഹുവയുടെ വീട്ടിലും ഓഫീസിലും തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുവരെ സി ബി ഐ റെയ്ഡ് നടത്തിയും നിരന്തരം മൊഹുവയെ കടന്നാക്രമിച്ചുകൊണ്ടിരുന്നു ബി ജെ പി. എന്നാൽ, ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട അന്നു മുതൽ അവർ മണ്ഡലത്തിലെ ജനങ്ങളുമായി നേരിട്ടു സംവദിച്ചുകൊണ്ടിരുന്നു.

ദീർഘകാലം സി പി എം സ്വാധീനത്തിലായിരുന്ന കൃഷ്ണനഗറിലേക്ക് 2000-ത്തിനുശേഷമാണ് മറ്റു പാർട്ടികൾ കടന്നുവന്നത്. 2009 മുതൽ തൃണമൂൽ കോൺഗ്രസാണ് ജയിക്കുന്നത്. 2019-ൽ 6,14,872 വോട്ട് നേടിയാണ് മഹുവാ മൊയ്ത്ര ജയിച്ചത്. 63,218 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ കല്യാൺ ചൗബെക്കെതിരായ ജയം.

മോദി- അദാനി ബന്ധത്തെക്കുറിച്ച് പാർലമെന്റിനകത്തും പുറത്തും നിരന്തരം ചോദ്യങ്ങൾ ഉയർത്തിയ എം.പിയാണ് മഹുവ മൊയ്ത്ര. തുറമുഖങ്ങൾ, കൽക്കരി ഖനികൾ, വൈദ്യുതി വിതരണ കരാറുകൾ തുടങ്ങി നിരവധി മേഖലകളിൽ വഴിവിട്ട രീതിയിൽ അദാനി നേടിയെടുത്ത സൗജന്യങ്ങൾ തെളിവുകൾ സഹിതം മഹുവ മൊയ്ത്ര ചോദ്യങ്ങളായി ഉന്നയിച്ചു. അദാനി കമ്പനികളിൽ ഫോറിൻ പോർട്ട് ഫോളിയോ ഇൻവെസ്റ്റ് പങ്കാളികളായ, 20,000 കോടി രൂപയുടെ നിഗൂഢ നിക്ഷേപം നടത്തിയ, ചൈനീസ് പൗരനുമായുള്ള അദാനി ബന്ധങ്ങൾ അടക്കം മഹുവയുടെ നിശിതമായ ചോദ്യങ്ങൾക്ക് വിധേയമായിട്ടുണ്ട്. 4.5 മില്യൺ ടൺ പാചകവാതക സംഭരണശേഷി മാത്രമുള്ള ഒഡീഷയിലെ ധാംമ്ര തുറമുഖ ടെർമിനൽ ഉപയോഗത്തിനായി 46,000 കോടിയുടെ കരാർ 2042 വരെയുള്ള കാലാവധിക്ക്, യാതൊരുവിധ ടെണ്ടർ നടപടികളും കൂടാതെ, അദാനിയുമായി ഒപ്പുവെച്ചത് തൊട്ട് നിരവധി വിഷയങ്ങൾ മഹുവ മൊയ്ത്ര പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. അത് തന്നെയായിരുന്നു മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെടുന്നതിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ.

ലണ്ടനിലെ ജെ പി മോർഗൻ ചേസിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചാണ് 2009- ൽ മഹുവ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ യുവജന വിഭാഗമായ ഇന്ത്യൻ യൂത്ത് കോൺഗ്രസിൽ ചേർന്നു, അവിടെ 'ആം അഡ്മി കാ സിപാഹി' എന്ന പദ്ധതിയിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു. 2010- ൽ അവർ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിലെത്തി. 2016- ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാദിയ ജില്ലയിലെ കരിംപൂർ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2019- ലാണ് ആദ്യമായി കൃഷ്ണനഗറിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചത്.

മണ്ഡലത്തിൽ സ്വാധീനമുള്ള രാജകുടുംബത്തിലെ അംഗത്തെയിറക്കിയാൽ മഹുവയെ തോൽപ്പിക്കാം എന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. 18ാം നൂറ്റാണ്ടിൽ നാദിയ മേഖല ഭരിച്ചിരുന്ന രാജാ കൃഷ്ണചന്ദ്ര റോയുടെ പേരിലുള്ളതാണ് കൃഷ്ണനഗർ മണ്ഡലം. രാജകുടുംബത്തിലെ മുതിർന്ന അംഗമാണ് അമൃത റോയ്. തെരഞ്ഞെടുപ്പിനുതൊട്ടുമുമ്പ്, മാർച്ചിലാണ് അമൃത റോയിയും കുടുംബവും ബി.ജെ.പിയിൽ അംഗങ്ങളായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തൃണമൂൽ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയാണ് അമൃതയെ സ്ഥാനാർഥിയാക്കുന്നതിന് ചരടുവലി നടത്തിയത്. സുവേന്ദു അധികാരിയുടെ കാലുമാറ്റം മേഖലയിൽ തൃണമൂലിന് വൻതിരിച്ചടിയാകുമെന്ന ആശങ്കയുണ്ടായിരുന്നു.

മുൻ എം.എൽ.എ എസ്.എം. സാദിയായിരുന്നു സി.പി.എം സ്ഥാനാർഥി.

Comments