ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ യെച്ചൂരി കാലം

സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി മരിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു. പ്രത്യയശാസ്ത്രപരമായും പ്രായോഗികതലത്തിലും അദ്ദേഹം നടത്തിയ ഇടപെടലുകളെ ഓർക്കുന്നു, കെ.ടി. കുഞ്ഞിക്കണ്ണൻ.

മാർക്സിസ്റ്റ് സൈദ്ധാന്തികനും ദേശീയ നേതാക്കളിൽ പ്രമുഖനുമായിരുന്ന സീതാറം യെച്ചൂരി ഈ ലോകത്തോട് വിട പറഞ്ഞിട്ട് സെപ്തംബർ 12–ന് ഒരു വർഷമാവുകയാണ്. അതിവിപുലമായ വായനയിലൂടെ ലോക ചരിത്രവും ഇന്ത്യ ചരിത്രവും മനുഷ്യരാശിയുടെ സാമൂഹ്യവികാസത്തിന്റെ ചരിത്രവഴികളെയുമെല്ലാം സംബന്ധിച്ച ആഴമേറിയ ധാരണകൾ സീതാറാം യെച്ചൂരിക്കുണ്ടായിരുന്നു. എല്ലാ വിജ്ഞാനശാഖകളും കുടികൊള്ളുന്ന ചരിത്രത്തിന്റെ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിച്ച ധിഷണാശാലിയായ ഇന്ത്യൻ കമ്യൂണിസ്റ്റായിരുന്നു യെച്ചൂരിയെന്ന് പറയാം. വർത്തമാനകാലത്തെ നിർണയിക്കുന്ന വർഗശക്തികളെയും സാമൂഹ്യ- സാമ്പത്തിക ബന്ധങ്ങളെയുമെല്ലാം സംബന്ധിച്ച ജ്ഞാനമായിരുന്നു യെച്ചൂരിയുടെ സാമൂഹ്യ രാഷ്ട്രീയ വിശകലനങ്ങൾക്ക് ആധാരമായിരുന്നത്.

ആഗോളക്രമത്തിന്റെ ചലനങ്ങളെയും അന്താരാഷ്ട്രബന്ധങ്ങളെയും സംബന്ധിച്ച അതിനിശിതമായ വിശകലനപാടവം യെച്ചൂരിയുടെ ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും കാണാം. മാർക്സിസം– ലെനിനിസത്തിന്റെ വീക്ഷണവ്യക്തതയിൽ നിന്ന് സമകാലിക സംഭവങ്ങളെയും രാഷ്ട്രീയപ്രശ്നങ്ങളെയും പരിശോധിക്കുന്നതിൽ യെച്ചൂരിക്ക് അനിതരസാധാരണമായ സിദ്ധിയുണ്ടായിരുന്നു. സാമൂഹ്യവികാസ പരിണാമങ്ങളെ സംബന്ധിച്ച പ്രത്യയശാസ്​ത്ര വിശകലനങ്ങളെ പാർട്ടിയുടെ കാഴ്ചപ്പാടുകളാക്കി മാറ്റുന്നതിൽ അദ്ദേഹമെന്നും ശ്രദ്ധിച്ചിരുന്നു. വളരെ സങ്കീർണ പ്രത്യയശാസ്​ത്രപ്രശ്ങ്ങൾ പോലും ലളിതമായി വിശദീകരിച്ച് അവതരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തുന്ന ഫാഷിസ്റ്റ് ഭീഷണികളെ സംബന്ധിച്ച ആഴമേറിയ പഠനങ്ങൾക്ക് നേതൃത്വം നൽകിയത് യെച്ചൂരിയായിരുന്നു. ഒരുപക്ഷെ ഗോൾവാൾക്കറുടെ ‘നാം അഥവാ നമ്മുടെ ദേശീയ നിർവ്വചിക്കപ്പെടുന്നു’ എന്ന കൃതി മുന്നോട്ടുവെക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയപദ്ധതി തുറന്നുകാട്ടിയതും രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതും യെച്ചൂരിയായിരുന്നു. ഇന്ത്യൻ ഫാഷിസ്റ്റുകൾക്ക് നാസി ചിന്തകളുമായുള്ള ബന്ധത്തെ അദ്ദേഹം സൂക്ഷ്മതലത്തിൽതന്നെ പരിശോധിച്ച് വിശദീകരിച്ചിരുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങളെയാകെ ഉൾക്കൊള്ളുന്നവിധം വിവിധ ഭാഷകളെ മനസ്സിലാക്കുന്നതിൽ യെച്ചൂരി കാണിച്ച വൈഭവം എടുത്തുപറയേണ്ടതാണ്. തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, ഉറുദ്, തമിഴ് ഭാഷകൾ മികവോടെ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. മലയാളം അദ്ദേഹത്തിന് മനസ്സിലാകുമായിരുന്നു.

 മാർക്സിസം– ലെനിനിസത്തിന്റെ വീക്ഷണവ്യക്തതയിൽ നിന്ന് സമകാലിക സംഭവങ്ങളെയും രാഷ്ട്രീയപ്രശ്നങ്ങളെയും പരിശോധിക്കുന്നതിൽ യെച്ചൂരിക്ക് അനിതരസാധാരണമായ സിദ്ധിയുണ്ടായിരുന്നു.
മാർക്സിസം– ലെനിനിസത്തിന്റെ വീക്ഷണവ്യക്തതയിൽ നിന്ന് സമകാലിക സംഭവങ്ങളെയും രാഷ്ട്രീയപ്രശ്നങ്ങളെയും പരിശോധിക്കുന്നതിൽ യെച്ചൂരിക്ക് അനിതരസാധാരണമായ സിദ്ധിയുണ്ടായിരുന്നു.

ഇന്ത്യയിലെ സംസ്​കാരവൈവിധ്യങ്ങളെ ഉൾക്കൊണ്ട ജനാധിപത്യദേശീയതയുടെ പ്രതീകമെന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഇന്ത്യൻ മിത്തുകളെ വിശകലനം ചെയ്യുന്നതിൽ അപാരമായ ധൈഷണികശേഷി യെച്ചൂരി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയെന്ന ആശയത്തെ ഹൃദയത്തോടുചേർത്ത് അതിനെതിരായി ഉയർന്നുവരുന്ന നിയോ ഫാഷിസ്റ്റ് വെല്ലുവിളികളെ സുധീരം നേരിട്ട ധിഷണാശാലിയായ നേതാവായിരുന്നു അദ്ദേഹം. സംസ്​കാരവൈവിധ്യങ്ങളെ വിശകലനം ചെയ്ത് അദ്ദേഹം നടത്തിയ പ്രസംഗങ്ങളും എഴുത്തും ഇന്ത്യയെന്ന ആശയത്തിന്റെ ചരിത്രപരമായ വിശദീകരണം കൂടിയാണ്. ഇന്ത്യയുടെ വൈവിധ്യങ്ങളെ ഇന്ത്യൻ ദേശീയതയുടെ വർണഭംഗിയായി കൊണ്ടാടാനാണ് അദ്ദേഹം ശ്രമിച്ചത്. ഭിന്നതകളെ സംസ്​കാരസംഘർഷങ്ങളുടെ പ്രത്യയശാസ്​ത്രമാക്കിമാറ്റി സമൂഹത്തിൽ വിഭജനവും വെറുപ്പും സൃഷ്ടിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തെ എല്ലാതലങ്ങളിലും പ്രതിരോധിക്കുന്ന ധൈഷണിക ഇടപെടലുകളാണ് യെച്ചൂരി നടത്തിയിട്ടുള്ളത്.

ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമായത് ഭരണഘടനയുടെ 370–ാം വകുപ്പിന്റെ അടിസ്​ഥാനത്തിലാണ്. ആ ഒരു ഭരണഘടനാ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് കാശ്മീർ പ്രശ്നത്തെ യെച്ചൂരി വിശലകനം ചെയ്തത്. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370–ാം വകുപ്പ് റദ്ദു ചെയ്തതിനുശേഷം യൂസഫ് തരിഗാമിയെ ഉൾപ്പെടെയുള്ള കാശ്മീരി നേതാക്കളെ വീട്ടുതടങ്കലിലാക്കിയ ഘട്ടത്തിൽ തരിഗാമിയെ കാണാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ചരിത്രത്തിന്റെ ഭാഗമാണ്. സുപ്രീംകോടതിയിൽ നിന്ന് വിധി നേടിയാണ് അദ്ദേഹം തരിഗാമിയെ സന്ദർശിക്കുന്നതും ആരോഗ്യാവസ്​ഥ മോശമായ തരിഗാമിയെ ആശുപത്രിയിൽ അയക്കുന്നതുമെല്ലാം. രാജ്യസഭയിൽ അദ്ദേഹം നടത്തിയ വിടവാങ്ങൽ പ്രസംഗത്തിന്റെ സത്ത തന്നെ ഇന്ത്യയെന്ന ആശയത്തിന്റെ, നാനാത്വത്തിൽ ഏകത്വം ദർശിക്കുന്ന അതിന്റെ ചരിത്രപരമായ അസ്തിത്വം വിളിച്ചുപറയുന്നതായിരുന്നു:

‘‘ഞാൻ ജനിച്ചത് ചെന്നൈയിലെ ജനറൽ ആശുപത്രിയിൽ തെലുങ്ക് സംസാരിക്കുന്ന ബ്രാഹ്മണ ദമ്പതികളുടെ പുത്രനായാണ്. എന്റെ അപ്പൂപ്പൻ ജഡ്ജിയായി നിയമിതനായതിനാൽ ചെന്നൈയിൽ സ്​ഥിരതാമസമാക്കി. അച്ഛനും, അമ്മയും അവിടെ എത്തി. 1952-ൽ ജനനം, 1956–ൽ ഹൈദരാബാദിലേക്ക് താമസം മാറ്റി. സ്​കൂൾ വിദ്യാഭ്യാസം ഇസ്ലാമിക സംസ്​കാരമുള്ള ഹൈദരാബാദിൽ. കോളേജ് വിദ്യാഭ്യാസം ഡൽഹിയിൽ. വിവാഹം കഴിച്ച സ്​ത്രീയുടെ അച്ഛൻ മുസ്ലീം വിഭാഗത്തിൽപ്പെടുന്ന സൂഫിയും, അമ്മ മൈസൂർ രാജ്പുട്ട് വിഭാഗത്തിലും പെട്ടവർ. ദക്ഷിണേന്ത്യൻ ബ്രാഹ്മണനായി ജനിച്ച എന്റെയും, ഭാര്യയുടെയും മകനെ ഏത് മതവിഭാഗത്തിൽപ്പെടുത്തും, എന്താണയാൾ? ബ്രാഹ്മണനോ, മുസ്ലീമോ, ഹിന്ദുവോ?. ഇതൊന്നുമല്ല അവൻ. അവനെ വിശേഷിപ്പിക്കുവാന ഒരു പദമേ ഉള്ളൂ, ഇന്ത്യൻ’’.

കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370–ാം വകുപ്പ് റദ്ദു ചെയ്തതിനുശേഷം യൂസഫ് തരിഗാമിയെ ഉൾപ്പെടെയുള്ള കാശ്മീരി നേതാക്കളെ വീട്ടുതടങ്കലിലാക്കിയ ഘട്ടത്തിൽ തരിഗാമിയെ കാണാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ചരിത്രത്തിന്റെ ഭാഗമാണ്.
കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370–ാം വകുപ്പ് റദ്ദു ചെയ്തതിനുശേഷം യൂസഫ് തരിഗാമിയെ ഉൾപ്പെടെയുള്ള കാശ്മീരി നേതാക്കളെ വീട്ടുതടങ്കലിലാക്കിയ ഘട്ടത്തിൽ തരിഗാമിയെ കാണാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ചരിത്രത്തിന്റെ ഭാഗമാണ്.

സോവിയറ്റ് യൂണിയന്റെ തിരോധാനവും സോഷ്യലിസ്റ്റ് പ്രത്യയശാസ്​ത്രവും കമ്യൂണിസ്റ്റ് പാർട്ടികളും നേരിട്ട അതീവ ഗുരുതരമായ പ്രതിസന്ധികളെയും ആഴത്തിൽ വിശകലനം ചെയ്യുകയും പ്രത്യയശാസ്​ത്രപരമായ പ്രതിരോധങ്ങൾ രൂപപ്പെടുത്തുകയും ചെയ്ത ഇന്ത്യൻ കമ്യൂണിസ്റ്റായിരുന്നു സീതാറാം യെച്ചൂരി. സി.പി.ഐ- എമ്മിന്റെ പ്രത്യയശാസ്​ത്ര ഇടപെടലുകളിൽ നിർണായക പങ്ക് സഖാവ് സീതാറാം വഹിച്ചിരുന്നു. ആഗോളവൽക്കരണത്തിന് ബദലുകളില്ലെന്നും ചരിത്രം മുതലാളിത്തത്തിന്റെ കമ്പോളവ്യവസ്​ഥയോടെ അവസാനിച്ചുവെന്നുമുള്ള പ്രചണ്ഡമായ സാമ്രാജ്യത്വ പ്രചാരവേലകളെ പ്രതിരോധിക്കുന്നതിനാവശ്യമായ പ്രത്യയശാസ്​ത്രരംഗത്തെ ഇടപെടലുകളിൽ എന്നും സീതാറാം യെച്ചൂരി ബദ്ധശ്രദ്ധനായിരുന്നു.

കമ്യൂണിസ്റ്റ് പാർട്ടിയുടെ ശാസ്​ത്രീയവും വിപ്ലവകരവുമായ സത്തയെ നിർണയിക്കുന്നത് പ്രധാനമായും മൂന്ന് മണ്ഡലങ്ങളിൽ അത് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന വർഗസമരമാണ്. സ്വകാര്യസ്വത്തുടമസ്​ഥതയുടെ അങ്ങേയറ്റം വ്യക്തിഗതവും ചൂഷണാധിഷ്ഠിതവുമായ ആശയാധികാരവ്യവസ്​ഥയെ പ്രതിരോധിക്കുകയെന്നതാണ് ചൂഷിതരുടെയും മർദ്ദിതരുടെയും വിമോചനത്തിനുള്ള കമ്യൂണിസ്റ്റ് ഇടപെടലുകളുടെ മുന്നുപാധി തന്നെ. അതായത് പ്രത്യയശാസ്​ത്രരംഗത്തെ വർഗസമരത്തിലൂടെയേ ചൂഷകർക്കും അവരുടെ മർദ്ദകവ്യവസ്​ഥയ്ക്കുമെതിരായ ചൂഷിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ആശയാധീശത്വത്തെ മുന്നോട്ടുകൊണ്ടുവരാൻ കഴിയൂ. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ വർഗസമരത്തിന്റെ പ്രഥമ മണ്ഡലം ആശയരംഗമാവുന്നത്. അതേപോലെ രാഷ്ട്രീയരംഗത്തും സാമ്പത്തികരംഗത്തും വർഗസമരം വികസിപ്പിച്ചുകൊണ്ടാണ് ചൂഷിതരും മർദ്ദിതരുമായ പണിയെടുക്കുന്നവരെ ഒരു വിമോചനശക്തിയായി വളർത്തിയെടുക്കുന്നത്.

സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാജ്യങ്ങളും തകർന്നടിഞ്ഞതും ശിഥിലമാക്കപ്പെട്ടതും ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകാരിൽ വലിയ ആശങ്കയും നിരാശയും പടർത്തിയിരുന്നു. മനുഷ്യരാശിയുടെ ചരിത്രം മുതലാളിത്തത്തോടെ അവസാനിച്ചുവെന്നും മനുഷ്യർക്കാവശ്യമുള്ളതെല്ലാം നൽകാൻ ശാസ്​ത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ മുതലാളിത്തത്തിന് കഴിയുമെന്ന വാദമാണ് നിയോ ലിബറൽ വിപണിവാദികൾ നടത്തിക്കൊണ്ടിരുന്നത്.

ഈയൊരു പ്രതികൂല സാഹചര്യത്തിലാണ് സി.പി.ഐ-എം 14–ാം പാർട്ടി കോൺഗ്രസ്​ 1992–ൽ മദിരാശിയിൽ നടക്കുന്നത്. സോവിയറ്റ് യൂണിയന്റെ തിരിച്ചടികളെയും അതിലേക്ക് നയിച്ച സങ്കീർണമായ സാഹചര്യത്തെയും അത് ചെലുത്തുന്ന നാനാവിധമായ സ്വാധീനങ്ങളെയും അപഗ്രഥനവിധേയമാക്കുന്ന ‘ചില പ്രത്യയശാസ്​ത്ര പ്രശ്നങ്ങളെപ്പറ്റി’ എന്ന രേഖ ആ പാർട്ടി കോൺഗ്രസിൽ സഖാവ് സീതാറാം യെച്ചൂരിയാണ് അവതരിപ്പിക്കുന്നത്. ഇത്തരമൊരു പ്രത്യയശാസ്​ത്രരേഖയെ തുടർന്നുള്ള പാർട്ടി കോൺഗ്രസ് ചർച്ചകളെ നയിക്കാനും മറുപടി നൽകാനും തനിക്ക് കഴിയുമോയെന്ന ആശങ്ക ആ ഘട്ടത്തിൽ യെച്ചൂരിക്കുണ്ടായിരുന്നുവെന്ന് ഒരു ലേഖനത്തിൽ സി.പി.ഐ- എം ജനറൽ സെക്രട്ടറി എം.എ. ബേബി ഓർമ്മിക്കുന്നുണ്ട്. പി.ബിയിലെ മുതിർന്ന നേതാക്കൾ പകർന്നുനൽകിയ ആത്മവിശ്വാസത്തിന്റെ അടിസ്​ഥാനത്തിൽ സീതാറാം ആ സുപ്രധാന രേഖ അവതരിപ്പിക്കാൻ സന്നദ്ധനായെന്നാണ് എം.എ. ബേബി ആ ലേഖനത്തിൽ പറയുന്നത്. വളരെ മികച്ചനിലയിൽ തന്നെയായിരുന്നു സീതാറാമിന്റെ അവതരണമെന്നും എം.എ. ബേബി എഴുതുന്നു. തലനാരിഴകീറിയുള്ള ചർച്ചകളും ഭേദഗതി നിർദ്ദേശങ്ങളുമാണ് പാർട്ടി കോൺഗ്രസിലുണ്ടായത്. അത് ഓരോന്നും പരിശോധിച്ച് പോളിറ്റ്ബ്യൂറോ തയ്യാറാക്കിയ പ്രതികരണവും മറുപടിയായി സീതാറാം കോൺഗ്രസിൽ അവതരിപ്പിച്ചു.

സോവിയറ്റ് യൂണിയന്റെ തിരോധാനവും സോഷ്യലിസ്റ്റ് പ്രത്യയശാസ്​ത്രവും കമ്യൂണിസ്റ്റ് പാർട്ടികളും നേരിട്ട അതീവ ഗുരുതരമായ പ്രതിസന്ധികളെയും ആഴത്തിൽ വിശകലനം ചെയ്യുകയും പ്രത്യയശാസ്​ത്രപരമായ പ്രതിരോധങ്ങൾ രൂപപ്പെടുത്തുകയും ചെയ്ത ഇന്ത്യൻ കമ്യൂണിസ്റ്റായിരുന്നു സീതാറാം യെച്ചൂരി.
സോവിയറ്റ് യൂണിയന്റെ തിരോധാനവും സോഷ്യലിസ്റ്റ് പ്രത്യയശാസ്​ത്രവും കമ്യൂണിസ്റ്റ് പാർട്ടികളും നേരിട്ട അതീവ ഗുരുതരമായ പ്രതിസന്ധികളെയും ആഴത്തിൽ വിശകലനം ചെയ്യുകയും പ്രത്യയശാസ്​ത്രപരമായ പ്രതിരോധങ്ങൾ രൂപപ്പെടുത്തുകയും ചെയ്ത ഇന്ത്യൻ കമ്യൂണിസ്റ്റായിരുന്നു സീതാറാം യെച്ചൂരി.

ആ രേഖയും അതിനെതുടർന്ന് 2000–ൽ സി.പി.ഐ- എമ്മിന്റെ പാർട്ടിപരിപാടിയിൽ വരുത്തിയ കാലോചിത മാറ്റങ്ങളും ആഗോളവൽക്കരണകാലത്തെ സാമൂഹ്യവിപ്ലവങ്ങളെയും സോഷ്യലിസ്റ്റ് നിർമ്മാണത്തെയുമെല്ലാം സംബന്ധിച്ച വ്യക്തതയോടെയുള്ള സൈദ്ധാന്തിക സമീപനമായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ച മനുഷ്യരാശിയുടെ സാമൂഹ്യമുന്നേറ്റങ്ങൾക്ക് വലിയ തിരിച്ചടി തന്നെയാണെന്ന് മദിരാശി കോൺഗ്രസ്​ അംഗീകരിച്ച ‘പ്രത്യയശാസ്​ത്രപ്രശ്നങ്ങളെപ്പറ്റി’ എന്ന രേഖ അംഗീകരിക്കുകയും എന്നാൽ അത് സോഷ്യലിസ്റ്റ് വ്യവസ്​ഥ കെട്ടിപ്പടുക്കുന്നതിനിടയിൽ സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെയും പാർട്ടികൾക്ക് സംഭവിച്ച ഗുരുതര വ്യതിയാനങ്ങളുടെ ഫലം മാത്രമായിരുന്നുവെന്നും സോഷ്യലിസ്റ്റ് വ്യവസ്​ഥയുടെ എന്തെങ്കിലും സൈദ്ധാന്തികമായ അപാകതയല്ലെന്നും ആ രേഖ വിശദീകരിച്ചു. സോഷ്യലിസ്റ്റ് നിർമ്മാണം സങ്കീർണവും നിരന്തര ജാഗ്രതയോടെ നിർവ്വഹിക്കേണ്ടതുമായ ബൃഹത്തായൊരു തൊഴിലാളിവർഗ രാഷ്ട്രീയദൗത്യമാണ്. സോഷ്യലിസ്റ്റ് നിർമ്മാണത്തിന്റെ ചരിത്രകാലഘട്ടമെന്നത് മുതലാളിത്തത്തിൽനിന്ന് കമ്യൂണിസത്തിലേക്കുള്ള പരിവർത്തകാലഘട്ടമെന്ന രീതിയിൽ മനസ്സിലാക്കേണ്ടതുണ്ട്.

ഈയൊരു ഘട്ടത്തിൽ പാർട്ടിയുടെയും ഭരണകൂടത്തിന്റെയും പങ്കിനെപ്പറ്റി ശാസ്​ത്രീയവും ജനാധിപത്യപരവുമായ ധാരണ വികസിപ്പിക്കുന്നതിലും പ്രയോഗത്തിൽ കൊണ്ടുവരുന്നതിലും സോവിയറ്റ് യൂണിയന് സംഭവിച്ച വീഴ്ചകളെ ഗൗരവാവഹമായിതന്നെ കാണേണ്ടതുണ്ട്. അതേപോലെ സമ്പദ്ഘടനയിലും അതിന്റെ മേൽനോട്ടത്തിലും കാലോചിത മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ സംഭവിച്ച പരാജയം തിരിച്ചടിക്ക് കാരണമായി. പാർട്ടിയിലും ഭരണകൂടത്തിലും സമൂഹത്തിലും സോഷ്യലിസ്റ്റ് നിർമ്മിതിയുടെ കാലഘട്ടത്തെ ജനാധിപത്യപരമാക്കിതീർക്കാൻ കഴിയാതെപോയതും ജനങ്ങൾക്ക് ജനാധിപത്യം അനുഭവഭേദ്യമാകാതിരുന്നതും തിരിച്ചടികൾക്ക് വഴിയിട്ട പ്രധാന കാരണമാണ്. പ്രത്യയശാസ്​ത്ര അവബോധത്തിൽ സംഭവിച്ച ശോഷണവും അതുവഴി പാർട്ടിയിലും ഭരണസംവിധാനത്തിലും രൂപപ്പെട്ട ഉദ്യോഗസ്​ഥ മേധാവിത്ത പ്രവണതകളും സോവിയറ്റ് വ്യവസ്​ഥയുടെ പ്രതിസന്ധിയെ രൂക്ഷമാക്കി. ഈയൊരു സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാണ് സോഷ്യലിസ്റ്റ് വ്യവസ്​ഥയുടെ നിതാന്ത ശത്രുക്കളായ ആഗോള പ്രതിലോമ ശക്തികൾക്കും സാമ്രാജ്യത്വ മൂലധന ശക്തികൾക്കും അട്ടിമറികൾ സംഘടിപ്പിക്കാൻ കഴിഞ്ഞത്.

തീർച്ചയായും മാർക്സിസം- ലെനിനിസം കാലഹരണപ്പെട്ട ഒരു പ്രത്യയശാസ്​ത്രമായതുകൊണ്ടല്ല, അതിന്റെ ശാസ്​ത്രീയ- സൈദ്ധാന്തിക സമീപനങ്ങളിൽനിന്നുള്ള വ്യതിയാനമാണ് സോവിയറ്റ് സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ തകർച്ചയ്ക്ക് കാരണമായതെന്ന വിലയിരുത്തലാണ് സി.പി.ഐ- എം മുന്നോട്ടുവെച്ചത്. ഈയൊരു കാഴ്ചപ്പാട് നിരവധി ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും സീതാറാം യെച്ചൂരി തുടർച്ചയായി വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്ത് മാത്രമല്ല നിരവധി വിദേശരാജ്യങ്ങളിലും സോഷ്യലിസത്തിന്റെ തിരിച്ചടികളെയും അതിന് കാരണമായ പ്രത്യയശാസ്​ത്രപ്രശ്നങ്ങളെയും ആഴത്തിൽതന്നെ പരിശോധിക്കുന്ന പ്രഭാഷണങ്ങൾ യെച്ചൂരി നടത്തിയിട്ടുണ്ട്. അങ്ങനെ തിരിച്ചടികളെ അതിജീവിച്ച് ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാർട്ടികളെ തിരിച്ചുവരവിന് പ്രത്യയശാസ്​ത്രപരമായി സജ്ജീകരിക്കുന്നതിൽ വലിയ ആത്മവിശ്വാസവും വീക്ഷണവ്യക്തതയും പകർന്ന നേതാവാണ് സീതാറാം യെച്ചൂരി.

തിരിച്ചടികളെ അതിജീവിച്ച് ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാർട്ടികളെ തിരിച്ചുവരവിന് പ്രത്യയശാസ്​ത്രപരമായി സജ്ജീകരിക്കുന്നതിൽ വലിയ ആത്മവിശ്വാസവും വീക്ഷണവ്യക്തതയും പകർന്ന നേതാവാണ് സീതാറാം യെച്ചൂരി.
തിരിച്ചടികളെ അതിജീവിച്ച് ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാർട്ടികളെ തിരിച്ചുവരവിന് പ്രത്യയശാസ്​ത്രപരമായി സജ്ജീകരിക്കുന്നതിൽ വലിയ ആത്മവിശ്വാസവും വീക്ഷണവ്യക്തതയും പകർന്ന നേതാവാണ് സീതാറാം യെച്ചൂരി.

1987–ലെ ശൈത്യകാലത്ത് മോസ്​കോവിൽ നടന്ന ലോക കമ്യൂണിസ്റ്റ് സമ്മേളനത്തിൽ ഇ.എം.എസിനും സുർജിത്തിനുമൊപ്പം സീതാറാം യെച്ചൂരിയും പങ്കെടുത്തിരുന്നു. അന്ന് സീതാറാമിന് 34 വയസ്സ് മാത്രമായിരുന്നു പ്രായം. ഗോർബച്ചേവിന്റെ വീക്ഷണങ്ങളിലെ പോരായ്മകളെ സംബന്ധിച്ച് നേരിട്ട് സംഭാഷണമധ്യേ സൂചിപ്പിച്ച ഇന്ത്യൻ സംഘത്തിലെ അംഗമായിരുന്നു സീതാറാം. നിരവധി സാർവദേശീയ വേദികളിൽ സീതാറാം സി.പി.ഐ-എം പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. ലോകമെമ്പാടും പോരാടുന്ന വിമോചനപ്രസ്​ഥാനങ്ങൾക്കൊപ്പം സഞ്ചരിച്ച ഒരാളാണ് സീതാറാം. കാസ്ട്രോ, യാസർ അറഫാത്ത്, നെൽസൺ മണ്ഡേല, പ്രചണ്ഡ തുടങ്ങി നിരവധി ലോകനേതാക്കളുമായി യെച്ചൂരിക്ക് അടുത്തബന്ധം തന്നെയുണ്ടായിരുന്നു. നേപ്പാളിലെ കമ്യൂണിസ്റ്റ് പ്രസ്​ഥാനത്തെ ഐക്യപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും ശരിയായ ദിശാബോധം നൽകുന്നതിലും യെച്ചൂരിയുടെ ഇടപെടൽ കാരണമായിട്ടുണ്ട്. നേപ്പാളിൽ സമാധാനം പുനഃസ്​ഥാപിക്കുന്നതിന് ഇടതുപക്ഷ ഗ്രൂപ്പുകളെ യോജിപ്പിച്ച് നിർത്തിയതിലും യെച്ചൂരി വലിയ പങ്കുവഹിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) സായുധമാത്രസമരപാത ഉപേക്ഷിച്ചതിനുപിന്നിൽ സീതാറാമിന്റെ ഇടപെടലുകൾ പ്രധാനമായിരുന്നു.

സീതാറാം ഓർമ്മിക്കപ്പെടുക അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ഇടപെടലുകളുടെയും സോഷ്യലിസത്തെ പ്രത്യയശാസ്​ത്രപരമായി പ്രതിരോധിക്കുന്നതിൽ നടത്തിയ ധൈഷണിക ഇടപെടലുകളുടെയും ഇന്ത്യയെന്ന ആശയത്തെ ശക്തിപ്പെടുത്തുന്നതിലും അതിനെതിരായി ഉയർന്നുവരുന്ന നവ ഫാഷിസ്റ്റ് കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്നതിലും കാണിച്ച ഇടപെടലുകളുടെയും പേരിൽ തന്നെയായിരിക്കും.

ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച സീതാറാം യെച്ചൂരി [1952–2024] ലേഖനങ്ങൾ വീണ്ടും വായിക്കാം, കേൾക്കാം.

Comments