ഖാലിസ്ഥാൻ വാദവും ഇന്ദിരാഗാന്ധിയും; രക്തസാക്ഷിത്വം ഓർമ്മിപ്പിക്കുന്ന മുന്നറിയിപ്പുകൾ

മതനിരപേക്ഷതയും ജനാധിപത്യവും കയ്യൊഴിഞ്ഞ് മതരാഷ്ട്രവാദികളുമായി കോൺഗ്രസ് നടത്തിയ അവിശുദ്ധ ബാന്ധവത്തിൻ്റെ ദുരന്തപരിണതിയായിരുന്നു ഇന്ദിരയുടെ വധവും അതിനെ തുടർന്നുണ്ടായ സിഖ് വംശഹത്യയും. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഈ രക്തപങ്കിലമായ അധ്യായം സൃഷ്ടിച്ചത് താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനായി മതതീവ്രവാദികളും മതരാഷ്ട്രവാദികളുമായി ചേർന്ന് കോൺഗ്രസ് നടത്തിയ രാഷ്ട്രീയ കളികളാണ് - ഇന്ദിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിദിനത്തിൽ കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം സംഭവിച്ചിട്ട് നാല് ദശകങ്ങൾ പിന്നിടുമ്പോൾ രാജ്യം ഹിന്ദുത്വമതരാഷ്ട്ര വാദികളുടെ അധികാരത്തിന് കീഴിലാണ്. ഗോവധമുൾപ്പെടെയുള്ള ഹിന്ദുത്വ അജണ്ടയോട് സന്ധി ചെയ്യുകയും 1980-കളിലെ അസമിയ, ഖാലിസ്ഥാൻ വിഘടനവാദികളോട് കൂട്ടുചേരുകയും ചെയ്ത വർഗീയ പ്രീണന രാഷ്ട്രീയത്തിൻ്റെ ഇര കൂടിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് പറയാം. സിഖ് മതരാഷ്ട്ര വാദികളുമായി ജനതാ സർക്കാറിനെ അട്ടിമറിക്കാനായി ഉണ്ടാക്കിയ അവിശുദ്ധ ബാന്ധവും സ്വന്തം നിയന്ത്രണത്തിൽ ഒതുങ്ങിത്തരാൻ തയ്യാറാകാത്ത ഖാലിസ്ഥാൻ ഭീകരതയെ നേരിട്ടതിലെ വീഴ്ചകളുമാണ് ഇന്ദിരാഗാന്ധിയുടെ ദാരുണമായ അന്ത്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. 1984 ഒക്ടോബർ 31-നാണ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരായിരുന്ന ബിയാന്ത്സിംഗിൻ്റെയും സത്വന്ത് സിംഗിൻ്റെയും വെടിയേറ്റു മരിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം രാഷ്ട്രത്തെ ഞെട്ടിച്ചു. സ്വന്തം അംഗരക്ഷകരാലാണ് ഇന്ത്യൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടതെന്ന കാര്യം ഖാലിസ്ഥാൻ ഭീകരവാദത്തിൻ്റെ സ്വാധീനബലത്തെയും സിക്ക് വിശ്വാസികളിൽ അതു നടത്തിയ പിടിമുറുക്കത്തെയും കൂടിയാണ് കൂടിയാണ് വ്യക്തമാക്കിയത്.

മതരാഷ്ട്രവാദികളുമായി കോൺഗ്രസ് നടത്തിയ അവിശുദ്ധ ബാന്ധവത്തിൻ്റെ ദുരന്തപരിണതിയായിരുന്നു ഇന്ദിരയുടെ വധവും അതിനെ തുടർന്നുണ്ടായ സിഖ് വംശഹത്യയും.
മതരാഷ്ട്രവാദികളുമായി കോൺഗ്രസ് നടത്തിയ അവിശുദ്ധ ബാന്ധവത്തിൻ്റെ ദുരന്തപരിണതിയായിരുന്നു ഇന്ദിരയുടെ വധവും അതിനെ തുടർന്നുണ്ടായ സിഖ് വംശഹത്യയും.

ആ ഭീകരസംഭവത്തിൻ്റെ പ്രത്യാഘാതമെന്നോണം കോൺഗ്രസ് നേതാക്കളുൾപ്പെടെയുള്ള ക്രിമിനൽ സംഘം ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമായി 3000-ത്തിലധികം സിഖുകാരെ വംശീയമായി കൂട്ടക്കൊല ചെയ്ത ദിനം കൂടിയാണ് 1984 ഒക്ടോബർ 31 എന്നും ഓർക്കണം. ദു:ഖകരമായ ഇന്ദിരാഗാന്ധിയുടെ വധത്തെ കോൺഗ്രസ് നേതാക്കൾ സിഖ് വംശഹത്യക്കുള്ള അവസരമാക്കുകയായിരുന്നു. മതനിരപേക്ഷതയോടും രാഷ്ട്രത്തിൻ്റെ ജനാധിപത്യപരമായ ഉദ്ഗ്രഥന പ്രക്രിയയോടും കോൺഗ്രസ് പുലർത്തിപ്പോന്ന അവസരവാദപരവും സത്യസന്ധതയില്ലാത്തതുമായ നിലപാടുകളാണ് വിഘടനവാദ പ്രസ്ഥാനങ്ങൾ ഇന്ത്യയുടെ ഫെഡറൽ മൂല്യങ്ങളെ നിരസിക്കുന്ന അമിതാധികാര പ്രവണതകളെ പുൽകുന്ന അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചത്.

മതനിരപേക്ഷതയും ജനാധിപത്യവും കയ്യൊഴിഞ്ഞ് മതരാഷ്ട്രവാദികളുമായി കോൺഗ്രസ് നടത്തിയ അവിശുദ്ധ ബാന്ധവത്തിൻ്റെ ദുരന്തപരിണതിയായിരുന്നു ഇന്ദിരയുടെ വധവും അതിനെ തുടർന്നുണ്ടായ സിഖ് വംശഹത്യയും. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഈ രക്തപങ്കിലമായ അധ്യായം സൃഷ്ടിച്ചത് താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനായി മതതീവ്രവാദികളും മതരാഷ്ട്രവാദികളുമായി ചേർന്ന് കോൺഗ്രസ് നടത്തിയ രാഷ്ട്രീയ കളികളാണ്. 1977-ൽ ഇന്ത്യൻ ജനത അടിയന്തിരാവസ്ഥക്കെതിരായി നടത്തിയ വിധിയെഴുത്തായിരുന്നു ഇന്ദിരാഗാന്ധിയെ അധികാരത്തിൽ നിന്നും പുറത്താക്കിയത്. അടിയന്തിരാവസ്ഥയുടെ അതിക്രമങ്ങളുടെ പേരിൽ ഇന്ദിരാഗാന്ധിയും കോൺഗ്രസ് നേതാക്കളും വിചാരണ ചെയ്യപ്പെട്ട നാളുകളിലായിരുന്നു ജനതാപാർടി സർക്കാറിനെ അട്ടിമറിക്കാനായി ഇന്ദിരാഗാന്ധി അസമിയ വംശീയ വിഘടനവാദികളുമായി അടുത്തത്.

സഞ്ജയ്ഗാന്ധിയും മേനകഗാന്ധിയും
സഞ്ജയ്ഗാന്ധിയും മേനകഗാന്ധിയും

അസം സ്റ്റുഡൻസ് യൂണിയൻ്റെ രൂപീകരണ സമ്മേളനം ഗോഹട്ടിയിൽ ഉൽഘാടനം ചെയ്തത് ഇന്ദിരാഗാന്ധിയായിരുന്നു. അതേ അവസരത്തിൽ തന്നെ ജഗതിസിംഗ് ചൗഹാൻ്റെ നേതൃത്വത്തിൽ ലുധിയാന കേന്ദ്രമായി ഖാലിസ്ഥാൻ രാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കങ്ങൾ കാനഡയും ബ്രിട്ടനും കേന്ദ്രമായി നടക്കുന്നുണ്ടായിരുന്നു. സിഖ് മതവിശ്വാസികളിൽ സ്വാധീനം ചെലുത്തിയിരുന്ന ഭിന്ദ്രൻവാലയെന്ന സിഖ് സന്യാസി, സിഖ് മതവിശ്വാസികളെ തീവ്രവാദ സംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്തു കൊണ്ടിരുന്ന സന്ദർഭത്തിലാണ്, ഇന്ദിരാഗാന്ധി ഭിന്ദ്രൻവാലയെ കൂട്ടുപിടിക്കുന്നതും ജനതാസർക്കാരിലെ ഘടകകക്ഷിയായ അകാലിദളിനെ അസ്ഥിരീകരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതും. ഭിന്ദ്രൻവാലയെ ഡൽഹിയിൽ വിളിച്ചുവരുത്തി ഇന്ദിരാഗാന്ധി പ്രത്യേക വിരുന്നു നൽകിയതുൾപ്പെടെയുള്ള സിഖ് ഭീകരവാദികളുമായുള്ള ഇന്ദിരയുടെ അവിശുദ്ധ ബാന്ധവം അക്കാലത്ത് ദേശീയ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടതാണ്.

തിയോക്രാറ്റിക് രാഷ്ട്രത്തിനായി നിലകൊള്ളുന്ന ഖലിസ്ഥാൻ ഭീകര സംഘത്തിൻ്റെ ആത്മീയ നേതാവിനെ എന്തിന് ഇന്ദിരാഗാന്ധി ഡൽഹിയിൽ വിളിച്ചുവരുത്തി വിരുന്നു നൽകിയെന്ന ചോദ്യം മുതിർന്ന മാധ്യമ പ്രവർത്തകനായ കുൽദീപ് നയ്യാർ തന്നെ ഇന്ദിരാഗാന്ധിയോട് നേരിട്ട് ചോദിച്ചു. ഇന്ദിരയുടെ ഈ നടപടി നെഹ്റുവിയൻ പാരമ്പര്യത്തെ കൂടി അപമാനിക്കുന്നതും രാജ്യത്തെ അസ്ഥിരീകരിക്കുന്ന വിഘടനവാദികളുടെ കയ്യിലെ കളിപ്പാവയായി മാറുന്നതുമാണെന്ന് അന്ന് കുൽദീപ് നയ്യാർ കുറ്റപ്പെടുത്തി. ഹരിതവിപ്ലവത്തെ തുടർന്ന് പഞ്ചാബിൽ വളർന്നു വന്ന പുത്തൻ കർഷക മുതലാളി വർഗങ്ങളും ഇന്ത്യയെ അസ്ഥീരിക്കുകയെന്ന അമേരിക്കൻ സ്റ്റേറ്റു ഡിപ്പാർട്ട്മെൻറിൻ്റെയും സി.ഐ.എയുടെയും പദ്ധതികളും ചേർന്നാണ് സിഖ് മതാടിസ്ഥാനത്തിലുള്ള ഖാലിസ്ഥാൻ രാഷ്ട്രവാദം ഉയർന്നുവന്നത്. പഞ്ചാബിലെ കർഷകർ നേരിടുന്ന വിലയുടെയും വിപണിയുടെയും പ്രശ്നങ്ങളും, വൻകിട കർഷികോപകരണ നിർമ്മാണകമ്പനികളും രാസവള - കീടനാശിനി, വിത്ത്കമ്പനികളും നടത്തുന്ന ചൂഷണവും കേന്ദ്രസർക്കാറിൻ്റെ നയങ്ങളുടെ ഫലമായിരുന്നു.

ജർണയിൽസിങ് ഭിന്ദ്രൻവാല
ജർണയിൽസിങ് ഭിന്ദ്രൻവാല

ഈ കേന്ദ്രവിരുദ്ധ വികാരങ്ങളെ വഴി തിരിച്ചു വിട്ടാണ് സിഖ് രാഷ്ട്രമെന്ന മതാധിഷ്ഠിത രാഷ്ടീയ മുദ്രാവാക്യം ഉയർത്തി കൊണ്ടുവന്നത്. സിഖ് മതമൗലികവാദത്തിൻ്റെ അടിസ്ഥാനത്തിലുള്ള ഈ പ്രസ്ഥാനത്തിൻ്റെ നേതാവായിരുന്നു ഭിന്ദ്രൻവാലയെന്ന പുരോഹിതൻ. കാനഡയും ബ്രിട്ടനും താവളമാക്കി പ്രവർത്തിക്കുന്ന പ്രവാസികളായ സമ്പന്നരായിരുന്നു ഖാലിസ്ഥാൻവാദത്തിൻ്റെ ആസൂത്രകർ. ഇവരിൽ പലരും കോൺഗ്രസ് നേതാക്കളുമായിരുന്നു. തീവ്രമതാടിസ്ഥാനത്തിലുള്ള ഖാലിസ്ഥാൻ എന്ന രാഷ്ട്രപദ്ധതി ആവിഷ്ക്കരിച്ചത് ഇവരാണ്. ജഗത് സിംഗ് ചൗഹാൻ പ്രസിഡൻ്റായി ലണ്ടൻ ആസ്ഥാനമാക്കി അവർ സിഖ് രാഷ്ട്രപ്രഖ്യാപനവും നടത്തിയിരുന്നു. സി.ഐ.എയുടെ ബുദ്ധികേന്ദ്രങ്ങളും സൈനിക പരിശീലനകേന്ദ്രങ്ങളുമായിരുന്നു പാക്കിസ്ഥാൻ അതിർത്തി താവളങ്ങളിൽ സിഖ് തീവ്രവാദികൾക്ക് പരിശീലനം നൽകിയത്.

അഫ്ഘാനിലെ ഡോ. നജീബുള്ള ഗവൺമെൻ്റിനെ അട്ടിമറിക്കാനുള്ള മുജാഹിദീൻ മിലിറ്റൻ്റുകളെ പരിശീലിപ്പിച്ച സി.ഐ.എയുടെ പാകിസ്ഥാൻ താവളങ്ങളിലാണ് ഖാലിസ്ഥാൻ മിലിറ്റൻ്റുകൾക്കും പരിശീലനം നൽകിയത്. അടിയന്തിരാവസ്ഥയെ തുടർന്നു അധികാരത്തിൽ നിന്നും പുറന്തള്ളപ്പെട്ട കോൺഗ്രസ് നേതൃത്വം രാജ്യത്ത് ഉയർന്നുവന്ന എല്ലാ വർഗീയവിഘടന ഛിദ്രശക്തികളെയും കൂട്ടുപിടിക്കുകയായിരുന്നു. അസമിലെയും പഞ്ചാബിലെയും വംശീയ വിഘടനശക്തികളെ അവർ പ്രോത്സാഹിപ്പിച്ചു. പിന്നീട് ബ്രഹ്മപുത്രാതടങ്ങളെ രക്തപങ്കിലമാക്കിയ അസമിയ വംശീയവാദത്തിന് നേതൃത്വം കൊടുത്ത, അസുവിൻ്റെ രൂപീകരണ സമ്മേളനം 1980-ൽ ഗോഹട്ടിയിൽ ഉൽഘാടനം ചെയ്തത് ഇന്ദിരയായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ.

പഞ്ചാബിലെ ഖാലിസ്ഥാൻ ഭീകരവാദികളെ ആവേശപൂർവ്വം പിന്തുണച്ചുവെന്നതാണ് ഇന്ദിരയെ ദുരന്തപൂർണ്ണമായ അന്ത്യത്തിലേക്ക് എത്തിച്ചത്. ഇന്ദിരാഗാന്ധി ഡൽഹിയിലേക്ക് മതതീവ്രവാദിയായ ഭിന്ദ്രൻവാലയെ ക്ഷണിച്ചു വരുത്തി സ്വീകരണം കൊടുത്തതിനെക്കുറിച്ച് കുൽദീപ് നയ്യാരെ പോലുള്ള മുതിർന്ന പത്രപ്രവത്തകർ ചോദിച്ചപ്പോൾ ഭിന്ദ്രൻവാലയെ സാത്വികനായ സന്യാസിയെന്ന് വിശേഷിപ്പിച്ച് തൻ്റെ നടപടികളെ ന്യായീകരിക്കുകയായിരുന്നു ഇന്ദിരാഗാന്ധി ചെയ്തത്. അതെ, അതിൻ്റെ കൂടി വിലയായിട്ടാണ് അവർക്ക് അവരുടെ ജീവൻ തന്നെ കൊടുക്കേണ്ടി വന്നതെന്ന ചരിത്ര പാഠം കോൺഗ്രസ് ഇന്നും ഉൾകൊണ്ടിട്ടിട്ടില്ലായെന്നതാണ് യാഥാർത്ഥ്യം.

അഫ്ഘാനിലെ ഡോ. നജീബുള്ള ഗവൺമെൻ്റിനെ അട്ടിമറിക്കാനുള്ള മുജാഹിദീൻ മിലിറ്റൻ്റുകളെ പരിശീലിപ്പിച്ച സി.ഐ.എയുടെ പാകിസ്ഥാൻ താവളങ്ങളിലാണ് ഖാലിസ്ഥാൻ മിലിറ്റൻ്റുകൾക്കും പരിശീലനം നൽകിയത്
അഫ്ഘാനിലെ ഡോ. നജീബുള്ള ഗവൺമെൻ്റിനെ അട്ടിമറിക്കാനുള്ള മുജാഹിദീൻ മിലിറ്റൻ്റുകളെ പരിശീലിപ്പിച്ച സി.ഐ.എയുടെ പാകിസ്ഥാൻ താവളങ്ങളിലാണ് ഖാലിസ്ഥാൻ മിലിറ്റൻ്റുകൾക്കും പരിശീലനം നൽകിയത്

ഇന്ദിരാ വധത്തിൻ്റെ സഹതാപ തരംഗത്തോടൊപ്പം ആർ.എസ്.എസിൻ്റെ പിന്തുണയോട് കൂടിയാണ് രാജീവ് ഗാന്ധി 1984-ൽ ഏറ്റവും കൂടിയ സീറ്റുകളോടെ അധികാരത്തിൽ എത്തുന്നതെന്ന കാര്യം മറന്നുകളയരുത്. രാജീവ് ഗാന്ധിയുടെ രാമരാജ്യ പ്രഖ്യാപനവും ദുർദർശനിലൂടെ സംപ്രേക്ഷണം ചെയ്ത രാമായണം പരമ്പരയുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ പോപ്പുലൈസ് ചെയ്തത്. മന്ദിർ - മസ്ജിദ് തർക്കമുയർത്തിയ ബി.ജെ.പിക്ക് 1986-ൽ ബാബറി മസ്ജിദ് തുറന്നുകൊടുത്തതും 1989-ൽ ശിലാന്യാസത്തിന് അനുമതി നൽകിയതും രാജീവ് ഗാന്ധി സർക്കാറായിരുന്നു. വർഗീയവാദികളും തീവ്രവാദികളുമായി ചേർന്ന് എങ്ങിനെയെങ്കിലും അധികാരത്തിലെത്തുകയെന്ന രാഷ്ട്രീയമാണ് കോൺഗ്രസിനെ എന്നും നയിച്ചത്. കേരളത്തിലിപ്പോൾ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായെല്ലാം അവരുണ്ടാക്കുന്ന ബാന്ധവത്തെ ചരിത്രത്തിൽ നിന്നു ഒരിക്കലും പാഠം പഠിക്കാൻ കൂട്ടാക്കാത്തവരുടെ രാഷ്ട്രീയ അധ:പതനത്തെയാണ് കാണിക്കുന്നത്.

ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാത്ത അധികാര മോഹമാണവരെ നയിക്കുന്നത്. ഇടതുപക്ഷസർക്കാറിനെ പ്രതിസന്ധിയിലാക്കാൻ ശബരിമല വിധിയിൽ കോൺഗ്രസുകാർ ബി.ജെ.പിയുമായി സുവർണാവസരം പങ്കിട്ടതും കേരളം കണ്ടതാണ്. മതനിരപേക്ഷ നിലപാടുകൾ കയ്യൊഴിയുന്ന അധികാരം പിടിക്കാനും നിലനിർത്താനുമായി വർഗീയവാദികളോടും മതരാഷ്ട്രവാദികളായ ഭീകരസംഘങ്ങളുമായി സന്ധി ചെയ്യുന്നതുമായ രാഷ്ട്രീയമായ അവസരവാദത്തിൻ്റെ ദുരന്തഫലത്തെയാണ് ഇന്ദിരാവധം ഓർമ്മിപ്പിക്കുന്നതും താക്കീത് ചെയ്യുന്നതും.

Comments