മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരങ്ങളെയും ജീവിതം അസാധ്യമാക്കുന്ന നിയോലിബറൽ നയങ്ങൾക്കെതിരായ ജനമുന്നേറ്റങ്ങളെയും രാജ്യദ്രോഹമായും ആഗോളഗൂഢാലോചനയുമായി ചിത്രീകരിക്കുന്ന നിയോഫാഷിസ്റ്റുകളുടെ അക്രമോത്സുകമായ ഉദ്ഘോഷണങ്ങളാണ് ലോകം ട്രംപുമാരിൽ നിന്നും ഇന്ത്യ മോഹൻ ഭാഗവതുമാരിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. ലോകമാകെ സേവനക്ഷേമമേഖലകളെ തകർക്കുന്ന ചെലവുചുരുക്കൽ നയങ്ങൾക്കുമെതിരായി ആഞ്ഞടിക്കുന്ന ജനകീയസമരത്തെയാണ് ട്രംപ് ഇസ്ലാമിസ്റ്റ് ജിഹാദി കലാപമായി ആക്ഷേപിച്ചത്. അതേപോലെ ഇന്ത്യയിൽ ഭരണഘടനയെയും സ്വതന്ത്ര ജനാധിപത്യപ്രക്രിയെയും അട്ടിമറിച്ച ചിഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരായി ഉയർന്നുവന്ന ജന്തർമന്തർ സമരങ്ങളെയാണ് ആഗോളഗൂഢാലോചനയായി ഭാരതത്തിന്റെ പാരമ്പര്യത്തെയും മൂല്യങ്ങളെയും തകർക്കുന്ന പൈശാചികതയായും ആർ.എസ്.എസ് മേധാവി മോഹൻഭാഗവത് ആക്ഷേപിച്ചത്. രാജ്യവിരുദ്ധതയുടെയും സാമ്രാജ്യത്വ പാദസേവയുടെയും മാത്രം ചരിത്രമുള്ള ആർ.എസ്.എസുകാർ ഭരണഘടനയെയും ജനാധിപത്യത്തെയും രാജ്യത്തെതന്നെയും രക്ഷിക്കാനായി തെരുവിലിറങ്ങിയ യുവതലമുറയെയാണ് ആഗോളഗൂഢാലോചനക്കാരായും രാജ്യദ്രോഹികളായും അധിക്ഷേപിച്ചത്.
കുടിയേറ്റവിരുദ്ധതയുടെയും ആംഗ്ലോസാങ്സൺ വംശീയതയുടെയും വിശ്വരൂപമായി മാറിയ ഡൊണാൾഡ് ട്രംപിനും ഇന്ത്യൻ ഫാഷിസത്തിന്റെ കാലാൾപ്പടയായ ആർ.എസ്.എസിന്റെ മേധാവി മോഹൻഭാഗവതിനും ഒരേ മനസ്സും ഒരേ ഭാഷയുമാണ്. കടുത്ത മുസ്ലീം വിരോധവും കമ്യൂണിസ്റ്റ് വിരോധവും രാഷ്ട്രീയതന്ത്രമാക്കി പ്രവർത്തിക്കുന്ന നവഫാഷിസ്റ്റുകൾ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും തങ്ങളുടെ ജനദ്രോഹനയങ്ങൾക്കും ജനാധിപത്യവിരുദ്ധ ചെയ്തികൾക്കുമെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ രാജ്യവിരുദ്ധ ഗൂഢാലോചനയായി ആക്ഷേപിച്ച് അടിച്ചമർത്താനും ഭൂരിപക്ഷ സമുദായത്തെ പ്രതിഷേധക്കാർക്കെതിരെ തിരിച്ചുവിടാനുമുള്ള കുത്സിതമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിജയദശമി നാളിൽ ആർ.എസ്.എസിന്റെ ജന്മവാർഷികദിനത്തിൽ സർസംഘ്ചാലക് നടത്തിയ പ്രസംഗം വോട്ടുചോരിക്കെതിരെ ഇന്ത്യയിലിപ്പോൾ നടക്കുന്ന ജനകീയസമരത്തെ രാജ്യദ്രോഹപ്രവർത്തനമാക്കി ചിത്രീകരിക്കുന്നതായിരുന്നു. ഭാരതത്തിന്റെ മൂല്യങ്ങളെയും പാരമ്പര്യത്തെയും അട്ടിമറിക്കാനുള്ള ആഗോളഗൂഢാലോചനയായിട്ടാണ് ഇപ്പോൾ ലോകമാകെയും ഇന്ത്യയിലും നടക്കുന്ന ജെൻസി-ആൽഫ പ്രക്ഷോഭങ്ങളെ മോഹൻ ഭാഗവത് ആക്ഷേപിച്ചിരിക്കുന്നത്.
ഫ്രാൻസ് തൊട്ട് അർജന്റീന വരെ ലോകമാകെ ചെലവുചുരുക്കൽ നയങ്ങൾക്കും സേവനക്ഷേമമേഖലകളെ തകർക്കുന്ന ഭരണകൂടങ്ങൾക്കുമെതിരെ കത്തിപ്പടരുന്ന ജനകീയപ്രക്ഷോഭങ്ങൾക്കുപുറകിൽ ഇസ്ലാമിസ്റ്റുകളും ജിഹാദികളുമാണെന്നാണ് ട്രംപിന്റെയും മോഹൻഭാഗവതിന്റെയും ആക്ഷേപം. ഇന്ത്യയിൽ ചീഫ് ഇലക്ഷൻ കമ്മീഷണറെ ഉപയോഗിച്ച് എസ്.ഐ.ആർ വഴി നടത്തിയ വോട്ടുചോരിക്കെതിരെ നടക്കുന്ന ജെൻസി-ആൽഫ തലമുറകളുടെയും പ്രതിപക്ഷപാർട്ടികളുടെയും പ്രക്ഷോഭങ്ങൾ ആഗോള ഗൂഢാലോചനയാണെന്നും ലിബറൽ ചിന്താഗതി മുതൽ കമ്യൂണിസം വരെയുള്ള പാശ്ചാത്യാശയങ്ങളാണ് അതിന് പിറകിലെന്നുമാണ് ആർ.എസ്.എസ് മേധാവി തന്റെ നാഗ്പുർ പ്രസംഗത്തിൽ വിശദീകരിക്കാൻ ശ്രമിച്ചിട്ടുള്ളത്.
മോഹൻഭാഗവതിന്റേത് ഒറ്റപ്പെട്ടൊരു പ്രസ്താവനയല്ല. ഗ്യാനേഷ്കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന ജന്തർമന്തർ പ്രക്ഷോഭങ്ങൾക്കെതിരായി സംഘപരിവാർ പ്രൊഫൈലുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ സംഘടിതമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരവേലകൾ സമരനേതാക്കളെ രാജ്യവിരുദ്ധരും പാക്കിസ്ഥാൻ പിന്തുണയുള്ളവരുമായി ചിത്രീകരിക്കുന്ന തരത്തിലാണ്. ധ്രുവ്റാഠി ഇന്ത്യക്കാരനല്ലെന്നും പാക്കിസ്ഥാൻ മുസ്ലീമാണെന്നും അയാളുടെ യഥാർത്ഥപേര് മുസ്ലീം നാമമാണെന്നും അയാൾ പേര് മാറ്റി ധ്രുവ്റാഠിയെന്ന ഹിന്ദു പേര് സ്വീകരിച്ചതുമാണെന്നാണ് സംഘികൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ധ്രുവ്റാഠി വിവാഹം കഴിച്ചിരിക്കുന്നത് ഒരു പാശ്ചാത്യ ക്രിസ്ത്യാനിയെയാണെന്നു വരെയുള്ള നുണകൾ തള്ളി അത്യന്തം ഹീനമായ വിദ്വേഷപ്രചരണമാണ് ആർ.എസ്.എസുകാർ നടത്തിക്കൊണ്ടിരിക്കുന്നത്. സി.ജെ.പി നേതാക്കളായ അഭിജീത് ദീപ്കെയും അശുതോഷ്റങ്കയും സൗരവ്ദാസും പാശ്ചാത്യരാജ്യങ്ങളുമായി ബന്ധമുള്ളവരാണെന്നും അവർ ഇന്ത്യയെ തകർക്കാനുള്ള ഗൂഢാലോചനയിലേർപ്പെട്ടിരിക്കുന്ന രാജ്യവിരുദ്ധരാണെന്നുമാണ് പ്രചരണം.

ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നതും ലോകത്താകെ സാമ്രാജ്യത്വ മുതലാളിത്ത നയങ്ങൾക്കെതിരായി കത്തിപ്പടരുന്നതുമായ ജനകീയ സമരങ്ങളെ ഭാരതം ഉൾപ്പെടെയുള്ള ലോകത്തെ പലരാജ്യങ്ങളിലും പരമ്പരാഗതമായി നിലനിൽക്കുന്ന എല്ലാ നല്ലകാര്യങ്ങളെയും സംസ്കാരത്തെയും മൂല്യങ്ങളെയും നശിപ്പിക്കാനും ദുഷിപ്പിക്കാനുമുള്ള പൈശാചികമായ പാശ്ചാത്യസംസ്കാരത്തിന്റെ ഗൂഢാലോചനയായി ആക്ഷേപിച്ചുകൊണ്ടാണ് മോഹൻഭാഗവത് തന്റെ വിജയദശമി പ്രസംഗം ആരംഭിച്ചതുതന്നെ. മോഹൻഭാഗവതിന്റെ പ്രസംഗത്തിലുടനീളം ആർഷമസൃണമായ വാക്കുകളുപയോഗിച്ച് ഇന്ത്യയുടെ ബഹുസ്വരതയെ നിഷേധിക്കുന്ന സാംസ്കാരിക ദേശീയതയെ സ്തുതിക്കുകയായിരുന്നു. ഇന്ത്യയുടെ ഐക്യത്തിനും പുരോഗതിക്കും 'ഹിന്ദുചൈതന്യ'മാണ് അനിവാര്യമായിട്ടുള്ളതെന്നാണ് ഭാഗവത് ഭരണഘടനയുടെ മതനിരപേക്ഷ തത്വങ്ങളെയും ബഹുസ്വരതയെയും വെല്ലുവിളിച്ചുകൊണ്ട് സ്ഥാപിക്കാൻ ശ്രമിച്ചത്.
തന്റെ പ്രസംഗത്തിൽ ഇന്ത്യയുടെ ഐക്യം പൊതുവായ പൂർവ്വികപാരമ്പര്യത്തിലും സനാതന സംസ്കാരത്തിന്റെ മൂല്യങ്ങളിലും അധിഷ്ഠിതമാണെന്ന് പ്രഖ്യാപിച്ച ഭാഗവത് ഇന്ത്യയുടെ ബുദ്ധ, ജൈന, ഇസ്ലാം, ക്രിസ്ത്യൻ, ദലിത്, ആദിവാസി പാരമ്പര്യങ്ങളെ ഉൾക്കൊള്ളുന്ന ബഹുസ്വരചരിത്രത്തെയും സംസ്കാരത്തെയും തള്ളിപ്പറയുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ ദേശീയതാസങ്കൽപം ഹൈന്ദവവും ഏകാത്മകവുമാണെന്ന് വരുത്തിതീർക്കാനാണ് തന്റെ ദീർഘമായ പ്രസംഗത്തിലുടനീളം ഭാഗവത് ശ്രമിച്ചത്. ഹിന്ദുസമൂഹത്തെ സംഘടിതവും ശക്തവുമാക്കിക്കൊണ്ടേ ദേശീയഐക്യം സാധ്യമാവൂ എന്ന് വാദിച്ച ഭാഗവത് ഭൂരിപക്ഷ മതത്തെ ദേശീയസ്വത്വമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് മതന്യൂനപക്ഷങ്ങളിൽ പെട്ടവരെ തുല്യപൗരരായി കാണുന്ന ഭരണഘടനയുടെ സമത്വാശയങ്ങൾക്കും പൗരത്വസങ്കൽപങ്ങൾക്കുമെതിരായ വെല്ലുവിളിയാണ്.
തുടർന്ന് അദ്ദേഹം പടിഞ്ഞാറൻ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന പൈശാചികതയുടെ കൊടുങ്കാറ്റിനുമുമ്പിൽ വികസിത രാജ്യങ്ങൾ നിസ്സഹായതയിലാണെന്നും അതിനെ തടയാൻ സമീപദശകങ്ങളിൽ ലോകത്തിന്റെ നിർണ്ണായകസ്ഥാനത്തെത്തിയ ഭാരതത്തിന് കഴിയുമെന്നാണ് ആർ.എസ്.എസിന്റെ 101-ാം ജന്മവാർഷികദിനത്തിൽ നാഗ്പൂരിൽ ഒത്തുകൂടിയ സ്വയംസേവകരോട് ഭാഗവത് പറഞ്ഞത്. പാശ്ചാത്യരാജ്യങ്ങൾ ഭൗതികവാദവും വ്യക്തിവാദവും അനിയന്ത്രിത ഉപഭോഗവും കാരണം പ്രതിസന്ധിയിലായിരിക്കുന്നുവെന്നും ഇന്ത്യയ്ക്ക് ലോകത്തിന് ബദൽ വികസനമാതൃക നൽകാനാവുമെന്നും വീമ്പിളക്കിയ മോഹൻ ഭാഗവത് ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ സംബന്ധിച്ച് അജ്ഞത സൃഷ്ടിക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം നൂറാമതാണ്. ബംഗ്ലാദേശിനെക്കാളും പാക്കിസ്ഥാനെക്കാളും വിശക്കുന്നവരുടെ എണ്ണം കൂടിയ രാജ്യം മോദി ഭരിക്കുന്ന ഇന്ത്യയാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും തീവ്രതരമാക്കുകയാണ് മോദി സർക്കാരിന്റെ കഴിഞ്ഞ 12 വർഷക്കാലത്തെ ഭരണനയങ്ങൾ ചെയ്തത്.
സാമൂഹ്യനീതിയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെയും ഭരണഘടനാതത്വങ്ങളെയും കയ്യൊഴിഞ്ഞ് ഭൂരിപക്ഷ ധ്രുവീകരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള ന്യൂനപക്ഷ വിരുദ്ധതയാണ് ആർ.എസ്.എസിന്റെ അജണ്ട തന്നെ. ഭരണഘടനയ്ക്കും രാജ്യത്തിന്റെ ജനാധിപത്യസംവിധാനങ്ങൾക്കും എതിരായ മോദി സർക്കാരിന്റെ ഹിന്ദുത്വ അജണ്ടയിൽ നിന്നുള്ള തുടർച്ചയായ കടന്നാക്രണമങ്ങൾക്കെതിരായിട്ടാണ് ഇന്ത്യൻ യുവത ഇപ്പോൾ തെരുവിലിറങ്ങിയിരിക്കുന്നത്. ജന്തർ മന്തർ പ്രക്ഷോഭങ്ങളെയും ഇന്ത്യൻ ബൗദ്ധികമണ്ഡലത്തിൽ ശക്തിപ്പെട്ടുവരുന്ന ഹിന്ദുത്വവിരുദ്ധ ധൈഷണികമുന്നേറ്റങ്ങളെയും ചൂണ്ടിക്കൊണ്ട് മോഹൻ ഭാഗവത് പറഞ്ഞത്; ഭാരതത്തെയും ഹിന്ദുസമൂഹത്തെയും സംഘത്തെയും തകർക്കാൻ അവർ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ്. ഭാരതവിരുദ്ധശക്തികൾ നമ്മുടെ ചില പോരായ്മകളെയും വീഴ്ചകളെയും ഉപയോഗപ്പെടുത്തി വികാരങ്ങൾ ആളിക്കത്തിക്കാനും നമ്മുടെ പൈതൃകത്തെ തകർക്കാനുമുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രതിഷേധങ്ങൾ ഭരണഘടനയുടെയും നിയമങ്ങളുടെയും പരിധിക്കകത്ത് ഒതുങ്ങിനിൽക്കണമെന്നും ഭാഗവത് താക്കീത് ചെയ്യുന്നു.

വിചിത്രമാണ് ഭാഗവതിന്റെ വിജയദശമി പ്രസംഗത്തിലെ പല നിരീക്ഷണങ്ങളും വാദങ്ങളും. ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്ത ഇന്ത്യൻ ദേശീയതയെ രൂപപ്പെടുത്തിയ ആശയങ്ങളെയും ബഹുസ്വരതയെയും എല്ലാകാലത്തും എതിർത്തുപോന്നിട്ടുള്ളവരാണ് ആർ.എസ്.എസുകാർ. അവരാണ് ഇപ്പോൾ ഒരു ജനാധിപത്യവ്യവസ്ഥയുടെ അനിവാര്യവും അനുവദനീയവുമായ സാധ്യതകളിൽ നിന്ന് സമാധാനപരമായി ഇലക്ഷൻ കമ്മീഷനെതിരെ സമരം ചെയ്യുന്നവരെ രാജ്യവിരുദ്ധരും ആഗോള ഗൂഢാലോചനക്കാരുമായി അധിക്ഷേപിക്കുന്നത്. ആർ.എസ്.എസിന് എന്ത് രാജ്യസ്നേഹത്തിന്റെ ചരിത്രമാണുള്ളത്? ഇന്ത്യയെ രൂപപ്പെടുത്തിയ സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ ചരിത്രഗതിയിലെവിടെയും ആർ.എസ്.എസ് ഒരു പങ്കും വഹിച്ചിട്ടില്ല. എന്നുമാത്രമല്ല സ്വാതന്ത്ര്യസമരത്തിൽ നിന്ന് മാറിനിന്ന് ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളുടെ ഭിന്നിപ്പിക്കുക ഭരിക്കുക എന്ന സാമ്രാജ്യത്വതന്ത്രത്തിന്റെ കരുവായിരുന്നു അവർ.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചവരും ബ്രിട്ടീഷുകാരുടെ കൈയിൽ കളിച്ചവരുമായ ആർ.എസ്.എസുകാർ ദേശീയതയുടെ ചാമ്പ്യന്മാരായി തങ്ങളുടെ മതരാഷ്ട്രവാദത്തിന് ഭീഷണിയാവുന്ന ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും കടന്നാക്രമിക്കാനാണ് എല്ലാകാലത്തും ശ്രമിച്ചത്. അക്രമത്തിന്റെയും വർഗീയതയുടെയും ചോരവീണ വഴികളിലൂടെയാണ് ഹിന്ദുരാഷ്ട്രനിർമ്മിതിക്കായുള്ള രഥയോട്ടം അവർ അവരുടെ ജന്മകാലം തൊട്ട് നടത്തിപ്പോരുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നടന്ന എല്ലാ വർഗീയകലാപങ്ങളിലും നേരിട്ടും അല്ലാതെയും ആർ.എസ്.എസ് പങ്കുവഹിച്ചിട്ടുണ്ട്. അതിന് സാക്ഷ്യമായി ഇന്ത്യയിലെ വർഗീയകലാപങ്ങളെ സംബന്ധിച്ച നിരവധി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടുകൾ തന്നെ നമ്മുടെ മുമ്പിലുണ്ട്. മതനിരപേക്ഷതയെ അപ്രസക്തമാക്കുന്ന ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ സാമ്രാജ്യത്വ മൂലധനത്തിന്റെ സഹായത്തോടെയാണ് ഇന്ത്യയിൽ വളർന്നുവന്നതും നിലനിൽക്കുന്നതും. കൊളോണിയൽ ഭരണകാലത്ത് ബ്രിട്ടീഷ് പൊളിറ്റിക്കൽ ഇന്റലിജൻസ് വിഭാഗത്തിന്റ അഭീഷ്ടമനുസരിച്ച് പ്രവർത്തിച്ച ആർ.എസ്.എസ് സ്വാതന്ത്ര്യാനന്തരം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇംഗിതങ്ങൾക്കനുസരിച്ചാണ് കരുനീക്കങ്ങൾ നടത്തിയത്. സി.ഐ.എ വിദഗ്ധനായ ജെ.ക്യൂറാൻ തന്റെ 'മിലിട്ടന്റ് ഹിന്ദുയിസം ഇൻ ഇന്ത്യ' എന്ന പഠനത്തിൽ ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനങ്ങൾക്കെതിരായി പ്രതിലോമസഖ്യത്തിന്റെ നേതൃത്വമായി ആർ.എസ്.എസിനെ എങ്ങനെ മാറ്റാമെന്നാണ് പരിശോധിക്കുന്നത്.
രക്തപങ്കിലമായ ആർ.എസ്.എസിന്റെ രാഷ്ട്രീയചരിത്രം രാജ്യദ്രോഹത്തിന്റെയും സാമ്രാജ്യത്വ വിടുപണിയുടേതും ആയിരുന്നുവെന്ന കാര്യം നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും മധ്യവലതുപക്ഷ രാഷ്ട്രീയക്കാരും ചർച്ച ചെയ്യാറില്ല. നവോത്ഥാനത്തിന്റെ ചരിത്രമുള്ള പ്രസ്ഥാനങ്ങളെയും സംഘടനകളെയും തങ്ങളുടെ ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമായി ഉദ്ഗ്രഥിച്ചെടുക്കാനുള്ള കുത്സിതമായ നീക്കങ്ങളാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നൊക്കെയുള്ള മുദ്രാവാക്യങ്ങളുയർത്തി കേരളത്തിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ആർ.എസ്.എസിന്റെ ബ്രാഹ്മണാധികാരത്തിൽ അധിഷ്ഠിതമായ ആശയപദ്ധതികളെയും കൊളോണിയൽ ബാന്ധവത്തെ പുരോഗമനശക്തികൾ നിശിതമായി തന്നെ തുറന്നുകാണിക്കേണ്ടതുണ്ട്. വർഗീയതയെയും സാമ്രാജ്യത്വത്തെയും എതിർക്കുന്ന ഇടതുപക്ഷത്തെയും ജനാധിപത്യപ്രസ്ഥാനങ്ങളെയും പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങളുമായി ചേർന്ന് വർഗീയകലാപം ഉണ്ടാക്കുന്ന വിധ്വംസകശക്തികളായി ആക്ഷേപിക്കുകയെന്നതാണ് ആർ.എസ്.എസുകാരുടെ പതിവ് പരിപാടി. അതുതന്നെയാണ് മോഹൻഭാഗവത് തന്റെ നാഗ്പുർ പ്രസംഗത്തിൽ ആവർത്തിച്ചിരിക്കുന്നത്. ട്രംപിന് വഴങ്ങി സ്വതന്ത്രവ്യാപാരക്കരാറുകളും പ്രതിരോധ ഉടമ്പടികളും ഇറക്കുമതിനയങ്ങളും തീരുമാനിക്കുന്ന വിധേയത്വത്തിന്റെയും അപമാനകരമായ ദേശീയഅടിമത്വത്തിന്റെയും രാഷ്ട്രീയമാണ് മോദി സർക്കാരിന്റേതെന്ന കാര്യം ഭാഗവത് എത്ര മറച്ചുവെച്ചാലും ഇന്ത്യൻ ജനങ്ങൾക്കറിയാം.
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം ഇന്ത്യൻ ജനത മതജാതിവ്യത്യാസങ്ങൾക്കപ്പുറത്ത് ബ്രിട്ടീഷുകാർക്കെതിരെ ഒറ്റശരീരമായി അണിനിരക്കുകയായിരുന്നു ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ. ഈയൊരു സന്ദർഭത്തിലാണ് ഇന്ത്യൻ ജനതയുടെ അഭൂതപൂർവ്വമായ ഐക്യത്തെ ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദുമഹാസഭയേക്കാൾ മിലിറ്റന്റായ ഒരു വർഗീയസംഘടനക്ക് രൂപം നൽകാൻ കൊളോണിയൽ ശക്തികളും ഹിന്ദുത്വവാദികളും നിർബന്ധിതരായത്. 1925 വിജയദശമി ദിനത്തിൽ ഡോ. കേശവ്ബലിറാം ഹെഡ്ഗേവാർ ആർ.എസ്.എസ് സ്ഥാപിച്ചത് 1921-22-ലെ നിസ്സഹകരണപ്രസ്ഥാനം ഉണ്ടാക്കിയ സാമ്രാജ്യത്വവിരുദ്ധ ദേശീയ ഐക്യത്തെ തകർക്കാനായിരുന്നുവെന്ന് ഒട്ടനവധി ചരിത്രകാരർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുസ്ലിംലീഗ് എന്നപോലെ ഹിന്ദുമഹാസഭയും ആർ.എസ്.എസും ബ്രിട്ടീഷ് നയത്തിന്റെ ഉൽപന്നവും ഉപകരണങ്ങളുമായിരുന്നു.

ആർ.എസ്.എസ് രൂപീകരിക്കുന്നതിനു മുമ്പുതന്നെ ബംഗാൾ വിഭജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1906 ഡിസംബർ 13-ന് വെയിൽസ് രാജകുമാരനെഴുതിയ കത്തിൽ വൈസ്രോയ് മിന്റോ മുസ്ലീംലീഗിനോടെന്ന പോലെ തങ്ങളുടെ ഹിന്ദുസുഹൃത്തുക്കളുമായുള്ള ബന്ധം ശക്തിപ്പെട്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ ഈ ഹിന്ദുസുഹൃത്തുക്കൾ മറ്റാരുമായിരുന്നില്ല ഹിന്ദുമഹാസഭയുടെ സാമൂഹ്യ അടിത്തറയായ രാജാക്കന്മാരും വൻകിട ഭൂവുടമകളും മറ്റ് സ്ഥാപിത താല്പര്യക്കാരുമായിരുന്നു. ഖിലാഫത്ത് നിസ്സഹകരണപ്രസ്ഥാനം അലയടിച്ചുയർന്നതോടെ ദേശീയപ്രസ്ഥാനത്തിന്റെ ബൂർഷ്വാനേതാക്കൾ ഭയചകിതരാകുകയാണ് ഉണ്ടായത്. 1857-നുശേഷം ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരൊറ്റവേദിയിൽ കൊണ്ടുവന്ന ദേശീയപ്രക്ഷോഭത്തിന്റെ ഊക്കും ഉശിരും ബ്രിട്ടീഷുകാരെ മാത്രമല്ല ഇന്ത്യയിലെ ഹിന്ദുത്വശക്തികളെയും പരിഭ്രാന്തരാക്കി. ഇതെല്ലാം ചേർന്ന് സൃഷ്ടിച്ച സന്ദിഗ്ധതയിലാണ് ചൗരിചൗരാ സംഭവത്തെ നിമിത്തമാക്കി ആ പ്രക്ഷോഭം പിൻവലിക്കപ്പെടുന്നത്.
ഖിലാഫത്ത് നിസ്സഹകരണപ്രസ്ഥാനത്തിന് തിരശ്ശീല വീണതോടെ ഹിന്ദുത്വശക്തികളുടെ മുൻകൈയിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും വർഗീയലഹളകൾ ആരംഭിച്ചു. ജനകീയ ഐക്യത്തെ ശിഥിലമാക്കി ബ്രിട്ടീഷ് വാഴ്ചക്ക് ശക്തി നൽകുവാനായി ഏറെക്കുറെ പൂർണമായി മൃതപ്രായമായി തീർന്നിരുന്ന ഹിന്ദുമഹാസഭ പുനരുജ്ജീവിപ്പിക്കപ്പെട്ടു. മദൻമോഹൻ മാളവ്യയും ലജ്പത്റായിയും ശ്രദ്ധാനന്ദയും ജയകറും തുടങ്ങി ഒട്ടേറെ കോൺഗ്രസ് നേതാക്കൾ ഹിന്ദുമഹാസഭയിലേക്ക് ആകർഷിക്കപ്പെട്ടു. 1923-ൽ ഹിന്ദുതാല്പര്യം സംരക്ഷിക്കുന്നതിന് ഹിന്ദുമഹാസഭയുടെ സമ്മേളനം വിളിച്ചുചേർക്കപ്പെട്ടു. സമ്മേളനത്തിൽ മുസ്ലീം ശുദ്ധീകരണം എന്ന മുദ്രാവാക്യം ഉയർത്തപ്പെട്ടു. ഇതോടെ ഖിലാഫത്തിനെ തുടർന്ന് വേരറ്റുപോയ മുസ്ലിംലീഗും പുനരുജ്ജീവിപ്പിക്കപ്പെട്ടു. മുസ്ലിം താല്പര്യം സംരക്ഷിക്കാനായി ലീഗും സമ്മേളനം വിളിച്ചുചേർത്തു. കിച്ച്ലൂ തബ്ലീഗ് തൻസിൻ ക്യാമ്പയിൽ ആരംഭിച്ചു. ഫസൽ ഇ ഹുസൈൻ ഹിന്ദുക്കളിലെ അധഃസ്ഥിത ജാതിക്കാരുടെ മതപരിവർത്തനം എന്ന നിർദ്ദേശവുമായി രംഗത്തിറങ്ങി.
ഇങ്ങനെ ബ്രിട്ടീഷ് ഇംഗിതമനുസരിച്ച് ഇരുമതസമുദായങ്ങളിലെയും വർഗീയവാദികൾ ദേശീയപ്രസ്ഥാനത്തെ മതപരമായ ഭിന്നത പടർത്തി ശിഥിലമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈയൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് ആർ.എസ്.എസ് പിറന്നുവീണത്. ചിത്പവൻ ബ്രാഹ്മണരുടെ രാഷ്ട്രീയാഭിലാഷങ്ങളുടെ സാക്ഷാത്കാരമെന്ന നിലയ്ക്കാണ് മുഞ്ജേയും ഹെഡ്ഗേവാറുമെല്ലാം ചേർന്ന് ആർ.എസ്.എസിന് രൂപം നൽകിയത്. ആർ.എസ്.എസിന്റെ ഔദ്യോഗിക ചരിത്രകാരനായ ബി.പി.ദിഷികാർ സംഘത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ച ഹെഡ്ഗേവാറുടെ മനോഭാവം എന്താണെന്ന് വ്യക്തമാക്കാൻ അദ്ദേഹത്തിന്റെ ഒരു പരാമർശം എടുത്ത് ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയായിരുന്നു; 'നിസ്സഹകരണപ്രസ്ഥാനമാകുന്ന പാൽകുടിച്ച് വളർന്ന യവനസർപ്പങ്ങളെ (മുസ്ലീങ്ങൾ) അവരുടെ വിഷലിപ്തമായ ശബ്ദംകൊണ്ട് രാജ്യത്ത് ലഹളകൾ സൃഷ്ടിക്കുന്നതിനെ എതിർക്കാനായിരുന്നു.’ എന്ന ഹെഡ്ഗേവാറിന്റെ വാക്കുകൾ മറയില്ലാതെ വ്യക്തമാക്കുന്നതുപോലെ ബ്രിട്ടീഷ് വിരുദ്ധ ദേശീയപ്രസ്ഥാനത്തിൽ അണിചേരാനല്ല ആർ.എസ്.എസ് രൂപീകരിച്ചത്. ആർ.എസ്.എസിന്റെ ലക്ഷ്യവും മാർഗവും മായം ചേർക്കാത്ത മുസ്ലീംവിരുദ്ധ മനോഭാവത്തെ ദേശീയത എന്ന പേരിൽ രാജ്യത്താകെ ആധിപത്യം പുലർത്തണമെന്നതാണ്.
ആർ.എസ്.എസ് രൂപീകരിച്ചതിനുശേഷമാണ് സൈമൺ കമ്മീഷനെ ബഹിഷ്കരിക്കുന്ന പ്രക്ഷോഭങ്ങളിൽ ദേശീയരാഷ്ട്രീയം ഇളകിമറിഞ്ഞത്. ഹിന്ദുമഹാസഭയും ആർ.എസ്.എസും സൈമൺകമ്മീഷനെതിരായ പ്രക്ഷോഭങ്ങളിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ഹിന്ദുമഹാസഭയിൽ അംഗത്വമുണ്ടായിരുന്ന ലാലാ ലജ്പത്റായിയെ പോലുള്ളവർ സൈമൺ കമ്മീഷനെതിരായ പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയപ്പോൾ അവരെ തള്ളിപ്പറയുകയാണ് ഹിന്ദുമഹാസഭ ചെയ്തത്. 1928-ൽ ലാഹോറിൽ സൈമൺ കമ്മീഷനെതിരെ കരിങ്കൊടി കാണിച്ച് ലാത്തിയടിയേറ്റ് പിടഞ്ഞുവീണ ലാലാ ലജ്പത്റായ് ദിവസങ്ങൾക്കകം രക്തസാക്ഷിത്വം വരിച്ചു. ബ്രിട്ടീഷുകാർക്കെതിരെ ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി കത്തിജ്ജ്വലിച്ചു നിന്ന ഒരു തലമുറയുടെ പ്രതിനിധികളായ ഭഗത് സിങ്ങും സുഖ്ദേവും രാജ്ഗുരുവും അറസ്റ്റുചെയ്യപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്തു. മുസഫർ അഹമ്മദ് ഉൾപ്പെടെയുള്ള 32-ഓളം കമ്യൂണിസ്റ്റ് നേതാക്കളെ അറസ്റ്റുചെയ്യുകയും ബ്രിട്ടീഷ് ഭരണം ഇല്ലാതാക്കുന്നതിന് ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി വിചാരണ ചെയ്യുകയും ചിലരെ ജയിലിലടക്കുകയും ചിലരെ ആജീവനാന്തം നാടുകടത്തുകയും ചെയ്തു.

1930 ജനുവരി 26-ന് സഹസ്രക്കണക്കിന് ഇന്ത്യൻ ദേശാഭിമാനികൾ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു. ഗാന്ധിജിയുടെ നേതൃത്വത്തിൽ പതിനായിരങ്ങൾ ദേശീയ മുദ്രാവാക്യങ്ങളുയർത്തി ജയിലിലേക്ക് പോയി. ബ്രിട്ടീഷ് ഭരണത്തെ തകർക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് രാജ്യമെമ്പാടും ദേശീയവാദികളെ വേട്ടയാടുകയും അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്തു. പ്രക്ഷുബ്ധമായ ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ പോരാട്ടത്തിന്റെ നാളുകളിൽ ആർ.എസ്.എസ് കുറ്റകരമായ നിസ്സംഗതയിലായിരുന്നു. ആർ.എസ്.എസ് സ്ഥാപകരിൽ പ്രമുഖനായ മുഞ്ജേ സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു ജനത തിളച്ച് മറിയുന്ന കാലത്ത് ആർ.എസ്.എസുകാരെ ഉപദേശിച്ചത്; 'ഉത്തരവാദിത്വമുള്ള സഹകാരിയായി ബ്രിട്ടീഷ് ഗവൺമെന്റിനോട് സഹകരിക്കാനാ'യിരുന്നു. ഇന്ത്യൻ ജനത സ്വാതന്ത്ര്യബോധത്താൽ ബ്രിട്ടീഷുകാർക്കെതിരെ ആളിക്കത്തിയപ്പോൾ ബ്രിട്ടീഷ് രാജ്ഞിയെയും വൈസ്രോയിയേയും അവരുടെ കൂടെനിന്ന് ആശ്വസിപ്പിച്ച രാജ്യദ്രോഹത്തിന്റെ പാരമ്പര്യമാണ് ആർ.എസ്.എസിനുള്ളത്.
1930-ലെ ലണ്ടൻ വട്ടമേശസമ്മേളനത്തിൽ ഹിന്ദുക്കളെ പ്രതിനിധീകരിച്ച് മുഞ്ജേ പങ്കെടുക്കുകയുണ്ടായി. 1930 ജനുവരി 26-ന് കോൺഗ്രസ് സ്വാതന്ത്ര്യദിന പ്രഖ്യാപനം നടത്തിക്കൊണ്ട് പുറത്തിറക്കിയ സർക്കുലറിനെ പിന്തുണക്കാൻ നിർബന്ധിതമായ ആർ.എസ്.എസ് അവരുടെ യോഗങ്ങളിൽ ത്രിവർണപതാകയെ (നമ്മുടെ ദേശീയ പതാക) വന്ദിക്കില്ലെന്നും ഭഗവത്ജണ്ടയെ മാത്രമേ വന്ദിക്കുകയുള്ളുവെന്നും വാശിപിടിക്കുകയായിരുന്നല്ലോ. ഹെഡ്ഗേവാറിന്റെ ജീവചരിത്രം എടുത്താൽ 1922-ൽ നിസ്സഹകരണ പ്രസ്ഥാനകാലത്ത് ഒരു പ്രസംഗത്തിന്റെ പേരിൽ ജയിലിൽ പോയതല്ലാതെ ദേശീയസ്വാതന്ത്ര്യത്തിനു വേണ്ടി ഒരു ത്യാഗവും ചെയ്തതായി കാണാനാവില്ല. ഹെഡ്ഗേവാറിന്റെ പിൻഗാമിയായി 1940-ൽ തെരഞ്ഞെടുക്കപ്പെട്ട ഗോൾവാൾക്കർ ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യ കത്തി നിന്ന നാളുകളിൽ ദേശീയപ്രസ്ഥാനത്തിൽ പങ്കെടുക്കുകയോ ഒരു നിമിഷനേരം പോലും ബ്രിട്ടീഷ് ജയിലിന്റെ അകം കാണുകയോ ചെയ്തിട്ടില്ല!
ഇക്കൂട്ടരാണ് ഇന്ന് ദേശീയതയെക്കുറിച്ചുള്ള വാചാടോപങ്ങളുമായി ന്യൂനപക്ഷങ്ങളെയും തങ്ങൾക്ക് അനഭിമതരായ ജനസമൂഹങ്ങളെയും ദേശവിരുദ്ധരായി മുദ്രകുത്തി വേട്ടയാടുന്നത്. എഴുത്തുകാരോടും കലാകാരരോടും പാക്കിസ്ഥാനിലേക്ക് വിട്ടോളാൻ ആക്രാശിക്കുന്നത്. 1938-ൽ പ്രസിദ്ധീകരിച്ച ഗോൾവാൾക്കറുടെ 'നമ്മൾ അഥവാ നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു' എന്ന പുസ്തകമാണ് ഹിന്ദുരാഷ്ട്രവാദം അതിശക്തമായി ഉയർത്തിയത്. ഹിന്ദുക്കൾ ഒരു രാഷ്ട്രമാണെന്ന വാദത്തിലൂടെ ദേശീയപ്രസ്ഥാനത്തെ തകർക്കാനുള്ള ദ്വിരാഷ്ട്രവാദത്തിന് ബ്രിട്ടീഷുകാർ ആഗ്രഹിച്ച രീതിയിൽ ധ്രുവീകരണം ഉണ്ടാക്കുകയാണ് ഗോൾവാൾക്കർ ചെയ്തത്. മുസ്ലീം രാഷ്ട്രവാദം ഉന്നയിച്ച മുസ്ലീംലീഗിന്റെ 1940-ലെ ലാഹോർ പ്രമേയത്തിന് രണ്ടുവർഷം മുമ്പാണ് ഗോൾവാൾക്കർ 'ദ്വിരാഷ്ട്രം' എന്ന പരികൽപനയ്ക്ക് ഹിന്ദുപക്ഷത്തു നിന്നുള്ള അക്രമോത്സുകമായ ആവിഷ്കാരം നൽകുന്നത്.
ബ്രിട്ടീഷ് അനുകൂലമായ ആർ.എസ്.എസ് നീക്കങ്ങൾക്ക് ബ്രിട്ടീഷ് ആഭ്യന്തരവകുപ്പിന്റെ എല്ലാ സഹായങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം സുരക്ഷിതമായി തുടരാൻ ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ സഹായകരമായിരിക്കുമെന്നാണ് ബ്രിട്ടീഷ് പൊളിറ്റിക്കൽ ഇന്റലിജൻസ് വിഭാഗം കണക്കാക്കിയത്. ബ്രിട്ടീഷ് പൊളിറ്റിക്കൽ ഇന്റലിജൻസ് ഡിപ്പാർട്ടുമെന്റിലെ ഒരു ഉദ്യോഗസ്ഥനായ ഇ.ജെ. ബവറിജ് 1942-ൽ ആർ.എസ്.എസിനെ കുറിച്ച് നടത്തിയിട്ടുള്ള നിരീക്ഷണം അവരുടെ കൊളോണിയൽ ദാസ്യം കൃത്യമായി വ്യക്തമാക്കുന്നതാണ്. ബവറിജ് നിരീക്ഷിക്കുന്നത് ഹിന്ദുമഹാസഭയും ആർ.എസ്.എസും ഒന്നിച്ച്നിൽക്കുന്നിടത്തോളം ഇന്ത്യയിലെ ബ്രിട്ടീഷ് വാഴ്ചക്ക് ഒരാപത്തും ഉണ്ടാകില്ലെന്നാണ്. ബ്രിട്ടീഷ് വിരുദ്ധമായ ഒരു പ്രവർത്തനത്തിലും ഏർപ്പെടുന്നതിന് ആർ.എസ്.എസിന് താല്പര്യമില്ലെന്നും തങ്ങളുടെ രാഷ്ട്രീയമരണത്തിനിടയാക്കുന്ന സംഭവങ്ങൾ ഉണ്ടാകാൻ പോകുകയാണെന്ന് ഭയപ്പെടുമ്പോൾ മാത്രമെ ആർ.എസ്.എസ് ബ്രിട്ടീഷുകാർക്കെതിരായ പ്രവർത്തനങ്ങളിൽ ഇടപെടുകയുള്ളൂ എന്നാണ് ബവറിജ് വിശ്വാസം പ്രകടിപ്പിക്കുന്നത്.
ബ്രിട്ടീഷുകാരെ സഹായിച്ചുകൊണ്ടുതന്നെ തങ്ങളുടെ ക്രമപ്രവൃദ്ധമായ വളർച്ചക്കുള്ള തയ്യാറെടുപ്പുകളാണ് ആർ.എസ്.എസ് നടത്തുന്നതെന്നാണ് ബവറിജ് നിരീക്ഷിച്ചത്. ഒരു നിയമവും ലംഘിക്കരുതെന്നും അധികൃതരുമായി ഏറ്റുമുട്ടരുതെന്നും ആർ.എസ്.എസ് തീരുമാനിച്ചിട്ടുണ്ടെന്നും ഈ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. പക്ഷെ ഇതിന് രണ്ട് അപവാദങ്ങൾ ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. ഒന്ന്, അമിതമായ സാമുദായിക സങ്കുചിത്വം മൂലം ആർ.എസ്.എസ് വർഗീയ ലഹളകളിലും മറ്റ് പ്രവർത്തനങ്ങളിലും എടുത്തുചാടുന്നു. രണ്ട്, യൂണിഫോം ധരിക്കുകയും പരേഡ് സംഘടിപ്പിക്കുകയും ചെയ്യുന്നതിന് 1940-ൽ ഏർപ്പെടുത്തിയ നിരോധനത്തിൽ ആർ.എസ്.എസിന് പ്രതിഷേധം ഉണ്ടായിരുന്നു. പക്ഷെ ബ്രിട്ടീഷുകാരുടെ നിരോധന ഉത്തരവുകൾ ആർ.എസ്.എസ് പാലിച്ചിരുന്നുവെന്നും അവരുടെ ഇക്കാര്യത്തിലുള്ള സന്നദ്ധത നിരീക്ഷിച്ച് മനസ്സിലാക്കിയിട്ടുണ്ടെന്നും ബവറിജ് പറയുന്നുണ്ട്. അതായത് ബ്രിട്ടീഷ് ഏജൻസിപണി വളരെ വിശ്വസ്തതയോടെ വിധേയത്വത്തോടെ ചെയ്തുവന്നവരാണ് ആർ.എസ്.എസുകാർ! സായിപ്പിന്റെ മുമ്പിൽ കവാത്ത് മറന്ന ഈ കുറുവടി സംഘമാണ് ഇന്ന് രാജ്യമാകെ ന്യൂനപക്ഷങ്ങളെയും ദലിതരെയും ഭിന്നാഭിപ്രായമുള്ളവരെയും അക്രമിച്ചും കൊലചെയ്തും ഭീതിപടർത്തുന്നത് എന്നോർക്കണം.

1940-ൽ ആർ.എസ്.എസിന് പരിശീലനം സിദ്ധിച്ച ഒരു ലക്ഷം വളണ്ടിയർമാർ ഉണ്ടെന്നാണ് അവർ അവകാശപ്പെട്ടത്. ഈ ഒരു ലക്ഷം വളണ്ടിയർമാർ 1940-കളിലെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ കാലത്ത് എന്താണ് ചെയ്തതെന്ന ചോദ്യം പ്രസക്തമല്ലേ? അതിന് ഉത്തരം തേടുമ്പോഴാണ് ആർ.എസ്.എസിന്റെ കടുത്ത ദേശീയവഞ്ചനയും രാജ്യദ്രോഹവും കൃത്യമായി മനസ്സിലാക്കാനാവുക. ഗാന്ധിയുടെ നേതൃത്വത്തിൽ ത്യാഗിവര്യരായ സ്വാതന്ത്ര്യപോരാളികൾ തടവറകൾക്കകത്തും പുറത്തും ദേശീയസ്വാതന്ത്ര്യത്തിനുവേണ്ടി എല്ലാം ഉപേക്ഷിച്ച് പോരാടുകയായിരുന്നു. അക്കാലത്ത് ഏകദേശം ഇരുപതിനായിരത്തിലധികം സ്വാതന്ത്ര്യസമരസേനാനികൾ ബ്രിട്ടീഷ് തടവറയിലായിരുന്നു. കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു.
എന്നാൽ ഒരുലക്ഷം അംഗബലമുള്ള ആർ.എസ്.എസ്പ്രവർത്തകരിൽ നിന്ന് ഒരാൾപോലും ഇക്കൂട്ടത്തിലുണ്ടായിരുന്നില്ല. സമരമുഖത്തും ജയിലറകളിലും ആർ.എസ്.എസിന്റെ അസാന്നിധ്യം അവരുടെ ഭീരുത്വം മാത്രമല്ല ദേശദ്രോഹ രാഷ്ട്രീയ ചരിത്രത്തെക്കൂടിയാണ് വെളിവാക്കുന്നത്. ഹെഡ്ഗേവാർ മുതൽ ഗോൾവാൾക്കർ വരെയുള്ള ആർ.എസ്.എസുകാരുടെ രാജ്യസ്നേഹമെന്നത് മുസ്ലീം വിരോധവും കമ്യൂണിസ്റ്റ് വിരോധവും കൂടിചേർന്ന ബ്രിട്ടീഷ് പാദസേവയായിരുന്നു!
ക്വുറ്റ് ഇന്ത്യാ സമരത്തെ തുടർന്ന് രാജ്യമാസകലം ദേശീയവാദികൾ വേട്ടയാടപ്പെട്ടു. 1942-ൽ ഔദ്യോഗിക കണക്കുപ്രകാരം പോലീസ് പട്ടാള വെടിവെപ്പിൽ മാത്രം 1060 പേരാണ് മരണമടഞ്ഞത്. സംഘപരിവാറിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പി നേതാവ് ഇന്ത്യയുടെ മുൻപ്രധാനമന്ത്രി അടൽബിഹാരി വാജ്പേയ് ഉൾപ്പെടെയുള്ളവർ ക്വിറ്റ്ഇന്ത്യ സമരകാലത്ത് മാപ്പെഴുതി കൊടുത്ത് ബ്രിട്ടീഷുകാർക്ക് കീഴടങ്ങുകയായിരുന്നല്ലോ. ഗാന്ധിയുടെ ആഹ്വാനം കേട്ട് ഔദ്യോഗിക പദവികളും ബിരുദങ്ങളും വരെ വലിച്ചെറിഞ്ഞ് രണ്ടും കൽപിച്ചുള്ള ഒരു സമരത്തിൽ ദേശീയവാദികളാകെ അണിനിരന്നപ്പോൾ ഹിന്ദുമഹാസഭക്കാരായ ശ്യാമപ്രസാദ് മുഖർജിയെ പോലുള്ളവർ നിയമസഭകളിലും ഔദ്യോഗിക പദവികളിലും അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. ജനസംഘത്തിന്റെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത ഈ ശ്യാമപ്രസാദ് മുഖർജിയെ പോലുള്ളവരാണല്ലോ ബി.ജെ.പിയുടെ ആദർശപുരുഷന്മാർ!
കോൺഗ്രസുകാരെല്ലാം ജയിലിലേക്ക് പോയപ്പോൾ ആ സൗകര്യം ഉപയോഗിച്ച് ബ്രിട്ടീഷ് സൗജന്യങ്ങളും അധികാരത്തിന്റെ പങ്കും അനുഭവിക്കാനാണ് ഹിന്ദുമഹാസഭയും ഗോൾവാൾക്കറുടെ ആർ.എസ്.എസും തീരുമാനിച്ചത്. അതെ, ബ്രിട്ടീഷ് പൊളിറ്റിക്കൽ ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ഇ.ജെ. ബവ്റിജ് നിരീക്ഷിച്ചതുപോലെ 'സംഘത്തിന് നിയമത്തിന്റെ നല്ലവശം നോക്കി നിൽക്കാനും അധികാരികളുമായി തെറ്റാതെ സൂക്ഷിക്കാനും പൊതുവായ ധാരണയുണ്ട്'. ആർ.എസ്.എസിന്റെ ദേശാഭിമാനം ബ്രിട്ടീഷുകാർക്കു മുന്നിൽ കുമ്പിടുന്നതായിരുന്നു. ബ്രിട്ടീഷ് സേവയായിരുന്നു അവരുടെ രാഷ്ട്രസേവനമെന്നത്.
രാജ്യമാകെ രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രിട്ടീഷുകാർക്കെതിരെ തിളച്ചുമറിയുകയായിരുന്നു. 1945-ൽ ഐ.എൻ.എ തടവുകാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിലും 1946-ലെ റോയൽ നേവികലാപത്തിന് പിന്തുണ നൽകിക്കൊണ്ടുള്ള ദേശീയ മുന്നേറ്റങ്ങളിലും ആർ.എസ്.എസ് ഉണ്ടായിരുന്നില്ലല്ലോ. 1947 വരെ ഗോൾവാൾക്കറും ആർ.എസ്.എസും വിശ്വസിച്ചിരുന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടില്ല എന്നുതന്നെയായിരുന്നു. ഹിന്ദുരാഷ്ട്രവാദത്തിന്റെ മൗഢ്യങ്ങളിൽ കിടന്ന് ദേശീയപ്രസ്ഥാനത്തെ അവഗണിച്ച പാരമ്പര്യമാണ് ആർ.എസ്.എസിനുള്ളത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടാൽ മുസ്ലീം വാഴ്ച പുനസ്ഥാപിക്കുന്നതിന് ഇടയാകുമെന്നാണ് ആർ.എസ്.എസ് സ്വന്തം അണികൾക്കിടയിൽ സ്ഥിരമായി പ്രചരണം നടത്തിയത്.
'രാഷ്ട്രീയസ്വയംസേവക്സംഘ്' എന്ന പുസ്തകത്തിന്റെ കർത്താവായ ദേശ്രാജ്ഗോയൽ 1947 ആഗസ്റ്റ് രണ്ടാം വാരത്തിൽ പഞ്ചാബിലെ ഫഗ്വാരയിൽ നടന്ന ആർ.എസ്.എസിന്റെ ഒ.ടി.സി ക്യാമ്പിന്റെ ദൃക്സാക്ഷിയായിരുന്നു. എസ്.ആർ.ഗോയൽ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കൂ; 'ക്യാമ്പിൽ പങ്കെടുത്ത ഒരാൾ ചോദിച്ചു; 'ബ്രിട്ടീഷുകാർ ഇന്ത്യ വിടുകയാണ് ഇനി ആർ.എസ്.എസിന്റെ പങ്ക് എന്തായിരിക്കും?' ആ ചോദ്യം കേട്ട് ആർ.എസ്.എസ് തലവൻ ഗോൾവാൾക്കർ പൊട്ടിച്ചിരിച്ചു. 'ബ്രിട്ടീഷുകാർ ഇന്ത്യവിടുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?' അദ്ദേഹത്തിന്റെ മറുചോദ്യം. അധികാരം കയ്യാളാൻ കച്ചകെട്ടിനിൽക്കുന്നവർ ഒന്നിനും കൊള്ളാത്തവരാണ്. ഒരു മാസം പോലും ഭരണം നടത്താൻ അവർക്കാവില്ല. അവർ തന്നെ ബ്രിട്ടീഷുകാരോട് തിരിച്ചുവരാൻ കേണപേക്ഷിക്കും. അപ്പോൾ ആർ.എസ്.എസ് അതിന്റെ പഴയപണി തുടരേണ്ടിവരും എന്ന് ഗോൾവാൾക്കർ കൂട്ടിച്ചേർത്തു.' ആ പഴയപണി മറ്റൊന്നുമല്ല വർഗീയ വിദ്വേഷം പടർത്തി ജനകീയ ഐക്യം തകർക്കുക എന്നതുതന്നെ!
1946-ൽ പാക്കിസ്ഥാൻ വാദമുയർത്തി ജിന്നയും ലീഗും പ്രത്യക്ഷസമരത്തിന് ആഹ്വാനം ചെയ്തതോടെ ഉളവായ സാഹചര്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ആർ.എസ്.എസുകാർ നാടുനീളെ വർഗീയ ലഹളകൾ നടത്തി. ഗോൾവാൾക്കർ 'ഹിന്ദുമുസ്ലീം ഐക്യം കൂടാതെ സ്വരാജ് ഇല്ലെന്ന്' പ്രഖ്യാപിക്കുന്നവർ സമൂഹത്തോട് കടുത്ത വഞ്ചന കാണിക്കുകയാണെന്നും മഹത്തും പൗരാണികവുമായ ഒരു വംശത്തിന്റെ ശക്തിയെ ചോർത്തിക്കളയുകയാണെന്നും ആക്ഷേപമുന്നയിച്ചു. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും കുറിച്ച് വാചകമടിക്കുന്ന ആർ.എസ്.എസുകാർ ഇന്ത്യയുടെ മതാധിഷ്ഠിത വിഭജനത്തിൽ ജിന്നയുടെ മുസ്ലീംലീഗിനെ പോലെ പങ്കുവഹിച്ചവരാണ്.

