അനവധി സാധ്യതകളുടെ ഗാന്ധി

ഇന്ത്യയിലൊട്ടാകെ പൗരത്വ നിയമത്തിനെതിരെ സമരങ്ങൾ നടക്കുമ്പോൾ അംബേദ്കറുടെ മുഖചിത്രമായിരുന്നു ഗാന്ധിയുടെതിനേക്കാൾ ജനങ്ങൾക്കിടയിൽ കാണാൻ സാധിച്ചത്. അംബേദ്കർ ഇന്ത്യയിലുടനീളം വളരെ പ്രധാന്യമുള്ള നേതാവായി മാറുകയാണ്, പക്ഷെ അംബേദ്കർ തെളിയുമ്പോഴും ഒരു നേർത്ത തെളിച്ചം പോലെ ഗാന്ധി ഉണ്ടാകണം. അവർ തമ്മിൽ സംവേദനം സാധ്യമാകണം, കാരണം അവർ ആരും ഇന്നിന്റെ രാഷ്ട്രീയത്തെ കുറിച്ച് ബോധവാന്മാരല്ല, അതുകൊണ്ടുതന്നെ അവരുടെ ആശയങ്ങൾ നമുക്ക് ഉപയോഗിക്കാം; വ്യക്തി കേന്ദ്രീകൃതമായ അതിർവരമ്പുകളുടെ തടസമില്ലാതെ

ഴിഞ്ഞകൊല്ലം ഡൽഹിയിൽ വിപുലമായി ഗാന്ധി ജയന്തി ആഘോഷിച്ചിരുന്നു. ‘മൻ മേം ബാപ്പു' എന്ന പേരിൽ ബി.ജെ.പി നടത്തിയ ഈ ആഘോഷപരിപാടികളുടെ മുഖ്യ ആകർഷണം ഡൽഹിയിലെ പല ഭാഗങ്ങളിൽ സംഘടിപ്പിച്ചിരുന്ന റാലികളായിരുന്നു. ‘ഗാന്ധി സങ്കൽപ്പ് യാത്ര' എന്ന് പേരിട്ട അത്തരം റാലികളുടെ പ്രധാന ആഹ്വാനമാകട്ടെ ‘നവ ഭാരതം നിർമിക്കുന്നതിന് ഗാന്ധിയുടെ പാത പിന്തുടരുക' എന്നതും.

രാഷ്ട്രപിതാവായ ഗാന്ധിയെ കക്ഷിരാഷ്ട്രീയഭേദമില്ലാതെ എല്ലാ സർക്കാരുകളും ആദരിക്കുന്നു. രാഷ്ട്രീയ ധാർമികതയുടെ ഭാഗമായി ഗാന്ധിയെ സാധാരണ എല്ലാ ഇന്ത്യൻ രാഷ്ട്രീയപാർട്ടികളും ആദരിക്കുന്നു. എന്നാൽ ബി.ജെ.പിയുടെ ഗാന്ധിഭക്തി വളരെയധികം വൈരുധ്യങ്ങൾ നിറഞ്ഞതായി കാണാം. ഒരു ഭാഗത്ത് മോദിയെ പോലുള്ള മുൻനിര നേതാക്കൾ ഗാന്ധിയെ ആദരിക്കുമ്പോൾ മറുവശത്ത് പ്രഗ്യ സിംഗ് ഠാക്കൂറിനെ പോലുള്ളവർ ഗാന്ധിയുടെ വധത്തെ ആഘോഷിക്കുന്നുണ്ട്.

അരുന്ധതി റോയ്

അണികളിലും ഈ വൈരുധ്യം കാണാം. ഗോഡ്‌സെയും ഗാന്ധിയും ഒരേപോലെ രാജ്യസ്‌നേഹികളാണ് എന്ന് വിശ്വസിക്കുന്നവർ പതിയെ ഗാന്ധിയുടെ ഹിന്ദ് സ്വരാജിനെ ഗോഡ്സെയുടെ അഖണ്ഡഭാരത ആശയവുമായി ചേർത്തുവെക്കുകയും ചെയ്യുന്നു. ‘ഒരു ഹിന്ദു എന്നതിൽ അഭിമാനിക്കുന്ന, ആർ.എസ്.എസിന്റെ വളർച്ചയിൽ സന്തോഷിച്ചിരുന്ന മഹാത്മാവായിരുന്നു ഗാന്ധിയെന്ന്' ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് അടുത്തിടെ പറഞ്ഞിരുന്നു. ഇത്തരത്തിൽ ഗാന്ധി ഏതാണ്ട് പൂർണമായും കാവിവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിയെ വളരെ വേഗം ഹിന്ദുത്വ ശക്തികൾ ഏറ്റെടുത്തപ്പോൾ അതിനെതിരെയുള്ള പ്രതികരണങ്ങൾ പലതും ഗാന്ധിയെ മുഴുവനായും തള്ളിക്കളഞ്ഞുകൊണ്ടാണ് വന്നിരുന്നത്. മാർക്‌സിസ്റ്റ് ചരിത്രകാരനായ പെറി ആൻഡേഴ്‌സൺ മുതൽ എഴുത്തുകാരിയായ അരുന്ധതി റോയ് വരെ ഗാന്ധിയെ മുൻപ് വിമർശിച്ചിരുന്നു. ആഫ്രിക്കയിലും മറ്റും ഗാന്ധി നടത്തിയ വംശീയ പരാമർശത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ പ്രതിമകൾ നീക്കപ്പെടുകയും ചെയ്തു. അമേരിക്കയിൽ നടന്ന വംശീയ അതിക്രമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിലും ചില ഗാന്ധി പ്രതിമകൾ തകർക്കപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിൽ ഒരു വശത്ത് പൂർണമായി എതിർക്കപ്പെടുകയും മറുവശത്ത് പൂർണമായും പവിത്രവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ഗാന്ധിയിൽ യഥാർത്ഥത്തിൽ നഷ്ടമാകുന്നത് ഇനിയും കണ്ടെത്താവുന്ന പല സാധ്യതകളാണ്. അതുകൊണ്ട് പവിത്രവൽക്കരണവും പൂർണമായ എതിർപ്പും ഒരു പോലെ ഒഴിവാക്കി ഗാന്ധിയെ ചരിത്രപരമായി മനസിലാക്കുവാനും അദ്ദേഹത്തിൽ കൂടുതൽ സാധ്യതകൾ കണ്ടെത്താനുമാണ് ഹിന്ദുത്വത്തെ പ്രതിരോധിക്കുന്നതിൽ നടത്തേണ്ട പ്രധാന നടപടി.

രാമചന്ദ്ര ഗുഹ

സമീപകാലത്ത് അത്തരത്തിൽ ശ്രദ്ധേയ കണ്ടെത്തലുകൾ നടത്തുന്നത് ചരിത്രകാരനായ രാമചന്ദ്ര ഗുഹയാണ്. ഗോപാൽ ഗുരുവിനെ പോലുള്ളവർ കുറച്ചുകൂടി വിശാലമായി ഗാന്ധിയും അംബേദ്കറും മാർക്‌സും തമ്മിൽ ആശയപരമായ സംവാദങ്ങൾ സാധ്യമാണോ എന്നും അന്വേഷിക്കുന്നുണ്ട്.

ഗാന്ധി വളരുന്നു, സംവാദങ്ങളിലൂടെ

വളരെ സങ്കീർണമായി തോന്നുകയും, പല സമയങ്ങളിൽ കാതലായ മാറ്റങ്ങൾക്ക് വിധേയമാകുകയും ചെയ്യുക എന്നതാണ് ഗാന്ധിയുടെ ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും പ്രധാന സവിശേഷത. അതുകൊണ്ട് തന്നെ ചരിത്രപശ്ചാത്തലത്തിൽ വായിക്കപ്പെട്ടിട്ടില്ലെങ്കിൽ വളരെ വേഗം ഗാന്ധി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. അദ്ദേഹത്തിന്റെ എഴുത്തുകളിൽ മാറ്റമില്ലാതെ തുടരുന്ന രണ്ട് ആശയങ്ങൾ ബഹുസ്വരതയും അഹിംസയുമാണ്, അതിന്റെ പ്രായോഗിക തലത്തിലുള്ള ആവിഷ്‌കാരമായി സത്യാഗ്രഹവും കാണാം. സത്യത്തിന് പ്രധാന്യം കൊടുക്കുന്ന ഗാന്ധി പക്ഷെ മൂന്ന് കാര്യങ്ങളിലാണ് ഇതുവരെ വിമർശനം നേരിട്ടിട്ടുള്ളത്; ആഫ്രിക്കയിൽ അദ്ദേഹം നടത്തിയ വംശീയ പരാമർശങ്ങളുടെയും, ജാതിയെ കുറിച്ചുള്ള അഭിപ്രായത്തെയും, പല സമയത്ത് അദ്ദേഹം നടത്തിയ സ്ത്രീ- വിരുദ്ധ പരാമർശങ്ങളുടെയും പേരിൽ.

വ്യക്തിജീവിതത്തിലെ പല പെരുമാറ്റങ്ങളും ഗാന്ധിയെന്ന വ്യക്തിയിൽ വിരോധം ജനിപ്പിക്കുന്നതിൽ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാൽ അത്തരം വിമർശനങ്ങൾ എല്ലാം നിലനിൽക്കുമ്പോഴും ഗാന്ധിയെന്ന രാഷ്ട്രീയ പ്രവർത്തകൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ വരുത്തിയ കാതലായ മാറ്റം ശ്രദ്ധേയമാണ്. അതാകട്ടെ ഇന്ത്യൻ രാഷ്ട്രീയത്തെ കഴിയുന്നത്ര ബഹുസ്വരമാക്കി എന്നതും. അതുകൊണ്ടുതന്നെ ഇടതുമുതൽ വലതുവരെ പല ആശയങ്ങൾ നിലനിൽക്കുന്ന രാഷ്ട്രീയാന്തരീഷം ഇന്ത്യക്ക് സ്വാതന്ത്ര്യസമരത്തിലൂടെ നേടാൻ കഴിഞ്ഞു. ഹിന്ദു മതത്തിൽ കാതലായ മാറ്റം വരുത്തുവാൻ ശ്രമിക്കുന്ന ഗാന്ധി താൻ സ്വയം ‘ഹിന്ദു' എന്ന് വിശേഷിപ്പിക്കുമ്പോൾ ഉദ്ദേശിക്കുന്നത് ബുദ്ധമതത്തിന്റെ നീതിശാസ്ത്രവും, ജൈനമതത്തിന്റെ അഹിംസയും, ക്രിസ്തുമതത്തിലെ അപരസ്‌നേഹവും യൂറോപ്യൻ മനുഷ്യാവകാശവാദങ്ങളും കലർന്ന താൻ തന്നെ കണ്ടെത്തിയ ഹിന്ദുമതത്തെയാണ്. ഒരു മതവും പൂർണമല്ല എന്ന തിരിച്ചറിവിൽ എല്ലാ മതങ്ങളും ഒരേപോലെ പരസ്പരം മനസ്സിലാക്കി ബഹുസ്വരത നിലനിർത്തുക എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.

ജാതിയെ കുറിച്ചും ഗാന്ധിക്ക് തന്റേതായ കണ്ടെത്തലുകളുണ്ട്. തൊട്ടുകൂടായ്മയെ എതിർക്കുമ്പോഴും അദ്ദേഹം വർണാശ്രമധർമത്തെ എതിർക്കുന്നില്ല. മുകളിൽ നിന്ന് താഴേക്കുള്ള ശ്രേണികരണത്തെക്കാൾ ഉച്ചനീചത്വം ഇല്ലാത്ത വേർതിരിവാണ് ജാതി എന്ന് ഗാന്ധി മനസിലാക്കുന്നു. ജാതിയെ മനസിലാക്കുന്നതിലും സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വെക്കുന്നതിലും ഗാന്ധി വിജയിച്ചിരുന്നില്ല എന്നുകാണാം. പക്ഷെ ജാതിവ്യവസ്ഥയിൽ വളരെ വേദനിച്ചിരുന്ന ഗാന്ധിയെ രാഷ്ട്രീയചിന്തകൻ ഗോപാൽ ഗുരു കണ്ടെത്തുന്നു. മാത്രമല്ല, ജാതിയെ സംബന്ധിച്ച് അംബേദ്കറുമായി നടന്ന ചർച്ചകളിൽ നിന്ന് ജാതിവേർതിരിവിനാൽ ഭൗതിക വിവേചനം സൃഷ്ടിക്കപ്പെടുന്നുണ്ട് എന്ന് ഗാന്ധിയും ജാതി ഉന്മൂലത്തിന് നിയമം മാത്രമല്ല ധാർമികമായ പരിവർത്തനം കൂടി സമൂഹത്തിന് ആവശ്യമാണ് എന്ന് അംബേദ്കറും കണ്ടെത്തിയതായി രാമചന്ദ്ര ഗുഹയും നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ പലരുമായി നടന്ന സംവാദത്തിലൂടെയാണ് ഗാന്ധി വളരുന്നത്. ടാഗോറുമായി ദേശീയതയെ കുറിച്ച് നടത്തിയ ചർച്ചകളും ഇതിന് ഉദാഹരണം.

സാമൂഹിക പരിഷകരണത്തെക്കാൾ ഗാന്ധി ശ്രദ്ധിച്ചിരുന്നത് രാഷ്ട്രീയമായ ഇടപെടലുകളാണ്. അതുകൊണ്ട് തന്നെ തന്റെ രാഷ്ട്രീയ ഇടപെടലുകൾക്ക് ആധാരമായി അദ്ദേഹം കണ്ടിരുന്നത് അഹിംസ, ഹിന്ദു-മുസ്‌ലിം ഐക്യം, സ്വദേശി പ്രസ്ഥാനം, തൊട്ടുകൂടായ്മയുടെ ഉന്മൂലനം എന്നിവയാണ്. തീരെ ദോഷകരമല്ലാത്ത രീതിയിൽ ധാരാളം വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയെ സ്വാതന്ത്ര്യലബ്ധിയിലേക്ക് രക്തച്ചൊരിച്ചിൽ ഇല്ലാതെ എത്തിക്കുക എന്ന വളരെ കൃത്യമായ രാഷ്ട്രീയ ഇടപെടലാണ് ഗാന്ധി നടത്തിയിട്ടുള്ളത്. കർഷകരുടെ പ്രാധാന്യത്തിൽ ഊന്നിയും കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിലൂടെയും ലക്ഷ്യം വെക്കുന്നതും ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റി മറിക്കണം എന്നുണ്ടെങ്കിൽ ഗ്രാമങ്ങളിലേക്ക് പോകണം എന്ന കാലങ്ങൾ കടന്നുള്ള അറിയിപ്പാണ്.

ഇത് ഗാന്ധിയുടെ ദേശീയത അല്ല

ഗാന്ധി ഒരിക്കലും താൻ തന്റെ അവസാന കണ്ടെത്തലിൽ എത്തി എന്ന് വാദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ ഓരോ തവണയും നടത്തുന്ന ഇടപെടലുകൾ അതുവരെ താൻ പരീക്ഷിച്ച് നേടിയ അനുഭവത്തിന്റെ ഫലമാണ്. ഈ അനുഭവത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുത്തതാണ് ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും അടിസ്ഥാന സ്വഭാവമുള്ള ഇന്ത്യൻ ദേശീയത. അതിന്റെ കാതൽ ഹിന്ദു-മുസ്‌ലിം ഐക്യവും. നരേന്ദ്രമോദിയുടെ ഭരണത്തിനുകീഴിൽ തകരുന്നത് ഈ ദേശീയതാവാദമാണ്. ബാബ്റി മസ്ജിദ് തകർത്ത കേസിൽ തെളിവില്ല എന്ന് കാണിച്ച് കുറ്റാരോപിതരെ കോടതി വെറുതെ വിട്ടതുമുതൽ നാളുകൾക്കുമുമ്പ് കർഷകർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കി കൊടുക്കുന്നു എന്ന വ്യജേന പാസ്സാക്കിയ കാർഷിക ബില്ലുകൾ വരെ തെളിയിക്കുന്നത് രാജ്യം ഗാന്ധിയുടെ ദേശീയതയിൽ നിന്ന് വഴി മാറി പോകുന്നു എന്നാണ്. കൊറോണാ വ്യാപനത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക്ഡൗൺ കാരണം ദീർഘദൂരം കാൽനടയായി യാത്ര ചെയ്തപ്പോൾ മരിച്ച അതിഥി തൊഴിലാളികളുടെ വിവരം കൈവശമില്ലാത്ത സർക്കാർ, ഗാന്ധിയുടെ ഭാഷയിൽ പറഞ്ഞാൽ ഇന്ത്യ ഭരിക്കുവാനുള്ള ധാർമിക അധികാരം നഷ്ട്ടപ്പെടുത്തിയിരിക്കുന്നു.

ഗാന്ധി, മാർക്‌സ്, അംബേദ്കർ

ചരിത്രം പഠിക്കുമ്പോൾ പ്രധാനമായും മനസിലാക്കുവാൻ സാധിക്കുന്നത് ഗാന്ധി പറയുന്നതുപോലെ ഒരു ആശയവും പൂർണമല്ല എന്നാണ്. യഥാർഥത്തിൽ പല ആശയങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് പുതിയ രാഷ്ട്രീയം നിർണയിക്കുന്നതിൽ പ്രധാനം. അതുകൊണ്ട് തന്നെ ഗാന്ധിസവും, മാർക്‌സിസവും, അംബേദ്കറിസവും തമ്മിലുള്ള കൂടുതൽ സംവേദനങ്ങൾ സാധ്യമാകണം. അംബേദ്കറിസത്തിന്റെ സത്ത നിയമനിർമാണത്തിന്റെയും ഭരണകൂടത്തിന്റെ അധികാരം കൃത്യമായി ഉപയോഗിക്കുന്നതിന്റെയുമാണെങ്കിൽ മാർക്‌സിസവും ഗാന്ധിസവും ജനങ്ങളെ ആ ഭരണകൂടത്തെ ചോദ്യം ചെയ്യുവാൻ സഹായിക്കും, നിയമനിർമാണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല സാമൂഹികമായ പരിവർത്തനം കൂടി സാധ്യമാക്കിക്കൊണ്ട്. ആശയത്തിൽ ചെറിയ സാമ്യത കാണാൻ സാധിച്ചേക്കാം എങ്കിലും പ്രയോഗത്തിൽ മാർക്‌സിസത്തിൽ സായുധസമരം ഭാഗമാകുമ്പോൾ ഗാന്ധിയൻ രീതിയിൽ അഹിംസക്കാണ് പ്രാധാന്യം. പ്രയോഗത്തിലെ ഈ വ്യത്യാസം ഒഴിച്ചുനിർത്തിയാൽ രണ്ട് ആശയങ്ങളും ബഹുജനങ്ങൾ അണിനിരക്കുന്ന വൻസമരങ്ങളാണ് അധികാരത്തെ ചോദ്യം ചെയ്യുന്നതിനും സമൂഹത്തിനെ മാറ്റിമറിക്കുന്നതിനും ആവശ്യം എന്ന് കണ്ടെത്തുന്നുണ്ട്.

ഡോ: ബി.ആർ. അംബേദ്കർ

പ്രശസ്ത ചിത്രകലാകാരൻ റിയാസ് കോമുവിന്റെ ‘ധമ്മ സ്വരാജ്' എന്ന ചിത്രം പ്രശസ്തമാണ്. ഗാന്ധിയുടെ മുഖചിത്രം പതിയെ അംബേദ്കറുടെ മുഖചിത്രത്തിന്റെ വരവോടെ അതിൽ ലയിച്ചുചേരുന്നതായോ ഇല്ലാതാകുന്നതായോ കാണാം. ഇന്ത്യയിലൊട്ടാകെ പൗരത്വ നിയമത്തിനെതിരെ സമരങ്ങൾ നടക്കുമ്പോൾ അംബേദ്കറുടെ മുഖചിത്രമായിരുന്നു ഗാന്ധിയുടെതിനേക്കാൾ ജനങ്ങൾക്കിടയിൽ കാണാൻ സാധിച്ചത്. അംബേദ്കർ ഇന്ത്യയിലുടനീളം വളരെ പ്രധാന്യമുള്ള നേതാവായി മാറുകയാണ്, പക്ഷെ അംബേദ്കർ തെളിയുമ്പോഴും ഒരു നേർത്ത തെളിച്ചം പോലെ ഗാന്ധി ഉണ്ടാകണം. അവർ തമ്മിൽ സംവേദനം സാധ്യമാകണം, കാരണം അവർ ആരും ഇന്നിന്റെ രാഷ്ട്രീയത്തെ കുറിച്ച് ബോധവാന്മാരല്ല, അതുകൊണ്ടുതന്നെ അവരുടെ ആശയങ്ങൾ നമുക്ക് ഉപയോഗിക്കാം; വ്യക്തികേന്ദ്രീകൃതമായ അതിർവരമ്പുകളുടെ തടസമില്ലാതെ.

Comments