Illustration: Muhammed Jadeer

ഭഗവത്​ഗീത പാഠപുസ്​തകമാകുന്നു,
പുരാണ ഫാന്റസികൾ പുതിയ ശാസ്​ത്രമാകുന്നു

വിവിധ സംസ്ഥാനങ്ങളിൽ പുതിയ അക്കാദമിക വർഷം മുതൽ ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാകുകയാണ്​. ഇന്ത്യയിലെ ഭൂരിപക്ഷ മതത്തിന്റെ ഗ്രന്ഥം പാഠ്യപദ്ധതിയിലേക്ക് കടന്നുവരുന്നതിനുപിന്നിൽ, ഒരു ബ്രാഹ്മണിക്കൽ തിരക്കഥയുണ്ട്​. ജനാധിപത്യ- മതേതര- ശാസ്ത്രീയ വിദ്യാഭ്യാസമെന്ന ആദർശം ഇല്ലാതാക്കുനുള്ള ഒരു നീക്കം കൂടിയാണിത്​.

ദേശീയവിദ്യാഭ്യാസനയ രൂപീകരണത്തോടെ ഔദ്യോഗികവും ഔപചാരികവുമാക്കപ്പെട്ട ഒരു ഹിന്ദുത്വ വിദ്യാഭ്യാസ പദ്ധതിയ്ക്ക് ഇന്ത്യയിൽ അരങ്ങൊരുങ്ങുകയാണ്. വ്യത്യസ്ത രൂപങ്ങളിൽ പാഠ്യപദ്ധതിയായും പാഠപുസ്തകങ്ങളായും അത് എതിർശബ്ദങ്ങളെയും വിയോജിപ്പുകളെയും തകർത്ത്​ മുന്നേറുകയാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പുതിയ അക്കാദമിക വർഷം മുതൽ ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള നീക്കം, അത്തരം നിരവധി ശ്രമങ്ങളിലൊന്നു മാത്രമാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഉത്തർഖണ്ഡ്, കർണാടക എന്നീ സംസ്ഥാനങ്ങൾ ഗീത പഠിപ്പിക്കുന്നതിന്​തീരുമാനമെടുത്തുകഴിഞ്ഞു. ധാർമിക പഠനമെന്നോ, മൂല്യാധിഷ്ഠിത പഠനമെന്നോ ഉള്ള പേരിൽ ഭഗവത്ഗീതാസൂക്തങ്ങളും മറ്റ് മതഗ്രന്ഥങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമായിത്തീരും. ഭഗവത്ഗീത ഒരു കേവല മതഗ്രന്ഥമല്ലെന്നും ഇന്ത്യൻ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണെന്നും അതിലെ ആശയങ്ങൾ എക്കാലത്തും പ്രസക്തമാണെന്നുമുള്ള വിതണ്ഡവാദങ്ങളുയരും. ഹിന്ദുക്കൾക്കു മാത്രമല്ല, മുസ്​ലിമിനും, ക്രിസ്ത്യാനിക്കും, ബുദ്ധ -ജൈന -സിഖ് വിശ്വാസികൾക്കും, മതവിശ്വാസികളല്ലാത്തവർക്കുപോലും ഭഗവത്ഗീത വഴികാട്ടുമെന്ന സൂക്തങ്ങളുയരും. അങ്ങനെ മതേതരരാജ്യമായ ഇന്ത്യയിൽ ഒരു മതഗ്രന്ഥം, അതും ഇന്ത്യയിലെ ഭൂരിപക്ഷ മതത്തിന്റെ ഗ്രന്ഥം, പാഠ്യപദ്ധതിയിലേക്ക് സിംപിളായി കടന്നുവരും. ശാസ്ത്രവും ചരിത്രവും ഗണിതവും അരികുകളിലേക്കു മാറ്റി നിർത്തപ്പെടും. മതവും, മതപഠനവും, വിശ്വാസവും വ്യക്തിപരമായ കാര്യമെന്നതു മാറി രാഷ്ട്രത്തിന്റെ അവിഭാജ്യഭാഗമായിത്തീരും. ജനാധിപത്യ- മതേതര- ശാസ്ത്രീയ വിദ്യാഭ്യാസമെന്ന ആദർശം ഇല്ലാതാവും. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞതും, ശാസ്ത്രവും, വിശ്വാസവും ഇടകലർന്നതും ഏറെ മുന്നേതന്നെ തീരുമാനിക്കപ്പെട്ടതുമായ ഒരു ബ്രാഹ്മണിക്കൽ തിരക്കഥയുടെ നിർവഹണ ഭൂമികയായി ഇന്ത്യ മാറും.

തുല്യതയുടേയും, സാമൂഹികനീതിയുടേയും, അവകാശങ്ങളുടെയും നിരവധി പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കെ, മതാധിഷ്ഠിത ആശയങ്ങളുടെ ബോധനത്തിലൂടെ അടിസ്ഥാന വിദ്യാഭ്യാസപ്രശ്‌നങ്ങളെ മറികടക്കുകയെന്ന കൗശലമല്ലാതെ മറ്റെന്താണ് മതഗ്രന്ഥപഠനത്തിലൂടെ ലക്ഷ്യമിടുന്നത്.

വഴികാട്ടാൻ വിദ്യാഭ്യാസനയം

ഭാരതത്തെ പരിവർത്തനം ചെയ്യുന്നതിനുതകുന്ന ഇന്ത്യൻ ധാർമികതയിൽ വേരൂന്നിയ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ വിഭാവനംചെയ്യുന്ന ദേശീയ വിദ്യാഭ്യാസനയരേഖയുടെ കാഴ്ചപ്പാട് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇന്ത്യൻ ധാർമികതയെ ഹിന്ദു ധാർമികതയായി പരാവർത്തിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതികളാണ് ഇന്ന് ഇന്ത്യയെമ്പാടും നടക്കുന്നത്. നയരേഖ തന്നെ സൂചിപ്പിക്കുന്ന യുക്തിചിന്തയും, പ്രവൃത്തിയും അനുകമ്പയും, തൻമയീഭാവവും, ഉത്പതിഷ്ണുതയും ശാസ്ത്രബോധവും സർഗാത്മകതയും കൈമുതലായ, നൈതികതയിലധിഷ്ഠിതമായ മൂല്യങ്ങളുള്ള മനുഷ്യരെ സൃഷ്ടിക്കാൻ എന്തുപദ്ധതിയാണ് ഗവൺമെന്റിന് മുന്നോട്ടുവയ്ക്കാനുള്ളത്? ഭരണഘടന വിഭാവനംചെയ്ത സമതുല്യതയിലും നീതിയുക്തിയിലും അധിഷ്ഠിതമായ ബഹുസ്വര സമൂഹനിർമിതിയെന്ന ലക്ഷ്യം കൈവരിക്കാനള്ള മാർഗവും പ്രവർത്തനപദ്ധതിയും ഒരു മതാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ നടപ്പിലാക്കലിലൂടെയാണോ നിർവഹിക്കപ്പെടേണ്ടത്? വിദ്യാഭ്യാസത്തിൽ പരിഹൃതമാവേണ്ട തുല്യതയുടേയും, സാമൂഹികനീതിയുടേയും, അവകാശങ്ങളുടെയും നിരവധി പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കെ, മതാധിഷ്ഠിത ആശയങ്ങളുടെ ബോധനത്തിലൂടെ അടിസ്ഥാന വിദ്യാഭ്യാസപ്രശ്‌നങ്ങളെ മറികടക്കുകയെന്ന കൗശലമല്ലാതെ മറ്റെന്താണ് മതഗ്രന്ഥപഠനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഉത്തർഖണ്ഡ്, കർണാടക എന്നീ സംസ്ഥാനങ്ങൾ ഗീത പഠിപ്പിക്കുന്നതിന്​തീരുമാനമെടുത്തുകഴിഞ്ഞു. ധാർമിക പഠനമെന്നോ, മൂല്യാധിഷ്ഠിത പഠനമെന്നോ ഉള്ള പേരിൽ ഭഗവത്ഗീതാസൂക്തങ്ങളും മറ്റ് മതഗ്രന്ഥങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമായിത്തീരും

മതബോധനത്തിലെ ഭരണഘടനാവിരുദ്ധത

ഒരു മതേതര - ബഹുസ്വര സാമൂഹികവ്യവസ്ഥ പിന്തുടരുന്ന ഇന്ത്യയിൽ ഭഗവത്ഗീത ഉൾപ്പെടെയുള്ള മതഗ്രന്ഥങ്ങളുടെ ബോധനം അനുവദനീയമാണോയെന്ന ചോദ്യം ഉയരേണ്ടതുണ്ട്. ഒരു സ്വതന്ത്രഗ്രന്ഥമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മഹാഭാരതത്തിന്റെ ഭാഗമായ ഭഗവത്ഗീതയെന്ന പുസ്തകം ഇന്ത്യയിലെ ഹിന്ദുമതവിഭാഗത്തിന്റെ വിശ്വാസ പദ്ധതിയുടെ ഭാഗമായിത്തന്നെയാണ് കണക്കാക്കേണ്ടത്. രക്തബന്ധാടിസ്ഥാനത്തിലുള്ള പ്രാചീനാര്യൻമാരുടെ കുലഗോത്രവ്യവസ്ഥ പ്രവൃത്തി വിഭജനത്തിന്റെയും, വർഗ വ്യത്യാസത്തിന്റെയും അടിസ്ഥാനത്തിലുള്ള വർണവ്യവസ്ഥയ്ക്കും രാജവാഴ്ചയ്ക്കും വഴിമാറിത്തുടങ്ങിയ ഒരു കാലഘട്ടത്തിലാണ് ഭഗവത്ഗീതയുടെ വേരുകൾ കിടക്കുന്നത്. ‘സ്വന്തം വർണത്തിന്റെ ധർമം പാലിക്കുന്നതിനിടയിൽ മരിക്കുന്നതു പോലും ഒരനുഗ്രഹമാണ്. സ്വധർമം പാലിക്കുന്നതിനുപകരം മറ്റു വർണങ്ങൾക്കു വിധിക്കപ്പെട്ട കർമങ്ങൾ ചെയ്യുന്നതോ ഭയാവഹവും'- ഇത്തരത്തിൽ ചാതുർവർണ്യത്തെയും, ജാതി വിഭജനങ്ങളെയും കർമസിദ്ധാന്തത്തിന്റെ അടിത്തറയിൽ ഉറപ്പിച്ചുനിർത്തിയതിൽ ഭഗവത്ഗീത വഹിച്ച പങ്ക് വളരെ വലുതാണ്. പിന്നാക്ക വിഭാഗങ്ങളെയും ദലിതുകളേയും ആദിവാസി ഗോത്ര ജനതയെയുമെല്ലാം സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിൽ നിന്നു മാറ്റി നിർത്തുകയും, ആന്തരിക മതമേധാവിത്വത്തിനു (Intra Religious Domination) ഹേതുവാവുകയും ചെയ്ത ഒരു മതഗ്രന്ഥത്തിന് മതേതര ഭരണകൂട വ്യവസ്ഥ നിലനിൽക്കുന്ന രാജ്യം ഔദ്യോഗിക പരിവേഷം കല്പിച്ചുകൊടുക്കുന്നത് നീതികരിക്കാനാവില്ല.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം

ഇന്ത്യൻ ഭരണഘടന, വ്യക്തിയുടെ മൗലിക കർത്തവ്യങ്ങളുടെ ഭാഗമായി ശാസ്ത്രീയ കാഴ്ചപ്പാടും, മാനവികതയും, അന്വേഷണത്തിനും പരിഷ്‌ക്കരണത്തിനുമുള്ള മനോഭാവവും ഉണ്ടാവേണ്ടതിന്റെ അനിവാര്യത സൂചിപ്പിക്കുന്നുണ്ട്. നമ്മുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കേണ്ടതിന്റേയും നിലനിർത്തേണ്ടതിന്റെയും ആവശ്യകതയും പൗരന്റെ/ പൗരയുടെ കടമകളായി വ്യക്തമാക്കുന്നുണ്ട്. ഒപ്പം, മൗലികാവകാശങ്ങളുടെ ഭാഗമായ പൊതു വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെയുള്ള മതപഠനം വിലക്കുന്നുണ്ട്. ആർട്ടിക്കിൾ 28 ക്ലോസ് (1): പൂർണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നൽകാൻ പാടുള്ളതല്ല.
(3): രാഷ്ട്രം അംഗീകരിച്ചിട്ടുള്ളതോ, രാഷ്ട്രത്തിന്റെ നിധിയിൽ നിന്ന് സഹായം ലഭിക്കുന്നതോ ആയ ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനത്തിൽ ഹാജരാകുന്ന യാതൊരു ആളോടും, അങ്ങനെയുള്ള സ്ഥാപനത്തിൽ നൽകുന്ന മതപരമായ ഏതെങ്കിലും ബോധനത്തിൽ പങ്കുകൊള്ളാനോ, ആ സ്ഥാപനത്തിലോ അതിനോടു ചേർന്ന പരിസരങ്ങളിലോ നടത്തുന്ന മതപരമായ ഏതെങ്കിലും ആരാധനയ്ക്ക് ഹാജരാകാനോ, ആ ആളോ, ആ ആൾ മൈനറാണെങ്കിൽ അയാളുടെ രക്ഷാകർത്താവോ അതിന് അയാളുടെ സമ്മതം നൽകിയിട്ടില്ലാത്ത പക്ഷം ആവശ്യപ്പെടാൻ പാടുള്ളതല്ല.

മതപരമായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം നിലനിൽക്കെയാണ് ഏകപക്ഷീയമായി ഇന്ത്യയിലെ ചില സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മതാധിഷ്ഠിത പഠനത്തിലൂടെ ഭരണഘടനാ മൂല്യങ്ങളെ തിരസ്‌ക്കരിക്കാൻ ശ്രമിക്കുന്നത്. അതിലുപരി, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സങ്കീർണമായ സാമൂഹിക- സാമ്പത്തിക - സാംസ്‌കാരിക- വൈകാരിക പ്രശ്‌നങ്ങളുടെ പരിഹാരം പൗരാണിക മതഗ്രന്ഥങ്ങളിൽ തിരയുന്നത് ഏതു ശാസ്ത്രീയ കാഴ്ചപ്പാടിനെയാവാം ഉയർത്തിപ്പിടിക്കുന്നത്. ഒരു പക്ഷേ, രാമനുശേഷം അടുത്ത ഘട്ടത്തിൽ വസുദേവകൃഷ്ണനെന്ന ‘ഇന്ത്യൻ സൈക്കി’ൽ ആഴമേറിയ വേരുകളുള്ള ബിംബ നിർമിതിയുടെ സാംസ്‌കാരികാന്തരീക്ഷം ഒരുക്കുന്നതിന്റെ തുടക്കമായി ഇതിനെ വിലയിരുത്തേണ്ടിവരും.

രാമായണം, മഹാഭാരതം സീരിയലുകൾ കാഴ്ചയുടെ പ്രത്യയശാസ്ത്ര വഴികൾ രൂപപ്പെടുത്തുന്നതിനും ഏറെ മുമ്പാണ് അച്ചടിയുടെ സാധ്യതയെ ഉപയോഗപ്പെടുത്തി ഗീത പ്രസ് എന്ന പ്രസിദ്ധീകരണശാല ഇന്ത്യയിൽ ഹിന്ദുത്വത്തിന്റെ സ്വത്വാന്വേഷണ പരിസരം സൃഷ്ടിച്ചത്.

ഭഗവത്ഗീതയും ഗീതപ്രസും സാംസ്‌കാരിക ദേശീയതയും

രാഷ്ട്രീയത്തിൽനിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നുവെന്ന് അവകാശപ്പെട്ട്​ഹിന്ദുത്വത്തെ വിജയകരമായി വിപണനം ചെയ്ത സംഘടനകളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളുമാണ് ഇന്ത്യയിൽ ഒരു ഹിന്ദു പൊതുമണ്ഡലത്തെ രൂപപ്പെടുത്തിയത്. രാമായണം, മഹാഭാരതം സീരിയലുകൾ കാഴ്ചയുടെ പ്രത്യയശാസ്ത്ര വഴികൾ രൂപപ്പെടുത്തുന്നതിനും ഏറെ മുമ്പാണ് അച്ചടിയുടെ സാധ്യതയെ ഉപയോഗപ്പെടുത്തി ഗീത പ്രസ് എന്ന പ്രസിദ്ധീകരണശാല ഇന്ത്യയിൽ ഹിന്ദുത്വത്തിന്റെ സ്വത്വാന്വേഷണ പരിസരം സൃഷ്ടിച്ചത്. ഗീത പ്രസ് ആൻറ്​ ദി മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ എന്ന പുസ്തകത്തിൽ പത്രപ്രവർത്തകനായ അക്ഷയ മുകുൾ ഇത് വിശദീകരിക്കുന്നുണ്ട്. 1920 കളുടെ തുടക്കത്തിൽ മാർവാഡി വ്യവസായികളായ ജയ് ദയാൽ ഗോയങ്കയും ഹനുമാൻ പ്രസാദ് പോദ്ദറും ചേർന്നു സ്ഥാപിച്ച ഗീത പ്രസ് ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ശക്തിയും സ്വാധീനവുമുള്ള പ്രസിദ്ധീകരണ സ്ഥാപനമായി വളർന്നത് ഭഗവത്ഗീതയുടെ പ്രിന്റിംഗിലൂടെയും വിപണനത്തിലൂടെയുമായിരുന്നു.

ഭഗവത്ഗീതയുടെ 72 ദശലക്ഷം കോപ്പികളും, തുളസീദാസ് കൃതികളുടെ 70 ദശലക്ഷം കോപ്പികളും പുരാണങ്ങളും ഉപനിഷത്തുക്കളും ഉൾപ്പെടെ 20 ദശലക്ഷം കോപ്പികളും വിറ്റഴിച്ചിട്ടുണ്ട്. ഗീത പ്രസ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ ആത്മീയമാസികയായ കല്യാണിന് രണ്ടു ലക്ഷത്തിലധികം പ്രചാരമുണ്ട്. വടക്കേ ഇന്ത്യയിലെ ഹിന്ദു ഇതര വിശ്വാസികളുടെ വീടുകളിലും ഭഗവത്ഗീതയെ എത്തിക്കാനും ഒരു മതേതരഗ്രന്ഥമെന്ന പ്രതീതി സൃഷ്ടിക്കാനും ഗീത പ്രസിനു കഴിഞ്ഞുവെന്നത് അവരുടെ ആശയപ്രചാരണ വൈദഗ്ധ്യത്തെയാണ് വെളിവാക്കുന്നത്. ഗീത പ്രസും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഒരുക്കിയ നിലപാടുതറയിൽ നിന്നാണ് സാംസ്‌കാരിക ദേശീയതയുടെയും, ഹിന്ദു ഐഡന്റിറ്റിയുടേയും പിൽക്കാല സാധ്യതകളിലേക്ക് സഞ്ചരിക്കാൻ ഹിന്ദു മഹാസഭയ്ക്കും ആർ. എസ്.എസിനും കഴിഞ്ഞത്. കോൺഗ്രസ്, ആം ആദ്മി പാർട്ടികളെ ഉൾപ്പെടെ സ്‌കൂളുകളിലെ ഭഗവത്ഗീത പഠനത്തെ ന്യായീകരിക്കുന്നതിലേക്ക് എത്തിക്കാൻ ഗീതാ പ്രസ്സിനു കഴിഞ്ഞുവെന്നത് ഉത്തരേന്ത്യയിലാകെ നിലനിൽക്കുന്ന മൃദു ഹിന്ദുത്വ സമീപനത്തിന്റെ പ്രത്യക്ഷോദാഹരണമായി കാണാം.

ശാസ്ത്രത്തിന്റെ മിത്തിഫിക്കേഷനും ചരിത്രത്തിന്റെ ഗ്ലോറിഫിക്കേഷനും

ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസമെന്ന ദേശീയ നയസമീപനത്തിന്റെ ഊന്നൽ പൗരാണിക ഭാരതത്തിലേക്കു മാത്രമാണ്. അതിനിടയിലെവിടെയോ നമ്മുടെ മധ്യകാല -ആധുനിക - നവോത്ഥാന ചരിത്രം കല്ലിച്ചുകിടക്കുന്നുണ്ട്. പൗരാണികതയുടെ വന്യഫാന്റസികളിലേക്കും, മിത്തുകളിലേക്കും മിഥ്യാഭിമാന ബോധ്യങ്ങളിലേക്കുമുള്ള ഊളിയിടൽ സമഗ്രാധിപത്യ വിദ്യാഭ്യാസ പദ്ധതികളുടെ പൊതുസ്വഭാവമാണ്, ലോകത്തെവിടെയും. അതിനവർക്ക് ആധുനികതയെയും , അതിന്റെ സൃഷ്ടിയായ ശാസ്ത്ര - ചരിത്ര യാഥാർത്ഥ്യങ്ങളേയും കണ്ടെത്തലുകളെയും നിരാകരിക്കേണ്ടതുണ്ട്. ആധുനികശാസ്ത്രം കണ്ടെടുത്ത പ്രപഞ്ചസത്യങ്ങളേയും സാങ്കേതിക നേട്ടങ്ങളേയും പൗരാണിക ശാസ്ത്ര പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഏറെക്കാലമായി ഇന്ത്യയിൽ നടന്നു വരുന്നുണ്ട്. ദേശീയ ശാസ്ത്ര കോൺഗ്രസും, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമെല്ലാം അതിനുള്ള ഭരണകൂട ഉപകരണങ്ങൾ മാത്രമാണ്. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ ദശാവതാരവുമായും, ആണവായുധത്തെ ആഗ്‌നേയാസ്ത്രവുമായും, പ്ലാസ്റ്റിക് സർജറിയെ ഗണപതിയുമായും താരതമ്യപ്പെടുത്ത പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടുന്നത് ദേശീയ ശാസ്ത്ര കോൺഗ്രസിലാണ്.

ശാസ്ത്രകാരൻമാരെന്ന് അവകാശപ്പെടുന്നവരുടെ ഒരു വലിയ സംഘം കഴിഞ്ഞ ഏതാനും വർഷങ്ങളായി ശാസ്ത്രത്തെ വിശ്വാസവുമായും മതവുമായും കൂട്ടിക്കെട്ടുന്നതിനുള്ള വ്യഗ്രതയിലാണ്. വിജ്ഞാൻ ഭാരതി, സ്വദേശി പ്രസ്ഥാനം തുടങ്ങി പ്രത്യക്ഷത്തിൽ ശാസ്ത്ര പ്രചാരകരെന്നു തോന്നുന്ന സംഘടനകളും ചില ശാസ്ത്ര പ്രചാരകരും ശാസ്ത്രവിരുദ്ധ, മിത്തിക്കൽ ആശയങ്ങൾക്ക് ശാസ്ത്രത്തിന്റെ മുഖവും രീതിശാസ്ത്രവും കല്പിച്ചു കൊടുക്കാൻ മത്സരിക്കുകയാണ്. വിമാനവും, റഡാറും, ഗോളാന്തരയാത്രകളും, മെറ്റലർജിയും, കപ്പൽ നിർമാണവുമെല്ലാം പ്രാചീന ഇന്ത്യയിലുണ്ടായിരുന്നുവെന്ന് ദേശീയ വിദ്യാഭ്യാസ നയരേഖയുടെ ആമുഖത്തിൽ എഴുതി വയ്ക്കുമ്പോൾ അത് മിത്തോ, ചരിത്രമോ എന്നറിയാതെ ആളുകൾ ആശയക്കുഴപ്പത്തിലാവുകയാണ്.

സരസ്വതി നദി കണ്ടെത്തുന്നതിനുള്ള പഠന പ്രൊജക്ടിന് ഹരിയാന ഗവൺമെന്റും മൃതസഞ്ജീവനി കണ്ടെത്തുന്നതിനുള്ള പ്രൊജക്ടിന് ഉത്തർഖണ്ഡ് ഗവൺമെന്റും വൻ തുകയാണ് വകയിരുത്തിയത്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിക്കതും ഭാരത കേന്ദ്രീകൃത ഗവേഷണ പദ്ധതികൾക്കായി കോടിക്കണക്കിനു രൂപയാണ് ചെലവഴിക്കുന്നത്.
വേദങ്ങളിലും പുരാണങ്ങളിലും പരാമർശിക്കുന്ന സ്ഥലങ്ങളും സംഭവങ്ങളും ആശയങ്ങളും കണ്ടെത്തുന്നതിനുള്ള പഠനം ഐ.ഐ.ടികളും, ഐസറുകളും, ഉന്നത സർവകലാശാലകളും കേന്ദ്രീകരിച്ച് നടക്കുകയാണ്. സരസ്വതി നദി കണ്ടെത്തുന്നതിനുള്ള പഠന പ്രൊജക്ടിന് ഹരിയാന ഗവൺമെന്റും മൃതസഞ്ജീവനി കണ്ടെത്തുന്നതിനുള്ള പ്രൊജക്ടിന് ഉത്തർഖണ്ഡ് ഗവൺമെന്റും വൻ തുകയാണ് വകയിരുത്തിയത്. ഹരിയാന സർക്കാർ അടുത്തിടെ പുറത്തിറക്കിയ ചരിത്ര പുസ്തകങ്ങളിൽ വിഭജനത്തിന് കോൺഗ്രസിനെയും ഗാന്ധിയേയും കുറ്റപ്പെടുത്തുകയും, സ്വാതന്ത്ര്യ സമരത്തെയും സാംസ്‌കാരിക ദേശീയതയേയും ഉണർത്തുന്നതിൽ ആർ എസ് എസിന്റെ പങ്കിനെ വാഴ്ത്തുകയും ചെയ്യുന്നുണ്ട്. സരസ്വതി - സിന്ധു നാഗരികത, സവർക്കർ, ഹെഡ്‌ഗേവാർ എന്നിവരും വിശദാംശങ്ങളോടെ കടന്നുവരുന്നുണ്ട്.

സവർക്കറുടെ ഛായാചിത്രത്തിനുമുന്നിൽ തൊഴുകൈയോടെ ​നരേന്ദ്രമോദി

രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളെയും പുരാണങ്ങളേയും ഫിസിക്‌സുമായും, കെമിസ്ട്രിയുമായും മറ്റ് ശാസ്ത്ര മേഖലകളുമായും ബന്ധിപ്പിക്കുന്ന നൂറുകണക്കിന് പുതിയ കോഴ്‌സുകളാണ് അടുത്ത അക്കാദമിക വർഷം മുതൽ ആരംഭിക്കാൻ പോകുന്നത്. ഇന്ത്യയുടെ യഥാർത്ഥ ശാസ്ത്ര - ചരിത്ര സംഭാവനകളെയാകെ മറച്ചു പിടിച്ചും നിരാകരിച്ചുമാണ് ശാസ്ത്രവിരുദ്ധ വ്യാജ നിർമിതികൾക്ക് അരങ്ങൊരുങ്ങുന്നത്. ജനാധിപത്യ- മതേതര- ശാസ്ത്രീയ- വിദ്യാഭ്യാസത്തിലൂടെ രൂപപ്പെട്ട ഇന്ത്യൻ നവോത്ഥാനത്തിന്റെ അടിസ്ഥാന ശിലകളിലൊന്ന് ശാസ്ത്രചിന്തയുടെയും ശാസ്ത്രീയാന്വേഷണങ്ങളുടെയും വ്യാപനമായിരുന്നു. പ്രഗത്ഭമതികളായ ഒരു സംഘം ശാസ്ത്രകാരും അവരുടെ കണ്ടെത്തലുകളുമാണ് ആധുനിക ഇന്ത്യയെ സൃഷ്ടിച്ചതെന്നത് മറക്കാനാവില്ല. സി.വി. രാമൻ, ജഗദീശ് ചന്ദ്രബോസ്, ശ്രീനിവാസ രാമാനുജൻ, പ്രഫുല്ലചന്ദ്ര റേ, മേഘനാഥ് സാഹ, വിക്രം സാരാഭായ് , ഹോമി ജഹാംഗീർ ഭാഭ , സുബ്രഹ്മണ്യം ചന്ദ്രശേഖർ, സി.എൻ. ആർ റാവു എന്നിവരുടെ സംഭാവനകളെയൊന്നും പരിഗണിക്കാതെ പ്രാചീനഭാരതത്തിലേക്കുള്ള പിന്തിരിഞ്ഞു നോക്കൽ ഇന്ത്യൻ വിദ്യാഭ്യാസത്തെ പുതിയ സഹസ്രാബ്ദത്തിൽ എവിടേക്കാണ് നയിക്കുന്നത്? ആത്യന്തികമായി മരിച്ചു വീഴുന്നത് ഇന്ത്യയുടെ സമൂഹനിർമ്മിതിയുടെ ആധാരശിലയായ ജനാധിപത്യ- മതേതര- ശാസ്ത്രീയ വിദ്യാഭ്യാസമെന്ന ഉദാത്താശയമാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments