'ക്യാ ബോൽത്തീ പബ്ലിക്', CJP-യുടെ പുതിയ ക്യാമ്പെയിൻ, മുന്നിൽ നാല് പ്രധാന ലക്ഷ്യങ്ങൾ

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ രാജിവെപ്പിച്ച ജന്തർ മന്തർ സമരത്തിന് ശേഷം പുതിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി).

News Desk

നീറ്റ് പരീക്ഷാക്രമക്കേട് അടക്കം രാജ്യത്തെ വിദ്യാഭ്യാസമേഖലയിലെ അനാസ്ഥകൾ തുറന്നുകാട്ടി ജന്തർ മന്തറിൽ ഐതിഹാസികമായ സമരം നയിച്ച കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) രാജ്യവ്യാപകമായി പുതിയ ക്യാമ്പെയിൻ ആരംഭിക്കുകയാണ്. NEET പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളും ഉയർത്തിക്കാട്ടി വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ Cockroach Janata Party (CJP) കേന്ദ്ര സർക്കാരിനെതിരെ നടത്തിയ സമരം നിർണായക രാഷ്ട്രീയ വഴിത്തിരിവിലേക്കാണ് എത്തിയത്. വിദ്യാഭ്യാസമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ ഉൾപ്പെടെ നടന്ന പ്രതിഷേധങ്ങളും പാർലമെന്റ് മാർച്ചും ഒടുവിൽ ജൂലൈ 25-ന് ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്കെത്തി. CJP ഈ രാജിയെ തങ്ങളുടെ പ്രതിഷേധത്തിന്റെ വിജയമായാണ് വിശേഷിപ്പിച്ചത്.

കേന്ദ്ര സർക്കാരിനെതിരെ ഉയർത്തിയ വിവിധ ആവശ്യങ്ങളും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളും മുന്നോട്ടുവച്ച് പുതിയ പ്രചാരണങ്ങളിലേക്ക് നീങ്ങുകയാണ് സംഘടന. രാജ്യവ്യാപകമായി ജനങ്ങളുമായി സംവദിക്കുന്ന പുതിയ ക്യാമ്പയിനുകൾക്ക് CJP ആഹ്വാനം ചെയ്തു കഴിഞ്ഞു.

വിദ്യാഭ്യാസ പരിഷ്കരണം, തൊഴിലില്ലായ്മ, സ്ഥാപനപരമായ ഉത്തരവാദിത്തം, സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുമായി സഖ്യങ്ങൾ കെട്ടിപ്പടുക്കൽ എന്നിവയാണ് വരാനിരിക്കുന്ന അടിസ്ഥാന സാമൂഹിക പ്രവർത്തന പരിപാടിയുടെ കാതലായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഛത്രപതി സംഭാജിനഗറിൽ നടന്ന, പാർട്ടിയുടെ രണ്ട് ദിവസത്തെ ദേശീയ പ്രവർത്തക സമിതി യോഗത്തിന് ശേഷമാണ് സെപ്റ്റംബറിൽ ആരംഭിക്കുന്ന രാജ്യവ്യാപകമായ ശ്രവണ പര്യടനത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. പൗരർ നയിക്കുന്ന ഒരു യുവജന പരിഷ്കരണ ചാർട്ടർ തയ്യാറാക്കുന്നതിനുമുമ്പ് രാജ്യമെമ്പാടുമുള്ള യുവാക്കളുമായി നേരിട്ട് ഇടപഴകുകയും അവരുടെ അഭിലാഷങ്ങളും ആശങ്കകളും ആശയങ്ങളും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പെയ്‌നിന്റെ ലക്ഷ്യം. പാർട്ടി പുറത്തിറക്കിയ രേഖകൾ പ്രകാരം, 'ക്യാ ബോൽത്തീ പബ്ലിക്' കാമ്പയിൻ നാല് പ്രധാന ലക്ഷ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്.

  1. പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ ഉൾക്കൊള്ളുന്ന സമഗ്ര വിദ്യാഭ്യാസ പരിഷ്കരണം.

  2. വിദ്യാഭ്യാസം മുതൽ തൊഴിൽ വരെയുള്ള സംയോജനം, തൊഴിൽ പരിശീലനത്തിനും വിപണിയുമായി പൊരുത്തപ്പെടുന്ന ജോലികൾക്കും ഊന്നൽ നൽകൽ.

  3. മാധ്യമങ്ങൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ, ജുഡീഷ്യറി എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉൾപ്പെടെ സ്ഥാപനപരമായ ഉത്തരവാദിത്തം.

  4. യുവജന കേന്ദ്രീകൃത പരിഷ്കാരങ്ങളെ പിന്തുണയ്ക്കുന്ന വിദ്യാർത്ഥി സംഘടനകൾ, സിവിൽ സമൂഹ സംഘടനകൾ, രാഷ്ട്രീയ ഗ്രൂപ്പുകൾ എന്നിവയുമായുള്ള ഐക്യദാർഢ്യവും സഖ്യങ്ങളും.

പ്രചാരണത്തോടൊപ്പം, സിജെപി രാജ്യവ്യാപകമായി അംഗത്വ ഡ്രൈവ് ആരംഭിക്കുന്നതായും പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾ, യുവ പ്രൊഫഷണലുകൾ, തൊഴിലാളികൾ, പൗരർ എന്നിവരെ സംഘടനയിൽ ചേരാൻ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.

അടുത്ത ആറ് മാസത്തിനുള്ളിൽ സംസ്ഥാനതല വിപുലീകരണം എന്നിവയുൾപ്പെടെ വരാനിരിക്കുന്ന പ്രചാരണങ്ങൾക്ക് മുന്നോടിയായി ഓരോ പുതിയ അംഗങ്ങളുടെയും സാന്നിധ്യം ഉറപ്പുവരുത്തുമെന്നും പാർട്ടി അറിയിച്ചു. തൊഴിലില്ലായ്മ, പ്രത്യേകിച്ച് ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ, പാർട്ടിയുടെ പ്രവർത്തനത്തിലെ ഒരു കേന്ദ്ര വിഷയമായി മാറുമെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. ആശങ്കകൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ യുവാക്കൾ അണിനിരക്കുന്നത് തുടരുമെന്ന മുന്നറിയിപ്പും നൽകി.

“ഒരു വ്യക്തിക്കോ സംഘടനയ്‌ക്കോ ഒറ്റയ്ക്ക് രാജ്യത്തിന്റെ വെല്ലുവിളികൾ പരിഹരിക്കാൻ കഴിയില്ലെ. ഡോ. ബി.ആർ. അംബേദ്കർ, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു എന്നിവരുടെ ആശയങ്ങൾക്കൊപ്പം ഇന്ത്യൻ ഭരണഘടനയിൽ നിന്നും പാർട്ടി പ്രത്യയശാസ്ത്രപരമായ പ്രചോദനം ഉൾക്കൊള്ളും,” അദ്ദേഹം പറഞ്ഞു.

അഭിജീത് ദീപ്‌കെ
അഭിജീത് ദീപ്‌കെ

സംഘടനാചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനായി സിജെപി ദേശീയ വർക്കിംഗ് കമ്മിറ്റി രൂപീകരിക്കുകയും അഭിജീത് ദീപ്‌കെയെ കൺവീനറായി പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു. സിജെപി കോർ ടീമിന്റെ രണ്ടു ദിവസത്തെ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടി മുഖ്യ വക്താവ് സൗരവ് ദാസിനെയും വക്താവ് അശുതോഷ് റാങ്കയെയും സഹ കൺവീനർമാരായി നാമനിർദ്ദേശം നൽകുകയും മറ്റു പ്രധാന അംഗങ്ങൾക്ക് ഉത്തരവാദിത്തങ്ങൾ നൽകുകയും ചെയ്തു.

അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള സംസ്ഥാന ഏകോപന സമിതികൾ, ലോക്സഭാതല യൂണിറ്റുകൾ, നഗരതല ടീമുകൾ എന്നിവയുടെ രൂപീകരണം ഉൾപ്പെടെയുള്ള പാർട്ടിയുടെ വിപുലീകരണ തന്ത്രങ്ങൾക്ക് പുതുതായി രൂപീകരിച്ച കമ്മിറ്റി മേൽനോട്ടം വഹിക്കും. അംഗത്വ പ്രചാരണത്തിന് പ്രത്യേക ഫണ്ട് ശേഖരിക്കുകയോ മറ്റോ ചെയ്യുന്നില്ലെന്ന് പാർട്ടി വ്യക്തമാക്കുന്നുണ്ട്.

അതേസമയം, റിക്രൂട്ട്മെന്റ് പരീക്ഷയിലെ ക്രമക്കേടുകൾ ഉന്നയിച്ച് ജാർക്കണ്ഠിൽ നടക്കുന്ന പ്രക്ഷോഭത്തെ ഒരു പ്രതിനിധി സംഘം സന്ദർശിക്കുമെന്ന് സിജെപി സഹ കൺവീനർ അശുതോഷ് റങ്ക പറഞ്ഞു. ആറ് സമരക്കാർ നിലവിൽ നിരാഹാരസമരത്തിലുമാണ്.

അനീതി തുടരുന്നുവെന്ന് സി.ജെ.പി

ദൽഹി പോലീസിന്റെ അക്രമമാണ് സി.ജെ.പി സമരത്തിൽ നടന്നത്. വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ആക്രമണങ്ങൾ നടത്തുകയും അതിക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട ചർച്ചകളും വെല്ലുവിളികളും സർക്കാരിന്റെ ഭാഗത്ത് നിന്ന് വർധിച്ചു വരികയാണ്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയെ ലക്ഷ്യം വെക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.

കൂടാതെ, പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച് പോലീസ് നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക അഭ്യർത്ഥന നടത്തിയിട്ടുമുണ്ട് അഭിജീത് ദീപ്‌കെ. "ആദ്യം, പെല്ലറ്റ് തോക്കിന്റെ ഉപയോഗത്തെക്കുറിച്ച് നിങ്ങൾ പറയണം. ആരാണ് ഉത്തരവിട്ടത്? എല്ലാവർക്കും അറിയാൻ ആഗ്രഹമുണ്ട്," പാർട്ടി എക്‌സിൽ എഴുതി. ശനിയാഴ്ച നടന്ന ഐ.ഐ.ടി ഡൽഹി ബിരുദദാന ചടങ്ങിൽ പങ്കെടുക്കുകയും ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുമായും അധ്യാപകരുമായും സംവദിക്കുകയും ചെയ്തതിനെക്കുറിച്ചുള്ള മോദിയുടെ പോസ്റ്റിന് മറുപടിയായാണ് സി.ജെ.പിയുടെ എക്സ് പോസ്റ്റ്. "സ്വാതന്ത്ര്യദിനത്തിൽ, പ്രധാനമന്ത്രി ഇന്ത്യയിലെ യുവാക്കളെ അഭിസംബോധന ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം, തൊഴിലില്ലായ്മ, ജീവിതച്ചെലവ് എന്നിവയിൽ യുവാക്കൾക്കുവേണ്ടി സർക്കാർ എന്താണ് ചെയ്യുന്നതെന്ന് വിശദീകരിക്കാൻ ഞങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു," എന്നും ദീപ്കെ എക്‌സിൽ കുറിച്ചു.

Comments