ത്രീ ഇഡിയറ്റ്സ് എന്ന ആമിർ ഖാൻ സിനിമ ഇന്ത്യയിലുടനീളം വലിയ ചർച്ചയായിട്ടുള്ളതാണ്. ഒട്ടും ക്രിയാത്മകമല്ലാത്ത ഇന്ത്യയിലെ വിദ്യാഭ്യാസരീതിയെ ഉടച്ച് വാർക്കാൻ കച്ച കെട്ടിയിറങ്ങുന്ന, സാമ്പ്രദായിക രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്ന, ജീനിയസായ ഫുൻസുഖ് വാങ്ഡു എന്ന നായക കഥാപാത്രം ചിത്രം കണ്ടവർക്കെല്ലാം റോൾ മോഡലായി മാറിയിട്ടുണ്ടായിരിക്കും. ആമിർ ഖാൻ അവതരിപ്പിച്ച ഈ കഥാപാത്രം ഭാവനാ സൃഷ്ടിയായിരുന്നില്ല. ലഡാക്കിൽ നിന്നുള്ള എഞ്ചിനീയറും സാമൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ സോനം വാങ്ചുക്കിൻെറ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയ്ക്കും ജീവിതത്തിനും പുറത്ത് വീണ്ടും സോനം ഇപ്പോൾ മറ്റൊരു വിഷയത്തിൽ രാജ്യത്തിൻെറ ശ്രദ്ധ നേടുകയാണ്. ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയാണ് ഇതേ സോനം വാങ്ചുക്.
ജീവിതം പ്രചോദനം
1966-ൽ ലഡാക്കിലെ ഉൾനാടുകളിലൊന്നായ ഉലിടോക്പോയിലാണ് വാങ്ചുക് ജനിക്കുന്നത്. 9ാം വയസ്സ് വരെ സ്കൂളിലൊന്നും പോയിരുന്നില്ല. അമ്മ തന്നെയാണ് പ്രാഥമിക വിദ്യാഭ്യാസം നൽകിയത്. പിന്നീട് ശ്രീനഗറിലെ സ്കൂളിൽ പഠിക്കാൻ പോയി തുടങ്ങിയത് മുതൽ വലിയ പ്രതിബന്ധങ്ങളാണ് നേരിട്ടത്. ബുദ്ധിയില്ലാത്ത, കാര്യങ്ങൾ വളരെ സാവധാനം മാത്രം മനസ്സിലാക്കുന്ന കുട്ടിയെന്ന് അവൻ മുദ്ര കുത്തപ്പെട്ടു. ജീവിതത്തിലെ തന്നെ ഏറ്റവും കഠിനമായ കാലഘട്ടമായിരുന്നു അതെന്ന് പിന്നീട് സോനം പറഞ്ഞിട്ടുണ്ട്. 11ാം വയസ്സിൽ കുറേക്കൂടി മെച്ചപ്പെട്ട സ്കൂളിന് വേണ്ടി ഡൽഹിയിലേക്ക് പോവേണ്ടി വന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഒടുവിൽ 1987-ൽ എൻ.ഐ.ടി ശ്രീനഗറിൽ നിന്ന് ബി.ടെക്ക് പാസ്സായി മെക്കാനിക്കൽ എഞ്ചിനീയറായി പുറത്തിറങ്ങി. അതിന് ശേഷം, പെട്ടെന്ന് എന്തെങ്കിലും ജോലി നേടാനല്ല സോനം ശ്രമിച്ചത്. ലഡാക്കിലെ താറുമാറായ വിദ്യാഭ്യാസരീതി പരിഷ്കരിക്കാനാണ് ഇറങ്ങിപ്പുറപ്പെട്ടത്. അങ്ങനെയാണ് SECMOL അഥവാ Students’ Educational and Cultural Movement of Ladakh-ന് തുടക്കമിടുന്നത്. സാമ്പ്രദായിക വിദ്യാഭ്യാസരീതി കാരണം പിന്നിലായിപ്പോവുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് കൂടുതൽ പരിശീലനം നൽകുകയായിരുന്നു ഈ വിദ്യാഭ്യാസപദ്ധതിയുടെ ലക്ഷ്യം.

തൻെറ എഞ്ചിനീയറിങ് വൈദഗ്ദ്യം നാടിൻെറ അഭിവൃദ്ധിക്ക് വേണ്ടി ഉപയോഗപ്പെടുത്താനാണ് വാങ്ചുക്ക് എന്നും ശ്രമിച്ചത്. കാലാവസ്ഥാ വ്യതിയാനം കാരണം വലിയ പ്രതിസന്ധിയിലായ ലഡാക്കിലെ ജലക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ പല കണ്ടുപിടുത്തങ്ങളും നവീന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സജ്ജീകരണങ്ങളും അദ്ദഹം കണ്ടെത്തി. ഇതിനിടയിലാണ് ചലച്ചിത്ര സംവിധായകൻ രാജ്കുമാർ ഹിറാനി വാങ്ചുക്കിൻെറ ജീവിതത്തിൽ പ്രചോദിതനാവുന്നത്. അങ്ങനെയാണ് ‘ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമ സംഭവിക്കുന്നത്. അത് സോനത്തെ വലിയ പ്രശസ്തിയിലെത്തിച്ചു. എന്നാൽ, അതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ അദ്ദേഹം ലഡാക്കിലെ ഗ്രാമങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുഴുകി. ക്ലാസ്സ് മുറികൾ തന്നെയായിരുന്നു എപ്പോഴും സോനം വാങ്ചുക്കിന് പ്രിയപ്പെട്ട ഇടം. വിദ്യാഭ്യാസരംഗത്തും പരിസ്ഥിതി മേഖലയിലും നടത്തിയ ഇടപെടലുകൾ പരിഗണിച്ച് 2018-ൽ അദ്ദേഹത്തെ രമൺ മാഗ്സസെ പുരസ്കാരം തേടിയെത്തി.
രാഷ്ട്രീയ ഇടപെടലുകൾ
ആർട്ടിക്കിൾ 370 പിൻവലിച്ച് ജമ്മു കശ്മീരിൻെറ സംസ്ഥാന പദവി ഒഴിവാക്കി ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുന്നത് 2019-ലാണ്. ലഡാക്ക് സ്വദേശികൾക്ക് അവരുടെ അവകാശങ്ങൾ റദ്ദ് ചെയ്യപ്പെട്ടതായി തോന്നിയ സന്ദർഭം. ഈ ഘട്ടത്തിൽ മേഖലയ്ക്ക് ലഭിക്കേണ്ടതായ ഗോത്രപദവി നൽകി ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ മുന്നിൽ സോനം വാങ്ചുക്ക് ഉണ്ടായിരുന്നു. ലഡാക്കിലെ ജനസംഖ്യയുടെ 90 ശതമാനവും ഗോത്രവർഗ വിഭാഗത്തിൽ പെട്ടവരാണ്. ഇവർക്ക് ലഭ്യമാവേണ്ട ഭരണഘടനാ പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് സോനം വ്യക്തമാക്കുന്നു. മേഖലയിലുള്ളവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് കൂടുതൽ ജോലിസാധ്യതകൾ നൽകുന്ന ഫാം സ്റ്റേകൾ പോലുള്ള ഇക്കോ ടൂറിസം പദ്ധതികളെ പ്രോത്സാഹിപ്പിക്കുവാനും സോനം മുന്നിലുണ്ട്. ഇതിനെല്ലാമിടയിലാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങളിലും അദ്ദേഹം മുഖ്യപങ്ക് വഹിക്കുന്നത്.
അക്രമാസക്തമായ പ്രതിഷേധം
ബുധനാഴ്ച്ചയാണ് (സെപ്തംബർ 24) ലേയിൽ ലഡാക്കിന് സംസ്ഥാനപദവി നൽകണമെന്ന് ആവശ്യപ്പെട്ട് കടുത്ത പ്രതിഷേധങ്ങൾ ആരംഭിക്കുന്നത്. നേപ്പാളിൽ നടന്ന ജെൻ-സി പ്രക്ഷോഭത്തിന് സമാനമായ സമരങ്ങളാണ് ലേയിൽ നടന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മേഖലയെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നടക്കം ആവശ്യപ്പെട്ടുകൊണ്ട് ഏകദേശം 15 ദിവസത്തോളമായി സോനം വാങ്ചുക്ക് നിരാഹാരസമരം തുടരുന്നുണ്ടായിരുന്നു. ഇതാണ് സമരക്കാർക്ക് ഊർജ്ജം പകർന്നത്. ലേ അപെക്‌സ് ബോഡി (എൽ.എ.ബി) സംഘടനയുടെ യുവജന വിഭാഗത്തിൻെറ നേതൃത്വത്തിൽ രണ്ട് ഗ്രൂപ്പുകളായിട്ടാണ് പ്രതിഷേധക്കാർ സോനത്തിനൊപ്പം ചേർന്നത്.

ഒരുവിഭാഗം സമാധാനപരമായ നിരാഹാരസമരത്തിന് പിന്തുണ നൽകിയാണ് മുന്നോട്ട് പോയത്. എന്നാൽ മറ്റൊരു വിഭാഗം അക്രമാസക്തമായ രീതിയിലേക്ക് സമരത്തെ വഴിമാറ്റി. ലേയിലെ ബി.ജെ.പി ഓഫീസിന് തീയിടുന്ന സാഹചര്യമുണ്ടായി. പോലീസ് ജീപ്പിന് തീയിടുകയും അവരുമായി ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. ഒടുവിൽ നാല് പേരുടെ മരണത്തിലും കലാശിച്ചു. പ്രതിഷേധം കൈവിടുന്നുവെന്ന് ബോധ്യമായതോടെ താൻ നിരാഹാരസമരം നിർത്തുകയാണെന്ന് സോനം വാങ്ചുക് പ്രഖ്യാപിച്ചു. സമാധാനപരമായ സമരമാണ് താൻ ആഗ്രഹിക്കുന്നതെന്നും പ്രതിഷേധക്കാർ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരം അക്രമാസക്തമായതിൽ താൻ അതീവ ദുഖിതനാണെന്ന് വ്യക്തമാക്കിയ വാങ്ചുക്ക് എന്തുകൊണ്ട് ലേയിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടായതെന്ന ചോദ്യത്തിന് വിശദീകരണവും നൽകുന്നുണ്ട്. “കഴിഞ്ഞ കുറേ ദിവസങ്ങളായി ഞങ്ങൾ സമാധാനപൂർവം പ്രതിഷേധിക്കുകയായിരുന്നു. നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടുന്നുവെങ്കിലും അതുകൊണ്ട് മറ്റാരെയും ബുദ്ധിമുട്ടിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴുണ്ടായത് നിർഭാഗ്യകരമായ സംഭവങ്ങളാണ്. അതിൽ ഞാൻ അതീവ ദുഖിതനാണ്. എന്നാൽ, സമരക്കാരുടെ വേദനകൾ എനിക്ക് മനസ്സിലാവും. കഴിഞ്ഞ അഞ്ച് വർഷത്തോളമായി അവരിൽ ഭൂരിപക്ഷം പേർക്കും ജോലിയില്ല. ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല. ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നില്ല. ഇതെല്ലാം കൊണ്ടുള്ള വല്ലാത്ത നിരാശ അവരെയെല്ലാം ബാധിച്ചിട്ടുണ്ട്,” വാങ്ചുക്ക് പറഞ്ഞു.
ലേയിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്ന് കേന്ദ്രസർക്കാർ ആരോപിക്കുന്നുണ്ട്. ഒപ്പം തന്നെ വാങ്ചുക്കിൻെറ പ്രകോപനപരമായ പ്രസംഗങ്ങൾ യുവാക്കളെ സ്വാധീനിച്ചുവെന്നും കേന്ദ്രം പറയുന്നു. ആസൂത്രിതമായ നീക്കമാണെന്നും വിലയിരുത്തലുണ്ട്. എന്നാൽ ഒരു രാഷ്ട്രീയപാർട്ടികളുടെയും സ്വാധീനമില്ലാതെയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് സോനം വാങ്ചുക് വ്യക്തമാക്കുന്നു. രാഷ്ട്രീയക്കാരുടെ ഇടപെടൽ ഇല്ലാതാക്കാൻ നേരത്തെ തന്നെ കോൺഗ്രസുകാരെ അപെക്സ് ബോഡിയിൽ നിന്ന് ഒഴിവാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഏകദേശം 4000-5000ത്തോളം ജനങ്ങളാണ് പ്രതിഷേധത്തിനായി എത്തിയത്. അത്രയും പേരെയൊന്നും സംഘടിപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ ലഡാക്കിൽ കോൺഗ്രസിന് സാധിക്കില്ല,” അദ്ദേഹം പറഞ്ഞു.

“വളരെ ആസൂത്രിതമായിട്ടല്ല ലേയിൽ പ്രതിഷേധം നടന്നത്. ഇത് പെട്ടെന്ന് സംഭവിച്ചതാണ്. യുവാക്കൾ അവരുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് സമരവുമായി തെരുവിലേക്ക് ഇറങ്ങിപ്പുറപ്പെട്ടതാണ്. ഇതൊരു ജെൻസി വിപ്ലവമാണ്. പോലീസിനെതിരായ ഏറ്റുമുട്ടൽ സ്വാഭാവികമായി ഉണ്ടായതാണ്. ഇവിടുത്തെ ജനങ്ങൾക്ക് ബി.ജെ.പിയോട് കുറേക്കാലമായി തന്നെ കടുത്ത വിയോജിപ്പുകളുണ്ട്. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് 2020-ൽ അവരുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഒന്നാമത് തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ഇത് വരെയായിട്ടും വാഗ്ദാനം പാലിച്ചില്ല. സ്വാഭാവികമായും ജനങ്ങൾക്ക് ബി.ജെ.പിയോട് ഇക്കാര്യങ്ങളിൽ വല്ലാത്ത ദേഷ്യമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
സോനത്തിനെതിരെ കേന്ദ്രം
ലഡാക്കിൽ പ്രതിഷേധം അക്രമാസക്തമായതോടെ സോനം വാങ്ചുക്കിനെതിരെ എന്തെല്ലാം നടപടികൾ എടുക്കാൻ സാധിക്കുമെന്ന് ആലോചിക്കുകയാണ് ഇപ്പോൾ കേന്ദ്രസർക്കാർ. അദ്ദേഹത്തിൻെറ സാമ്പത്തിക ശ്രോതസ്സുകളുമായി ബന്ധപ്പെട്ട് സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. വൈകാതെ തന്നെ ചോദ്യം ചെയ്യാനും വിളിപ്പിച്ചേക്കും. സോനം നടത്തുന്ന സന്നദ്ധസംഘടന നിയമം ലംഘിച്ച് വിദേശഫണ്ട് സ്വീകരിച്ചുവെന്ന ആരോപണം ബി.ജെ.പി ഉയർത്തുന്നുണ്ട്. ഈ വിഷയത്തിൽ അന്വേഷണം നടക്കും. എന്നാൽ തൻെറ സംഘടനയ്ക്ക് നിയമപരമല്ലാതെ ഒരു ഫണ്ടും വരുന്നില്ലെന്ന് സോനം വ്യക്തമാക്കിയിട്ടുണ്ട്.
