ഭൂമി-കുടിയൊഴിപ്പിക്കൽ-വനനിയമം മണിപ്പൂർ വംശഹത്യയുടെ അടിവേരുകൾ

മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചാല്‍ അതിലൊന്ന് ഭൂമിയുമായി ബന്ധപ്പെട്ടതാണെന്ന് കാണാം. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മലയോര ജില്ലകള്‍ക്കായി (hill districs) ഉണ്ടാക്കിയ പുതിയ കുടിയൊഴിപ്പിക്കല്‍ നയമാണ്. ഇതിനെ കുകികളും മെയ്‌തേയ്കളും തമ്മിലുള്ള വംശീയ കലാപമായി അവതരിപ്പിക്കുന്നതിന് പിന്നില്‍ ഭരണകൂടവും മറ്റ് നിക്ഷിപ്ത താല്‍പ്പര്യക്കാരുമാണെന്നത് സംശയരഹിതമായ കാര്യമാണ്. 2022 മുതല്‍ ഈ പ്രശ്‌നം പുകഞ്ഞുകൊണ്ടിരിക്കുകയാണെന്നും മണിപ്പൂര്‍ ഹൈക്കോടതിയുടെ സംവരണ പരാമര്‍ശം പുതിയ പ്രശ്‌നങ്ങള്‍ക്ക് ഒരു നിമിത്തമായി മാറുകയായിരുന്നുവെന്നും നാം അറിയേണ്ടതുണ്ട്.

രാജ്യത്ത് എവിടെയും ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ എക്കാലത്തെയും സങ്കീര്‍ണ്ണവിഷയം ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ടതാണ്. മണിപ്പൂര്‍ ലാന്‍ഡ് റവന്യൂ ആന്‍ഡ് ലാന്‍ഡ് റിഫോം ആക്ട്, 1961 (Manipur Land Revenue Reforms Act- 1961) ഭേദഗതി വരുത്താനും മലയോര മേഖലകളില്‍ ഭൂരിപക്ഷ മെയ്തി വിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന് അനുവാദം നല്‍കണമെന്നുമുള്ള ആവശ്യം ഒരു വിഭാഗം മെയ്തേയ്കള്‍ക്കിടയില്‍ പ്രബലമാണ്. മണിപ്പൂരിന്റെ മലയോര മേഖലകളില്‍ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ നിയമഭേദഗതി വരുത്തിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. 1988-ലെ നിയമഭേദഗതിയിലൂടെയാണ് ഇത് സാധ്യമാക്കിയത്.

മണിപ്പൂരിലെ ആദിവാസി ഭൂമിയിലേക്ക് ഇതര വിഭാഗങ്ങള്‍ക്കുള്ള കടന്നുകയറ്റം കൂടുതല്‍ വ്യാപകമാക്കുന്നതുമായി ബന്ധപ്പെട്ട് MLR, LR Act 1961 ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ 2015ല്‍ സംസ്ഥാന ഭരണകൂടം അവതരിപ്പിക്കുകയുണ്ടായി. അതുമായി ബന്ധപ്പെട്ട് ഏതാണ്ട് ഒരു വര്‍ഷം നീണ്ടുനിന്ന പ്രക്ഷോഭം ആദിവാസി സമൂഹങ്ങളുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ നടന്നിരുന്നു.

താഴ് വരപ്രദേശങ്ങളിലെ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് ആദിവാസി മേഖലകളില്‍ ഭൂമി വാങ്ങിക്കാന്‍ അവകാശം നല്‍കുന്ന ബില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളോടൊപ്പം തന്നെ കുന്നിന്‍ പ്രദേശങ്ങളിലെ കുക്കി-സോമി ഗോത്ര വിഭാഗങ്ങള്‍ അധിവസിക്കുന്ന വലിയൊരുഭാഗം ഭൂപ്രദേശങ്ങള്‍ ജില്ലാ കൗണ്‍സിലുകളുമായോ ഗോത്ര വിഭാഗങ്ങളുമായോ കൂടിയാലോചിക്കാതെ, സംസ്ഥാന സര്‍ക്കാര്‍, റിസര്‍വ്ഡ് ഫോറസ്റ്റ്, സംരക്ഷിത വനം, വന്യജീവി സങ്കേതം, തണ്ണീര്‍ത്തടങ്ങള്‍ എന്നിങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കുക്കി ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പൂരില്‍ 38 ഗ്രാമങ്ങളില്‍ സ്ഥിരതാമസമാക്കിയവര്‍ ''അനധികൃത കുടിയേറ്റക്കാരും'' സംരക്ഷിത വനഭൂമിയിലെ ''കൈയേറ്റക്കാരും'' ആണെന്ന് 2022 ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ഈ നികൃഷ്ടമായ അവകാശവാദത്തെ പിന്തുണയ്ക്കുന്ന യാതൊരു തെളിവുകളും ഇല്ലെന്നിരിക്കെ, 2023 ഫെബ്രുവരിയില്‍, സര്‍ക്കാര്‍ ഏകപക്ഷീയമായി കുക്കി വിഭാഗങ്ങളെ 'സംരക്ഷിത വനഭൂമി' എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തുനിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇത് ആദിവാസി വിഭാഗങ്ങള്‍ക്ക് ഭരണപരമായി സ്വയംഭരണാവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 371 C യുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. എന്നുമാത്രമല്ല, വനഭൂമിയും വിഭവങ്ങളും ഉപജീവനത്തിനായി ഉപയോഗപ്പെടുത്താനുള്ള ആദിവാസി സമൂഹങ്ങളുടെ അവകാശം വ്യവസ്ഥ ചെയ്യുന്ന 2006-ലെ പട്ടികവര്‍ഗ, മറ്റ് പരമ്പരാഗത വനവാസികള്‍ (വനാവകാശങ്ങള്‍ അംഗീകരിക്കല്‍) നിയമത്തിന്റെ ലംഘനം കൂടിയാണ് ഈ നടപടികള്‍.

2023 ഫെബ്രുവരി പകുതിയോടെ മലയോര മേഖലയിലെ 38 വില്ലേജുകളില്‍ ഒരേസമയം കുടിയൊഴിപ്പിക്കല്‍ യജ്ഞം നടക്കുകയുണ്ടായി. ഇതേച്ചൊല്ലി അന്നും വന്‍ കോലാഹലങ്ങള്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ കയ്യേറ്റ ഭൂമിയാണെന്ന് പറയുമ്പോള്‍ ഗ്രാമവാസികള്‍ തങ്ങളുടേത് സെറ്റില്‍മെന്റ് ഭൂമിയാണെന്ന് അവകാശപ്പെടുന്നു. ഈ തര്‍ക്കത്തില്‍ കോടതികള്‍ക്ക് മാത്രമേ എന്തെങ്കിലും പ്രശ്‌നപരിഹാരം കണ്ടെത്താൻ സാധ്യമാകുകയുള്ളൂ. എന്നാല്‍ അത്തരത്തിലുള്ള നടപടികള്‍ക്ക് ശ്രമിക്കാതെ പുതിയൊരു നിയമനിർമ്മാണം നടത്താനാണ് മണിപ്പൂര്‍ ഭരണകൂടം തുനിഞ്ഞത്. അതുമായി ബന്ധപ്പെട്ട് 2021 ല്‍ തയ്യാറാക്കപ്പെട്ട നിയമം ഇതാണ്:

"Manipur Forest Rules, 2021, Rule number 73, which empowers Forest Officers to evict any encroachment/trespass on forest land. It also particularly says, encroachers can be evicted without notice".

സംസ്ഥാനത്ത് മുമ്പ് നിലവിലുണ്ടായിരുന്ന 1927ലെയും 1961ലെയും നിയമങ്ങള്‍ കണക്കിലെടുക്കാതെ മലയോരജില്ലയിലെ ജനവാസമേഖലകളില്‍ താമസിക്കുന്നവര്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ പുതിയ നിയമ നിര്‍മ്മാണവും ആ നിയമം ഉപയോഗിച്ചു കൊണ്ട് ബലപ്രയോഗത്തോടുകൂടിയ കുടിയൊഴിപ്പിക്കലും സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ലെന്ന് പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെടുന്ന കാര്യമാണ്.

ഇത്തരത്തിലുള്ള കുടിയൊഴിപ്പിക്കല്‍ യജ്ഞങ്ങള്‍ സമൂഹത്തെ വിഭജിക്കുന്നതിനും സാമൂഹികാസ്വസ്ഥതകള്‍ വളര്‍ത്തുന്നതിനും മാത്രമേ സഹായകമാകൂ.

തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ നിന്ന് ആദിവാസി ജനതയെ മാറ്റിനിര്‍ത്തിക്കൊണ്ട് നാം തുടര്‍ന്നുപോരുന്ന നയരൂപീകരണങ്ങളുടെ ദീര്‍ഘചരിത്രവുമായി ബന്ധപ്പെടുത്തിവേണം ഈ കുടിയൊഴിപ്പിക്കലുകളെ മനസ്സിലാക്കാന്‍. ഇത് തദ്ദേശ ഗോത്ര ജനങ്ങള്‍ക്കിടയിലെ അസ്വസ്ഥതകള്‍ക്ക് കാരണമായി മാറിയിട്ടുണ്ടെന്ന വസ്തുത നാം മനസ്സിലാക്കാതെ പോകുകയാണ്.

താഴ്‌വര-മലയോര പ്രദേശങ്ങളിലെ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട്, കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക ചൂഷണങ്ങള്‍ പലപ്പോഴും വിവിധ ഗോത്ര വിഭാഗങ്ങളും ഇതര സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക് നയിക്കപ്പെട്ടു. ഗോത്ര വിഭാഗങ്ങള്‍ക്കിയിലെ അരക്ഷിതാവസ്ഥ പ്രത്യേക ഭരണം മുതല്‍ കുകി സംസ്ഥാനം വരെയുള്ള ആവശ്യങ്ങളിലേക്ക് പരിവർത്തിച്ചുകൊണ്ടിരിക്കുകയാണ്


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments