ജെ.എൻ.യു ജനാധിപത്യത്തിന്റെ ചുവപ്പൻ പ്രതീക്ഷയാകുമ്പോൾ…

ഫീസ് വർധനയ്ക്കും അഡ്മിനിസ്‌ട്രേഷന്റെ വിദ്യാർഥി വിരുദ്ധ നടപടികൾക്കുമെതിരെ പ്രതിഷേധിച്ചത് ഇടതുപക്ഷമാണെന്നും വിദ്യാർഥി രോഷമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ധനഞ്ജയ്.

Think

നാലു വർഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പ്, 12 വർഷത്തിനിടെ ഏറ്റവുമുയർന്ന പോളിങ് ശതമാനം; 73, വിദ്യാർഥികളുടെ സമരവീര്യത്തിനു ലഭിച്ച പിന്തുണ, വർഗീയതക്കും വിഭാഗീയതക്കുമെതിരായ കാമ്പസ് പ്രതിരോധം- ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എ.ബി.വി.പിയെ തോൽപ്പിച്ച് ഇടതുപക്ഷ വിദ്യാർഥി യൂണിയനുകളുടെ സഖ്യം നേടിയ ജയത്തെ ഇങ്ങനെ സംഗ്രഹിക്കാം. ജെ.എൻ.യു അടക്കമുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവിടു​ത്തെ അക്കാദമിക് മേഖലയെയും ലക്ഷ്യമിട്ട് കേന്ദ്ര ഭരണകൂടവും അവരെ പിന്തുണയ്ക്കുന്ന സംഘ്പരിവാർ സംഘടനകളും നടത്തിവരുന്ന ആധിപത്യ രാഷ്ട്രീയത്തിനെതിരായ ഒരു കാമ്പസിനെ ചെറുത്തുനിൽപ്പുകൂടിയാണ് ഈ ഇലക്ഷൻ ഫലം. സർവകലാശാലയിലെ ജനാധിപത്യ ഇടങ്ങളെ ഇല്ലാതാക്കുന്ന ഏകപക്ഷീയ നടപടികളാണ് സമീപകാലത്ത് ജെ.എ​ൻ.യുവിലടക്കം അഡ്മിനിസ്‌ട്രേഷൻ ഭാഗത്തുനിന്നുണ്ടായിരുന്നത്. ഇത്തരം വിദ്യാർഥി വിരുദ്ധ നടപടികളോടുള്ള പ്രതികരണം കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം.

വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങി നാലു സ്ഥാനങ്ങളിലും ഇടതുസഖ്യത്തിനാണ് ജയം. 42 കൗൺസിലർ സ്ഥാനങ്ങളിൽ 30 സീറ്റും ഇടതുസഖ്യം നേടി. എ.ബി.വി.പി 12 സീറ്റ് നേടി. ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ഡി.എസ്.എഫ്, എന്നീ സംഘടനകളാണ് വിജയിച്ച ഇടതുപക്ഷ സഖ്യത്തിലുള്ളത്.

ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് യൂണിയൻ (ഐസ) സ്ഥാനാർഥിയായി മത്സരിച്ച ധനഞ്ജയ് ആണ് യൂണിയൻ പ്രസിഡന്റ്. 922 വോട്ടിന്റെ ഭൂരിപക്ഷത്തിന് എ.ബി.വി.പിയിലെ ഉമേഷ് ചന്ദ്ര അജ്മീറയെയാണ് തോൽപ്പിച്ചത്. ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുപ്പെടുന്ന രണ്ടാമത്തെ ദലിത് വിദ്യാർഥിയാണ് ധനഞ്ജയ്. 1996-97ൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റായ ബെട്ടി ലാൽ ബൈർവക്കുശേഷം, 27 വർഷങ്ങൾക്കിപ്പുറമാണ് ധനഞ്ജയിന്റെ ചരിത്ര വിജയം.

ഫീസ് വർധനയ്ക്കും അഡ്മിനിസ്‌ട്രേഷന്റെ വിദ്യാർഥി വിരുദ്ധ നടപടികൾക്കുമെതിരെ പ്രതിഷേധിച്ചത് ഇടതുപക്ഷമാണെന്നും വിദ്യാർഥി രോഷമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നുമാണ് ധനഞ്ജയ് പറയുന്നത്. സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് എക്‌സതറ്റിക്‌സിലെ ഗവേഷക വിദ്യാർഥിയാണ് ധനഞ്ജയ്.

എസ്.എഫ്.ഐയുടെ അവിജിത് ഘോഷ് വൈസ് പ്രസിഡന്റായും ബിർസ അംബേദ്കർ ഫൂലേ സ്റ്റുഡന്റ് അസോസിയേഷന്റെ (ബാപ്‌സ) പ്രയാൻഷി ആര്യ ജനറൽ സെക്രട്ടറിയും ഓൾ ഇന്ത്യ സ്റ്റുഡന്റ് ഫെഡറേഷനിൽ നിന്ന് എം.സാജിദ് (എ.ഐ.എസ്.എഫ് ) ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സോഷ്യൽ സയൻസ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളിയായ ഗോപിക ബാബുവാണ്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടത് സ്ഥാനാർഥിയായി ഡി.എസ്.എഫിലെ സ്വാതി സിങ്ങ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും സ്ഥാനാർഥിത്വം അധികൃതർ റദ്ദാക്കിയിരുന്നു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് എഴ് മണിക്കൂറുകൾ മാത്രം അവശേഷിക്കെ, പുലർച്ചെ രണ്ടു മണിക്കാണ് സ്വാതിയെ അയോഗ്യയാക്കി പ്രഖ്യാപിക്കുന്നത്. വനിതാ സെക്യൂരിറ്റി ഗാർഡുകളെ ആക്രമിച്ച സംഭവത്തിൽ സ്വാതി സിങ്ങിനെ പുറത്താക്കിയിട്ടുണ്ടെന്ന് എ.ബി.വി.പി അംഗം ചൂണ്ടിക്കാണിച്ചതിനെ തുടർന്നായിരുന്നു നടപടി. ഇതിനെതിരെ സ്വാതി സിങ്ങ് നിരാഹാര സമരം നടത്തുകയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ഇടതു സഖ്യം സർവ്വകലാശാല തിരഞ്ഞെടുപ്പ് കമ്മിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ കമ്മിറ്റി ഇത് അംഗീകരിച്ചില്ല. തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ബാപ്‌സ സ്ഥാനാർഥിയെ പിന്തുണക്കാൻ ഇടതുസഖ്യം തീരുമാനിക്കുകയായിരുന്നു.

സംഘ്പരിവാർ അനുഭാവികളായ അധികൃതരെ കൂട്ടുപിടിച്ച് സർവകലാശാലാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കാണ് എ.ബി.വി.പി ശ്രമിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ എ.ബി.വി.പി സ്ഥാനാർഥികൾ ലീഡ് ചെയ്തിരുന്നുവെങ്കിലും പുരോഗമിക്കുന്തോറും പിന്നിലാവുകയായിരുന്നു.

5656 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

ജെ.എൻ.യുവിൽ വിദ്യാർഥി പ്രതിഷേധങ്ങൾക്കും ധർണ്ണകൾക്കും വിലക്ക് ഏർപ്പെടുത്തിയുള്ള അഡ്മിനിസ്ട്രേഷന്റെ പുതിയ നിയമങ്ങൾ നേരത്തെ വിവാദമായിരുന്നു. കാമ്പസിൽ ധർണ നടത്തുന്ന വിദ്യാർഥികളിൽ നിന്ന് 20,000 രൂപ ഈടാക്കുമെന്നും പ്രതിഷേധങ്ങളിലോ അക്രമസംഭവങ്ങളിലോ പങ്കുള്ളതായി കണ്ടെത്തിയാൽ വിദ്യാർഥികളുടെ അഡ്മിഷൻ റദ്ദാക്കുമെന്നും നിബന്ധന കൊണ്ടുവന്നു. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് പ്രതിപാദിക്കുന്ന ബി.ബി.സി ഡോക്യുമെന്റി പ്രർശനവുമായി ബന്ധപ്പെട്ട് കാമ്പസിൽ നടന്ന സംഘർഷങ്ങളെ തുടർന്നായിരുന്നു നടപടി. വിമത ശബ്ദങ്ങളെയും വിദ്യാർഥി പ്രതിരോധങ്ങളെയും അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള നടപടിയായിരുന്നു ഇത്.

1969-ൽ ജെ.എൻ.യു സ്ഥാപിതമായ കാലം മുതൽ ഇടതുപക്ഷ സംഘടനകളാണ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ചിട്ടുള്ളത്. 2019 സെപ്റ്റംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിനായിരുന്നു ജയം. ഐഷി ഘോഷാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ ഈ തിരഞ്ഞെടുപ്പ് ഫലം യൂണിവേഴ്‌സറ്റി അഡ്മിനിസ്‌ട്രേഷൻ അംഗീകരിക്കാത്തതും കോവിഡ് പ്രതിസന്ധിയുമാണ് ജെ.എൻ.യു തിരഞ്ഞെടുപ്പ് നാല് വർഷമായി നീണ്ടുപോകുന്നതിന് കാരണമായത്.

Comments