ഇത്തവണത്തെ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്. അതിനിടെ, ഇന്ന് തുടങ്ങാനിരുന്ന കൗൺസലിങ് മാറ്റിവക്കുകയും ചെയ്തു.
വ്യാപക ക്രമക്കേട് നടന്നിട്ടില്ലെന്നും പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് കേന്ദ്ര സർക്കാറിന്റെ വാദം.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിന്റെ വാദം സുപ്രീംകോടതിയിൽ നടക്കുകയാണ്.
ചോദ്യപേപ്പർ ചോർച്ച എന്ന ക്രമക്കേട് സി.ബി.ഐ അന്വേഷണത്തിലൂടെ തെളിയിക്കപ്പെടുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്‌തേക്കാം. അതോടെ നീറ്റ് എന്ന സംവിധാനം കുഴപ്പങ്ങളില്ലാതെ തുടരുമോ?
ഇല്ല എന്നാണ് ഉത്തരം.
കാരണം, ക്രിമിനൽ സംഘങ്ങളുടെ ചോദ്യപേപ്പർ ചോർത്തലിനും പരീക്ഷ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ കെടുകാര്യസ്ഥതക്കും പരിഹാരമായാലും നീറ്റ് വിദ്യാർഥി വിരുദ്ധമായ ഒരു പരീക്ഷാസംവിധാനമായി തന്നെ തുടരും.
സാധാരണക്കാരായ വിദ്യാർഥികളെ പുറന്തള്ളുകയും ആരോഗ്യവിദ്യാഭ്യാസത്തെ അപകടകരമായ വിപണിവൽക്കരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന യോഗ്യതാനിർണയപരീക്ഷയെന്ന നിലയ്ക്ക് നീറ്റ്, ചോദ്യപേപ്പർ ചോർച്ചയേക്കാൾ ഗുരുതരമായ വിവേചനങ്ങളുടെ ഡി.എൻ.എ പേറുന്ന ഒന്നാണ്. ഈയൊരു പ്രശ്‌നം, ഇപ്പോൾ നടന്ന കുറ്റകൃത്യത്തിന്റെ മറവിൽ സുരക്ഷിതമായി മറച്ചുപിടിക്കപ്പെടുകയാണ്.
തമിഴ്‌നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.എ. രാജൻ കമ്മിറ്റിയാണ് നീറ്റ് എത്രമാത്രം വരേണ്യവും സാമൂഹികനീതിക്ക് എതിരുമാണ് എന്ന് പഠനത്തിന്റെ വെളിച്ചത്തിൽ സ്ഥാപിച്ചത്.
ഈ കമ്മിറ്റിയുടെ കണ്ടെത്തലുകളിൽ പ്രധാനപ്പെട്ടവ ഒന്ന് പരിശോധിക്കാം:
- നീറ്റ് നിലവിൽവന്നശേഷം, മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കുന്ന തമിഴ് മീഡിയം വിദ്യാർഥികളുടെ എണ്ണം തുച്ഛമാകുകയും ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളുടെ എണ്ണം 98 ശതമാനം വരെ ഉയരുകയും ചെയ്തു.
- നീറ്റിനുമുമ്പ്, 2010-11 മുതൽ 2016- 17 കാലത്ത് ഗ്രാമീണമേഖലയിൽനിന്നുള്ള 61.5 ശതമാനം വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിച്ചിരുന്നു. എന്നാൽ, 2020-21ൽ ഇത് 49.91 ശതമാനമായി കുറഞ്ഞു.
- നീറ്റിനുമുമ്പ് നഗരപ്രദേശങ്ങളിൽനിന്ന് 38.55 ശതമാനം പേർക്ക് മെഡിക്കൽ അഡ്മിഷൻ കിട്ടിയിരുന്നുവെങ്കിൽ നീറ്റിനുശേഷം ഇവരുടെ എണ്ണം 50 ശതമാനത്തിലേക്ക് ഉയർന്നു.
- സംസ്ഥാന ബോർഡ് പരീക്ഷയെഴുതിയ വിദ്യാർഥികളുടെ എണ്ണം നീറ്റിനുമുമ്പ് 95 ശതമാനമായിരുന്നത്, 2020-21ൽ 64.27 ശതമാനമായി ഇടിഞ്ഞു.
- അതേസമയം, സി.ബി.എസ്.ഇ സ്‌കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ എണ്ണം 3.1 ശതമാനത്തിൽനിന്ന് 2020-21ൽ 32.26 ശതമാനമായി ഉയർന്നു.
സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലും ഈ അസമത്വം പ്രകടമായി.
- നീറ്റിനുമുമ്പ്, 2.5 ലക്ഷം രൂപ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽനിന്ന് ശരാശരി 41 ശതമാനം വിദ്യാർഥികൾക്കാണ് അഡ്മിഷൻ ലഭിച്ചിരുന്നത് എങ്കിൽ, നീറ്റിനുശേഷം ഇവരുടെ എണ്ണം 36 ശതമാനമായി കുറഞ്ഞു.
- എന്നാൽ, 2.5 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികളുടെ എണ്ണം 58 ശതമാനത്തിൽനിന്ന് 62 ശതമാനമായി കൂടുകയും ചെയ്തു.
- നീറ്റ് പരീക്ഷയോടെ നിലവിൽവന്ന കോച്ചിങ് സെന്ററുകൾ തമിഴ്‌നാട്ടിൽ 5750 കോടി രൂപ ടേണോവറുള്ള വൻ വ്യവസായമായി മാറിയതായി കമീഷൻ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം കച്ചവട കേന്ദ്രങ്ങളിൽനിന്ന് അടിസ്ഥാന പരിശീലനം ലഭിച്ചിറങ്ങുന്ന വിദ്യാർഥികൾ സംസ്ഥാന പൊതുജനാരോഗ്യ സംവിധാനത്തിന്റെ തകർച്ചക്കുതന്നെ കാരണമാകുമെന്ന ആശങ്കയും കമീഷൻ മുന്നോട്ടുവക്കുന്നു. ജസ്റ്റിസ് കെ.എ. രാജൻ കമ്മിറ്റി റിപ്പോർട്ട് വിവിധ സംസ്ഥാന സർക്കാറുകൾക്ക് തമിഴ്‌നാട് സർക്കാർ, അതാതുഭാഷയിൽ പരിഭാഷപ്പെടുത്തി അയച്ചുകൊടുത്തുവെങ്കിലും, ഒരിടത്തുനിന്നും കാര്യമായ പ്രതികരണമുണ്ടായില്ല.
നീറ്റിനുമേൽ പിടിമുറുക്കിയ സാമ്പത്തികവും സാമൂഹികവുമായ വരേണ്യതയുടെ ആഴമാണ് ഈ മൗനം കാണിക്കുന്നത്.
തമിഴ്‌നാട്ടിൽ മാത്രമല്ല, ദേശീയതലത്തിലും നീറ്റിലൂടെ സംഭവിക്കുന്നത് ഒരുതരം പുറന്തള്ളൽ പ്രക്രിയയാണ് എന്ന് ഡാറ്റകൾ തെളിയിക്കുന്നു. ആ പുറന്തള്ളൽ പ്രക്രിയയുടെ വഴി ഞെട്ടിപ്പിക്കുന്ന ഒന്നാണ്.
2024-ൽ നീറ്റ് എഴുതിയത് 23,33,297 പേരാണ്. ഇന്ത്യയിൽ ആകെ 704 മെഡിക്കൽ കോളേജുകളാണുള്ളത്, അവയിലാകെ 1,09,170 എം.ബി.ബി.എസ് സീറ്റുകളുണ്ട്.
382 സർക്കാർ മെഡിക്കൽ കോളേജുകളിലായി 55,225 സീറ്റാണുള്ളത്.
264 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 42,515 സീറ്റ്.
51 ഡീംഡ് യൂണിവേഴ്‌സിറ്റികളിലായി 10,250 സീറ്റ്.
ഏഴ് സെൻട്രൽ യൂണിവേഴ്‌സിറ്റികളിലായി 1180 സീറ്റ്.
അതായത്, ഒരു ലക്ഷത്തോളം സീറ്റുകളിൽ പകുതിയും ലക്ഷങ്ങൾ നൽകി പഠിക്കേണ്ട സ്വകാര്യ- ഡീംഡ് യൂണിവേഴ്‌സിറ്റികളിലാണുള്ളത്.
ദേശീയതലത്തിൽ, സർക്കാർ മെഡിക്കൽ കോളേജിൽ മെറിറ്റിൽ അഡ്മിഷൻ നേടുന്ന ഒരു വിദ്യാർഥി അഡ്മിഷൻ ഫീസും മെസ് ഫീസും അടക്കം ഏതാണ്ട് 60,000 രൂപയാണ് ഒരു വർഷം അടക്കേണ്ടിവരിക. അഞ്ചു വർഷം ഏതാണ്ട് ആറ്- ആറര ലക്ഷം രൂപ.
- സെൻട്രൽ യൂണിവേഴ്‌സിറ്റികളിലെ ഒരു വർഷത്തെ ഫീസ് ശരാശരി 30,000 രൂപയാണ്. മെസ് ഫീസും മറ്റു ചെലവുകളും അടക്കം അഞ്ചു വർഷം കൊണ്ട് ഒരു വിദ്യാർഥിക്ക് ചെലവാകുന്നത് 3.5 ലക്ഷം രൂപ.
- 383 സർക്കാർ മെഡിക്കൽ കോളേജുകളിലായി 55,225 എം.ബി.ബി.എസ് സീറ്റാണുള്ളത്. വാർഷിക ഫീസ് 75,000 ഓളം രൂപ. അഞ്ചു വർഷം ഹോസ്റ്റൽ ഫീസ് അടക്കം 6.50 ലക്ഷത്തോളവും.
അതായത്, സെൻട്രൽ യൂണിവേഴ്‌സിറ്റികളിൽ അഞ്ചു വർഷം കൊണ്ട് 3.6 ലക്ഷവും സർക്കാർ മെഡിക്കൽ കോളേജുകളിൽ ആറര ലക്ഷം രൂപയുമാണ് ശരാശരി ചെലവാകുക.
ഇനി സ്വകാര്യ മേഖലയിലേക്കു വന്നാലോ. സ്വകാര്യ മേഖലയിൽ, വിവിധ കോളേജുകളിൽ ഫീസ് വ്യത്യാസപ്പെട്ടിരിക്കും.
- ഓൾ ഇന്ത്യ ക്വാട്ടയിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിക്കുന്ന ഒരു വിദ്യാർഥിക്ക് ഒരു വർഷം ശരാശരി 15 ലക്ഷം രൂപ ചെലവാകും. അഞ്ചു വർഷം കൊണ്ട് ചെലവാക്കേണ്ട തുക 80 ലക്ഷത്തോളം രൂപ.
- 51 ഡീംഡ് യൂണിവേഴ്‌സിറ്റികളിലായി എം.ബി.ബി.എസിന് 10,250 സീറ്റാണുള്ളത്. ഇവിടെ വാർഷിക ഫീസ് ശരാശരി 20 ലക്ഷം രൂപയാണ്. ഹോസ്റ്റൽ- മെസ് അടക്കം അഞ്ചു വർഷം 1.25 കോടി രൂപ വരും.
അതായത്, ഇന്ത്യയിൽ ഒരു എം.ബി.ബി.എസ് വിദ്യാർഥി വിവിധ തലങ്ങളിലുള്ള മെഡിക്കൽ കോളേജുകളിൽ അഞ്ചു വർഷം കൊണ്ട് ചെലവഴിക്കേണ്ട ശരാശരി ഫീസ് ഇങ്ങനെ സംഗ്രഹിക്കാം:
- സെൻട്രൽ യൂണിവേഴ്‌സിറ്റി: മൂന്നര ലക്ഷം.
- സർക്കാർ മെഡിക്കൽ കോളേജുകൾ: ആറര ലക്ഷം.
- സ്വകാര്യ മെഡിക്കൽ കോളേജുകൾ: 75 ലക്ഷം.
- ഡീംഡ് യൂണിവേഴ്‌സിറ്റികൾ: ഒന്നര കോടി.
ആകെയുള്ള 1,09,170 സീറ്റുകളിൽ സെൻട്രൽ യൂണിവേഴ്‌സിറ്റികളിലും സർക്കാർ മെഡിക്കൽ കോളേജുകളിലുമുള്ള 56,405 സീറ്റുകളിൽ പഠിക്കുന്നവർക്കാണ് കുറഞ്ഞ ഫീസിന് എം.ബി.ബി.എസ് പഠനം സാധ്യമാകുക.
സ്വകാര്യ മെഡിക്കൽ കോളേജുകളിലും ഡീംഡ് യൂണിവേഴ്‌സിറ്റികളിലുമായി ബാക്കിയുള്ള 52,765 സീറ്റുകളിലും പഠിക്കുന്നവർ അഞ്ചു വർഷം കൊണ്ട് ചെലവാക്കേണ്ടത് 75 ലക്ഷം രൂപ മുതൽ ഒന്നര കോടി രൂപ വരെയാണ്.
ഇത്തരത്തിൽ മെഡിക്കൽ പഠനം സമ്പന്നർക്ക് സംവരണം ചെയ്യപ്പെടുന്നതിൽ നീറ്റ് എന്ന സംവിധാനത്തിന്റെ ഘടനയ്ക്ക് വലിയ പങ്കുണ്ട്.
2024-ൽ എം.ബി.ബി.എസിന് ആകെ 1,09,048 സീറ്റാണുള്ളത്. എന്നാൽ, പരീക്ഷ എഴുതിയ 24 ലക്ഷം പേരിൽ യോഗ്യത നേടിയവരുടെ എണ്ണം 13,16,268.
അതായത്, ഒരു ലക്ഷത്തോളം സീറ്റിലേക്ക് 13 ലക്ഷത്തിലേറെ പേർ യോഗ്യത നേടി.
എന്തിനാണ്, ഒരു ലക്ഷം പേരുടെ ഒഴിവിലേക്ക് 13 ലക്ഷം പേരുടെ യോഗ്യതാ പട്ടികയുണ്ടാക്കുന്നത്?
മിക്കവാറും മറ്റെല്ലാ പരീക്ഷകളും പാസാകാൻ 30- 40 ശതമാനം മാർക്കാണ് വേണ്ടത്. എന്നാൽ, നീറ്റിൽ ഇത് 19 ശതമാനമാണ്. ഈ വർഷം 22.78 ശതമാനമായിരുന്നു പാസ് പേഴ്‌സൻേറജ്, കട്ട് ഓഫ് മാർക്ക് 164.
ഇവിടെ സ്വഭാവികമായും ഒരു ചോദ്യമുയരുന്നു.
എന്തിനാണ്, പാസ് പേഴ്‌സന്റേജ് താഴ്ത്തിവച്ച് ലക്ഷക്കണക്കിന് വിദ്യാർഥികളെ യോഗ്യതാലിസ്റ്റിലേക്ക കയറ്റിവിടുന്നത്? യോഗ്യരായവരുടെ എണ്ണം 13 ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷമായി കുറയുകയാണെങ്കിൽ, അതിലെ, കുറെക്കൂടി അർഹരായവർക്ക് അഡ്മിഷൻ കിട്ടാനുള്ള സാധ്യത വർധിക്കുകയല്ലേ ചെയ്യുക?
ഇവിടെയാണ്, യോഗ്യതയില്ലാത്ത കൂടുതൽ പേരെ ഉൾപ്പെടുത്തി യോഗ്യതാലിസ്റ്റ് വലുതാക്കുന്നതിന്റെ വിപണി താൽപര്യം പ്രവർത്തിക്കുന്നത്.
2023-ൽ നീറ്റ് സ്‌കോർ 110 മുതൽ 137 വരെയുള്ളവർക്ക് ഡീംഡ് സർവകലാശാലകളിൽ അഡ്മിഷൻ കിട്ടിയിട്ടുണ്ട്. ഇവരുടെ റാങ്ക് 10 ലക്ഷം മുതൽ 11 ലക്ഷം വരെയായിരുന്നു. അതായത്, ഒരു ലക്ഷത്തിലേറെ സീറ്റുണ്ടായിരുന്ന കഴിഞ്ഞ വർഷം, 11,76,267-ാമത്തെ റാങ്കുകാർക്കും എം.ബി.ബി.എസ് അഡ്മിഷൻ കിട്ടി. അതായത്, എത്ര മാർക്ക് കുറഞ്ഞാലും, യോഗ്യതാ ലിസ്റ്റിൽ എത്ര പുറകിലായാലും, പണമുള്ളവർക്ക് എം.ബി.ബി.എസിന് പഠിക്കാൻ കഴിയുമെന്നർഥം.
സ്വകാര്യ മെഡിക്കൽ കോളേജുകളിലും ഡീംഡ് യൂണിവേഴ്‌സിറ്റികളിലുമുള്ള 52,765 സീറ്റുകളിലും, യോഗ്യതാപട്ടികയിൽ ഏറെ പുറകിലുള്ളവരും അതേസമയം ലക്ഷങ്ങളും കോടികളും നൽകാൻ കഴിവുള്ളവരുമാണ് പ്രവേശനം നേടുന്നത്. അതായത്, ഒരു ലക്ഷത്തോളം സീറ്റിൽ പകുതിയിലേറെ സീറ്റുകളും സമ്പന്നർക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നർഥം.
ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങളിൽ ഒന്ന്, വിദേശത്തെ നിലവാരം കുറഞ്ഞ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്കാണ്.
ഇന്ത്യയിലെ പബ്ലിക് മെഡിക്കൽ കോളേജുകളിൽ അഡ്മിഷൻ കിട്ടാതെ പുറന്തള്ളപ്പെടുന്നവരാണ് ഏറെയും വിദേശത്ത് എം.ബി.ബി.എസ് പഠനത്തിന് പോകുന്നത്.
ഒരു വർഷം ശരാശരി 20,000- 25,000 വിദ്യാർഥികളാണ് വിദേശത്തേക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനായി പോകുന്നത്. ഇന്ത്യയിലെ സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്താൽ, കുറവാണ് പല വിദേശ സ്ഥാപനങ്ങളിലെയും ഫീസ് ഘടന.
എന്നാൽ, ഈ വിദേശ വിദ്യാഭ്യാസം ഗുരുതരമായ നിലവാരത്തകർച്ചയാണുണ്ടാക്കുന്നത് എന്ന കാര്യം ചർച്ച ചെയ്യപ്പെടാറില്ല.
വിദേശത്തുനിന്ന് മെഡിക്കൽ യോഗ്യത നേടിയവർക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാൻ നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ്, ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്‌സാമിനേഷൻ എന്നൊരു സ്‌ക്രീനിങ് ടെസ്റ്റ് നടത്തുന്നുണ്ട്. 2023-ൽ ഈ പരീക്ഷ എഴുതിയത് 62,077 വിദ്യാർഥികളാണ്. ഇവരിൽ, പാസായത് വെറും 16.52 ശതമാനം പേരാണ്.
വിദേശത്തുനിന്ന് എം.ബി.ബി.എസ് ബിരുദമെടുത്ത 62,077 പേരിൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാൻ യോഗ്യത നേടിയത് വെറും 10,255 പേർ.
ഇന്ത്യൻ വിദ്യാർഥികളുമായി താരതമ്യം ചെയ്യുമ്പോൾ, വിദേശത്തു പഠിച്ച് തിരിച്ചെത്തുന്നവരുടെ നിലവാരം ഏറെ താഴെയാണെന്നാണ് ഈ വിജയശതമാനം കാണിക്കുന്നത്.
ഈ പ്രശ്‌നങ്ങൾക്കെല്ലാം അടിസ്ഥാന കാരണം നീറ്റ് എന്ന യോഗ്യതാനിർണയ പരീക്ഷയുടെ ഘടനയും മൂല്യനിർണയരീതികളുമാണ്.
നീറ്റ് എന്ന സംവിധാനത്തിലൂടെ ഫലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്:
- ഇന്ത്യയിലുള്ള എം.ബി.ബി.എസ് സീറ്റുകളുടെ പകുതിയിലേറെയും സമ്പന്നർക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.
- പാസിങ് ശതമാനം കുറച്ചുവച്ച് യോഗ്യതാപട്ടികയിലേക്ക് ലക്ഷങ്ങളെ തിരുകിക്കയറ്റി, ലക്ഷങ്ങൾ ഫീസ് നൽകാൻ കഴിവുള്ളവർക്ക് അഡ്മിഷൻ നേടിക്കൊടുക്കുന്നു.
- കോച്ചിങ് വ്യവസായം നീറ്റിനെ തന്നെ നിയന്ത്രിക്കുംവിധം പിടിമുറുക്കുന്നു.
- സംസ്ഥാന ബോർഡുകളിൽനിന്നും ഗ്രാമീണമേഖലയിൽനിന്നും വരുന്ന വിദ്യാർഥികൾ പുറന്തള്ളപ്പെടുന്നു.
- വിദേശത്തെ നിലവാരം കുറഞ്ഞ സ്ഥാപനങ്ങളിലേക്ക് ഇന്ത്യൻ വിദ്യാർഥികളെ ആട്ടിയോടിക്കുന്നു.
എത്ര ഗുരുതരമായ ക്രമക്കേടുകൾ പുറത്തുവന്നാലും നീറ്റിന്റെ ഘടന അതേപടി തുടരും. കാരണം, ഇതൊരു നയപരമായ തീരുമാനം കൂടിയാണ്. സ്വകാര്യ- പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുല്യപദവി നൽകണമെന്നത് ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രധാന തീരുമാനങ്ങളിൽ ഒന്നാണ്. ഒരു രാജ്യം ഒരു പരീക്ഷ എന്നത് കേന്ദ്ര സർക്കാറിന്റെ നയപരമായ തീരുമാനം കൂടിയാണ്. അതിന്റെ പരിണിത ഫലമാണ് നീറ്റിലൂടെ സംഭവിക്കുന്ന പുറന്തള്ളൽ.
ഇവിടെയും തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോകേണ്ടിയിരിക്കുന്നു. കൽപ്പിത സർവകലാശാലകൾക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള ശുപാർശകളടങ്ങിയ റിപ്പോർട്ട് ചർച്ച ചെയ്യുകയാണ് ഇപ്പോൾ ആ സംസ്ഥാനം. സംസ്ഥാന വിദ്യാഭ്യാസ നയരൂപീകരണ സമിതി ശുപാർശയാണിത്. റഗുലേറ്ററി ബോർഡ് സ്ഥാപിച്ച് കൽപ്പിത സർവകലാശാലകളിലെ വിദ്യാർഥി പ്രവേശനം, ഫീസ് ഘടന, അധ്യാപക- അനധ്യാപക ജീവനക്കാരുടെ വേതനവ്യവസ്ഥ എന്നിവക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ചാണ് സർക്കാർ തലത്തിൽ ആലോചന നടക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിൽനിന്ന് ഭിന്നമായൊരു നിലപാടുകൂടിയാണിത്. ഇത്തരം വികേന്ദ്രീകൃതമായ സംവിധാനങ്ങളെക്കുറിച്ചുള്ള ആലോചനകളും തീരുമാനങ്ങളും അത് നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുമുണ്ടെങ്കിലേ നീറ്റിനെപ്പോലുള്ള അനീതികളെ ചെറുത്തുനിൽക്കാനാകൂ.