മൂന്നാം മോദിയെ കുറിച്ചുള്ള ലിബറൽ വ്യാമോഹങ്ങൾ അപകടകരം കൂടിയാണ്

ആർ.എസ്.എസും ബി ജെ പിയും തമ്മിലുളളത് ഒരു ഡിവിഷൻ ഓഫ് ലേബർ ആണ് ( എ. ജി നൂറാനി). അവർക്കിടയിലെ തർക്കങ്ങളിൽ ജനാധിപത്യവാദികൾ ദീർഘകാലാടിസ്ഥാനത്തിൽ വലിയ രാഷ്ട്രീയ സാധ്യതകൾ കാണുന്നത് രാഷ്ട്രീയ മൗഢ്യമാണ്- എൻ.കെ. ഭൂപേഷ് എഴുതുന്നു.

ജൂൺ നാല്; സമീപകാല ഇന്ത്യൻ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. അതിനു കാരണം അത് മൂന്നാമതും നരേന്ദ്രമോദി സർക്കാരിനെ അധികാരത്തിലേറ്റിയ ദിവസം എന്നതു കൊണ്ടല്ല, മറിച്ച് ഇന്ത്യയിലെ കോടിക്കണക്കായ മനുഷ്യർക്ക് പ്രതീക്ഷ നൽകിയെന്നത് കൊണ്ടുകൂടിയാണ്.

ഇന്ത്യയിൽ നിലനിൽക്കുന്ന ജനാധിപത്യം പോലും പൂർണമായും ഇല്ലാതാക്കപ്പെടുമെന്നും ഒരു ആധുനിക, ഭരണഘടനയുടെ സംരക്ഷണം പോലും ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിച്ചേക്കില്ലെന്ന തോന്നലുകളിൽനിന്നും അതിജീവനത്തിന്റെ പ്രതീക്ഷകൾ ഉയർത്തിയ ദിനം. ഇതോടൊപ്പം അന്നത്തെ ദിവസം ഉയർത്തിയ കുറെ പ്രതീക്ഷകളും ചോദ്യങ്ങളുമുണ്ട്. മോദിയ്ക്ക് മൂന്നാം വട്ടവും വലിയ വിജയം പ്രവചിച്ച മുഖ്യധാരാ മാധ്യമങ്ങൾ ഉണ്ടാക്കിയ ആശങ്കകൾക്കുശേഷമാണ് ഈ ആശ്വാസം മതേതര ജനാധിപത്യ വിശ്വാസികൾക്ക് ഉണ്ടായത്. അതുകൊണ്ടുതന്നെ ജൂൺ നാലിന് പുറത്തുവന്ന വിധി അവർക്ക് വലിയ ആശ്വാസമായി. എൻ ഡി എ മുന്നണിയ്ക്ക് കേവല ഭൂരിപക്ഷം കിട്ടിയെങ്കിലും, അത് ഇനി പഴയതുപോലെ ആകില്ലെന്ന തോന്നലുകളുണ്ടായി.

കാര്യമായ സഖ്യമില്ലാതെയും കോൺഗ്രസിന് മുന്നേറ്റമുണ്ടായിട്ടുണ്ട്. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉദാഹരണം.
കാര്യമായ സഖ്യമില്ലാതെയും കോൺഗ്രസിന് മുന്നേറ്റമുണ്ടായിട്ടുണ്ട്. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉദാഹരണം.

അതിശക്തമായി മോദി മുന്നോട്ടു കൊണ്ടുപോയ ഹിന്ദുത്വ രാഷ്ട്രീയത്തിന് പുതിയ പശ്ചാത്തലത്തിൽ വേഗം കുറയുമോ? അങ്ങനെ ചെയ്യാൻ മോദിയ്ക്ക് കഴിയുമോ? ഇങ്ങനെ മോദിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വലിയ കുതിച്ചു ചാട്ടത്തിനുശേഷം ഒരു പിൻവാങ്ങൽ ആർ.എസ്.എസ് എന്ന സംഘടനയ്ക്ക് ഉൾക്കൊള്ളാനാവുമോ?. വലിയ ആധിപത്യം കാണിച്ചതിനുശേഷം തന്ത്രപരമായ പിൻമാറ്റവും പിന്നീടുള്ള കുതിപ്പുമെന്ന അടവുനയം ഫാഷിസത്തിന്റെ തന്നെ രീതിയുമായി ചേർന്നുപോകുന്നതാണോ തുടങ്ങിയ ചോദ്യങ്ങളും പ്രസക്തമാണ്.

ബി ജെ പിയ്ക്ക് കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥ മോദി, ദുർബലനും, തന്റെ അജണ്ടകൾ സ്വന്തം ഇച്ഛപ്രകാരം നടപ്പിലാക്കാൻ കഴിയാത്ത ദുർബലനുമായിരിക്കുമെന്നായിരുന്നു ലിബറൽ ഉദാരാവാദികളുടെ ശുഭാപ്തി വിശ്വാസം.

തെരഞ്ഞെടുപ്പിൽ ബി ജെ പിയ്ക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലെന്നതിനൊപ്പം മറ്റൊരു കാര്യം കൂടി സംഭവിച്ചു. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതും ഇന്ദ്രേഷ് കുമാറിനെപോലുള്ള ചില നേതാക്കളും നടത്തിയ പ്രസംഗങ്ങളും ലിബറലുകളെ സന്തോഷിപ്പിച്ചു. മണിപ്പുർ പ്രശ്‌നമാണ് പരിഹരിക്കേണ്ടത്, സേവകർക്ക് അഹന്ത പാടില്ല തുടങ്ങിയ കാര്യങ്ങളാണ് മോഹൻ ഭാഗവത് പറഞ്ഞത്. ശ്രീരാമൻ ഇടപെട്ടതുകൊണ്ടാണ് അഹങ്കാരികളായ ബി ജെ പിയ്ക്ക് കേവല ഭൂരിപക്ഷം കിട്ടാതെ പോയതെന്നായിരുന്നു ഇന്ദ്രഷ് കുമാറിന്റെ പ്രസ്താവന. ആർ.എസ്.എസ് മോദിയുടെ നിയന്ത്രണത്തിലുള്ള ബി ജെ പിയുമായി അകലുന്നു, ഇരു സംഘടനകളും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസമെന്നുമൊക്കെയുള്ള വിലയിരുത്തലുകൾ തൊട്ടുപിന്നാലെയായി വന്നു.

അതായത് രണ്ട് കാര്യങ്ങളാണ് സംഭവിച്ചത്.
ഒന്ന്: സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞെങ്കിലും ബി ജെ പിയ്ക്ക് കേവല ഭൂരിപക്ഷം കിട്ടാതെ പോയ അവസ്ഥ, മോദി ഭരണത്തിന്റെ തീവ്രത കുറയ്ക്കും. രണ്ട്: ആർ.എസ്.എസിന്, മോദിയിലും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുമുള്ള ബി ജെ പിയുടെ പ്രവർത്തനങ്ങളിലും അവിശ്വാസമുണ്ടെന്ന തോന്നലുണ്ടാക്കുന്ന പ്രസ്താവനകൾ. രണ്ടും ഇന്ത്യയിലെ ലിബറലുകളെ സന്തോഷിപ്പിച്ചു. ഒരു ദശാബ്ദകാലത്തെ ഹിന്ദുത്വ ആധിപത്യത്തിന്റെ നാളുകൾ അവസാനിച്ചിരിക്കുന്നുവവെന്ന് അവർ ആശ്വസിക്കുകയും ചെയ്തു.

ലിബറൽ ആഖ്യാനത്തിന്റെ  മറ്റൊരു മുഖമാണ് ആർ.എസ്.എസും മോദി ഭരണകൂടവും അകന്നു കഴിഞ്ഞുവെന്ന  രീതിയിൽ കൊഴുപ്പിച്ചെടുക്കുന്ന ചർച്ചകൾ.
ലിബറൽ ആഖ്യാനത്തിന്റെ മറ്റൊരു മുഖമാണ് ആർ.എസ്.എസും മോദി ഭരണകൂടവും അകന്നു കഴിഞ്ഞുവെന്ന രീതിയിൽ കൊഴുപ്പിച്ചെടുക്കുന്ന ചർച്ചകൾ.

ബി ജെ പിയ്ക്ക് കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥ മോദി, ദുർബലനും, തന്റെ അജണ്ടകൾ സ്വന്തം ഇച്ഛപ്രകാരം നടപ്പിലാക്കാൻ കഴിയാത്ത ദുർബലനുമായിരിക്കുമെന്നായിരുന്നു ലിബറൽ ഉദാരാവാദികളുടെ ശുഭാപ്തി വിശ്വാസം. എന്തിന് എൻ ഡി എയിലെ പ്രബലകക്ഷികളായ ജെ ഡി-യുവും ടി ഡി പിയും മോദിയെ നിലയ്ക്കുനിർത്തുമെന്നും നിർണായക മന്ത്രിസ്ഥാനങ്ങൾ കരസ്ഥമാക്കുമെന്നും ചിലർ കരുതി. മന്ത്രിസഭാ രൂപീകരണത്തിൽ തർക്കവും അതിൽ ‘ഇന്ത്യ’ മുന്നണി ഇടപെടുന്നതും ചിലപ്പോൾ മോദിക്ക് സർക്കാർ രൂപികരിക്കാൻ കഴിയാതെ വരുന്ന സാഹചര്യം പോലും ഉദാരമായി ആലോചിക്കപ്പെട്ടു. എന്നാൽ ഇത്തരം ആലോചനകൾക്ക് വലിയ ആയുസ്സുണ്ടായില്ല.

തെരഞ്ഞെടുപ്പിൽ ബി ജെ പിയ്ക്കും ഹിന്ദുത്വ രാഷ്ട്രീയത്തിനും വലിയ തിരിച്ചടിയേറ്റുവെന്ന വ്യാഖ്യാനിക്കുന്നത്, ഹിന്ദുത്വത്തിനെതിരായ ചെറുത്തുനിൽപ്പിനെ ദീർഘകാലടിസ്ഥാനത്തിൽ ദുർബലപ്പെടുത്തുകയാണ് ചെയ്യുക.

മന്ത്രിസഭ രൂപീകരിക്കപ്പെട്ടു. പ്രധാന വകുപ്പുകൾ ബി ജെ പിയുടെ പക്കൽ തന്നെ. അങ്ങനെ ഇത് രണ്ടാം മോദിയുടെ തുടർച്ച തന്നെയാണ് മൂന്നാം മോദിയും എന്ന് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. മൂന്നാം മോദി അധികാരമേറ്റ് ഏറെ വൈകുന്നതിനുമുമ്പു തന്നെയാണ് 10 വർഷം മുമ്പ് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ അരുന്ധതി റോയ്‌ക്കെതിരെ കേസെടുക്കാനുള്ള അനുമതി ഡൽഹി ലഫ്. ജനറൽ നൽകുന്നത്. അപ്പോൾ ജൂൺ നാല് സൃഷ്ടിച്ച ആവേശത്തെ മാറ്റിനിർത്തി കാര്യങ്ങൾ കാണാൻ നമ്മൾ ഇനി ബാധ്യസ്ഥരാണ്. ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും ഹരിയാനയിലേയും പഞ്ചാബിലെയും ഭൂരിപക്ഷം വരുന്ന ജനങ്ങൾ നടത്തിയ ചെറുത്തുനിൽപ്പാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ടത്. അതിന്റെ ഫലമായി ബി ജെ പിയ്ക്ക് സീറ്റുകൾ കുറഞ്ഞു. അയോധ്യ ഉൾപ്പെടുന്ന ഫൈസലാബാദ് മണ്ഡലത്തിലടക്കം ബി ജെ പി തോറ്റു. 2024- ലെ തെരഞ്ഞെടുപ്പിൽ ബി ജെ പിയ്ക്ക് കിട്ടിയത് 36.56 ശതമാനം വോട്ടുകളാണ്. കോൺഗ്രസിന് കിട്ടിയതാവട്ടെ 21.19 ശതമാനവും. 2019- ൽ ബി ജെ പിയുടെ വോട്ടു ശതമാനംം 37.3 ശതമാനമായിരുന്നു. ഇത്തവണ കുറവ് വന്നത് 0.73 ശതമാനം.
കോൺഗ്രസ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൽസരിച്ച് സീറ്റുകളുടെ എണ്ണം കുറവായിരുന്നു. അല്ലെങ്കിൽ വോട്ട് ശതമാനത്തിൽ കുറച്ചുകൂടി വർധന കാണിച്ചേനെ. 2019- നെ അപേക്ഷിച്ച് പ്രധാന പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിന്നതാണ് ഇത്തവണ ബി ജെ പിയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണമെന്ന് ഇതിൽനിന്നൊക്കെ വ്യക്തമാണ്. ഉത്തർപ്രദേശിൽ എസ്.പിയുടെ മികച്ച പ്രകടനവും കോൺഗ്രസ് അവരോടൊപ്പം ചേർന്നു നിന്നതും ബി ജെ പിയ്ക്ക് തിരിച്ചടിയായപ്പോൾ, ശിവസേന (ഉദ്ദവ് പക്ഷം) ശരദ്പവാറിന്റെ എൻ സി പി തുടങ്ങിയവയുമായുള്ള കോൺഗ്രസിന്റെ സഖ്യം മഹാരാഷ്ട്രയിലും ഗുണം ചെയ്തു. കാര്യമായ സഖ്യമില്ലാതെയും കോൺഗ്രസിന് മുന്നേറ്റമുണ്ടായിട്ടുണ്ട്. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉദാഹരണം.

ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും ഒരേസമയം പിന്തുണ പിൻവലിക്കുകയോ, അല്ലെങ്കിൽ ഇതിലേതെങ്കിലും ഒരു പാർട്ടിയോടൊപ്പം ചെറുകിട കക്ഷികൾ എല്ലാം ചേർന്നാൽ മാത്രമേ സർക്കാരിനെ മറിച്ചിടാൻ സാധിക്കുകയുള്ളൂ. അത് അത്ര എളുപ്പമല്ല.
ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും ഒരേസമയം പിന്തുണ പിൻവലിക്കുകയോ, അല്ലെങ്കിൽ ഇതിലേതെങ്കിലും ഒരു പാർട്ടിയോടൊപ്പം ചെറുകിട കക്ഷികൾ എല്ലാം ചേർന്നാൽ മാത്രമേ സർക്കാരിനെ മറിച്ചിടാൻ സാധിക്കുകയുള്ളൂ. അത് അത്ര എളുപ്പമല്ല.

തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ ജീവൽ പ്രശ്‌നങ്ങൾ ജനങ്ങളുടെ വോട്ടിനെ സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാണെങ്കിലും, പ്രധാനപ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിന്നതും, സമാജ് വാദി പാർട്ടിയുടെ സാമൂഹ്യ എഞ്ചിനിയറിംങും പ്രതിപക്ഷത്തെ സഹായിച്ചു. തെരഞ്ഞെടുപ്പ് കമീഷനിൽ തുടങ്ങി, കോടതികളും മാധ്യമങ്ങളും എല്ലാം ഭരണകക്ഷിയുടെ താൽപര്യങ്ങൾക്കുവേണ്ടി നിന്നിട്ടാണ് ഈ നേട്ടമെന്നത് പ്രതിപക്ഷത്തെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്.

ഇത്രയൊക്കെയുമാണ് ഈ തിരഞ്ഞെടുപ്പിനെ പ്രത്യേകതയുള്ളതാക്കുന്നത്. അല്ലാതെ അതിൽ ബി ജെ പിയ്ക്കും ഹിന്ദുത്വ രാഷ്ട്രീയത്തിനും വലിയ തിരിച്ചടിയേറ്റുവെന്ന വ്യാഖ്യാനിക്കുന്നത്, ഹിന്ദുത്വത്തിനെതിരായ ചെറുത്തുനിൽപ്പിനെ ദീർഘകാലടിസ്ഥാനത്തിൽ ദുർബലപ്പെടുത്തുകയാണ് ചെയ്യുക. ഇന്നത്തെ സാഹചര്യത്തിൽ രാഷ്ട്രീയ കക്ഷിനില പ്രകാരം എൻ ഡി എ സർക്കാരിന് കാര്യമായ ഭീഷണിയില്ല. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും ഒരേ സമയം പിന്തുണ പിൻവലിക്കുകയോ, അല്ലെങ്കിൽ ഇതിലേതെങ്കിലും ഒരു പാർട്ടിയോടൊപ്പം എൻ ഡി എയിലെ ചെറുകിട കക്ഷികൾ എല്ലാം ചേർന്നാൽ മാത്രമേ സർക്കാരിനെ മറിച്ചിടാൻ സാധിക്കുകയുള്ളൂ. അത് അത്ര എളുപ്പം സാധിക്കുന്നതല്ല. പ്രത്യേകിച്ചും ഇന്ത്യാ മുന്നണിയ്ക്ക് കേവല ഭൂരിപക്ഷത്തിന് 30 ലേറെ സീറ്റുകൾ ആവശ്യമായിരിക്കെ. ജാതിസെൻസസ് പോലുളള വിഷയങ്ങൾ ഉന്നയിച്ച് നിതിഷ് കുമാറിനെ പോലുള്ള അവസരവാദി രാഷ്ട്രീയക്കാരൻ മുന്നണി വിടുമെന്നും പ്രതീക്ഷിക്കാനേ കഴിയില്ല.

അക്രമോൽസുക ഹിന്ദുത്വത്തിന്റെ 10 വർഷത്തിന് ശേഷം ഇനി മയപ്പെട്ട ഹിന്ദുത്വം എന്നത് മോദിയ്‌ക്കോ, ബി ജെ പിയ്‌ക്കോ ആർ.എസ്.എസിനോ പ്രായോഗികമായി ചിന്തിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

ഇനിയുള്ളത് മറ്റൊരു പ്രധാന കാര്യമാണ്. കൂട്ടുകക്ഷി സർക്കാർ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നത് മയപ്പെടുത്തുകയോ നിർത്തിവെയ്ക്കുമോ ചെയ്യുമോ എന്നതാണ് ആ ചോദ്യം. ഇന്ത്യയിൽ ജനസംഘത്തിന്റെയും ബി ജെ പിയുടെയും ചരിത്രവും, 2014- നുശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായ മാറ്റവും പരിഗണിച്ചുമാത്രമെ ഇക്കാര്യം ചർച്ച ചെയ്യാൻ പറ്റൂ. മറ്റ് പാർട്ടികളിൽനിന്ന് വ്യത്യസ്തമായി ബി ജെ പിയുടെ വളർച്ച ഏറെ കുറെ 'സ്റ്റഡി'യായിരുന്നുവെന്ന് കാണാം. 1984 മുതൽ ബി ജെ പി ക്രമാനുഗതമായി വളർന്നു. 1999- ൽ ബി ജെ പിയുടെ സഖ്യകക്ഷി സർക്കാറിന് എ.ബി. വാജ്‌പേയ് നേതൃത്വം നൽകുന്നു. അന്ന് സഖ്യകക്ഷികളുടെ മാത്രം ബലത്തിലായിരുന്നു ഭരണം. ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പോലും ഹിന്ദുത്വ അജണ്ട എങ്ങനെ 'മൃദുവായി' നടപ്പിലാക്കാമെന്ന് വാജ്‌പേയി കാണിച്ചു. പിന്നീട് 2004- ലും 2009- ലും പരാജയപ്പെട്ടപ്പോൾ മാത്രമാണ് ബി ജെ പിയ്ക്ക് കാര്യമായ തിരിച്ചടിയേൽക്കുന്നത്. അതിനെ പോലും ഇന്നത്തെ സാഹചര്യവുമായി അതിനെ താരതമ്യപ്പെടുത്താൻ കഴിയില്ല. 2014-ൽ അധികാരത്തിൽവരികയും 2019- ൽ അധികാര തുടർച്ചയുണ്ടാവുകയും ചെയ്തതിനുശേഷമാണ് ഹിന്ദുത്വ ഫാഷിസത്തിന്റ അക്രമോൽസുക പ്രയോഗങ്ങൾ സർക്കാർ സംവിധാനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പിലാക്കപ്പെടുന്നത്. പ്രതിപക്ഷ നേതാക്കളെ ടാർഗറ്റു ചെയ്യുന്ന കേന്ദ്ര ഏജൻസികൾ മുതൽ പശുകടത്ത് ആരോപിച്ച് മുസ്‍ലിം / ദലിത് മനുഷ്യരെ തല്ലികൊല്ലുന്നതടക്കമുളള നടപടികൾ ഇതിന്റെ ഭാഗമായി നടപ്പിലാക്കപ്പെട്ടതാണ്. അയോധ്യയിൽ പള്ളി പൊളിച്ച സ്ഥലത്ത് പണിത ക്ഷേത്രത്തിന്റെ കാർമികനായി പ്രധാനമന്ത്രി തന്നെ എത്തിയതോടെ ഒരു മതേതര രാജ്യമെന്ന ഇന്ത്യയുടെ ഐഡന്റിറ്റി തന്നെ ഹിന്ദുത്വ ഫാഷിസ്റ്റുകൾ ഇല്ലാതാക്കി. ഇതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ബി ജെ പിയ്ക്ക് കേവല ഭൂരിപക്ഷം കിട്ടാതെ തിരിച്ചടിയേൽക്കുന്നതും സഖ്യകക്ഷികളുടെ പിന്തുണ ഭരണത്തിന് അനിവാര്യമായി വരുന്നതും. സഖ്യകക്ഷികളുടെ പിന്തുണ അനിവാര്യമായതുകൊണ്ട് മോദി മയപ്പെടും എന്ന് ആഖ്യാനങ്ങൾക്ക് പ്രാധാന്യം കിട്ടുന്നതിന്റെ സാഹചര്യം ഇതാണ്. എന്നാൽ അങ്ങനെ ഒരു സാധ്യത ബി ജെ പിയ്ക്കും ഹിന്ദുത്വത്തിനും മുന്നിൽ ഇനിയുണ്ടോ?

മൂന്നാം മോദി അധികാരമേറ്റ്  ഏറെ വൈകുന്നതിനുമുമ്പു തന്നെയാണ് 10 വർഷം മുമ്പ് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ അരുന്ധതി റോയ്‌ക്കെതിരെ കേസെടുക്കാനുള്ള അനുമതി ഡൽഹി ലഫ്. ജനറൽ നൽകുന്നത്.
മൂന്നാം മോദി അധികാരമേറ്റ് ഏറെ വൈകുന്നതിനുമുമ്പു തന്നെയാണ് 10 വർഷം മുമ്പ് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ അരുന്ധതി റോയ്‌ക്കെതിരെ കേസെടുക്കാനുള്ള അനുമതി ഡൽഹി ലഫ്. ജനറൽ നൽകുന്നത്.

അക്രമോൽസുക ഹിന്ദുത്വത്തിന്റെ 10 വർഷത്തിന് ശേഷം ഇനി മയപ്പെട്ട ഹിന്ദുത്വം എന്നത് മോദിയ്‌ക്കോ, ബി ജെ പിയ്‌ക്കോ ആർ.എസ്.എസിനോ പ്രായോഗികമായി ചിന്തിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അത് ഫലത്തിൽ രാഷ്ട്രീയ എതിരാളികൾക്കുമുന്നിലുള്ള കീഴടങ്ങലായാണ് കണക്കാക്കപ്പെടുക. അവരെ സംബന്ധിച്ച് ഇത് നിർണായക കാലമാണ്. അക്രമോൽസുക ഹിന്ദുത്വത്തെ മുന്നോട്ടുകൊണ്ടുപോകുക അല്ലെങ്കിൽ പൂർണ രാഷ്ട്രീയ പരാജയം എന്നതാണ് ഹിന്ദുത്വത്തിന്റെ മുന്നിലുളള രണ്ട് മാർഗങ്ങൾ. അല്ലാതെ വാജ്‌പേയ് കാലത്തെ പോലെ സമരസപ്പെടുത്തുന്ന ഹിന്ദുത്വത്തിന്റെ മാർഗം ഇനി സംഘ്പരിവാരത്തിന് മുന്നിലുണ്ടെന്ന് തോന്നുന്നില്ല. അതിൽനിന്ന് കഴിഞ്ഞ ഒരു ദശാബ്ദകാലം അവർ ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. അതിൽ ആദ്യത്തേത് തെരഞ്ഞെടുക്കുകയെന്നതുമാത്രമാണ് മോദിയുടെ മുന്നിലുള്ള പോംവഴി. അക്കാര്യത്തിൽ മോദിക്കും കൂട്ടർക്കും സന്ദേഹമുണ്ടെന്നും തോന്നുന്നില്ല. അതാണ് മന്ത്രിസഭയുടെ തെരഞ്ഞെടുപ്പിലൂടെയും തൊട്ടുപിന്നാലെ അരുന്ധതി റോയ്ക്കതിരെ യു എ പി എ ചുമത്താനുള്ള തീരുമാനത്തിലുടെയും പുറത്തുവരുന്നത്. അതുതന്നെയാണ് തെലങ്കാനയിൽ മദ്രസ ആക്രമിക്കപ്പെട്ടതിലൂടെയും മധ്യപ്രദേശിൽ മുസ്‍ലിം വീടുകൾ ബുൾഡോസറുകളുപയോഗിച്ച് അടിച്ചു നിരത്തിയതിലൂടെയും വ്യക്തമാകുന്നത്.

ദലിത്- മുസ്‍ലിം വിഭാഗങ്ങളും തൊഴിലാളികളും കർഷകരും ചേർന്നു മുന്നോട്ടു പോകേണ്ട, ഇനിയും ശക്തിപ്പെടുത്തേണ്ട രാഷ്ട്രീയ ഐക്യത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രാധാന്യവും അതിന് വിജയസാധ്യതയുണ്ടെന്ന പ്രതീക്ഷയുമാണ് 2024 നൽകുന്നത്.

ഫാഷിസം അതിന്റെ ശരിയായ അർത്ഥത്തിൽ പ്രയോഗിച്ചുതുടങ്ങിയാൽ അതിന് തന്ത്രപരമായ പിൻമാറ്റം സാധ്യമാണെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ മോദി മാറും, ഹിന്ദുത്വ പ്രയോഗങ്ങൾ ഈ ഭരണത്തിൽ ഉണ്ടാവില്ല എന്നൊക്കെയുള്ളത് ലിബറൽ വാദികളുടെ ആഗ്രഹ ചിന്തകളായി മാറാനാണ് സാധ്യത. ഈ ചിന്തയുടെ അപകടം അത് വ്യാജ പ്രതീക്ഷകൾ ഉണ്ടാക്കുമെന്നതാണ്. ഇത്തവണ ബി ജെ പിയ്ക്ക് കേവല ഭൂരിപക്ഷം കിട്ടാതെ പോയ സാഹചര്യമുണ്ടാക്കിയതിൽ കർഷക സമരങ്ങളും, വിവിധ ജാതി വിഭാഗങ്ങളെ ചേർത്തുനിർത്തിയുള്ള സമാജ് വാദി പാർട്ടിയുടെ നീക്കങ്ങളും സമ്പത്തിന്റെ പുനർവിതരണവും, സാമ്പത്തികനീതിയും ജാതി പ്രാതിനിധ്യവും ഭരണഘടനയെ ഇല്ലാതാക്കുന്നുവെന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചയാക്കിയ കോൺഗ്രസിന്റെ ശ്രമങ്ങളും എല്ലാം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതൊരു രാഷ്ട്രീയ പ്രതിരോധമായിരുന്നു. അല്ലാതെ കാൽപനികമായ ആഗ്രഹചിന്തകളായിരുന്നില്ല. ഈ രാഷ്ട്രീയ പ്രയോഗങ്ങൾ പൂർണമായി വിജയിച്ചുവെന്നും ഹിന്ദുത്വം പിൻവാങ്ങിയെന്നുമെന്നുമുള്ള ലിബറൽ വിശകലന വിദഗ്ധരുടെ നിലപാടുകൾ ഈ രാഷ്ട്രീയ പ്രയോഗത്തെ ദുർബലപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.

ഭൂരിപക്ഷമില്ലാത്ത  സാഹചര്യത്തിൽ പോലും  ഹിന്ദുത്വ  അജണ്ട എങ്ങനെ 'മൃദുവായി'  നടപ്പിലാക്കാമെന്ന് എ.ബി. വാജ്‌പേയി കാണിച്ചു.
ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പോലും ഹിന്ദുത്വ അജണ്ട എങ്ങനെ 'മൃദുവായി' നടപ്പിലാക്കാമെന്ന് എ.ബി. വാജ്‌പേയി കാണിച്ചു.

ഈ ലിബറൽ ആഖ്യാനത്തിന്റെ മറ്റൊരു മുഖമാണ് ആർ.എസ്.എസും മോദി ഭരണകൂടവും അകന്നു കഴിഞ്ഞുവെന്ന രീതിയിൽ കൊഴുപ്പിച്ചെടുക്കുന്ന ചർച്ചകൾ. ആർ.എസ്.എസ് എന്ന സംഘപരിവാരത്തിലെ മുഖ്യ സംഘടന, അവരുടെ രാഷട്രീയ പ്രയോഗത്തിനുണ്ടാക്കിയ സംഘടനയാണ് ബി ജെ പിയെന്നത് മറച്ചുവെച്ചുള്ള ചർച്ചകളാണ് ഇതൊക്കെ. ആർ.എസ്.എസും ബി ജെ പിയും തമ്മിലുളളത് ഒരു ഡിവിഷൻ ഓഫ് ലേബർ ആണ് ( എ. ജി നൂറാനി). അവർക്കിടയിലെ തർക്കങ്ങളിൽ ജനാധിപത്യവാദികൾ ദീർഘകാലാടിസ്ഥാനത്തിൽ വലിയ രാഷ്ട്രീയ സാധ്യതകൾ കാണുന്നത് രാഷ്ട്രീയ മൗഢ്യമാണ്.

ഇന്ത്യയിൽ 1980- കൾ മുതൽ അക്രമോൽസുകമാകുയും രാജ്യത്തെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കുന്നതിൽ വലിയൊരളവ് വിജയിക്കുകയും ചെയ്ത ആർ.എസ്.എസിനും മോദിയ്ക്കുമെതിരായ ചെറുത്തുനിൽപ്പിൽ നിർണായക നേട്ടമുണ്ടാക്കിയ തിരഞ്ഞെടുപ്പാണ് 2024- ൽ നടന്നത്. എന്നാൽ ഇതോടെ ഹിന്ദുത്വം പിൻവാങ്ങിയെന്നും അവർ മെരുക്കപ്പെട്ടുവെന്നും കരുതുന്നത് അംസബന്ധവും അപകടകരവുമാണ്. ദലിത്- മുസ്‍ലിം വിഭാഗങ്ങളും തൊഴിലാളികളും കർഷകരും ചേർന്നു മുന്നോട്ടു പോകേണ്ട, ഇനിയും ശക്തിപ്പെടുത്തേണ്ട രാഷ്ട്രീയ ഐക്യത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രാധാന്യവും അതിന് വിജയസാധ്യതയുണ്ടെന്ന പ്രതീക്ഷയുമാണ് 2024 നൽകുന്നത്. അതിനപ്പുറം നമ്മുടെ ആഗ്രഹ ചിന്തകൾ ചേർത്തുനിർത്തിയുളള വിലയിരുത്തലുകൾ അസ്ഥാനത്താണെന്ന മാത്രവുമല്ല, അപകടകരവുമാണ്.

Comments