‘ഇന്നാട്ടിലെ വില്ലന്മാരുടെ സൈഡിലാണ് നമ്മളൊക്കെ എന്ന അപകർഷതാബോധമാണ് യൗവനാരംഭം വരെ എന്നെ ഭരിച്ചിരുന്നത്’

ബാബറി മസ്ജിദ് പൊളിച്ച സംഭവം തന്റെ തലമുറയെ കൊണ്ടെത്തിയ സംഘർഷങ്ങളെക്കുറിച്ചും അതിൽനിന്ന് പുറത്തുകടക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അതിനുശേഷമുള്ള തലമുറയുടെ ആവിഷ്കാരങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിൻ പരാരി.

മനില സി. മോഹൻ: ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ ചെറിയ കുട്ടിയായിരുന്നല്ലോ. എപ്പോഴാണ് പള്ളി പൊളിക്കൽ നമ്മുടെ രാജ്യത്ത് നടന്ന വലിയൊരു രാഷ്ട്രീയ വിഷയമാണ് എന്ന് തിരിച്ചറിയുന്നത്?

മു.രി: എനിക്ക് നാലു വയസ്സ്. അന്നത്തെ എന്റെ റോൾ മോഡൽ, കസിൻ അറഫാക്ക ആണ്, എല്ലാ വല്യ കാര്യങ്ങളും പഠിപ്പിച്ചുതന്നിട്ടുള്ളത്. ഭൂമി ഗോളമാണ്. ആകാശം വെള്ളയല്ല, നീലയാണ്. വെള്ള കാണുന്നത് മേഘമാണ്. ലാലേട്ടൻ സൂപ്പർ ഇടിയാണ്. ഡിങ്കനും ഏലിയനും തമ്മിലുള്ള ബന്ധം. കാംബ്ലി, ലാറ, സച്ചിൻ എന്നിവർ ആരാണ്- ഇതൊക്കെ അറഫാക്കയാണ് പറഞ്ഞുതന്നത്.

അറഫാക്ക പരിഭ്രമത്തോടെ പറഞ്ഞുതന്ന സംഭവമാണ് ബാബറി മസ്ജിദ് സംഭവം. ഉൾക്കിടിലം എന്ന വാക്ക് ഞാൻ പിന്നെ കുറേ കഴിഞ്ഞാണ് പഠിച്ചത്. പക്ഷെ അന്ന് അത് അനുഭവിച്ചിട്ടുണ്ട്. പിന്നെ മണിരത്നം സിനിമകളിലാണ് കലാപങ്ങളും മറ്റും കണ്ടത്. അതും കസിൻസിന്റെ കൂടെ മൂത്താപ്പയുടെ മുറിയിൽ വി സി ആറിൽ കണ്ടത്. വളരെ വിചിത്രമായ കാര്യം എന്തെന്നുവെച്ചാൽ, ആ ആഖ്യാനങ്ങളൊക്കെയും ഇരബോധത്തിന്റേതായിരുന്നില്ല എന്നുള്ളതാണ്. ഇന്നാട്ടിലെ വില്ലന്മാരുടെ സൈഡിലാണ് നമ്മളൊക്കെ എന്നുള്ള വേദനയുള്ള അപകർഷതാ ബോധമാണ് കൗമാരം വരെയും യൗവനാരംഭം വരെയും എന്നെ ഭരിച്ചുകൊണ്ടിരുന്നത്. എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വില്ലൻ പദവിയിൽ നിന്ന് രക്ഷപ്പെടണം എന്ന ആഗ്രഹമാണ് രൂഢമൂലമായി എന്നിൽ വളർന്നുകൊണ്ടിരുന്നത്. 90-കളെയും 2000-ങ്ങളെയും കടന്നുപോയ എല്ലാ (എന്റെ പരിസരത്തെ) തലമുറകളിലും ഏറ്റവും കൂടുതൽ കാണാൻ കഴിഞ്ഞതും അതുതന്നെയാണ്. സംഘടിതമായും അസംഘടിതമായും ഒരു സാമുദായികവിഭാഗം ആ ആഗ്രഹം നിരന്തരമായി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അറഫാക്ക പരിഭ്രമത്തോടെ പറഞ്ഞുതന്ന സംഭവമാണ് ബാബറി മസ്ജിദ് സംഭവം. ഉൾക്കിടിലം എന്ന വാക്ക് ഞാൻ പിന്നെ കുറേ കഴിഞ്ഞാണ് പഠിച്ചത്. പക്ഷെ അന്ന് അത് അനുഭവിച്ചിട്ടുണ്ട്. പിന്നെ മണിരത്നം സിനിമകളിലാണ് കലാപങ്ങളും മറ്റും കണ്ടത്.

ആത്മാഭിമാനത്തെ കുറിച്ചുള്ള ദർശനങ്ങൾ കേരളത്തിലെ സമകാലിക മാഗസിനുകളിലും അക്കാദമിക സദസ്സുകളിലും സജീവമായ ശേഷമാണ് മറ്റൊരു തന്മ സാധ്യമാണ് എന്ന് ചിന്തിക്കാനെങ്കിലുമായത്. ഞാൻ ആവർത്തിച്ച് പറഞ്ഞ് ബോറടിപ്പിക്കുന്ന ‘മഴ മയയുടെ പര്യായമാണ്’ എന്ന വാചകം അതുകൊണ്ടുതന്നെ കേവല ഭാഷാപരമായ കാര്യമല്ല. ഇതുവരെ പ്രദർശനാനുമതി ലഭിക്കാത്ത ആത്മാംശങ്ങൾ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തോടുള്ള തേട്ടമാണ്.

‘ബാബറി മസ്ജിദിന് മുമ്പ്- ശേഷം’ എന്ന് നമുക്ക് ഇന്ത്യയുടെ രാഷ്ട്രീയകാലത്തെ വിഭജിക്കാൻ പറ്റും. അതിനെ മുൻനിർത്തി സാഹിത്യത്തിലും കലയിലും ഒരുപാട് ആവിഷ്കാരങ്ങൾ നടന്നിട്ടുണ്ട്. ഒരു ഇലക്ഷൻ കാലവും ഒരു രാഷ്ട്രീയ സംവാദവും ബാബറി മസ്ജിദ് പരാമർശിക്കാത കടന്നുപോവില്ലായിരുന്നു. പക്ഷേ ഇന്നതല്ല സ്ഥിതി. നമ്മുടെ കലാവിഷ്കാരങ്ങൾക്ക് എന്തുമാറ്റമാണ് സംഭവിക്കുന്നത്?

നിരന്തരമായ വൈജ്ഞാനിക വ്യവഹാരങ്ങളാൽ സജീവമായിരുന്നു എന്നെ സംബന്ധിച്ച് ഞാൻ വളർന്നുകൊണ്ടിരുന്ന പശ്ചാത്തലം. അതിന്റെയെല്ലാം പ്രേരകമായി വർത്തിച്ചത് ബാബറിയാനന്തരം രൂപപ്പെട്ട ഒരു സമഷ്ടിയായ പരിഭ്രമമാണ്.

‘നമ്മുടെ’ എന്ന പ്രയോഗത്തിൽ അംഗത്വം ലഭിക്കാനുള്ള കഷ്ടപ്പാടിനെ കുറിച്ചാണ് പ്രാഥമികമായി ചർച്ച നടക്കേണ്ടത് എന്നു തോന്നുന്നു. ഏതോ സാങ്കൽപ്പിക അധികാരത്തിന്റെ വാലിഡേഷൻ ലഭിക്കാനുള്ള സാംസ്കാരിക കസർത്തുകളുടെ ഭാഗമാവാനുള്ള കടുത്ത സമ്മർദ്ദം പോസ്റ്റ് ബാബറി / പോസ്റ്റ് 9/11 തലമുറ അനുഭവിച്ചിട്ടുണ്ട് എന്നുതോന്നുന്നു. ‘അരാഷ്ട്രീയത’ എല്ലായ്പ്പോഴും ഒരു ചോയ്സ് ആണെന്ന് പറയാൻ സാധിക്കുകയില്ല. ചിലർക്കെങ്കിലും അത് രാഷ്ട്രീയമായ പരിതാവസ്ഥയാണ്. നിരന്തരമായ പിശാചുവൽകരണത്തെയും shadow banning- നെയും cancel culture- നെയും പരിഗണിക്കാതെ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള കലാകാരരെ കുറിച്ച് ‘അരാഷ്ട്രീയത’യുടെ blanket statement നടത്താൻ സാധിക്കുകയില്ല.

അതേസമയം, ബാബറിയാനന്തര വിജ്ഞാനോൽപാദനത്തിൽ ന്യൂനപക്ഷ സമുദായങ്ങളുടെ അതിജീവന പരിശ്രമങ്ങൾ നടത്തിയ സംഭാവനകളെ ഏറെ ആദരവോടെ ഈ അവസരത്തിൽ സ്മരിക്കേണ്ടതുണ്ട്. ഞാനടങ്ങുന്ന തലമുറക്ക് കേവലമായ ലോകവിവരവും ഭാഷാബോധവും മാത്രമല്ല അവ സമ്മാനിച്ചത്. അക്രമാസക്തമായി വളർന്നുകൊണ്ടിരിക്കുന്ന വംശഹത്യാ രാഷ്ട്രീയത്തോട് ക്രിയാത്മകമായി ഇടപെടാനുള്ള ആർജ്ജവം നൽകിയതും ഈ ബാബറിയാനന്തര സാംസ്കാരിക നവജാഗരണമാണ്. നിരന്തരമായ വൈജ്ഞാനിക വ്യവഹാരങ്ങളാൽ സജീവമായിരുന്നു എന്നെ സംബന്ധിച്ച് ഞാൻ വളർന്നുകൊണ്ടിരുന്ന പശ്ചാത്തലം. അതിന്റെയെല്ലാം പ്രേരകമായി വർത്തിച്ചത് ബാബറിയാനന്തരം രൂപപ്പെട്ട ഒരു സമഷ്ടിയായ പരിഭ്രമമാണ്.

മതേതര ഇന്ത്യ ഹിന്ദുത്വ ഇന്ത്യയായി മാറുന്നതിന്റെ ആദ്യ പ്രകടനമായിരുന്നു ഡിസംബർ ആറ്. അതിന്റെ പൂർത്തീകരണമാണ് രാമക്ഷേത്രനിർമാണവും നടക്കാനിരിക്കുന്ന പ്രതിഷ്ഠാപനവും. എതിർപ്പുകളില്ല. പരാതികളില്ല. പരുവപ്പെട്ട മനുഷ്യരാണ്. മുസ്‍ലിം സമുദായത്തിന്റെ കൂടി രക്ഷകനായി അവതരിക്കുകയാണ് നരേന്ദ്ര മോദി. എന്തു തോന്നുന്നു?

ഈ നിശ്ശബ്ദതയെ എങ്ങനെ പഴിക്കാനാണ്? പ്രത്യാശിക്കാനുള്ള കരുത്ത് നഷ്ടപ്പെട്ടതിനെ എങ്ങനെ അപലപിക്കാനാണ്? ഉപാധികളോടെ ആനന്ദിക്കാൻ ഒരു തലമുറയോട് നാം എങ്ങനെ ആവശ്യപ്പെടാനാണ്? ഇപ്പോൾ ഞാൻ മാനസിക ആലംബം കണ്ടെത്തുന്നത് കാമുവിന്റെ ഒരു വാചകത്തിന്മേലാണ്: The only way to deal with an oppressive system is to become so absolutely free that your very existence is an act of rebellion.
മറവി ഒരുപക്ഷെ ആശാസ്യകരമല്ലായേക്കാം. ഒരുവേള അത് തീർത്തും പുതിയ ലോകത്തെ വിഭാവന ചെയ്ത് സൃഷ്ടിക്കാനുള്ള പ്രേരണയെങ്കിലും ആയാലോ?

ആൽബേർ കാമു

കഴിഞ്ഞ ദിവസം 2000-ങ്ങളിൽ ജനിച്ചുവളർന്ന പാട്ടുകാരുടെ കൂടെ ഒരു പാട്ടുണ്ടാക്കാനായി സമയം ചെലവഴിക്കാൻ സാധിച്ചു. അവർ അവരുടെ തന്മകളെ യാതോരു ആശങ്കയോ പരിഭ്രമമോ കൂടാതെ ആനന്ദത്തോടെ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു. എന്റെ തലമുറയുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ട apprehensions ഒന്നും അവർ അനുഭവിക്കുന്നില്ല. ആ സ്വാതന്ത്ര്യത്തെ ഞാൻ കൊതിയോടെ നോക്കിനിൽക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ വിപരീതം ഭയം ആണെന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്.

നീതിയുടെ മറുലോകം സൃഷ്ടിച്ച് ഹിംസയുടെ ലോകത്തെ നിഷ്പ്രഭമാക്കാൻ സാധിച്ചെങ്കിലോ എന്നാണോ ഇനി കാണാനുള്ള കിനാവ്?


മു.രി

തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംവിധായകൻ. KL10 പത്ത്​ എന്ന സിനിമ സംവിധാനം ചെയ്​തു. സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാൽ ലൗ സ്റ്റോറി, തല്ലുമാല എന്നി സിനിമകളുടെ സഹതിരക്കഥാകൃത്ത്​. തമാശ, ഭീമന്റെ വഴി, തല്ലുമാല, സുലൈഖാ മന്‍സില്‍, കഠിന കഠോരമീ അണ്ഡകടാഹം തുടങ്ങിയ സിനിമകള്‍ക്ക് പാട്ടെഴുതി.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments