"ഇങ്ങനെ ചൂട് കൂടിയാൽ എ.സി കൂടെ കൊണ്ട് നടക്കേണ്ടിവരും.' സഹയാത്രികന്റെ വേവലാതി കേട്ടാണ് മൊബൈൽ നോക്കിയത്. ജൈസാൽമീർ എത്താറായി. വലിയ ഞെരക്കത്തോടെ ട്രെയിൻ കിതച്ചു നിന്നു. പുറത്തിറങ്ങിയപ്പോൾ തീച്ചൂളയിലേക്ക് കാലെടുത്തുവച്ചത് പോലെ. ചൂട് ശരീരമാകെ പൊതിഞ്ഞു. അടുത്ത സ്റ്റേഷൻ ലക്ഷ്യമാക്കി വണ്ടി കടന്നുപോയി. വർഷങ്ങൾ പുറകോട്ട് സഞ്ചരിച്ച പ്രതീതിയാണ് മുന്നിലെ കാഴ്ചകൾക്ക്.
ചാരനിറമാണ് നഗരത്തിനാകെ. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ. അവയിൽ ചിലത് വാസ്തുവിദ്യയാൽ സമ്പന്നം. പലവഴിക്ക് തിരക്കിട്ട് നടക്കുന്ന മനുഷ്യർ. തൂക്കുപാത്രത്തിൽ റൊട്ടിയുമായി ജോലി തേടിയെത്തിയ വലിയ ആൾക്കൂട്ടം. റോഡരികിൽ ഊഴം കാത്ത് ഇരിക്കുന്നുണ്ടവർ. ദൈന്യത നിറഞ്ഞ മുഖങ്ങളിൽ ജീവിതഭാരം നിഴലിക്കുന്നു. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ഒന്നടങ്കമാണ് ജോലിക്ക് പോവുന്നത്. ഉത്തരേന്ത്യൻ പട്ടണങ്ങളിലെ നിത്യ കാഴ്ചകളിൽ ഒന്നാണത്.
പട്ടണമാകെ ചുട്ട് പഴുത്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ചൂടേറിയ ഭൂപ്രദേശത്തേക്കാണ് യാത്ര. ഥാർ മരുഭൂമിയിലേക്ക്. 70 കിലോമീറ്റർ ഇപ്പുറമുളള ചൂടുതന്നെ അസഹനീയമാണ്. മരുഭൂമിയിലെ ജീവിതങ്ങളുടെ അവസ്ഥ ഓർത്തപ്പോഴേ പൊള്ളി. ട്രെയിനിൽ എ.സിയെ കുറിച്ച് വേവലാതിപ്പെട്ട മനുഷ്യൻ വെള്ളമില്ലാത്ത ഥാർ ഗ്രാമങ്ങളെ കേട്ടുകാണാൻ ഇടയില്ല. ദാഹജലം തേടി അലയുന്ന അവരുടെ ജീവിതം അന്യമാണ് മഹാഭൂരിപക്ഷത്തിനും.
"കഹാം ജാരെ സർ' എന്നുചോദിച്ച് ഒരു വയോധികൻ അടുത്തുവന്നു. ബട്ടൺസ് പൊട്ടിയ കാക്കി ഷർട്ടും കുളിക്കാതെ പാറിപ്പറക്കുന്ന തലമുടിയും. യാത്രക്ക് വലിയയൊരു തുക പറഞ്ഞു. മറ്റ് ഗതാഗത മാർഗ്ഗങ്ങളില്ലാത്തതിനാൽ അത് സമ്മതിച്ചു. നഗരത്തിലെ പാതി പൊടിയും അഴുക്കും കാറിനുള്ളിലുണ്ട്. എ.സി പേരിനു മാത്രം. വണ്ടിക്കുള്ളിലെ ചൂട് തലക്കു പിടിച്ചു. പട്ടണത്തിന്റെ തിരക്കുകൾ അൽപ്പം മുന്നോട്ട് പോയപ്പോഴേ അപ്രത്യക്ഷമായി. അടുത്തകാലത്തൊന്നും അറ്റകുറ്റപ്പണി നടത്താത്ത റോഡ് ദുഷ്‌ക്കരമായി. മുന്നോട്ട് പോകുംതോറും ടാറിട്ട റോഡ് ചുരുങ്ങി ഇല്ലാതായി.
മുന്നേപോയ വണ്ടികളുടെ ടയറുകൾ ആഴത്തിൽ പതിഞ്ഞ വഴിയാണ് മുന്നിൽ. ഇനിയങ്ങോട്ട് ആ അടയാളങ്ങളാണ് വഴികാട്ടി. മണൽക്കാടുകൾ ദൂരെയായി കണ്ടുതുടങ്ങി. പച്ചപ്പ് പാടെ അപ്രത്യക്ഷമായി. അറ്റമില്ലാതെ പരന്നു കിടക്കുന്ന മണൽ പരപ്പിന് നടുവിലൂടെയാണ് യാത്ര. എങ്ങും മുൾച്ചെടികൾ കാണാം. ഇടയ്ക്കിടെ വീശിയടിക്കുന്ന പൊടിക്കാറ്റ് കാഴ്ചമറയ്ക്കും. മരുഭൂമി മനുഷ്യരുടെ ജീവിതവും കാലങ്ങളായി പൊതു സമൂഹത്തിൽനിന്ന് മറയ്ക്കപ്പെട്ടിട്ടുണ്ട്.
അസാധ്യമാണ് ജീവിതം
വിജനമായ ചുവന്ന മരുഭൂമിയിലൂടെയുള്ള യാത്ര തുടർന്നു. ദൂരെയായി ഏതാനും കുടിലുകൾ കാണുന്നുണ്ട്. സമീപത്തെ ഇടിഞ്ഞ് വീണ കുടിവെള്ള ടാങ്കിനോട് ചേർന്ന് വണ്ടി നിർത്തി. പുറത്ത് ഉരുകുന്ന ചൂടാണ്. ചുറ്റും കണ്ണോടിച്ചു, ആരുമില്ല. ആളൊഴിഞ്ഞ പ്രേത നഗരത്തിന് സമാനമായ നിശബ്ദത. എങ്ങും പൊടിക്കാറ്റിന്റെ ഇരമ്പൽ. പത്തോളം കുടിലുകൾ മാത്രമുള്ള ചെറുഗ്രാമമാണത്.
സംസാരം കേട്ട് വൃദ്ധയായ ഒരു സ്ത്രീ പുറത്തേക്ക് വന്നു. കഠിനമായ ചൂടേറ്റ് അവർ കൂനിക്കൂടിയാണ് നിൽക്കുന്നത്. കൺപോളകൾ പാതിയെ തുറന്നൊള്ളൂ. പ്രായമായവർ ഒഴികെ ബാക്കിയുള്ളവർ വെള്ളമെടുക്കാൻ പോയതാണ്. എപ്പോൾ വരുമെന്ന് അറിയില്ല. സംസാരിക്കാൻ തുടങ്ങിയപ്പോൾ അവർ അടുത്തേക്ക് വന്നു. ശരീരം പൊതിഞ്ഞ ഷാളിൽ നിന്നും കൈ പുറത്തെടുത്ത് അകലേക്ക് ചൂണ്ടി. പൊളിഞ്ഞു വീണ കുടിവെള്ള വെള്ള ടാങ്കുകളാണ്. ആദ്യമൊക്കെ മാസത്തിൽ രണ്ടുതവണ വെള്ളം വന്നിരുന്നു. പിന്നീടത് ഒരുതവണയായി. ഇപ്പോൾ ഒരിറ്റു വെള്ളം വന്നിട്ട് 3 വർഷമായി.
ചുളിവുവീണ കൈകളിൽ ചൂടേറ്റ് നീറിയപ്പോൾ വീണ്ടും ഷാളുകൊണ്ട് പൊതിഞ്ഞു. സൂര്യനെ പ്രതിരോധിക്കാൻ പനയോലകൊണ്ട് കെട്ടിയുണ്ടാക്കിയ കുട അവർ തന്നു. രാജസ്ഥാനി കലർന്ന ഹിന്ദി മനസ്സിലാക്കാൻ ഏറെ പ്രയാസപ്പെട്ടു. വാക്കിലെ വേദന ഭാഷക്ക് അതീതമായി. നിഷ്‌ക്കളങ്കമായ ചിരിയോടെ കൗമീർ എന്ന് സ്വയം പരിചയപ്പെടുത്തി. കഷ്ടിച്ച് നൂറുപേരുള്ള ഗ്രാമമാണ്. അടുത്തടുത്തായി കുടിലുകൾ. കല്ലും മണ്ണും കുഴച്ച് പടുത്ത മതിലുകളിൽ കുമ്മായം തേച്ചിട്ടുണ്ട്. കട്ടിയുള്ള പുല്ലുകൊണ്ട് മേഞ്ഞ മേൽക്കൂര ചൂടിന് ആശ്വാസമാണ്. ഒറ്റമുറിയാണ് എല്ലാ കുടിലുകൾക്കും. ഗ്രാമത്തിലെ എല്ലാവർക്കുമായി ഒരു കക്കൂസ്.
ഭൂരിഭാഗം മനുഷ്യർക്കും ഒന്നിലേറെ അസുഖങ്ങളുണ്ട്. പൊടിക്കാറ്റേറ്റ് മുറിയാത്ത ശരീരം ആർക്കുമില്ല. ചൂട് അതികഠിനമായതിനാൽ ഗ്രാമത്തിൽ കൃഷിയില്ല. കന്നുകാലികളാണ് അന്നദാതാവ്. രാവിലെ അവക്ക് വേണ്ട വെള്ളവും പുല്ലും തേടി ഇറങ്ങിയാൽ തിരിച്ചെത്തുന്നത് ഇരുട്ടിയാണ്. അതിന്റെ ആവർത്തനമാണ് അടുത്ത ദിവസവും. ദൂരെ നിന്നെ കാറ്റിന്റെ വലിയ ഇരമ്പൽ കേട്ടു. എത്രയും വേഗം വണ്ടിയിൽ കയറാൻ പറഞ്ഞ് അവർ കുടിലിലേക്ക് കയറി. പുല്ലിന്റെ വാതിൽ ചേർത്ത് അടച്ചു. നിമിഷനേരം കൊണ്ട് പൊടിക്കാറ്റ് വന്ന് മൂടി. ഒന്നും കാണാനാവാത്ത വിധം.
അവശേഷിക്കുന്നവർ പറയുന്നത്
മണൽകാറ്റിൽ ഗ്രാമമാകെ ഒരു മണിക്കൂറോളം പൊടിയിൽ മൂടി. പിന്നെയും ഏറെ കഴിഞ്ഞാണ് വണ്ടിവിട്ടിറങ്ങിയത്. കൗമീറിന്റെ കുടിലിനപ്പുറം സിമെന്റ് കൊണ്ട് കെട്ടിയ വലിയ ടാങ്കുണ്ട്. പശുവിന് കുടിക്കാനുള്ള വെള്ളം സംഭരിക്കാനാണത്. മഴ മാത്രമെ ഇന്നുവരെ അത് നിറച്ചിട്ടുള്ളൂ. മഴമേഘങ്ങൾ ആ വഴിക്ക് വന്നിട്ട് മാസങ്ങളായി. വിണ്ടു വരണ്ട നെൽപാടം പോലെയാണ് ടാങ്കിന്റെ ഇപ്പോഴത്തെ അവസ്ഥ. അടുത്ത രണ്ടു മാസവും സമാന സ്ഥിതിയാകും.
രണ്ടു ലക്ഷം ചതുരശ്രകിലോമീറ്ററിലധികം വിസ്തൃതിയുണ്ട് ഥാർ മരുഭൂമിക്ക്. വടക്ക് സത്‌ലജ് നദിയും പടിഞ്ഞാറ് സിന്ധുവും അതിരിട്ട് ഒഴുകുന്നു. മണൽക്കാട് പടർന്നു കിടക്കുന്ന ഥാറിന് ഗ്രാമങ്ങളെ തൊടുന്ന കൈവഴികൾ ഏതുമില്ല. ഭൂഗർഭ ജലത്തിന് മുകളിൽ പാറക്കെട്ടുകൾ മറഞ്ഞിട്ടുണ്ട്. 150 മീറ്ററോളം ഉയർന്നു നിൽക്കുന്ന മൺ കൂനകളും ജീവിതം അസാധ്യമാക്കുന്നു. 25 സെന്റീമീറ്ററാണ് വർഷത്തിലാകെ ലഭിക്കുന്ന മഴ. ചൂടുകാലത്ത് 50 °C വരെ താപനിലയും ഉയരും. മനുഷ്യരിലേക്ക് ജലാംശം എത്താത്തതിന്റെ പ്രധാനകാരണവും ഇവയൊക്കെയാണ്.
കുറച്ചകലെനിന്ന് ഒട്ടകപ്പുറത്ത് രണ്ടുപേർ വരുന്നുണ്ട്. വലിയ ചാക്കുകൾ ഒട്ടകത്തിന്റെ പുറത്തും ഇരു വശത്തുമായി കെട്ടിയിട്ടിട്ടുണ്ട്. ഗ്രാമത്തിലേക്കുള്ള ഗോതമ്പും ഭക്ഷ്യ സാധനങ്ങളുമാണ്. അടുത്ത ഗ്രാമമായ ബച്ചിയയിലെ ഗ്രാമത്തലവനാണ് അവരിൽ ഒരാൾ. എല്ലാവർക്കും ആവശ്യമായ സാധങ്ങൾ രണ്ടുപേർ ഇങ്ങനെ കൊണ്ടു വരാറാണ് പതിവ്. കാലങ്ങളായി ഗോവർദ്ധനാണ് ഇരു ഗ്രാമങ്ങളിലേക്കും അവശ്യ വസ്തുക്കൾ എത്തിക്കുന്നത്. മണിക്കൂറുകൾ നടന്നു പോകണം ചെറിയ പലചരക്ക് കടയെങ്കിലും കിട്ടാൻ. വെള്ളം തിരഞ്ഞുള്ള ഓട്ടത്തിനിടക്ക് ഗ്രാമീണർക്ക് ഗോവർദ്ധൻ വലിയ സഹായമാണ്.
മാധ്യമപ്രവർത്തകരാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഒട്ടകത്തെ കെട്ടി. പൊടി പിടിച്ചു ചുവന്ന തോർത്തിൽ വിയർപ്പുതുടച്ച് അടുത്തേക്ക് വന്നു. മുഖം നിറയെ താടി രോമങ്ങളുള്ള വലിയ കൊമ്പൻ മീശയുള്ള ഒരു മനുഷ്യൻ. കയ്യിൽ കരുതിയ കുപ്പി ഞങ്ങൾക്ക് നേരെ നീട്ടി. തൈര്‌കൊണ്ട് ഉണ്ടാക്കിയ ചവർപ്പുള്ള വെള്ളമാണത്. ചൂടിന് അല്പമെങ്കിലും ശമനം വരാനും ദാഹം കുറക്കാനും സഹായിക്കും. ആ വെള്ളത്തിന് പുറകിലെ അധ്വാനമോർത്തപ്പോൾ തൊണ്ടയിൽ നിന്ന് ഇറങ്ങിയില്ല. ചൂട് എപ്പോൾ കുറയുമെന്ന് ചോദിച്ചപ്പോൾ നിസ്സഹായതയോടെ ചിരിച്ചു.
"25 കിലോമീറ്റർ നടക്കണം കുടി വെള്ളത്തിന്. ഒട്ടും അതിശയോക്തിവേണ്ട. ഇത് ഞങ്ങളുടെ ജീവൻ മരണ പോരാട്ടമാണ്.' ഗോവർദ്ധൻ തലയിലെ കെട്ട് മുറുക്കികൊണ്ട് ആ വേദന പറഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് ഇത്രമേൽ ചൂട് അനുഭവപ്പെടുന്നത്. 600 ഓളം ഗ്രാമവാസികൾ കന്നുകാലികളുമായി പലായനം ചെയ്തു. വെള്ളം തിരഞ്ഞുള്ള യാത്രയാണ് ഓരോ ദിവസവും എന്നു പറയുമ്പോൾ കണ്ണിൽ നിറയുന്നത് ചോരയാണ്. നിസ്സഹായരായ ആ മനുഷ്യർ മണൽക്കാടിൽ വെന്തൊടുങ്ങും മുന്നേ ചോദിക്കുന്നത് ജീവിതമാണ്. ജീവനോടെ അവശേഷിക്കുന്നവർക്കായി ഒരൽപ്പം ദാഹജലമാണ്.
വഴിയില്ലാത്ത ഗ്രാമവും മനുഷ്യരും
സന്ധ്യക്ക് മുന്നേ ഒരു ഗ്രാമത്തിൽ കൂടെ പോകേണ്ടതുണ്ട്. ഗോവർദ്ധനോടും കൗമീറിനോടും യാത്രപറഞ്ഞു. ഏകദേശം അരമണിക്കൂറോളം വിജനമായ മൺതിട്ടകളിലൂടെ വണ്ടിയോടി. അൽപ്പം വലിയൊരു ഗ്രാമത്തിലേക്കാണ് എത്തിയത്. മങ്കണിയാർ സമുദായത്തിൽ പെടുന്നവരാണ് ഗ്രാമവാസികളിൽ ഭൂരിഭാഗവും. മുസ്‌ലിം മത വിശ്വാസികളാണെങ്കിലും ഗ്രാമത്തിലെ ആചാരങ്ങൾ വ്യത്യസ്തമാണ്. മതങ്ങൾക്കുപരി ആഘോഷങ്ങളും കുലദൈവങ്ങളും അവർക്കുണ്ട്.
അവിടെനിന്നാണ് 90 വയസ്സുള്ള കിഷനി അമ്മയെ കാണുന്നത്. സ്ത്രീകളുടെ ഒരു കൂട്ടം തന്നെ അവർക്കുചുറ്റുമുണ്ട്. പഴയകാലത്തെ കഥകൾ പറഞ്ഞുകൊടുക്കുകയാണ്. ഞങ്ങളും ഒപ്പം ചേർന്നു. അവിടെയും കഥാപാത്രം വെള്ളമാണ്. വെള്ളത്തിനായി കഴിഞ്ഞ തലമുറ നടത്തിയ സാഹസങ്ങളാണ്. കിഷനിയമ്മ ഇരിക്കാൻ തലകൊണ്ട് ആംഗ്യം കാണിച്ചു. കൈകൂപ്പി ഞങ്ങളെ സ്വീകരിച്ചു. കഥകേൾക്കാൻ ആളുകൂടിയ സന്തോഷത്തിലാണവർ. ചുളിവുവീണ മുഖത്ത് ഓർമ്മകൾ നിറഞ്ഞു. തലയിലെ ദുപ്പട്ട നീക്കി കൈകൾ ഉയർത്തി. ഓരോ വാക്കിലും ഓരോ ഭാവം. ആരുമില്ലാത്ത മണൽപ്പരപ്പിൽ കുടിലുകെട്ടാൻ വന്നതു മുതലുള്ള അവസ്ഥകൾ വിവരിച്ചു.
"അന്നൊക്കെ വെള്ളത്തിനായി മണിക്കൂറുകൾ നടക്കണം. പലരും കല്ല്യാണം കഴിക്കുന്നത് വെള്ളം കൊണ്ടുവരാനുള്ള ആളെകൂട്ടാനാണ്. അങ്ങനെയാണ് എന്റെ കല്യാണവും. അക്കാലത്ത് വലിയൊരു വരൾച്ചവന്നു. എവിടെയും ഒരു തുള്ളി വെള്ളമില്ലാതായി. അന്ന് രാവിലെമുഴുവൻ നടന്ന് ജോധ്പുരിലെ റെയിൽവെ സ്റ്റേഷനിൽ പോയാണ് വെള്ളമെടുത്തത്. തിരിച്ച് എത്തുമ്പോൾ ഏറെ വൈകും. ദിവസങ്ങളോളം ഇത് തുടർന്നു. അങ്ങനെയാണ് എന്റെ നടുവിന് തേയ്മാനം വന്നത്'.
കിഷനിയമ്മ പുറം തടവിക്കൊണ്ട് ജീവിതം പറഞ്ഞു. വൈകാരികമായ ഓർമ്മകൾക്ക് മുന്നിൽ മറ്റുള്ളവരുടെ കണ്ണുനിറഞ്ഞു. ചുറ്റുമിരിക്കുന്ന കുട്ടികളുടെ ഏക വിനോദവും വിജ്ഞാനവും ആ കഥകളാണ്. കടലുപോലെ കിടക്കുന്ന മണൽത്തിട്ടകൾ താണ്ടി ആരും വിദ്യാലയത്തിൽ പോകാറില്ല. മൃഗങ്ങളുടെ ഉപദ്രവവും രൂക്ഷമാണ്. ഈ പ്രതിസന്ധികളെ അതിജീവിക്കാൻ ഗ്രാമത്തിന് സാധിച്ചിട്ടില്ല. യഥാർത്ഥത്തിൽ അക്ഷരങ്ങളെക്കൂടെയാണ് മണൽപ്പരപ്പ് മായ്ച്ചുകളഞ്ഞത്.
അക്ഷരങ്ങൾക്കൊണ്ട് പറഞ്ഞ് തീർക്കാനാവാത്ത ദുരിതക്കയത്തിലാണ് മരുഭൂമിയിലെ ഓരോ മനുഷ്യനും. പാകിസ്താനിലുമുണ്ട് ഥാർ മരുഭൂമിയുടെ 15 ശതമാനം. അതിർത്തികളിൽ പേരറിയാത്ത ഗ്രാമങ്ങളുണ്ട്. എണ്ണമറ്റ മനുഷ്യരും. ആ വഴി ഭരണകൂടത്തിന് തീർത്തും അപരിചിതമാണ്. വെള്ളത്തിനായുള്ള യുദ്ധത്തിനിടക്ക് അവിടുത്തെ ജനതയും അത്തരം സംവിധാനങ്ങൾ മറന്നുകാണണം. വഴി അവ്യക്തമായതിനാൽ അവിടേക്കുള്ള യാത്ര ഞങ്ങൾ ഉപേക്ഷിച്ചു.
നോക്കിനിൽക്കെ മരുഭൂമിയിൽ ഇരുട്ട് പരന്നു. ചൂടിന് ഒരു മാറ്റവുമില്ല. തബലയുടെ അകമ്പടിയോടെ ഖയാൽ ഒഴുകി വരുന്നുണ്ട്. മിക്കദിവസങ്ങളിലും ഗ്രാമവാസികൾ ഒത്തുചേർന്ന് പാട്ടുപാടും. ആ രാത്രിയിലാണ് എല്ലാ വേദനകളും മറന്നവർ ജീവിക്കുന്നത്. മിക്കവരും നല്ല ഗായകരാണ്. വലിയ ഇരമ്പലോടെ ഞങ്ങളുടെ വണ്ടി യാത്രക്ക് സജ്ജമായി. ഗ്രാമത്തെ പുറകിലാക്കി മൺകൂനകൾ അതിവേഗം പിന്നിട്ടു. പുറകിൽ ഇരുട്ട് കട്ട പിടിച്ചു. പതിയെ അത് ഗ്രാമത്തെ വിഴുങ്ങി. എല്ലാ പ്രതിസന്ധികളും താണ്ടി അവരിൽ ആരെങ്കിലും ഒരിക്കൽ പുറത്തുവരും. വെള്ളത്തിന്റെ വില ജീവന്റെ വിലയാണെന്ന് ഭരണകൂടത്തെ ബോധ്യപ്പെടുത്താനെങ്കിലും.