മുംബൈ നഗരം, ഒരു ദൂരക്കാഴ്​ച / Photo: Wikimedia Commons

ഉസ്​കി റോട്ടി

മഹാരാഷ്ട്ര- കർണാടക അതിർത്തിപ്രദേശമായ ഗുൽബർഗ ‘പഹാഡി' ഗ്രാമത്തിലെ ഗിരിവർഗക്കാരിയായ ഛന്ദാ ബായിയുടെ ജീവിതമാണിത്​. കൊടുംപരീക്ഷണങ്ങളെ ധീരയായി പൊരുതിത്തോൽപ്പിച്ച ഒരു സ്​ത്രീ, ബോംബെ നഗരത്തിൽ കാലുറപ്പിച്ച കഥ.

തിവുപോലെ ഇന്നും ഞാൻ രാവിലെ അഞ്ചരക്കുണർന്നു.
‘‘ആദത് സെ മജ്ബൂർ ഹും സാഹേബ്'', ശീലമാണ് മാഷേ!
ഫ്‌ളാറ്റിന്റെ ബാൽക്കണിയിലെ ചില്ലുജനാലകൾ തുറന്നു.
തണുത്ത കാറ്റടിച്ചു. ഞങ്ങളുടെ കെട്ടിടസമുച്ചയത്തിൽ ധാരാളം പനകളുണ്ട്. അവയിൽ തൂങ്ങിക്കിടക്കുന്ന കുരുവിക്കൂടുകളിലെ ചിലയ്ക്കുന്ന പക്ഷികളും സമയനിഷ്ഠ പാലിക്കുന്നുവെന്നുതോന്നി. ഞാൻ റേഡിയോ മിർചി എഫ്.എം. ഓൺ ചെയ്തു. സുപ്രഭാതം നേർന്ന് റേഡിയോ ജോക്കി കർമനിരതനായി. ‘ഘനശ്യാമ സുന്ദരാ, ശ്രീധരാ, അരുണോദയ ഝാല...' എന്ന പ്രശസ്​ത ഭൂപാലി ഗാനം കേട്ടുതുടങ്ങി. വി. ശാന്താറാമിന്റെ അമർ ഭൂപാലി എന്ന സിനിമയിൽ പണ്ഡിറ്റ് റാവ് നാഗാർക്കറും ലതാമങ്കേഷ്‌കറും ചേർന്നുപാടിയ ഈ മനോഹരഗാനം മഹാരാഷ്ട്രയിലെ ഗ്രാമ ജീവിതം തൊട്ടുണർത്തുന്നതാണ്.
ഒരിക്കലും നശിക്കാത്ത ഭൂപാലി ഗീതം. ശ്രുതിമധുരമായ ആ ഗാനം മനസ്സിനെ കൂടുതൽ ശാന്തമാക്കി.
‘മ്യൂസിക് ഹീൽസ് ഓൾ പെയ്ൻസ്’ എന്നുണ്ടല്ലോ... ചായ തിളപ്പിക്കുന്ന ഇലക്​ട്രിക്​കെറ്റിലിൽ വെള്ളം നിറച്ച് പ്ലഗ് ഓൺ ചെയ്തു. പല്ലു തേക്കുന്നതിനിടക്കും ‘ഘനശ്യാമ സുന്ദര... ശ്രീധരാ' അലയടിച്ചുയരുന്നുണ്ട്.

അമർ ഭൂപാലി - പോസ്റ്റർ
അമർ ഭൂപാലി - പോസ്റ്റർ

ടൈംസ് ഓഫ് ഇന്ത്യയും മഹാനഗരത്തിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു മലയാളപത്രവും ഫ്‌ളാറ്റിന്റെ മുൻവാതിലിന്റെ ഓടാമ്പലിൽ പതിവുപോലെ തിരുകിവെച്ച് പത്രവിതരണക്കാരൻ സ്ഥലം വിട്ടിരിക്കുന്നു. മഹാരാഷ്ട്ര ടൈംസ്, ലോക്‌സത്ത, മുംബൈ സക്കാൾ എന്നിങ്ങനെ പത്രങ്ങളുടെ പേരുകൾ വിളിച്ചുപറഞ്ഞ് കോളനിയിലൂടെ സൈക്കിൾ സഞ്ചാരം നടത്തുന്ന സുനിൽ വാഗ്‌മോറയുടെ വായ്ത്താരി കേട്ട് ഇന്നേവരെ ഒരാളും അയാളിൽനിന്ന് പത്രം വാങ്ങുന്നത് കണ്ടിട്ടില്ല. എങ്കിലും, ഒരു അനുഷ്ഠാനംപോലെ ദിനവും അയാൾ ജോലി തുടരുന്നു. പത്രങ്ങൾ ഒരു വിരേചനഗുളികയാണോ എന്നറിയില്ലെങ്കിലും ഞാൻ ടൈംസുമായി ടോയ്‌ലറ്റിൽ കയറി. മൂന്നാം പേജിൽ സെലിബ്രിറ്റികളായ ചില വനിതകൾ പാവപ്പെട്ടവർക്കിടയിൽ ഭക്ഷണവിതരണം നടത്തുന്ന ഫോട്ടോയാണ് മുഖ്യവാർത്ത.

ഫ്‌ളാറ്റിന്റെ താക്കോൽ ഛന്ദാ ബായിലെ ഞാനും ഏൽപിച്ചിട്ടുണ്ട്. അവർ ഒരു ‘ബറോസാവാലി ബായ്' ആണ്. അതായത് ഒരു മൊട്ടുസൂചി പോലും പണിയെടുക്കുന്ന വീടുകളിൽനിന്ന് അടിച്ചുമാറ്റാത്ത വിശ്വസ്ത.

വല്ലാത്തൊരു വിശപ്പ് എന്നെ പിടികൂടിയിട്ടുണ്ട്. ഖാരി (ഉപ്പ് ബിസ്‌ക്കറ്റ്) സൂക്ഷിക്കുന്ന ടിന്ന് കാലിയാണ്. സൈക്കിളിൽ പതിവായെത്തുന്ന പാവ്വാല അഹമ്മദ് മിയ ഇന്ന് പണിമുടക്കിയിട്ടുണ്ടെന്ന് തോന്നുന്നു. അടുത്ത പ്രദേശമായ നല്ലസൊപ്പാറയിൽനിന്ന് പാവുമായി കെട്ടിടസമുച്ചയങ്ങളിൽ വരാറുള്ള അദ്ദേഹത്തെ മഴ പുറപ്പെടാൻ അനുവദിക്കുന്നുണ്ടാകില്ല. രണ്ടുമൂന്ന് പാവും ഓംലറ്റും ഉണ്ടെങ്കിൽ പ്രാതൽ കൊഴുത്തേനെ. തൽക്കാലം അതുണ്ടാകില്ല എന്നു തോന്നുന്നു. മഴ പിന്നേയും പെയ്തുകൊണ്ടിരിക്കുന്നു. കുറേനേരം മഴ നോക്കിനിന്ന് മടുത്തപ്പോൾ വീണ്ടും പത്രം കൈയിലെടുത്തു.

സമയം എട്ടു കഴിഞ്ഞു എന്ന് വാൾക്ലോക്കിലെ വാതിൽ തുറന്ന് കുഞ്ഞിക്കിളി സമയമറിയിച്ച് വാതിൽ അടച്ചുപൂട്ടി. അടുത്ത ഫ്‌ളാറ്റിലെ താമസക്കാർ എങ്ങോ പോയിരിക്കയാണ്. ഫ്രിഡ്ജിൽ ആഹാരത്തിന്​ തിരഞ്ഞെങ്കിലും ഒന്നും തടഞ്ഞില്ല. ‘‘ആയ്‌ലാ! സബ് സത്യനാശ്'' എന്നൊക്കെ സ്വയം ശപിക്കാനാരംഭിച്ചു.

ഫ്‌ളാറ്റിന്റെ മുൻവാതിൽ തുറക്കുന്ന ശബ്ദം.
ഛന്ദാ ബായി എന്ന കാംവാലി ബായി കൈയിൽ കരുതിയ താക്കോൽ കൊണ്ട് വാതിൽ തുറന്ന് അകത്തുവന്നു. ആ ഗാവിലെ പലരേയും പോലെ ഫ്‌ളാറ്റിന്റെ താക്കോൽ അവരെ ഞാനും ഏൽപിച്ചിട്ടുണ്ട്. അവർ ഒരു ‘ബറോസാവാലി ബായ്' ആണ്. അതായത് ഒരു മൊട്ടുസൂചി പോലും പണിയെടുക്കുന്ന വീടുകളിൽനിന്ന് അടിച്ചുമാറ്റാത്ത വിശ്വസ്ത!
ജീവിതത്തിന്റെ നിർണായകവും പരീക്ഷണാത്മകവുമായ സംഘർഷങ്ങളിലൂടെ കടന്നുവന്ന ഛന്ദാ ബായി... നിരക്ഷരകുക്ഷിയായ, പൂവൻപഴത്തിന്റെ നിറമുള്ള കൃശഗാത്രിയായ ഇവർ ആ കോളനിയിലെ ഇടത്തരക്കാരുടെ അടുക്കളപ്പണി ചെയ്ത് ജീവിതം നയിക്കുന്നു. പതിനഞ്ചോളം വർഷമായി അവരെ എനിക്കറിയാം.

ഛന്ദാ ബായി പ്ലാസ്റ്റിക് സഞ്ചി ഒരു മൂലയിൽവെച്ച് എന്നോട് ചോദിച്ചു: ‘‘അത്ത തുമി ഇക്കഡെ?'' എന്താ നിങ്ങൾ ഇപ്പോൾ ഇവിടെ? എന്നാണ് ചോദ്യം.
‘മഴ കാരണം' എന്ന് ഞാൻ മറാഠിയിൽ പറഞ്ഞു.
‘ദേവാരേ ദേവാ...' എന്ന് അവർ ആത്മഗതം നടത്തിയത് അകാലത്തുള്ള മഴയെക്കുറിച്ചാണ്.
ജാഡു, പൗചാ, ബർത്തൻ (അടിച്ചുവാരൽ, തറതുടയ്ക്കൽ, പാത്രം കഴുകൽ) എന്നീ മൂന്നു ജോലികളാണ് കാംവാലി ബായികളുടേത്. എന്നാൽ എന്റെ വീട്ടിൽ ചോറ്, മീൻകറി, പച്ചക്കറി ഉപ്പേരി എന്നിവ കൂടാതെ ബജ്‌റാ റോട്ടി ഉണ്ടാക്കുന്ന ജോലിയും ഛന്ദാ ബായി നിർവഹിക്കുന്നു. ആ അഭ്യാസത്തിന്, 1000 രൂപ എന്ന അടിസ്ഥാനശമ്പളത്തിനു പുറമെ 500 രൂപ കൂടി നൽകാറുണ്ട്. അൽപം പിഞ്ഞിത്തുടങ്ങിയ നീലസാരിയും നരച്ചു നിറം കയറിപ്പറ്റിയ നീല ബ്ലൗസും നെറ്റിയിലൊരു ടിക്‌ളി (പൊട്ട്)യും വിവാഹിതരായ സ്ത്രീകളുടെ അടയാളമായ ഇടതുകൈയിലെ പ്ലാസ്റ്റിക് പച്ചവളകളും കാൽവിരലിലൊന്നിൽ ലോഹനിർമിതമായ ഒരു വളയവുമാണ് അവരുടെ പതിവുവേഷം.
ഒരു ഫ്‌ളാറ്റിലെ ജോലി കഴിഞ്ഞ് അടുത്ത ഫ്‌ളാറ്റിലേക്ക് ‘പറക്കുന്ന' ഛന്ദാ ബായിയെ ‘ഫ്‌ളയിങ്ങ് റാണി', ‘രാജ്ധാനി എക്‌സ്​പ്രസ്​’ എന്നെക്കെയുള്ള അപരനാമങ്ങളിൽ ‘കൊച്ചമ്മ'മാർ വിളിച്ചുപോരുന്നു.

ബോളിഞ്ച് ഗാവിലെത്തപ്പെട്ട ഛന്ദാ ബായിയുടെ അതിജീവനത്തിന്റെ കഥയിലൊരു കൊലച്ചതിയുടെ ഉപകഥ കൂടിയുണ്ടെന്ന് ആദ്യമേ പറയട്ടെ.

എനിക്ക് നന്നായി വിശക്കുന്നു എന്നുപറഞ്ഞപ്പോൾ അടുക്കളയിലെ ടിന്നുകളും ഫ്രിഡ്ജും തുറന്നുനോക്കി അവർ പറഞ്ഞു: ‘‘സബ് കാലി ആഹേ!''
ഛന്ദാ ബായി കുടയെടുത്ത് ഫ്‌ളാറ്റിൽനിന്ന് പുറത്തുകടന്നു. വീണ്ടും തിരികെ വന്നപ്പോൾ ബോംബ്ലി മത്സ്യവും പച്ചക്കറികളും ബ്രിട്ടാനിയ ബ്രഡും അഞ്ചാറ് കോഴിമുട്ടകളുമുണ്ടായിരുന്നു. കെറ്റിലിൽ ബാക്കിവന്ന ചായ ഒന്നുകൂടി ചൂടാക്കി കപ്പിൽ നിറച്ച് ഞാൻ മൊത്തിക്കുടിച്ചുകൊണ്ടിരുന്നു.
ഛന്ദാ ബായി ഭക്ഷണമുണ്ടാക്കുന്ന തിരക്കിലേർപ്പെട്ടു.

മഹാരാഷ്ട്ര- കർണാടക അതിർത്തിപ്രദേശമായ ഗുൽബർഗ ‘പഹാഡി' ഗ്രാമത്തിലെ ഗിരിവർഗക്കാരിയാണവർ. ബോളിഞ്ച് ഗാവിലെത്തപ്പെട്ട ഛന്ദാ ബായിയുടെ അതിജീവനത്തിന്റെ കഥയിലൊരു കൊലച്ചതിയുടെ ഉപകഥ കൂടിയുണ്ടെന്ന് ആദ്യമേ പറയട്ടെ. ട്വിസ്റ്റും ആരോഹണാവരോഹണങ്ങളും ക്ലൈമാക്‌സും ആന്റിക്ലൈമാക്‌സും ഇതിൽ കയറിവന്നത് സ്വാഭാവികം മാത്രം.

ഗുൽബർഗ പട്ടണത്തിൽനിന്ന് അഞ്ചാറ് മണിക്കൂർ തിരക്കേറിയ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിൽ സഞ്ചരിച്ചോ അഞ്ച് പത്ത് യാത്രക്കാരെ കയറ്റി നീങ്ങുന്ന ‘വിക്രം' ഓട്ടോ പിടിച്ചോ ഛന്ദാ ബായിയുടെ പഹാഡി ഗ്രാമത്തിന്റെ അരികിലെത്താം. ഉരുളൻ പാറക്കല്ലുകളും മുള്ളുമുരട് മൂർഖൻപാമ്പുകളും നിറഞ്ഞ ഛന്ദാ ബായിയുടെ ഗ്രാമത്തിലേക്ക് പിന്നെയും കുന്നുകയറണം. അവിടെ സ്ഥിരതാമസക്കാർ തുലോം കുറവാണെന്ന് അവർ പറയുന്നു. പൊതുവെ ബഞ്ചാരകളായ (നാടോടികൾ) സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങിയ സംഘങ്ങൾ ‘ബഡാ ശഹറി'ൽ ജീവസന്ധാരണത്തിനായി പുറപ്പെട്ടുപോകുന്നു. ജോലി തീരുമ്പോൾ സ്വഗ്രാമത്തിൽ തിരിച്ചെത്തുകയായി. ഗുൽബർഗയുടെ തൊട്ടടുത്ത പട്ടണമായ ഷോലാപ്പൂർ മുതൽ ബംബയ് വരെ ഇക്കൂട്ടർ ചെന്നെത്തുന്നു. വിവിധ വർണങ്ങളിലുള്ള കോട്ടൺ തുണികൾ കണ്ടംവെച്ചതുപോലെ കഷണം കഷണമായി തുന്നിച്ചേർത്ത് അവയിൽ കാലഹരണപ്പെട്ട അഞ്ച് പൈസയുടെയും പത്തുപൈസയുടെയും നാണയത്തുട്ടുകൾ (സിൽവർ എന്നാണിവർ ഇതിനെ പറയുക) വസ്ത്രങ്ങളിൽ ഇവർ കൊളുത്തിയിട്ടിരിക്കുന്നതുകാണാം. ചില സ്ത്രീകൾ വസ്ത്രത്തിൽ പൊട്ടിയ കണ്ണാടിച്ചില്ലും തുന്നിച്ചേർക്കാറുണ്ട്. എണ്ണയോ തൈലമോ കാണാതെ ജട പിടിച്ചപോലെയാണ് പലരുടെയും മുടി. നമ്മുടെ വെളിച്ചപ്പാടുകൾ കാലിലണിയുന്ന ചിലമ്പ് പോലെയുള്ള തളകളും സ്ത്രീകൾ ധരിക്കുന്നു. കാതുകളിൽ പഴയകാല ക്രിസ്ത്യൻ സ്ത്രീകൾ അണിയുന്ന മേക്കാമോതിരങ്ങളെ അനുസ്മരിപ്പിക്കുന്ന വളയങ്ങൾ ചൂടി ഒരു ഫാൻസിഡ്രസ് മത്സരത്തിന് ഒരുങ്ങി വരുന്നവരെപ്പോലെയാണ് ഒറ്റനോട്ടത്തിൽ അവരെ കണ്ടാൽ തോന്നുക. ഇടയ്ക്കിടെ ബീഡി വലിച്ച് കുമുകുമാ പുകവിട്ടുകൊണ്ടിരിക്കുന്ന ബഞ്ചാരകളെ നഗരങ്ങളിലെത്തിക്കുന്നത് ബിൽഡർമാരുടെ കങ്കാണികളാണ്.

പരമ്പരാഗത ബഞ്ചാര വസ്ത്രധാരണ രീതി / Photo: Wikimedia Commons
പരമ്പരാഗത ബഞ്ചാര വസ്ത്രധാരണ രീതി / Photo: Wikimedia Commons

പുരുഷന്മാർ കട്ടപ്പണി, തേപ്പ് തുടങ്ങിയവയിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ മണൽ, സിമൻറ്​, ഇഷ്ടിക എന്നിവ ചുമക്കുന്ന പണി ചെയ്യുന്നു. ബഹുനില കെട്ടിടങ്ങൾ, റോഡുകൾ തുടങ്ങിയ നിർമാണ ജോലികളുള്ള നഗരപ്രാന്തങ്ങളിലെ വഴിയരികിൽ താല്ക്കാലിക ഷെഡ്ഡുകളിൽ വസിക്കുന്ന ബഞ്ചാരകൾക്ക് ലഭിക്കുന്ന കൂലി തുച്ഛമാണ് എന്ന് ഛന്ദാ ബായി പറഞ്ഞു. ഗുൽബർഗയിലെ പഹാഡി ഗ്രാമവാസികൾ ‘ബജ്‌റാ', ‘ഗേവു' (ഗോതമ്പ്) തുടങ്ങിയ ധാന്യങ്ങൾ സീസണുകളിൽ കൃഷി ചെയ്യാറുണ്ടെങ്കിലും നീരോട്ടമില്ലാത്ത ഗ്രാമത്തിലെ മണ്ണിൽ അവ നശിച്ചുപോകും. പേരു (പേരക്ക), സീതാഫൽ (ആത്തച്ചക്ക), തിന തുടങ്ങിയവ പഹാഡി ഗ്രാമത്തിനു സമീപസ്ഥമായ ചില പ്രദേശങ്ങളിൽനിന്ന് വാങ്ങി ഛന്ദാ ബായി എനിക്ക് അപൂർവസമ്മാനമായി നൽകാറുണ്ട്.

ബഹുഭാര്യാത്വം ബഞ്ചാര സമൂഹത്തിൽ ഇപ്പോഴും നിലവിലുണ്ടെന്നത് കൗതുകകരമായി നമുക്കു തോന്നാം. സ്‌കൂളോ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഈ പഹാഡി ഗ്രാമത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും ഒന്നുരണ്ട് പ്രൈമറി സ്‌കൂളുകൾ പേരിന് മാത്രം അവിടെയുണ്ടായിരുന്നു. ഏകാധ്യാപകരീതിയിൽ ആരംഭിച്ച ഇവ ഈയിടെ പൂട്ടിയെന്നും അവർ പറഞ്ഞു. ഒരാൾ അസുഖബാധിതനായാൽ ഝരി ബോഠി (പച്ചമരുന്ന്) ചികിത്സയും ദുർമന്ത്രവാദവും ആദ്യം രോഗിയിൽ പരീക്ഷിക്കുന്നു. (അറ്റകൈ എന്ന നിലയിൽ, ഗുൽബർഗയിലെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെന്നിരിക്കും. അവിടെ എത്തുന്നതിനു മുമ്പ് 'മരീജ്' (രോഗി) അന്ത്യശ്വാസം വലിക്കാറാണ് പതിവെന്ന് ഛന്ദാ ബായി സൂചിപ്പിച്ചു.) പുരുഷന്മാരുടെ മുടി വെട്ടാൻ ‘ചൽത്താഫിർത്താ ഹജാം' (സഞ്ചരിക്കുന്ന ബാർബർ) മാസത്തിൽ ഒരുതവണ തന്റെ ഗ്രാമം സന്ദർശിക്കുമെന്ന് ഛന്ദാ ബായി ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷേ, അധികമാരും ഈ സേവനം ഉപയോഗിക്കാറില്ലെന്നുമാത്രം. ബജറാ റോട്ടി, മേത്തി ബാജി (ഉലുവാ ഇലക്കറി)യുമാണ് ബഞ്ചാരകളുടെ പ്രധാന ഭക്ഷണം. പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാൻ കുന്നിനുതാഴെയുള്ള ‘കിരാണാച്ചി ദുഖാനിൽ' ആഴ്ചയിലൊരിക്കൽ ബഞ്ചാരകളെത്തും. പുകയില ഉൽപന്നങ്ങൾ, വെറ്റല, അടയ്ക്ക, ചുണ്ണാമ്പ് എന്നിവ കൂടാതെ അൽപം നാടൻ ചാരായവും വാങ്ങിയാണ് മടങ്ങുക. സ്ത്രീകളും നന്നായി മദ്യപിക്കും.

ആ മനുഷ്യൻ കൊണ്ടുവന്ന രണ്ട് കണ്ണി പുകയിലയും ഒരു കെട്ട് വെറ്റിലയും ആറുസേർ പഞ്ചസാരയും നൂറ്റൊന്ന് രൂപയും അരക്കുപ്പി റാക്കും സ്വീകരിച്ച അവളുടെ പിതാവ് ബാല്യം വിട്ടുമാറാത്ത പാവം ഛന്ദാ ബായിയുടെ ജീവിതം അയാൾക്ക് അടിയറ വെച്ചു.

ഹറാമി, ലുക്കേ, ലൊഫംഗേ...!

ഛന്ദാ ബായിയുടെ ആദ്യകാല ജീവിതം കഷണം കഷണങ്ങളായി (ടുക്ഡാ ടുക്ഡാ!) അവർ പറഞ്ഞതിങ്ങനെ: ബാല്യകാലത്ത് തുണി കഴുകുന്നതിന് അവർ ചെറിയൊരു തോട്ടിനരികിലെത്തി. സോപ്പുതേച്ച് അവ കല്ലിൽ കയറ്റിവെച്ചു. ഒന്നു മേലു കഴുകാം എന്നു കരുതി തോട്ടിലിറങ്ങി. മാറുവരെ മാത്രം വെള്ളമുള്ള തോട്ടിൽ നിന്ന് ആദ്യം മേൽവസ്ത്രങ്ങൾ അഴിച്ചുമാറ്റി. ശരീരത്തിൽ താളി തേയ്ക്കുന്നതിനിടെ തോട്ടിൻകരയിലുള്ള കുറ്റിച്ചെടികൾ അനങ്ങുന്നത് ശ്രദ്ധിച്ചു. പരിഭ്രമിച്ച് എങ്ങനെയോ തോട്ടിൻകരയിലെത്തി മാറുമറച്ചു. കുറ്റിച്ചെടികൾക്കിടയിൽനിന്ന് അപ്പോൾ ഒളിഞ്ഞുനോട്ടക്കാരൻ പുറത്തുവന്നു, ഒരു വഷളൻ ചിരിയും കമന്റും പാസാക്കിക്കൊണ്ട്. ഗ്രാമത്തിലെ ഒരു മധ്യവയസ്‌കൻ. ഒന്നും സംസാരിക്കാനാകാതെ ഓടി അവർ കുടിലിലെത്തി.

ദിനരാത്രങ്ങൾ കഴിഞ്ഞുപോയി. അവർ ആ കാര്യം മറന്നുതുടങ്ങിയിരുന്നു.
പിന്നീട് ഛന്ദാ ബായി അയാളെ കാണുന്നത് മൂന്നുനാലു വൃദ്ധരുമൊത്താണ്. അവർ കുടിലിനു സമീപമെത്തും മുമ്പേ, അവൾ പിറകുവശത്തുകൂടെ ഓടിമറഞ്ഞു.
ഒരു വിവാഹാലോചന അവിടെ അരങ്ങേറി. ആ മനുഷ്യൻ കൊണ്ടുവന്ന രണ്ട് കണ്ണി പുകയിലയും ഒരു കെട്ട് വെറ്റിലയും ആറുസേർ പഞ്ചസാരയും നൂറ്റൊന്ന് രൂപയും അരക്കുപ്പി റാക്കും സ്വീകരിച്ച അവളുടെ പിതാവ് ബാല്യം വിട്ടുമാറാത്ത പാവം ഛന്ദാ ബായിയുടെ ജീവിതം അയാൾക്ക് അടിയറ വെച്ചു. പത്തുമുപ്പത്തഞ്ച് വയസ് പ്രായക്കൂടുതലുള്ള ആ മനുഷ്യൻ എങ്ങനെ ഛന്ദാ ബായിയുടെ ജീവിതം തുലച്ചുവെന്ന് അവർ വെളിപ്പെടുത്തിയത് ഒരാർത്തനാദത്തോടെയായിരുന്നു.
‘‘എന്റെ അമ്മയും ജ്യേഷ്ഠസഹോദരിമാരും ആ ഹീനകൃത്യത്തിന് കൂട്ടുനിന്നത് പഹാഡികളുടെ അലിഖിത സാമൂഹ്യാചാരത്തിന് അടിമകളായതുകൊണ്ടാണ്. എന്നെ രക്ഷിക്കാൻ ആരുമുണ്ടായില്ല എന്ന യാഥാർത്ഥ്യം അതോടെ ഞാൻ തിരിച്ചറിഞ്ഞു. അവരുടെ ഒരു തെറ്റ് എന്റെ ജീവിതം തകർത്തു.''

‘‘ആ മനുഷ്യൻ ഒരു മേസ്തിരിയാണ്. ബഞ്ചാരകൾക്ക് കെട്ടിടം പണിയാണ് വിധിച്ചിട്ടുള്ളത്. സത്യം പറഞ്ഞാൽ ആദ്യരാത്രി അയാളെന്നെ ആക്രമിക്കുകയായിരുന്നു. ചോരപ്രളയം തന്നെയുണ്ടായി. വൈകാതെ എന്നെ വലിച്ചിഴച്ച് അയാൾ ബോംബെയിലെത്തിച്ചു. ഞങ്ങളുടെ സമൂഹത്തിലെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അയാളുടെ സഹോദരിയും കൂടെയുണ്ടായിരുന്നു. ബാന്ദ്ര ബഹ്‌റംപാഡയിലെ ചേരിയിലാണ് വിവാഹ ജീവിതം ആരംഭിക്കുന്നത്, പതിനാറാം വയസ്സിൽ! ഉരുകുന്ന വെയിലിൽ ഞങ്ങൾ റോഡ് നിർമാണത്തിലേർപ്പെട്ടു. എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ പലകുറി തുനിഞ്ഞെങ്കിലും ഭയം എന്നെ തടഞ്ഞു. ഒരുപാട് ദുരന്തകഥകൾ അരങ്ങേറിയിരുന്ന ഇടമാണ് ബോംബെ എന്ന് ഞാനറിഞ്ഞു. സ്ത്രീകളൊത്ത് ശയിക്കാൻ മണിക്കൂറുകൾ അനുസരിച്ച് പണം നൽകി അവസരമുണ്ടാക്കുന്ന സ്ഥലം. ഞങ്ങളിലെ സ്ത്രീകൾ എല്ലാവരും ഇത്തരം ദുരവസ്ഥയിൽ തന്നെയാണ്. പെണ്ണുങ്ങളെ വിൽക്കുന്ന ഒരു മണ്ഡി (ബസാർ) ഉണ്ടെന്നും ഞാനറിഞ്ഞു.’’ (കാമാഠിപുരയായിരുന്നു അത്.)

‘‘ബോംബെയിലെ അംബരചുംബികളോ അതിവേഗം പായുന്ന സബർബൻ ട്രെയിനുകളോ ആൾക്കൂട്ടമോ രണ്ടുനില ബസുകളോ ഒഴുകുന്ന പരശ്ശതം കാറുകളോ എന്നെ ആകർഷിച്ചില്ല. മഹാനഗരത്തിലെ മായക്കാഴ്ചകൾ നിസംഗതയോടെ ഞാൻ നോക്കിനിൽക്കുമായിരുന്നു.''

‘‘എന്റെ ഉദരത്തിൽ അയാളുടെ ബീജം വളരുന്നുണ്ടായിരുന്നു. ഒരു കുരുത്തോലപ്പയറിലെ കെട്ട മണി പോലെ അതങ്ങനെ വളർന്നുകൊണ്ടിരുന്നു. വിവശയായ ഞാൻ മാനസികമായും തളർന്നുതുടങ്ങി. എന്നാലും, ആ മനുഷ്യൻ നിർബ്ബന്ധപൂർവ്വം റോഡുപണിയിൽ ചേരാൻ ശാസിച്ചുകൊണ്ടിരുന്നു. തളർന്ന ശരീരവും മനസ്സുമായി ഞാൻ പണിയെടുത്തു. പ്രതിഫലം അയാൾ വാങ്ങി പോക്കറ്റിലിട്ടു. ഒരു പൈസ പോലും എനിക്ക് സമ്പാദിക്കാനോ സൂക്ഷിക്കാനോ കഴിഞ്ഞില്ല. എതിർത്താൽ മർദ്ദനത്തിന്റെ പുതിയ രീതികൾ എന്നിൽ പ്രയോഗിക്കും. കുനിച്ചുനിർത്തി മുതുകിൽ ഇടിക്കുക അയാൾക്ക് വിനോദമായിരുന്നു. ബഹ്‌റംപാഡ ചേരിയിലെ അഴുക്കു നിറഞ്ഞ, വഴക്കും വഴക്കാണവും ഒഴിയാത്ത ആ ജോപ്ഡയിൽ രാത്രിയുടെ അന്തിമയാമത്തിൽ ഞാനൊരു പെൺകുഞ്ഞിന് ജന്മം നൽകി. രക്തസ്രാവം നിലച്ചില്ല. നാത്തൂൻ അൽപം കീറത്തുണി നൽകി അവിടെ വെയ്ക്കാൻ നിർദ്ദേശിച്ചു. വയറ്റിൽ അതികഠിനമായ വേദനമൂലം ഞാൻ ഉറക്കെ കരയാൻ തുടങ്ങിയപ്പോൾ ആ സ്ത്രീ എന്റെ വായിൽ തുണി കുത്തിത്തിരുകി. നേരം വെളുത്തു. ഞാൻ തളർന്നുറങ്ങാൻ തുടങ്ങി. ഗോസടിയിൽ കിടന്ന കുഞ്ഞിനെ ഒന്നു കൈയിലെടുക്കാൻപോലും എനിക്കായില്ല. ദിവസങ്ങൾ എങ്ങനെയോ തള്ളിനീക്കി.''

‘‘ഒരു ദിവസം രാത്രി ചേരി ഉറങ്ങുകയാണ്. മഴ പെയ്യുന്നുണ്ട്. ജോപ്ഡയിൽ മണ്ണെണ്ണ വിളക്ക് മുനിഞ്ഞ് കത്തുന്നു. കുഞ്ഞിനെ തലോടി ഞാൻ എപ്പോഴോ ഉറക്കത്തിലാണ്ടു. ഒരു ഉൾവിളി കേട്ട പോലെ പെട്ടെന്ന് ചാടി എഴുന്നേറ്റു. വിളക്ക് കെട്ടിരിക്കുന്നു. ആ ഇരുട്ടിൽ ഞാൻ കുഞ്ഞിന്റെ ശരീരത്തിൽ കൈവെച്ചു. അവളുടെ മുഖത്ത് ടർക്കിടവൽ നനച്ചിട്ടിരിക്കയാണ്. ഞാൻ അലറി വിളിച്ച് ടവൽ മാറ്റി. ആ കൊലപാതകശ്രമം നടത്തിയത് മറ്റാരുമല്ല, എന്റെ വന്ധ്യയായ നാത്തൂൻ തന്നെയായിരുന്നു. പെൺകുഞ്ഞ് ജനിച്ചത് അവരുടെ കുടുംബത്തിന് ആപത്താണെത്ര.''

തേയില നുള്ളുന്ന സ്ത്രീകളെപ്പോലെ അവർ കുഞ്ഞിനെ മാറാപ്പാക്കി പൊതിഞ്ഞ് കഴുത്തുവഴി പിറകിലോട്ടിട്ട് വീണ്ടും റോഡുപണിയിൽ ഏർപ്പെട്ടു. നാത്തൂന്റെ കുത്തുവാക്കും മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ ഇടികളും ദിനംപ്രതി ഏറിയേറിവന്നു

അടുക്കളയിൽ ഛന്ദാ ബായി ബോംബ്ലി കറിവെയ്ക്കുന്ന ഗന്ധം എന്നെ അരിശപ്പെടുത്തി. ഈ മത്സ്യം വാങ്ങരുതെന്ന് അവരോട് പലകുറി പറഞ്ഞിട്ടുണ്ടെങ്കിലും അങ്ങാടിയിൽ വേറെ മീനുകളൊന്നും കിട്ടുന്നില്ല എന്ന സ്ഥിരം പല്ലവി അവർ അപ്പോൾ കാച്ചി.
‘‘ഇന്ന് നിന്നെ വെറുതെ വിടുന്നു ഛന്ദാ ബായി, ഈ ബോംബ്ലി പരിപാടി തുടർന്നാൽ നിന്റെ കാര്യം പോക്കാ മോളെ....'', ഇപ്പോൾ ഞാനങ്ങനെയൊരു തീരുമാനത്തിലെത്തിയതായി മുറുമുറുത്തു. അതിന് പ്രത്യേകിച്ച് ഒരർത്ഥവുമില്ലെന്ന് ഛന്ദാ ബായിക്ക് നന്നായറിയാം. അവരൊന്ന് ചിരിച്ച് ബജറാ റോട്ടി നിർമിതിയിൽ ഏർപ്പെട്ടു.

ഞാനൊരു ഫോർസ്‌ക്വയർ കിങ്ങിന് തീപ്പറ്റിച്ച് പുകവിട്ടുകൊണ്ടിരുന്നു. ഇടിയും മിന്നലുമൊപ്പം മഴ നിർത്താതെ പെയ്തുകൊണ്ടിരുന്നു. റേഡിയോ ഓഫ് ചെയ്തു. കോളനിയിൽ ഒരു കുഞ്ഞുകുട്ടി പോലുമില്ല. ചില സ്ത്രീകൾ മഴയെ ശപിക്കുന്നതിനിടയിൽ ബാൽക്കണിയിലെ അയയിൽ തലേന്നാൾ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ വലിച്ചെടുക്കുന്നതു കണ്ടു. ഛന്ദാ ബായി ഓടിവന്ന് ഹാളിലെ ക്ലോക്കിൽ നോക്കി. സമയം ഒമ്പതു കഴിഞ്ഞ് പത്ത് മിനിട്ടോളമായി. ‘ദേവാരേ ദേവാ....' എന്ന് ദൈവത്തെ വീണ്ടും അവർ വിളിച്ചു. അവർക്ക് തെല്ലകലെയുള്ള ഫ്‌ളാറ്റിൽ ‘ജാഡു, ബത്തൻ, പൗച്ചാ' പരിപാടിക്ക് പോകേണ്ട സമയമായിരിക്കുന്നു. ഛന്ദ വീണ്ടും അടുക്കളയിലേക്ക് പാഞ്ഞു.

ഫിൽമ് അഭി ബാക്കി ഹേ...!

ഛന്ദാ ബായിയുടെ ജീവിതം തപ്പിയും തടഞ്ഞും തട്ടിയും മുട്ടിയും മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്നു. തേയില നുള്ളുന്ന സ്ത്രീകളെപ്പോലെ അവർ കുഞ്ഞിനെ മാറാപ്പാക്കി പൊതിഞ്ഞ് കഴുത്തുവഴി പിറകിലോട്ടിട്ട് വീണ്ടും റോഡുപണിയിൽ ഏർപ്പെട്ടു. നാത്തൂന്റെ കുത്തുവാക്കും മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ ഇടികളും ദിനംപ്രതി ഏറിയേറിവന്നു. കറി ശരിയായില്ല, റോട്ടിക്കു വേവ് കുറവ് എന്നൊക്കെ പറഞ്ഞുള്ള ഉപദ്രവം മൂലം ഛന്ദാ ബായി തളർന്നു. ഒരുവർഷം നീണ്ടുനിന്ന ബാന്ദ്ര ഹൈവേയുടെ പണി പൂർത്തിയായി. ബഞ്ചാരകൾ ഗൃഹോപകരണങ്ങൾ കെട്ടിപ്പൂട്ടി അടുത്ത പണിസ്ഥലമായ ദഹിസറിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

ഒരു ദിവസം, ഛന്ദാ ബായി ബജറാ റോട്ടി ചൂടാക്കാൻ സ്റ്റൗ കത്തിക്കുകയാണ്​. ഒരു ബലിഷ്ഠകരം പിന്നിൽനിന്ന് അവരെ വരിഞ്ഞുമുറുക്കി. തിരിഞ്ഞുനോക്കിയപ്പോൾ ഭർത്താവെന്ന മനുഷ്യന്റെ കൂട്ടുകാരനാണ്. അയാൾ നന്നായി മദ്യപിച്ചിരുന്നു. കത്തിക്കൊണ്ടിരുന്ന മണ്ണെണ്ണ സ്റ്റൗ കൊണ്ട് അവൾ അയാളുടെ തലയ്ക്ക് ഊക്കോടെ അടിച്ചു. അയാൾ അല്പം പകച്ചെങ്കിലും അതു വകവെയ്ക്കാതെ വീണ്ടും ഛന്ദയെ കയറിപ്പിടിച്ചു. അപ്പോൾ അവരുടെ കൈയിൽ കിട്ടിയ ചപ്പാത്തി ചൂടാക്കുന്ന തവ കൊണ്ട് മർമസ്ഥാനം നോക്കി അവൾ വീണ്ടും വീണ്ടും അടിച്ചു. മുഖമടച്ചുള്ള ആദ്യ അടിയിൽ അയാളുടെ മൂക്കിൽനിന്നും തലയിൽ നിന്നും രക്തം പ്രവഹിച്ചു. അയാൾ ജീവനും കൊണ്ട് പുറത്തേക്കുപാഞ്ഞു.
‘സാലാ... ഹറാമി, ചൂത്തിയാ...' എന്നൊക്കെ അവൾ ശാപവചനങ്ങൾ ഉരുവിട്ടു.

പിന്നെ, ഛന്ദാ ബായി റോട്ടി ചുട്ടെടുക്കാൻ തുടങ്ങി.
സാധനസാമഗ്രികൾ ചാക്കിൽ നിറച്ച് കുഞ്ഞിനേയും കൊണ്ട് പുറപ്പെടാൻ തയ്യാറായി.
ഭർത്താവെത്തി. അവർ ബാന്ദ്ര സ്റ്റേഷനിലേക്ക് നടന്നു.
അവിടെ ബഞ്ചാരകളെ കാത്ത് രണ്ടുമൂന്ന് ട്രക്കുകൾ കിടന്നിരുന്നു. ആ വില്ലൻ കഥാപാത്രത്തെ അപ്പോൾ അവിടെ പറഞ്ഞുവിട്ടത് അവരുടെ ഭർത്താവ് തന്നെയായിരുന്നുവെന്ന് ഛന്ദാ ബായിക്കു നന്നായറിയാമെങ്കിലും അവർ ഒരക്ഷരം മിണ്ടിയില്ല. അതിന് അവസരമൊരുക്കിയ ഭർത്താവ്, അയാളിൽനിന്ന് പലകുറി പണം പറ്റിയിട്ടുണ്ടല്ലോ.

ഭക്ഷണം ശരിയായിരിക്കുന്നുവെന്ന് ഛന്ദാ ബായി അറിയിച്ചു. ബ്രഡ് റോസ്റ്റും മുട്ട കൊത്തിപ്പൊരിച്ചതും റൊബസ്റ്റ പഴവും പ്ലേറ്റിൽ നിരത്തി അവർ ‘ജാഡു' അടിച്ചുവാരൽ കലാപരിപാടി തുടങ്ങി. അനാവശ്യമായ കടലാസുകൾ, ഒഴിഞ്ഞ സിഗരറ്റ് കൂട്, പേസ്റ്റ് അശേഷമില്ലാത്ത ക്ലോസപ് ട്യൂബ് തുടങ്ങിയവ അവർ ചവറ്റുകുട്ടയിൽ നിക്ഷേപിച്ച് മുക്കും മൂലയും അടിച്ചുവാരി.

കനിവിന്റെ നീലത്തടാകം!

ഛന്ദാ ബായി ഇപ്പോൾ ഞങ്ങളുടെ ഗ്രാമത്തിൽ വന്നുപെട്ടതിന്റെ പിന്നിലും സംഭവബഹുലമായ കഥയുണ്ട്. ദഹിസറിൽ തലയുയർത്തിനിൽക്കുന്ന സുപ്രസിദ്ധമായ ഒരു ഷോപ്പിങ്ങ് മാളിനുസമീപമായി അനേകം ജോപ്ഡകൾ ഇപ്പോഴും കാണാം. അവിടെ ഒറ്റമുറി വാടകയ്ക്ക് മുറിയെടുത്ത് ഛന്ദയും ഭർത്താവും കുഞ്ഞും സഹോദരിയും താമസമുറപ്പിച്ചു. റോഡരികിലുള്ള ടിൻ ഷെഡ്ഡിലെ താമസം കുഞ്ഞിന് ദോഷം ചെയ്യുമെന്ന കഥ അയാൾ അവതരണഭംഗിയോടെ പറഞ്ഞു. ഛന്ദ തലയാട്ടി. ഇവിടെ ഒരു ചതികൂടി ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് അവരുടെ മനസ്സ് പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ അവിടെ ഒരു മഹാരാഷ്ട്രക്കാരിയായ സ്ത്രീ നാലഞ്ച് വയസ്​ പ്രായമുള്ള കുട്ടിയേയുംകൊണ്ട് വന്നുചേർന്നു. അവരപ്പോൾ പൂർണഗർഭിണി കൂടിയായിരുന്നു. ഒറ്റനോട്ടത്തിൽതന്നെ അവർ ഒരു ‘ചാലൂ ചപ്പാത്തി' ആണെന്ന് മനസ്സിലാകും. കള്ളലക്ഷണമുള്ള അവർ അധികം വൈകാതെ ഒരുനാൾ ബന്ദാ ബായിയോട് ആജ്ഞാപിക്കാനും തട്ടിക്കേറാനും തുടങ്ങി. ആ സ്ത്രീ ബന്ദയുടെ ഭർത്താവിന്റെ മറ്റൊരു ബീവി ആണെന്ന് അവർ തുറന്നടിച്ചു.
ഒരുനാൾ ഇത് ഭർത്താവിനോട് ചോദിച്ചപ്പോൾ, ‘എന്റെ കാര്യത്തിൽ തലയിടണ്ടാ, നീ നിന്റെ കാര്യം നോക്ക്’ എന്ന്​ ഒരു തെറിയുടെ അകമ്പടിയോടെ അയാൾ ഉത്തരം നല്കി. ഒപ്പം ഛന്ദയുടെ മുഖമടിച്ച് ഒരു നല്ല അടിയും കൊടുത്തു.
തകർന്ന മനസ്സുമായി, മിണ്ടാട്ടമില്ലാതെ ഛന്ദാ ബായി ഒരു വയസ്​ പ്രായമുള്ള കുഞ്ഞിനേയുമെടുത്ത് അവിടെനിന്നിറങ്ങി.
തെരുവുവിളക്കുകളുടെ വെളിച്ചം വീണുകിടക്കുന്ന റോഡിലൂടെ, ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ എങ്ങോട്ടെന്നില്ലാതെ അവൾ നടന്നു. ദഹിസറിൽനിന്ന് ബോറിവിലി വെസ്റ്റിലേക്കുള്ള വഴിയിൽ ഒരു നിമിഷം പകച്ചുനിന്ന ഛന്ദാ ബായി നടന്നുതളർന്ന്​ അവശയായി വലിയ കെട്ടിടസമുച്ചയത്തിലെ പമ്പ്‌ഷെഡ്ഡിൽ കുത്തിയിരുന്ന് തേങ്ങാൻ തുടങ്ങി.
രണ്ട് നാലുമണിക്കൂറുകൾക്കുശേഷം, ഞാൻ സുഭ ഭാബി എന്ന് വിളിക്കുന്ന സോഷ്യൽ ആക്റ്റിവിസ്റ്റിന്റെ കണ്ണിൽ ഈ ഹതാശയായ പെണ്ണും കുഞ്ഞും പെട്ടു. അവർ ഛന്ദക്ക് താല്ക്കാലിക അഭയം നല്കി. ഭക്ഷണം കൊടുക്കുകയും കുളിച്ച് വസ്ത്രം മാറാൻ സൗകര്യം ഒരുക്കുകയും ചെയ്തു. ഛന്ദാ ബായിയെ സുമ ഭാബി അവരുടെ ഔട്ട്ഹൗസിൽ കുറെ ആഴ്ചകൾ പാർപ്പിച്ചു. സുമ ഭാബിയുടെ നിർദ്ദേശപ്രകാരമാണ് ഛന്ദ ബായി, ആദ്യം അവരുടെ ബഞ്ചാര വസ്ത്രം ഉപേക്ഷിച്ച് സാരിയും ബ്ലൗസും ധരിക്കാൻ തുടങ്ങിയത്. ഇപ്പോൾ അവർ കംവാലിബായുടെ വേഷം കെട്ടിയിരിക്കുന്നു. ഭാബിയാണ് ഛന്ദയെ കൈവിരലുകൾ ഉപയോഗിച്ച് കണക്കുകൂട്ടാനും പുരൻപോളി ഉണ്ടാക്കാനും പഠിപ്പിച്ചത്. തുടർന്ന് ഛന്ദക്ക്​ബോളിഞ്ച് ഗാവിലെ ബന്ദർപാഡയിലുള്ള അവരുടെ സേഫ്റ്റിപിന്നും ചന്ദനത്തിരി കത്തിക്കാനുള്ള ഉപകരണങ്ങളും ഹെയർപിന്നുകളും മറ്റും ഉണ്ടാക്കുന്ന ചെറിയ ഫാക്റ്ററിയിൽ ജോലി നല്കി. അവരുടെ കുഞ്ഞ് വളർന്ന്​ ഇപ്പോൾ പതിനാറ് വയസ്സിലെത്തി. അവൾ (ഗ്യാരാവി) പ്ലസ് വണ്ണിന് പഠിക്കുന്നു.

ഇന്ന്, ഛന്ദാ ബായി ഞങ്ങളുടെ ഗാവിലെ നമ്പർ വൺ കാംവാലി ബായ് ആണ്. മഹാരാഷ്ട്രീയരുടെ ഇഷ്ടപലഹാരമായ പുരൻപോളി ഉണ്ടാക്കുന്നതിൽ അവർ ഗാവ്വാലകൾക്കിടയിൽ മിന്നിത്തിളങ്ങുന്നു

അപൂർവമായി മാത്രം അരങ്ങേറാറുള്ള ഇത്തരം സംഭവവികാസങ്ങൾ ഈ കപടലോകത്തിൽ നമുക്ക് ആശ്ചര്യകരമായി തോന്നാം. പെണ്ണ്, ചൂതാട്ടം, ചാരായം എന്നിവ മാത്രം ആസ്വദിക്കുന്ന ഛന്ദയുടെ ഭർത്താവ് എവിടെയെന്ന് അവർക്ക് അറിയാമെങ്കിലും ഇതുവരെ ഛന്ദയെ ആ മനുഷ്യൻ അന്വേഷിച്ചുവന്നിട്ടില്ല. ഛന്ദാ ബായി അയാളെ തിരക്കി ചെന്നുമില്ല.

‘‘ആഖിർ ഭഗ്വാൻ മുജെ ബച്ചായാ....'' അവസാനം ഭഗവാൻ ഛന്ദയെ രക്ഷിച്ചിരിക്കുന്നുവെന്ന് തന്റെ വലതുകൈയിൽ ബ്ലൗസിനു താഴെ കെട്ടിയിരിക്കുന്ന ഉറുക്ക് കാട്ടി അവർ ഇടയ്ക്കിടെ പറയുന്നുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും ശിർദ്ദി സായ്ബാബയുടെ സമാധി സന്ദർശിക്കണമെന്ന ആഗ്രഹം അവർക്കുണ്ട്.
‘അങ്കിൾ, ആപ് മുജെ ഹെൽപ് കരേഗാ...' ഛന്ദ ചോദിച്ചു.
‘ഞാൻ ചെയ്യാം എന്റെ ഛന്ദാ ബായി, തീർച്ചയായും’ എന്ന്​ ഞാനുറപ്പുകൊടുത്തു.
ഇത്തരം കൊച്ചുകൊച്ചു ആശകൾ മാത്രമേയുള്ളൂ അവർക്ക്​. മറ്റൊരു സ്വപ്നവുമില്ല.

ശിർദ്ദി സായ്ബാബയുടെ സമാധി സ്ഥലം / Photo: sai.org.in
ശിർദ്ദി സായ്ബാബയുടെ സമാധി സ്ഥലം / Photo: sai.org.in

ഇന്ന്, ഛന്ദാ ബായി ഞങ്ങളുടെ ഗാവിലെ നമ്പർ വൺ കാംവാലി ബായ് ആണ്. മഹാരാഷ്ട്രീയരുടെ ഇഷ്ടപലഹാരമായ പുരൻപോളി ഉണ്ടാക്കുന്നതിൽ അവർ ഗാവ്വാലകൾക്കിടയിൽ മിന്നിത്തിളങ്ങുന്നു. ജനം ഗണേശോത്സവം, ദസറാ, ദീപാളി തുടങ്ങിയവ ആഘോഷിക്കുന്ന വേളകളിൽ ഞങ്ങളുടെ ഗ്രാമത്തിലെ വീട്ടമ്മമാർ ഛന്ദാ ബായിയെ തേടിയെത്തുന്നു. അവർക്ക് സ്വന്തമായൊരു മുറി വേണമെന്ന് ആഗ്രഹമുണ്ട്. അതിന് ബാങ്കിൽ ശുപാർശചെയ്യാൻ ഛന്ദ എന്നോട് അപേക്ഷിച്ചിട്ടുണ്ട്. (തൽക്കാലം അത് പരിഗണനയിലുണ്ട് എന്നുമാത്രം പറയുന്നു). സമീപപ്രദേശങ്ങളിലെ ഫ്‌ളാറ്റുകളിൽ അടുക്കളപ്പണി നടത്തി ലഭിക്കുന്ന തുകയിൽ നല്ലൊരു പങ്ക് അവർ പണമിടപാട് സ്ഥാപനത്തിൽ നിക്ഷേപിക്കുന്നു. ഇപ്പോൾ ഛന്ദാ ബായിയുടെ ഒരു പ്രാക്റ്റിക്കൽ ഓർമ വരുന്നു.

ബോളിഞ്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്താണ് ഛന്ദാ ബായി എന്റെ ഫ്‌ളാറ്റിൽ ജോലിക്കു വന്നത്. രണ്ടേ രണ്ട് സ്ഥാനാർത്ഥികൾ മാത്രമാണ് അവിടെ മത്സരത്തിനുണ്ടായിരുന്നത്. അതിൽ ഒരാൾക്ക് കറുത്ത കണ്ണടയും മറ്റേ സ്ഥാനാർത്ഥിക്ക് വിസിലുമാണ് ചിഹ്നം. സ്ഥാനാർത്ഥികൾ അവരവരുടെ ചിഹ്നങ്ങൾ ഗ്രാമവാസിക്കുട്ടികൾക്കിടയിൽ സൗജന്യമായി വിതരണം ചെയ്ത് പ്രചാരണത്തിന്​ തുടക്കമിട്ടു. ഇതോടെ പ്രദേശത്തെ എല്ലാ പിള്ളേരും, കറുത്ത കണ്ണട വെച്ചും, ഒപ്പം പീ പീ പീ എന്ന് വിസിലൂതിയും ഗ്രാമപാതയിലൂടെ ബഹളം വെച്ച് ഓടിനടക്കാൻ തുടങ്ങി. കണ്ണടയും വിസിലും പാർട്ടിഭേദമന്യേ ഇവർക്കിടയിൽ വിതരണം ചെയ്തതിലെ തകരാറ് അപ്പോഴാണ് പ്രവർത്തകർക്ക് മനസ്സിലായത്. ഈ കൂത്ത് കണ്ട് അന്തംവിട്ടതിൽ ആദ്യത്തെയാളാണ് ഛന്ദാ ബായി.

മഹാരാഷ്ട്രയിലെ പ്രധാന പലഹാരങ്ങളിലൊന്നായ പുരൻപോളി / Photo: Wikimedia Commons
മഹാരാഷ്ട്രയിലെ പ്രധാന പലഹാരങ്ങളിലൊന്നായ പുരൻപോളി / Photo: Wikimedia Commons

തെരഞ്ഞെടുപ്പും വോട്ടും മറ്റ് അനുബന്ധ കാര്യങ്ങളും ആ
‘ബഞ്ചാരി'പ്പെണ്ണിന് തീരെ അജ്ഞാതമായിരുന്നു. വീട്ടുജോലിയല്ലാതെ മറ്റു കലാപരിപാടികളിൽ അവൾക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല.
ഒരു ദിവസം ഛന്ദാ ബായി ഉറക്കമുണർന്നു പല്ലുതേക്കുന്ന സമയത്താണ് റെയ്​മണ്ട്​സഫാരിസൂട്ടും കൈവിരലുകളിൽ സ്വർണമോതിരങ്ങളുമണിഞ്ഞ സ്ഥാനാർത്ഥി കൈകൂപ്പി അവളേയും മറ്റ് സമീപവാസികളേയും വണങ്ങി ഉമ്മറത്തിണ്ണയിലിരുന്ന് ‘വന്ന കാര്യം പറയാൻ' തുടങ്ങിയത്. പ്രവർത്തകരിലൊരാൾ നോട്ടീസും പ്രകടനപത്രികയും നല്കി. ഛന്ദാ ബായിയും അയൽക്കാരും അല്പം ഭയത്തോടെ അവരെ നോക്കി ഒന്നും മിണ്ടാതിരുന്നു. അവരുടെ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ബഹുമാന്യനായ ഒരാൾ വീട്ടിൽ വന്ന് കൈകൂപ്പി ‘എന്തോ ഒരു സംഗതി' പറയുന്നത്. അതുകൊണ്ട് ‘ജി മാലിക്, ടീക് ഹെ മാലിക്' എന്ന് ഒരേ സ്വരത്തിൽ പറഞ്ഞ് ആ പാവങ്ങൾ തൽക്കാലം കാര്യമൊരുക്കി.
സ്ഥാനാർത്ഥി എല്ലാവരുടെയും കാൽ തൊട്ടുവണങ്ങുകയും കറുത്ത കണ്ണട ഉയർത്തിക്കാണിച്ച് ‘നമ്മുടെ ചിഹ്നം മറക്കരുത്’ എന്ന് ഒന്നുകൂടി ഓർമപ്പെടുത്തുകയും ചെയ്തപ്പോൾ അയൽക്കാരിയായ കാസുബായി ഏതാണ്ട് മോഹാലസ്യയായേത്ര.

ബാൻറ്​ വാദ്യത്തോടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണജാഥ കറുത്ത കണ്ണടക്കാരൻ സ്ഥാനാർത്ഥി കൊണ്ടാടിയപ്പോൾ, ലേസിയം കളിച്ചുനീങ്ങുന്ന യുവാക്കൾക്കൊപ്പം ബുൾബുൾ വാദ്യാഘോഷങ്ങളുമായി മഹാരാഷ്ട്രീയൻ രീതിയിലാണ് വിസിൽ ചിഹ്നക്കാരൻ സ്ഥാനാർഥി പ്രചാരണം അവസാനിപ്പിച്ചത്.
രണ്ടു ദിവസം കഴിഞ്ഞ് ഇലക്ഷൻ ദിനമെത്തി. ബോളിഞ്ചിലെ പരിശുദ്ധ ആത്മാ ചി ചർച്ചിന്റെ സൺഡേ സ്കൂൾ ഹാളാണ് രണ്ട് ഹവേൽദാർമാരെ സാക്ഷിയാക്കി താൽക്കാലിക പോളിങ്ങ് ബൂത്താക്കി മാറ്റിയത്. അധികം ആളുകൾ അവിടെ വോട്ടുചെയ്യാൻ എത്തിയതായി തോന്നിയില്ല. വോട്ട് ചെയ്​ത്​ ഞാൻ ബണ്ടാർ അളിയിൽ എത്തുന്നതിനുമുമ്പ് പിന്നിൽ നിന്നൊരു കിളിനാദം, ‘അങ്കിൾ, അങ്കിൾ' ഇടതുകൈയിന്റെ ചൂണ്ടുവിരൽ ഉയർത്തിക്കാണിച്ച് ഛന്ദാ ബായി പറഞ്ഞു, ‘മി വോട്ട് ദിലി.’
ഇരുപത്താറാംവയസ്സിൽ ആദ്യമായി വോട്ട്​ ചെയ്തതിന്റെ ആഹ്ലാദത്തിലായിരുന്നു ആ പാവം. അവൾ നടന്ന്​ എന്നോടൊപ്പമെത്തി ജീവിതത്തിലെ ‘കന്നി വോട്ട് സംഭവം' വിവരിക്കാൻ തുടങ്ങി. ഒടുവിൽ ഞാൻ ചോദിച്ചു: ‘തുനേ കിസ്​കോ വോട്ട് ഡാല രേ?' വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ പേരോ അടയാളമോ രഹസ്യമായി വെക്കണം എന്ന അറിവ് അവർക്കുണ്ട്.
അപ്പോൾ ചോദ്യമൊന്നു മാറ്റി വീണ്ടും ചോദിച്ചു: ‘തു കിദർ സിക്ക മാരാ?'
‘വോ തോ ടേബിൾ പേ മാര ഥാ’, അവൾ പറഞ്ഞു.

ബോംബെയിലും സമീപപ്രദേശങ്ങളിലുമുള്ള പട്ടണങ്ങളിൽ ധാരാളമായി വിറ്റുപോകുന്ന ലിജ്ജത് പപ്പടം പരത്തി വീടുപുലർത്തുന്ന ലക്ഷക്കണക്കിന് സ്ത്രീകൾ മഹാനഗരത്തിലുണ്ട്.

അവൾ സീൽ അടിച്ചത് ബാലറ്റ് പെട്ടിവെച്ച മേശമേൽ ആണെന്ന യാഥാർത്ഥ്യം മനസ്സിലായി!
‘ഛന്ദാ ബായി, നിന്റെ കന്നിവോട്ട് അസാധുവായിപ്പോയെടി മോളെ' എന്നെങ്ങാനും എന്റെ വായിൽനിന്നു വന്നാൽ അവളുടെ ഹൃദയം പിളരുകില്ലേ? അത് ഒഴിവാക്കാം. അവർ അത്രമേൽ ശുദ്ധഗതിക്കാരിയാണല്ലോ. താമസസ്ഥലമെത്തുന്നതിനുമുമ്പ് ഛന്ദാ ബായി ഒരു പരമരഹസ്യം പറഞ്ഞു; തന്റെ കന്നിവോട്ട് മനഃപൂർവം അസാധുവാക്കിയതാണെന്ന്; ‘വോ ദോനാം ടീക് ലോഗ് നഹി ഹെ.'
ഗുണ്ടകളും തെമ്മാടികളും തെരഞ്ഞെടുക്കപ്പെടരുതെന്ന പൗരബോധം അവൾക്കുണ്ടായിരുന്നു.

ഛന്ദ, ആജ് കി താരിഖ് മേ....

ബോളിഞ്ച്ഗാവിൽ സുമ ഭാഭിയുടെ സംരക്ഷണത്തിൽ കഴിയവേ ഛന്ദ പയ്യെപ്പയ്യെ മറാഠിയും ഹിന്ദിയും സംസാരിക്കാൻ പഠിച്ചു. ഭാബിയുടെ നിർദ്ദേശപ്രകാരം ഞാൻ ഛന്ദയെ മഹിള ഗൃഹ് ഉദ്യോഗിലെ മാനേജർ ഐറിൻ അൽമേഡയെ പരിചയപ്പെടുത്തി. ആ മഹിളാസംരംഭത്തിന്റെ പ്രധാന സംഭാവനയാണ് ‘ലിജ്ജത് പാപ്പട്.' ബോംബെയിലും സമീപപ്രദേശങ്ങളിലുമുള്ള പട്ടണങ്ങളിൽ ധാരാളമായി വിറ്റുപോകുന്ന ലിജ്ജത് പപ്പടം പരത്തി വീടുപുലർത്തുന്ന ലക്ഷക്കണക്കിന് സ്ത്രീകൾ മഹാനഗരത്തിലുണ്ട്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ, വിധവകൾ, ഭിന്നശേഷിക്കാർ, മറ്റു നിരാലംബരായവർ തുടങ്ങിയവർക്കു സ്വന്തമായി വരുമാനമുണ്ടാക്കാൻ മഹിളാഗൃഹ് ഉദ്യോഗ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിലെ അംഗങ്ങളായ സ്ത്രീകൾ ആഴ്ചയിലൊരിക്കൽ ബാന്ദ്ര വെസ്റ്റിലെ ലിജ്ജത് ഓഫീസിലെത്തി കടലമാവും മറ്റു ചേരുവകളും വാങ്ങുന്നു. അവ പരത്തി പപ്പടം ഉണ്ടാക്കുന്നു. തുടർന്ന് വീണ്ടും മഹിളാഗൃഹ് ഉദ്യോഗിലെത്തി പപ്പടത്തിന്റെ തൂക്കമനുസരിച്ചുള്ള പണം വാങ്ങുന്നു. ഈ പരിപാടി ഛന്ദ തുടർന്നുപോരുന്നുണ്ട്. സമൂഹത്തിലെ താഴെത്തട്ടിൽ ജീവിക്കുന്ന സ്ത്രീകൾക്ക് കൈത്താങ്ങായി ലിജ്ജത് മുമ്പിലുണ്ട്. തൊഴിൽരഹിതരായ സാധു സ്ത്രീകൾക്കായി കൽബാദേവിലെ പന്ത്രണ്ട് സ്ത്രീകളുടെ ബുദ്ധിയിലുദിച്ച ഈ ആശയം വലിയൊരു പ്രസ്ഥാനം തന്നെയായി മാറിയിരിക്കുന്നു.

ലിജ്ജത് പപ്പടത്തിലെ തൊഴിലാളികൾ / Photo: Screengrab from  Momentous club 's video
ലിജ്ജത് പപ്പടത്തിലെ തൊഴിലാളികൾ / Photo: Screengrab from Momentous club 's video

പിന്നീടൊരിക്കൽ അൽമേഡയെ അവരുടെ ഓഫീസിൽ കണ്ടപ്പോൾ ‘Chanda bhai is very efficient, hardworking and honest' എന്നാണ് അവർ പറഞ്ഞത്. രാവിലെ അഞ്ച് മണിയോടെ ഉറക്കമുണരുന്ന ഛന്ദ എട്ടുമണിയോടെ ഫ്‌ളാറ്റുകളിൽ ജോലിക്കെത്തുന്നു. വൈകീട്ട് ആറോടെ വീട്ടിലേക്ക് തിരിക്കുന്ന അവർ പച്ചക്കറികളും പലവ്യഞ്ജനങ്ങളുമായി മടങ്ങും. അത്താഴം കഴിഞ്ഞ് ‘പപ്പട നിർമ്മാണം' ആരംഭിക്കും. രാത്രി പതിനൊന്നുമണിയോടെ ഉറങ്ങുന്ന അവരുടെ മകളും ഇപ്പോൾ ഛന്ദയെ സഹായിക്കുന്നുണ്ട്. ഛന്ദാ ബായി ടി.വി സീരിയലുകൾക്ക് അടിമയാണെന്ന് അവർ തന്നെ പറയുന്നു. വർഷങ്ങളായി ഒരു ഹിന്ദിചാനൽ സംപ്രേഷണം ചെയ്യുന്ന ‘ക്യൂംഖി സാസ് ഭി കഭി ബഹു ഥി' (അമ്മായിയമ്മയും ഒരിക്കൽ വധുവായിരുന്നു) സീരിയൽ മുറ തെറ്റാതെ ഛന്ദ കാണാറുണ്ട്. ബോളിഞ്ച്ഗാവിലെ, ഭാര്യയും കുട്ടികളുമുള്ള ഒരു ധനാഢ്യൻ ഛന്ദാ ബായിയെ തന്റെ ‘വെപ്പാട്ടി’ ആക്കാൻ വിടാതെ പിന്തുടർന്നു എന്ന് ഛന്ദ പറഞ്ഞു. പണവും സ്വർണാഭരണങ്ങളും കൂടാതെ അയാൾ അവരെ സംരക്ഷിക്കാൻ തയ്യാറാണെന്ന് പറയുന്നുണ്ടെത്ര. ‘മാഫ് കരോ' എന്ന് അറുത്തുമുറിച്ചു പറഞ്ഞിട്ടും ഛന്ദയെ ചുറ്റിപ്പറ്റി ആ പരുന്ത് റാകിപ്പറക്കുന്നുണ്ടെന്ന് അവർ പറയുന്നു. ഛന്ദാ ബായിക്ക് പുരുഷനിലുള്ള വിശ്വാസം അമ്പേ തകർന്ന നിലയ്ക്ക് ആ സുജായിയുടെ ഓഫർ തള്ളിക്കളയാനാണ് സാധ്യത.

'ക്യൂംഖി സാസ് ഭി കഭി ബഹു ഥി' എന്ന സീരിയലിൽ സ്മൃതി ഇറാനി
'ക്യൂംഖി സാസ് ഭി കഭി ബഹു ഥി' എന്ന സീരിയലിൽ സ്മൃതി ഇറാനി

മുംബൈ മഹാനഗരത്തിൽ സമ്പന്നരുടെ കുശിനിപ്പണിയിൽനിന്ന്​ ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ആയിരങ്ങളിൽ ഒരാൾ മാത്രമാണ് ഛന്ദ. ലൈംഗിക പീഡനങ്ങളും ഭർത്താക്കന്മാരുടെ മുട്ടൻ ഇടികളും സാധാരണ ജീവിതസന്ദർഭങ്ങളായി മാറിയ ഒരു സമൂഹത്തിൽ, ഈ പാവങ്ങളുടെ കാര്യങ്ങൾ കേൾക്കാൻ ആരുമില്ല. ഒരു രാഷ്​ട്രീയ പ്രസ്​ഥാനവും ഇവരുടെ കൈപിടിക്കാനെത്തുന്നില്ല, തെരഞ്ഞെടുപ്പുകാലത്തൊഴികെ.
മാക്‌സിം ഗോർക്കിയുടെ വരികളിൽ ഞാനിപ്പോൾ ഒരു ചെറിയ കരവേല നടത്തി ‘Chanda bhai, What a beautiful name' എന്നാക്കിയിട്ടുണ്ട്.
ഗോർക്കി ക്ഷമിക്കട്ടെ!

ഛന്ദാ ബായി ഭക്ഷണം തയ്യാറാക്കി ഡൈനിംഗ്‌ടേബിളിൽ വെച്ച് യാത്രപറഞ്ഞു.
ഈ ഫ്‌ളാറ്റിൽനിന്ന് മറ്റൊരു ഫ്‌ളാറ്റിലേക്കാണ്​... അവരുടെ ധർമസങ്കടങ്ങളെ, ദുർഘടങ്ങളെ ആർക്ക് എങ്ങനെ പിടിച്ചുകെട്ടാനാകും? ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments