മതേതര ജനാധിപത്യ രാജ്യത്തെ 'മുടി' യുടെ ജാതി

മുടിവെട്ടുന്നവന് ജാതിയുള്ള ലോകത്തെ ഒരേയൊരു രാജ്യമാണിത്. ഇഷ്ടമുള്ള തൊഴിൽ തിരഞ്ഞെടുക്കാവുന്ന കാലം ഓരോ മനുഷ്യനും ഗ്രാമത്തിൽ വരുമെന്നാണ് ഇൻസ് മുഹമ്മദ് ഉറച്ചു വിശ്വസിക്കുന്നത്. തൊഴിലിന്റെ പേരിൽ അപമാനിക്കപ്പെട്ടവർ കണക്കുചോദിക്കുമെന്നും രോഷത്തോടെ പറഞ്ഞു. സവർണ്ണ പ്രതാപ കോട്ടകൾ ഇല്ലാതാക്കി സാധാരണ മനുഷ്യൻ ചിരിക്കുന്നത് ദിവസവും സ്വപ്‌നം കാണാറുണ്ടത്രെ.

Delhi Lens

ടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിന്റെ മുടി ഞങ്ങൾ വെട്ടില്ല. കേരളത്തിലെ ബാർബർമാരുടെ സംഘടന കഴിഞ്ഞ നവംബറിൽ നടത്തിയ പ്രസ്താവനയാണിത്. ആദ്യ കേൾവിയിൽ ചിലർക്കെങ്കിലും വല്ലാത്തൊരു തമാശതോന്നിയിട്ടുണ്ടാകും. എന്നാൽ അതിന് പുറകിൽ തൊഴിലിന്റെ പേരിൽ കുറെ മനുഷ്യർ അനുഭവിച്ചുകൊണ്ടിരിക്കുന്ന അങ്ങേയറ്റത്തെ അശ്ലീലമുണ്ട്. കാലങ്ങളായി മാറ്റിനിർത്തപ്പെട്ടത്തിന്റെ രോഷമുണ്ട്.

"മൺമറഞ്ഞുപോയ രക്തസാക്ഷിയെ ഈ മണ്ണിൽ പോലും കിടക്കാൻ അനുവദിക്കില്ലെങ്കിൽ ഞങ്ങൾ ചെരയ്ക്കാനല്ല നടക്കുന്നതെന്ന് സി.പി.എമ്മിനെ ഓർമിപ്പിക്കുന്നു' ഇതായിരുന്നു സി.പി. മാത്യുവിന്റെ പ്രതികരണം. ചെരയ്ക്കൽ വളരെ മോശപ്പെട്ട എന്തോ ആണെന്ന് അദ്ദേഹം ഉൾപ്പെടുന്ന വലിയ സമൂഹത്തെ ആരൊക്കെയോ പഠിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ മഹത്വം കാണിക്കാൻ യാതൊരു സങ്കോചവും കൂടാതെ അത്തരം പ്രയോഗങ്ങൾ എവിടെയും ഉപയോഗിക്കും.

മുടിവെട്ടുന്നവന് ജാതിയുള്ള ലോകത്തെ ഒരേയൊരു രാജ്യമാണിത്. അഥവാ അവന് അവർണ്ണനെന്നോ ന്യൂനപക്ഷമെന്നോ ചാപ്പയുള്ള നാട്. കേരളമെന്ന തിളയ്ക്കുന്ന ചോരയുള്ളവരുടെ നാട്ടിൽ പോലും അതിൽനിന്നവർ മോചിതരല്ല. പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്തേണ്ട തൊഴിലായി അതിനെ അടയാളപ്പെടുത്തുന്നതിന് പുറകിൽ സവർണ്ണതയുടെ കുറുക്കൻ തലച്ചോറുണ്ട്. കേരളവും ആ കുബുദ്ധിക്ക് കീഴടങ്ങിയതിന് ഇനിയുമേറെ ഉദാഹരങ്ങളുമുണ്ട്.

തൊഴിലിന്റെ പേരിൽ നാടുവിടേണ്ടിവന്ന ഉത്തർപ്രദേശിലെ ഇൻസ് മുഹമ്മദിന്റെ ജീവിതമാണ് പറയാനുള്ളത്. ആ ജീവിത പരിസരത്തുനിന്നും ഏറെ ദൂരം നടന്നിട്ടില്ല കേരളമെന്ന് ഓർക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പൊതു ബോധം മുടിവെട്ടുന്ന, താടിവടിക്കുന്ന മനുഷ്യരോട് ചെയ്യുന്നത് ഏറെക്കുറെ സമാനമാണ്. അച്ഛൻ ലാൽ മുഹമ്മദ് ബാർബർ ആയിപോയെന്ന ഒറ്റക്കാരണം കൊണ്ടാണ് ഇൻസ് മുഹമ്മദ് ഡൽഹിയിലേക്ക് കള്ളവണ്ടികയറിയത്. ഒടുവിൽ വഴിയരികിൽ വലിച്ചെറിയപ്പെട്ടവനെപോലെ ജീവിതം ബാക്കിയായി.

ഇൻസ് മുഹമ്മദ്
ഇൻസ് മുഹമ്മദ്

തിരയൊടുങ്ങും മുൻപ് അതിജീവന സാധ്യതകൾ കണ്ടെത്താൻ സാധിക്കാത്ത വലിയൊരുവിഭാഗം മനുഷ്യരുടെ നാടാണിത്. ജാതി അതിന്റെ എല്ലാ തീക്ഷ്ണതയിലും മനുഷ്യനുമേൽ കുരുക്കിടുന്നുണ്ട്. സവർണ്ണ തിട്ടൂരങ്ങളിൽ ഊർദ്ധശ്വാസം വലിക്കുകയാണ് ഗ്രാമങ്ങൾ. ആ ജീവിതങ്ങളുടെ ചൂട് രാജ്യത്താകമാനമുള്ള അവർണ്ണനെ പൊള്ളിക്കുന്നുണ്ട്. ചാരമാകും മുൻപ് അവസാന തുരുത്തിൽ നിന്ന് അവർ യാചിക്കുന്നത് ഇനിയും ലഭ്യമാകാത്ത ജീവിതമാണ്.

ജാതി തീരുമാനിക്കുന്ന തൊഴിലിടങ്ങൾ

വല്ലപ്പോഴും കാണാൻ കിട്ടുന്ന ഒരാളായിരുന്നു ഇൻസ് മുഹമ്മദിന് അച്ഛൻ. നേരം പുലരുമ്പോഴേക്കും കത്രിക സഞ്ചിയും ബാറ്ററി ടോർച്ചുമായി ഇറങ്ങിയാൽ തിരിച്ചെത്തുന്നത് പാതിരാത്രി. അപ്പോഴേക്കും വീടാകെ ഉറങ്ങും. അന്നൊക്കെ തലമുടി വെട്ടി താടി വടിക്കാൻ മൂന്നുരൂപയാണ്. പിന്നെയും കാലങ്ങൾ എടുത്തു മൂന്ന് അഞ്ചാകാൻ. അതും ജാതി പ്രമാണിമാർക്ക് ബാധകമല്ല. അവർക്ക് എല്ലാം സൗജന്യമാണ്. രാപ്പകൽ അധ്വാനത്തിന്റെ ചില്ലറത്തുട്ടുകൾ കൂട്ടിയാൽ കിട്ടുന്നത് അൻപത് രൂപക്ക് താഴെയാണ്.

ചെറിയ ക്ലാസ്സിൽ പഠനം നിർത്തി. തൊട്ടടുത്ത ദിവസംമുതൽ അച്ഛന്റെ സഹായിയായി. അന്നുതൊട്ടാണ് ബാർബർ ജീവിതം തുടങ്ങുന്നത്. മുടിവെട്ടാൻ ആളെ കിട്ടണമെങ്കിൽ ഗ്രാമം മുഴുവൻ ചുറ്റണം. കിട്ടിയാൽ ഏതെങ്കിലും തണൽ മരച്ചുവട്ടിൽ വച്ചു ചെയ്യും. പ്രമാണിമാരെ വീടിന് പുറത്ത് കാത്തു നിൽക്കണം. അവരുടെ സമയം വരെ ആ നിൽപ്പ് തുടരും. ചിലപ്പോൾ മണിക്കൂറുകൾ നീണ്ടുപോകും. ശരീരത്തിൽ അധികം തൊടാതെ വേണം പണി എടുക്കാൻ. താടി വടിക്കുമ്പോഴെങ്ങാനും കൈതട്ടിപോയാൽ ഒറ്റ ചവിട്ടാണ്. കാലങ്ങളായുള്ള അച്ഛന്റെ നിർത്താതെയുള്ള ചുമയുടെ രഹസ്യമാണ് അന്ന് കിട്ടിയത്. ഉടനെ എഴുന്നേറ്റ് ഒന്നും സംഭവിക്കാത്തതുപോലെ പണി എടുക്കണം.

ഇൻസ് മുഹമ്മദ്
ഇൻസ് മുഹമ്മദ്

ഉറക്കത്തിലും കത്രികയുടെ ശബ്ദമാണ് കാതിലാകെ. സവർണ്ണതയുടെ ക്രൂരത മുന്നിൽകണാൻ തുടങ്ങിയതുമുതൽ കണ്ണടച്ചാൽ ഭയമാണ്. ഇരുട്ട് കൂടുതൽ പേടിപ്പെടുത്തുന്ന ഒന്നായി. അക്കാലത്താണ് ഈ തൊഴിൽ ജീവിതമാർഗ്ഗമാക്കില്ല എന്നു തീരുമാനിച്ചത്. ഗ്രാമത്തിൽ ഓരോ ജോലിയും ചെയ്യുന്നവന് പുറകിൽ ഓരോ ജാതിയുണ്ടെന്ന തിരിച്ചറിവ് വേദനയോടെ ഉൾക്കൊണ്ടു. അതിൽ നിന്നൊരു മോചനം സാധ്യമല്ലെന്നും തിരിച്ചറിഞ്ഞു.

ജാതിപറയുന്ന അനീതി

ഏതൊരു ഗ്രാമീണനും ജാതി കല്പിച്ചുകൊടുത്ത ജോലിക്ക് പുറത്തുകടക്കാൻ എളുപ്പമല്ല. മറ്റൊരു സാധ്യത കണ്ടെത്തിയാലും ഗ്രാമത്തിനുള്ളിൽ അസാധ്യമാണ്. ഭൂരിപക്ഷം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും ജാതിയാണ് ജോലി തീരുമാനിക്കുന്നത്. സവർണ്ണതയാണ് അതിന് മാർക്കിട്ട് കൂലികൊടുക്കുന്നത്. ജാതി പ്രമാണിമാരുടെ തിട്ടൂരങ്ങൾക്ക് മുന്നിൽ നിശബ്ദമാണ് ഗ്രാമത്തിലെ കാറ്റുപോലും.

ചരിത്രകാരൻ രാമചന്ദ്രഗുഹ പറഞ്ഞത്, ജാതിയിൽ ജനിച്ച് ജാതി ഭക്ഷിച്ച് ജാതി ശ്വസിച്ച് ജീവിക്കുന്ന ജനതയുള്ള ഇടമാണ് ഉത്തരേന്ത്യയെന്നാണ്. ആ വാദം സാധ്യമാക്കുന്ന എണ്ണമറ്റ ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. ദളിതർക്കെതിരായ പീഡനങ്ങൾ 2017 നുശേഷം 20%ത്തിന് മുകളിൽ വർദ്ധിച്ചിവെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. ബൽറാംപുർ, ബുലൻഷെഹർ, അസംഘട് എന്നീ പേരുകൾ അതിന് അടിവരയിടുന്നു.

ദളിത് പെൺകുട്ടിയെ കൂട്ട മാനഭംഗം ചെയ്യാൻ വിധിച്ച ഖാപ്പ് പഞ്ചായത്ത് പലരൂപത്തിലും ഇൻസ് മുഹമ്മദിന്റെ ഗ്രാമത്തിലും സജീവമാണ്. ക്രൂര ശിക്ഷാവിധികൾ കൽപ്പിക്കുന്ന സവർണ്ണന്റെ അധികാര പ്രയോഗങ്ങൾക്ക് കീഴടങ്ങുകയാണ് ഗ്രാമങ്ങൾ. സമാനമായ രീതിയിൽ ഖാപ്പ് പഞ്ചായത്തുകളുള്ള നാടാണ് ഉത്തർ പ്രദേശും. ജനാധിപത്യരഹിതമായി ജാതി മേൽക്കോയ്മയുള്ള ആൾക്കൂട്ടങ്ങൾ ആസൂത്രിതമായി നടത്തുന്ന ഭരണ സംവിധാനമാണ് ഖാപ്പ് പഞ്ചായത്തുകൾ. ഹാഥ്രസിൽ ബലാത്സംഘം ചെയ്ത് കൊന്ന പെൺകുട്ടിയുടെ പ്രതികൾക്കായും അന്ന് ഖാപ്പ് പഞ്ചായത്ത് നടന്നിട്ടുണ്ട്. പ്രതികൾ എല്ലാവരും സവർണ്ണ വിഭാഗമായ ഠാക്കൂറുകളായിരുന്നു. ഏതുവിധേനയും പ്രതികളെ സംരക്ഷിക്കണമെന്ന തീരുമാനവുമായാണ് പഞ്ചായത്ത് അവസാനിച്ചത്.

നഗരത്തിന്റെ ജാതി

ദളിതനും ന്യൂനപക്ഷ മതങ്ങൾക്കും ഗ്രാമത്തിൽ ഒരേ പാത്രത്തിലാണ് നീതി. സവർണ്ണതക്ക് കീഴടങ്ങിയില്ലെങ്കിൽ സ്വപ്നങ്ങളിൽ പോലും ഇരുട്ടാകും. അച്ഛനെപ്പോലെ കീഴ്പ്പെട്ട് ഗ്രാമത്തിനുള്ളിൽ ജീവിതം അവസാനിപ്പിക്കാൻ ഇൻസ് മുഹമ്മദ് തയ്യാറല്ലായിരുന്നു. ആ തീരുമാനമാണ് ഇരുപത്തിയെട്ടാം വയസ്സിൽ രാജ്യതലസ്ഥാനത്തേക്ക് വണ്ടി കയറ്റിയത്. രണ്ടുജോഡി ഷർട്ടും മുടിവെട്ടുന്ന കത്രികസഞ്ചിയും കൈയിൽ കരുതി. ഗ്രാമം പിന്നിടുംതോറും മുന്നിൽ കണ്ട പുതിയ കാഴ്ചകൾ പ്രതീക്ഷകൂട്ടി.

പുലർച്ചയോടെ വലിയ ഞെരക്കത്തിൽ ന്യൂഡൽഹി സ്റ്റേഷനിൽ നിരങ്ങി നിന്ന ട്രെയിനിൽ നിന്ന് പതിയെ ഇറങ്ങി. കാഴ്ചകളുടെ ഉത്സവമായിരുന്നു കണ്ണിന്. പൊടിപിടിച്ച ദൈന്യതയുടെ ഗ്രാമ ചിത്രങ്ങൾ എവിടെയുമില്ല. വലിയ വാഹനങ്ങളും നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ മനുഷ്യരും ഒഴുകി നടക്കുന്നു. ആകാശം തൊടുന്ന കെട്ടിടങ്ങൾ അന്നാദ്യമായാണ് കാണുന്നത്. അവയ്ക്ക് മധ്യത്തിലൂടെ പറന്നുപോയ പക്ഷി കൂട്ടങ്ങൾ വലിയ അത്ഭുതമായി. എത്തിപ്പെട്ട മഹാനഗരത്തെയോർത്ത് അഭിമാനിച്ചു.

ഇൻസ് മുഹമ്മദ്
ഇൻസ് മുഹമ്മദ്

അന്നുമുഴുവൻ നഗരംചുറ്റി നടന്നു. രാത്രിയിൽ ആളൊഴിഞ്ഞ ഇടത്ത് തലചായ്ച്ചു. നേരം വെളുത്തതുമുതൽ തൊഴിലന്വേഷണം തുടങ്ങി. പേരിലെ ജാതിയും മതവും ചികഞ്ഞ സ്ഥാപന മുതലാളിമാർ ഇൻസ് മുഹമ്മദിന് മുന്നിൽ മുഖം തിരിച്ചു. പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് അന്നു സൂര്യൻ മറഞ്ഞു. കൈയിൽ കരുതിയ ചില്ലറത്തുട്ടുകളും കഴിഞ്ഞു. വിശപ്പ് വല്ലാതെ കീഴ്പ്പെടുത്തി. ഗരീബ് ഗഞ്ചിലെ ഗുരുദ്വാരയിൽ നിന്ന് കഴിച്ച റൊട്ടിയാണ് വീഴാതെ കാത്തത്. ഗുരുദ്വാരയോട് ചേർന്ന് മതിലരികിൽ കിടന്നു. അനിശ്ചിതത്വത്തിലായ ജീവിതത്തെയോർത്ത് ഏറെനേരം കരഞ്ഞു. ഗ്രാമത്തിൽ തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന ആമാശയങ്ങളെ ഓർത്തപ്പോൾ നെഞ്ചു നീറി.

തലക്കുവച്ചുറങ്ങിയ സഞ്ചിയിലെ ഇരുമ്പ് കത്രിക നേരംവെളുത്തപ്പോൾ തെന്നിമാറി സഞ്ചിക്ക് പുറത്തെത്തിയിട്ടുണ്ട്. അത് പടച്ചവൻ കാണിച്ച ജീവിത മാർഗ്ഗമെന്നാണ് ഇൻസ് ഇന്നും വിശ്വസിക്കുന്നത്. മറ്റൊരു ജോലിക്ക് അലഞ്ഞു നടക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കൈയിൽ കരുതിയ ഏതോ പഴയ പത്രവുമായി തെരുവിന്റെ ആളൊഴിഞ്ഞ മൂലയിലായിരുന്നു. രണ്ടുകല്ല് അടുക്കിവച്ച് ഇരിപ്പിടമാക്കി. കത്രികയും ബ്ലേഡും പേപ്പറിൽ നിരത്തി. വഴിയരികിൽ കിട്ടിയ കുപ്പിയിൽ വെള്ളവും നിറച്ചു. അന്നം തേടിയുള്ള യാത്ര അവിടെത്തുടങ്ങി.

പേരില്ലാത്ത മനുഷ്യർ

രാജ്യതലസ്ഥാനത്തും വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. പേരുചോദിച്ച് സ്വജാതിയെന്ന് ഉറപ്പിച്ച ശേഷം മുടിവെട്ടാൻ ഇരിക്കുന്നവർക്ക് മുന്നിൽ പലപ്പോഴും അന്നത്തിനായി മാറ്റിപ്പറഞ്ഞു. വൈകാതെതന്നെ ഇൻസ് മുഹമ്മദിന് വ്യക്തമായത് നഗരത്തിലും ജാതിയുണ്ടെന്ന യാഥാർഥ്യമാണ്. പക്ഷികൾക്ക്‌പോലും ഉയർന്നു പറക്കാൻ കഴിയാത്ത കെട്ടിടങ്ങൾക്കും മുകളിലാണ് നഗരത്തിലെ സവർണ്ണതയെന്ന് തിരിച്ചറിഞ്ഞു. തന്റെ ജോലിചെയ്യുന്ന മനുഷ്യർക്ക് എവിടെയും അവഗണനയാണെന്ന് മരവിപ്പോടെയാണ് ഉൾക്കൊണ്ടത്.

വന്മരങ്ങൾക്ക് താഴെയിരുന്ന് നഗരത്തിലെ പലയിടത്തായി മുടിവെട്ടി. മുപ്പത് വർഷമായി തെരുവിന് സുപരിചിതനാണ് ഇൻസ് മുഹമ്മദ്. കഠിനമായ ചൂടും തണുപ്പും പലതവണ കടന്നുപോയി. ഒറ്റക്കല്ലിൽ മനുഷ്യരെ ഇരുത്തി സുന്ദരമാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന്റ പേര് പരിചിതമായി. അക്കാലത്തിനിടക്ക് വിവാഹം കഴിഞ്ഞ് കുട്ടികളായി. മക്കളും അച്ഛന്റെ വഴിയേ ആ തൊഴിൽ തിരഞ്ഞെടുത്തു. മറ്റൊരു സാധ്യത കണ്ടെത്തിക്കൊടുക്കാൻ ഇൻസ് മുഹമ്മദിന് പ്രാപ്തിയില്ലായിരുന്നു. നഗരത്തിലെ മരച്ചുവട്ടിൽ രണ്ടുമക്കൾ പലയിടത്തായി ഉണ്ട്. അവർക്കും കുടുംബമായി.

നടവഴിയോട് ചേർന്നാണ് ഇപ്പോഴും ജീവിതം കണ്ടെത്തുന്നത്. രാവിലെ ആറുമണിക്ക് എത്തി ചുറ്റും അടിച്ചു വൃത്തിയാക്കും. കത്രികയും ചീപ്പും ഉൾപ്പെടെ എല്ലാം നിരത്തിവക്കും. കല്ലിന് മുകളിൽ ചാക്ക് മടക്കിവച്ച് കുഷ്യനാക്കും. കറണ്ടില്ലാത്തതുകൊണ്ട് ഫാനില്ല. കണ്ണാടിയുമില്ല. മനസ്സറിഞ്ഞ് വെട്ടി വൃത്തിയാക്കുന്നത് കൊണ്ട് ആർക്കും പരിഭവമില്ല. വലിയ എ.സി. പാർലറുകൾ വരെ നഗരത്തിലുണ്ട്. എങ്കിലും സ്ഥിരം വരാറുള്ളവർ എത്തും. അധ്വാനത്തിന് ഒരു ദിവസം 150 രൂപയാണ് കിട്ടുന്നത്. അതിൽ സന്തുഷ്ടനാണ് അദ്ദേഹം.

ഇൻസ് മുഹമ്മദ്
ഇൻസ് മുഹമ്മദ്

2000 രൂപ മാസവാടകയുള്ള ഒറ്റമുറിവീട്ടിലാണ് താമസം. അടുക്കളയും കിടപ്പുമെല്ലാം അവിടെത്തന്നെ. വർഷത്തിലൊരിക്കൽ ഗ്രാമത്തിൽ പോകും. അവിടെ കല്ലിട്ട വഴികൾക്ക് പകരം പുതിയ റോഡുകൾവന്നു. ചെറുതെങ്കിലും കോൺഗ്രീറ്റ് വീടുകളും പലയിടത്തായുണ്ട്. മാറാത്തത് മനുഷ്യനുള്ളിലെ ജാതിയാണ്. ദിനംപ്രതി അത്തരം ചിന്തകൾ കൂടുതൽ ശക്തമാവുന്നുണ്ട്.

പേരുനോക്കി നീതിതരുന്ന രാജ്യതലസ്ഥാനത്തെ പൊലീസ് സംവിധാനത്തോടും അദ്ദേഹത്തിന് ഭയമാണ്. ഡൽഹിയിൽ നടന്ന കലാപങ്ങളും ഇപ്പോൾ നടക്കുന്ന ബുൾഡോസർ രാഷ്ട്രീയവും വല്ലാതെ മുറിപ്പെടുത്തുന്നുണ്ട്. ജാതി മത ശരീരങ്ങൾക്കപ്പുറം മനുഷ്യർ ഒന്നാകുമെന്ന പ്രാർത്ഥനയാണ് എപ്പോഴും. അത്തരം പ്രതീക്ഷകളാണ് മുന്നോട്ട് നയിക്കുന്നത്.

ഇഷ്ടമുള്ള തൊഴിൽ തിരഞ്ഞെടുക്കാവുന്ന കാലം ഓരോ മനുഷ്യനും ഗ്രാമത്തിൽ വരുമെന്നാണ് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നത്. തൊഴിലിന്റെ പേരിൽ അപമാനിക്കപ്പെട്ടവർ കണക്കുചോദിക്കുമെന്നും രോഷത്തോടെ പറഞ്ഞു. സവർണ്ണ പ്രതാപ കോട്ടകൾ ഇല്ലാതാക്കി സാധാരണ മനുഷ്യൻ ചിരിക്കുന്നത് ദിവസവും സ്വപ്‌നം കാണാറുണ്ടത്രെ. അത് പറഞ്ഞപ്പോൾ ചുളിവുവീണ മുഖത്ത് ചിരിപടർന്നു. രോഷം കലർന്ന വേദനയുടെ ചിരി.


Summary: മുടിവെട്ടുന്നവന് ജാതിയുള്ള ലോകത്തെ ഒരേയൊരു രാജ്യമാണിത്. ഇഷ്ടമുള്ള തൊഴിൽ തിരഞ്ഞെടുക്കാവുന്ന കാലം ഓരോ മനുഷ്യനും ഗ്രാമത്തിൽ വരുമെന്നാണ് ഇൻസ് മുഹമ്മദ് ഉറച്ചു വിശ്വസിക്കുന്നത്. തൊഴിലിന്റെ പേരിൽ അപമാനിക്കപ്പെട്ടവർ കണക്കുചോദിക്കുമെന്നും രോഷത്തോടെ പറഞ്ഞു. സവർണ്ണ പ്രതാപ കോട്ടകൾ ഇല്ലാതാക്കി സാധാരണ മനുഷ്യൻ ചിരിക്കുന്നത് ദിവസവും സ്വപ്‌നം കാണാറുണ്ടത്രെ.


Comments