ലക്ഷദ്വീപിൽ ലേലത്തിനു വെച്ച കാലികൾക്കും പക്ഷികൾക്കും തീറ്റയില്ല

ദ്വീപിൽ ഫീഡിന്റെ വിതരണ ചുമതല വെറ്ററിനറി ഡിപാർട്ട്‌മെന്റിൽ നിന്നും അഡ്മിനിസ്‌ട്രേഷൻ എടുത്തുകളയുകയും അതിന് ബദൽമാർഗം കണ്ടെത്തുന്നതിൽ പരാജയപ്പെടുകയും ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് പേരു വെളിപ്പെടുത്താത്ത വെറ്ററിനറി ഉദ്യാഗസ്ഥൻ ട്രൂ കോപ്പിയോട് പ്രതികരിച്ചു.

ലക്ഷദ്വീപ് ജനതയുടെ ജീവിതരീതിയേയും സംസ്കാരത്തേയും ബാധിക്കുന്ന ഭരണമാറ്റങ്ങളിൽ പ്രധാനമായിരുന്നു മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ഡയറി ഫാമുകൾ അടച്ചു പൂട്ടാനുള്ള അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ തീരുമാനം. എന്നാൽ ലേലത്തീയതി അവസാനിക്കുന്നതിന് മുമ്പ് തന്നെ തീറ്റയില്ലാതെ വലയുകയാണ് മിനിക്കോയ് ഡയറിഫാമിലുള്ള നാൽക്കാലികളും 650 വളർത്തുപക്ഷികളും.

ഇവയ്ക്ക് നൽകാൻ ഒരു തരത്തിലുള്ള തീറ്റയും ശേഖരത്തിലില്ലെന്നും തീറ്റയില്ലാതെ കന്നുകാലികളിലൊരെണ്ണം ചത്തെന്നും മിനിക്കോയ് ദ്വീപിലെ വെറ്ററിനറി സർജൻ ജില്ലാ വെറ്ററിനറി ഓഫീസർക്ക് നൽകിയ കത്തിൽ പറയുന്നു.

വ്യക്തമായ കാരണം നൽകാതെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ഡയറി ഫാമുകൾ അടച്ചു പൂട്ടാൻ അഡ്മിനിസ്‌ട്രേഷന് തീരുമാനിച്ചത് വിമർശനത്തിനിടയാക്കിയിരുന്നു. മെയ് 31 നുള്ളിൽ വകുപ്പിന് കീഴിലുള്ള പശുക്കളും വിത്തു കാളകളും ഉൾപ്പടെയുള്ള നാൽക്കാലികളേയും വളർത്തുപക്ഷികളേയും ലേലത്തിൽ വിറ്റൊഴിവാക്കണമെന്നായിരുന്നു കഴിഞ്ഞ മാസം 21ന് പ്രസിദ്ധപ്പെടുത്തിയ ഉത്തരവിൽ പറഞ്ഞത്.

കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ദ്വീപിൽ രോഗം പടരുന്നത് സഹായിച്ചതും, മൃഗസംരക്ഷണവകുപ്പ്, കാർഷികവകുപ്പ് ഉൾപ്പടെ വിവിധ വകുപ്പുകളിൽ നിന്ന് തദ്ദേശീയരായ ജോലിക്കാരെ പിരിച്ചു വിട്ടതും ഉൾപ്പടെ ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേഷന്റെ പുതിയ തീരുമാനങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധത്തിന്റെ ഭാഗമായി ദ്വീപ് നിവാസികൾ ലേലം ബഹിഷ്‌കരിച്ചിരുന്നു. ഫാമുകൾ അടക്കാൻ തീരുമാനിക്കുകയും ലേലം അവസാനിക്കുന്നതു വരെയുള്ള തീറ്റ പോലും കരുതാതിരുന്നതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ദ്വീപിൽ ഫീഡിന്റെ വിതരണ ചുമതല വെറ്ററിനറി ഡിപാർട്ട്‌മെന്റിൽ നിന്നും അഡ്മിനിസ്‌ട്രേഷൻ എടുത്തുകളയുകയും അതിന് ബദൽമാർഗം കണ്ടെത്തുന്നതിൽ പരാജയപ്പെടുകയും ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് പേരു വെളിപ്പെടുത്താത്ത വെറ്ററിനറി ഉദ്യാഗസ്ഥൻ ട്രൂ കോപ്പിയോട് പ്രതികരിച്ചു.

""വെറ്ററിനറി ഡിപാർട്ട്‌മെന്റ് ആയിരുന്നു കാലികൾക്കും കോഴികൾക്കും ഉള്ള ഫീഡ് നൽകിയിരുന്നത്. ഡിപാർട്ട്‌മെന്റ് വഴി ഇനി മുതൽ ഫീഡ് വിതരണം വേണ്ടെന്ന് അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ ഉത്തരവുണ്ട്. ആളുകൾ ഫീഡ് നേരിട്ട് വാങ്ങി അതിന്റെ ബിൽ ഡിപാർട്ടമെന്റിൽ ഹാജരാക്കിയാൽ സബ്‌സിഡി നൽകാമെന്നാണ് പുതിയ തീരുമാനം. അത് നടപ്പിലായിട്ടില്ല. നിലവിൽ ഡിപാർട്ട്‌മെന്റിന് കീഴിലുള്ള പശുക്കൾക്കു പോലും തീറ്റയില്ലാത്ത അവസ്ഥയാണ്.

എല്ലാ ദ്വീപിലേക്കും കൊടുക്കാനായി മൊത്തത്തിൽ 25 ചാക്ക് തീറ്റ എടുക്കാൻ വാക്കാലുള്ള ഒരു ഉത്തരവ് ഡിപാർട്ട്‌മെന്റിന് ലഭിച്ചിട്ടുണ്ട്. മിനിക്കോയ് ദ്വീപിലെ നിലവിലെ പ്രശ്‌നത്തിന് ഇത് താൽകാലിക പരിഹാരം ആയേക്കും. എന്നാൽ ഇത് ഒട്ടും പര്യാപ്തമല്ല.

പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ദ്വീപിൽ കാലിവളർത്ത് പ്രായോഗികമല്ലാതായിത്തീരും / Photo: Manila C. Mohan

പല ദ്വീപുകളിലും ഡിപാർട്ട്‌മെന്റിന് കീഴിൽ പ്രജനനത്തിനുള്ള വിത്തുകാളകളുമുണ്ട്. ഇവയ്ക്കും തീറ്റയില്ല. അത് വാങ്ങിക്കാനുള്ള ഫണ്ട് സർക്കാർ നൽകുന്നില്ല. അടുത്ത ലേലവും പരാജയപ്പെടാനുള്ള സാധ്യതയുണ്ട്. മൊത്തത്തിൽ പ്രതിസന്ധിയാണ്.''

ഗോവധ നിരോധനം ഉൾപ്പടെയുള്ള കരടു നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ദ്വീപിൽ കാലിവളർത്ത് പ്രയോഗികമല്ലാതാവുമെന്നും അദ്ദേഹം പറയുന്നു. ""അറവിന് വിലക്കു വരുന്നതോടെത്തന്നെ ദ്വീപിൽ കാലിവളർത്ത് ലാഭകരമല്ലാതാവും. കാരണം, ലക്ഷദ്വീപിലെ ജനങ്ങളുടെ മുഖ്യാഹാരത്തിൽ പാലില്ല. രോഗികൾക്കും കുട്ടികൾക്കുമാണ് പാല് നൽകാറ് പതിവ്. ഡിപാർട്ട്‌മെന്റിന് കീഴിലുള്ള ഡയറി ഫാമുകൾ ലാഭം നോക്കാതെ പ്രവർത്തിച്ചതും ഇവരെ മുന്നിൽ കണ്ടു തന്നെയായിരുന്നു. അത്തരമൊരു സമ്പ്രദായത്തെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഗോവധ നിരോധനം വരുന്നതോടെ ഇറച്ചി വിൽപ്പനയും നടക്കാതാവും.''

ലക്ഷദ്വീപിൽ കാലിവളർത്ത് സംസ്‌കാരം വളർന്നതിനെക്കുറിച്ചും അതിലൂടെ കൈവന്ന നല്ല മാറ്റങ്ങളെ കുറിച്ചും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ തന്നെ വെബ്‌സൈറ്റിൽ പറയുന്നുണ്ട്.

""മൃഗപരിപാലനത്തിന്റെ സാമ്പത്തിക വശങ്ങളെ കുറിച്ച് 1960 കളിൽ ദ്വീപ് നിവാസികൾക്ക് കാര്യമായ ധാരണയുണ്ടായിരുന്നില്ല. 1961-ലാണ് അഡ്മിനിസ്‌ട്രേഷൻ അഗത്തി ദ്വീപിലേക്ക് മുട്ടക്കോഴികളെ എത്തിക്കുന്നത്. പിന്നീടത് മറ്റു ദ്വീപുകളിലേക്ക് വ്യാപിപ്പിച്ചു. എഴുപതുകൾ വരെ തദ്ദേശീയ ഇനത്തിൽ പെട്ട തുച്ഛം എണ്ണം കാലികളും വളർത്തുപക്ഷികളും മാത്രമായിരുന്നു ദ്വീപിൽ ഉണ്ടായിരുന്നത്. പിന്നീട് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി പോൾട്രി ഡെമോൺസ്ട്രഷൻ, ഡയറി ഡെമോൺസ്‌ട്രേഷൻ യൂണിറ്റുകൾ വഴി കൂടുതൽ മെച്ചപ്പെട്ട ഇനങ്ങളെക്കുറിച്ചും മറ്റും ആളുകളിൽ ബോധവൽക്കരണം നടത്തി. എട്ടാമത് പഞ്ചവത്സര പദ്ധതി മുതൽ ഇവയിൽ നിന്ന് കൂടുതൽ ആദായം നേടാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. ഇതോടെ പാൽ, മുട്ട, ഇറച്ചി എന്നിവയുടെ ഉൽപാദനത്തിൽ ഗണ്യമായ വർധനവുണ്ടാക്കാൻ കഴിഞ്ഞു.''വെബ്‌സൈറ്റിൽ പറയുന്നു.

Comments