പ്രതാപശാലിയായി തിരിച്ചുവരുന്നു,
ചന്ദ്രബാബു നായിഡു എന്ന പഴയ കിംഗ് മേക്കർ

എൻ.ടി. രാമറാവു ടി.ഡി.പി രൂപീകരണത്തിന്റെ സമയത്ത് ഉയർത്തിവിട്ട തെലുങ്കരുടെ ആത്മാഭിമാനം തന്നെയാണ് ചന്ദ്രബാബു നായിഡുവിന്റെയും തുരുപ്പുചീട്ട്. ടി.ഡി.പിയെ മുൻനിർത്തി ദേശീയ രാഷ്ട്രീയത്തിൽ ‘കിംഗ് മേക്കറാ’യ സമയത്തെല്ലാം ആന്ധ്രയുടെ ‘അഭിമാനം’ സംരക്ഷിക്കാനാണ് നായിഡു നിലകൊണ്ടിട്ടുള്ളത്. ഇപ്പോൾ, മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാറിൽ, അനിവാര്യമായ ഒരു ഘടകക്ഷിയെന്ന നിലയ്ക്കും അതേ വികാരമാണ് നായിഡു ഉയർത്തിപ്പിടിക്കുന്നത്.

Election Desk

2014- ൽ നരേന്ദ്രമോദിയുമായുള്ള തർക്കത്തെ തുടർന്ന് സഖ്യം ഉപേക്ഷിച്ച ശേഷം പത്തു വർഷങ്ങൾക്കിപ്പുറം ഗംഭീര തിരിച്ചുവരവ് നടത്തിയ തെലുങ്കുദേശം പാർട്ടി നേതാവായ ചന്ദ്രബാബു നായിഡുവാണ് ഇപ്പോൾ ദേശീയ ശ്രദ്ധാകേന്ദ്രം. എൻ.ഡി.എയ്ക്ക് ഹാട്രിക് ഭരണമുറപ്പിക്കുന്നതിനും പ്രധാനമന്ത്രിയായി നരേന്ദ്ര മോദിക്ക് തുടരുന്നതിനും ടി.ഡി.പി പിന്തുണ അനിവാര്യമാകുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. 1990- ൽ അടൽ ബിഹാരി വാജ്‌പേയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട എൻ.ഡി.എ സർക്കാരിന് ഭരണത്തിലേറുന്നതിന് നിർണായകമായ ടി.ഡി.പിയുടെ പിന്തുണ എന്ന ചരിത്രം 2024- ലും ആവർത്തിക്കുകയാണ്.

ആന്ധ്രാപ്രദേശിൽ തുടർച്ചയായി നേരിടേണ്ടി വന്ന പരാജയങ്ങളിലൂടെ ടി.ഡി.പി രാഷ്ട്രീയമായി തകർന്നുപോവുമെന്ന വിലയിരുത്തലുകൾക്കിടയിൽ നിന്നാണ് ചന്ദ്രബാബു തിരിച്ചുവരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 17 സീറ്റിൽ 16-ലും വിജയിച്ച്, നിയമസഭയിൽ തനിച്ച് ഭൂരിപക്ഷം നേടി നായിഡു നടത്തിയ തിരിച്ചുവരവിന് പ്രസക്തിയേറെയാണ്.

കഴിഞ്ഞ നിയമസഭയിൽ ടി.ഡി.പിക്ക് 23 അംഗങ്ങളേ ഉണ്ടായിരുന്നുവെങ്കിൽ ഇത്തവണ 135 സീറ്റുകളാണ് നേടിയിരിക്കുന്നത്. ജൂൺ 12 ന് അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേൽക്കും. സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നയാളാണ് നായിഡു, 13 വർഷത്തിലേറെ. നാലാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. 1995 മുതൽ 2004 വരെ അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

എൻ.ഡി.എ സഖ്യകക്ഷി ചർച്ചക്കിടെ നരേന്ദ്രമോദി, ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, എക്‌നാഥ് ഷിൻഡേ എന്നിവർ
എൻ.ഡി.എ സഖ്യകക്ഷി ചർച്ചക്കിടെ നരേന്ദ്രമോദി, ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, എക്‌നാഥ് ഷിൻഡേ എന്നിവർ

തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സർവകലാശാലയിലെ പഠനകാലയളവിലാണ് ചന്ദ്രബാബു നായിഡു വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 1970- ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നതോടെ രാഷ്ട്രീയ കരിയറിന് തുടക്കമായി. 1975ലെ അടിയന്തരാവസ്ഥ കാലത്ത് സഞ്ജയ് ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്നു. 1978- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചന്ദ്രഗിരി മണ്ഡലത്തിലെ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ നായിഡുവിന് 28 വയസ്. ആന്ധ്രപ്രദേശ് ചെറുകിട വ്യവസായ വികസന കോർപ്പറേഷന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുപ്പതാം വയസ്സിൽ ടി.അഞ്ജയ്യ സർക്കാരിൽ മന്ത്രിയായി. 1980 -1983 കാലയളവിൽ, സംസ്ഥാന സർക്കാരിന്റെ ആർക്കൈവ്‌സ്, സിനിമാട്ടോഗ്രഫി, സാങ്കേതിക വിദ്യാഭ്യാസം, ജലസേചനം തുടങ്ങിയ വകുപ്പുകൾ വഹിച്ചു. അക്കാലത്താണ് സൂപ്പർ സ്റ്റാറായ എൻ.ടി. രാമറാവുവുമായി പരിചയത്തിലാകുന്നത്. മകൾ നാരാ ഭുവനേശ്വരിയെ 1981-ൽ രാമറാവു നായിഡുവിന് വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു.

1983-ൽ രാമറാവു തെലുഗുദേശം പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലെത്തി. എന്നാൽ, നായിഡു കോൺഗ്രസിൽ തുടർന്നു. ചന്ദ്രഗിരിയിൽ ടി.ഡി.പിക്കെതിരെ മത്സരിക്കുകയും ചെയ്തു. എന്നാൽ, കോൺഗ്രസിനെ നിലംപരിശാക്കി എൻ.ടി.ആർ ഒരു തരംഗമായി സംസ്ഥാനത്ത് ആഞ്ഞടിച്ചു. സിറ്റിങ് സീറ്റായ ചന്ദ്രഗിരിയിൽ നായിഡു തോറ്റു. ഇതേതുടർന്ന് നായിഡു 'ബുദ്ധിപൂർവം' ഒരു രാഷ്ട്രീയനീക്കം നടത്തി, ടി.ഡി.പിയിൽ ചേർന്നു.

1984-ൽ സംസ്ഥാന ഭരണം അട്ടിമറിക്കാനുള്ള കേന്ദ്രത്തിലെ കോൺഗ്രസ് ഭരണകൂട ശ്രമങ്ങളെ പരാജയപ്പെടുത്തിയ നീക്കങ്ങളെല്ലാം നായിഡുവിന്റെ മേലുള്ള റാവുവിന്റെ വിശ്വാസം ഊട്ടിയുറപ്പിച്ചു. പാർട്ടി ജനറൽ സെക്രട്ടറിയായ നായിഡു, 1989-ൽ കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചു. അക്കാലത്ത് നായിഡു പ്രതിപക്ഷനേതാവായി.
1994-ൽ ടി.ഡി.പി അധികാരത്തിൽ തിരിച്ചെത്തി. എൻ.ടി.ആർ സർക്കാറിൽ നായിഡു ധനകാര്യമന്ത്രിയായി.

ഭാര്യ നാര ഭുവനേശ്വരിക്കൊപ്പം ചന്ദ്രബാബു നായിഡു
ഭാര്യ നാര ഭുവനേശ്വരിക്കൊപ്പം ചന്ദ്രബാബു നായിഡു

പക്ഷേ, എൻ.ടി.ആറിന്റെ രണ്ടാം ഭാര്യ ലക്ഷ്മി പാർവതി പാർട്ടി കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടുന്നു എന്ന് ചൂണ്ടിക്കാട്ടി രാമറാവുവിനെതിരെ നായിഡു കലാപക്കൊടിയുയർത്തി. അത് ഇരുവരും തമ്മിലുള്ള ഭിന്നതയുടെ തുടക്കമായി. ഭൂരിഭാഗം എം.എൽ.എമാരും നായിഡു പക്ഷത്തായിരുന്നു. 1995-ൽ ഭാര്യാപിതാവിനെ താഴെയിറക്കി നായിഡു 45-ാം വയസിൽ മുഖ്യമന്ത്രിയുമായി. ഈ സ്വാധീനം വച്ച് ദേശീയ രാഷ്ട്രീയത്തിലേക്കും തിരിഞ്ഞു. 1996-ൽ 13 കോൺഗ്രസ് ഇതര പാർട്ടികൾ ചേർന്ന് രൂപീകരിച്ച യുനൈറ്റഡ് ഫ്രണ്ട് എന്ന പ്രതിപക്ഷ ഐക്യത്തിന്റെ കൺവീനറായി.
കോൺഗ്രസിനെ അധികാരത്തിൽനിന്ന് പുറത്തുനിർത്തി 1996-ൽ എച്ച്.ഡി. ദേവഗൗഡയെ പ്രധാനമന്ത്രിയാക്കാനും പിന്നീട് ദേവഗൗഡ സർക്കാർതകർന്നപ്പോൾ, 1997-ൽ ഐ.കെ. ഗുജ്‌റാളിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെ വാഴിക്കാനും നായിഡു നേതൃപരമായ പങ്കുവഹിച്ചു.

വിവരസാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യ വികസനത്തിലും മുൻഗണന നൽകുന്നുവെന്ന വ്യാജേന ഹൈദരാബാദിനെ മുൻനിർത്തി ടെക്നോളജിക്കൽ വിപ്ലവത്തിന്റെ പ്രതീതിയുണ്ടാക്കാൻ, മുഖ്യമന്ത്രിയെന്ന നിലയ്ക്ക് നായിഡു ശ്രമിച്ചു. ആധുനിക ഹൈദരാബാദിന്റെ ശിൽപ്പിയെന്ന വിശേഷണം സ്വയമെടുത്ത് ചാർത്തുകയും ചെയ്തു. ഈ മേൽവിലാസത്തിൽ, 1999-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തെലുങ്കുദേശം പാർട്ടി അധികാരം നിലനിർത്തി. നിയമസഭയിൽ 294 ൽ 180 സീറ്റും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 42-ൽ 29 സീറ്റുമാണ് ടി.ഡി.പി നേടിയത്. ലോക്‌സഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് സർക്കാറുണ്ടാക്കുന്നതിൽ, രണ്ടാമത്തെ വലിയ കക്ഷിയായ ടി.ഡി.പി പിന്തുണ നൽകി. 1999- 2004 കാലത്ത് എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ആദ്യ ബി ജെ പി സർക്കാർ രൂപീകരിക്കുന്നതിൽ ടി ഡി പിയുടെ 29 എം.പിമാർ നിർണായക പങ്കു വഹിച്ചു. വാജ്പേയി അന്ന് കേന്ദ്ര മന്ത്രിസഭയിൽ എട്ട് സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തിട്ടും സർക്കാരിനെ പുറത്തുനിന്നു പിന്തുണക്കുകയായിരുന്നു.

ബി ജെ പി സഖ്യകക്ഷികളിൽ ഏറ്റവും വലിയ പാർട്ടിയും ടി.ഡി.പിയായിരുന്നു. എൻ.ഡി.എയ്ക്ക് നൽകിയ പിന്തുണയിലൂടെ ദേശീയതലത്തിൽ തന്നെ ‘കിംഗ് മേക്കർ’ എന്ന നിലയിൽ നായിഡുവിന്റെ ഖ്യാതി വർധിച്ചു.

2003-ലുണ്ടായ വധശ്രമം നായിഡുവിന്റെ രാഷ്ട്രീയജീവിതത്തെ മാറ്റിമറിച്ചു. തിരുപ്പതിയിലെ അലിപ്പിരി ടോൾ ഗേറ്റിൽ വച്ച് നക്‌സൽ സംഘമായ പീപ്പിൾസ് വാർ ഗ്രൂപ്പ് വച്ച കുഴിബോംബ് പൊട്ടി നായിഡു തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ വഴിയിൽ 17 കുഴിബോംബുകളാണ് പാകിയിരുന്നത്. വധശ്രമത്തിനുപുറകേ നായിഡു സർക്കാർ പിരിച്ചുവിട്ട് 2004-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്തി. പ്രതീക്ഷിച്ച സഹതാപതരംഗം ഉണ്ടായില്ല, നിയമസഭയിലും ലോക്‌സഭയിലും ടി.ഡി.പി തോറ്റു. വെറും അഞ്ച് എം.പിമാരെയാണ് ജയിപ്പിക്കാൻ കഴിഞ്ഞത്.

വൈ എസ് ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട വൈ.എസ്. രാജശേഖര റെഡ്ഢിയിലൂടെ 2004-ൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. ജനപ്രിയ നടപടികളിലൂടെ രാജശേഖര റെഡ്ഢി വീണ്ടും മുഖ്യമന്ത്രിയായെങ്കിലും 2009 സെപ്തംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം മരിച്ചു. 2009-ലെ തെരഞ്ഞെടുപ്പിലും ടി.ഡി.പിക്ക് തോൽവിയായിരുന്നു. 156 സീറ്റുമായി കോൺഗ്രസ് അധികാരത്തിൽ.

2014-ൽ ആന്ധ്രപ്രദേശ് വിഭജനം. തൊട്ടുപുറകേ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, ജനസേന പാർട്ടി എന്നിവക്കൊപ്പം മത്സരിച്ച ടി.ഡി.പിക്ക് ഭരണം ലഭിച്ചു, നായിഡു മൂന്നാം തവണയും മുഖ്യമന്ത്രിയായി. ലോക്‌സഭയിൽ 16 സീറ്റുമായി ആദ്യ മോദി മന്ത്രിസഭയിൽ അംഗവുമായി. തവണയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി. പുതുതായി രൂപീകരിക്കപ്പെട്ട ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയെന്ന റെക്കോർഡും നായിഡുവിനാണ്.

പുതിയ സംസ്ഥാനത്ത് നിരവധി വെല്ലുവിളികളാണ് മുഖ്യമന്ത്രി നേരിട്ടത്. പുതുതായി ജനിച്ച ആന്ധ്രാപ്രദേശ് ഒരു തലസ്ഥാന നഗരമില്ലാതെ അവശേഷിക്കുകയും പ്രധാന സാമ്പത്തിക കേന്ദ്രം നഷ്ടപ്പെടുകയും ചെയ്തു. വിജയവാഡയ്ക്ക് സമീപം കൃഷ്ണ നദിയുടെ തെക്ക് ഭാഗത്ത് അമരാവതിയെ പുതിയ തലസ്ഥാന നഗരമായി നിർമ്മിക്കുന്നതിനുളള പരിപാടികൾക്ക് നായിഡു തുടക്കമിട്ടു. എന്നാൽ, സംസ്ഥാനത്തിന്റെ ഐഡന്റിറ്റി തന്നെ നഷ്ടമാക്കിയുള്ള വിഭജനം നായിഡുവിന് വൻ തിരിച്ചടിയായി. അദ്ദേഹത്തിന്റെ ആവശ്യങ്ങളോട് കേന്ദ്ര ഭരണകൂടം മുഖം തിരിക്കുകയും ചെയ്തു. 2014 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മൻ മോഹൻ സിങ് ആന്ധ്രാ പ്രദേശിന് അഞ്ചു വർഷത്തേക്ക് പ്രത്യേക പദവി നൽകുമെന്ന് പറഞ്ഞിരുന്നു. ബി ജെ പി അധികാരത്തിലെത്തിയാൽ അത് പത്തുവർഷമായി നീട്ടുകൊടുക്കുമെന്നാണ് വെങ്കയ്യ നായിഡു പിന്നീട് പറഞ്ഞിരുന്നത്. നരേന്ദ്ര മോദിയും ഇതേ വാഗ്ദാനം നൽകിയിരുന്നു.
ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നൽകാത്തതിൽ പ്രതിഷേധിച്ച് നായിഡു 2018-ൽ രണ്ട് കേന്ദ്ര മന്ത്രിമാരെ മോദി സർക്കാറിൽനിന്ന് പിൻവലിച്ചു. പിന്നീട് കോൺഗ്രസിനൊപ്പമായി. എന്നാൽ, ടി.ഡി.പി- കോൺഗ്രസ്- സി.പി.എം സഖ്യത്തെ കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ടി.ആർ.എസ് പരാജയപ്പെടുത്തി.

2019-ൽ നായിഡു ഒറ്റക്കാണ് മത്സരിച്ചത്. നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ, ഭരണകക്ഷിയായ ടി ഡി പിയെ വൈ.എസ്.ആർ കോൺഗ്രസ് പരാജയപ്പെടുത്തി. നിയമസഭയിലെ 175-ൽ പാർട്ടി 151 സീറ്റ് നേടിയപ്പോൾ ടി ഡി പി 23 സീറ്റിലൊതുങ്ങി. ലോക്‌സഭയിൽ ടി ഡി പിക്ക് വെറും മൂന്ന് സീറ്റുകളാണ് നേടാനായത്. ബാക്കി 22 സീറ്റ് വൈ.എസ്.ആർ കോൺഗ്രസ് നേടി.

2023 സെപ്തംബർ 9 ന്, 371 കോടി രൂപയുടെ പൊതുഫണ്ട് ദുരുപയോഗം ചെയ്തതിന് ആന്ധ്രാപ്രദേശ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നായിഡുവിനെ അറസ്റ്റ് ചെയ്തു. 2023 സെപ്റ്റംബർ 10-ന് കോടതി അദ്ദേഹത്തെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ ആന്ധ്രാപ്രദേശിലും അയൽ സംസ്ഥാനങ്ങളിലെ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും റാലികളും യോഗങ്ങളും സംഘടിപ്പിച്ച് അദ്ദേഹത്തിന്റെ അനുയായികൾ പ്രതിഷേധിച്ചിരുന്നു. 52 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം, 2023 ഒക്ടോബർ 31-ന് നായിഡു ജാമ്യത്തിൽ പുറത്തിറങ്ങി. ഇത് 2024-ലെ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനും ടി.ഡി.പി, ബി.ജെ.പി, ജനസേന എന്നിവയുമായി എൻ.ഡി.എ സഖ്യത്തിൽ വീണ്ടും ചേരാനും കാരണമായി.

നായിഡുവിനെതിരെ ചുമത്തിയ കേസുകളിൽ അദ്ദേഹം തെറ്റുകാരനല്ലെന്ന് തെളിയിക്കപ്പെട്ടത് വൈഎസ്ആർസിപിക്ക് തിരിച്ചടിയായി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായ ബി.ജെ.പിയുടെയും പവൻ കല്യാണിന്റെ ജനസേന പാർട്ടിയുടെയും പിന്തുണയോടെ നായിഡുവിന്റെ തെലുങ്കുദേശം ആന്ധ്രാപ്രദേശിൽ വലിയ മുന്നേറ്റമാണ് നേടിയത്. കുപ്പത്ത് നിന്നും 48,006 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ചന്ദ്രബാബു നായിഡു ജയിച്ചു. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെതിരെ സംസ്ഥാനത്ത് ഉടലെടുത്ത ജനരോഷം ആന്ധ്രാപ്രദേശിലെ മിക്ക ടി ഡി പി സ്ഥാനാർഥികൾക്കും വോട്ടുകൾ ലഭിക്കാനിടയാക്കി. ഇന്ന് കേന്ദ്രസർക്കാർ രൂപീകരണത്തെ സ്വാധീനീക്കുന്ന തരത്തിൽ നിർണ്ണായക ശക്തിയായി മാറിയിരിക്കുകയാണ് നായിഡുവും ടി.ഡി.പിയും.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായ ബി.ജെ.പിയുടെയും പവൻ കല്യാണിന്റെ ജനസേന പാർട്ടിയുടെയും പിന്തുണയോടെ നായിഡുവിന്റെ തെലുങ്കുദേശം ആന്ധ്രാപ്രദേശിൽ വലിയ മുന്നേറ്റമാണ് നേടിയത്
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായ ബി.ജെ.പിയുടെയും പവൻ കല്യാണിന്റെ ജനസേന പാർട്ടിയുടെയും പിന്തുണയോടെ നായിഡുവിന്റെ തെലുങ്കുദേശം ആന്ധ്രാപ്രദേശിൽ വലിയ മുന്നേറ്റമാണ് നേടിയത്

എൻ.ടി. രാമറാവു ടി.ഡി.പി രൂപീകരണത്തിന്റെ സമയത്ത് ഉയർത്തിവിട്ട തെലുഗു വികാരം തന്നെയാണ് ചന്ദ്രബാബു നായിഡുവിന്റെയും തുരുപ്പുചീട്ട്. ടി.ഡി.പിയെ മുൻനിർത്തി ദേശീയ രാഷ്ട്രീയത്തിൽ ‘കിംഗ് മേക്കറാ’യ സമയത്തെല്ലാം ​‘തെലുങ്കരുടെ ആത്മാഭിമാനം’ സംരക്ഷിക്കാനാണ് നായിഡു നിലകൊണ്ടിട്ടുള്ളത്. ഇപ്പോൾ, മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാറിൽ, അനിവാര്യമായ ഘടകക്ഷിയെന്ന നിലയ്ക്കും അതേ വികാരമാണ് നായിഡു ഉയർത്തിപ്പിടിക്കുന്നത്. ആന്ധ്ര ​പ്രദേശിന് പ്രത്യേക സംസ്ഥാന പദവി, കേന്ദ്ര സർക്കാറിൽ മന്ത്രിമാർ, എൻ.ഡി.എയുടെ കൺവീനർ സ്ഥാനം തുടങ്ങിയ ആവശ്യങ്ങൾ നായിഡു മുന്നോട്ടുവക്കുന്നു. ഒപ്പം, സ്വന്തം സംസ്ഥാനത്തിനുവേണ്ടി, കേന്ദ്രത്തിൽനിന്ന് പല ആനുകൂല്യങ്ങളും നേടിയെടുക്കുക എന്നതും, ഈ ‘കിംഗ് മേക്കറു’ടെ ബുദ്ധിയിലുണ്ടാകും.

Comments