ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം നരേന്ദ്രമോദിയുടെ ധാര്‍മിക പരാജയമാണെന്നും ജനവിധി മോദിക്കെതിരാണെന്നും ബി.ജെ.പിക്ക് ഭൂരിപക്ഷം നഷ്ടമായെന്നും രാഹുല്‍ ഗാന്ധി. നാളെ 'ഇന്ത്യ' സഖ്യം യോഗം ചേര്‍ന്ന് അടുത്ത നീക്കം തീരുമാനിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ സഖ്യകക്ഷികളെ ബഹുമാനിക്കുന്നതായും അവരോട് ചോദിക്കാതെ ഭാവി പരിപാടികൾ തീരുമാനിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
വയനാട്ടിലും റായ്ബറേലിയിലും ജയിച്ച സ്ഥിതിക്ക് ഏത് മണ്ഡലമാണ് നിലനിര്‍ത്തുക എന്നു ചോദിച്ചപ്പോള്‍, ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അതാതു മണ്ഡലങ്ങളിലെ ജനങ്ങളുമായി സംസാരിച്ച് തീരുമാനിക്കുമെന്നുമായിരുന്നു മറുപടി.
‘‘പൗരരുടെയും ജനാധിപത്യത്തിന്റെയും വിജയമാണ്. ഞങ്ങള്‍ ഇത്തവണ മത്സരിച്ചത് ഭരണഘടനയെ സംരക്ഷിക്കാനാണ്. ഞാന്‍ ഇന്ത്യയെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. ഈ രാജ്യത്തെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ ഭരണഘടന സംരക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തി''- രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പിക്കെതിരെ മാത്രമല്ല, അവരുടെ സകല ഭരണസംവിധാനങ്ങള്‍ക്കും എതിരെ കൂടിയായിരുന്നു ഈ മത്സരമെന്ന് രാഹുല്‍ പറഞ്ഞു. അവര്‍ പിടിച്ചെടുത്ത ഇന്റലിജന്‍സ് ഏജന്‍സികള്‍, സി.ബി.ഐ, ഇ.ഡി, ജുഷീഷ്യറി എന്നിവയെയെല്ലാം സംരക്ഷിക്കുക എന്നതും ഞങ്ങളുടെ ലക്ഷ്യമായിരുന്നു. കാരണം, ഈ സംവിധാനങ്ങളെയെല്ലാം അമിത് ഷാ- നരേന്ദ്രമോദി സഖ്യം പിടിച്ചെടുത്തിരിക്കുകയായിരുന്നു. ഈ രാജ്യം ഭരിക്കാന്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് ജനം നടത്തിയിരിക്കുന്നത്. അവര്‍ രാജ്യം ഭരിച്ച രീതിയോടുള്ള അതൃപ്തി ജനം പ്രകടമാക്കിക്കഴിഞ്ഞു. യു.പിയിലെ ജനം രാജ്യത്തിന്റെ രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കിയതായി രാഹുല്‍മറഞ്ഞു.
എന്‍.ഡി.എ സഖ്യത്തിന് പ്രതികൂലമായി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരാന്‍ തുടങ്ങിയപ്പോള്‍ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ ഇടിവുണ്ടായെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ബി ജെ പിക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ടുകള്‍വന്നതിനെ തുടര്‍ന്ന് സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ കുതിപ്പ് ഉണ്ടായിരുന്നു.
ജനവിധി വിനയപൂര്‍വം അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറഞ്ഞു. ‘‘ജനങ്ങളും മോദിയും തമ്മിലുള്ള മത്സരമായിരുന്നു ഇത്, അതില്‍ ജനം വിജയിച്ചു. ജനാധിപത്യത്തിന്റെ വിജയമാണ്. ഇത്തവണ ജനങ്ങള്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നല്‍കിയിട്ടില്ല, ഭരണകക്ഷിയായ ബി.ജെ.പിക്കടക്കം. അതുകൊണ്ടുതന്നെ ഈ ജനവിധി മോദിക്ക് എതിരാണ് എന്ന് വ്യക്തമാണ്. ഇത് അവരെ സംബന്ധിച്ച് ധാര്‍മികവും രാഷ്ട്രീയവുമായ തോല്‍വിയാണ്’’- ഖാര്‍ഗേ പറഞ്ഞു.
തുടക്കം മുതല്‍ കോണ്‍ഗ്രസ് കാമ്പയിന്‍ നടത്തിയത് ജനകീയ വിഷയങ്ങളിലൂന്നിയാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളാണ് ഞങ്ങള്‍ ഉന്നയിച്ചത്. ഈ വിഷയങ്ങളില്‍ വലിയ വിഭാഗം ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. എന്നാല്‍, പ്രധാനമന്ത്രി നടത്തിയ കാമ്പയിന്‍ ചരിത്രത്തില്‍ ഏറെ കാലം ഓര്‍മിക്കപ്പെടും. മോദി പറഞ്ഞ നുണകളും കോണ്‍ഗ്രസ് പ്രകടനപത്രികയും ജനം നന്നായി മനസ്സിലാക്കി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും പ്രവര്‍ത്തകര്‍ക്കുള്ള വലിയ ഊര്‍ജമായി മാറി’- ഖാർഗേ പറഞ്ഞു.