കോൺഗ്രസിനെ ആക്രമിച്ച് ‘ഡൽഹിക്കു വേണ്ടി’
മമത ചോദിക്കുന്ന വോട്ടും ചില ആശയക്കുഴപ്പങ്ങളും

'ഇന്ത്യ' മുന്നണി അധികാരത്തിലെത്തുകയാണെങ്കില്‍ പുറത്തുനിന്ന് പിന്തുണ നല്‍കുമെന്ന് മമത പ്രഖ്യാപിച്ചിരുന്നു. പുറത്തുനിന്നുള്ള പിന്തുണയെ ഒരു വിലപേശല്‍ ശേഷിയായി മാറ്റാന്‍, തൃണമൂല്‍ കോണ്‍ഗ്രസിന് പരമാവധി സീറ്റ് സമഹാരിക്കുകയെന്ന ലക്ഷ്യമാണ് ബംഗാളില്‍ മമതയ്ക്കുള്ളത്. ഇതിനായി, സി.പി.എം- കോണ്‍ഗ്രസ് സഖ്യത്തെയും ബി.ജെ.പിയെയും നേരിട്ടുതന്നെ അവര്‍ ആക്രമിക്കുന്നു, ബംഗാളി ജനതയുടെ ഏക പ്രാതിനിധ്യം തൃണമൂലിനാണെന്ന പ്രതീതിയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

Election Desk

ശ്ചിമ ബംഗാളാണ് ഇത്തവണ ലോക്‌സഭാ ഇലക്ഷനിലെ ‘ഹോട്ട് സ്‌പോട്ട്’ എന്നു പറയാം. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും ഇടതുപക്ഷ- കോൺഗ്രസ് സഖ്യവും തമ്മിലുള്ള അതിശക്തമായ ത്രികോണ കാമ്പയിനാണ് സംസ്ഥാനത്തെ സവിശേഷത. അതേസമയം, മത്സരം ഫലത്തിൽ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണുതാനും.

മുഖ്യമന്ത്രി മമത ബാനര്‍ജിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായിരുന്നു ബംഗാളിലെ താരപ്രചാരകര്‍. രാജ്യത്തിന്റെ മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി വോട്ടിംഗ് ശതമാനത്തിലെ വര്‍ധന ഈ തീവ്ര കാമ്പയിന്റെ ഫലം കൂടിയാണ് എന്നു പറയാം. അഞ്ചാം ഘട്ടത്തില്‍ 78.5 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ തവണത്തേക്കാള്‍ (80.1) കുറവാണെങ്കിലും ഇത്തവണ ദേശീയ ശതമാനവുമായി താരമത്യപ്പെടുത്തിയാല്‍ ബംഗാള്‍ ഏറെ മുന്നിലാണ്.

ഇലക്ഷനുശേഷം മമതാ ബാനർജി സ്വീകരിക്കാൻ പോകുന്ന നിലപാടാണ് ബംഗാളിനെ സംബന്ധിച്ച പ്രധാന ചോദ്യം. 'ഇന്ത്യ' മുന്നണി അധികാരത്തിലെത്തുകയാണെങ്കില്‍ പുറത്തുനിന്ന് പിന്തുണ നല്‍കുമെന്ന് മമത, ‘ഒരുവിധ സംശയത്തിനും ഇടയില്ലാത്തവിധം’ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അതിന് ഒട്ടും വില നൽകുന്നില്ല, കോൺഗ്രസ് സംസ്ഥാന ഘടകം.

പുറത്തുനിന്നുള്ള പിന്തുണയെ വിലപേശല്‍ ശേഷിയായി മാറ്റാന്‍, തൃണമൂല്‍ കോണ്‍ഗ്രസിന് പരമാവധി സീറ്റ് സമഹാരിക്കുകയെന്ന ലക്ഷ്യമാണ് മമതയ്ക്കുള്ളത്.
എന്നാൽ, കൂടുതൽ എം.പിമാരുള്ള പാർട്ടിയായി മാറുന്നതിലൂടെ ആരെ വേണമെങ്കിലും ‘പുറത്തുനിന്ന്’ പിന്തുണയ്ക്കാനുള്ള സമ്മർദശക്തി തൃണമൂലിനുണ്ടാകും, അത് ‘ഇന്ത്യ’ മുന്നണിക്കുതന്നെയായിരിക്കണമെന്നില്ല എന്നാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി നൽകുന്ന സൂചന. അതായത്, ‘ഇന്ത്യ’ മുന്നണിയോ ബി.ജെ.പിയോ ആര് അധികാരത്തിൽ വന്നാലും, ‘പുറത്തുനിന്ന്’ പിന്തുണക്കാനുള്ള അംഗബലം എന്ന ഏക ലക്ഷ്യമാണ് മമതക്കുള്ളത് എന്നാണ് സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ ആരോപണം.

കേന്ദ്ര സര്‍ക്കാറിന്റെ ഇ.ഡി, സി.ബി.ഐ അന്വേഷണ ഭീഷണികളെ ഭയന്നാണ് സംസ്ഥാനത്ത് 'ഇന്ത്യ' മുന്നണിയില്‍നിന്ന് മമത വിട്ടുനില്‍ക്കുന്നതെന്നും അത്, താന്‍ ബി.ജെ.പിക്കെതിരെ ഒരു പോരാട്ടത്തിനില്ല' എന്ന നരേന്ദ്രമോദിക്കുള്ള അനുകൂല സന്ദേശമാണെന്നുമാണ് അധീര്‍ രഞ്ജന്‍ ചൗധരി പറയുന്നത്.

മമതയുടെ ബന്ധുക്കളും പാര്‍ട്ടി നേതാക്കളുമടക്കം നിരവധി പേര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റഡാറിലാണുള്ളത്. അഴിമതി ആരോപണം നേരിടുന്ന ശുഭേന്ദു അധികാരിയെപ്പോലുള്ള നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുകയും ചെയ്തു.

ദേശീയ രാഷ്ട്രീയത്തില്‍ മമത, അതാതു രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് തരാതരം സഖ്യങ്ങളുണ്ടാക്കുന്നതില്‍ മുന്നിട്ടുനിന്നിരുന്ന കാലമുണ്ടായിരുന്നു. 1998-ല്‍, 13 ദിവസത്തെ മാത്രം ആയുസ്സുണ്ടായിരുന്ന എ.ബി. വാജ്‌പേയി സര്‍ക്കാറിന് മമത പുറത്തുനിന്ന് പിന്തുണ നല്‍കി. 1999- 2004 കാലത്ത് രണ്ടാം വാജ്‌പേയ് സര്‍ക്കാറില്‍ ടി.എം.സിക്ക് പങ്കാളിത്തവുമുണ്ടായിരുന്നു, മമത റെയില്‍വേ വകുപ്പുമന്ത്രിയായി. 2009-ലെ രണ്ടാം യു.പി.എ സര്‍ക്കാറിലും മമതയുടെ പാർട്ടി ഇടം പിടിക്കുകയും നിരന്തരം യഥാർഥ സമ്മർദപാർട്ടിയായി തുടരുകയും ചെയ്തു.

മമതയുടെ ഈയൊരു ഭൂതകാലം ഓര്‍മിപ്പിച്ചാണ് അധീര്‍ രഞ്ജന്‍ ചൗധരി മമതക്ക് മറുപടി നൽകിയത്: ‘‘എനിക്ക് മമതയെ വിശ്വാസമില്ല. അവരാണ് ബംഗാളില്‍ 'ഇന്ത്യ' സഖ്യത്തില്‍നിന്ന് ഒളിച്ചോടിയത്. കേന്ദ്രത്തില്‍ ബി.ജെ.പിക്ക് എന്തെങ്കിലും സാധ്യതയുണ്ടായാല്‍ അവര്‍ അവര്‍ക്കൊപ്പവും പോകും’’.

കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി
കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

ബംഗാളി ജനതയുടെ ഏക പ്രാതിനിധ്യം തൃണമൂലിനാണെന്ന പ്രതീതിയുണ്ടാക്കാനാണ് മമതയുടെ ശ്രമം: ‘‘ഇത് ദല്‍ഹിക്കുവേണ്ടിയുള്ള വോട്ടാണ്. നിങ്ങളുടെ വോട്ടു കൊണ്ട് ബംഗാളിലെ മുഴുവന്‍ സീറ്റിലും പാര്‍ട്ടി ജയിച്ചാല്‍, 'ഇന്ത്യ' മുന്നണി രൂപീകരിക്കുന്ന സര്‍ക്കാറിന് അത് സഹായകമാകും’’, അവര്‍ കാമ്പയിനുകളില്‍ പറയുന്നത് ഇതാണ്.
ബി.ജെ.പിയെയും സി.പി.എം- കോൺഗ്രസ് സഖ്യത്തെയും ഒരേ നുകത്തിൽ കെട്ടിയുള്ള മമതയുടെ ആക്രമണം, ഈയൊരു തന്ത്രത്തിന്റെ കൂടി ഫലമാണ്. സംസ്ഥാനത്ത് ഇടതും കോൺഗ്രസും എന്ന ഒന്നില്ല, അവർ ബി.ജെ.പിക്ക് ഒപ്പമാണ്, ഞങ്ങളാണ് ഇവിടെ യഥാർഥ ‘ഇന്ത്യ’ മുന്നണി, അതുകൊണ്ടാണ് ഞാൻ ഡൽഹിക്കുവേണ്ടി വോട്ടു ചോദിക്കുന്നത് എന്ന് മമത പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇടതു- കോൺഗ്രസ് സഖ്യത്തിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുന്നതാണ് മമതയുടെ ഈയൊരു നിലപാട്. തൃണമൂലിന്റെ വോട്ടുബാങ്കായ മുസ്‌ലിം സമുദായത്തില്‍ തന്നെയാണ് ഇടതുപാര്‍ട്ടികളുടെയും കണ്ണ് എന്നതുകൂടി പരിഗണിച്ചാൽ, സി.പി.എം- കോണ്‍ഗ്രസ് സഖ്യത്തിന്റെ ജയസാധ്യത ഏറെ പരിമിതപ്പെടുകയാണ്. ചില സീറ്റുകളില്‍ ഫലത്തെ സ്വാധീനിക്കാനാകുമെന്ന അവസ്ഥയുണ്ടെന്നുമാത്രം.

മുർഷിദാബാദില്‍ ജനവിധി തേടുന്നു സിപിഎം സ്ഥാനാർത്ഥി മുഹമ്മദ് സലീം
മുർഷിദാബാദില്‍ ജനവിധി തേടുന്നു സിപിഎം സ്ഥാനാർത്ഥി മുഹമ്മദ് സലീം

മമതക്കെതിരെ കടുത്ത ആക്രമണം നടത്തുന്നതില്‍നിന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ വിലക്കിയത്, പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കാരണം, മമതയെ മുഖ്യ ശത്രുവാക്കി നടത്തുന്ന കാമ്പയിനാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ പിടിവള്ളി. ഒരുപക്ഷെ, ഇടതു- കോൺഗ്രസ് സഖ്യത്തിന്റെ നിലനിൽപുപോലും മമത എന്ന പൊതുശത്രുവിനെ അടിസ്ഥാനമാക്കിയാണ്. ഈയാരു സംസ്ഥാന യാഥാർഥ്യത്തെ പാടേ നിഷേധിക്കുകയാണ് ദേശീയ നേതൃത്വം എന്ന പരാതിയാണ് അധീർ രഞ്ജൻ ചൗധരിക്കുള്ളത്. മമതയുടെ പുറത്തുനിന്നുള്ള പിന്തുണയെ അദ്ദേഹം പരിഹസിച്ചത് അതുകൊണ്ടുകൂടിയാണ്. ഖാര്‍ഗേയുടെ വിലക്ക് വന്നയുടന്‍, അധീര്‍ രഞ്ജന്‍ അതൃപ്തി പ്രകടമാക്കി: ''എന്നെയും എന്റെ പാര്‍ട്ടിയെയും രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കെതിരെ എനിക്ക് സംസാരിക്കാനാകുന്നില്ല''.
മമതക്കെതിരായ തന്റെ പോരാട്ടം സംസ്ഥാനത്തെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റേതുമാണ് എന്നുകൂടി ദേശീയ നേതൃത്വത്തിനുള്ള മുന്നറിയിപ്പിന്റെ സ്വരത്തിൽ അധീര്‍ രഞ്ജന്‍ പറഞ്ഞുവക്കുന്നു.

മമതക്കെതിരെ ​കോൺ​ഗ്രസ് സംസ്ഥാന ഘടകം നടത്തുന്ന ആക്രമണത്തിനെതിരായ ദേശീയ നേതൃത്വത്തിന്റെ ശക്തമായ നിലപാടും മമതയോടുള്ള മൃദു സമീപനവും ഫലത്തിൽ സി.പി.എം- കോൺഗ്രസ് സഖ്യത്തിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചേക്കാം. ഇത്, ‘ഡൽഹിക്കാണ് വോട്ട്’ എന്ന മമതയുടെ കാമ്പയിന് ബലമേകുകയും ചെയ്യുന്നു. ഇത് തൃണമൂലും​ ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ എന്ന പ്രതീതിയുണ്ടാക്കുകയും ചെയ്യുന്നു. ഇടതു- കോൺഗ്രസ് സഖ്യം കൂടിയുൾപ്പെട്ട ത്രികോണമത്സരമായിരുന്നുവെങ്കിൽ, ബി.ജെ.പി വോട്ടുകൾ ഭിന്നിച്ചുപോകുന്ന അവസ്ഥയുണ്ടാകുമായിരുന്നു. എന്നാൽ, തൃണമൂലും ബി.ജെ.പിയും തമ്മിൽ​ നേരിട്ടുള്ള മത്സരത്തിൽ ബി.ജെ.പി കൂടുതൽ നേട്ടമുണ്ടാക്കിയേക്കാം എന്ന ആശങ്ക പല രാഷ്ട്രീയനിരീക്ഷകരും പങ്കുവക്കുന്നുണ്ട്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും

ബി.ജെ.പിയാകട്ടെ, ഈ സാഹചര്യം മുതലെടുത്ത് മോദിയും മമതയും തമ്മിലുള്ള യുദ്ധമാക്കി മാറ്റിയിരിക്കുകയാണ്. ഹിന്ദുത്വ രാഷ്ട്രീയം തന്നെയാണ് മോദിയുടെയും ബി.ജെ.പിയുടെയും തുരുപ്പുചീട്ട്. അസന്‍സോള്‍ മണ്ഡലത്തില്‍ നടന്ന അമിത് ഷായുടെ റോഡ് ഷോയില്‍ 'നിങ്ങള്‍ക്ക് ഹിന്ദു രാഷ്ട്രം വേണമെങ്കില്‍ മോദിക്ക് വോട്ടു ചെയ്യണം' എന്ന മുദ്രാവാക്യമാണുയര്‍ന്നത്.

കഴിഞ്ഞ മാസം രാമനവമി ഘോഷയാത്രക്കിടെ മുര്‍ഷിദാബാദിലെ ബെല്‍ഡംഗയില്‍ നടന്ന അതിക്രമങ്ങളുടെ പേരില്‍ ഭാരത് സേവാശ്രം സംഘിലെ പ്രമുഖ സന്യാസിയായ കാര്‍ത്തിക മഹാരാജിനെതിരായ മമതയുടെ വിമര്‍ശനം ബി.ജെ.പി വിവാദമാക്കിയിരിക്കുകയാണ്. ഈ സന്യാസിക്ക് ആദ്യം കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുമായും ഇപ്പോള്‍ ബി.ജെ.പിയുമായും ബന്ധമുണ്ടെന്നും മമത പറയുന്നു. രാഷ്ട്രീയത്തില്‍ ഇടപെടുന്ന 'സാധു'ക്കളെ താന്‍ 'സാധു'ക്കളായല്ല കാണുന്നത് എന്നും രാമകൃഷ്ണ മിഷന്‍, ഭാരത് സേവാശ്രം സംഘ്, ഇസ്‌കോണ്‍ എന്നീ സംഘടനകളെ ചൂണ്ടി മമത പറയുന്നു.
മുസ്‌ലിം യാഥാസ്ഥിതികരുടെ സമ്മര്‍ദത്തിനടിമപ്പെട്ട് മമത വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. ഹിന്ദു സന്യാസിമാരെ മമത ഭീഷണിപ്പെടുത്തിയെന്നും മോദി ആരോപിച്ചു.
മമതയുടെ ആരോപണങ്ങള്‍ക്കെതിരെ കാര്‍ത്തിക് മഹാരാജ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

തൃണമൂല്‍ സംസ്ഥാനത്തെ ഹിന്ദുക്കളെ രണ്ടാം തരം പൗരരാക്കുന്നു എന്ന വംശീയ ആരോപണമാണ് ബി.ജെ.പി ഉയർത്തുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമം, പൗരത്വനിയമം, സംസ്ഥാന സര്‍ക്കാറിന്റെ അഴിമതി എന്നിവയും ബി.ജെ.പി കാമ്പയിനാക്കുന്നുണ്ട്.

പ്രധാനമന്ത്രി  നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി

സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 27 ശതമാനം വരുന്ന മുസ്‌ലികളെ സംബന്ധിച്ച് പൗരത്വ നിയമം പ്രധാന വിഷയമാണ്. 1947ലും 1971-ലും ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ ദലിത് നാമശൂദ്ര വിഭാഗത്തില്‍ പെട്ട മത്‌വ സമുദായമാണ് ഇതില്‍ പ്രധാനം. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബാന്‍ഗോണ്‍ മണ്ഡലത്തില്‍ ഈ സമുദായത്തിന് സ്വാധീനമുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പിയാണ് ഇവിടെ ജയിച്ചത്. പൗരത്വ നിയമത്തെ അഞ്ചു കോടിയോളം വരുന്ന ഈ സമുദായം പ്രതീക്ഷയോടെയാണ് നോക്കിയിരുന്നത്. എന്നാല്‍, നിയമ നടപടികളിലെ നൂലാമാലകളെക്കുറിച്ച് ഇവര്‍ക്കിടയില്‍ വ്യാപക ആശയക്കുഴപ്പമുണ്ട്. ഇലക്ഷന്‍ വിജ്ഞാപനത്തിനുതൊട്ടുമുമ്പ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സി.എ.എ വിജ്ഞാപനപ്രകാരം ചുരുക്കം പേര്‍ മാത്രമാണ് പൗരത്വത്തിന് അപേക്ഷിച്ചിട്ടുള്ളൂ. അപേക്ഷിച്ചവര്‍ തന്നെ നിയമനടപടികളാൽ വലയുകയുമാണ്. തങ്ങളുടെ യഥാര്‍ഥ ബംഗ്ലാദേശി ഐഡന്റിറ്റി തെളിയിച്ചാലേ അപേക്ഷയില്‍ തുടര്‍നടപടിയെടുക്കുന്നുള്ളൂ. ഇത് ഭൂരിപക്ഷം പേര്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഡിസംബര്‍ 2014-നുശേഷം കുടിയേറിയവര്‍ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്നത് മറ്റൊരു പ്രശ്‌നമാണ്. മാത്രമല്ല, പത്തു വര്‍ഷം അധികാരത്തിലിരുന്നിട്ടും, ഇലക്ഷന് തൊട്ടുമുമ്പ് നിയമം കൊണ്ടുവന്നതിലും അതിലെ വ്യവസ്ഥകളിലും ഇവര്‍ക്ക് സംശയങ്ങളുണ്ട്. അതുകൊണ്ടുതന്നെ, സി.എ.എയിലൂടെ ബംഗാളില്‍ ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാകാത്ത അവസ്ഥയാണ്.

സി.എ.എയുടെ കാര്യത്തില്‍ മമതയും നിലപാട് മാറ്റിയിട്ടുണ്ട്. തങ്ങള്‍ എന്‍.ആര്‍.സി അനുവദിക്കില്ലെന്നും സി.എ.എ സ്വീകരിക്കില്ലെന്നുമാണ് മമത ഇപ്പോള്‍ പറയുന്നത്. നിരുപാധികമായി പൗരത്വം നല്‍കുന്നതിനോട് എതിര്‍പ്പില്ലെന്നും അവര്‍ പറയുന്നു.

നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇടം നല്‍കുന്ന മമത സര്‍ക്കാര്‍ മത്‌വ സമുദായക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമത്തെ എതിര്‍ക്കുകയാണ് എന്നാണ് അമിത് ഷാ പറയുന്നത്. അതേസമയം, എല്ലാ അഭയാര്‍ഥികള്‍ക്കും പൗരത്വം നല്‍കുമെന്നും അമിത് ഷാ ഉറപ്പുനല്‍കുന്നു. മുസ്‌ലിം അഭയാര്‍ഥികളെ 'നുഴഞ്ഞുകയറ്റക്കാര്‍' എന്ന് ആക്ഷേപിച്ചും ഹിന്ദുക്കളെ 'അഭയാര്‍ഥികള്‍' എന്ന് സ്വീകരിച്ചും അമിത് ഷാ നടത്തിയ പരാമര്‍ശം മുസ്‌ലിംകള്‍ക്കിടയില്‍ കടുത്ത ആശയങ്കയുണ്ടാക്കിരുന്നു. ഇത്, മുസ്‌ലിം സ്വാധീന മണ്ഡലങ്ങളില്‍ തൃണമൂലിന് നേട്ടമായേക്കാം.

ബംഗാളിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമിത് ഷാ
ബംഗാളിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമിത് ഷാ

മമതയുടെ മുസ്‌ലിം പ്രീണനം ആയുധമാക്കുന്ന ബി.ജെ.പി രാമക്ഷേത്രവും പാക്കിസ്ഥാന്‍ വിഷയവുമെല്ലാം പയറ്റിനോക്കിയെങ്കിലും ഒന്നും ഏശിയില്ല. ഒടുവില്‍ തൃണമൂല്‍ സര്‍ക്കാറിന്റെ അഴിമതിയും സ്ത്രീകൾ​ക്കെതിരായ ആക്രമണവുമായിരുന്നു അവരുടെ വിഷയം.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ക്കെതിരായി നടന്ന അതിക്രമങ്ങളാണ് മമതക്കെതിരായ ബി.ജെ.പിയുടെ ആക്രമണങ്ങളില്‍ പ്രധാനമായിരുന്നത്. എന്നാല്‍, ഈ സംഭവം മുതലെടുക്കാന്‍ ബി.ജെ.പി നടത്തുന്ന ഗൂഢനീക്കങ്ങളുടെ വീഡിയോകള്‍ പുറത്തുവിട്ടാണ് തൃണമൂല്‍ മറുപടി പറയുന്നത്. പണം നല്‍കി തൃണമൂല്‍ നേതാക്കള്‍ക്കെതിരെ വ്യാജ റേപ്പ് കേസ് രജിസ്റ്റര്‍ ചെയ്തായി പ്രാദേശിക ബി.ജെ.പി നേതാക്കൾ സമ്മതിക്കുന്ന വീഡിയോകള്‍ ബി.ജെ.പിയെ വെട്ടിലാക്കി. സ്ത്രീകളെ കൊണ്ട് ബ്ലാങ്ക് പേപ്പില്‍ ഒപ്പിട്ടുവാങ്ങി പിന്നീട് അവരുടെ പേരില്‍ വ്യാജ റേപ്പ് പരാതികള്‍ നല്‍കുന്ന വീഡിയോകളും രംഗത്തുവന്നു.

സന്ദേശ്ഖാലിയിലെ ലൈംഗികാതിക്രമങ്ങളില്‍നിന്നും അഴിമതി ആരോപണങ്ങളില്‍നിന്നുമുള്ള മമതയുടെ ഒറ്റമൂലിയാണ് 'ഡല്‍ഹിക്കാണ് ഈ വോട്ട്' എന്ന കാമ്പയിന്‍.

മമത സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച ലക്ഷ്മിര്‍ ഭാണ്ഡര്‍ പദ്ധതിയാണ് ഇപ്പോള്‍ പ്രധാന വിവാദം. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പുസമയത്താണ് മമത, 'നോട്ടുനിരോധനം മൂലം സമ്പാദ്യം നഷ്ടമായ സ്ത്രീകള്‍ക്കായി' ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ എന്ന പദ്ധതി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ രൂപീകരണശേഷം പദ്ധതി തുടങ്ങുകയും ചെയ്തു. ജനറല്‍ വിഭാഗത്തിലെ 60 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് മാസം 500 രൂപയും പട്ടികവിഭാഗ സ്ത്രീകള്‍ക്ക് 1000 രൂപയുമാണ് പദ്ധതിയനുസരിച്ച് ലഭിക്കുക. സ്ത്രീകള്‍ക്കിടയില്‍ വലിയ പ്രതികരണമുണ്ടാക്കിയ പദ്ധതിയായിരുന്നു ഇത്. 2.1 കോടി സ്ത്രീകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ സഹായം ജനറല്‍ വിഭാഗത്തിന് ആയിരം രൂപയും മറ്റുളളവര്‍ക്ക് 1200 രൂപയുമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. ബി.ജെ.പിയായിരുന്നു സംസ്ഥാനത്ത് അധികാരത്തില്‍ വന്നിരുന്നത് എങ്കില്‍ ഈ പദ്ധതി നിര്‍ത്തിയേനേ എന്ന് മമത പറഞ്ഞിരുന്നു. എന്നാല്‍, കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മാത്രമേ ഈ പദ്ധതി തുടരാനാകൂ എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറയുന്നത്. സംസ്ഥാനത്ത് സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍.

മമതക്കെതിരെ ബി.ജെ.പിയുടെ ആക്രമണം പലപ്പോഴും പരിധി വിടുന്നതുമാണ്. മമതക്കെതിരായ മോശം പരാമര്‍ശങ്ങള്‍ക്കെതിരായ പരാതിയില്‍ താംലൂക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി അഭിജിത് ഗംഗോപാധ്യായക്ക് ഇന്നു വൈകീട്ട് അഞ്ചു മണിവരെ 24 മണിക്കൂര്‍ ഇലക്ഷന്‍ കമീഷന്‍ കാമ്പയിന്‍ വിലക്ക് ഏര്‍പ്പെടുത്തി. കൊല്‍ക്കത്ത ഹൈകോടതിയിലെ മുന്‍ ജഡ്ജി കൂടിയാണ് അഭിജിത്. ബി.ജെ.പി സ്ഥാനാര്‍ഥികള്‍ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് ഉറപ്പുവരുത്തണമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢയോട് കമീഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശത്തിന് നോട്ടീസ് ലഭിക്കുന്ന നാലാമത്തെ രാഷ്ട്രീയ നേതാവാണ് അഭിജിത് ഗംഗോപാധ്യായ. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ദിലീപ് ഘോഷ്, കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥേ എന്നിവരെ, മമതക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് കമീഷന്‍ സെന്‍ഷ്വര്‍ ചെയ്തിരുന്നു.

ഇത്തവണ ആദിവാസി വിഭാഗത്തിന്റെ രോഷം കൂടി ബി.ജെ.പിക്കെതിരെയുണ്ട്. ആദിവാസികള്‍ക്ക് സ്വാധീനമുള്ള ജംഗല്‍ മഹലില്‍ മേഖലയില്‍ സിറ്റിങ് ബി.ജെ.പി എം.പിക്കെതിരെ ജനരോഷം ശക്തമായിരുന്നു. ആലിപുര്‍ദ്വാറില്‍ ആദിവാസി പ്രതിഷേധത്തെ തുടര്‍ന്ന് ബി.ജെ.പി സിറ്റിങ് എം.പിയായ കേന്ദ്രമന്ത്രി ജോണ്‍ ബര്‍ലയെ മാറ്റി മനോജ് തിഗ്ഗയെ സ്ഥാനാര്‍ഥിയാക്കേണ്ടിവന്നു. 2019-ല്‍ ബര്‍ല 2.43 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചതും എന്നോര്‍ക്കണം. ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ഇവിടെ 79.76 ശതമാനമായിരുന്നു പോളിങ്.

ആകെയുള്ള 42 സീറ്റില്‍ അഞ്ചാം ഘട്ടത്തോടെ 25 സീറ്റില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. ബാക്കി 17 സീറ്റുകളിൽ മെയ് 25നും ജൂണ്‍ ഒന്നിനുമാണ് വോട്ടെടുപ്പ്. ഇനി നഗര- അര്‍ധ നഗര മേഖലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
2019-ല്‍ ടി.എം.സി 22, ബി.ജെ.പി 18 സീറ്റുകള്‍ വീതമാണ് നേടിയത്.

Comments