ബി.ജെ.പിയുടെ കർണാടക പ്രതിസന്ധികൾ, കോൺഗ്രസിന്റെ പത്ത് ഗ്യാരണ്ടികൾ

മുതിർന്ന നേതാക്കളുടെ വിമതനീക്കത്തിൽ പ്രതിസന്ധിയിലായ ബി.ജെ.പിക്കെതിരെ പത്ത് ഗ്യാരണ്ടികളുമായാണ് കർണാടകയിൽ കോൺഗ്രസ് പോരാട്ടം

Election Desk

‘മോദിയുടെ ഗ്യാരന്റി’ എന്നതാണ് ഇത്തവണ എൻ.ഡി.എയുടെ പ്രധാന മുദ്രാവാക്യം. കർണാടകത്തിലെ കോൺഗ്രസ് അതിനൊരു ബദൽ കണ്ടെത്തിയിരിക്കുന്നു. പത്ത് പുതിയ ‘ഗ്യാരണ്ടി’കളുമായാണ് സംസ്ഥാനത്ത് പാർട്ടി കാമ്പയിനിറങ്ങുന്നത്. പട്ടിക ജാതി- പട്ടിക വർഗ- മറ്റു പിന്നാക്ക വിഭാഗങ്ങളുടെ നിലവിലെ 50 ശതമാനമെന്ന സംവരണം ഉയർത്തുക അടക്കമുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഖെ മുന്നോട്ടുവെച്ചത്.

  • മരുന്ന്, ചികിത്സ, പരിശോധന, സാന്ത്വന ചികിത്സ, ശസ്ത്രക്രിയ എന്നിവ സൗജന്യമാക്കും.

  • ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കുറഞ്ഞ വേദനം 400 രൂപയായി ഉയർത്തും.

  • നഗരമേഖലകളിൽ കൂടുതൽ തൊഴിൽ സാധ്യതകൾ ഉറപ്പുവരുത്തും.

  • അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും തൊഴിൽ സുരക്ഷ. ആരോഗ്യ അപകട ഇൻഷ്വറൻസ് ഉൾപ്പടെ സമഗ്ര സാമൂഹിക സുരക്ഷ ഉറപ്പുവരുത്തും.

  • കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിയമങ്ങൾ പുനപരിശോധിക്കും, തൊഴിൽ നിയമങ്ങൾ ശക്തമാക്കാനുള്ള നടപടി സ്വീകരിക്കും, സർക്കാർ മേഖലയിൽ സ്ഥിരം തൊഴിലാളികളെ നിയമിക്കുന്നതിന്റെ ഭാഗമായി കരാർ തൊഴിലാളികളുടെ എണ്ണം കുറക്കും.

  • ജാതി സെൻസസ് നടപ്പിലാക്കും.

  • 2014-ൽ നരേന്ദ്രമോദി സർക്കാർ റദ്ദാക്കിയ, പട്ടിക വിഭാഗങ്ങൾക്ക് ജനസംഖ്യക്കനുസരിച്ച് ബജറ്റ് വിഹിതം അനുവദിക്കുന്ന നയം പുനഃസ്ഥാപിക്കും

  • ആദിവാസികളുടെ വനഭൂമി അവകാശങ്ങൾക്ക് സംരക്ഷണം നൽകും. അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കും, വന ഉൽപന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കും.

  • ആദിവാസികളുടെ സ്വയംഭരണ, പരമ്പരാഗത, സാംസ്‌കാരിക അവകാശങ്ങൾ സംരക്ഷിക്കും

മല്ലിഖാർജുൻ ഖാർഖെ
മല്ലിഖാർജുൻ ഖാർഖെ

ബി.ജെ.പിയുടെ
കർണാടക പ്രതിസന്ധികൾ

സ്ഥാനാർഥി തർക്കങ്ങളും കാലുമാറിൽ ഭീഷണിയും നിലനിൽക്കുന്ന കർണാടക ബി.ജെ.പിയിൽ 28-ൽ 20 സീറ്റിലും എൻ.ഡി.എ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് സീറ്റ് ജെ.ഡി.എസിനാണ്.

2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ച ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കർണാടക. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽനിന്ന് പുറത്തായി. 224-ൽ 135 സീറ്റും 42 ശതമാനം വോട്ടുമായി കേൺഗ്രസ് അധികാരത്തിലെത്തി. ഈ അധികാര നഷ്ടം മറികടക്കാൻ ജനതദൾ- എസുമായി കൈകോർത്താണ് ബി.ജെ.പി തെരഞ്ഞെടുപ്പിനിറങ്ങുന്നത്.

ജഗദീഷ് ഷെട്ടാര്‍ കെ.എസ്. ഈശ്വരപ്പ
ജഗദീഷ് ഷെട്ടാര്‍ കെ.എസ്. ഈശ്വരപ്പ

നിലവിൽ, എൻ.ഡി.എയിൽ സീറ്റ് തർക്കം അതിരൂക്ഷമാണ്. ജഗദീഷ് ഷെട്ടാറും കെ.എസ്. ഈശ്വരപ്പയും പാർട്ടിയോട് ഇടഞ്ഞുനിൽക്കുകയാണ്. മകൻ കെ.ഇ. കാന്തേഷിന് ഹവേരി മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഷിമോഗയിൽ ബി.എസ്. യെദ്യൂരപ്പയുടെ മകനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് കെ.എസ്. ഈശ്വരപ്പ പറയുന്നത്.

താൻ ജയിച്ചാൽ, പാർട്ടി തനിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറയുന്നു. യെദ്യൂരപ്പയുടെ മകനും സിറ്റിങ് എം.പിയുമായ ബി.വൈ. രാഘവേ​ന്ദ്രയാണ് ഷിമോഗയിൽനിന്നുള്ള ബി.ജെ.പി സ്ഥാനാർഥി. യെദ്യൂരപ്പയുടെ കൈകളിലാണ് സംസ്ഥാന ബി.ജെ.പിയെന്നും ഒരു മകനെ എം.പിയും മറ്റൊരു മകനെ എം.എൽ.എയും സംസ്ഥാന പ്രസിഡന്റുമാക്കി പാർട്ടി പിടിച്ചെടുത്തിരിക്കുകയുമാണെന്ന് ഈശ്വരപ്പ തുറന്നടിക്കുന്നു.

ബി.എസ്. യെദ്യൂരപ്പ
ബി.എസ്. യെദ്യൂരപ്പ

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എസ്. ബംഗാരപ്പയുടെ മകൾ ഗീതാ ശിവരാജും ഷിമോഗയിലാണ് മത്സരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മകന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി വിടാനൊരുങ്ങിയ ആളാണ് ഈശ്വരപ്പ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മകന് സീറ്റ് നൽകാം എന്നായിരുന്നു അന്ന് ദേശീയ നേതൃത്വം നൽകിയ ഉറപ്പ്. ഇത് ലംഘിച്ചതാണ് ഈശ്വരപ്പയെ ചൊടിപ്പിച്ചത്. തിങ്കളാഴ്ച നടന്ന നരേന്ദ്രമോദിയുടെ റാലിയിൽനിന്ന് ഒ.ബി.സി നേതാവുകൂടിയായ ഈശ്വരപ്പ വിട്ടുനിന്നിരുന്നു. സംസ്ഥാനത്ത് ബി.ജെ.പിയെ കെട്ടിപ്പടുത്ത രണ്ട് നേതാക്കളാണ് യെദ്യൂരപ്പയും ഈശ്വരപ്പയും. ഈശ്വരപ്പയുടെ വിമതനീക്കം കർണാടകയിൽ പാർട്ടിക്ക് വൻ തിരിച്ചടിയാണ്.

ഡി.വി. സദാനന്ദ ഗൗഡ
ഡി.വി. സദാനന്ദ ഗൗഡ

സി.ടി. രവി, സദാനന്ദ ഗൗഡ, പ്രതാപ് സിൻഹ എന്നീ മുതിർന്ന നേതാക്കളും സീറ്റ് നിഷേധിച്ചിക്കപ്പെട്ടതിൽ കലിപ്പിലാണ്. സിറ്റിങ് സീറ്റായ ബംഗളൂരു നോർത്ത് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി നേതാവ് ഡി.വി. സദാനന്ദ ഗൗഡ കോൺഗ്രസിൽ ചേരാനൊരുങ്ങുകയാണ്. മൈസൂരുവിൽനിന്ന് മത്സരിക്കുമെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചതായി ഗൗഡ സ്ഥിരീകരിച്ചു. ശോഭ കരന്തലജേയെയാണ് ബി.ജെ.പി സ്ഥാനാർഥിയായി ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. ശോഭ കരന്തലജേയെയാണ് ബംഗളൂരു നോർത്തിൽ ബി.ജെ.പി സ്ഥാനാർഥി.

കർണാടകയിൽ കടുത്ത പോരാട്ടം നടക്കുന്ന മൺഡലങ്ങളിലൊന്നാണ് ബാംഗ്ലൂർ റൂറൽ. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷിന്റെ സിറ്റിങ് സീറ്റാണിത്. ഇത്തവണ സുരേഷിന് എതിരാളിയായി വരുന്നത് ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരി ഭർത്താവായ മഞ്ജുനാഥാണ്. ഗൗഡ കുടുംബത്തിന്റെ ആശിർവാദത്തോടെ മണ്ഡലത്തിലെത്തുന്ന മഞ്ജുനാഥ് സുരേഷിന് മികച്ച എതിരാളിയാണ്.

Comments