മോദിക്കുപു​റകേ ഖാർഗേ സൃഷ്ടിച്ച തൃശൂർ ​പ്രതീതി

നരേന്ദ്രമോദി സ്വന്തം ഗ്യാരണ്ടിയിലൂന്നി, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട തൃശൂരിൽ, ബി.ജെ.പി നിർത്തിയിടത്തുനിന്ന് കോൺഗ്രസ് തുടങ്ങുകയാണ് എന്നു തോന്നിപ്പിക്കുകയായിരുന്നോ മല്ലികാർജുൻ ഖാർഗേ? പരോക്ഷമായെങ്കിലും അങ്ങനെയൊരു പ്രതീതി സൃഷ്ടിക്കാൻ ഖാർഗേയുടെ തൃശൂർ പ്രസംഗത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുവേണം മനസിലാക്കാൻ.

Political Desk

കേന്ദ്ര സർക്കാർ സംസ്ഥാന ഭരണത്തിലും സംസ്ഥാനത്തിന്റെ അധികാരത്തിലും കൈകടത്താൻപരിശ്രമിക്കുകയാണ്. സ്വതന്ത്രമായ ഭരണഘടന സ്ഥാപനങ്ങളലിൽ ഇടപെട്ട് ഭരണഘടന വിഭാവന ചെയ്യുന്ന ഫെഡറലിസമെന്ന മൂല്യത്തെ തകർക്കാനാണ് കേന്ദ്രസർക്കാർശ്രമിക്കുന്നത്- എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ബൂത്ത് പ്രസിഡന്റുമാരുടേയും വനിതാ നേതാക്കളുടേയും സമ്മേളനമായ ജനമഹാസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കെ പറഞ്ഞ വാക്കുകളാണിത്. രാജ്യത്ത് ഫെഡറൽ സംവിധാനം നിലനിൽക്കണമെങ്കിൽ ബി.ജെ.പിയെ പുറത്താക്കണമെന്നും ഖാർഗേ വ്യക്തമാക്കി.

ഒരു മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സ്വന്തം ഗ്യാരണ്ടിയിലൂന്നി, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടതും ഇതേ തൃശൂരിലായിരുന്നു. ബി.ജെ.പി നിർത്തിയിടത്തുനിന്ന് കോൺഗ്രസ് തുടങ്ങുകയാണ് എന്നു തോന്നിപ്പിക്കുകയായിരുന്നോ ഖാർഗേ? പരോക്ഷമായെങ്കിലും അങ്ങനെയൊരു പ്രതീതി സൃഷ്ടിക്കാൻ ഖാർഗേയുടെ തൃശൂർ പ്രസംഗത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുവേണം മനസിലാക്കാൻ.

കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

ബി. ജെ.പിയെ കടന്നാക്രമിക്കാനും ഇന്ത്യാ മുന്നണിയെന്ന തങ്ങളുടെ പുതിയ സംവിധാനത്തെ തന്റെ പ്രസംഗം കൊണ്ടെങ്കിലും ശക്തിപ്പെടുത്താനും ഖാർഗേ ശ്രദ്ധിച്ചിട്ടുണ്ട്. മുന്നണിയിലെ പ്രധാന കക്ഷികളായ ഇടതു പാർട്ടികളെയൊന്നും നുള്ളി നോവിക്കാൻ പോലും ഖാർഗേ ശ്രമിച്ചിട്ടില്ലെന്നും ഓർക്കണം. 'കേരളം ജയിച്ചാൽ ഇന്ത്യയും ജയിക്കും' എന്നാണ് ഖാർഗേ പറഞ്ഞത്. എന്നാൽ കേരളത്തിൽനിന്നുള്ള നേതാക്കളുടെ പ്രസംഗത്തിൽ നിന്നും ഇന്ത്യ മുന്നണിയിൽ ഇനിയും ബാക്കിയുള്ള പടലപ്പിണക്കങ്ങൾ വീണ്ടും പുറത്തുചാടുകയായിരുന്നു.

രണ്ടാം പിണറായി വിജയൻ സർക്കാരിനെതിരായ പ്രസ്താവനകളാണ് നേതാക്കളുടെ ഭാഗത്തുനിന്ന് കൂടുതലായും ഉണ്ടായത്. കേരളത്തിലെ കോൺഗ്രസിന്റെയും സി പി എമ്മിന്റെയും ഈ വിരുദ്ധ നിലപാടുകൾക്ക് ഇന്ത്യാ മുന്നണിയുടെ നീക്കങ്ങളെ ദേശീയ തലത്തിൽ തന്നെ ബാധിക്കുമെന്നിരിക്കെയാണ് കേരളത്തിൽ ഈ നിലപാടുകൾ. ഇന്ത്യയിലെ ഈ വിള്ളലുകൾ മനസിലാക്കാൻ ബി.ജെ.പിക്ക് എളുപ്പം കഴിയുമെന്നതാണ് ഇന്ത്യ മുന്നണിക്ക് കിട്ടാവുന്ന മറ്റൊരു തിരിച്ചടി. ഇന്ത്യ മുന്നണിയലെ ഭിന്നിപ്പുകൾ മനസിലാക്കുന്ന ബി ജെ പിക്ക് അധികാരത്തിലിരുന്നുകൊണ്ടുതന്നെ ആ പിളർപ്പുകളെ ആവശ്യം പോലെ വലുതാക്കാനും കഴിയും.

ഖാർഗേയുടെ മറ്റൊരു ആരോപണം മണിപ്പുരിനെ സംബന്ധിച്ചുള്ളതായിരുന്നു. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക് മണിപ്പുരിൽ പോകാമെങ്കിൽ പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്നായിരുന്നു ഖാർഗേയുടെ ചോദ്യം. 'രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാനും ലക്ഷദ്വീപിൽ വിനോദയാത്ര നടത്താനും സമയമുള്ള മോദിക്ക് മണിപ്പുരിൽ പോകാൻ മാത്രമാണ് സമയമില്ലാത്തത്'.

സത്യത്തിൽ മണിപ്പുരിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് കോൺഗ്രസും അന്വേഷിച്ചിട്ടുണ്ടോ? മണിപ്പുർ വിഷയത്തിൽ ആദ്യം കാണിച്ചിരുന്ന ആവേശപ്രകടനങ്ങൾ ഇപ്പോൾ ഏത് കക്ഷിയാണ് കൊണ്ടുനടക്കുന്നതെന്നതും വലിയ ചോദ്യമായി അവശേഷിക്കുകയാണ്. അല്ലെങ്കിലും മണിപ്പുർ പോലെ ചർച്ച ചെയ്യപ്പെടേണ്ടുന്ന വിഷയങ്ങളിൽ പ്രതികരണങ്ങൾ മാധ്യമശ്രദ്ധ കിട്ടുന്നിടത്തോളം മാത്രം മതിയെന്നും അതിനു ശേഷം അവയെല്ലാം വിസ്മരിക്കപ്പെടേണ്ടവയാണെന്നുമുള്ള നിലപാടാണ് രാഷട്രീയപാർട്ടികൾക്കിടയിലെ പുതിയ ട്രെന്റ്. അല്ലെങ്കിൽ അത്തരം നിലപാടുകളെടുക്കാൻ മറ്റു രാഷ്ട്രീയ പാർട്ടികളെ പോലും നിർബന്ധിതരാക്കും വിധം സംഘപരിവാർ ഇത്തരം വിഷയങ്ങളെ ട്രെൻഡിംഗ് പട്ടികയിൽ നിന്ന് പുറത്താക്കുകയാണ്. മണിപ്പുർ പോലുള്ള വിഷയങ്ങൾ കേവലം പ്രചാരണ വിഷയങ്ങൾ മാത്രമാക്കി ഒതുക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ശ്രമങ്ങൾ വിജയം കണ്ടുവെന്ന് വേണം കരുതാൻ. അല്ലെങ്കിൽ ഖാർഗേയ്ക്കും കോൺഗ്രസിനും മണിപ്പുർ വിഷയം പ്രചാരണ തന്ത്രം മാത്രമായി ഒതുങ്ങുമായിരുന്നില്ല.

സത്യത്തിൽ മണിപ്പുരിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് കോൺഗ്രസും അന്വേഷിച്ചിട്ടുണ്ടോ? മണിപ്പുർ വിഷയത്തിൽ ആദ്യം കാണിച്ചിരുന്ന ആവേശപ്രകടനങ്ങൾ ഇപ്പോൾ ഏത് കക്ഷിയാണ് കൊണ്ടുനടക്കുന്നതെന്നതും വലിയ ചോദ്യമായി അവശേഷിക്കുകയാണ്.

തൃശൂരിൽ ഖാർഗേ നടത്തിയ പ്രസംഗത്തിൽ പിന്നെയുള്ളത് കോൺഗ്രസിന്റെ ആരോപണങ്ങളിലെ സ്ഥിരം പല്ലവികൾ തന്നെ. ഇ ഡി, സി.ബി ഐ, ആദായനികുതി വകുപ്പ് റെയ്ഡ്. അങ്ങനെ പോകുന്നു ഖാർഗേയുടെ വിഷയങ്ങൾ.

എന്നാൽ ബി.ജെ.പിയെ തടുക്കാൻ കോൺഗ്രസിന്റെ ഈ സ്ഥിരം ആരോപണങ്ങൾക്ക് മാത്രം മതിയോ എന്നതാണ് സംശയം. ഈ വിഷയങ്ങളെയെല്ലാം ബി.ജെ.പിക്ക് നിഷ്പ്രയാസം ഭേദിക്കാൻ കഴിയുമെന്ന് ഖാർഗേയ്ക്ക തന്നെയും അറിയുമെന്നിരിക്കേ പ്രത്യേകിച്ചും. ഇന്ത്യ മുന്നണിയിൽ കുറഞ്ഞ പക്ഷം കോൺഗ്രസിനെങ്കിലും അത്തരത്തിൽ ഒരു വിഷയം ഉന്നയിക്കാൻ കഴിയേണ്ടതായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിട്ടും പറയാനോ പ്രചരിപ്പിക്കാനോ അത്തരത്തിൽ ഒരു വിഷയം കോൺഗ്രസിനോ ഇന്ത്യ മുന്നണിക്കോ ഇല്ലെന്നുള്ളത് തിരഞ്ഞെടുപ്പിൽ ഇത്തവണയും പ്രതിഫലിക്കുമെന്നുറപ്പാണ്

Comments