മുഹമ്മദ് സലിം, ഡിംപിൾ യാദവ്, അമിത് ഷാ, സുപ്രിയ സുലെ - നിർണായകം ഇന്നത്തെ മൂന്നാം ഘട്ടം

സി.പി.എം ബംഗാള്‍ ഘടകം സെക്രട്ടറി മുഹമ്മദ് സലിം കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന മുര്‍ഷിദാബാദ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പങ്കാളി ഡിംപിള്‍ യാദവ് മത്സരിക്കുന്ന യു.പിയിലെ മെയിന്‍പുരി, ശരത്പവാറിന്റെ മകള്‍ സുപ്രിയ സുലെയും മരുമകന്‍ അജിത് പവാറിന്റെ പങ്കാളി സുനേത്രയും മത്സരിക്കുന്ന ബാരാമതി എന്നിവയാണ് പ്രധാന മണ്ഡലങ്ങള്‍.

Election Desk

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഇന്ന് 11 സംസ്ഥാനങ്ങളിലെ 93 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്. 2019-ല്‍ 80 സീറ്റിലും ജയിച്ചത് എന്‍.ഡി.എ. ബി.ജെ.പിക്ക് 72 സീറ്റുണ്ടായിരുന്നു. കോണ്‍ഗ്രസ് നാലിടത്തും സമാജ്‌വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും രണ്ടിടത്തുവീതവും ജയിച്ചു. ഇത്തവണ 94 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തിലുണ്ടായിരുന്നത്. ഗുജറാത്തിലെ സൂറത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി 'എതിരില്ലാതെ' ജയിച്ചതായി പ്രഖ്യാപിച്ചിരുന്നു.

ആസാം- നാല്, ബിഹാര്‍- അഞ്ച്, ഛത്തീസ്ഗഢ്- ഏഴ്, ദാദ്ര- നാഗര്‍ ഹാവേലി, ദാമന്‍ ഡ്യൂ- രണ്ട്, ഗോവ- രണ്ട്, ഗുജറാത്ത്- 25, കര്‍ണാടക- 14, മധ്യപ്രദേശ്- ഒമ്പത്, മഹാരാഷ്ട്ര- 11, യു.പി- 10, പശ്ചിമബംഗാള്‍- നാല് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.

സി.പി.എം ബംഗാള്‍ ഘടകം സെക്രട്ടറി മുഹമ്മദ് സലിം കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന മുര്‍ഷിദാബാദ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പങ്കാളി ഡിംപിള്‍ യാദവ് മത്സരിക്കുന്ന യു.പിയിലെ മെയിന്‍പുരി, ശരത്പവാറിന്റെ മകള്‍ സുപ്രിയ സുലെയും മരുമകന്‍ അജിത് പവാറിന്റെ പങ്കാളി സുനേത്രയും മത്സരിക്കുന്ന ബാരാമതി എന്നിവയാണ് പ്രധാന മണ്ഡലങ്ങള്‍. ഗുജറാത്തിലെ ഗാന്ധി നഗറില്‍ കേന്ദ്ര മന്ത്രി അമിത് ഷാ ജനവിധി തേടും.

സി.പി.എം ബംഗാള്‍ ഘടകം സെക്രട്ടറി മുഹമ്മദ് സലിം കോണ്‍ഗ്രസ് പിന്തുണയോടെ മുര്‍ഷിദാബാദിലാണ് മത്സരിക്കുന്നത്.

കഴിഞ്ഞ രണ്ടു ഘട്ടങ്ങളില്‍ പോളിങ് ശതമാനം കുറഞ്ഞതിനെതുടര്‍ന്ന് ഇത്തവണ അത് മറികടക്കാന്‍ ഇലക്ഷന്‍ കമീഷന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. 2019-ലെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ 69.4, 69.2 ശതമാനം വീതമായിരുന്നു പോളിങ് എങ്കില്‍ ഇത്തവണ 66.1, 66.7 ശതമാനം വീതമാണ്.

എന്നാല്‍, ആദ്യ രണ്ടു ഘട്ടങ്ങളിലുണ്ടായെന്ന് പറയപ്പെടുന്ന പോളിങ് ശതമാനക്കുറവ് അടിസ്ഥാന രഹിതമാണെന്ന വാദവുമുയരുന്നുണ്ട്. 2019-ല്‍ ഏഴു ഘട്ടങ്ങളില്‍ 69.4 ശതമാനത്തില്‍നിന്ന് 61.7 ശതമാനം എന്ന നിരക്കിലായിരുന്നു പോളിങ്. അതായത്, ഓരോ ഘട്ടം കഴിയുംതോറും ശതമാനം കുറഞ്ഞുവന്നു. ഇത്തവണ, അത് നേര്‍ വിപരീത ഓര്‍ഡറിലായിരിക്കുമെന്നാണ് എസ്.ബി.ഐയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡൈ്വസറും 16-ാം ധനകാര്യകമീഷന്‍ അംഗവുമായ സൗമ്യകാന്തി ഘോഷ് പറയുന്നത്.

കഴിഞ്ഞ ഗുജറാത്തല്ല

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'സ്വന്തം സംസ്ഥാന'മായ ഗുജറാത്താണ് മൂന്നാം ഘട്ടത്തില്‍ നിര്‍ണായക മത്സരം നടക്കുന്ന സംസ്ഥാനം. 2019-ല്‍ബി.ജെ.പി മുഴുവന്‍ സീറ്റിലും ജയിച്ച നാല് സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്, അതും 50 ശതമാനത്തിലേറെ വോട്ടിന്. ഗുജറാത്തില്‍ കഴിഞ്ഞ തവണ ബി.ജെ.പി 18 സീറ്റിലും ജയിച്ചത് രണ്ടര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.

സൂറത്തില്‍ സംഘടിപ്പിച്ചെടുത്ത മുകേഷ് ദലാലിന്റെ ഏകപക്ഷീയ ജയം ബി.ജെ.പി ആഘോഷിക്കുന്നുണ്ടെങ്കിലും അതിനുപുറകിലെ ആസൂത്രിത ഗൂഢാലോചനയും ജനാധിപത്യ വിരുദ്ധതയും ഇതിനകം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്.

കേന്ദ്രമന്ത്രി പുരുഷോത്തം രുപാല

ഇത്തവണയും മുഴുവന്‍ സീറ്റ് എന്ന ബി.ജെ.പിയുടെ ടാര്‍ഗറ്റ് അത്ര എളുപ്പമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ഷത്രിയ സമുദായത്തിന്റെ രോഷമാണ് ഏകപക്ഷീയ വിജയത്തിന് തടസം സൃഷ്ടിക്കുന്നത്. കേന്ദ്രമന്ത്രി പുരുഷോത്തം രുപാല നടത്തിയ വിവാദ പരാമര്‍ശം, പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കായ ക്ഷത്രിയ സമുദായത്തെ ശത്രുക്കളാക്കി. മെയ് ഒന്നു മുതല്‍ മോദി ഗുജറാത്തില്‍ നിരന്തരം കാമ്പയിന്‍ നടത്തുന്നുണ്ടെങ്കിലും അവരുടെ രോഷം അടങ്ങിയിട്ടില്ല. രുപാലയെ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത ബി.ജെ.പിയെ തോല്‍പ്പിക്കണമെന്ന് ക്ഷത്രിയ സമിതി വോട്ടര്‍മാര്‍ പരസ്യാഹ്വാനം നടത്തിയിട്ടുണ്ട്. ഇതില്‍ ബി.ജെ.പി പ്രാദേശികനേതാക്കളുമുണ്ട്.

65 ശതമാനം ക്ഷത്രിയ സമുദായവും 66 ശതമാനം പട്ടീദാര്‍മാരും 2019-ല്‍ ബി.ജെ.പിയുടെ ഉറച്ച വോട്ടുഷെയറായിരുന്നു. ഇതില്‍, ക്ഷത്രിയ വോട്ടുകള്‍ബി.ജെ.പിക്കെതിരായാല്‍, പത്തു മണ്ഡലങ്ങളില്‍ ബി.ജെ.പി പ്രതിസന്ധിയിലാകും.

പട്ടികജാതി- മുസ്‌ലിം വോട്ടുകള്‍ പരമാവധി സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആപ്- കോണ്‍ഗ്രസ് സഖ്യം. ആപ് രണ്ടിടത്തും കോണ്‍ഗ്രസ് 24 സീറ്റിലും മത്സരിക്കുന്നു. ക്ഷത്രിയ വോട്ടിലുണ്ടാകുന്ന കുറവും സംഘടനയിലെ ആഭ്യന്തരപ്രശ്‌നങ്ങളും മൂലം ബി.ജെ.പി നിരവധി മണ്ഡലങ്ങളില്‍ പ്രതിസന്ധിയിലാണെങ്കിലും അത് മുതലെടുക്കാന്‍ കോണ്‍ഗ്രസിനും ആപ്പിനും ആകുമോ എന്നുറപ്പില്ല.

വിവാദ കർണാടക

കഴിഞ്ഞ തവണ ദക്ഷിണേന്ത്യയില്‍നിന്ന് ബി.ജെ.പിക്ക് ലഭിച്ച 28 സീറ്റില്‍ 25-ഉം കര്‍ണാടകയില്‍നിന്നായിരുന്നു. ജെ.ഡി-എസ്- കോണ്‍ഗ്രസ് സഖ്യത്തിന് കിട്ടിയത് രണ്ടു സീറ്റ് മാത്രം. 'മിഷന്‍സൗത്തി'ന്റെ കേന്ദ്രമെന്ന നിലയ്ക്ക് കര്‍ണാടകയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങള്‍ ബി.ജെ.പിയെ സംബന്ധിച്ച് നിര്‍ണായകമാണ്.

കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന ജെ.ഡി-എസ് ഇത്തവണ ബി.ജെ.പിക്കൊപ്പമാണെങ്കിലും ഈ സഖ്യം ബി.ജെ.പിക്ക് പുലിവാലായിരിക്കുകയാണ്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് ജെ.ഡി- എസ് നേതാക്കള്‍ ചെന്നുപെട്ട ലൈംഗികാരോപണ കേസാണ് ബി.ജെ.പിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. ആരോപണവിധേയനായ ജെ.ഡി-എസ് എം.പി പ്രജ്ജ്വല്‍ രേവണ്ണ മത്സരിച്ച ഹാസനിലും തെക്കന്‍ കര്‍ണാടകത്തിലും വോട്ടെടുപ്പ് കഴിഞ്ഞ ഘട്ടങ്ങളില്‍ പൂര്‍ത്തിയായിരുന്നു. എങ്കിലും ജെ.ഡി.എസ് നേതാവ് എച്ച്.ഡി. രേവണ്ണയുടെ അറസ്റ്റ് എന്‍.ഡി.എയുടെ സാധ്യതകള്‍ക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്. സംസ്ഥാന ഭരണത്തിന്റെ ജനക്ഷേമ നടപടികളും ജെ.ഡി-എസിനെതിരായ ലൈംഗികാരോപണങ്ങളും തങ്ങള്‍ക്ക് നേട്ടമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

പ്രജ്ജ്വല്‍ രേവണ്ണയും പിതാവ് എച്ച്.ഡി രേവണ്ണയും

ശിവമൊഗ്ഗ, കലബുറഗി, ധാർവാർഡ് എന്നിവയാണ് ഇന്ന് വോ​ട്ടെടുപ്പ് നടക്കുന്ന പ്രധാന മണ്ഡലങ്ങൾ. ശിവമൊഗ്ഗയിൽ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഈശ്വരപ്പയുടെ വിമതസ്വാധീനം ബി.ജെ.പിക്ക് വൻ തിരിച്ചടിയാണ്. നരേന്ദ്ര മോദിയുടെ പേരില്‍ വോട്ടുചോദിക്കുന്ന ഈശ്വരപ്പ യെദ്യൂരപ്പയുടെ കുടുംബവാഴ്ചക്കെതിരെയാണ് മത്സരിക്കുന്നത്. മകന് ഹാവേരിയില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഈശ്വരപ്പയുടെ പ്രതിഷേധമെന്നതും കൗതുകകരമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈശ്വരപ്പ ബി.ജെ.പി സീറ്റ് നല്‍കിയില്ല. പകരം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മകന് ഹാവേരി സീറ്റ് നല്‍കാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍, ഹാവേരിയില്‍ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ സ്ഥാനാര്‍ഥിയാക്കി. ഇതിനെല്ലാം ചരടുവലിച്ച യെദ്യൂരപ്പക്കെതിരെ ശിവമോഗയില്‍ ഈശ്വരപ്പ അങ്ങനെയാണ് സ്ഥാനാര്‍ഥിയായത്. ഒ.ബി.സി സമുദായ നേതാവായി ഈശ്വരപ്പക്ക് മണ്ഡലത്തില്‍ ചലനമുണ്ടാക്കാനാകുമെന്ന ഭീതി ബി.ജെ.പിക്കുണ്ട്.

മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘ​വേന്ദ്രയാണ് ബി.ജെ.പി സ്ഥാനാർഥി. മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകളും കന്നട നടൻ ശിവരാജ് കുമാറിന്റെ പങ്കാളിയുമായ ഗീതയാണ് കോൺഗ്രസ് സ്ഥാനാർഥി. ബി.ജെ.പിക്കാർ തമ്മിലുള്ള പോരിൽ തനിക്ക് ജയിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ഗീത. അതിനായി, സിനിമാതാരങ്ങളെയടക്കം രംഗത്തിറക്കി മണ്ഡലം ഇളക്കിമറിച്ചിരുന്നു അവർ.

ശിവമൊഗ്ഗയിൽ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഈശ്വരപ്പയുടെ വിമതസ്വാധീനം ബി.ജെ.പിക്ക് വൻ തിരിച്ചടിയാണ്.

ധാർവാർഡിൽ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയാണ് ബി.ജെ.പി സ്ഥാനാർഥി. തങ്ങളുടെ സമുദായത്തെ അവഗണിച്ചതിന് ലിംഗായത് മഠാധിപതി പ്രകടിപ്പിച്ച പരസ്യ പ്രതിഷേധം ബി.ജെ.പിക്ക് തിരിച്ചടിയാകും. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 25 ശതമാനത്തിന്റെ സ്വാധീനമുണ്ട് ലിംഗായത് വിഭാഗത്തിന്. ഇത്തവണ കോണ്‍ഗ്രസ് ലിംഗായതുകളെ ഒറ്റിക്കൊടുത്തതില്‍ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി കാമ്പയിന്‍ നടത്തിയിരുന്നു.

കോൺ​ഗ്രസ് പിന്തുണയിൽ
സി.പി.എം സെക്രട്ടറി

ബംഗാളില്‍ മുര്‍ഷിദാബാദ്, ജംഗിപ്പുര്‍, മാള്‍ഡ നോര്‍ത്ത്, മാള്‍ഡ സൗത്ത് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ മുര്‍ഷിദാബാദിലും ജംഗിപ്പുരിലും ടി.എം.സിക്കായിരുന്നു ജയം. മാള്‍ഡ നോര്‍ത്തില്‍ ബി.ജെ.പിയും സൗത്തില്‍ കോണ്‍ഗ്രസും ജയിച്ചു. ഇത്തവണ ജംഗിപ്പുര്‍, മാള്‍ഡ് നോര്‍ത്ത് - സൗത്ത് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്- സി.പി.എം സഖ്യമാണ് മത്സരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മത്സരിക്കുന്ന മുര്‍ഷിദാബാദ് സി.പി.എമ്മിനെ സംബന്ധിച്ച് നിര്‍ണായകമാണ്. മണ്ഡലത്തില്‍ അതിശക്തമായ കാമ്പയിനാണ് സി.പി.എം- കോണ്‍ഗ്രസ് സഖ്യം നടത്തിയത്. മുസ്‌ലിം സമുദായത്തിന് സ്വാധീനമുള്ള നാലു മണ്ഡലങ്ങളും പിടിച്ചെടുക്കാന്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ടി.എം.സിയും ശക്തമായി രംഗത്തുണ്ട്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയായതിനാല്‍ പൗരത്വഭേദഗതി നിയമമാണ് ഇവിടെ പ്രധാന കാമ്പയിന്‍ വിഷയം. സി.പി.എം- കോണ്‍ഗ്രസ് ധാരണ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് അവര്‍ പറയുന്നത്.

യാദവ യു.പി

യാദവ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പത്തു മണ്ഡലങ്ങളിലാണ് ഇന്ന് വോ​ട്ടെടുപ്പ്. അതിനാൽ, സമാജ്‍വാദി പാര്‍ട്ടിക്കും മുലായം സിങ് യാദവിന്റെ കുടുംബാംഗങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളുള്ളതിനാല്‍ അഖിലേഷ് യാദവിനും നിര്‍ണായകമാണ് ഈ വോ​ട്ടെടുപ്പ്.
സംഭാല്‍, ഹാഥ്റസ്, ആഗ്ര, ഫത്തേപുര്‍ സിക്രി, ഫിറോസാബാദ്, മെയിന്‍പുരി, ഇറ്റ, ബദായു, അവോന, ബറേലി എന്നിവിടങ്ങളിലാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്.

യു.പിയില്‍ യാദവ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പത്തു മണ്ഡലങ്ങളിലാണ് ഇന്ന് വോ​ട്ടെടുപ്പ്. മെയിന്‍പുരി മണ്ഡലത്തിലാണ് എസ്.പി നേതാവ് ഡിംപിള്‍ യാദവ് മത്സരിക്കുന്നത്.

യാദവ വോട്ടുബാങ്കിനൊപ്പം ഇത്തവണ സമാജ്‍വാദി പാര്‍ട്ടി പിന്നാക്ക- ദലിത്- ന്യൂനപക്ഷ (പി.ഡി.എ) സമവാക്യം കൂടി പരീക്ഷിക്കുന്നു. ബി.എസ്.പിയുടെ സാന്നിധ്യം ചിലയിടത്ത് ത്രികോണമത്സര പ്രതീതിയുണ്ടാക്കിയിട്ടുണ്ട്.

2019-ൽ ഈ പത്ത് മണ്ഡലങ്ങളില്‍ എട്ടിടത്തും ബി.ജെ.പിക്കായിരുന്നു ജയം, രണ്ടിടത്ത് എസ്.പിയും. ഫിറോസാബാദ്, ബദായു എന്നിവിടങ്ങളിലൊഴികെ ബി.ജെ.പിക്ക് 50 ശതമാനത്തിലേറെ വോട്ടുമുണ്ടായിരുന്നു.

തിളക്കം കുറഞ്ഞ ബിഹാർ

ബീഹാറില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും കഴിഞ്ഞതവണ എന്‍.ഡി.എക്കായിരുന്നു ജയം. ഇത്തവണ 'ഇന്ത്യ' സഖ്യം മൂന്ന് മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വലിയ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രിയും ജനതാദള്‍- യു അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ ഇല്ലാതായ ജനപ്രീതിയാണ് ഇത്തവണ ബിഹാറിന്റെ ഫലം നിര്‍ണയിക്കുക.

ബീഹാറിലെ ഖജാരിയയില്‍ സി.പി.എമ്മിന്റെ സഞജ്‌യ് കുമാര്‍ കുശ്വാഹ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി സ്ഥാനാര്‍ഥി രാജേഷ് വര്‍മയെ നേരിടുന്നു.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മധേപുര, അറാറിയ, ജാഞ്ചര്‍പുര്‍, സുപൗല്‍, ഖജാരിയ എന്നീ അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്തും ആര്‍.ജെ.ഡി ജെ.ഡി-യു- ബി.ജെ.പി സഖ്യത്തെ നേരിടുന്നു. ഖജാരിയയില്‍ സി.പി.എമ്മിന്റെ സഞജ്‌യ് കുമാര്‍ കുശ്വാഹ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി സ്ഥാനാര്‍ഥി രാജേഷ് വര്‍മയെ നേരിടുന്നു. ജാതി സമവാക്യങ്ങളും വികസനമില്ലായ്മയും തൊഴിലിനായുള്ള കുടിയേറ്റവുമെല്ലാമാണ് ഈ മേഖലയിലെ പ്രധാന വിഷയങ്ങള്‍. നാല് മണ്ഡലങ്ങളിലും എന്‍.ഡി.എയുടെ സിറ്റിംഗ് എം.പിമാരാണ്. ഖജാരിയയില്‍ മാത്രമാണ് പുതുമുഖം. എന്നാല്‍, 'ഇന്ത്യ' സഖ്യ സ്ഥാനാര്‍ഥികളെല്ലാം പുതുമുഖങ്ങളാണ്.

​പ്രാദേശിക പാർട്ടികളുടെ ആസാം

ആസാമില്‍ കോക്രജാര്‍, ബാര്‍പേട്ട, ധുബ്‌രി, ഗുവാഹതി മണ്ഡലങ്ങളിലാണ് ഇന്ന് അവസാന ഘട്ട ഇലക്ഷന്‍.

മണ്ഡലപുനര്‍നിര്‍ണയത്തിനുശേഷം നടക്കുന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പുകൂടിയാണിത്. നിലവിലെ സാമുദായിക സമവാക്യങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്ന തരത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ മണ്ഡലങ്ങള്‍ തരംതിരിച്ചിരിക്കുന്നത്.

2019-ല്‍ ആകെയുളള 14-ല്‍ ഒമ്പതിലും ബി.ജെ.പിക്കായിരുന്നു ജയം, മൂന്നിടത്ത് കോണ്‍ഗ്രസും ഒരെണ്ണം എ.ഐ.യു.ഡി.എഫും നേടി. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കിടയില്‍ സ്വാധീനമുള്ള പ്രമോദ് ബോറോയുടെ എ.ഐ.യു.ഡി.എഫിന് പല മണ്ഡലങ്ങളിലും സ്വാധീനമുണ്ട്. ബോഡോകളുടെ ഹൃദയഭൂമിയായ കോക്രജാര്‍ കേന്ദ്രമായി പുതുതായി നിലവില്‍വന്ന പാര്‍ട്ടിയാണിത്. 2020-ല്‍ പുതിയ ബോഡോ ലാന്‍ഡ് കരാര്‍ ഒപ്പിട്ടശേഷം പാര്‍ട്ടി ബി.ജെ.പി സഖ്യകക്ഷിയായി.

ആസാമില്‍ കോക്രജാര്‍, ബാര്‍പേട്ട, ധുബ്‌രി, ഗുവാഹതി മണ്ഡലങ്ങളിലാണ് ഇന്ന് അവസാന ഘട്ട ഇലക്ഷന്‍.

അസം ജാതിയ പരിഷത്ത്, അഖില്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള രായ്‌ജോര്‍ ദല്‍ എന്നിവയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള 'ഇന്ത്യ' മുന്നണിയിലുള്ളത്.

ബി.ജെ.പി- കോണ്‍ഗ്രസ് ഏറ്റമുട്ടലില്‍ പ്രാദേശിക പാര്‍ട്ടികളാണ് പലപ്പോഴും വിധികര്‍ത്താക്കളാകുന്നത്. ബി.ജെ.പി, ആസാം ഗണ പരിഷത്ത്, യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ എന്നിവയാണ് എന്‍.ഡി.എയിലുള്ളത്. ബി.ജെ.പി 11, എ.ജി.പി- രണ്ട്, യു.പി.പി.എല്‍- ഒന്നു വീതം മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. ഗുവാഹതിയില്‍ രണ്ട് സ്ത്രീകളുടെ മത്സരമാണ് ഏറ്റവും ശ്രദ്ധേയം. ബി.ജെ.പിയുടെ ബിജുലി കലിത മേധിയും കോണ്‍ഗ്രസിന്റെ മിര ബോര്‍താകുര്‍ ഗോസ്വാമിയുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. ഇരുവരുടെയും ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പുമത്സരം കൂടിയാണിത്. 2009 മുതല്‍ ബി.ജെ.പിയുടെ സീറ്റാണ് ഗുവാഹതി, അതും സ്ത്രീ എം.പിമാര്‍.

ബാരാമതിയിൽ പവാർ കുടുംബം

മഹാരാഷ്ട്രയില്‍, പവാര്‍ കുടുംബം ഏറ്റുമുട്ടുന്ന ബാരാമതിയാണ് ഏറ്റവും ശ്രദ്ധാകേന്ദ്രം. ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലേയും പവാറിന്റെ മരുമകന്‍ അജിത് പവാറിന്റെ പങ്കാളി സുനേത്ര പവാറും തമ്മിലാണ് മത്സരം. ബാരാമതി 1999 മുതല്‍ പവാര്‍ കുടുംബത്തിന്റെ സ്വന്തം മണ്ഡലമാണ്. 1999 മുതല്‍ 2009 വരെ പവാറും അതിനുശേഷം മകള്‍ സുപ്രിയയുമാണ് മണ്ഡലത്തില്‍നിന്ന് ജയിക്കുന്നത്. എന്‍.സി.പിയെ പിളര്‍ത്തി എന്‍.ഡി.എ പക്ഷത്തേക്കുകൊണ്ടുപോയ അജിത് പവാറിനോടുള്ള ശരത് പവാറിന്റെ പ്രതീകാത്മക പ്രതികാര മത്സരം കൂടിയാണ് ഇത്തവണ ബാരാമതിയിലേത്.

അജിത് പവാര്‍ വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായി അംഗീകരിച്ചത് ശരത് പവാറിന് വന്‍ തിരിച്ചടിയാണെങ്കിലും

അതിനെ ഒരു സഹതാപതരംഗത്തിന്റെ തലത്തിലേക്ക് മാറ്റാനുള്ള തന്ത്രം കൂടിയാണ് മകളുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ അദ്ദേഹം പയറ്റുന്നത്. പാര്‍ട്ടി പിളര്‍ത്തുകയും ഉപമുഖ്യമന്ത്രിയാവുകയും ചെയ്ത അജിത് പവാറിന്റെ നടപടികളുടെ ഹിതപരിശോധന കൂടിയായിരിക്കും ബാരാമതിയുടെ റിസള്‍ട്ട്.

മഹാരാഷ്ട്രയില്‍, പവാര്‍ കുടുംബം ഏറ്റുമുട്ടുന്ന ബാരാമതിയാണ് ഏറ്റവും ശ്രദ്ധാകേന്ദ്രം. ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലേയും പവാറിന്റെ മരുമകന്‍ അജിത് പവാറിന്റെ പങ്കാളി സുനേത്ര പവാറും തമ്മിലാണ് മത്സരം.

റായ്ഗഢില്‍ എന്‍.സി.പിയുടെ സിറ്റിങ് എം.പിയും സംസ്ഥാന അധ്യക്ഷനുമായ സുനില്‍ താത്കറേ ശിവസേന ഉദ്ധവ് താക്കറേ വിഭാഗം സ്ഥാനാര്‍ഥി ആനന്ദ് ഗീതേയെ നേരിടുന്നു. ശിവസേനയുടെ ശക്തിദുര്‍ഗങ്ങളിലൊന്നാണ് ഈ മണ്ഡലം.

പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് സോളാപുരിലാണ്. കോണ്‍ഗ്രസിലെ പ്രനിതി ഷിന്‍ഡേ ബി.ജെ.പിയുടെ രാം സത്പുതേയെ നേരിടുന്നു. ഇരുവരും സിറ്റിങ് എം.എല്‍.എമാരാണ്.

പ്രതിപക്ഷസഖ്യമായ മഹാ വികാസ് അഘാടിയില്‍ ശിവസേന- കോണ്‍ഗ്രസ് തര്‍ക്കത്തിനിടയാക്കിയ സാംഗ്ലിയില്‍ ബി.ജെ.പി സിറ്റിങ് എം. പി സഞ്ജയ് കാക് പാട്ടിലിനെതിരെ ശിവസേന ഉദ്ധവ് താക്കറേ വിഭാഗം മത്സരിപ്പിക്കുന്നത് മുന്‍ ഗുസ്തിക്കാരന്‍ ചന്ദ്രഹാര്‍ പാട്ടീലിനെയാണ്. മുന്‍ മുഖ്യമന്ത്രി വസന്ത്ദാദാ പാട്ടീലിന്റെ കൊച്ചുമകന്‍ വിശാല്‍ പാട്ടീല്‍, കോണ്‍ഗ്രസുമായി ഇടഞ്ഞ് സ്വതന്ത്രനായി രംഗത്തുണ്ട്. ത്രികോണമത്സരം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് സൂചന.

ഗോവയിലെ രണ്ടു സീറ്റുകളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്നു. 2019-ല്‍ നോര്‍ത്ത് ഗോവയില്‍ ബി.ജെ.പിയും സൗത്ത് ഗോവയില്‍ കോണ്‍ഗ്രസുമാണ് ജയിച്ചത്.

ആദ്യ രണ്ടു ഘട്ടങ്ങളില്‍ 190 സീറ്റുകളിലാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ഇന്ന് മൂന്നാം ഘട്ടത്തോടെ 284 സീറ്റിലെ ജനവിധി പൂര്‍ത്തിയാകും. 543-ല്‍ ബാക്കി 259 സീറ്റുകളില്‍ അടുത്ത നാലു ഘട്ടങ്ങളിലാണ് വോട്ടെടുപ്പ്.

Comments