രാഹുൽ ഗാന്ധി
ഇന്ത്യയുടെ നെഞ്ചത്തിരുന്ന് സംസാരിക്കട്ടെ

രാഹുൽഗാന്ധി, റായിബറേലിയിൽ നല്ല ഭൂരിപക്ഷത്തിന് ജയിക്കുകയും വയനാട്ടിൽ ആനി രാജയോട് തോൽക്കുകയും വേണമെന്നാണ് ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലക്ക് എന്റെ വ്യക്തിപരമായ അഭിപ്രായം. അമേത്തിയിൽനിന്നും രാഹുൽ ഒളിച്ചോടാൻ പാടില്ലായിരുന്നു. റായിബറേലിയിൽ മത്സരിക്കുന്നുവെങ്കിൽ അത് മുമ്പേ പ്രഖ്യാപിക്കുകയും ചെയ്യേണ്ടതായിരുന്നു. നാമനിർദേശ പത്രിക നൽകാൻ അവസാനനിമിഷം വരെ സസ്പെൻസോടെ കാത്തുനിന്നതും പത്രികസമർപ്പണത്തിനുശേഷം അമ്മയുടെ നിർദ്ദേശപ്രകാരമായിരുന്നു അവിടെ മത്സരിക്കാൻ തീരുമാനിച്ചതെന്നുമുള്ള രാഹുലിന്റെ പ്രസ്താവനയും വളരെ ബാലിശമായിപ്പോയി.

രാഹുൽഗാന്ധി, റായിബറേലിയിൽ നല്ല ഭൂരിപക്ഷത്തിന് ജയിക്കുകയും വയനാട്ടിൽ ആനി രാജയോട് തോൽക്കുകയും വേണമെന്നാണ് ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലക്ക് എന്റെ വ്യക്തിപരമായ അഭിപ്രായം. അമേത്തിയിൽനിന്നും രാഹുൽ ഒളിച്ചോടാൻ പാടില്ലായിരുന്നു. റായിബറേലിയിൽ മത്സരിക്കുന്നുവെങ്കിൽ അത് മുമ്പേ പ്രഖ്യാപിക്കുകയും ചെയ്യേണ്ടതായിരുന്നു. നാമനിർദേശ പത്രിക നൽകാൻ അവസാനനിമിഷം വരെ സസ്പെൻസോടെ കാത്തുനിന്നതും പത്രികസമർപ്പണത്തിനുശേഷം അമ്മയുടെ നിർദ്ദേശപ്രകാരമായിരുന്നു അവിടെ മത്സരിക്കാൻ തീരുമാനിച്ചതെന്നുമുള്ള രാഹുലിന്റെ പ്രസ്താവനയും വളരെ ബാലിശമായിപ്പോയി. രണ്ടു ഘട്ടങ്ങളിലായി ഭാരത് ജോഡോ യാത്ര നടത്തി വിജശ്രീലാളിതനായ ഒരു നേതാവിൽനിന്നും ആ നേതാവിന്റെ പാർട്ടിയിൽനിന്നും വന്നുകൂടാത്ത രാഷ്ട്രീയ മനോഭാവമാണത്. സോണിയ ഗാന്ധിയോടുള്ള /അമ്മയോടുള്ള സ്നേഹവും വാത്സല്യവും ഒക്കെ നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, ആ പറച്ചിൽ രാഹുലിനെപ്പോലുള്ള ഒരു നേതാവിൽനിന്നും വരേണ്ട ഒന്നായിരുന്നില്ല.

അമേഠിയിൽ നിന്നും രാഹുൽ ഒളിച്ചോടിയിരിക്കുന്നു എന്ന് സ്‌മൃതി ഇറാനി മുമ്പേ പ്രഖ്യാപിച്ചത്,കോൺഗ്രസിന് നേരെ ഒരു മുഴം നീട്ടിയെറിയലായിരുന്നു.അല്ലെങ്കിൽ, ഉള്ളതായാലും ഇല്ലാത്തതായാലും കോൺഗ്രെസ്സിന്റെയും രാഹുലിന്റെയും രാഷ്ട്രീയ ഭയത്തെ ശത്രുക്കൾ തന്നെ പ്രഖ്യാപിക്കലായിരുന്നു. കേവലം അമ്പതിനായിരം വോട്ടിനാണ് 2019- ൽ സ്മൃതി ഇറാനി അമേഠിയിൽ ജയിച്ചത് എന്നോർക്കുമ്പോൾ, പുതിയ സാഹചര്യത്തിൽ എളുപ്പത്തിൽ രാഹുലിന് തിരിച്ചുപിടിക്കാവുന്ന മണ്ഡലമായിരുന്നു അത്. അതിനൊക്കെയുള്ള രാഷ്ട്രീയ ഇമേജ് തന്റെ കഠിനമായ സഹന- രാഷ്ട്രീയ പരിപാടികളിലൂടെ അദ്ദേഹം ആർജ്ജിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല, മൂന്ന് പ്രാവശ്യം രാഹുൽ ജയിച്ചു കയറിയതും തന്റെ രാഷ്ട്രീയ ജീവിതത്തിന് ബാലപാഠങ്ങളും കരുത്തു പകർന്ന മണ്ണും മനുഷ്യരുമായിരുന്നു അവിടെയുള്ളതെന്നും അദ്ദേഹവും തിരിച്ചറിയേണ്ടതുമായിരുന്നു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയ വേരുകൾ ആഴ്ന്നിറങ്ങിയ മണ്ണാണ് അതെന്നുള്ള കാര്യം കോൺഗ്രസും വിസ്മരിക്കരുതായിരുന്നു.

രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

വൻ രാഷ്ട്രീയ പാരമ്പര്യമുള്ള കോൺഗ്രെസ്സിനെ ചെറിയ ചെറിയ കാര്യങ്ങൾ പേടിപ്പിക്കുന്നത് എന്തുകൊണ്ടാണ്?കോൺഗ്രസിനെതിരെ ചെറുതും വലുതുമായ ഭയപ്പാടുകൾ സൃഷ്ടിച്ചുകൊണ്ടാണ്, ഇന്ത്യയുടെ ഹൃദയഭൂമി ബി ജെ പി സ്വന്തമാക്കിയതെന്ന് ആ പാർട്ടിക്ക് ചിന്ത പോകാത്തതെന്തുകൊണ്ടാണ്?

ഇന്ത്യയാകമാനം ഇമ്മട്ടിൽ ഇരുളും ഭയവും വീണുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പേ അമേഠിയിലും റായ് ബറേലിയിലും നെഹ്‌റു കുടുംബാംഗങ്ങൾ മത്സരിക്കുമെന്നു തന്നെ പ്രഖ്യാപിക്കപ്പെടണമായിരുന്നു. ശത്രുവിന്റെ ആയുധത്തിന്റെ മൂർച്ച കുറയ്ക്കാൻ അതുതന്നെ ധാരാളമാണ്. ഏതു വിഭാഗത്തിന്റെയും പിന്മാറ്റമനോഭാവത്തിലാണ് ശത്രു കൂടുതൽ മുന്നേറുക. ഈ രാഷ്ട്രീയ അടവാണ് മോദി പലപ്പോഴും തന്റെ നിലപാടുകളിൽ ആവർത്തിച്ചു കണ്ടിട്ടുള്ളത്. റായി ബറേലിയിൽ പത്രിക നൽകിയ ഉടൻ അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുകയും ചെയ്യും.രാഹുൽ അമേഠിയിൽനിന്നും ഒളിച്ചോടി എന്നായിരുന്നു,പ്രധാനമന്ത്രിയുടെ കമന്റ്‌. സ്‌മൃതി ഇറാനി തുടക്കമിട്ട രാഷ്ട്രീയമുരൾച്ചയുടെ നീട്ടിപ്പാടലായിരുന്നു അത്.അല്ലെങ്കിലും, സന്നിഗ്ദ്ധ സാഹചര്യത്തിൽ ഇന്ത്യ മുഴുവൻ നടന്നുകണ്ട രാഹുൽ എന്തിനാണ് ഓലപ്പാമ്പുകളെ ഭയക്കുന്നത്?അതോ കോൺഗ്രസ് ആണോ ഭയക്കുന്നത്?

സത്യത്തിൽ കോൺഗ്രസ് ആരെയാണ് ഭയക്കുന്നത്? നിഷ്പക്ഷമായി ഇന്ത്യയിലെ കോൺഗ്രസ് രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്ക് ഒരു കാര്യം തിരിയും. കോൺഗ്രസിൽ വ്യക്തമായ രണ്ടു പടലയുണ്ട്. ഒന്ന് ഉറച്ച രാഷ്ട്രീയ നിലപാടുള്ളവരുടെ ഒരു സംഘമാണ്. മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഇന്ന് അവർക്ക് ശക്തി കൈവന്നിട്ടുണ്ട്. താഴ്ന്ന ജാതിയിൽനിന്നുമുള്ള ശക്തനായ നേതാവിന്റെ സാന്നിധ്യം അംഗീകരിച്ചുകൊണ്ട് നിശ്ചയദാർഢ്യത്തോടെ അവർ ആ വിശ്വാസത്തിന് അടിവരയിടുന്നു.മറ്റേത്, മൃദു ഹിന്ദുത്വത്തെ അല്ലെങ്കിൽ , അധികാര ഹിന്ദുത്വത്തെ ഭയന്നോ അല്ലെങ്കിൽ അവരിൽനിന്നും ഒളിഞ്ഞും തെളിഞ്ഞും ഗിഫ്റ്റ് കൊതിച്ചോ നിലവിലുള്ള നേതൃത്വത്തിൽ അവിശ്വസിച്ച് ജാതീയമായ അതൃപ്തി ഉള്ളിൽ സൂക്ഷിച്ചോ ജീവിക്കുന്ന കോൺഗ്രസിന്റെ തന്നെ യഥാർത്ഥ ശത്രുക്കൾ.

മല്ലികാർജ്ജൂൻ ഖാർഗെ
മല്ലികാർജ്ജൂൻ ഖാർഗെ

ഉണർന്നു പ്രവർത്തിച്ചാൽ ഖാർഗെയിലൂടെ കോൺഗ്രസിന് തീർച്ചയായും തിരിച്ചുവരാൻ പറ്റും. അതിനുള്ള സംഘടനാ ശേഷി ഇന്ത്യയിൽ എല്ലായിടത്തും ഇന്ന് കോൺഗ്രസിന് ഉണ്ട്. എന്നാൽ അതിനെ തടയിടുന്ന ശക്തി കോൺഗ്രസ്സിൽതന്നെയുള്ള രണ്ടാമത്തെ കൂട്ടരാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ന് തലപ്പത്തിരുന്ന് നയിക്കുന്ന കേരളമുൾപ്പെടെയുള്ള തെന്നിന്ത്യൻ കോൺഗ്രസിൽവരെ ഒരുതരം അഴകൊഴമ്പരായ ‘മൃദുലവികാരി’കളുണ്ട്.

വയനാട്ടിലെ രാഹുലിന്റെ ജയം ലോകജയമായി കൊണ്ടാടുന്നത് ഒരു പരിധിവരെ അവരാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഈയാലോചന കോൺഗ്രസ്സിന്റെ ശക്തിയെ ഉലയ്ക്കുകയേയുള്ളു. അത് അറിയാത്തവരല്ല നടേ സൂചിപ്പിച്ച നെഹ്‌റു കുടുംബത്തിന്റെ പേരിൽ ആശ്രിതവൃത്തി ചെയ്യുന്ന ഈ ‘സോഫ്റ്റ്വുഡ് ’ നേതാക്കൾ.

കാരണം യു പി യിലും ഇന്ത്യയുടെ മറ്റു ഹിന്ദിഹൃദയ ഭൂമിയിലും യോഗിയുടെയും മറ്റും നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത കർക്കശമായ ഒരു ‘പശു ബെൽറ്റ്’തന്നെയുണ്ട്. ഇന്ത്യയാകമാനം അത് വ്യാപിപ്പിക്കുക എന്നത് അവരുടെ അടുത്ത യജ്ഞമാണ്. അയോദ്ധ്യയിലെ രാമക്ഷേത്രോത്ഘാടനം കഴിഞ്ഞതോടെ തങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെ ശക്തമായ ഒന്നാം ഘട്ടം അവർ പിന്നിട്ടു. അതിന്റെ സാക്ഷാൽക്കരണത്തിന് ബി ജെ പി കരുവാക്കിയത് കോൺഗ്രസ് വിരോധവും ഇന്ത്യൻ ന്യൂനപക്ഷ വിരോധവുമാണ്, എന്നോർക്കുക. നെഹ്‌റുവിനെതിരെയുള്ള ആഖ്യാനങ്ങളും ചരിത്രത്തെ വളച്ചൊടിക്കലുമായി സംഘപരിവാർ അത് ആഘോഷിച്ചു. അത്തരം അഖ്യാനങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ കോൺഗ്രസിനായില്ല. അതിനുകാരണം,കോൺഗ്രസിന്നകത്തുതന്നെയുള്ള രണ്ടാമത് പറഞ്ഞ മൃദു ഹിന്ദുത്വ വലതുപക്ഷ ശക്തികൾ തന്നെയായിരുന്നു. അതിന്റെ ഫലശ്രുതിയാണ്, ഏറ്റവുമൊടുവിൽ , പത്രിക പിൻവലിച്ചു ബി ജെ പി യെ എതിരില്ലാതെ ജയിപ്പിച്ച ഏതാനും കോൺഗ്രസ് സ്ഥാനാർഥികളിലൂടെ വെളിച്ചപ്പെട്ടത്. യഥാർത്ഥത്തിൽ കോൺഗ്രസിന്റെ യഥാർത്ഥ ശത്രു പുറത്തല്ല.

 സ്മൃതി ഇറാനി
സ്മൃതി ഇറാനി

ഈ മൃദു ഹിന്ദുത്വ ഘോഷങ്ങൾക്ക് പലപ്പോഴും സ്വതന്ത്ര ചിന്താഗതികരനായ രാഹുലിന് വരെ ‘മൃദു ഇര’യാവേണ്ടി വന്നത് നാം കണ്ടതാണ്. രാഹുലിന്റെ ശക്തമായ രാഷ്ട്രീയ പ്രസ്താവനകൾ കോൺഗ്രസിനകത്തുതന്നെ മുങ്ങിപ്പോവുകയോ രാഹുലിൽത്തന്നെ ഓടുങ്ങിപ്പോവുകയോ ചെയ്തിട്ടുള്ള നിരവധി ഉദാഹരണങ്ങൾ നമുക്ക് നിരത്താൻ പറ്റും.

രാഹുൽ കേരളത്തിൽ / വയനാട്ടിൽ ലോക്‌സാഭാസാമാജികനായി തുടർന്നാൽ ഇന്ത്യയിൽ തേനും പാലുമൊഴുകും എന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ അവകാശവാദം തെറ്റാണ്‌ എന്ന് ഞാൻ വാദിക്കും. കാരണം, സംഘപരിവാറിന്റെ കോൺഗ്രസ് പേടിക്ക് സമാധാനം തേടാനും ദേശീയ തലത്തിൽനിന്നും ഒരു മൂലയിലേക്ക് കോൺഗ്രസിനെ ഒതുക്കാനും ഇത് അവർക്ക് കൂടുതൽ കരുത്താവും. അതുകൊണ്ടാണ്, മികച്ച രാഷ്ട്രീയ നിരീക്ഷകരൊക്കെ ഇന്ത്യയുടെ ഹിന്ദിഹൃദയഭൂമിയിൽനിന്നുതന്നെ രാഹുൽ അധികാരത്തിലേക്ക് വരണം എന്ന് വാദിക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഏറെ വ്യത്യസ്തമായിരിക്കെ, വെറുപ്പ് കൊണ്ട് ഇരുൾമൂടിയ ഇന്ത്യയുടെ ഹൃദയഭൂമിയിൽ ‘സ്നേഹത്തിന്റെ പീടിക തുറക്കാൻ’ രാഹുലിന്റെ രാഷ്ട്രീയ പ്രവേശത്തിന് കഴിയേണ്ടതുണ്ട്. അതുതന്നെയാണ് ബി ജെ പി യും ഭയക്കുന്നത്. മാത്രമല്ല, വയനാട്ടിൽ രാഹുലിന്റെ അരങ്ങേറ്റം കൊണ്ട് നാട്ടുകാർ പ്രതീക്ഷിച്ച കാര്യങ്ങൾ മുഴുവനായി ചെയ്തുതീർത്തു എന്ന് പറയുന്നത് ശുദ്ധമിത്താണ്. തന്റെ മണ്ഡലത്തിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവനകൾ തന്നെ അതിന് തെളിവാണ്.

കോൺഗ്രസ് ഇന്ത്യയിൽനിന്നും നിഷ്കാസിതമാവണം എന്ന നേരെറ്റീവ് വെറുമൊരു തെരഞ്ഞെടുപ്പ് പരസ്യപ്പലകയല്ല, മറിച്ചു സംഘപരിവാറിന്റെ രാഷ്ട്രീയ വിരോധത്തിന്റെ ചരിത്രപരമായ തുറുപ്പുശീട്ടാണ്. അതുപോലും കോൺൺഗ്രസിന്റെ നേതാക്കൾക്ക് മനസ്സിലാവുന്നില്ലയെന്നത് കണ്ണടച്ചു ഇരുട്ടക്കലാണ്?

കാലങ്ങളായി തുടരുന്ന കേരളത്തിലെ പ്രത്യേക മുന്നണി സംവിധാനം INDIA മുന്നണിക്ക് ചില പ്രശ്നങ്ങളൊക്കെ സൃഷ്രിക്കുന്നുണ്ട്. അതേസമയം കേരളത്തിൽ അതങ്ങനെതന്നെ തുടരേണ്ടത് നിലവിലുള്ള കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിന്റെ അനിവാര്യതയുമാണ്. എന്നാൽ, കാര്യക്ഷമവും ക്രിയാത്മകവുമായ രാഷ്ട്രീയവിമർശനങ്ങൾക്ക് പകരം തെരഞ്ഞെടുപ്പുകാലത്ത് വടകര പോലുള്ള സഭാമണ്ഡലങ്ങളിൽ ഉൽപാദിപ്പിക്കപ്പെട്ട പരസ്പര വെറുപ്പിന്റെ രാഷ്ട്രീയഖ്യാനങ്ങൾ പൊതുവെ ഇന്ത്യയിൽ ഗുണംചെയ്യുക ‘ഇന്ത്യാ മുന്നണി’ക്കല്ല എന്ന കാര്യത്തിൽ തർക്കമില്ല. എന്നുമാത്രമല്ല ഇത്തരം വെറുപ്പിന്റെയും വർഗീയതയുടെയും ആഖ്യാനങ്ങൾ ഇന്ത്യയിലും കേരളത്തിൽ പ്രത്യേകിച്ചും ന്യൂന പക്ഷങ്ങളെ പരസ്പരം അകറ്റാനും വോട്ടുബാങ്കിൽ ധ്രുവീകരണമുണ്ടാക്കാനും ബി ജെ പി ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെത്തന്നെ നാണയമറുപുറമായി നമുക്ക് വിലയിരിത്താവുന്നതാണ്.

സി പി എം രാഷ്ട്രീയത്തിന്റെ ‘ചങ്ങാത്ത മുതലാളിത്ത’ വഴികൾ തന്നെയാണ് അതേ കാര്യം ഇന്ത്യയിൽ വ്യാപകമായി അധികാരസ്ഥമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ബി ജെ പിയും കേരളത്തിൽ സി പി എമ്മിന് എതിരെയുള്ള വടിയാക്കി മാറ്റുന്നത്.കേരളത്തിലെ ഇടതുപക്ഷവും ഇന്ത്യയിലെ ഇടതു പാർട്ടി നേതൃത്വവും തമ്മിലുള്ള ഒരു വിടവ്‌ ഇക്കാര്യത്തിലുമുണ്ട്.

ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി
ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി

രാഹുൽഗാന്ധി റായ് ബറേലിയിൽ വിജയിച്ച് വയനാട്ടിൽ തോൽക്കണമെന്ന് ഞാൻ കരുതുന്നതിന്റെ ന്യായം തീർത്തും രാഷ്ട്രീയ ക്രിയാത്മകതയുടെയാണ്. ജോഡോ യാത്രയിലൂടെ മറ്റൊരു മികച്ച ഇമേജിലേക്ക് വന്ന രാഹുൽ, ശത്രുക്കളുടെ ‘അമുൽ ബേബി’ അഖ്യാനങ്ങളെ ശരിക്കും കുടഞ്ഞെറിഞ്ഞു. മറ്റൊന്ന്, ഇന്ത്യയുടെ ചരിത്രവും നെഹ്‌റു കുടുംബത്തിന്റെ ചരിത്രവും തമ്മിലുള്ള ബന്ധം അത്രപെട്ടെന്ന് അടർത്തിമാറ്റാവുന്ന ഒന്നല്ല, പ്രത്യേകിച്ച് നെഹ്‌റുവിന്റെ ചരിത്രത്തെത്തന്നെ പാഠപുസ്തകങ്ങളിൽനിന്നും തെരുവുകളിൽനിന്ന് പോലും ഒഴിവാക്കിക്കൊണ്ടിരിക്കുന്ന സമകാലീന ഇന്ത്യയിൽ.ഈ ‘നെഹ്‌റു ഒഴിവാക്കപ്പെടലി’നെതിരെ ഇന്ത്യൻ ചരിത്രത്തെ കരുതലോടെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഇവിടുത്തെ ഇടതുപക്ഷബുദ്ധിജീവികളിൽനിന്നാണ് കൂടുതലും ഉണ്ടായതെന്ന കാര്യം മറക്കാവതല്ല.ആയതുകൊണ്ട്,രാഹുൽ അമേത്തിയിൽനിന്നോ റായ്ബറേലിയിൽനിന്നോ തന്നെ പാർലമെന്റിലേക്ക് തിരിച്ചുകയറിവരണം. അപ്പോഴേ, ഇപ്പോൾ ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ മുറിവുകളോട് രാഹുലിനും രാഷ്ട്രീയമായി പൊരുതാനാവൂ.


ഇനി മറ്റൊരു കാര്യം , വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കുന്നത് ഇടത് ദേശീയ നേതാവായ ആനി രാജയാണ്. മണിപ്പൂരിൽ ധ്രുവീകരണ രാഷ്ട്രീയം പത്തിവിടർത്തിയാടിയപ്പോൾ കലാപസ്ഥലങ്ങൾ സന്ദർശിച്ചു മണിപ്പൂരിന്റെ നീറുന്ന പ്രശ്നങ്ങൾ ഇന്ത്യയെ ആദ്യം കേൾപ്പിച്ചത് ആനി രാജയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ശേഷമാണ് രാഹുലിന്റെ ജോഡോ സംഘം മണിപ്പൂറിലെത്തി കലാപത്തിന്റെ രാഷ്ട്രീയ നിജസ്ഥിതി കൂടുതൽ ആളുകളിലേക്കെത്തിച്ചത്. അതുകൊണ്ടൊക്കെത്തന്നെയാണ്, വയനാട്ടിൽ മത്സരാർഥി കൂടിയായ ആനി രാജ കൂടുതൽ പ്രസക്തയാവുന്നത്.’റായ്ബറേലിയിലെ മത്സരവിവരം രാഹുൽ വയനാട്ടിലെ ജനങ്ങളിൽ നിന്നും മറച്ചുപിടിച്ചു’ എന്ന് അവർ ഒരു പ്രസ്താവനയിറക്കിയതിനെ വെറുമൊരു രാഷ്ട്രീയ പ്രോപ്പഗണ്ടയായ് മാത്രം തള്ളിക്കളഞ്ഞുകൂടാ.മാത്രമല്ല, റായ് ബറേലി പത്രിക സമർപ്പണത്തിനു തൊട്ടു പിറകെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പ്രതികരിച്ചത്, അവിടെ പാർട്ടി സമ്പൂർണമായും കോൺഗ്രസിനെ തുണക്കുമെന്നാണ്.

ആനി രാജ
ആനി രാജ

ഇനി ആനി രാജ വയനാട്ടിൽ ജയിച്ചാലോ? റായ്ബറേലിയിൽനിന്നും രാഹുൽ സമർത്ഥമായി ജയിച്ചുകയറുന്നുവെങ്കിൽ തീർച്ചയായും ഈ രണ്ടു ജയവും ഇന്ത്യൻ പാർ ലമെന്റിൽ ‘ഇന്ത്യാമുന്നണി’ക്ക് മുതൽക്കൂട്ടാവും.

ഇന്ത്യയിൽ തിളച്ചുമറിയുന്ന ധ്രുവീകരണത്തിന്റെ രാഷ്ട്രീയം കോൺഗ്രസ് സ്വയം തിരിച്ചറിയുന്നില്ലെങ്കിൽ കോൺഗ്രസിനെ ഇന്ത്യയിൽനിന്നും പുറത്താക്കുക ബാഹ്യ ശക്തികൾ ആവില്ല,കോൺഗ്രസ് തന്നെയായിരിക്കും.ജനങ്ങളെ പഴിചാരി ഇനി രക്ഷപ്പെടാനുമാവില്ല.എല്ലാ ജനവിഭാഗങ്ങൾക്കും സ്വതന്ത്രമായി ഇന്ത്യയിൽ ജീവിക്കാനും ഭരണ ഘടനയഅനുസരിച്ചു അവരവരുടെ വിശ്വാസപ്രമാണങ്ങൾ മുറുകെപ്പിടിക്കാനും ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ട് എന്നിരിക്കെ അവർക്കുവേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇനിയെന്താണ് ചെയ്യാനുള്ളത് എന്ന തീരുമാനമെടുക്കേണ്ടത് സ്വയം നിലനിൽപ്പിനുവേണ്ടിയുള്ള കോൺഗ്രസിന്റെ തന്നെ രാഷ്ട്രീയ ബാധ്യതയാവുന്നു.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments