രാഷ്ട്രീയ നിലപാടിന്റെ തമിഴ് വോട്ട്

തമിഴ്‌നാടിന്റെ രാഷ്ട്രീയ സാഹചര്യം ഇന്ന് തികച്ചും വ്യത്യസ്തമാണ്. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ ജനകീയ ഭരണം കാഴ്ചവെച്ച് തങ്ങൾക്ക് അനുകൂലമായ ഒരു ഗ്രൗണ്ട് സൃഷ്ടിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുപ്പിൽ ഡി.എം.കെക്കും ഇന്ത്യ മുന്നണിക്കും അനുകൂലമായ അന്തരീക്ഷമൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Election Desk

ബ്രാഹ്മണിക്കൽ മേധാവിത്വത്തിനും ജാതിവ്യവസ്ഥക്കുമെതിരെ നിരന്തര പോരാട്ടം നടന്ന മണ്ണാണ് തമിഴ്നാട്. സംഘപരിവാർ വിരുദ്ധരാഷ്ട്രീയം ചോരയിൽ അലിഞ്ഞുചേർന്ന മണ്ണ്. 2019-ൽ ബി.ജെ.പി രണ്ടാം വട്ടവും അധികാരമുറപ്പിക്കുകയും ഫെഡറലിസത്തിന്റെ അടിസ്ഥാനതത്വങ്ങൾ പോലും ലംഘിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങളിലേക്കും അധികാരങ്ങളിലേക്കും കടന്നുകയറിയപ്പോൾ, ദക്ഷിണേന്ത്യയിൽനിന്ന് അതിനെതിരായ ഏറ്റവും ശക്തമായ പ്രതിരോധം തീർത്തത് തമിഴ്നാടായിരുന്നു.

അണ്ണമലൈയുടെ നേതൃത്വത്തിൽ ദ്രാവിഡ മണ്ണിൽ വേരുറപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം ബി.ജെ.പി നടത്തുന്ന ഘട്ടത്തിലാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പ് എന്നത് പ്രാധാന്യമർഹിക്കുന്നു. തെരഞ്ഞെടുപ്പുഫലം അതുകൊണ്ടുതന്നെ ഈ സംസ്ഥാനത്തിന്റെയും സ്റ്റാലിൻ എന്ന നേതൃത്വത്തിന്റെയും നിലപാടുകളുടെ കൂടി പ്രതിഫലനമായിരിക്കും.

എം.കെ. സ്റ്റാലിന്‍
എം.കെ. സ്റ്റാലിന്‍

തിരുവള്ളൂർ, ചെന്നൈ നോർത്ത്, ചെന്നൈ സൗത്ത്, ചെന്നൈ സെൻട്രൽ, ശ്രീപെരുമ്പത്തൂർ, കാഞ്ചീപുരം, ആരക്കോണം, വെല്ലൂർ, കൃഷ്ണഗിരി, ധർമ്മപുരി, തിരുവണ്ണാമലൈ, ആരാണി, വിഴുപ്പുരം, കള്ളക്കുറിച്ചി, സേലം, നാമക്കൽ, ഈറോഡ്, തിരുപ്പൂർ, നീലഗിരി, കോയമ്പത്തൂർ, നടരാജൻ, പൊള്ളാച്ചി, ദിണ്ടിഗൽ, കരൂർ,തിരുച്ചിറപ്പള്ളി, പേരാമ്പ്ര, കടലൂർ, ചിദംബരം, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂർ, ശിവഗംഗ, മധുരൈ, വിരുദുനഗർ, രാമനാഥപുരം, തൂത്തുക്കുടി, തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി എന്നിങ്ങനെ 39 ലോക്സഭ മണ്ഡലങ്ങളാണ് തമിഴ്നാട്ടിലുള്ളത്.

ഡി.എം.കെ, കോൺഗ്രസ്, സി.പി.ഐ, സി.പി.എം, മുസ്‍ലിം ലീഗ്, വി.സി.കെ എന്നീ പാർട്ടികൾ ചേർന്ന സഖ്യകക്ഷിയാണ് 2019-ൽ 39 സീറ്റിൽ 38എണ്ണവും നേടിയത്. ഡി.എം.കെയുടെ 24 സീറ്റുകൾക്ക് പുറമെ കോൺഗ്രസിന് എട്ട്, സി.പി.ഐക്കും സി.പി.എമ്മിനും രണ്ടു വീതം, മുസ്‍ലിം ലീഗിനും വി.സി.കെക്കും ഒന്നു വീതം സീറ്റുകളാണ് ലഭിച്ചത്. എൻ.ഡി.എ ഘടക കക്ഷിയായ എ.ഐ.ഡി.എം.കെ ഒരു സീറ്റ് മാത്രമാണ് നേടിയത്.

എടപ്പാടി കെ. പളനിസ്വാമി
എടപ്പാടി കെ. പളനിസ്വാമി

ഡി.എം.കെ സഖ്യകക്ഷികളായ സി.പി.എമ്മും സി.പി.ഐയും ഇത്തവണ നാലു വീതം സീറ്റുകളിലാണ് മത്സരിക്കുന്നത്. സി.പി.എം മധുരയിലും ഡിണ്ടിഗലിലുമാണ് മത്സരിക്കുക. കഴിഞ്ഞ തവണ 5.38 ലക്ഷം വോട്ടിന് ഡി.എം.കെ ജയിച്ച മണ്ഡലമാണ് ഡിണ്ടിഗല്‍.
കഴിഞ്ഞ തവണ സി.പി.എം ജയിച്ച കോയമ്പത്തൂര്‍ ഇത്തവണ ഡി.എം.കെ ഏറ്റെടുക്കുകയായിരുന്നു. സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.ആര്‍. നടരാജന്റെ സീറ്റാണ് കോയമ്പത്തൂര്‍. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈ കോയമ്പത്തൂരില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഡി.എം.കെ സീറ്റ് ഏറ്റെടുത്തത്. സി.പി.ഐ നാഗപട്ടണത്തും തിരുപ്പൂരിലും മത്സരിക്കും.

എന്‍.ഡി.എ മുന്നണി തീരെ ദുര്‍ബലമാണ്. അണ്ണ ഡി.എം.കെ വിമതനേതാവ് ഒ. പനീര്‍ശെല്‍വവും ടി.ടി.വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും പോലുള്ള പാര്‍ട്ടികളെ കൂടെക്കൂട്ടാനാണ് ബി.ജെ.പി ശ്രമം. നടന്‍ ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷിയെ ബി.ജെ.പിയില്‍ ലയിപ്പിച്ചും മറ്റും ജനങ്ങളെ ആകര്‍ഷിക്കാനുള്ള വിദ്യകള്‍ ബി.ജെ.പി പയറ്റുന്നുണ്ട്. തെക്കന്‍ തമിഴ്‌നാട്ടില്‍ ശരത് കുമാറിന് നാടാന്‍ വിഭാഗത്തിലുള്ള സ്വാധീനം വോട്ടാക്കാം എന്ന് ബി.ജെ.പി കരുതുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമത്വ മക്കള്‍ കക്ഷി രണ്ടു സീറ്റില്‍ ജയിച്ചിരുന്നു.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ 2014-ലെ തെരഞ്ഞെടുപ്പിൽ തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂപടം ഇതായിരുന്നില്ല. എ.ഐ.ഡി.എം.കെ മുന്നണിക്കായിരുന്നു സർവ്വാധിപത്യം. 39 ലോക്സഭ സീറ്റുകളിൽ 37- ഉം അവർ നേടി. ലോക്സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയായി പാർട്ടി മാറുകയും ചെയ്തു. 1962- ലെ തിരഞ്ഞെടുപ്പിൽ 31 സീറ്റു നേടി കോൺഗ്രസ് കൈവരിച്ച നേട്ടത്തിനുശേഷം സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. പ്രമുഖ ഡി.എം.കെ നേതാക്കളും മുൻ കേന്ദ്ര കാബിനറ്റ് മന്ത്രിമാരുമായ ടി.ആർ. ബാലു, എ. രാജ , ദയാനിധി മാരൻ എന്നിവർ പരാജയപ്പെട്ടു. ജയലളിതയുടെ മരണവും തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും അധികാര തർക്കങ്ങളും എ.ഐ.ഡി.എം.കെയെ ദുർബലമാക്കിയതോടെ തമിഴ്നാട് രാഷ്ട്രീയം വീണ്ടും കലങ്ങിമറിഞ്ഞു.

തമിഴ്‌നാടിന്റെ രാഷ്ട്രീയ സാഹചര്യം ഇന്ന് തികച്ചും വ്യത്യസ്തമാണ്. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ ജനകീയ ഭരണം കാഴ്ചവെച്ച് തങ്ങൾക്ക് അനുകൂലമായ ഒരു ഗ്രൗണ്ട് സൃഷ്ടിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുപ്പിൽ ഡി.എം.കെക്കും ഇന്ത്യ മുന്നണിക്കും അനുകൂലമായ അന്തരീക്ഷമൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കെ. അണ്ണാമലൈ
കെ. അണ്ണാമലൈ

സ്റ്റാലിൻ വിട്ടുവീഴ്ചയില്ലാതെ തുടരുന്ന സംഘപരിവാർ വിരുദ്ധ രാഷ്ട്രീയവും സനാധന ധർമ്മവുമായി ബന്ധപ്പെട്ട് ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയുമെല്ലാം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഡി.എം.കെ. ഇന്ത്യ മുന്നണിയുടെ ഭാഗമായ 26 പാർട്ടികളിൽ പ്രധാന പാർട്ടി കൂടിയാണ് ഡി.എം.കെ. അതിനാൽ, ദേശീയ തലത്തിലും ഡി.എം.കെയുടെ വിജയത്തിന് വലിയ പ്രാധാന്യമുണ്ട്.

സിനിമാ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് വരുക തമിഴ്നാട് രാഷ്ട്രീയത്തിന്റെ ശൈലിയാണ്. എന്നാൽ ജയലളിതക്കുശേഷം അത്തരത്തിലൊരു വിജയം നേടാൻ ഒരു താരത്തിനും സാധിച്ചിട്ടില്ല. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2018-ലാണ് നടൻ കമൽഹാസൻ അധ്യക്ഷനായി മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. 2019-ലെ ലോക്‌ലൊ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാൻ പാർട്ടിക്ക് കഴിഞ്ഞില്ല.

കമൽ ഹാസൻ, എം.കെ. സ്റ്റാലിൻ
കമൽ ഹാസൻ, എം.കെ. സ്റ്റാലിൻ

എന്നാൽ ഇത്തവണ ഡി.എം.കെ മുന്നണിയിലാണ് കമലിന്റെ പാർട്ടി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല, പകരം, സംസ്ഥാനത്ത് ഡി.എം.കെ മുന്നണിയുടെ താര പ്രചാരകനാകും, കമൽ. 2025-ലെ രാജ്യസഭാ തെര​ഞ്ഞെടുപ്പിൽ കമലിന് സീറ്റ് നൽകാനും ധാരണയുണ്ട്.

നടൻ വിജയ് തമിഴക വെട്രി കഴകമെന്ന പേരിൽ പാർട്ടി രൂപീകരിച്ചെങ്കിലും ലോക്‌സഭ മത്സരത്തിനില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ അടക്കം വിജയ് സ്വീകരിക്കുന്ന ബി.ജെ.പി വിരുദ്ധ നിലപാട്, സംസ്ഥാനത്തെ സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്ലാറ്റ്ഫോം വിപുലമാക്കും.

കുറച്ച് മാസങ്ങൾ പിന്നോട്ട് പോകാം; 2023 മെയ് 28. വി.ഡി. സവർക്കറുടെ ജന്മദിനത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുന്നു, അവിടെ രാജഭരണത്തെ ഓർമിപ്പിക്കുംവിധം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു ചെങ്കോൽ പ്രതിഷ്ഠയും നടക്കുന്നു. ഈ ചെങ്കോലിന് നിരവധി രാഷ്ട്രീയ മാനങ്ങളുണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്ന് തമിഴ് വോട്ടുകളെ സ്വാധീനിക്കാനുള്ള ശ്രമമായിരുന്നു. സംഘപരിവാർ വാട്സാപ്പ് യൂണിവേഴ്സിറ്റി മെനഞ്ഞെടുത്ത ചെങ്കോൽ ചരിത്രം യഥാർഥ്യമാക്കാൻ തമിഴ്നാട്ടിൽ നിന്ന് ഒരുകൂട്ടം ശൈവ സന്യാസിമാരെ മോദിയും സംഘവും പാർലമെന്റിലെത്തിച്ചു. ഈ സൂത്രം ഉന്നംവെച്ചത് തമിഴ്നാട് വോട്ട് ബാങ്കിനെ തന്നെയായിരുന്നു.

ചെങ്കോലിനൊപ്പം മോദി
ചെങ്കോലിനൊപ്പം മോദി

അഞ്ചുവർഷത്തിനിടയിൽ തമിഴ്നാടിനെ ലക്ഷ്യം വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും നിരവധി രാഷ്ട്രീയ സമ്മർദ സൂത്രങ്ങൾ പയറ്റി. അതിൽ ഒന്ന് ഗവർണറെ ഉപയോഗിച്ചുള്ള കടന്നുകയറ്റമായിരുന്നു. മുഖ്യമന്ത്രി സ്റ്റാലിൻ ശക്തമായി തന്നെ ഇത്തരം നീക്കങ്ങൾക്കെതിരെ പലകുറി സംസാരിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഫെഡറൽ വിരുദ്ധ നയങ്ങൾക്കെതിരെ കേരളം ഡൽഹിയിൽ സംഘടിപ്പിച്ച സമരപരിപാടിക്ക് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ പിന്തുണയും നൽകിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ഇത്തരം ഇടപെടലുകൾ ലോക്സഭ തെരഞ്ഞെടുപ്പിൽ ചർച്ചയാകും.

മോദി തന്നെയാണ് ഇത്തവണ തമിഴ്നാട്ടിൽ എൻ.ഡി.എ കാമ്പയിന് നേതൃത്വം നൽകുന്നതെന്നു പറയാം. മോദി ഇതിനകം നിരവധി പ്രചാരണപരിപാടികളിലാണ് പങ്കെടുത്തത്. മാര്‍ച്ച് 15,16,17 തീയതികളില്‍ മോദി കന്യാകുമാരി, തിരുനല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം, തെങ്കാശി മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ഥികളെ നേരിട്ട് പരിചയപ്പെടുത്തുന്ന കാമ്പയിനില്‍ പങ്കെടുക്കുന്നുണ്ട്. ഒരു മാസത്തിനിടെ മോദിയുടെ മൂന്നാമത്തെ തമിഴ്‌നാട് സന്ദര്‍ശനമാണിത്.


Summary: എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ ജനകീയ ഭരണം കാഴ്ചവെച്ച് തങ്ങൾക്ക് അനുകൂലമായ ഒരു ഗ്രൗണ്ട് സൃഷ്ടിച്ചിട്ടുണ്ട്.


Comments