രേവന്ത് റെഡ്ഢി

‘നേനു വിന്നാനു, നേനു ഉന്നാനു’

കോണ്‍ഗ്രസിനെ ബി.ജെ.പിക്കെതിരായ പ്രതിപക്ഷമായി വികസിപ്പിക്കുന്നതില്‍ പുതുതലമുറ നേതൃത്വത്തിനുള്ള പ്രസക്തിയാണ് രേവന്ത് റെഡ്ഢിയുടെ രാഷ്ട്രീയ ജീവിതം പറയുന്നത്.

തീര്‍ത്തും അപ്രധാനമായ ഒരു കാലഘട്ടത്തില്‍നിന്നും തീർത്തും അപ്രസക്തമായ ഒരു വാചകത്തിൽനിന്നുമാണ് മാധ്യമങ്ങള്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് പറഞ്ഞുതുടങ്ങുക; വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍നിന്ന് തുടക്കം, എ.ബി.വി.പിയിലൂടെ. ഇപ്പോള്‍, ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിന്റെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ബി.ജെ.പിക്കും നരേന്ദ്രമോദി സര്‍ക്കാറിനും എതിരെ രാഷ്ട്രീയ പ്രതിരോധം തീർക്കുമ്പോൾ, പഴയ എ.ബി.വി.ബി ബന്ധം സൂചിപ്പിക്കുന്നതിലുള്ള ഒളിഞ്ഞുനോട്ടസുഖം മാത്രമല്ല അതിലുള്ളത്. ‘കോൺ​ഗ്രസ് മുക്ത ഭാരതം’ എന്ന, സമകാലിക രാഷ്ട്രീയത്തിലെ ഏറ്റവും ജനാധിപത്യവിരുദ്ധമായ ഒരു മുദ്രാവാക്യത്തിനേറ്റ പരാജയം സൃഷ്ടിച്ച നിരാശയും അത് പ്രതിഫലിപ്പിക്കുന്നു.

കോണ്‍ഗ്രസിനെ ബി.ജെ.പിക്കെതിരായ പ്രതിപക്ഷമായി വികസിപ്പിക്കുന്നതില്‍ പുതുതലമുറ നേതൃത്വത്തിനുള്ള പ്രസക്തിയാണ് രേവന്ത് റെഡ്ഢിയുടെ രാഷ്ട്രീയ ജീവിതം പറയുന്നത്. സംഘടനാപരമായ തകര്‍ച്ചയോടെ ജനങ്ങളുമായുള്ള ബന്ധം അറ്റുപോയ പാര്‍ട്ടിയെ സ്വന്തം സംസ്ഥാനത്ത് അധികാരത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് രേവന്തിനുള്ളതാണ്. കോണ്‍ഗ്രസിന്റെ വിജയം എന്നത്, 'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന ബി.ജെ.പി മുദ്രാവാക്യത്തിനെതിരായി കൂടിയുള്ള വിജയമാണ് എന്ന സ്ഥിതിക്ക്, രേവന്ത്, കോണ്‍ഗ്രസ് എന്ന പ്രതിപക്ഷപ്രതീക്ഷയുടെ കൂടി അടയാളമായി മാറുന്നു.

പുതിയ കാലത്ത്, പുതിയ വെല്ലുവിളികളില്‍ കോണ്‍ഗ്രസിന് വേണ്ടത് പുതിയ നേതൃത്വമാണ് എന്ന് രേവന്ത് തെളിയിക്കുന്നു.

അധികാരത്തെ ആക്രമണോത്സുകമായും വിവേചനപരമായും വിനിയോഗിക്കുന്ന കേന്ദ്ര ഭരണകൂടത്തോട് വിലപേശാനോ ഏറ്റുമുട്ടാനോ തക്ക ശേഷിയുള്ള പ്രാദേശിക പാര്‍ട്ടികളുടെ വരവ് പല സംസ്ഥാനങ്ങളിലും അധികാര രാഷ്ട്രീയത്തെ കുറെക്കൂടി ജനകീയമാക്കിയിട്ടുണ്ട്. അതേസമയം, ദീര്‍ഘകാലം ഏക പാര്‍ട്ടി ആധിപത്യം കൈയാളിയ കോണ്‍ഗ്രസിന് ജനാധിപത്യപരമായ സംഘാടനത്തിന് കഴിയാതെ പോയി. ആന്ധ്ര മേഖലയില്‍ കോണ്‍ഗ്രസിനുണ്ടായ ചരിത്രപരമായ തകര്‍ച്ച, ഈയൊരു പരിപ്രേക്ഷത്തിലൂടെയും കാണാം. പുതിയ ജനവിഭാഗങ്ങളുടെ പ്രാതിനിധ്യത്തിലേക്കും പുതിയ പരിപാടികളുടെ ഏറ്റെടുക്കലുകളിലേക്കും കോണ്‍ഗ്രസിന് വികസിക്കാനായില്ല. ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ വിഭജനം കോണ്‍ഗ്രസിനെ അടിവേരോടെ പിഴുതുമാറ്റിയത്, അവിടുത്തെ മനുഷ്യരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഉറപ്പുകള്‍ നല്‍കാന്‍ കഴിയാത്തതിനാലാണ്. ആന്ധ്രപ്രദേശിന്റെ വിഭജനം യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ച നയപരമായ ഒരു പാളിച്ചയാണ് വിമര്‍ശനമുണ്ട്. അത് ഇരു സംസ്ഥാനങ്ങളോടു അവിടത്തെ ജനതയോടും നീതി കാട്ടിയില്ല എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമല്ല, പൗരസമൂഹവും പരാതിപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിഭജനത്തെ ഒരു വൈകാരിക വിഷയമായാണ് കോണ്‍ഗ്രസ് കണ്ടത്. ആ വൈകാരികത പോലും കോണ്‍ഗ്രസിന് സ്വന്തമാക്കാനായില്ല എന്നിടത്ത് പാര്‍ട്ടിയുടെ ദുരന്തം പൂര്‍ത്തിയായി.

രാജ്യത്തെ ഏറ്റവും പുതിയ സംസ്ഥാനത്ത് എങ്ങനെയാണ് കോണ്‍ഗ്രസിനെപ്പോലൊരു പാര്‍ട്ടിയെ 'ഉണ്ടാക്കി'യെടുത്തത് എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പറഞ്ഞുതരും. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായതുമുതലാണ് ശരിക്കും രേവന്തിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് എന്നു പറയാം. അതുവരെയുള്ള ഒന്നര ദശാബ്ദം മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഏറ്റിറക്കങ്ങളിലെ ഒരു കരു മാത്രമായിരുന്നു രേവന്ത്.

കനത്ത തോല്‍വിയുടെ ആഘാതത്തിലാണ്ടുകിടന്ന അണികള്‍ക്കിടയിലേക്ക് രേവന്ത് ഇറങ്ങി. പാര്‍ട്ടി പ്രവര്‍ത്തകരുമായി നേരിട്ട് ബന്ധം പുലര്‍ത്തി.

2021-ലാണ് രേവന്ത് റെഡ്ഢി തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷനായത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു വര്‍ഷമാണ് അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നത്. ബി.ജെ.പി തെലങ്കാന രാഷ്ട്രീയത്തില്‍ സ്വാധീനം നേടിയെടുക്കുന്ന കാലം കൂടിയായിരുന്നു അത്. ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് നാല് എം.എല്‍.എമാരെ നേടിയ സമയം. സംസ്ഥാനത്തെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബി.ജെ.പി മാറുമെന്ന പ്രഖ്യാപനങ്ങള്‍ വരുന്ന സമയം.

ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ദക്ഷിണേന്ത്യയില്‍നിന്നുള്ള ശക്തമായ രാഷ്ട്രീയസ്വരം കൂടിയാണ് രേവന്തിന്റേത്.

നിശ്ശബ്ദമായിട്ടായിരുന്നു രേവന്തിന്റെ തുടക്കം. കനത്ത തോല്‍വിയുടെ ആഘാതത്തിലാണ്ടുകിടന്ന അണികള്‍ക്കിടയിലേക്ക് അദ്ദേഹം ഇറങ്ങി. പാര്‍ട്ടി പ്രവര്‍ത്തകരുമായി നേരിട്ട് ബന്ധം പുലര്‍ത്തി. യുവാക്കളെ പ്രത്യേകിച്ച് അഭിസംബോധന ചെയ്തു. സോഷ്യല്‍ മീഡിയ ഇടപെടല്‍ ശക്തമാക്കി കോണ്‍ഗ്രസിലേക്ക് യുവാക്കളെ ആകര്‍ഷിച്ചു. മുമ്പ് പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന പിന്നാക്ക വിഭാഗങ്ങളുടെ വിശ്വാസ്യത വീണ്ടെടുത്തു. അധികാരത്തിലില്ലെങ്കിലും പാര്‍ട്ടി ഒരു പിടിവള്ളിയാണെന്ന് അവരെ ബോധ്യപ്പെടുത്തി. ഇതോടെ, പൗരസമൂഹങ്ങളുടെയും സമുദായ സംഘടനകളുടെയും പിന്തുണ പാര്‍ട്ടിക്ക് ലഭിച്ചു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത 31 സീറ്റില്‍ 23-ഉം നേടിയത് കോണ്‍ഗ്രസാണ്.

മുമ്പ് ഒരു മന്ത്രിയായി പോലും ഭരണകൂട രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത രേവന്ത്, അധികാര വികേന്ദ്രീകരണത്തിന്റെ മാതൃക വിജയകരമായി പരീക്ഷിച്ചു.

മുമ്പ് ഒരു മന്ത്രിയായി പോലും ഭരണകൂട രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത രേവന്ത്, അധികാര വികേന്ദ്രീകരണത്തിന്റെ മാതൃക വിജയകരമായി പരീക്ഷിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് വഴിയൊരുക്കിയ ആറ് ഗ്യാരണ്ടികളില്‍ രണ്ടെണ്ണം- എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര, പാവപ്പെട്ട രോഗികള്‍ക്ക് അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ ചികിത്സാ സഹായം എന്നിവയടക്കം- രണ്ടു ദിവസം കൊണ്ട് നടപ്പാക്കി. ജനങ്ങളുടെ പരാതി നേരിട്ട് സ്വീകരിക്കുന്ന സംവിധാനം കൊണ്ടുവന്നു. സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്ന് ജനങ്ങളെ അകറ്റിനിര്‍ത്തിയിരുന്ന തടസങ്ങളെല്ലാം നീക്കി. എല്ലാ വിഭാഗങ്ങളുടെയും ജനാധിപത്യപരമായ ഇന്‍ക്ലൂസീവ്‌നസിനുവേണ്ടിയുള്ള തുടക്കമിട്ടു. സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള എതിര്‍പ്പുകള്‍ രേവന്തിനെതിരെയുണ്ടായിരുന്നു. എങ്കിലും, തെരഞ്ഞെടുപ്പു വിജയം അവയെ റദ്ദാക്കിക്കളഞ്ഞു.

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെയും 'ഇന്ത്യ' മുന്നണിയെയും സംബന്ധിച്ച് ഒരു എം.പിയുടെ എണ്ണം പോലും അതിപ്രധാനമായിരിക്കേ, തെലങ്കാനയിലെ 14, 'ഇന്ത്യ' മുന്നണി എന്ന പ്രതിപക്ഷത്തിന്റെ ജീവവായുവായി മാറുമെന്നുറപ്പാണ്.

തെലങ്കാന അടങ്ങുന്ന ആന്ധ്ര, ദേശീയതലത്തിൽ കോൺഗ്രസിന്റെ എക്കാലത്തെയും പിടിവള്ളിയായിരുന്നു. 1977-ല്‍ ഇന്ദിരാഗാന്ധിക്കെതിരെ രാജ്യം വിധിയെഴുതിയ തെരഞ്ഞെടുപ്പിലും ആന്ധ്രപ്രദേശ് 42-ല്‍ 41 സീറ്റുമായി ഇന്ദിരക്കൊപ്പം നിന്നു. ജയിച്ച ഒരു ജനതാപാര്‍ട്ടി സ്ഥാനാര്‍ഥി നീലം സഞ്ജീവ റെഡ്ഢിയായിരുന്നു.
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും അധികാരശക്തിയെന്ന അസ്തിത്വം നഷ്ടമായി കോൺഗ്രസ് ഒരു പ്രതിപക്ഷ പാർട്ടിയായി മാറിത്തുടങ്ങിയ 2000-ന്റെ തുടക്കത്തിലാണ്, തെലുഗുമേഖലയിൽ വൈ.എസ്. രാജശേഖര റെഡ്ഢി എന്ന നേതാവുണ്ടാകുന്നത്. കോണ്‍ഗ്രസിന് തെലുഗുമേഖലയിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച നേതൃത്വം. ഒന്നും രണ്ടും യു.പി.എ സര്‍ക്കാറുകളെ അക്ഷരാര്‍ഥത്തില്‍ നിലനിര്‍ത്തിയ പ്രധാന സ്രോതസ്സുകളിലൊന്ന് വൈ.എസ്.ആറിന്റെ നേതൃത്വം കൂടിയായിരുന്നു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രേവന്ത് റെഡ്ഢിയിലൂടെ ആവര്‍ത്തിക്കുക, വൈ.എസ്. രാജശേഖര റെഡ്ഢി പ്രാവർത്തികമാക്കിയ വിജയ പ്രതിപക്ഷമായിരിക്കും

1999-ല്‍ ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് ഭരിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വൈ.എസ്. രാജശേഖര റെഡ്ഢിയായിരുന്നു. നായിഡുവിന്റെ ഹൈ ടെക് പ്രതിച്ഛായ ആഗോള തലത്തില്‍ പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ വൈ.എസ്.ആര്‍ സംസ്ഥാനം മുഴുവന്‍ നടന്നുതീര്‍ക്കുകയായിരുന്നു. രണ്ടു മാസം കൊണ്ട് 1500 കിലോമീറ്റര്‍ നടന്ന് അദ്ദേഹം ജനങ്ങളുമായി നേരിട്ട് സംസാരിച്ചു. കുടിവെള്ളവും വൈദ്യുതിയും പോഷകാഹാരവുമൊന്നും കിട്ടാത്ത കര്‍ഷകരും ഗ്രാമീണരും ദരിദ്രരുമൊക്കെയായിരുന്നു അവര്‍. നായിഡു സൃഷ്ടിച്ചത് പൊള്ളയായ ഒരു ആന്ധ്രപ്രദേശിനെയാണ് എന്ന് വൈ.എസ്.ആര്‍ കാണിച്ചുകൊടുത്തു. അങ്ങനെയാണ് നായിഡുവിനെതിരെ വൈ.എസ്.ആര്‍ ഒരു പ്രതിപക്ഷത്തെ രൂപപ്പെടുത്തിയെടുത്തത്. താമസിയാതെ, 2004-ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ വൈ.എസ്. രാജശേഖര റെഡ്ഢിയുടെ കോണ്‍ഗ്രസ് ഭരണപക്ഷവുമായി. വൈ.എസ്.ആറിന്റെ നേതൃത്വം ദേശീയതലത്തില്‍ ഏറ്റെടുത്ത രാഷ്ട്രീയ ഉത്തരവാദിത്തം ചില്ലറയായിരുന്നില്ല. 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, ബി.ജെ.പി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ആദ്യ യു.പി.എ സര്‍ക്കാറിന് ഭരിക്കാനുള്ള ഭൂരിപക്ഷം നല്‍കിയതില്‍ പ്രധാനം, വൈ.എസ്.ആര്‍ നല്‍കിയ 36 എം.പിമാരുടെ പിന്തുണയായിരുന്നു; 29 കോണ്‍ഗ്രസ് എം.പിമാരുടെയും ഏഴ് സഖ്യ കക്ഷി എം.പിമാരുടെയും. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ രൂപീകരണത്തിലും ഈ പിന്തുണ നിര്‍ണായകമായിരുന്നു. സംസ്ഥാനത്തെ ജനങ്ങളെ നേരിട്ട് അഭിമുഖീകരിച്ച് വൈ.എസ്. രാജശേഖര റെഡ്ഢി സാധ്യമാക്കിയത്, സംസ്ഥാനത്തിലെയും കേന്ദ്രത്തിലെയും പ്രതിപക്ഷങ്ങളുടെ വിജയം കൂടിയാണ്.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രേവന്ത് റെഡ്ഢിയിലൂടെ ആവര്‍ത്തിക്കുക, അത്തരമൊരു വിജയ പ്രതിപക്ഷമായിരിക്കും. 2019-ല്‍ ആകെയുള്ള 17 സീറ്റില്‍ രണ്ടിടത്തായിരുന്നു കോണ്‍ഗ്രസ് ജയം. ഇത്തവണ രേവന്തിന്റെ ലക്ഷ്യം 14 സീറ്റാണ്. അതായത്, കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെയും 'ഇന്ത്യ' മുന്നണിയെയും സംബന്ധിച്ച് ഒരു എം.പിയുടെ എണ്ണം പോലും അതിപ്രധാനമായിരിക്കേ, തെലങ്കാനയിലെ 14 'ഇന്ത്യ' മുന്നണി എന്ന പ്രതിപക്ഷത്തിന്റെ ജീവവായുവായി മാറുമെന്നുറപ്പാണ്.

കെ.ടി. രാമറാവു

ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ദക്ഷിണേന്ത്യയില്‍നിന്നുള്ള ശക്തമായ രാഷ്ട്രീയസ്വരം കൂടിയാണ് രേവന്തിന്റേത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എക്‌സ്പയറി ഡേറ്റായെന്നും അത് അദ്ദേഹത്തിനറിയാവുന്നതുകൊണ്ടാണ് നിതീഷ് കുമാര്‍, എന്‍. ചന്ദ്രബാബു നായിഡു, പവന്‍ കല്യാണ്‍ തുടങ്ങിയവരുമായി സഖ്യമുണ്ടാക്കുന്നതെന്നും ഈയിടെ ഒരഭിമുഖത്തില്‍അദ്ദേഹം പറഞ്ഞു. എങ്കിലും വിദ്യാര്‍ഥി കാലഘട്ടത്തിലെ എ.ബി.വി.പി ബന്ധം വച്ച് രേവന്തിനെ ആര്‍.എസ്.എസ് ആക്കാന്‍ എതിരാളികളായ ബി.ആര്‍.എസും അസദുദ്ദീന്‍ ഒവൈസിയും കിണഞ്ഞു ശ്രമിച്ചു. ബി.ആര്‍.എസ് വര്‍ക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു രേവന്തിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: 'ഹൈദരാബാദിലെ ഗാന്ധിഭവനിലിരിക്കുന്ന ഗോഡ്‌സേ'.

തിരുവനന്തപുരത്ത് കെ.പി.സി.സി സംഘടിപ്പിച്ച സമരാഗ്‌നി കേരള യാത്ര പരിപാടിയിൽ കൊടിക്കുന്നിൽ സുരേഷ്, പി.സി വിഷ്ണുനാഥ്, എം.എം ഹസ്സൻ, സച്ചിൻ പൈലറ്റ്, രേവന്ത് റെഡ്ഢി, കെ.സുധാകരൻ, വി.ഡി. സതീശൻ തുടങ്ങിയവർ

എന്നാൽ, ഈ​ ലോക്സഭാ തെരഞ്ഞെടുപ്പിലെ രേവന്തിന്റെ മുഖ്യ ശത്രു ബി.ജെ.പിയും മോദിയും തന്നെയാണ്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് മോദിക്കെതിരായ ഒരു യുദ്ധമാണ് എന്നാണ് തിരുവനന്തപുരത്ത് കെ.പി.സി.സി സംഘടിപ്പിച്ച സമരാഗ്‌നി കേരള യാത്രയുടെ സമാപനത്തില്‍ രേവന്ത് പറഞ്ഞത്: ''കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കിയ വരുമാന വര്‍ധന എവിടെ? പത്തുവര്‍ഷം കൊണ്ട് ഏഴു ലക്ഷം തൊഴിലവസരങ്ങളാണ് മോദി സര്‍ക്കാര്‍ സൃഷ്ടിച്ചത്, 20 ലക്ഷം എന്നായിരുന്നു വാഗ്ദാനം''.

ഏതു പ്രതിപക്ഷത്തിന്റെയും ഏറ്റവും വലിയ സഖ്യം സാധാരണ ജനങ്ങളായിരിക്കും. അവരുമായുള്ള വിനിമയങ്ങളാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാനം എന്ന തത്വം​ രേവന്തിനുമറിയാം.

വെറും രണ്ടു ദശാബ്ദം മാത്രമേയുള്ളൂ രേവന്ത് സജീവ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയിട്ട്. 2006-ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച രേവന്ത് ചന്ദ്രബാബു നായിഡുവിന്റെ സ്വാധീനത്തില്‍ തെലുഗുദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2009-ല്‍ തെലുഗദേശം പാര്‍ട്ടി ടിക്കറ്റില്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. കൊടങ്കലില്‍ അഞ്ചു തവണ കോണ്‍ഗ്രസ് എം.എല്‍.എയായ ഗുരുനാഥ് റെഡ്ഢിയെയാണ് അട്ടിമറിച്ചത്. ടി.ഡി.പി നിയമസഭാ കക്ഷിനേതാവുമായി. എം.എല്‍.സി തെരഞ്ഞെടുപ്പില്‍ ടി.ഡി.പിയെ പിന്തുണയ്ക്കാന്‍ നോമിനേറ്റഡ് എം.എല്‍.എക്ക് കൈക്കൂലി നല്‍കി എന്ന കേസില്‍ രേവന്ത് അറസ്റ്റിലായി. തുടര്‍ന്ന് നിരവധി അഴിമതി ആരോപണങ്ങള്‍. എല്ലാം കെ. ചന്ദ്രശേഖര റാവുവിന്റെ പ്രതികാരമാണ് എന്നായിരുന്നു രേവന്തിന്റെ ആരോപണം. പാര്‍ട്ടി തനിക്ക് പിന്തുണ നല്‍കിയില്ല എന്ന പരാതിയുമായി രേവന്ത് 2018-ല്‍ ടി.ഡി.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അതേ വര്‍ഷം തന്നെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായി. 2019-ല്‍ മാല്‍കജ്ഗിരി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജയിച്ച് എം.പിയായി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രേവന്ത് റെഡ്ഡി

2018-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആകെയുള്ള 94-ല്‍ 19 സീറ്റ് നേടിയെങ്കിലും 12 എം.എല്‍.എമാര്‍ ബി.ആര്‍.എസിലേക്ക് പോയി. അങ്ങനെ തകര്‍ന്നുകിടക്കുന്ന ഒരു പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് രേവന്ത് വരികയാണ്. അത്, തെലങ്കാന കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയൊരു കുതിപ്പിന്റെ തുടക്കമായിരുന്നു. ആന്ധ്രപ്രദേശ് വിഭജനത്തോടെ പതനം പൂര്‍ത്തിയാക്കി കോണ്‍ഗ്രസിന് അക്ഷരാര്‍ഥത്തില്‍ പുനര്‍ജന്മമുണ്ടായി. അതുവരെയുള്ള സാമ്പ്രദായിക ലീഡര്‍ഷിപ്പില്‍നിന്ന് വ്യത്യസ്തമായിരുന്നു രേവന്തിന്റെ ശൈലി. തെലുഗുമേഖലയിലെ ഏറ്റവും ജനപ്രിയ കോണ്‍ഗ്രസ് നേതാവായ വൈ.എസ്.ആറിന്റെ അതേ ശൈലിയാണ് രേവന്തിന്റേതും. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം, ഹൈദരാബാദിലെ തന്റെ ക്യാമ്പ് ഓഫീസില്‍ ജനകീയ കോടതി എന്നൊരു പരിപാടി സംഘടിപ്പിച്ച്, ജനങ്ങളില്‍നിന്ന് നേരിട്ട് പരാതി സ്വീകരിക്കുകയാണ് രേവന്ത് ചെയ്തത്. അതായത്, പ്രതിപക്ഷത്തിരുന്നുകൊണ്ടാണ് വൈ.എസ്.ആർ തെലങ്കാനയിൽ കോൺഗ്രസിനെ പുനസംഘടിപ്പിച്ചത്. ഏതു പ്രതിപക്ഷത്തിന്റെയും ഏറ്റവും വലിയ സഖ്യം സാധാരണ ജനങ്ങളായിരിക്കും. അവരുമായുള്ള വിനിമയങ്ങളാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാനം എന്ന തത്വം​ രേവന്തിനുമറിയാം.

വൈ.എസ്. രാജശേഖരറെഡ്ഢിയുടെ ജീവിതം പ്രമേയമാക്കി 2019-ല്‍ പുറത്തിറങ്ങിയ യാത്ര എന്ന സിനിമയിൽ വൈ.എസ്.ആർ ആയി മമ്മൂട്ടി

വൈ.എസ്. രാജശേഖരറെഡ്ഢിയുടെ ജീവിതം പ്രമേയമാക്കി 2019-ല്‍ പുറത്തിറങ്ങിയ യാത്ര എന്ന മമ്മൂട്ടിച്ചിത്രത്തില്‍, ജനങ്ങളെ ആവേശഭരിതരാക്കിയ ഒരു വൈ.എസ്.ആര്‍ വാചകമുണ്ടായിരുന്നു: 'നേനു വിന്നാനു നേനു ഉന്നാനു'. ഞാന്‍ കേട്ടു, നിങ്ങള്‍ക്കായി ഞാനിവിടെയുണ്ട് എന്നാണ് അതിന്റെ അര്‍ഥം. അത് വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ 2019-ലെ ഇലക്ഷന്‍ കാമ്പയിന്‍ വാചകവുമായി മാറി. ആന്ധ്രപ്രദേശില്‍ വൈ.എസ്.ആറിന്റെ മകനും മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഢി യാത്രയുടെ രണ്ടാം ഭാഗം ഇറക്കി അച്ഛന്റെ ഓര്‍മ വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും ആ ഓര്‍മയെ ഒരു രാഷ്ട്രീയ യാഥാര്‍ഥ്യമായി പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് തെലങ്കാനയില്‍ രേവന്ത് റെഡ്ഢിയാണ്, രേവന്തിനാണിപ്പോള്‍ ആ മുദ്രാവാക്യ വാചകം നന്നായി ഇണങ്ങുക; 'നേനു വിന്നാനു നേനു ഉന്നാനു'.

പുതിയ കാലത്ത്, പുതിയ വെല്ലുവിളികളില്‍ കോണ്‍ഗ്രസിന് വേണ്ടത് പുതിയ നേതൃത്വമാണ് എന്ന് രേവന്ത് തെളിയിക്കുന്നു.

Comments