സാംസ്കാരിക സദസ്സുകളിലൂടെ
വിദ്വേഷ രാഷ്​ട്രീയത്തെ നേരിടാനാകില്ല

തീവ്രവലതുപക്ഷ ഭരണസംവിധാനങ്ങൾ നിലവിലിരിക്കുന്ന രാജ്യങ്ങളിലെ ജനാധിപത്യവിരുദ്ധമായ നടപടികളിലും വിദ്വേഷ പ്രചാരണങ്ങളിലും വിഭാഗീയ ശ്രമങ്ങളിലും സമാനത ദൃശ്യമാകുന്നത് യാദൃച്ഛികമല്ല. അതിന്റെ കാരണം രാഷ്ട്രീയസമ്പദ്ഘടനാപരമാണ്. ഫാഷിസത്തിന്റെ തായ് വേരുകൾ സാംസ്‌കാരികമല്ല, രാഷ്ട്രീയ സമ്പദ്ഘടനാപരമാണ് എന്ന് ആവർത്തിച്ചുപറയേണ്ടിയിരിക്കുന്നു- ഡോ. വി.എൻ. ജയചന്ദ്രൻ എഴുതുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ വെറുപ്പിനെയും വിദ്വേഷത്തെയും അതുവഴിയുള്ള വിഭാഗീയതയെയും ഏറ്റവും ഹീനമായ നിലയിൽ ഉപയോഗപ്പെടുത്തുന്ന പൊതുതെരഞ്ഞെടുപ്പാണ് നടന്നുവരുന്നത്. ഒരു നൂറ്റാണ്ടായി മതം, ജാതി, വർണ്ണം, ഭാഷ, പ്രദേശം, സംസ്കാരം എന്നിവയുടെയൊക്കെ പേരിൽ ഹിന്ദുത്വ രാഷ്ട്രീയപ്രസ്ഥാനം നടത്തിവരുന്ന വിനാശകരമായ ധ്രുവീകരണത്തിന്റെ സ്വാഭാവിക പരിണതി മാത്രമായി ഈ പ്രവണതയെ വിലയിരുത്താൻ കഴിയുമോ?

നാസികാലത്തെ മനുഷ്യദുരന്തങ്ങളുമായി സമകാലീന ഇന്ത്യയുടെ ദുരിതങ്ങളെ ചേർത്തുവെക്കുന്നത് ശരിയായിരിക്കുമ്പോൾത്തന്നെ, കേവലം അനുഭവപരമായിമാത്രം വിശദീകരിച്ചാൽ മതിയാകുമോ? വിദ്വേഷപ്രചാരണങ്ങളുടെ സാർവ്വദേശീയ പശ്ചാത്തലം എന്താണ്? ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ബലദൗർബല്യങ്ങൾ അറിയാൻ ഈ സമസ്യകൾ ജാഗ്രതയോടെ പൂരിപ്പിക്കേണ്ടിവരുന്നു. ഒരു തരത്തിൽ 2024 -ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഫലങ്ങളെ നിർണ്ണയിക്കുന്ന സുപ്രധാനമായ ഘടകവും ഇതുതന്നെയാണ്.

സെക്യുലർ ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇതര കൂട്ടായ്മകളും വ്യക്തികളും ജനാധിപത്യയിടങ്ങളെ ശക്തിപ്പെടുത്തുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പാലിക്കേണ്ട അവസരമാണിത്.

ട്രംപും മോദിയും ബോറിസ് ജോൺസണും ബോൽസനാരോയും വിവരദോഷികളല്ല!

തീവ്രവലതുപക്ഷ ഭരണസംവിധാനങ്ങൾ നിലവിലിരിക്കുന്ന രാജ്യങ്ങളിലെ ജനാധിപത്യവിരുദ്ധമായ നടപടികളിലും വിദ്വേഷ പ്രചാരണങ്ങളിലും വിഭാഗീയ ശ്രമങ്ങളിലും സമാനത ദൃശ്യമാകുന്നത് യാദൃച്ഛികമല്ല. അതിന്റെ കാരണം രാഷ്ട്രീയസമ്പദ്ഘടനാപരമാണ്. മുതലാളിത്തം ആഗോളമായിത്തന്നെ പ്രതിസന്ധിയിലെത്തുകയും അതിന്റെ സുവർണ്ണകാലത്തെ ക്ഷേമരാഷ്ട്രസങ്കൽപ്പത്തെ കൈവിടുകയും 'നവ ലിബറലിസം' തുടങ്ങിയ ഓമനപ്പേരുകളിൽ കടുത്ത ചൂഷണോപാധികളിലേക്ക് വഴുതിവീഴുകയും ചെയ്തിട്ട് അരനൂറ്റാണ്ടായിട്ടുണ്ട്. പളപളപ്പുകളുടെ പുറംമോടിക്കപ്പുറം പ്രകൃതിയെയും മനുഷ്യരെയും കൂടുതൽ കൂടുതൽ ചൂഷണം ചെയ്യാതെ അതിന് പിടിച്ചുനിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.

ഫാഷിസ്റ്റു വിരുദ്ധ വിശാല ജനാധിപത്യപ്രസ്ഥാനത്തിന്റെ രൂപപ്പെടലിലും ഉള്ളടക്കത്തിലും നിർണ്ണായക പങ്ക് വഹിക്കേണ്ടത് ഇടതുപക്ഷമാണ്. അഥവാ, അങ്ങനെ സംഭവിക്കുന്നതാണ് ഈ രാജ്യത്തിനും ജനതക്കും അഭികാമ്യം.

പരിസ്ഥിതിനിയമങ്ങളും തൊഴിൽനിയമങ്ങളും നിരന്തരം മാറ്റിയെഴുതുന്നു. അസമത്വവും ഇതര ദുരിതങ്ങളും ഏറുന്നു. ചെറുത്തുനിൽപ്പുകളെ മറ്റേതു കാലത്തേക്കാൾ ശക്തവും കുടിലവുമായ നിലകളിൽ അമർച്ച ചെയ്യാനും ശിഥിലമാക്കാനും ഏറ്റവും ഉതകുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളെയും നേതാക്കളെയും മൂലധനശക്തികൾ വളർത്തിയെടുക്കുന്നു. കോൺഗ്രസ്സിനെ വിട്ട് ബി ജെ പിയെ അവർ ചേർത്തുപിടിച്ചത് ഈ സാഹചര്യത്തിലാണ്. വിദ്വേഷ പ്രചാരണം, വർഗീയത, വിഭാഗീയത, അശാസ്ത്രീയത എന്നിവയെ പരിപാടിപരമായിത്തന്നെ ഏറ്റെടുത്തിട്ടുള്ള സംഘപരിവാർ പ്രസ്ഥാനത്തെയാണ് ഇന്ത്യയിൽ ആശ്രയിച്ചതെങ്കിൽ അമേരിക്കയിൽ ട്രംപും ബ്രിട്ടനിൽ ബോറിസ് ജോൺസണും ബ്രസീലിൽ ബോൾസനാരോയുമൊക്കെ ഈ അച്ചുതണ്ടിന്റെ ഭാഗമായി മാറി. കുത്തകമുതലാളിത്ത- ധനമൂലധന ശക്തികൾക്ക് ജാതിയോ മതമോ വർണ്ണമോ ഭാഷയോ പ്രശ്നമല്ല. ആ അർത്ഥത്തിൽ അവർ സെക്യുലറാണ്. ഇന്ത്യയിൽ ഹിന്ദുത്വയുമായി ചേരുന്നവർ ചിലയിടങ്ങളിൽ രാഷ്ട്രീയ ഇസ്ലാമിനെ ആശ്രയിക്കും. മറ്റ് ചിലയിടങ്ങളിൽ ക്രിസ്ത്യൻ ബ്രദർഹുഡാണ് പഥ്യം. ഒരിക്കൽ വിദ്വേഷം കൊണ്ടും വംശഹത്യ നടത്തിയും ഉന്മൂലനം ചെയ്യാൻ ശ്രമിച്ച ജൂതജനതയുടെ സ്വത്വബോധത്തെയും സങ്കുചിത ദേശീയവികാരത്തെയും പതിറ്റാണ്ടുകൾക്കുശേഷം ആശ്ലേഷിക്കാൻ ഫാഷിസത്തിന് മടിയില്ല.

ഡൊണാൾഡ് ട്രംപ്, ബോറിസ് ജോൺസണ്‍, ജൈര്‍ ബോള്‍സനാരോ

ഇങ്ങനെ ദേശകാല വ്യത്യാസങ്ങൾക്കനുസരിച്ച് ഫാഷിസത്തിന്റെ ചേരുവകൾ മാറുമ്പോഴും, അതിന്റെ അടിസ്ഥാന സവിശേഷതകളായ വിദ്വേഷ പ്രചാരണം, വംശഹത്യ, സങ്കുചിത ദേശീയവികാരം, ജനാധിപത്യത്തിന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും തകർച്ച എന്നിവ സാർവ്വത്രികമാണ്. ഈ സ്വഭാവ സവിശേഷതകൾ ജനിതകഘടനയിൽത്തന്നെ വഹിക്കുന്ന രാഷ്ട്രീയ ഹിന്ദുത്വയും രാഷ്ട്രീയ ഇസ്‍ലാമും വർണ്ണ വംശീയവെറി ബാധിച്ച യൂറോപ്പിലെ രാഷ്ട്രീയ വിഭാഗങ്ങളും നേതാക്കളുമൊക്കെയാണ് ഈ ഘട്ടത്തിൽ തങ്ങൾക്ക് തുണയാകുന്നതെന്ന് കോർപ്പറേറ്റുകൾ തിരിച്ചറിയുന്നുണ്ട്. അതേസമയം, നീണ്ടകാലം പ്രവർത്തിച്ചിട്ടും ഗണ്യമായൊരു വിഭാഗം ജനതയെ തങ്ങളുടെ ചിറകിനടിയിലെത്തിക്കാൻ കഴിയാതെ വിഷമിക്കുന്ന സംഘപരിവാറിന് കോർപ്പറേറ്റ്ബാന്ധവം ഒരു ലോട്ടറിയായിരുന്നു. പരസ്പരസഹായത്തിൽ തുടങ്ങുന്ന ഈ കൂട്ടുകെട്ട് അചിരേണ ഉരുകിയൊലിച്ച് ഒന്നായി മാറുന്ന പ്രക്രിയയാണ് ഫാഷിസ്റ്റുവൽക്കരണം. അതുകൊണ്ടുതന്നെ ഫാഷിസത്തിന്റെ തായ് വേരുകൾ സാംസ്‌കാരികമല്ല, രാഷ്ട്രീയ സമ്പദ്ഘടനാപരമാണ്.

‘കോവിഡ് കേവലം ജലദോഷം മാത്രം,
കർഷകർ രാജ്യദ്രോഹികൾ,
മുസ്‍ലിംകൾ നുഴഞ്ഞുകയറ്റക്കാർ!’

കോവിഡ് കേവലം ജലദോഷം മാത്രം, ഭയപ്പെടേണ്ടതില്ല, പാട്ടകൊട്ടിയും കൈകൊട്ടിയും ചാണകവെള്ളം തളിച്ചും അതിനെ മറികടക്കാം തുടങ്ങിയ ആഹ്വാനങ്ങൾ നൽകിയോ അവയ്‌ക്കൊക്കെ കാർമികത്വം വഹിച്ചോ രോഗനിയന്ത്രണനടപടികളെ അതാത് രാജ്യങ്ങളിൽ തകിടംമറിച്ചവരാണ് ട്രംപും മോദിയും ബോറിസ് ജോൺസണുമൊക്കെ. അവരെ 'വിവരദോഷികൾ', ‘അന്ധവിശ്വാസികൾ' എന്നൊക്കെ ആക്ഷേപിച്ച് വിശകലനം അവസാനിപ്പിച്ചവരിൽ ഇടതുപക്ഷപ്രവർത്തകർപോലുമുണ്ടായിരുന്നു. സത്യത്തിൽ പരിഹസിക്കപ്പെട്ട നേതാക്കളൊന്നും മറ്റെന്തൊക്കെയായാലും വിഡ്ഢികളായിരുന്നില്ല. ഏറ്റവും പുതിയ ഗവേഷണഫലങ്ങൾപോലും ആദ്യം അറിയാൻ കഴിയുന്നവരാണ് ഈ ഭരണാധികാരികൾ. പക്ഷെ, തങ്ങളുടെ രാഷ്ട്രീയപരിമിതിമൂലം അത് ജനങ്ങളുമായി പങ്കു വെക്കാനും രോഗപ്രതിരോധപ്രവർത്തനം സംഘടിപ്പിക്കാനും ലോക്ഡൗൺ സമയാസമയങ്ങളിൽ പ്രഖ്യാപിക്കാനും അവർക്ക് കഴിയില്ല. അതിന് തുനിഞ്ഞാൽ, അത് മൂലധനശക്തികളുടെ ബിസിനസ് താല്പര്യങ്ങളെ പ്രതികൂലമായി ബാധിക്കും.

ഊർദ്ധശ്വാസം വലിക്കുന്ന നവലിബറൽ സാമ്പത്തികവ്യവസ്ഥയുടെ മരണക്കളിയാണ് ഫാഷിസമായി ഇതൾ വിടരുന്നതെങ്കിൽ, ബദൽ സാമ്പത്തികനയങ്ങളിലൂന്നിയുള്ള ചെറുത്തുനിൽപ്പ് മാത്രമേ ഫലപ്രദമാകൂ.

കോമാളി വിഡ്ഢിവേഷങ്ങളിലെത്തുന്നവർ ചിലപ്പോൾ കഥയിലെ യഥാർത്ഥ വില്ലന്മാരാകാറുണ്ട്. ഈ വില്ലത്തരവും അതിന്റെ വേരുകളും അനാവരണം ചെയ്യപ്പെടുന്നത്, അഥവാ ജനങ്ങൾ രാഷ്ട്രീയ അവബോധം ആർജ്ജിക്കുന്നത് ഫാഷിസത്തെ സംബന്ധിച്ച് അപകടകരമാണ്. അതിന് യുക്തിചിന്ത, ശാസ്ത്രാവബോധം, സംവാദവേദികൾ എല്ലാം ബലഹീനമാക്കണം. തിരിച്ചറിവ് നേടുന്നവർ കൂട്ടം ചേരാനും പ്രതികരിക്കാനും തുടങ്ങിയാൽ അവരെ ചിഹ്നഭിന്നമാക്കണം. അതിനായി മത, ജാതി, വർണ വ്യത്യാസങ്ങളെ വിഭാഗീയതയുടെ വിളനിലങ്ങളാക്കും. കൂട്ടായ്മകൾക്ക് പ്രായോഗികവും ബൗദ്ധികവുമായ മുൻകൈ എടുക്കുന്ന പ്രസ്ഥാനങ്ങൾ, രാഷ്ട്രീയ നേതാക്കൾ, അക്കാദമീയർ, സാമൂഹ്യപ്രവർത്തകരെയൊക്കെ വെറുക്കപ്പെടേണ്ടവരും രാജ്യദ്രോഹികളും കഴിവില്ലാത്തവരുമായി ചിത്രീകരിച്ച് നിഷ്പ്രഭമാക്കാൻ ശ്രമിക്കും. നിഗ്രഹിക്കപ്പെടേണ്ടവർ എന്ന പൊതുബോധമുണ്ടാക്കാനാണ് വിദ്വേഷ പ്രചാരണം. തുടർന്ന് കള്ളക്കേസുകളുകളിൽ പെടുത്തി തടവറയിലാക്കാം. അതിനായി പെഗാസസ് സോഫ്റ്റ്‌വെയർ -ഉപയോഗം പോലുള്ള സകല കുടിലതകളെയും ആശ്രയിക്കാൻ മടിക്കില്ല. നീതികരണത്തിനായി ഭരണഘടനാസ്ഥാപനങ്ങളെ വരുതിയിലാക്കും. ഇതൊക്കെയടങ്ങുന്നതാണ് ഫാഷിസത്തിന്റെ രീതിശാസ്ത്രം.

കോർപ്പറേറ്റ് വിരുദ്ധ കർഷകസമരത്തിൽ ജാട്ട്- മുസ്‍ലിം വിഭാഗീയത അലിഞ്ഞുപോയതും ഫാഷിസ്റ്റു ഭരണകൂടം പിൻവാങ്ങിയതും വിദ്വേഷ പ്രചാരണങ്ങളൊക്കെ നിഷ്‌പ്രഭമായതും 2019- നുശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയപാഠമാണ്.

സമരം ചെയ്ത കർഷകർ രാജ്യദ്രോഹികളായി മാറുന്നതും ഈ രീതിശാസ്ത്രത്തിൽത്തന്നെയാണ്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ നിർണ്ണയിക്കുന്ന സൈനിക-ബിസിനസ് അച്ചുതണ്ടിന്റെ നൃശംസതകളും അട്ടിമറിപ്രവർത്തനങ്ങളും ലോകത്തോട് വിളിച്ചുപറഞ്ഞ എഡ്വേർഡ് സ്നോഡനും വിക്കിലീക്സ് അധിപൻ ജൂലിയൻ അസാൻജെയും ഭീമ കൊറേഗാവ് കേസിന്റെ പേരിൽ 'രാജ്യദ്രോഹികൾ' എന്ന് മുദ്രകുത്തപ്പെട്ടു തടവറയിൽ മരണത്തെ മുഖാമുഖം കാണുന്നവരും ഫാഷിസ്റ്റ് വിദ്വേഷ പ്രചാരണത്തിന്റെ ഇരകളാണ്. സ്റ്റാൻ സ്വാമിയുടെ ജീവൻ തടവറയിൽ ഹോമിക്കപ്പെട്ടത് ക്രിസ്തുമത പ്രചാരണം നടത്തിയതിനല്ല. മറിച്ച്, തദ്ദേശവാസികളെ ആട്ടിപ്പായിച്ച് വനഭൂമി കോർപ്പറേറ്റുകൊള്ളക്ക് വിട്ടുകൊടുക്കുന്നതിനെ ചെറുത്തതിനായിരുന്നു. 'ഒരു ക്രിസ്ത്യൻ പുരോഹിതനെ ക്രൂരമായി കൊലപ്പെടുത്തി' എന്ന് കേവലമായി പറഞ്ഞാൽ മതിയാകില്ല. മുസ്‍ലിംകളെയും ദലിതരെയും അസ്പൃശ്യരായും വെറുക്കപ്പെട്ടവരായും നുഴഞ്ഞുകയറ്റക്കാരുമായി ഇവിടെ പ്രഖ്യാപിക്കുന്നതും സമാനമായി അമേരിക്കയിലടക്കം ഇസ്‍ലാമോഫോബിയയും കറുപ്പ് വിരോധവും 'മെക്സിക്കൻ നുഴഞ്ഞുകയറ്റുകാർ’ പ്രയോഗങ്ങളും വളരുന്നതും ഒരേ ഫാഷിസ്റ്റ് രീതിശാസ്ത്രമനുസരിച്ചാണ്. ബ്രിട്ടനിൽ ജെർമി കോർബിനെ അന്തമില്ലാത്ത വ്യക്തിഹത്യക്കും വിദ്വേഷപ്രചാരണങ്ങൾക്കും വിധേയമാക്കിയതും പ്രതിപക്ഷനേതാക്കളെ പൊതുമണ്ഡലത്തിൽ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും തുടർന്ന് ഭരണകൂട ഉപകരണങ്ങളുടെ സഹായത്തോടെ വേട്ടയാടുന്നതും ഒരേ രീതിശാസ്ത്രത്തിലാണ്.

പ്രതിരോധപ്രസ്ഥാനത്തിന്റെ ബലദൗർബല്യങ്ങൾ

ഫാഷിസത്തിന്റെ അടിത്തറ രാഷ്ട്രീയ സമ്പദ്ഘടനാപരമാണെന്ന് ആവർത്തിച്ച് പറയേണ്ടിയിരിക്കുന്നു. ഊർദ്ധശ്വാസം വലിക്കുന്ന നവലിബറൽ സാമ്പത്തികവ്യവസ്ഥയുടെ മരണക്കളിയാണ് ഫാഷിസമായി ഇതൾ വിടരുന്നതെങ്കിൽ, ബദൽ സാമ്പത്തികനയങ്ങളിലൂന്നിയുള്ള ചെറുത്തുനിൽപ്പ് മാത്രമേ ഫലപ്രദമാകൂ. പ്രതിരോധപ്രസ്ഥാനവും രാഷ്ട്രീയസമ്പദ്‌ഘടനാപരമാകണമെന്ന് സാരം. അത് കേവല സാംസ്‌കാരിക പ്രവർത്തനമല്ല. സാംസ്കാരിക സദസ്സുകളിലൂടെയും മതസൗഹാർദ്ദ ജാഥകളിലൂടെയും പുരാണങ്ങളെ സെക്യുലർ പക്ഷത്തുനിന്ന് വായിച്ചും മാത്രം അതിജീവിക്കാൻ കഴിയില്ല. വിഭാഗീയതക്കും വിദ്വേഷപ്രചാരണത്തിനുമായി ബോധപൂർവം അശാസ്ത്രീയതകളും അന്ധവിശ്വാസങ്ങളും പരത്തുമ്പോൾ 'അയ്യേ, വിവരദോഷികൾ, വിഡ്ഢികൾ' എന്നൊക്കെ ട്രോളുകളിലൂടെ പരിഹസിച്ചും യാന്ത്രികമായി ശാസ്ത്രസത്യങ്ങളും യുക്തിവിചാരവും പങ്കുവെച്ചും നേരിടാമെന്നത് വ്യാമോഹം മാത്രമാണ്. ഇരവാദത്തിൽ അഭയംപ്രാപിക്കാനും കഴിയില്ല. കോർപ്പറേറ്റ് വിരുദ്ധ കർഷകസമരത്തിൽ ജാട്ട്- മുസ്‍ലിം വിഭാഗീയത അലിഞ്ഞുപോയതും ഫാഷിസ്റ്റു ഭരണകൂടം പിൻവാങ്ങിയതും വിദ്വേഷ പ്രചാരണങ്ങളൊക്കെ നിഷ്‌പ്രഭമായതും 2019- നുശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയപാഠമാണ്.

2019-ലെ തെരഞ്ഞെടുപ്പിൽനിന്ന് 2024-ലെത്തുമ്പോൾ ഇന്ത്യൻ ഫാഷിസത്തിനെതിരെയുള്ള പൊതുപ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം നേരിയതോതിൽ മെച്ചപ്പെടുന്നത് ആശ്വാസകരമാണ്.

2019-ലെ തെരഞ്ഞെടുപ്പിൽനിന്ന് 2024-ലെത്തുമ്പോൾ ഇന്ത്യൻ ഫാഷിസത്തിനെതിരെയുള്ള പൊതുപ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം നേരിയതോതിൽ മെച്ചപ്പെടുന്നത് ആശ്വാസകരമാണ്. തുല്യത, സാമൂഹ്യനീതി, ഭരണഘടനമൂല്യങ്ങളുടെ സംരക്ഷണം, അസമത്വം കുറക്കുന്ന തരത്തിലുള്ള നികുതി നിർദ്ദേശങ്ങൾ തുടങ്ങിയ മുദ്രാവാക്യങ്ങൾക്ക് രാഹുൽഗാന്ധിയെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ ഊന്നൽ കൊടുക്കുന്നതും അരവിന്ദ് കേജ്രിവാളൊക്കെ അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് പൊതുപ്രസ്ഥാനത്തിന്റെ ഭാഗമായി മാറുന്നതും ഇതിന്റെ ലക്ഷണമാണ്. വിദ്വേഷ പ്രചാരണത്തിനും വിഭാഗീയതക്കുമപ്പുറം അടിസ്ഥാന രാഷ്ട്രീയപ്രശ്നങ്ങളിലേക്ക് പൊതുചർച്ചാവേദികളെ കൊണ്ടുപോകുന്നതിലും ഫാഷിസ്റ്റ് കടന്നുകയറ്റത്തെ തടയുന്നതിലും ചെറിയ തെങ്കിലുമായ പുരോഗതി കാണുന്നുണ്ട്. തെരഞ്ഞെടുപ്പ്ഫലം എന്തായാലും, ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യപ്രസ്ഥാനത്തെ അത്രത്തോളം ശക്തിപ്പെടുത്തുമെന്ന് പ്രത്യാശിക്കാം. എന്നാൽ, പ്രതിപക്ഷപാർട്ടികൾ നവലിബറലിസത്തോട്, അഥവാ, കുത്തക മുതലാളിത്ത- ഫിനാൻസ് മൂലധന സംവിധാനത്തോട് അടിസ്ഥാനപരമായി എത്രത്തോളം കൃത്യതയോടെ സമീപിക്കുന്നു എന്നതാണ് ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യപ്രസ്ഥാനത്തിന്റെ തുടർപുരോഗതിയെയും സുസ്ഥിരതയെയും നിർണ്ണയിക്കുന്നത്.

വഴുവഴുപ്പുള്ള, തെന്നിവീഴുന്ന, ചെളിക്കുണ്ടുകൾ നിറഞ്ഞ, തങ്ങൾക്കുമാത്രം ഇണങ്ങുന്ന തരത്തിൽ രൂപപ്പെടുത്തിയ ഗോദയിലേക്ക് മല്ലയുദ്ധത്തിനായി ഇടതുപക്ഷ പ്രവർത്തകരെപ്പോലും വലിച്ചിടാൻ കഴിഞ്ഞതിൽ ഫാഷിസ്റ്റ് കേന്ദ്രങ്ങൾ മതിമറന്ന് ആഹ്ലാദിക്കുന്നുമുണ്ട്.

സെക്യുലർ ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇതര കൂട്ടായ്മകളും വ്യക്തികളും ജനാധിപത്യയിടങ്ങളെ ശക്തിപ്പെടുത്തുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പാലിക്കേണ്ടതാണെന്നുകൂടി ഈ അവസരത്തിൽ പറയാതെ വയ്യ. ഇപ്പോൾ അതിവേഗത്തിൽ പ്രചാരം നേടുന്ന ജനാധിപത്യവിരുദ്ധത, വിദ്വേഷപ്രചാരണം, ലളിതയുക്തി, ഉപരിപ്ലവത എന്നിവയുടെ പ്രഭവസ്ഥലങ്ങൾ ഫാഷിസ്റ്റ് കേന്ദ്രങ്ങളാണെങ്കിലും, ആ രീതികൾ പിൻവാതിലുകളിൽകൂടി പ്രതിരോധ പ്രസ്ഥാനങ്ങളിലേക്കും അരിച്ചിറങ്ങാം. താൽക്കാലിക തന്ത്രമെന്ന നിലയിൽ 'മുള്ളിനെ മുള്ള് കൊണ്ട് എടുക്കാം' എന്ന ന്യായത്തിൽ ഫാഷിസ്റ്റ് രീതിശാസ്ത്രത്തെ തരംപോലെ ആശ്രയിക്കുന്ന പ്രവണത അവിടവിടെ ദുശ്യമാണ്. കേരളത്തിലൊക്കെ ചില ഇടതുപക്ഷപ്രവർത്തകരിൽപോലും ഈ പ്രവണത പ്രകടമാണെന്നത് ആശങ്കാജനകമാണ്. (ഇലക്ഷനിൽ നേടുന്ന സീറ്റുകൾക്കും മന്ത്രിപദവികൾക്കുമപ്പുറം പൊതുജനാധിപത്യവേദിയെ പുരോഗമനധാരയിൽ രാഷ്ട്രീയവൽക്കരിക്കുന്ന ചരിത്രപരമായ കടമയാണ് ഇടതുപക്ഷത്തിന് നിർവ്വഹിക്കാനുള്ളതെന്ന് ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. മുന്നണിരാഷ്ട്രീയ ധ്രുവീകരണങ്ങളിലും കർഷക, തൊഴിലാളി പ്രക്ഷോഭങ്ങളിലും ഇടതുപക്ഷസംഭാവന ഏറെ പ്രകടമാണ്. ഫാഷിസ്റ്റു വിരുദ്ധ വിശാല ജനാധിപത്യപ്രസ്ഥാനത്തിന്റെ രൂപപ്പെടലിലും ഉള്ളടക്കത്തിലും നിർണ്ണായക പങ്ക് വഹിക്കേണ്ടത് ഇടതുപക്ഷമാണ്. അഥവാ, അങ്ങനെ സംഭവിക്കുന്നതാണ് ഈ രാജ്യത്തിനും ജനതക്കും അഭികാമ്യം). പാർലമെന്റ് മുതൽ നാട്ടിലെ ചായക്കടവരെയുള്ള ജനാധിപത്യയിടങ്ങളെയും സംവാദവേദികളെയും തകർക്കുകയെന്ന ഫാഷിസ്റ്റ് തന്ത്രത്തെ പരോക്ഷമായി സഹായിക്കാൻ മാത്രമേ ഇത് ഉതകൂ. സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലും ദൈനദിന വ്യവഹാരങ്ങളിലും മനുഷ്യർ നേരിടുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്യാൻ സങ്കുചിത കക്ഷിരാഷ്ട്രീയത്തിന്റെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചേരുവയെ ആശ്രയിക്കുന്ന ഒരു വിഭാഗം സംവാദകർ പൊതുമണ്ഡലത്തിൽ സജീവമാണ്. തങ്ങളോട് നേരിയ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെപ്പോലും സാമൂഹ്യദ്രോഹികൾ, ഫാഷിസത്തിന്റെ കുഴലൂത്തുകാർ എന്നൊക്കെ മുദ്രകുത്തി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ പൊതു ജനാധിപത്യപ്രസ്ഥാനത്തെ ദുർബലമാക്കുന്നുണ്ട്. ഈ 'ഇടതുപക്ഷ പ്രവർത്തനത്താൽ' ഫാഷിസം കാര്യമായി പ്രതിരോധത്തിലായെന്ന് ഇവരിൽ ഭൂരിപക്ഷവും ആത്മാർഥമായി കരുതുന്നുന്നുണ്ട് . അതേസമയം, വഴുവഴുപ്പുള്ള, തെന്നിവീഴുന്ന, ചെളിക്കുണ്ടുകൾ നിറഞ്ഞ, തങ്ങൾക്കുമാത്രം ഇണങ്ങുന്ന തരത്തിൽ രൂപപ്പെടുത്തിയ ഗോദയിലേക്ക് മല്ലയുദ്ധത്തിനായി ഇടതുപക്ഷ പ്രവർത്തകരെപ്പോലും വലിച്ചിടാൻ കഴിഞ്ഞതിൽ ഫാഷിസ്റ്റ് കേന്ദ്രങ്ങൾ മതിമറന്ന് ആഹ്ലാദിക്കുന്നുമുണ്ട്.

Comments