ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിന് തുടക്കം. ഹരിയാന, ഡൽഹി, യു.പി എന്നീ സംസ്ഥാനങ്ങളിലടക്കം 58 സീറ്റുകളിലാണ് വോട്ടെടുപ്പ് തുടങ്ങിയത്. ഇതിൽ, ഡൽഹിയിലെ ഏഴും ഹരിയാനയിലെ പത്തും യു.പിയിലെ 14 മണ്ഡലങ്ങളും ഉൾപ്പെടുന്നു. ബിഹാർ- എട്ട്, ജമ്മു കാശ്മീർ- ഒന്ന്, ജാർക്കണ്ഠ്- നാല്, ഒഡീഷ- ആറ്, ബംഗാൾ- എട്ട് സീറ്റുകളിലേക്കും വോട്ടെടുപ്പ് തുടങ്ങി.
ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 58 സീറ്റിൽ 40 ഇടത്തും കഴിഞ്ഞ തവണ ബി.ജെ.പിയാണ് ജയിച്ചത്. മാത്രമല്ല, 90 ശതമാനം സീറ്റുകളിലും ബി.ജെ.പി സ്ഥാനാർഥികൾക്ക് 40 ശതമാനത്തിലേറെ വോട്ടുമുണ്ടായിരുന്നു. കോൺഗ്രസിന് ഒരു സീറ്റുപോലും ഉണ്ടായിരുന്നില്ല. എന്നാൽ, ഇത്തവണ നിരവധി സീറ്റുകളിൽ രാഷ്ട്രീയ സാഹചര്യം ബി.ജെ.പിക്ക് എതിരാണ്. പഞ്ചാബിലും ഹരിയാനയിലും കർഷകരുടെ രോഷവും ബിഹാറിൽ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ജനകീയ വിഷയങ്ങളിലൂന്നിയുള്ള കാമ്പയിനും യു.പിയിൽ മാറിയ സാമുദായിക സമവാക്യങ്ങളും ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ ഫാക്ടറും ബി.ജെ.പിക്ക് ഇത്തവണ വൻ തിരിച്ചടിസാധ്യതകളാകുന്നു.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും ജയിൽവാസവും ജാമ്യവും സൃഷ്ടിച്ച അസാധാരണ രാഷ്ട്രീയ സംഭവവികാസങ്ങളാണ് ഡൽഹിയിലെ ഏഴു സീറ്റുകളിലും ജനവിധിയെ സ്വാധീനിക്കുക. ആപ്പ്- കോൺഗ്രസ് സഖ്യം ബി.ജെ.പിയുമായി നേരിട്ട ഏറ്റുമുട്ടുന്നു.
മത്സരരംഗത്തുള്ളവർ:
1. ചാന്ദ്‌നി ചൗക്ക്: ജെ.പി. അഗർവാൾ- കോൺഗ്രസ്, പ്രവീൺ ഖാണ്ഡൽവാൾ- എൻ.ഡി.എ.
2. ന്യൂഡൽഹി: സോമനാഥ് ഭാരതി- ആപ്പ്, ബൻസുരി സ്വരാജ്- എൻ.ഡി.എ.
3. ഈസ്റ്റ് ഡൽഹി: കുൽദീപ് കുമാർ- ആപ്പ്, ഹർഷ് മൽഹോത്ര- എൻ.ഡി.എ.
4. നോർത്ത് ഈസ്റ്റ് ഡൽഹി: കനയ്യ കുമാർ- കോൺഗ്രസ്, മനോജ് തിവാരി- എൻ.ഡി.എ.
5. നോർത്ത് വെസ്റ്റ് ഡൽഹി: ഉദിത് രാജ്- കോൺഗ്രസ്, യോഗേന്ദ്ര ചന്ദോലിയ- എൻ.ഡി.എ.
6. വെസ്റ്റ് ഡൽഹി: മഹാബൽ മിശ്ര- ആപ്, കമൽജീത് ഷെഹ്‌റാവത്- എൻ.ഡി.എ.
7. സൗത്ത് ഡൽഹി: സാഹി റാം പഹേൽവാൻ- ആപ്പ്, രാംവീർ സിങ് ബിൻദുരി- എൻ.ഡി.എ.
‘ഇന്ത്യ’ സഖ്യം എത്ര സീറ്റുകളിൽ ബി.ജെ.പിക്ക് തിരിച്ചടിയാകും എന്നതാണ് ഡൽഹി തീരുമാനിക്കുക. ആപ് മത്സരിക്കുന്ന നാലിടത്തും കെജ്‌രിവാളിന്റെ കാമ്പയിൻ ആവേശകരമായിരുന്നു. അത്, പാർട്ടി അണികളെ മാത്രമല്ല, മറ്റു വിഭാഗങ്ങളുടെ വോട്ടുകളെ കൂടി സ്വാധീനിച്ചേക്കാം. എന്നാൽ, ആപ്പിന്റെ പിന്തുണ കോൺഗ്രസിന് എത്രത്തോളം ഗുണകരമാകും എന്ന കാര്യത്തിൽ ഉറപ്പില്ല. കാരണം, സംഘടനാപരമായി കോൺഗ്രസ് തീർത്തും ഈ മണ്ഡലങ്ങളിലെല്ലാം ദുർബലമാണ്. ഒപ്പം, പ്രാദേശിക നേതാക്കളുടെ അതൃപ്തിയും കോൺഗ്രസിനെ വലയ്ക്കുന്നുണ്ട്. കെജ്‌രിവാൾ അടക്കമുള്ള ആപ്പ് നേതാക്കൾ കോൺഗ്രസ് മണ്ഡലങ്ങളിൽ സജീവമായിരുന്നുവെങ്കിലും ആപ്പിന്റെ മണ്ഡലങ്ങളിൽ കോൺഗ്രസ് നേതാക്കളുടെ അഭാവം ദൃശ്യമായിരുന്നു. രാഹുൽ, പ്രിയങ്ക, മല്ലികാർജുൻ ഖാർഗേ തുടങ്ങിയവരൊന്നും ആപ്പ് സ്ഥാനാർഥികൾക്കുവേണ്ടി കാമ്പയിനെത്തിയില്ല. ആപ്പ് ഒരുക്കിയ സംഘടനാ സംവിധാനമാണ് ഏഴു മണ്ഡലങ്ങളിലെയും കാമ്പയിനെ സജീവമാക്കി നിർത്തിയത് എന്നു പറയാം.
കനയ്യ കുമാർ മത്സരിക്കുന്ന നോർത്ത് ഈസ്റ്റ് ഡൽഹിയിൽ കോൺഗ്രസ് കാമ്പയിൻ ഏറെ ആവേശകരമായിരുന്നുവെങ്കിലും ബി.ജെ.പി സ്ഥാനാർഥി മനോജ് തിവാരി ഏറെ ശക്തനാണ്. ഇത്തവണ ഡൽഹിയിൽ മത്സരിക്കുന്ന ഏക ബി.ജെ.പി സിറ്റിങ് എം.പി കൂടിയാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡൽഹി കാമ്പയിൻ തുടങ്ങിയതും ഈ മണ്ഡലത്തിൽനിന്നായിരുന്നു. വ്യാപാരികൾ, ബിനിസനുകാർ, കുടിയേറ്റവിഭാഗം തുടങ്ങി വിവിധ വിഭാഗം വോട്ടുബാങ്കുകൾ ബി.ജെ.പിക്ക് അനുകൂലമായ മണ്ഡലം കൂടിയാണിത്. കനയ്യ കുമാറിന്റെ വരവ് ശക്തമായ മത്സരത്തിലേക്ക് കോൺഗ്രസിനെ എത്തിച്ചിട്ടുണ്ട്. രാഹുലിന്റെ പ്രത്യേക താൽപര്യം കൂടിയുണ്ടായിരുന്നു കനയ്യയുടെ സ്ഥാനാർഥിത്വത്തിനുപുറകിൽ. അതുകൊണ്ടുതന്നെ കനയ്യയുടെ വിജയം കോൺഗ്രസിന്റെ അഭിമാനപ്രശ്‌നം കൂടിയായി മാറിയിരിക്കുകയാണ്. എന്നാൽ, പ്രാദേശിക സംഘടനാ സംവിധാനം കനയ്യകുമാറിനെ വേണ്ടവിധം പിന്തുണക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.
പൗരത്വ നിയമത്തിനും എൻ.ആർ.സിക്കും എതിരായ ഷാഹീൻബാഗ് അടക്കമുള്ള സമരങ്ങളുടെ കേന്ദ്രമായിരുന്നു ഈ മേഖല. മാത്രമല്ല, മുസ്‌ലിംകൾക്ക് സ്വാധീനവുമുണ്ട്. ഇതെല്ലാം, ഒരു ബി.ജെ.പി വിരുദ്ധ വോട്ടിംഗിലേക്ക് നയിക്കുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്.
2014, 2019 തെരഞ്ഞെടുപ്പുകളിൽ ഏഴു സീറ്റുകളും തൂത്തുവാരിയത് ബി.ജെ.പിയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആപ്പ് വിജയം നേടിയ സമയത്തും ലോക്‌സഭയിലേക്ക് പാർട്ടിക്ക് ഒരു അംഗത്തെ പോലും ലഭിച്ചില്ല. കെജ്‌രിവാൾ എന്ന ഒരൊറ്റഘടകത്തിലൂന്നിയാണ് 'ഇന്ത്യ' മുന്നണിയുടെ സകല പ്രതീക്ഷകളും. ഡൽഹിയുടെ അടിസ്ഥാന ജീവിതപ്രശ്‌നങ്ങൾ പോലും ഈയൊരു സിംഗിൾ ഫാക്ടറിൽ നിർവീര്യമായിപ്പോയി എന്നു പറയാം.
ബംഗാളിൽ സാന്താൾ, മുണ്ട തുടങ്ങിയ ഗോത്രമേഖലകളുള്ള എട്ടു മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. കഴിഞ്ഞ തവണ എട്ടിൽ അഞ്ചിടത്തും ബി.ജെ.പിക്കായിരുന്നു ജയം. ഇടതുപാർട്ടികളായിരുന്നു രണ്ടാം സ്ഥാനത്ത്. ഇത്തവണ ത്രികോണമത്സര പ്രതീതിയുള്ളതിനാൽ, തൃണമൂലിന് നേരിയ മുൻതൂക്കമുണ്ട്.
നന്ദിഗ്രാം മേഖല അടങ്ങുന്ന തംലൂക്, കാന്തി, ഘാൽ എന്നീ മണ്ഡലങ്ങളിലാണ് 2019-ൽ ടി.എം.സി ജയിച്ചത്. ഇവിടെ ഇത്തവണയും പാർട്ടി ജയം ആവർത്തിക്കാവുന്ന സാഹചര്യമാണുള്ളത്.
പഞ്ചാബിലും ഹരിയാനയിലും കത്തിപ്പടർന്ന കർഷക രോഷം ബി.ജെ.പിക്ക് കാര്യമായ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. കർഷക സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചാബിൽ ബി.ജെ.പി സ്ഥാനാർഥികളുടെ കാമ്പയിൻ വരെ തടയുന്ന സ്ഥിതിയുണ്ടായി. കർഷക ഗ്രാമങ്ങളാകെ ഈ രോഷത്തിൽ പങ്കാളികളാണ്. കടക്കെണിയും കാർഷിക വിളകളുടെ വിലയിടവുമെല്ലാം ഗ്രാമീണ കാർഷികമേഖലയെ തകർത്തിരിക്കുകയാണ്. മിനിമം താങ്ങുവില എന്ന ആവശ്യമുയർത്തിയുള്ള 'ഡൽഹി ചലോ' മാർച്ചിന് പഞ്ചാബിലെ കർഷകരാണ് നേതൃത്വം നൽകിയത്. ഈ ആവശ്യം അംഗീകരിക്കപ്പെടാത്തതിലുള്ള രോഷത്തോടൊപ്പം, പ്രക്ഷോഭത്തെ കേന്ദ്ര ഭരണകൂടം നേരിട്ട വിധത്തിലും കർഷകർക്ക് ശക്തമായ പ്രതിഷേധമുണ്ട്. ഈ രോഷത്തിനിടയിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയത്. സംയുക്ത കിസാൻ മോർച്ചയുടെ പ്രതിഷേധത്തെ പൊലീസ് വിന്യാസത്തിലാണ് മറികടക്കാനായത്.
ആം ആദ്മി പാർട്ടിയും കോൺഗ്രസും പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും 'സൗഹൃദ മത്സര'മാണ് എന്നാണ് അണിയറയിൽ പറയുന്നത്. കാരണം, സംസ്ഥാനത്തെ 13 സീറ്റിലും ഇത്തവണ ജയിക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യമാണ് ആപ്പ് മുന്നിൽ കാണുന്നത്. ശിരോമണി അകാലിദളുമായുള്ള സഖ്യം തകർന്നതും കർഷകരോഷവും ബി.ജെ.പിയെ കെട്ടുകെട്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആപ്പ്. അതുകൊണ്ടുതന്നെ, കോൺഗ്രസുമായി സീറ്റ് പങ്കിടുന്നതിൽ ആപ്പ് തുടക്കം മുതൽ വിമുഖരായിരുന്നു.
ശിരോമണി അകാലിദളിന് സ്വാധീനമുള്ള ഗ്രാമീണ സിഖ് വോട്ടുകളെയും ബി.ജെ.പിക്ക് സ്വാധീനമുള്ള അർബൻ ഹിന്ദു വോട്ടുകളെയും ഭിന്നിപ്പിച്ച് തങ്ങൾക്കനുകൂലമാക്കി മാറ്റാം എന്ന് ആപ്പ് കരുതുന്നു. ഗ്രാമീണ കർഷക വോട്ടുകൾ കൂടി ആപ്പ് പ്രതീക്ഷിക്കുന്നുണ്ട്. ആപ്പിനുള്ള അതേ വോട്ടുബേസാണ് കോൺഗ്രസിൻേറതും. അത്, കോൺഗ്രസിനെ ഒന്നു കൂടി ദുർബലാക്കുന്ന ഘടകമാണ്. പഞ്ചാബിൽ ഏഴാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.
ഹരിയാനയിൽ കഴിഞ്ഞ തവണ ആകെയുള്ള പത്തു സീറ്റും നേടിയ ബി.ജെ.പി തുടക്കത്തിൽ ഇതേ വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് അസാധ്യമായ സാഹചര്യമാണ് ഇപ്പോൾ. ആപ്പ്- കോൺഗ്രസ് സഖ്യത്തിലൂടെ 'ഇന്ത്യ' മുന്നണിക്ക് സംസ്ഥാനത്ത് ഉണർവുണ്ടായിട്ടുണ്ട്. മോദി ഫാക്റ്ററും പുൽവാമ, ബാലാകോട്ട് ആക്രമണങ്ങളുടെ പേരിൽ നടന്ന കാമ്പയിനുകളുമെല്ലാമാണ് കഴിഞ്ഞ തവണ ബി.ജെ.പിയെ തുണച്ചത്. എന്നാൽ, ഇത്തവണ ഇത്തരം വേവുകളൊന്നും സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായി ഇല്ല. ജാട്ടുകൾക്കിടയിലും കർഷകർക്കിടയിലുമുണ്ടായ കടുത്ത അതൃപ്തി, അഗ്‌നിവീർ റിക്രൂട്ടുമെന്റുമായി ബന്ധപ്പെട്ട് യുവാക്കളിലുണ്ടായ രോഷം, ജൻനായക് ജനതാ പാർട്ടിയുമായുള്ള സഖ്യം തകർന്നത് തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് ബി.ജെ.പി നേരിടുന്നത്. കർഷക പ്രതിഷേധവും ഗുസ്തി താരങ്ങളുടെ സമരവുമാണ് വോട്ടർമാരിൽ 24 ശതമാനം വരുന്ന ജാട്ട് വിഭാഗത്തിന്റെ രോഷത്തിനുകാരണം.
യു.പിയിൽ വോട്ടെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളും ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളാണ്. സുൽത്താൻപുർ, അലഹബാദ്, ശ്രാവസ്തി, ദുമരിയാഗഞ്ച്, അസംഗഢ്, ദഭോയ് എന്നിവിടങ്ങളിലാണ് പോരാട്ടം രൂക്ഷം. സുൽത്താൻപുരിൽ ബി.ജെ.പിയുടെ മേനക ഗാന്ധിയെ നേരിടുന്നത് എസ്.പിയുടെ ഭീം നിഷാദും ബി.എസ്.പിയുടെ ഉദയ് രാജ് വെർമയുമാണ്. അലഹബാദിൽ ബി.ജെ.പിയുടെ നീരജ് ത്രിപാഠിയും കോൺഗ്രസിലെ ഉജ്ജ്വൽ രേവതി രമണും ഏറ്റുമുട്ടുന്നു. എസ്.പിയുടെ ശക്തികേന്ദ്രമായ അസംഗഢിൽ എസ്.പിയുടെ ധർമേന്ദ്ര യാദവും ബി.ജെ.പിയുടെ ദിനേഷ് ലാൽ യാദവും ഏറ്റുമുട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും അമിത് ഷായുമായിരുന്നു ബി.ജെ.പി കാമ്പയിന് നേതൃത്വം നൽകിയത്. 'ഇന്ത്യ' മുന്നണി നേതാക്കളായ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും കൈകോർത്ത് ശക്തമായ മത്സരപ്രതീതിയുണ്ടാക്കാനും ശ്രമിച്ചു.
ബീഹാറിൽ വോട്ടെടുപ്പ് നടക്കുന്ന എട്ടു സീറ്റുകളും ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളാണ്. ഇത്തവണ നാലിടത്ത് ജെ.ഡി-യുവും നാലിടത്ത് ബി.ജെ.പിയുമാണ് എൻ.ഡി.എ സഖ്യത്തിൽ മത്സരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൂടി നടക്കുന്ന ഒഡിഷയിൽ പുരി ജഗന്നാഥക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദം ബി.ജെ.പി കാമ്പയിനിലേക്ക് കൊണ്ടുവന്ന് വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനുമുമ്പേ മുഖ്യമന്ത്രി നവീൻ പട്‌നായിക്കാണ് പുരി ജഗന്നാഥ ക്ഷേത്രത്തെ ഇലക്ഷൻ വിഷയമായി കൊണ്ടുവന്നത്. 800 കോടി രൂപ ചെലവിൽ ഹെരിറ്റേജ് ഇടനാഴിയുണ്ടാക്കുകയും അത്, അയോധ്യയിലെ പ്രാണപ്രതിഷ്ഠയുടെ മൂന്നു ദിവസം മുമ്പ് ഉദ്ഘാടനം നടത്തുകയും ചെയ്തു. സംസ്ഥാന സർക്കാറിനെതിരായ ഭരണവിരുദ്ധവികാരത്തെയും ഹിന്ദുത്വ കാമ്പയിനെയും ഒരേപോലെ നേരിടുകയായിരുന്നു നവീൻ പട്‌നായിക്കിന്റെ തന്ത്രം. എന്നാൽ, ഇതിനെ കടത്തിവെട്ടാൻ നരേന്ദ്രമോദി പുതിയ വിവാദത്തിന് തുടക്കമിട്ടു. 2018-ൽ നഷ്ടമായ പുരി ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ താക്കോലിലാണ് മോദി കയറിപ്പിടിച്ചത്. ശ്രീകോവിലിനു സമീപത്തെ രത്്‌ന ഭണ്ഡാരത്തിന്റെ താക്കോൽ കാണാതായതിൽ പ്രധാന പ്രതി സംസ്ഥാന സർക്കാറാണ് എന്നായിരുന്നു മോദിയുടെ ആരോപണം. ഇതിനിടെ, 'പുരി ജഗന്നാഥൻ പോലും മോദിയുടെ ഭക്തനാണ്' എന്ന ബി.ജെ.പി വക്താവ് സംബിത് പത്രയുടെ പരാമർശം നവീൻ പട്‌നായിക്കിന് പിടിവള്ളിയായി. പുരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ജയനാരായണൻ പട്‌നായിക് പൊലീസിൽ പരാതി കൂടി നൽകിയതോടെ ബി.ജെ.പി ഒരടി പുറകോട്ടുവച്ചു.
ബി.ജെ.പിയും ബിജു ജനതാദളും നേരിട്ടുള്ള മത്സരത്തിൽ കഴിഞ്ഞ തവണ ബി.ജെ.ഡി 13-ഉം ബി.ജെ.പി എട്ടും സീറ്റിലാണ് ജയിച്ചത്.