കെ. കണ്ണൻ: ഇന്ത്യയിലെ ഇലക്ടറല്‍ പൊളിറ്റിക്‌സുമായി ബന്ധപ്പെട്ട വിദ്വേഷ കാമ്പയിന് ബി.ജെ.പിയുടെ തന്നെ വളര്‍ച്ചയുമായി അഭേദ്യമായ ബന്ധമുണ്ടെന്നുകാണാം. തൊണ്ണൂറുകളുടെ തുടക്കത്തില്‍, മണ്ഡല്‍ കമീഷനും ഒ.ബി.സി സംവരണ രാഷ്ട്രീയവുമെല്ലാം മുഖ്യധാരാ രാഷ്ട്രീയത്തെ സ്വാധീനിച്ച കാലത്താണ് പ്രകടമായ വര്‍ഗീയതയിലൂന്നിയുള്ള ബി.ജെ.പി കാമ്പയിന്‍, സമീപകാല ഇലക്ടറല്‍ പൊളിറ്റിക്‌സിന്റെ ഭാഗമാകുന്നത്. അക്കാലത്ത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ സൂക്ഷ്മമായി പിന്തുടര്‍ന്നിരുന്ന മാധ്യമപ്രവര്‍ത്തകനെന്ന നിലയ്ക്ക്, അന്നത്തെ വിദ്വേഷ കാമ്പയിനുകളുടെ സ്വഭാവവും അതുണ്ടാക്കിയ ഇംപാക്റ്റും വിശദമാക്കാമോ?
വെങ്കിടേഷ് രാമകൃഷ്ണൻ: മതവിദ്വേഷ- വര്‍ഗീയ കാമ്പയിനുകള്‍ ബി.ജെ.പിയുടെ പൊതുധാരയുടെ ഭാഗമാണ്. എപ്പോഴെങ്കിലും രാഷ്ട്രീയമായോ തെരഞ്ഞെടുപ്പു സമയത്തോ പ്രതിസന്ധിയുണ്ടാകുമ്പോൾ, അവരുടെ വോട്ട് അജണ്ട വര്‍ഗീയതയും സെക്‌ടേറിയന്‍ രാഷ്ട്രീയവും തന്നെയായിരുന്നു.
ഇക്കാര്യത്തിൽ തൊണ്ണൂറുകളും 2024-ഉം തമ്മില്‍ സൂക്ഷ്മമായ വ്യത്യാസമുണ്ട്. തൊണ്ണൂറുകളിൽ, ഒരു വശത്ത് വിദ്വേഷപ്രചാരണം നടത്തുമ്പോള്‍ തന്നെ മറുവശത്ത് മതനിരപേക്ഷ ശക്തികളുമായും മതനിരപേക്ഷ പൊതുബോധവുമായും താദാത്മ്യപ്പെടുന്ന തരത്തിലുള്ള നേതാക്കന്മാരെയും രാഷ്ട്രീയ അജണ്ടയും ബി.ജെ.പി മുന്നോട്ടുവക്കുന്നുണ്ട്. ഉദാഹരണത്തിന് എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവുമായിട്ടാണല്ലോ അയോധ്യ ബി.ജെ.പി കേന്ദ്ര വിഷയമായി കൊണ്ടുവരുന്നത്. ഇതിലൂടെ, മറുവശത്ത് മണ്ഡല്‍ കമീഷന്റെ സ്വാധീനത്തെ നിരാകരിക്കാനുള്ള ശ്രമവുമുണ്ടായിരുന്നു. എല്‍.കെ. അദ്വാനി, അശോക് സിംഗാള്‍, വിനയ് കത്യാര്‍ തുടങ്ങിയവരായിരുന്നു ഈ തീവ്ര വര്‍ഗീയതയെ പ്രതിനിധാനം ചെയ്തത്. അപ്പോഴും അടല്‍ ബിഹാരി വാജ്‌പേയ് എന്ന മൃദു ഹിന്ദുത്വ മുഖം, നിതീഷ് കുമാറിന്റെ പാര്‍ട്ടിയും തെലുങ്കുദേശവുമായും ഒക്കെ സംസാരിച്ചുകൊണ്ടിരിക്കുകയും അവരുമായി സമരസപ്പെടുകയും ചെയ്യുന്ന സമീപനമുണ്ടായിരുന്നു. ഇത്തരമൊരു ദ്വിമുഖ വര്‍ഗീയ രാഷ്ട്രീയമാണ് എല്ലാ സമയത്തും ബി.ജെ.പി പയറ്റിയിരുന്നത്.
ഈ തെരഞ്ഞെടുപ്പില്‍ മോദി ആദ്യം പറഞ്ഞുതുടങ്ങിയത് വികസനത്തെ ആയുധമാക്കും എന്നാണ്. അതുകൊണ്ടാണല്ലോ 'മോദി കി ഗ്യാരണ്ടി', 'abki baar 400 paar' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കേട്ടുതുടങ്ങിയത്. ആ മുദ്രാവാക്യങ്ങള്‍ വേണ്ട രീതിയില്‍ ഇംപാക്റ്റുണ്ടാക്കുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് വീണ്ടും അവരുടെ വോട്ട് അജണ്ടയായ വര്‍ഗീയതയിലേക്ക് പോയത്.
അക്കാലവും ഇക്കാലവുമായിട്ടുള്ള താരതമ്യവും സമാനതകളും വ്യതിയാനങ്ങളുമെല്ലാം വളരെ സൂക്ഷ്മമായിട്ടുള്ളതാണ്. അക്കാലത്തെ രാഷ്ട്രീയം ഒന്ന്, ഇന്ന് വേറൊന്ന് എന്നു പറയാന്‍ പറ്റില്ല.
അയോധ്യയിലെ പണി പൂര്‍ത്തിയാകാത്ത രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത്, ഇലക്ഷനുതൊട്ടുമുമ്പ് ഒരു വര്‍ഗീയ അജണ്ട ബി.ജെ.പി സെറ്റു ചെയ്തിരുന്നുവല്ലോ. എന്നാല്‍, കാമ്പയിനില്‍ ഈ വിഷയം ഉപയോഗിച്ച് ബി.ജെ.പിയും ആര്‍.എസ്.എസും പ്രതീക്ഷിച്ച അത്ര ഒരു മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ്?
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിലൂടെ ഹിന്ദുത്വ വികാരമുണര്‍ത്തി, അതിനെ ഇലക്ഷന്‍ വിജയത്തിലേക്ക് എത്തിക്കാനുള്ള മുദ്രാവാക്യമാക്കി മാറ്റാനാകുമെന്ന ധാരണ ബി.ജെ.പിക്കും സംഘ്പരിവാറിനുമുണ്ടായിരുന്നു. അതുകൊണ്ടാണ് പണി പൂര്‍ത്തിയാകാത്ത രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്താനും അതിന് നരേന്ദ്രമോദി തന്നെ നേതൃത്വം കൊടുക്കാനും തീരുമാനിച്ചത്. പക്ഷെ, 1992-ല്‍ ബാബരി മസ്ജിദ് പൊളിച്ചശേഷം യു.പിയില്‍ നടന്ന ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടതുപോലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ വേണ്ട രീതിയിലുള്ള പൊളിറ്റിക്കല്‍ ഇംപാക്റ്റുണ്ടാക്കിയില്ല എന്നാണ് ബി.ജെ.പി സ്വയം മനസ്സിലാക്കിയത്.
രാമക്ഷേത്രം എന്ന വാഗ്ദാനം പൂര്‍ത്തീകരിക്കപ്പെട്ടു. അതിനുശേഷം ആ മുദ്രാവാക്യത്തിന് എന്തിനാണ് ഊന്നല്‍ നല്‍കുന്നത് എന്നാണ് ഉത്തരേന്ത്യയിലെ സാധാരണക്കാരായ മനുഷ്യര്‍ ചോദിക്കുന്നത്.
അതിനൊരു കാരണമുണ്ട്. ‘ബാബരി മസ്ജിദ് ഒരു കളങ്കത്തിന്റെ പ്രതീകമാണ്, അത് അവിടെനിന്ന് മാറ്റണം’ എന്നു പ്രചരിപ്പിക്കപ്പെട്ട വലിയൊരു വികാരത്തിന്റെ പുറത്താണ് ആ പള്ളി പൊളിക്കൽ നടത്തിയത്. അതു കഴിഞ്ഞപ്പോള്‍, ‘ആ കളങ്കം മാഞ്ഞുപോയല്ലോ, അതുകൊണ്ട് അതിനുമേല്‍ ഇനി രാഷ്ട്രീയം കളിക്കേണ്ട’ എന്ന തരത്തിലുള്ള ഒരു മനോഭാവം ജനങ്ങളിലുണ്ടായി.
ഇതോടൊപ്പം മറ്റൊരു രാഷ്ട്രീയ പ്രക്രിയ കൂടി സംഭവിച്ചു. ഹിന്ദു മതത്തിലെ ജാതീയ ഉച്ചനീചത്വങ്ങളെ വളരെ മൂര്‍ത്തമായി ഉയർത്തിക്കാട്ടിയ സമാജ്‌വാദി പാര്‍ട്ടി- ബി.എസ്.പി സഖ്യം ആ രീതിയിലുള്ള സാമൂഹിക- രാഷ്ട്രീയ ഇടപെടല്‍ നടത്തിയപ്പോള്‍ അതിലേക്ക് കൂടുതല്‍ കൂടുതല്‍ പേര്‍ അണിചേരുകയും ചെയ്തു.
അയോധ്യയില്‍ രാമക്ഷേത്രം എന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. സുപ്രീംകോടതിയുടെ കൂടി സഹായത്തോടെ അത് പൂര്‍ത്തീകരിക്കപ്പെട്ടു. അതിനുശേഷം ആ മുദ്രാവാക്യത്തിന് എന്തിനാണ് ഊന്നല്‍ നല്‍കുന്നത് എന്നാണ് ഉത്തരേന്ത്യയിലെ സാധാരണക്കാരായ മനുഷ്യര്‍ ചോദിക്കുന്നത്. ഞാന്‍ തന്നെ ഈ ചോദ്യം പലതവണ നേരിട്ടിട്ടുണ്ട്. പ്രാണപ്രതിഷ്ഠയെ ആളിക്കത്തിക്കാൻ കഴിയാത്തതിനുപുറകിൽ അങ്ങനെയൊരു പശ്ചാത്തലം കൂടിയുണ്ട്.
അതോടൊപ്പം, പ്രാണപ്രതിഷ്ഠ അടക്കം ബി.ജെ.പി മുന്നോട്ടുവക്കുന്ന വര്‍ഗീയ വിഷയങ്ങൾ തങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളെ ബാധിക്കുന്നില്ല എന്ന തിരിച്ചറിവ് ഉത്തരേന്ത്യയിലെ പല ഭാഗത്തും ഉണ്ടായിവരുന്നുണ്ട്. എനിക്കുതോന്നുന്നത്, അത് ഇന്ത്യയിലാകെ സ്ഥായിയായ ഒരു വികാരമാണ് എന്നാണ്. ഏറ്റക്കുറച്ചിലോടെയാണ് പലയിടത്തും പ്രതിഫലിക്കുന്നത് എന്നു മാത്രം. ബീഹാറില്‍ അത് പ്രതിഫലിക്കുന്നത് രൂക്ഷമായാണ്. എന്നാൽ, സീറ്റുകളുടെ കാര്യത്തില്‍ എങ്ങനെയായിരിക്കും എന്ന് പറയാനാകില്ല. യു.പിയില്‍ പല ഭാഗത്തും ഈയൊരു വികാരമുണ്ട്. പ്രത്യേകിച്ച്, പശ്ചിമ യു.പിയില്‍ കാര്‍ഷിക പ്രശ്‌നം ഈയൊരു ദിശയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകുന്നുണ്ട്. ഇത്തരത്തില്‍ പല തലങ്ങളിലുള്ള ഘടകങ്ങളാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠയെ വിജകരമായ ഒരു പൊളിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റ് അല്ലാതാക്കി മാറ്റിയത്.
ഇത്തവണ ആദ്യ രണ്ടു ഘട്ട തെരഞ്ഞെടുപ്പുകളില്‍ ‘മോദി ഗ്യാരണ്ടി' എന്നൊരു മുദ്രാവാക്യമാണ് നരേന്ദ്ര മോദിയും ബി.ജെ.പിയുടെ പ്രകടനപത്രിക തന്നെയും കാമ്പയിനില്‍ ഊന്നിയത്. ആ മുദ്രാവാക്യത്തില്‍നിന്ന് പൊടുന്നനെയാണ്, മൂന്നാം ഘട്ട കാമ്പയിന്‍ തുടങ്ങിയതുമുതല്‍, ഒരു പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കാത്ത തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങളിലേക്ക് മോദി മാറുന്നത്. മോദി സെറ്റ് ചെയ്ത വര്‍ഗീയ കാമ്പയിന്‍ യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ കൂടുതല്‍ തീവ്രമായി ഏറ്റെടുക്കുകയും ചെയ്തു. പൊടുന്നനെയുള്ള ഈ മാറ്റത്തിന്റെ പ്രകോപനം എന്തായിരിക്കാം? ഇത് എങ്ങനെയാണ് ഇത്തവണത്തെ അടുത്ത ഘട്ടങ്ങളിലെ വോട്ടിംഗിനെ ബാധിക്കുക?
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ, 'മോദി കി ഗ്യാരണ്ടി' എന്ന മുദ്രാവാക്യം തുടങ്ങിയവ വേണ്ടത്ര രീതിയിൽ തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നില്ല എന്ന തിരിച്ചറിവില്‍നിന്നുതന്നെയാണ്, വിദ്വേഷ കാമ്പയിനിലേക്ക് ബി.ജെ.പി മാറുന്നത്. പ്രത്യേകിച്ച് ആദ്യ രണ്ടു ഘട്ടങ്ങളിലെ പോളിങ്ങിനുശേഷം.
പശ്ചിമ യു.പിയിൽ ആദ്യ ഘട്ട വോട്ടെടുപ്പു നടന്ന എട്ടു മണ്ഡലങ്ങളില്‍ കണ്ട ട്രെന്‍ഡാണ് അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം. അവിടെ ഒരു തൂത്തുവാരലാണ് ബി.ജെ.പി പ്രതീക്ഷിച്ചത്. എന്നാല്‍, ചുരുങ്ങിയത് മൂന്ന് സീറ്റെങ്കിലും സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള 'ഇന്ത്യ' മുന്നണി നേടും എന്ന ഗ്രൗണ്ട് ലെവല്‍ ഫീഡ്ബാക്കാണ് കിട്ടുന്നത്.
തൊണ്ണൂറുകള്‍ മുതല്‍ പരിശോധിക്കുകയാണെങ്കില്‍, ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന്റെ സ്വാധീനത്തെ ഏറിയും കുറഞ്ഞും മറികടക്കുന്ന ജാതി രാഷ്ട്രീയത്തിന്റെ സ്വാധീനം ഉയര്‍ന്നുവന്ന സമയമുണ്ടായിട്ടുണ്ട്.
പശ്ചിമ യു.പിയിൽ തൂത്തുവാരാമെന്ന പ്രതീക്ഷയുടെ ഏറ്റവും പ്രധാന ഘടകം രാഷ്ട്രീയ ലോക്ദളായിരുന്നു. നേരത്തെ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിലുണ്ടായിരുന്ന, ചരണസിങ്ങിന്റെ പിന്മുറക്കാരനായ ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദളിനെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് എന്‍.ഡി.എയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. അതുമൂലം, കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന ജാട്ട് വിഭാഗങ്ങള്‍ക്കിടയില്‍ അനുകൂല മാറ്റമുണ്ടാക്കാമെന്നാണ് ബി.ജെ.പി കരുതിയത്. പക്ഷെ, ജയന്ത് ചൗധരി അടക്കമുള്ളവര്‍പോയിട്ടും ജാട്ട് സമുദായത്തില്‍നിന്ന് ബി.ജെ.പിക്ക് അനുകൂലമായ പ്രതികരണമുണ്ടായില്ല. മാത്രമല്ല, പല മണ്ഡലങ്ങളിലും ശക്തിസ്രോതസ്സായ ക്ഷത്രിയ വിഭാഗം ബി.ജെ.പിക്ക് എതിരായ നിലപാട് എടുക്കുകയും ചെയ്തു. ചില മണ്ഡലങ്ങളില്‍ ക്ഷത്രിയ വിഭാഗത്തിനുപകരം ജാട്ട്, ഗുജ്ജാർ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതടക്കമുള്ള പരാതികളുയർന്നു. മുസാഫര്‍ നഗര്‍ ലോക്‌സഭാ മണ്ഡലത്തിനുകീഴിലുള്ള ഖേഡ ഗ്രാമത്തില്‍ നടന്ന രജപത്ര സമുദായത്തിന്റെ മഹാ പഞ്ചായത്ത് ബി.ജെ.പി സ്ഥാനാര്‍ഥികളെ ബഹിഷ്‌കരിക്കാന്‍ ഉപ്പ് സാക്ഷിയാക്കി പ്രതിജ്ഞയെടുത്തു. രജപുത്രര്‍ യുദ്ധത്തിനുപോകുന്നതിന് നടത്തുന്ന ഒരു ചടങ്ങാണ് ഉപ്പിനെ സാക്ഷിയാക്കിയുള്ള പ്രതിജ്ഞ.
ഇത്തരം സംഭവവികാസങ്ങളെതുടർന്ന്, എസ്.പിക്ക് മൂന്നു സീറ്റുകള്‍ കിട്ടിയേക്കാമെന്നും അത് നാലോ അഞ്ചോ വരെയാകാമെന്നുമുള്ള ഒരു റീഡിങ് ഗ്രൗണ്ട് ലെവലില്‍നിന്നുണ്ടായി. പശ്ചിമ യു.പിയിൽ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിലും വേണ്ടത്ര മുന്നേറ്റമുണ്ടാക്കാനായില്ല എന്ന തോന്നല്‍ ബി.ജെ.പിക്കുണ്ടായി. അതോടെയാണ് അജണ്ട മാറ്റി, തീവ്ര ഹിന്ദുത്വ അജണ്ടയിലേക്ക് മോദി വരുന്നത്. അതും എത്രത്തോളം വിജയിക്കുമെന്നത് കണ്ടറിയണം. കാരണം, ഇത് മുമ്പ് പലപ്പോഴും മോദി പയറ്റിയിരുന്ന അജണ്ടയായതിനാല്‍, അതിനും വേണ്ടത്ര പിന്തുണ കിട്ടുന്നില്ല എന്നാണ് ഗ്രൗണ്ട് ലെവലില്‍നിന്ന് എനിക്കു കിട്ടുന്ന ഫീഡ്ബാക്ക്.
ഇത്തവണ, ഇലക്ഷനെ സ്വാധീനിക്കുന്ന നിരവധി ഗ്രൗണ്ട് റിയാലിറ്റികളുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, ഗ്രാമീണമേഖലയിലെ ദാരിദ്ര്യവല്‍ക്കരണം, അസന്തുലിത സാമ്പത്തിക വികസനത്തിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക്, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍, വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിധത്തില്‍ പ്രാധാന്യം നേടാനായിട്ടുണ്ടോ?. ഇല്ലെങ്കില്‍ എന്തുകൊണ്ട്?
തൊണ്ണൂറുകള്‍ മുതല്‍ പരിശോധിക്കുകയാണെങ്കില്‍, ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന്റെ സ്വാധീനത്തെ ഏറിയും കുറഞ്ഞും മറികടക്കുന്ന ജാതി രാഷ്ട്രീയത്തിന്റെ സ്വാധീനം ഉയര്‍ന്നുവന്ന സമയമുണ്ടായിട്ടുണ്ട്.
യു.പിയിലും ബീഹാറിലും നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജീവല്‍ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് സാമ്പത്തിക പ്രശ്‌നങ്ങളെ ആധാരമാക്കിയ പ്രശ്‌നങ്ങള്‍, സജീവമായി ചർച്ചയാകുകയും അത് ഒരു ബൈപോളാര്‍ ഇലക്ഷനിലേക്ക് നയിക്കുകയും ചെയ്തു. അതായത്, ഹിന്ദുത്വ വര്‍ഗീയതയെയും കോര്‍പററ്റൈസേഷനെയും പ്രതിനിധീകരിക്കുന്ന ബി.ജെ.പി ഒരു വശത്ത്. മറുവശത്ത്, സാമൂഹിക- സാമ്പത്തിക നീതി തുടങ്ങിയ അജണ്ടകള്‍ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷ കാമ്പയിൻ. എടുത്തുപറയേണ്ടത്, ബീഹാറില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ നടത്തിയ കാമ്പയിനും യു.പിയിൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടി നടത്തിയ കാമ്പയിനുമാണ്. ഇവ വളരെ ശ്രദ്ധേയമായിരുന്നു. ഇത്തരം ഇടപെടലുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തലത്തില്‍ മാത്രമല്ല, സാമൂഹികജീവിതത്തിന്റെ തലത്തില്‍ തന്നെയും ഉയര്‍ന്നുവരികയും വലിയ പ്രതിഫലനമുണ്ടാക്കുകയും ചെയ്തു.
അതുകൊണ്ട്, ഈ പറഞ്ഞ ഗ്രൗണ്ട് റിയാലിറ്റി തീര്‍ച്ചയായും ഒരു പ്രധാന ഘടകം തന്നെയാണ്, ഈ തെരഞ്ഞെടുപ്പില്‍. പക്ഷെ, ഹിന്ദുത്വ വര്‍ഗീയത അടക്കമുള്ള മറ്റെല്ലാ ഘടകങ്ങളെയും തുടച്ചുമാറ്റാൻ അതിന് കഴിയുമോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണുത്തരം. ഏറിയും കുറഞ്ഞും, ഒരു മണ്ഡലത്തില്‍നിന്ന് മറ്റൊരു മണ്ഡലത്തിലേക്ക് ഈ ഫാക്ടറുകൾ വ്യത്യസ്ത രീതിയിൽ മാറിക്കൊണ്ടിരിക്കും.
മറ്റൊന്ന്, 2014-ലും 2019-ലും എല്ലാ വിഷയങ്ങള്‍ക്കുമുള്ള ഉത്തരം 'മോദി' ആയിരുന്നു. 2014-ല്‍ മോദി വന്നാല്‍ കോണ്‍ഗ്രസിന്റെ അഴിമതി ഭരണം അവസാനിക്കും, എല്ലാ കാര്യങ്ങളും ശരിയാകും എന്നൊരു ധാരണ സൃഷ്ടിക്കപ്പെട്ടിരുന്നു. 2019-ല്‍ പുല്‍വാമക്കും ബാലാകോട്ടിൽ നടത്തിയ ആക്രമണത്തിനും ശേഷം മോദി രാഷ്ട്രസ്‌നേഹത്തിന്റെയും ദേശീയ സുരക്ഷയുടെയുമൊക്കെ പ്രതീകമായി മാറിയിരുന്നു. 2019-ലും മോദിക്ക് അപ്രമാദിത്വമുള്ള വിഷയങ്ങള്‍ കേള്‍ക്കാന്‍ ജനം തയാറായിരുന്നു.
എന്നാൽ, ഇത്തവണ അങ്ങനെയല്ല. പ്രാണപ്രതിഷ്ഠ അടക്കം വൈകാരികമായ കാര്യങ്ങളെല്ലാം പൂർത്തിയായി. ഇനി ‘റൊട്ടി- കപ്പഡ- മക്കാന്‍’ എന്ന് ഹിന്ദിയില്‍ പറയുന്നതുപോലെ, അത്തരം വിഷയങ്ങളാണ് കൈകാര്യം ചെയ്യപ്പെടേണ്ടത്, അത് കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാറിന് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് പരസ്യമായി സമ്മതിക്കുന്ന ഒരു സമീപനവും ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. എന്നാൽ, അത് ഏതളവുവരെ എന്നത് പരിശോധിക്കപ്പെടണം.
വര്‍ഗീയ രാഷ്ട്രീയത്തിനും വര്‍ഗീയ സ്വാധീനത്തിനും എത്രത്തോളം പേർ വഴിപ്പെട്ടുനില്‍ക്കുന്നുണ്ട്, മറുവശത്ത്, ജീവല്‍പ്രശ്‌നങ്ങളെ പ്രധാന വിഷയമായി കണ്ട് വോട്ടു ചെയ്യുന്ന എത്ര ശതമാനമുണ്ട്- ഈ രണ്ട് ഘടകങ്ങള്‍ തമ്മിലൊരു മത്സരമുണ്ട്. ഓരോ മണ്ഡലത്തിലും ഇത്തരം കൃത്യമായ മത്സരം നടക്കുന്നുണ്ട്. അതുകൊണ്ടാണ് 2014 പോലെയോ 2019 പോലെയോ അല്ല ഇപ്പോഴത്തെ സാഹചര്യം എന്നൊരു പൊതുവിലുള്ള ഫീഡ്ബാക്ക് രാഷ്ട്രീയനിരീക്ഷകര്‍ക്കിടയിലുള്ളത് എന്നാണ് എനിക്കു തോന്നുന്നത്.
ഉത്തരേന്ത്യയിലെ ഗ്രാമീണ വോട്ടിങ്ങില്‍ കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ വന്ന പ്രധാന മാറ്റമെന്താണ്? ബി.ജെ.പിയും ആര്‍.എസ്.എസും സെറ്റു ചെയ്ത വിഭജന- വിദ്വേഷ രാഷ്ട്രീയത്തോടുള്ള ആ വോട്ടിങ്ങിന്റെ പ്രതികരണത്തെ എങ്ങനെ വിശദീകരിക്കാം?
ഓരോ മണ്ഡലത്തിലും ഇത് എങ്ങനെ പ്രതിഫലിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, നഗരപ്രദേശങ്ങളിലെ മണ്ഡലങ്ങളില്‍, മോദിയുടെ ഇമേജും ഹിന്ദുത്വ വര്‍ഗീയതയുടെ പ്രത്യക്ഷ രൂപങ്ങളും വളരെ പ്രധാനമാണ്. എന്നാല്‍ ഗ്രാമീണ മേഖലയില്‍ ഈ സെറ്റ് ചെയ്ത അജണ്ടയനുസരിച്ച് വോട്ടു ചെയ്യുന്ന സ്ഥിതിവിശേഷം മാറിക്കൊണ്ടിരിക്കുകയാണ്, വളരെ പ്രകടമായ രീതിയില്‍ തന്നെ. അതിന്റെ തോതിനെക്കുറിച്ചാണ് സംശയം. 2019-ലെ തെരഞ്ഞെടുപ്പില്‍ മിക്കവാറും മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ ഭൂരിപക്ഷം രണ്ടു ലക്ഷത്തിനുമുകളിലായിരുന്നു. അതേസമയം, ഇപ്പോൾ രൂക്ഷമായ ജീവല്‍പ്രശ്‌നങ്ങളോടും സാമ്പത്തിക വിഷയങ്ങളോടുമുള്ള ജനങ്ങളുടെ പ്രതികരണം പ്രകടമായും അഗ്രസ്സീവുമായി പുറത്തുവരുന്നുണ്ട്. എങ്കിലും, ഈ രണ്ടു ഘടകങ്ങൾ തമ്മിലുള്ള ഗ്യാപ് മറികടക്കാന്‍ ഇത്തരം പ്രതികരണങ്ങൾക്കാകുമോ എന്ന ചോദ്യവുമുണ്ട്.
വോട്ടിങ് ശതമാനം കുറയുന്നു എന്നത് എല്ലായിടത്തും പൊതുവായി കാണുന്ന സംഗതിയാണ്. അതില്‍ രണ്ട് കാര്യങ്ങളുണ്ട്. മോദിയുടെ അമിതമായ സ്വയം പുകഴ്ത്തലും ഊതിവീർപ്പിച്ച നറേറ്റീവുമൊക്കെ കണ്ടും കേട്ടും മോഹഭംഗം വന്ന് വോട്ടുചെയ്യാന്‍ പോകാതിരിക്കുന്ന ഒരു വിഭാഗമുണ്ട്.
നേരത്തെ മോദിക്കും ബി.ജെ.പിക്കും വോട്ട് ചെയ്യുകയും മോദിയോട് ഇപ്പോള്‍ എതിര്‍പ്പുണ്ടെന്ന് സ്വയം തിരിച്ചറിയുകയും ചെയ്യുന്ന ഒരു വിഭാഗം ഭരണകൂടത്തോടുള്ള ഭയം കാരണം വോട്ട് ചെയ്യാന്‍ പോകുന്നില്ല.
ഇങ്ങനെ രണ്ടു തരത്തിലുള്ള disillusionment ഉണ്ട്, അതിന്റെമേല്‍ ഒരു ഫോളോഅപ് ആക്ഷന്‍ ഇല്ലാത്ത സ്ഥിതിയുമുണ്ട്.
ഈ ഘടകങ്ങൾ വച്ച്, വോട്ട് ചെയ്യാന്‍ പോകാതിരിക്കുന്നതിന്റെ ആത്യന്തിക ഗുണം ആര്‍ക്കായിരിക്കും എന്ന് കണ്ടറിയേണ്ടതുണ്ട്.
നരേന്ദ്രമോദി ഇപ്പോള്‍ നടത്തുന്ന വിദ്വേഷ കാമ്പയിന്റെ പ്രധാന ടാര്‍ഗറ്റ് മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളാണ്. സംവരണം, ജനസംഖ്യാനുപാതിക പ്രാതിനിധ്യം തുടങ്ങിയ ഭരണഘടനാനുസൃതമായ അവകാശങ്ങളെമാത്രമല്ല, മോദി നിഷേധിക്കുന്നത്. കോണ്‍ഗ്രസ്- മുസ്ലിം ലീഗ് രാഷ്ട്രീയസഖ്യത്തെയും പാക്കിസ്ഥാനെയും കൗശലത്തോടെ കൂട്ടിയിണക്കുന്ന മോദിയുടെ ഉന്നം, സ്വാതന്ത്ര്യാനന്ത ഇന്ത്യയുടെ ദേശീയ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നതിലേക്കുകൂടി എത്തുന്നുണ്ട്. 'കോണ്‍ഗ്രസും പാക്കിസ്ഥാനും തമ്മിലുള്ള കൂട്ടുകെട്ട് ഇന്നലെയും നമ്മള്‍ കണ്ടിട്ടുണ്ട്' എന്നു പറയുമ്പോള്‍, സ്വാതന്ത്ര്യലബ്ദിയുടെ കാലത്ത്, ഗാന്ധിയുടെ ഇടപെടലോടെ ഇന്ത്യ സ്വീകരിച്ച ന്യൂനപക്ഷ അനുകൂല നടപടികളെ തന്നെയാണ് മോദി തള്ളിപ്പറയുന്നത്. ന്യൂനപക്ഷ വിരോധിയായ തീവ്രദേശീയതയുടെ പതാകാവാഹകനായി അവതരിക്കുന്ന മോദിയെ ആ നിലയ്ക്ക് തിരിച്ചറിയുന്നതില്‍ ഇന്ത്യയിലെ സെക്യുലര്‍, ന്യൂനപക്ഷ രാഷ്ട്രീയത്തിന് പാളിച്ച സംഭവിക്കുന്നുണ്ടോ?
ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലൂടെ വികസിച്ചുവന്ന മൂല്യങ്ങളെ, അതിന്റെ നേതൃത്വത്തെയൊക്കെ ഇകഴ്ത്തിക്കാണിക്കുക എന്നത് ദശാബ്ദങ്ങളായി സംഘ്പരിവാറും ബി.ജെ.പിയും കൊണ്ടുനടക്കുന്ന കാമ്പയിനാണ്. അതില്‍, ഇപ്പോൾ പുതുതായി ഒന്നും കാണാനാകില്ല. അതിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴും. ഈ തെരഞ്ഞെടുപ്പില്‍ അതിനെ കൂടുതല്‍അഗ്രസ്സീവായി പുറത്തെടുക്കേണ്ടിവന്നിരിക്കുന്നു എന്നതാണ് പ്രധാനം. 'മോദി കി ഗ്യാരണ്ടി', 'abki baar 400 paar' തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയിരുന്ന സമയത്തും ഭരണഘടന മാറ്റിയെഴുതുക തുടങ്ങിയ ആഹ്വാനങ്ങളും തീവ്ര ഹിന്ദുത്വ നേതാക്കളായ അയോധ്യയിലെ ലല്ലു സിങ്ങിനെപ്പോലുള്ള നേതാക്കള്‍ നടത്തിക്കൊണ്ടിരുന്നു.
ഇപ്പോള്‍, തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇത് ആവർത്തിക്കുമ്പോൾ വളരെ വൈകാരികമായ ഒരവസ്ഥ സൃഷ്ടിക്കാമെന്നും അത് ഹിന്ദുക്കളില്‍നിന്ന് ഹിന്ദുത്വ വോട്ടാക്കി മാറ്റുകയും ചെയ്യാം എന്നുമുള്ള ലക്ഷ്യം തന്നെയാണ് മോദിക്കും ബി.ജെ.പിക്കുമുള്ളത്. ഈ വിദ്വേഷ കാമ്പയിന്‍ എത്രയോ കാലമായി നടക്കുന്നുണ്ട്, കഴിഞ്ഞ പത്തുവര്‍ഷമായി അത് കൂടുതല്‍ തീവ്രമായിട്ടുണ്ട്. നമ്മുടെ പ്രധാനപ്പെട്ട ജനാധിപത്യ സ്ഥാപനങ്ങളെയെല്ലാം തകര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തെ ഈയൊരു പാശ്ചാത്തലത്തില്‍ വേണം കാണാന്‍.