ഖഗഡിയയില്‍ സി.പി.എം രണ്ടാമത്; ജയിച്ച് ബി ജെ പി

പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായ സഞ്ജയ് കുമാറിലൂടെ 20 വർഷത്തിനുശേഷം ബിഹാറിൽ നിന്നൊരു എം.പി എന്ന സി.പി.എം സ്വപ്നത്തിന് തിരിച്ചടി ലഭിച്ചിരിക്കുന്നു. ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായി സി പി എം സംസ്ഥാനത്ത് മത്സരിച്ച ഏക സീറ്റായിരുന്നു ഖഗഡിയ.

Election Desk

ഗഡിയയിലൂടെ ബിഹാറിൽ അക്കൗണ്ട് തുറക്കാമെന്ന സി.പി.എം. ലക്ഷ്യം പിഴച്ചു. എൻ ഡി എയുടെ എൽ ജെ പി (റാംവിലാസ്) സ്ഥാനാർഥി രാജേഷ് വർമയ്ക്ക് +122837 വോട്ടിന്റെ ഭൂരിപക്ഷത്തില പാർലമെന്റിലേക്ക്. ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായി സി പി എം സംസ്ഥാനത്ത് മത്സരിച്ച ഏക സീറ്റായിരുന്നു ഖഗഡിയ. പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായ സഞ്ജയ് കുമാറിലൂടെ 20 വർഷത്തിനുശേഷം ബിഹാറിൽ നിന്നൊരു എം.പി എന്ന സി.പി.എം സ്വപ്നത്തിന് തിരിച്ചടി ലഭിച്ചിരിക്കുന്നു.

ഭാഗൽപുരിൽ 1999- ൽ വിജയിച്ച സി പി എം സ്ഥാനാർഥി സുബോധ് റായിക്കു ശേഷം ബിഹാറിൽനിന്ന് ഇടതുപക്ഷത്തിനൊരു എം പിയുണ്ടാകും എന്ന വിലയിരുത്തലിലായിരുന്നു പാർട്ടി. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രചാരണവും നിതീഷ്- മോദി ഭരണകൂടങ്ങൾക്കെതിരായ വികാരവും ഇടതുപാർട്ടികളുടെ ഒറ്റക്കെട്ടായ പ്രവർത്തനവും ഇടതുപക്ഷ വിജയത്തെ നിർണയിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ രണ്ടാം സ്ഥാനത്തൊതുങ്ങി സിപിഎം.

സഞ്ജയ്കുമാറും തേജസ്വി യാദവും പ്രചാരണത്തിനിടെ
സഞ്ജയ്കുമാറും തേജസ്വി യാദവും പ്രചാരണത്തിനിടെ

സഞ്ജയ് കുമാറിന്റെ പിതാവ് യോഗേന്ദ്ര സിങ് ഖഗഡിയ നിയമസഭാ മണ്ഡലത്തിൽ നിന്ന് 2000 ൽ വിജയിച്ചതൊഴിച്ചാൽ ഇലക്ടറൽ പൊളിറ്റിക്സിൽ ഇടതുപക്ഷം കാര്യമായ മുന്നേറ്റമൊന്നും നടത്താത്ത മണ്ണാണ് ഖഗഡിയയുടേത്. എന്നാൽ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച ഇടതുകക്ഷികൾ രണ്ട് സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്തി. 2021- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ചപ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കാനുമായി. അതാണ് ഇത്തവണ സി പി എമ്മിന് സീറ്റു നൽകാൻ ‘ഇന്ത്യ’ സഖ്യത്തിന് ബിഹാറിൽ നേതൃത്വം നൽകുന്ന ആർ ജെ ഡിയെ പ്രേരിപ്പിച്ചത്. സി പി ഐ, സി പി എം, സി പി ഐ (എംഎൽ) എന്നീ ഇടതുകക്ഷികളാണ് ഇത്തവണ ബിഹാറിൽ 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചത്.

1957- ൽ രൂപീകൃതമായ ഖഗഡിയ മണ്ഡലത്തിൽ നിന്ന് ആദ്യമായി പാർലമെന്റിലെത്തുന്നത് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടുയുടെ ശിവശങ്കർ പ്രസാദ് യാദവാണ്. അന്ന് കോൺഗ്രസായിരുന്നു രണ്ടാമത്. 1977- ൽ ഗ്യാനേശ്വർ പ്രസാദിലൂടെ ഭരതീയ ലോക്ദളും 1980- ലും 84- ലും കോൺഗ്രസിന്റെ സതീഷ് പിടി സിങ്ങും എം.പിമാരായി. എഴുപത് മുതൽ മത്സരരംഗത്തേക്കു വന്ന കമ്യൂണിസ്റ്റ് പാർട്ടി 80- ൽ കോൺഗ്രസിനെതിരെ മൂന്നാമതും 84- ൽ രണ്ടാമതുമെത്തി. അന്ന് 22 ശതമാനം വോട്ടു നേടിയായിരുന്നു ഇടതുപക്ഷത്തിന്റെ മുന്നേറ്റം. അതിനു ശേഷം കമ്യൂണിസ്റ്റ് പാർട്ടി ഖഗഡിയയിൽ മത്സരരംഗത്തേ ഉണ്ടായിരുന്നില്ല. 84, 88 വർഷങ്ങളിൽ ജനദാദളായിരുന്നു വിജയം.

യാദവ, കുശ്വാഹ വിഭാഗത്തിന് മുൻതൂക്കമുള്ള മണ്ഡലം ഒരു പാർട്ടിയെയും കൂടുതൽ കാലം എം.പിയായിരിക്കാൻ സമ്മതിച്ചിരുന്നില്ല എന്ന പ്രത്യേകത കൂടിയുണ്ട്. സദാ പൊളിറ്റിക്കൽ സസ്‌പെൻസ് കാത്തുസൂക്ഷിക്കുന്ന ഇവിടെ നിന്ന് സോഷ്യലിസ്റ്റ് പാർട്ടി തൊട്ട് കോൺഗ്രസും ജനദാദളും എസ്.പിയും ജനദാദൾ യുണൈറ്റഡും ആർ ജെ ഡിയും 2014- തൊട്ട് രാം വിലാസ് പാസ്വാന്റെ എൽ.ജെ.പിയുമാണ് മാറി മാറി ജയിച്ചുവന്നത്. 2014ലും 2019 ലും എൽജെപിക്കൊപ്പം. ഇത്തവണ ‘ഇന്ത്യ’, എൻ ഡി എ സഖ്യങ്ങൾ തമ്മിൽ ശക്തമായ മത്സരമായിരുന്നു.

ബീഹാറിലെ വിദ്യാർഥി പ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന സഞ്ജയ് കുമാർ 2015-ലാണ് പാർട്ടി ജില്ലാ സെക്രട്ടറിയായത്. അമ്മാവൻ പ്രഭു നാരായൺ സിങ് ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചയാളാണ്.

Comments