പൊളിഞ്ഞ സഖ്യം, വീണ ഖട്ടർ, ബി.ജെ.പിക്കൊരു ‘ഹരിയാന ഭീഷണി’

ജെ.ജെ.പിയുമായുള്ള സഖ്യം തകർന്നതും മുഖ്യമന്ത്രിയുടെ രാജിയും കർഷക സമരവും ഗുസ്തിതാരങ്ങളുടെ സമരവുമെല്ലാം ഹരിയാനയിലെ ഇത്തവണത്തെ ജനവിധിയെ ഒരു ആന്റി ക്ലൈമാക്സിലേക്കാണ് നയിക്കുന്നത്.

Election Desk

രിയാനയിലെ തെരഞ്ഞെടുപ്പുഫലം ഇത്തവണ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ സ്വാധീനിക്കുന്ന ഒന്നാകും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി - ജെ.ജെ.പി സഖ്യ മന്ത്രിസഭ രാജിവെച്ചതാണ് ഒടുവിലത്തെ സംഭവം.

കുരുക്ഷേത്രയിൽനിന്നുള്ള എം.പിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ നായബ് സിങ് സൈനിയയാണ് പുതിയ മുഖ്യമന്ത്രി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ജനനായക് ജനതാ പാർട്ടിയും (ജെ.ജെ.പി) തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് വഴിവെച്ചത്.

ജെ.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെയാണ് രാജി. ജെ.ജെ.പിയെ ഒഴിവാക്കി പുതിയ സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

മനോഹർ ലാൽ ഖട്ടർ

നിലവിൽ ബി.ജെ.പിക്ക് 41 എം.എൽ.എ മാരാണുള്ളത്. സംസ്ഥാനത്ത് മന്ത്രിസഭ രൂപീകരിക്കാൻ 46 സീറ്റിന്റെ ഭൂരിപക്ഷമാണ് വേണ്ടത്. അഞ്ച് സ്വതന്ത്രമാരെ കൂടി ഉൾപ്പെടുത്തി പുതിയ സർക്കാർ രൂപീകരിക്കാനാണ് ബി.ജെ.പി ശ്രമം. ജെ.ജെ.പിയെ മാറ്റിനിർത്തിയുള്ള ലോകസഭാ തിരഞ്ഞെടുപ്പും ഇന്ത്യയിലെ ജനകീയ പ്രക്ഷോഭങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ കർഷക സമരവും ഗുസ്തിതാരങ്ങളുടെ സമരവുമെല്ലാം ജനവിധിയെ നിർണയിക്കുന്ന ഘടകങ്ങളാകാൻ സാധ്യതയുണ്ട്.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 10 സീറ്റും നേടിയ ബി.ജെ.പിക്ക് ഈ സഖ്യത്തകർച്ചയുടെയും ജനകീയ സമരങ്ങളുടെയും പശ്ചാത്തലത്തിൽ വിജയം ആവർത്തിക്കാനാകുമോ എന്നാണ് കണ്ടറിയേണ്ടത്.

അംബാല, ഗുഡ്ഗാവ്, കുരുക്ഷേത്രം, സോനിപത്, ഭിവാനി- മഹേന്ദ്രഗഡ്, ഹിസാർ, റോഹ്തക്ക്, ഫരീദാബാദ്, കർണാൽ, സിർസ എന്നിവയാണ് ഹരിയാനയിലെ പത്ത് ലോക്സഭാ മണ്ഡലങ്ങൾ. 2019 -ൽ 58.02% വോട്ട് വിഹിതം നേടിയാണ് ബി.ജെ.പി ആധിപത്യമുറപ്പിച്ചത്. കോൺഗ്രസിന് 28.42% മാത്രമേ നേടാനായുള്ളൂ. പ്രഗതിശിൽ സമാജ് വാദി പാർട്ടി (ലോഹിയ) - 5.86%, ബഹുജൻ സമാജ് പാർട്ടി - 3.64%, ഇന്ത്യൻ നാഷ്ണൽ ലോക്ദൾ- 1.89% വീതം വോട്ട് നേടി.

വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, കാർഷിക പ്രശ്‌നങ്ങൾ തുടങ്ങിയവ കാമ്പയിനിലേക്ക് കടന്നുവരുന്നുണ്ട്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഇന്ത്യൻ നാഷ്ണൽ ലോക്ദൾ തുടങ്ങിയ പാർട്ടികൾ ഇത്തരം ജനകീയ വിഷയങ്ങൾ ഉന്നയിക്കുന്നത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഗുസ്തി ഫെഡറേഷന് കീഴിൽ ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗികാതിക്രമങ്ങൾക്കെതിരെ മുൻനിര ഗുസ്തി താരങ്ങൾ നടത്തിയ സമരം അടിച്ചമർത്താൻ കേന്ദ്രസർക്കാർ നടത്തിയ നടപടിയും ബി.ജെ.പിക്ക് പ്രതികൂലമാകും.

ഒരു വർഷത്തോളം ഗുസ്തി താരങ്ങൾ നടത്തിയ സരത്തിന്റെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുന്നതിനു പകരം ആരോപണവിധേയനായ ബി.ജെ.പി എം.പിയെ സംരക്ഷിച്ച് നിർത്താനാണ് സർക്കാർ ശ്രമിച്ചത്. ഇതിനോടുള്ള പ്രതിഷേധ സൂചകമായി താരങ്ങൾ, ദേശീയ പുരസ്‌കാരങ്ങൾ തിരിച്ച് നൽകുകയും കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സമരത്തിന് നേതൃത്വം നൽകിയ മുൻനിര താരങ്ങളെല്ലാം ജാട്ട് സമുദായത്തിൽനിന്നുള്ളവരായിരുന്നു. ഇത് സംസ്ഥാനത്തെ ബി.ജെ.പിയുടെ ജാട്ട് വോട്ട് വിഹിതത്തെ ബാധിച്ചേക്കാം

റെസ്ലിംഗ് താരമായ സാക്ഷി മാലിക് പ്രതിഷേധത്തില്‍

കേന്ദ്രസർക്കാരിന്റെ നിസ്സംഗ മനോഭാവം അണികൾക്കിടയിലും ഭിന്നിപ്പുണ്ടാക്കിയിട്ടുണ്ട്. ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ബി.ജെ.പി എം.പിയും ജാട്ട് നേതാവുമായ ബ്രിജേന്ദ്ര സിങ് കഴിഞ്ഞ ദിവസം കോൺഗ്രസ് അംഗത്വം സ്വീകരിച്ചത് ഇതിന് തെളിവാണ്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ നേരിട്ടെത്തിയാണ് അംഗത്വം സ്വീകരിച്ചത്. കർഷക സമരം, ഗുസ്തിതാരങ്ങളുടെ സമരം, അഗ്നിവീർ പദ്ധതി എന്നിവയിൽ ബി.ജെ.പിയെ വിമർശിച്ചാണ് സിങ്ങിന്റെ രാജി.

രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതകളാണ് ബി.ജെ.പിയിൽ നിന്ന് വിടാനും എം.പി സ്ഥാനം രാജിവെക്കുന്നതിനുമുള്ള കാരണമായി ബിജേന്ദ്ര സിങ് പറയുന്നത്. ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിനും നേരത്തെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് ബിജേന്ദ്ര സിങ് രംഗത്തെത്തിയിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെക്കൊപ്പം ബ്രിജേന്ദ്ര സിങ്

സിവിൽ സർവീസിൽ നിന്ന് രാജിവെച്ച് രാഷ്ട്രീയത്തിലെത്തിയ ബിജേന്ദ്ര സിങ്, 2019- ലെ ലോക്സഭാ തിരഞ്ഞടുപ്പിൽ ജെ.ജെ.പിയുടെ ദുഷ്യന്ത് ചൗട്ടാലയെ പരാജപ്പെടുത്തിയാണ് എം.പിയായത്. ബ്രിജേന്ദ്ര സിങ്ങിന്റെ പിതാവും ബി.ജെപി നേതാവും മുൻകേന്ദ്ര മന്ത്രിയുമായ ബിരേന്ദർ സിങ്ങും വൈകാതെ കോൺഗ്രസിലെത്തുമെന്ന് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ അറിയിച്ചിട്ടുണ്ട്. പാർട്ടിയുടെ സമുന്നത നേതാക്കളിൽ പലരും രാഷ്ട്രീയ കൂടുമാറ്റം നടത്തുന്നത്, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ബി.ജെ.പിക്ക് ലഭിച്ച ആത്മവിശ്വാസത്തിന് മങ്ങലേൽപ്പിക്കുന്നതാണ്.

ബി.ജെ.പി ഇത്തവണയും ഭൂരിപക്ഷം നേടുമെന്നാണ് അഭിപ്രായ സർവേകൾ. രാജിവെച്ച മുഖ്യമന്ത്രി മനോഹർലാൽ ഘട്ടറിനെ കർണ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

2019 ഒക്ടോബറിൽ നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ജെ.പിയുടെ 10 എം.എൽ.എമാരുടെ പിന്തുണയോടയൊണ് ബിജെ.പി മന്ത്രിസഭ രൂപീകരിച്ചിരുന്നത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിസാർ, ഭിവാമി-മഹേന്ദ്രഗഡ് ലോക്‌സഭാ സീറ്റുകൾ വേണമെന്നാണ് ജെ.ജെ.പി ആവശ്യപ്പെട്ടിരുന്നത്.

ദുഷ്യന്ത് ചൗട്ടാല

രണ്ടു സീറ്റു വേണമെന്ന ജെ.ജെ.പിയുടെ ആവശ്യമാണ് സഖ്യത്തിന്റെ തകർച്ചയ്ക്കും കാരണമായത്. ഇത് കൂടാതെ അന്തരിച്ച ഉപപ്രധാനമന്തി ചൗധരി ദേവി ലാലിനും ബഹുജൻ സമാജ് പാർട്ടി സ്ഥാപകൻ കാൻഷി റാമിനും ഭാരതരത്‌ന നൽകണമെന്ന് ജെ.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസർക്കാരിന് കത്തെഴുതുമെന്നും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല അറിയിച്ചിരുന്നു.

സംസ്ഥാനത്തെ ജാട്ട്, പട്ടികജാതി വോട്ടുകളെയാണ് ഇതിലൂടെ ഇവർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഈ ആവശ്യങ്ങളൊന്നും അംഗീകരിക്കാൻ തയ്യാറാകാത്തതും കർഷക സമരത്തോടുള്ള അവഗണനയുമാണ് സഖ്യം വിടുന്നതിന് ജെ.ജെ.പിയെ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. ജെ.ജെ.പി സ്വതന്ത്രമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് സാധ്യതയുള്ളത്.

ഹരിയാനയിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ കീഴിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒത്തുചേർന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ധാരണ പ്രകാരം ഒമ്പത് സീറ്റുകളിൽകോൺഗ്രസും ഒരു സീറ്റിൽ (കുരുക്ഷേത്ര) ആം ആദ്മിയും മത്സരിക്കും.

Comments