ജയിലിന് മറുപടി നൽകാൻ കെജ്രിവാൾ വരുന്നു…

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽവച്ച് തങ്ങൾ ജയിലിൽ പിടിച്ചിട്ടൊരു നേതാവ് കാമ്പയിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിൽ കടന്നു വരുന്നു എന്നത് ബി ജെ പിയ്ക്ക് ആശങ്കയും പ്രതിപക്ഷ സഖ്യത്തിന് ആവേശവും പകരുന്നതാണ്.

Election Desk

ദ്യനയക്കേസിൽ, 50 ദിവസത്തിനുശേഷം ഇടക്കാല ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഡൽഹിയുടെയും ‘ഇന്ത്യ’ മുന്നണിയുടെയും വരുന്ന കാമ്പയിൻ ദിനങ്ങളെ നിർണായകമായി സ്വാധീനിക്കുന്ന ശക്തിയാകാനൊരുങ്ങുകയാണ്. ജാമ്യം ലഭിക്കാതിരിക്കാൻ സർവ അടവും പയറ്റിയ ഇ.ഡിക്കും കേന്ദ്ര സർക്കാറിനും സുപ്രീംകോടതി വിധി നൽകുന്ന തിരിച്ചടി ചെറുതല്ല.

അരവിന്ദ് കെജ്‌രിവാള്‍ കാമ്പയിനില്‍ പങ്കെടുക്കുന്നത് തടയാന്‍ ഇ.ഡിയും കേന്ദ്ര സര്‍ക്കാറും പഠിച്ച പണി പതിനെട്ടും പയറ്റി. അതെല്ലാം ജസ്റ്റിസ് സഞ്ജീവ് ഖന്നയും ദിപാങ്കര്‍ ദത്തയുമടങ്ങുന്ന ബഞ്ച് നിരസിച്ചു: ‘‘അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയും ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവുമാണ്. സംശയമില്ല, അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണമാണുള്ളത്, എന്നാല്‍, അദ്ദേഹം ശിക്ഷിക്കപ്പെട്ടയാളല്ല. അദ്ദേഹത്തിന് മുമ്പ് ഒരുതരത്തിലുമുള്ള ക്രിമിനല്‍ പാശ്ചാത്തലവുമില്ല. അദ്ദേഹം സമൂഹത്തിന് ഭീഷണിയുമല്ല''- വിധിന്യായത്തില്‍ പറയുന്നു.

50,000 രൂപയുടെ ബോണ്ട് കെട്ടിവെക്കണം, ഡല്‍ഹി സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകരുത്, ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയുടെ അനുമതിയില്ലാതെ ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടരുത്, ഇപ്പോഴത്തെ കേസിലെ അദ്ദേഹത്തിന്റെ പങ്കുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല, കേസുമായി ബന്ധപ്പെട്ട സാക്ഷികളുമായി ആശയവിനിമയം പാടില്ല എന്നീ വ്യവസ്ഥകളാണ് ജാമ്യത്തിനുള്ളത്. ജൂൺ ഒന്നുവരെയാണ് ജാമ്യം, രണ്ടിന് ജയിലി​ലേക്ക് മടങ്ങണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽവച്ച് തങ്ങൾ ജയിലിൽ പിടിച്ചിട്ടൊരു നേതാവ് കാമ്പയിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിൽ കടന്നു വരുന്നു എന്നത് ബി ജെ പിയ്ക്ക് ആശങ്കയും പ്രതിപക്ഷ സഖ്യത്തിന് ആവേശവും പകരുന്നതാണ്.

ഇനി വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയും ഹരിയാനയും പഞ്ചാബും ആം ആദ്മി പാർട്ടിക്ക് ഏറെ സ്വാധീനമുള്ള സംസ്ഥാനങ്ങളാണ്. ഡൽഹിയിൽ ഏഴും ഹരിയാനയിലെ പത്തും പഞ്ചാബിലെ പതിമൂന്ന് സീറ്റും ചേർന്ന് മുപ്പത് സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാൾ പ്രചാരണത്തിനിറങ്ങരുത് എന്ന ശാഠ്യത്തിലായിരുന്നു ബി.ജെ.പി. ഈ മുപ്പത് സീറ്റിൽ 21 സീറ്റും ബി ജെ പിയുടെ കയ്യിലാണ്. 50 ദിവസം മുമ്പുണ്ടായിരുന്ന കെജ്രിവാളല്ല, നാളെ മുതൽ കാമ്പയിനിലേക്കിറങ്ങുന്ന കെജ്രിവാൾ. അതുകൊണ്ടുതന്നെ, ആദ്യ മൂന്നു ഘട്ടങ്ങളിൽ അടിപതറിയ ബി.ജെ.പിക്ക്, അടുത്ത ഘട്ടങ്ങൾ ആശങ്ക നിറഞ്ഞതായിരിക്കും.

ആറാംഘട്ടമായ മെയ് 25-നാണ് ഡൽഹിയിൽ വോട്ടെടുപ്പ്. കോൺഗ്രസും ആപ്പും സഖ്യത്തിൽ മത്സരിക്കുന്ന ഡൽഹിയിൽ ഏഴിൽ ഏഴും നേടിയ ബി ജെ പിയുടെ നില ഇത്തവണ പരുങ്ങലിലാണ്. ഹരിയാനയിൽ മന്ത്രിസഭ ന്യൂനപക്ഷമായിരിക്കുന്നു. ബി.ജെ.പി സർക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചതോടെ ബി.ജെ.പി കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ തവണ പത്ത് സീറ്റ് നേടിയ ബി ജെ പി ഇത്തവണ കടുത്ത പ്രതിസന്ധിയിലാണ്.

ശിരോമണി അകാലിദളുമായി സഖ്യത്തിൽ മത്സരിച്ച ബി ജെ പിക്ക് കഴിഞ്ഞ തവണ നാല് സീറ്റുണ്ടായിരുന്ന പഞ്ചാബിലും ബി ജെ പിയുടെ നില പരുങ്ങലിലാണ്. ആ സഖ്യം ഇത്തവണ ഇല്ല. അവിടെ കോൺഗ്രസും ആപ്പും തമ്മിലാണ് പ്രധാന മത്സരം. ആം ആദ്മിക്ക് ഏറ്റവും സ്വാധീനമുള്ള ഈ സംസ്ഥാനങ്ങളിൽ അരവിന്ദ് കെജ്രിവാൾ കൂടി അവസാന ലാപ്പിൽ പ്രചരണത്തിനെത്തുന്നത് തടയാനുള്ള ശ്രമങ്ങൾ കൂടിയായിരുന്നു ഇ ഡി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം. ആ ശ്രമം പൂർണമായും തകർന്നു എന്ന് മാത്രമല്ല ഫലത്തിൽ ഈ നീക്കം ഒരു ദേശീയ പ്രതിപക്ഷത്തിന്റെ പ്രസക്തിയും ശേഷിയും ഉറപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

ആം ആദ്മിക്ക് ഏറ്റവും സ്വാധീനമുള്ള ഈ സംസ്ഥാനങ്ങളിൽ അരവിന്ദ് കെജ്രിവാൾ കൂടി അവസാന ലാപ്പിൽ പ്രചരണത്തിനെത്തുന്നത് തടയാനുള്ള ശ്രമങ്ങൾ കൂടിയായിരുന്നു ഇ ഡി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം.
ആം ആദ്മിക്ക് ഏറ്റവും സ്വാധീനമുള്ള ഈ സംസ്ഥാനങ്ങളിൽ അരവിന്ദ് കെജ്രിവാൾ കൂടി അവസാന ലാപ്പിൽ പ്രചരണത്തിനെത്തുന്നത് തടയാനുള്ള ശ്രമങ്ങൾ കൂടിയായിരുന്നു ഇ ഡി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം.

കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ ഇ.ഡിയും കേന്ദ്ര സർക്കാരും ശക്തമായി എതിർത്തിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിന് ജാമ്യം അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ പ്രധാന ആവശ്യം. 21 ദിവസത്തെ ജാമ്യം അനുവദിക്കുന്നതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. ഡൽഹി മുഖ്യമന്ത്രിയെ സ്ഥിരം കുറ്റവാളിയെന്ന നിലയിൽ പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതി നിരീക്ഷണം. പുറത്തിറങ്ങിയാൽ കെജ്രിവാൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകുകയോ ഔദ്യോഗിക ഫയലുകളിൽ ഒപ്പിടുകയോ ചെയ്യരുതെന്ന് കോടതി വാദംകേൾക്കുന്നതിനിടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജാമ്യ ഉത്തരവിൽ ഇക്കാര്യം ഉണ്ടോയെന്നത് വ്യക്തമല്ല.

കേജ്രിവാളിന്റെ ജാമ്യവിവരം അറിഞ്ഞയുടൻ ഡൽഹിയിലെ ആം ആദ്മി പാർട്ടി ആസ്ഥാനത്തേക്കു പ്രവർത്തകർ ഒഴുകിയെത്തുകയാണ്. ഇന്നത്തെ എല്ലാ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും ആംആദ്മി പാർട്ടി റദ്ദാക്കിയിട്ടുണ്ട്. കെജ്രിവാളിന്റെ ജാമ്യവിവരം അറിഞ്ഞയുടൻ പഞ്ചാബ് മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ ഭഗവന്ത് മാൻ ഡൽഹിയിലേക്കു തിരിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളോട് ഇന്നത്തെ പ്രചാരണ പരിപാടികൾ നിർത്തിവെക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

50 ദിവസം മുമ്പുണ്ടായിരുന്ന കെജ്രിവാളല്ല, നാളെ മുതൽ കാമ്പയിനിലേക്കിറങ്ങുന്ന കെജ്രിവാൾ. അതുകൊണ്ടുതന്നെ, ആദ്യ മൂന്നു ഘട്ടങ്ങളിൽ അടിപതറിയ ബി.ജെ.പിക്ക്, അടുത്ത ഘട്ടങ്ങൾ ആശങ്ക നിറഞ്ഞതായിരിക്കും.
50 ദിവസം മുമ്പുണ്ടായിരുന്ന കെജ്രിവാളല്ല, നാളെ മുതൽ കാമ്പയിനിലേക്കിറങ്ങുന്ന കെജ്രിവാൾ. അതുകൊണ്ടുതന്നെ, ആദ്യ മൂന്നു ഘട്ടങ്ങളിൽ അടിപതറിയ ബി.ജെ.പിക്ക്, അടുത്ത ഘട്ടങ്ങൾ ആശങ്ക നിറഞ്ഞതായിരിക്കും.

നേരത്തെ മദ്യനയ കേസിൽ എ എ പി നേതാവ് സഞ്ജയ് സിങിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചപ്പോൾ ആപ് നടത്തിയ കൂറ്റൻ റോഡ് ഷോ ഡൽഹിയെ ഇളക്കിമറിച്ചാണ് കടന്നു പോയതെങ്കിൽ തിഹാർ ജയിലിൽ നിന്നിറങ്ങി വരുന്ന കെജ്‌രിവാളിന് ഡൽഹി ഒരുക്കുന്നത് ഗംഭീര വരവേൽപ്പായിരിക്കും. ‘ജയിലിന് മറുപടി വോട്ടിലൂടെ’ എന്ന മുദ്രാവാക്യത്തിന് ഒന്നുകൂടി ബലമേകുന്നതാവും കെജ്രിവാളിന്റെ പുറത്തേക്കുള്ള വരവ്.

വലിയൊരു ദൗത്യവുമായാണ് കെജ്രിവാൾ ജയിലിൽനിന്നിറങ്ങുന്നത് എന്നായിരുന്നു ആപ് നേതാക്കളുടെ ആദ്യ പ്രതികരണം.

‘ഇന്ത്യ’ സഖ്യത്തിനും കെജ്രിവാളിന്റെ വരവ് ഉണ്ടാക്കുന്ന ഉണർവ് ചെറുതല്ല. കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രതിപക്ഷനിരയിലെ എല്ലാ പ്രമുഖ നേതാക്കളെയും അണിനിരത്തി മാർച്ച് 31ന് ഡൽഹി രാംലീലാ മൈതാനത്ത് സംഘടിപ്പിച്ച മഹാറാലിയിലൂടെ തുടക്കമിട്ട പ്രതിപക്ഷ സഖ്യത്തിന്റെ മുന്നേറ്റം ഒന്നുകൂടി ഊട്ടിഉറപ്പിക്കുന്നതാകുമിത്.

കേജ്‌രിവാൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പ്രതികരിച്ചത്.
കേജ്‌രിവാൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പ്രതികരിച്ചത്.

ജൂൺ നാലിനുശേഷം സബർമതി ആശ്രമത്തിൽ മുൻ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് നരേന്ദ്ര മോദിക്ക് തന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടി വരുമെന്ന കോൺഗ്രസ് വക്താവ് പവൻ ഖേരയുടെ വാക്കുകളെ നിലവിൽ ബി ജെ പിക്ക് പുച്ഛിച്ചു തള്ളാൻ കഴിയുന്നതല്ല.

കേജ്‌രിവാൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പ്രതികരിച്ചത്. മാറ്റത്തിന്റെ വലിയ അടയാള'മാണ് കേജ്‌രിവാളിനു ലഭിച്ച ഇടക്കാല ജാമ്യമെന്നായിരുന്നു ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് ആദിത്യ താക്കറെയുടെ പ്രതികരണം: ''കേജ്‌രിവാൾ സത്യം പറയുന്നതിനെയാണ് ബി ജെ പി ഭയക്കുന്നത്. അദ്ദേഹത്തിനും ഇന്ത്യ സഖ്യത്തിനും ഈ ഇടക്കാല ജാമ്യം വലിയ കരുത്തു പകരും. ഞങ്ങൾ ഈ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കും’’- താക്കറെ പറഞ്ഞു.

Comments