പെരും നുണകളുടെ
മോദി സാമ്രാജ്യം

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പ്രധാനമന്ത്രിക്കെതിരെ നൽകിയ പരാതിയിൽ, അദ്ദേഹത്തിന്റെ പേരുപോലും സൂചിപ്പിക്കാതെ കമീഷൻ നോട്ടീസയച്ചു എന്നത് ഒഴിച്ചുനിർത്തിയാൽ, നിർഭാഗ്യവശാൽ കർശനമായ യാതൊരു നടപടിയും കൈകൊണ്ടതായി അറിവില്ല. പരിപൂർണമായും ജനായത്തം കാലഹരണപ്പെട്ട രാജ്യമായി ഈ തെരഞ്ഞെടുപ്പോടെ ഇന്ത്യ മാറിത്തീർന്നിരിക്കുന്നു എന്നതാണ് വസ്തുത- ഡോ. ശിവപ്രസാദ് പി എഴുതുന്നു.

ന്ത്യൻ ജനായത്തം നാളിതുവരെ അഭിമുഖീകരിക്കാത്തവിധം ഭീഷണിയിലെത്തി നില്ക്കുന്നതിൻ്റെ കാരണങ്ങളെക്കുറിച്ച് സാമാന്യമായെങ്കിലും നമ്മൾ ആലോചിക്കാറുണ്ടോ? അതൊരു നരേന്ദ്രമോദിയുടെ മാത്രം കാര്യമല്ല. എന്നാൽ സ്വേച്ഛാധിപത്യത്തിൻ്റെ കാര്യമാണുതാനും.

ഒരാൾക്ക്, അയാളുടെ പ്രത്യയശാസ്ത്രത്തിന്, അയാളുടെ പിണിയാളുകൾക്ക് എന്തും ചെയ്യാവുന്നവിധം എതിരില്ലാതായിരിക്കുന്നു എന്നതാണ് വസ്തുത. കേവലമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയമോ അധികാരമോ തുടർഭരണമോ മാത്രമല്ല കാര്യം. ഇതിനൊക്കെ പുറത്തു നിൽക്കുകയും സ്വതന്ത്രമായ പ്രവർത്തനത്തിലൂടെ ജനായത്തത്തെ താങ്ങിനിർത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളും സംവിധാനങ്ങളും പരാജയപ്പെടുന്നതാണ് സമീപകാല ഇന്ത്യനവസ്ഥയുടെ കാതലായ കാരണം. ജൂഡീഷ്യറിയും മാധ്യമങ്ങളും അടക്കം തെരഞ്ഞെടുപ്പ് കമീഷൻ വരെ ആ ഭീകരപരാജയത്തിൻ്റെ, അധാർമികതയുടെ വഴിയിലാണ്. ഈ വഴിയിൽ ഏറ്റവുമധികം മലീമസമായിരിക്കുന്നത് മാധ്യമരംഗമാണെന്ന് പറയാതിരിക്കാനാവില്ല. ആ വഴിതെറ്റലിനാകട്ടെ വർഷങ്ങളുടെ ഉളുപ്പില്ലായ്മ ശീലമായിക്കഴിഞ്ഞിരിക്കുന്നു, ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാനാവാത്തവിധം. ഇപ്പോൾ തെരഞ്ഞെടുപ്പുകാലമായതുകൊണ്ട് ആ വിഷയത്തിലേക്കുവരാം.

ഈ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ച ബി.ജെ.പിയുടെ മുതിർന്ന നേതാക്കളടക്കമുള്ള 36 സ്ഥാനാർഥികളെങ്കിലും ഈ വിദ്വേഷപ്രചാരണങ്ങളിൽ നേരിട്ട് പങ്കാളികളാണ്.

ഇന്ത്യയിൽ നടക്കുന്നത് യഥാർഥത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണോ എന്ന് സംശയിക്കേണ്ടിവരുന്നതായി യേൽ സർവകലാശാലയിലെ അധ്യാപകനും മുതിർന്ന നയതന്ത്രവിദഗ്ധനുമായ സുശീൽ സിംഗ് അഭിപ്രായപ്പെടുന്നു. ഏപ്രിൽ 25- ന് പാരീസിൽവച്ച് ഒരു അഭിമുഖത്തിനിടെ ക്രിസ്റ്റോഫ് ജാഫ്രലോട്ടും ഇതേ അഭിപ്രായം പങ്കുവെയ്ക്കുന്നു.

വോട്ടിങ്ങ് യന്ത്രത്തിനെതിരായ ആക്ഷേപങ്ങൾപോലും പരിഗണിക്കപ്പെടാതെ പോകുന്നതിൽ അദ്ദേഹം ആശങ്കപ്പെടുന്നു. ബിസിനസ് രംഗത്ത് താരമായി വരുന്ന ഗൗതം അദാനി എൻ.ഡി.ടി.വി ഏറ്റെടുത്തതോടെ സർക്കാരിനെ വിമർശിക്കുന്ന ഒരു ചാനലും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം വിലയിരുത്തുന്നു. വിദേശ മാധ്യമപ്രവർത്തകർക്കുള്ള വിസ നിയന്ത്രണങ്ങളടക്കം കടുപ്പിച്ചാണ് മോദിസർക്കാർ ഇന്ത്യയെ മാധ്യമസ്വാതന്ത്ര്യത്തിൻ്റെ സൂചികയിൽ 150- ലേക്ക് താഴ്ത്തിയത് എന്നതും ഓർമിക്കേണ്ടതാണ്. ഇരിക്കാൻ പറഞ്ഞ മാധ്യമങ്ങൾ കിടന്നും മുട്ടിലിഴഞ്ഞും പാദസേവ ചെയ്തും ഇരന്നുവാങ്ങിയ സൂചിക കൂടിയാണിതെന്ന് പറയാതെ വയ്യ.

ഇന്ത്യയിൽ നടക്കുന്നത് യഥാർഥത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണോ എന്ന് സംശയിക്കേണ്ടിവരുന്നതായി യേൽ സർവകലാശാലയിലെ അധ്യാപകനും മുതിർന്ന നയതന്ത്രവിദഗ്ധനുമായ സുശീൽ സിംഗ് അഭിപ്രായപ്പെടുന്നു.

സ്വതന്ത്രമായ മാധ്യമപ്രവർത്തനം ഏതാണ്ട് പൂർണ്ണമായും റദ്ദ് ചെയ്യപ്പെട്ട രാജ്യമാണ് ഇന്നത്തെ ഇന്ത്യ. ഇ.ഡിയെയും വിജിലൻസിനെയും മറ്റും ഉപയോഗിച്ച് ഭയത്തിൻ്റേയും ഭീഷണിയുടേയും വഴിയിലൂടെ, ഒരു ഭാഗത്ത് പരസ്യവും പണവും വിരുന്നുസൽക്കാരവും വഴി മറ്റൊരു ഭാഗത്തും മോദി മാധ്യമങ്ങളെ കയ്യേറിയും കഴുവേറ്റിയും കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ ജുഡീഷ്യറിയും കമീഷനുകളും ആ വഴിയിലേക്ക് എത്തിപ്പെട്ടിരിക്കുന്നു. ജനായത്തം ഇനി നമുക്ക് കേട്ടുകേൾവി മാത്രമായാൽ അത്ഭുതപ്പെടാനില്ല. മോദിയുടെ മിനിയേച്ചറുകളാണ് പ്രത്യയശാസ്ത്രഭേദത്തിലും ഇന്ത്യയുടെ തൂണിലും തുരുമ്പിലും ഉത്തരംതാങ്ങികളായി ഭരിച്ചുവരുന്നതെന്നും നമുക്ക് കാണാനാവുന്നുണ്ടല്ലോ. ഇനിയും എത്രനാൾ നമുക്ക് മൗനികളായിരിക്കാൻ കഴിയും? ചുറ്റും വാത്മീകം വന്നുമൂടാൻ അധികമില്ല കാലം.

ഈ തെരഞ്ഞെടുപ്പിൽ മോദിയും സംഘവും നടത്തിവരുന്ന പ്രചാരണത്തിൻ്റെ സ്വഭാവമെന്താണ്?

ഒറ്റപ്പെട്ട വിദ്വേഷപ്രസംഗങ്ങളല്ല ഇവിടെ വിഷയം. ഈ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ച ബി.ജെ.പിയുടെ മുതിർന്ന നേതാക്കളടക്കമുള്ള 36 സ്ഥാനാർഥികളെങ്കിലും ഈ വിദ്വേഷപ്രചാരണങ്ങളിൽ നേരിട്ട് പങ്കാളികളാണ്. ഏതാണ്ട് നൂറോളം പ്രസംഗങ്ങളാണ് നാളിതുവരെയായി അവർ രാജ്യത്താകമാനം നടത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനുമായി ഇതിനകം ഒട്ടനവധി പരാതികൾ സമർപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പ്രധാനമന്ത്രിക്കെതിരെ നൽകിയ പരാതിയിൽ, അദ്ദേഹത്തിന്റെ പേരുപോലും സൂചിപ്പിക്കാതെ കമീഷൻ നോട്ടീസയച്ചു എന്നത് ഒഴിച്ചുനിർത്തിയാൽ, നിർഭാഗ്യവശാൽ കർശനമായ യാതൊരു നടപടിയും കൈകൊണ്ടതായി അറിവില്ല. പരിപൂർണമായും ജനായത്തം കാലഹരണപ്പെട്ട രാജ്യമായി ഈ തെരഞ്ഞെടുപ്പോടെ ഇന്ത്യ മാറിത്തീർന്നിരിക്കുന്നു എന്നതാണ് വസ്തുത. തെരഞ്ഞെടുപ്പുഫലം തുടർഭരണത്തിന് അനുകൂലമായാൽ ലോകത്തിലെ ഏറ്റവും വലിയ ജനായത്ത രാജ്യത്തിന് പുതിയ അവകാശികളെ കണ്ടെത്തേണ്ടിവരുമെന്നതിൽ സംശയമില്ല. അപരവിദ്വേഷത്തിലും മതാത്മകതയിലും ഹിംസയിലും മാത്രം ദൈവനാമത്തിൽ കൊലവിളിക്കുന്ന കറതീർന്ന ഒരു ഫാഷിസ്റ്റ് ഭരണകൂടം ഇന്ത്യയെ വിഴുങ്ങാൻ പോകുന്നു. ഇന്ത്യൻ ജനായത്തത്തിൻ്റെ ഭാവികൂടിയാണ് ജൂൺ നാലിന് നിശ്ചയിക്കപ്പെടുക.

വിദേശ മാധ്യമപ്രവർത്തകർക്കുള്ള വിസ നിയന്ത്രണങ്ങളടക്കം കടുപ്പിച്ചാണ് മോദിസർക്കാർ ഇന്ത്യയെ മാധ്യമസ്വാതന്ത്ര്യത്തിൻ്റെ സൂചികയിൽ 150- ലേക്ക് താഴ്ത്തിയത് .

വളരെമുമ്പേ തുടങ്ങിവച്ച പെരുംനുണകളുടെ നിർലോഭ പ്രചാരണമാണ് സംഘപരിവാർ രാജ്യമൊട്ടുക്കൊഴുക്കുന്ന വിദ്വേഷങ്ങൾക്ക് ഭൂമികയാരുക്കുന്നത്. മുസ്‍ലിം- സംവരണ വിരുദ്ധ, ഭരണഘടനാ വിരുദ്ധ ആശയങ്ങളെല്ലാം പ്രഹരശേഷിയുള്ള തെരഞ്ഞെടുപ്പായുധങ്ങളായി പ്രവർത്തിക്കുന്നത് അതിനും മുമ്പ് നിർമിച്ചെടുത്തിട്ടുള്ള ലൗ ജിഹാദടക്കമുള്ള നുണപ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ്. ഓപ്ഇന്ത്യ.കോം പോലുള്ള മാധ്യമങ്ങൾ നിമിഷംപ്രതിയെന്നോണമാണ് ഈവിധമുള്ള മുസ്‍ലിം വിരുദ്ധ വാർത്തകൾ പടച്ചുവിടുന്നത്. പിന്നീട് വസ്തുതാവിരുദ്ധമെന്ന് തെളിയുമെങ്കിലും അതിനോടകം മോദിയുടെ ഡിജിറ്റലിന്ത്യയിൽ അതിൻ്റെ ധർമം നിറവേറ്റപ്പെട്ടിരിക്കും. രാജ്യത്താകമാനമുള്ള സംഘപരിവാർ വാട്സാപ്പ് യൂണിവേഴ്സിറ്റികൾ പടച്ചുവിടുന്ന നുണകൾക്ക് കയ്യും കണക്കുമില്ലെന്ന് ഓർക്കണം. ഹിന്ദുക്കളുടെ ക്ഷേത്രവരുമാനമാണ് സർക്കാറെടുത്ത് മുസ്‍ലിംകളിലേക്ക് എത്തിക്കുന്നതെന്ന വിഷകലനാടകം കേരളത്തിൽപോലും കുറേക്കാലം ഫുൾഹൗസിൽ ഓടിച്ചത് മറക്കാറായിട്ടില്ലല്ലോ. ഇപ്പോൾ പോലും അത് വിശ്വസിക്കുന്നവർ കേരളത്തിലുണ്ട് എന്നതാണ് സത്യം.

നമ്മളെ ചിരിപ്പിച്ചും സ്വയം ചാണകക്കുഴിയിൽ വീണും ലോക മണ്ടത്തരങ്ങൾ ഉളുപ്പില്ലാതെ വിളിച്ചുപറഞ്ഞുമാണ് കേരളത്തിലെ സംഘപരിവാർ നേതാക്കന്മാരൊക്കെ രൂപപ്പെട്ടു വന്നിട്ടുള്ളത് എന്നത് ഓർക്കുക. ചിരിച്ചും കളിയാക്കിയും ഷെയർ ചെയ്തും നമ്മൾ തന്നെയാണ് ഇവരെ നേതാക്കന്മാരാക്കിയത് എന്നുപറഞ്ഞാൽ തെറ്റാവില്ല. ഈ കളിയിൽ ദൃശ്യമാധ്യമങ്ങളടക്കമുള്ളവർ പണം വാങ്ങിയും പരസ്യം വാങ്ങിയും അവർക്കുകൊടുത്ത സ്ഥലവും സമയവും നിർണായകമായിരുന്നു എന്നതും വിസ്മരിക്കാനാവില്ല.

കോൺഗ്രസ് ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളെ മതം നോക്കി തീരുമാനിക്കുമെന്നാണ് മോദിയുടെ ഏറ്റവും പുതിയ പ്രസ്താവം. നിലവിൽ ബി.ജെ.പിയാണ് ക്രിക്കറ്റ് ടീമിനെ നിശ്ചയിക്കുന്നത് എന്ന അവകാശവും ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ട്; മതം നോക്കിയാണ് നിലവിലും തെരഞ്ഞെടുപ്പ് എന്ന സൂചനയും.

ഇസ്‍ലാം മതപ്രീണനം, ഒ.ബി.സി സംവരണം, ഹൈന്ദവ ന്യൂനപക്ഷങ്ങളുടെയും രാജ്യത്തിൻ്റെയും പണം മുസ്‍ലിംകൾക്ക് നൽകൽ അഥവാ ഹിന്ദു സ്ത്രീകളുടെ കെട്ടുതാലി പൊട്ടിക്കൽ, കോൺഗ്രസിൻ്റെ കൈ പാക്കിസ്ഥാനോടെപ്പം അഥവാ പാക്കിസ്ഥാനോടുള്ള ബന്ധം, കൂറ്, പശുമാംസം നിയമവിധേയമാക്കൽ അഥവാ ഗോഹത്യ സാർവത്രികമാക്കൽ, മുഗൾ രാജാക്കന്മാരെ വെള്ളപൂശൽ, രാമക്ഷേത്ര നിർമാണ നിസ്സഹരണം (കോൺഗ്രസ് ക്ഷേത്രത്തിന് ബാബറിത്താഴ് ഇടാൻ ശ്രമിക്കുന്നു!) അഥവാ ഹൈന്ദവക്ഷേത്രങ്ങളുടെ നിർമാണം തടയൽ, കോൺഗ്രസ് പാക്കിസ്ഥാൻ്റെ ബി ടീമായി പ്രവർത്തിക്കുന്നു അഥവാ കോൺഗ്രസ് ജയിക്കണമെന്നാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നത്, ജമ്മു & കാശ്മീരിൻ്റെ പ്രത്യേക പദവി ഭരണഘടനാവിരുദ്ധമായിരുന്നു, അഥവാ അത് കോൺഗ്രസിൻ്റെ ഭരണഘടനയോടുള്ള നിഷേധാത്മക മനോഭാവം വെളിപ്പെടുത്തുന്നു തുടങ്ങി ഡസൻ കണക്കിന് ആരോപണങ്ങളാണ് മോദിയും സംഘവും ഈ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ജനങ്ങളിലേക്ക് എത്തിച്ചിട്ടുള്ളത്.

ഒരു ചർച്ചയ്ക്കു പോലും വകുപ്പില്ലാത്തവയാണ് ഇപ്പറഞ്ഞ വസ്തുതകളെങ്കിലും ഈ നുണകളുടെ ആത്യന്തിക ലക്ഷ്യമെന്തെന്നത് അറിയേണ്ടതുണ്ട്. കേവലം തെരഞ്ഞെടുപ്പു ജയം മാത്രമല്ല വിഷയം. പ്രഖ്യാപിത ലക്ഷ്യമായ ‘കോൺഗ്രസ് മുക്ത ഭാരത’ത്തിൻ്റെ സാധ്യതകളിലേക്കുള്ള വർഗ്ഗീയവിഷമാണിത്. 2019- ലെ തെരഞ്ഞെടുപ്പു കാലത്ത് സംഘപരിവാർ വ്യാപകമായി നടത്തിയ വിഷലിപ്തമായ കോൺഗ്രസ് വിരുദ്ധ പരാമർശങ്ങൾകൂടി കണക്കിലെടുത്താൽ ദീർഘകാലത്തേയ്ക്കുള്ള ഒരു പ്രവർത്തനപദ്ധതിയുടെ ഭാഗവുമാണ് ഇതെന്ന് കാണാം. അക്കാലത്തൊന്നും ഒരു കാരണം കാണിക്കൽ നോട്ടീസുപോലും കൈപ്പറ്റാതെ രക്ഷപ്പെടാൻ മോദിയ്ക്കും സംഘത്തിനും കഴിഞ്ഞു എന്നതും സമാന സന്ദർഭങ്ങളിലൊക്കെയും രാഹുൽഗാന്ധിയ്ക്ക് ക്ഷമ ചോദിക്കേണ്ടതും നടപടിക്രമങ്ങൾ പാലിക്കേണ്ടതും ഒടുവിൽ പാർലമെൻ്റിൽനിന്ന് അയോഗ്യതയടക്കമുള്ള ശിക്ഷാനടപടികൾ ഏറ്റുവാങ്ങേണ്ടി വന്നതും നാം കണ്ടു. രാഹുൽ പറഞ്ഞതൊക്കെയും (‘കാവൽക്കാരൻ കള്ളനാണ്’ എന്നു തുടങ്ങി മോദി എന്ന സർനെയിമുള്ള കള്ളന്മാർ വർധിക്കുന്നതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വരെ) സംഘനുണകളുമായി താരതമ്യം ചെയ്യാൻ കഴിയാത്തവിധം യുക്തിസഹവും വിദ്വേഷമില്ലാത്തതുമായിരുന്നു എന്നും ഓർക്കണം.

കോൺഗ്രസ് ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളെ മതം നോക്കി തീരുമാനിക്കുമെന്നാണ് മോദിയുടെ ഏറ്റവും പുതിയ പ്രസ്താവം. നിലവിൽ ബി.ജെ.പിയാണ് ക്രിക്കറ്റ് ടീമിനെ നിശ്ചയിക്കുന്നത് എന്ന അവകാശവും ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ട്; മതം നോക്കിയാണ് നിലവിലും തെരഞ്ഞെടുപ്പ് എന്ന സൂചനയും.

രാഹുൽ പറഞ്ഞതൊക്കെയും സംഘനുണകളുമായി താരതമ്യം ചെയ്യാൻ കഴിയാത്തവിധം യുക്തിസഹവും വിദ്വേഷമില്ലാത്തതുമായിരുന്നു.

ഏപ്രിൽ 21- ന് രാജസ്ഥാനിൽ വച്ച് നരേന്ദ്ര മോദി പറഞ്ഞത്, പ്രതിപക്ഷം അധികാരത്തിൽ വന്നാൽ കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും രാജ്യത്തിൻ്റെ സമ്പത്ത് വിതരണം ചെയ്യും എന്നാണ്. ഇതിലെല്ലാമുള്ള കൗതുകകരമായ മറ്റൊരു കാര്യം, ഈവിധമുള്ള പരമാർശങ്ങളിലെല്ലാം മോദിയുടെ ഗ്യാരണ്ടി അഥവാ അജണ്ട വിപരീതാർഥത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നതാണ്. അതായത് മുസ്‍ലിം വിരുദ്ധ പരാമർശങ്ങളിൽ ഏറെയും സംവരണവുമായി ബന്ധപ്പെടുത്താവുന്നതാണ് എന്ന് ശ്രദ്ധിക്കുക. ഇത് വ്യക്തമാക്കുന്നത് എന്താണ്? സംവരണം എന്നതുതന്നെ പ്രശ്നങ്ങൾ നിറഞ്ഞതാണ് എന്നും ഒഴിവാക്കേണ്ടതാണ് എന്നും മോദി കരുതുന്നു എന്നതാണ്. ജാതി സെൻസസ് നടത്തും എന്ന കോൺഗ്രസിൻ്റെ പ്രകടനപത്രികയിലെ വാഗ്ദാനവും മോദിയുടെ പരമാർശങ്ങളും കൂട്ടിവായിക്കേണ്ടതുണ്ട്.

2019- ൽ പാക്കിസ്ഥാൻ ലൈവായി നിർത്തിക്കൊണ്ട് മുസ്‍ലിം വിരുദ്ധവികാരം ഉല്പാദിപ്പിച്ച പുൽവാമ ഉണ്ടായിരുന്നെങ്കിൽ ഇക്കുറി തുടക്കത്തിലുണ്ടായിരുന്ന ആത്മവിശ്വാസത്തിൽ ആയതുപോലൊന്ന് ഒപ്പിക്കാൻ കഴിയാതെയും പോയി.

ജാതി സെൻസസ് നടക്കുന്നതോടെ നിലവിൽ മോദി നടപ്പാക്കിത്തുടങ്ങിയ സാമ്പത്തിക സംവരണമോഡൽ ചോദ്യം ചെയ്യപ്പെടും. മാത്രമല്ല തെരഞ്ഞെടുപ്പുകാലത്തുമാത്രം ഹിന്ദുവായി കണക്കാക്കുന്ന ഷെഡ്യൂൾഡ് ജനതയും ദലിതരുമടങ്ങുന്ന മനുഷ്യർക്ക് ഇക്കാലമത്രയും എങ്ങനെ ഭരണഘടന വിഭാവനം ചെയ്ത അവകാശങ്ങൾപോലും നേടിയെടുക്കാൻ കഴിയാതെപോയി എന്നതിൻ്റെ, അതെങ്ങനെ ഇത്രകാലവും മുന്നാക്ക ഹിന്ദുവിൻ്റെ കക്ഷത്തിലിരുന്നു എന്നതിൻ്റെ ചിത്രം വെളിപ്പെടുകയും ചെയ്യും. ഈ വക വിഷയങ്ങളോടൊപ്പം ഗൗരവമുള്ളതാണ് സി.എ.എ ഉണ്ടാക്കാനിടയുള്ള ആശങ്കകൾ. തിടുക്കപ്പെട്ട് ആയതിൻ്റെ പ്രായോഗികതകൾ തുടങ്ങിവച്ചതിൻ്റെ തെരഞ്ഞെടുപ്പ് പ്രാരംഭകാലം തുടങ്ങി മുസ്‍ലിം വിഭാഗത്തിൻ്റെ കടുത്ത എതിർപ്പ് മോദി മുന്നിൽ കാണുന്നുണ്ട്. ആയത് തിരിച്ചുപിടിക്കുക പ്രയാസമായിരിക്കെ മുസ്‍ലിം ശത്രുത ഉല്പാദിപ്പിച്ച് ഹിന്ദു വോട്ടുകളെ ക്രോഡീകരിക്കുകയാണ് ലക്ഷ്യം.

2019- ൽ പാക്കിസ്ഥാൻ ലൈവായി നിർത്തിക്കൊണ്ട് മുസ്‍ലിം വിരുദ്ധവികാരം ഉല്പാദിപ്പിച്ച പുൽവാമ ഉണ്ടായിരുന്നെങ്കിൽ ഇക്കുറി തുടക്കത്തിലുണ്ടായിരുന്ന ആത്മവിശ്വാസത്തിൽ ആയതുപോലൊന്ന് ഒപ്പിക്കാൻ കഴിയാതെയും പോയി. പുൽവാമ ദുരന്തവുമായി ബന്ധപ്പെട്ട പിന്നാമ്പുറവാർത്തകൾ പിന്തിരിപ്പിച്ചതും ആവാം. പകരമായാണ് പാക്കിസ്ഥാനും കോൺഗ്രസും തമ്മിലുള്ള ബന്ധാരോപണം. പാക്കിസ്ഥാനെ ശത്രുരാജ്യമായി മുഴവൻ സമയബോധത്തിൽ നിലനിർത്തുക, പാക്കിസ്ഥാനുവേണ്ടി സംസാരിച്ചവരെ ദേശദ്രോഹികളാക്കി കൊന്നുതള്ളുക എന്നിങ്ങനെ ഗാന്ധിവധം തൊട്ടുള്ള ചരിത്രം ഇവിടുത്തെ ഹിന്ദുത്വയ്ക്കുണ്ട് എന്നതും ഓർക്കുക.

ജാതി സെൻസസ് നടക്കുന്നതോടെ നിലവിൽ മോദി നടപ്പാക്കിത്തുടങ്ങിയ സാമ്പത്തിക സംവരണമോഡൽ ചോദ്യം ചെയ്യപ്പെടും.

ഗാന്ധിയെ കൊന്ന ഗോഡ് സെയെ വല്ലപ്പോഴുമെങ്കിലും തള്ളിപ്പറയാൻ ശ്രമിക്കാറില്ലാത്ത സംഘപരിവാറുകാർക്ക് വീണ്ടും ഗാന്ധിയെ കൊല്ലാൻ കിട്ടിയ അവസരമായാണ് കോൺഗ്രസ്- പാക്കിസ്ഥാൻ ബന്ധാരോപണം മാറുക. അതായത് പാക്കിസ്ഥാനെ കോൺഗ്രസുമായി ബന്ധിപ്പിച്ച് ഉന്മൂലനാഹ്വാനം മുഴക്കുമ്പോൾ ഗാന്ധിയെ വീണ്ടും വധിക്കുക എന്ന പ്രതീകാത്മക കൃത്യമാണ് സാധിക്കുന്നത്. പണ്ടത് ഒരുകൂട്ടം ഹിന്ദുത്വവാദികൾ ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെങ്കിൽ ഇന്നത് മുഴുവൻ ഹിന്ദുക്കളോടുമായി നടപ്പാക്കാൻ ആവശ്യപ്പെടുകയാണ് മോദി.

മോദിമാതൃക ഉളുപ്പില്ലാതെ പ്രയോഗിക്കുന്ന വടകര മോഡൽ പ്രചാരണം കേരളത്തിലും കണ്ടതാണല്ലോ. നിരുത്തരവാദപരമായ തീക്കളിയാണ് കേരളവും ആ മണ്ഡലത്തിൽ കളിച്ചതെന്ന വസ്തുത മറച്ചുവെയ്ക്കാനാവില്ല.

ഏറ്റവുമൊടുവിൽ വിവാദമായതും പിൻവലിച്ചതുമായ കർണ്ണാടകയിലെ വിദ്വേഷവീഡിയോ ബി.ജെ.പിയുടെ മുഴുവൻ പ്രചാരണ കുതന്ത്രങ്ങളുടേയും രത്നച്ചുരുക്കമാണ്. പട്ടികജാതി- പട്ടികവർഗ സംവരണം ലഭിക്കേണ്ടവരുടെ പണം കൂടി രാഹുൽഗാന്ധി മുസ്‍ലിംകൾക്ക് എടുത്തുകൊടുക്കുമെന്നും അപ്രകാരം പണം കിട്ടുന്ന മുസ്‍ലിംകൾ പട്ടികജാതി- പട്ടികവർഗക്കാരെ ആക്രമിച്ചില്ലാതാക്കുമെന്നുമാണ് ആ അനിമേഷൻ വീഡിയോ പറഞ്ഞുവെയ്ക്കുന്നത്.

മുസ്‍ലിം വിഭാഗത്തെ രാജ്യത്തിൻ്റെ പൊതു ശത്രുവായി നേരത്തേ പ്രഖ്യാപിച്ചുകഴിഞ്ഞ (മുത്തലാഖിലെ ക്രമിനൽ ചട്ടം, സി.എ.എ തുടങ്ങി) മോദിസർക്കാർ സാധാരണക്കാരെകൂടി ആ ശത്രുതയിലേക്കു കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഇവിടെ. മണിപ്പുരും സംവരണവുമെല്ലാം ഉൾപ്പെട്ട വിഷയങ്ങളെ പൊതുശത്രുവിനെ മുൻനിർത്തി പ്രതിരോധിക്കാനുള്ള ശ്രമവും ഇവിടെയുണ്ട്. ഇതിലെല്ലാം ഒളിഞ്ഞിരിക്കുന്ന മറ്റൊരു അപകടം തെരഞ്ഞെടുപ്പിനുശേഷവും ഈ ശത്രുത നിലനില്ക്കും എന്നതാണ്. മതമടക്കമുള്ള വർഗ്ഗീയ വിഷപ്രയോഗങ്ങൾ ദൂരവ്യാപകമായാണ് പ്രവർത്തിക്കുക. (മോദിമാതൃക ഉളുപ്പില്ലാതെ പ്രയോഗിക്കുന്ന വടകര മോഡൽ പ്രചാരണം കേരളത്തിലും കണ്ടതാണല്ലോ. നിരുത്തരവാദപരമായ തീക്കളിയാണ് കേരളവും ആ മണ്ഡലത്തിൽ കളിച്ചതെന്ന വസ്തുത മറച്ചുവെയ്ക്കാനാവില്ല. ഫലം വരുമ്പോൾ പിടിച്ചുനില്ക്കാനുള്ള വിലകുറഞ്ഞ തന്ത്രമായി അതിപ്പോഴും തുടരുന്നത് നല്ല ലക്ഷ്യത്തോടെയല്ല.)

അമിത് ഷാ

ഇസ്ലാമോഫോബിയ രാജ്യത്താകമാനം നിർമിച്ചെടുക്കാൻ മോദിയ്ക്കും സംഘത്തിനും കഴിഞ്ഞിരിക്കുന്നു എന്നത് വസ്തുതയാണ്. പലരും ചുരുക്കിക്കാണുമ്പോലെ വോട്ടിങ്ങ് ശതമാനത്തിലെ കുറവും ആശങ്കയും ചേർന്ന് നിലനില്പിനായുള്ള പത്തൊമ്പതാമത്തെ അടവെന്ന നിലയിലല്ല ഈ മതവിദ്വേഷ വിഷംചീറ്റൽ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ രാമക്ഷേത്രവും പുൽവാമയും വച്ച് പയറ്റിയതൊക്കെ കൂടുതൽ പ്രഹരശേഷിയോടെ ആവർത്തിക്കുക മാത്രമാണ് മോദിയും സംഘവും.

ഔറംഗസേബ് തകർത്ത ക്ഷേത്രങ്ങളെക്കുറിച്ച് രാഹുൽഗാന്ധി മൗനം പാലിക്കുന്നു, ഹിന്ദു രാജാന്മാരെ പ്രകീർത്തിക്കുന്നില്ല എന്നിങ്ങനെയാണ് മോദി കർണ്ണാടകയിൽ പ്രസംഗിച്ചത്. രാഹുൽഗാന്ധി വന്നാൽ പശു മാംസം കഴിക്കാൻ അവകാശം കൊടുക്കുമെന്ന് അമിത് ഷാ ഇതിനെ പിന്തുടരുന്നു. സംവരണം നൽകി മുസ്‍ലിംകൾക്ക് പൊതുസ്വത്ത് നൽകുമെന്ന് യോഗി വീണ്ടും കുളം കലക്കുന്നു. 2019- ലും സമാനമായ ചിലത് പറഞ്ഞിട്ടുള്ളവരാണ് ഇവരൊക്കെ. ജയ് ശ്രീറാമും സ്വാമിയേ ശരണവും വിളിച്ച് വോട്ട് ചോദിച്ചവരാണ്. മതം വോട്ടാക്കിമാറ്റി തഴക്കമുള്ളവരാണ്. ഇടപെടാൻ പൊലീസോ കോടതിയോ കമ്മീഷനോ മാധ്യമങ്ങളോപോലും ഇല്ല എന്നതാണ് വർത്തമാന ഇന്ത്യയുടെ ദുരന്തം. ജനങ്ങളെങ്കിലും ഇടപെട്ടേ തീരൂ. നമ്മൾ ഇടപെട്ടില്ലെങ്കിൽ ഇനി ഇന്ത്യയുണ്ടാവില്ല. മൗനം എല്ലാകാലവും നമുക്ക് അലങ്കാരമാവുകയില്ല.

Comments