നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉത്തർപ്രദേശിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ ഇവിഎമ്മും വിവിപാറ്റും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം. ഉത്തർപ്രദേശിലെ കനൗജ് മണ്ഡലത്തിലെ റസുലാബാദിലുള്ള 98-ാം നമ്പർ ബൂത്തിലാണ് പരാതി ഉയർന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കണമെന്നാണ് ആവശ്യം. സമാജ് വാദി പാർട്ടിയുട ഔദ്യോഗിക എക്‌സ് ഹാൻഡിലൂടെയാണ് ഇത്തരത്തിലൊരു ആരോപണം ഉയർത്തിയിരിക്കുന്നത്. എന്നാൽ അവിടെ വോട്ടെടുപ്പ് നിർത്തിവെയ്ക്കുകയോ മറ്റ് നടപടി എടുക്കുകയോ ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എസ് പി നേതൃത്വം പരാതി നൽകുമെന്നാണ് അറിയുന്നത്. എസ് പി നേതാവ് അഖിലേഷ് യാദവ് മത്സരിക്കുന്ന മണ്ഡലമാണ് ഉത്തർപ്രദേശിലെ കനൗജ്.
ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തുമായി 94 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലങ്കാന(17), ഉത്തർപ്രദേശ്(13), മഹാരാഷ്ട്ര(11), മധ്യപ്രദേശ്(8), പശ്ചിമബംഗാൾ(8), ബിഹാർ(5), ഒഡിഷ(4), ഝാർഖണ്ഡ്(4), ജമ്മു-കശ്മീർ(1) എന്നിവിടങ്ങളിലുമാണ് പോളിങ് പുരോഗമിക്കുന്നത്. 370-ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ജമ്മു-കശ്മീരിൽ നടക്കുന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്ന പ്രത്യേകത കൂടിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമേ ആന്ധ്രപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കും ഒഡീഷയിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പും പുരോഗമിക്കുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞുപോയ ഘട്ടങ്ങൾ പോലെ ബി ജെ പിക്ക് എളുപ്പമല്ല ഇന്നുമുതലുള്ള ഘട്ടങ്ങളെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞതവണ ഏകപക്ഷീയമായി നേട്ടമുണ്ടാക്കിയ പല സംസ്ഥാനങ്ങളിലും ഇത്തവണ നടക്കുന്നത് കനത്ത പോരാട്ടമാണ്, എന്ന് മാത്രമല്ല ചില സിറ്റിംഗ് സീറ്റുകൾ ഉറപ്പായും കൈവിടും എന്ന നില വരെ ഉണ്ടായിട്ടുണ്ട്. 2019 ൽ എൻ.ഡിഎ 49 ഉം ഇന്ത്യ പാർട്ടികൾ 12ഉം മറ്റുള്ളവർ 35ഉം സീറ്റുകളാണ് നേടിയിരുന്നത്.
മഹാരാഷ്ട്രയിലും ഹരിയാനയിലും ഡല്ഹിയിലും തിരിച്ചടി നേരിടുമെന്ന് ബിജെപി ഭയക്കുന്നുണ്ട്.
96 സീറ്റിൽ 49 എണ്ണം കഴിഞ്ഞതവണ എൻ.ഡി.എ. (ബി.ജെ.പി.-42, ടി.ഡി.പി.-3, ശിവസേന-2, ജെ.ഡി.യു.-1, എൽ.ജെ.പി.-1) നേടിയതാണ്. 12 എണ്ണം ഇന്ത്യസഖ്യത്തിലെ കക്ഷികളും( കോൺഗ്രസ്-6, തൃണമൂൽ കോൺഗ്രസ്-4, എൻ.സി.പി.-1, നാഷണൽ കോൺഫറൻസ്-1). ബി.ജെ.പി.ക്ക് പുറത്തുനിന്ന് പിന്തുണ നൽകിയിരുന്ന വൈ.എസ്.ആർ. കോൺഗ്രസ്-22, ബി.ജെ.ഡി.-2, ബി.ആർ.എസ്.-9, എ.ഐ.എ.ഡി.എം.കെ.-2 എന്നിങ്ങനെയും നേടി. ഇതിൽ 11 സീറ്റുകളിൽ ഒരു ശതമാനത്തിൽത്താഴെ ഭൂരിപക്ഷത്തിനാണ് ഫലം നിർണയിക്കപ്പെട്ടത്. അതിനാൽ ഇക്കുറി ഇവിടങ്ങളിൽ പോരാട്ടം കനക്കും.
ഉത്തർപ്രദേശിലെ കനൗജിൽ നിന്ന് അഖിലേഷ് യാദവ്, ബംഗാളിലെ കൃഷ്ണനഗറിൽനിന്ന് മഹുവ മൊയ്ത്ര, ബഹരാംപുരിൽനിന്ന് അധീർ രഞ്ജൻ ചൗധരി, ആന്ധ്രപ്രദേശിലെ കടപ്പയിൽനിന്ന് വൈ.എസ്. ശർമിള, ഹൈദരാബാദിൽനിന്ന് അസദുദ്ദീൻ ഒവൈസി തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖരിൽ ചിലർ.