ലൈംഗികാക്രമണക്കേസിൽ പ്രതിയായി കസ്റ്റഡിയിൽ കഴിയുന്ന സിറ്റിങ് എം.പിയും ജെ.ഡി- എസ് നേതാവുമായ പ്രജ്വൽ രേവണ്ണക്ക് ജനങ്ങളുടെ കോടതിയിലും കനത്ത ശിക്ഷ. കർണാടകയിലെ ഹാസനിൽ 42649 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർഥി ശ്രേയസ്. എം പട്ടേല്‍ പ്രജ്വലിനെ പരാജയപ്പെടുത്തിയത്. 672988 വോട്ടുകള്‍ നേടിയപ്പോള്‍ 630339 വോട്ടുകള്‍ മാത്രമാണ് പ്രജ്വലിന് നേടാന്‍ കഴിഞ്ഞത്. ഇലക്ഷൻ കാമ്പയിനിടെയും വോട്ടിംഗ് സമയത്തും ഉയർന്നുവന്ന ലൈംഗികാരോപണങ്ങളാണ് പ്രജ്വലിന്റെ തകർച്ച പൂർത്തിയാക്കിയത്.
സിറ്റിങ് എം.പിയായിരുന്ന പ്രജ്വൽ 2019-ൽ 1,41,324 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി ജെ പി സ്ഥാനാർഥി എ. മഞ്ജുവിനെ പരാജയപ്പെടുത്തിയിരുന്നത്. ഇത്തവണ ജെ.ഡി-എസ് എൻ ഡി എയുടെ ഭാഗമായിട്ടും ജനവിധി എതിരായി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലാണ് പ്രജ്വൽ രേവണ്ണക്കെതിരെ, ലൈംഗികപീഡനവുമായി ബന്ധപ്പെട്ട നിരവധി വീഡിയോ ക്ലിപ്പുകൾ പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ പിതാവ് എച്ച്.ഡി. രേവണ്ണക്കെതിരെയും സമാന ആരോപണങ്ങളുണ്ടായി. വീട്ടുജോലിക്കാർ മുതൽ പാർട്ടിയിലെ വനിതാ നേതാക്കൾ വരെയുള്ള ഇരുനൂറോളം സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ മൂവായിരത്തോളം വീഡിയോ ക്ലിപ്പുകളാണ് പ്രചരിച്ചത്.
2019-2022 കാലത്ത് നിരവധി തവണ സ്ത്രീകളെ പീഡിപ്പിച്ചതായാണ് കേസ്. തന്റെ വീട്ടിൽ പങ്കാളിയില്ലാത്ത സമയത്ത് പ്രജ്വൽ സ്ത്രീകളെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു പതിവ്. ഈ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനം തുടരുകയും ചെയ്തു.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ 26ന് രാത്രി തന്നെ പ്രജ്വൽ ജർമനിയിലേക്ക് മുങ്ങുകയും ചെയ്തു. 34 ദിവസത്തിനുശേഷം മെയ് 31ന് പുലർച്ചെ തിരിച്ചെത്തിയ പ്രജ്വൽ രേവണ്ണയെ പത്തു ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ആരോപണം ശക്തമായതോടെ പ്രജ്വലിനെ ജെ.ഡി-എസ് പാർട്ടിയിൽനിന്ന് താൽക്കാലികമായി സസ്‌പെന്റ് ചെയ്തിരുന്നു.
പ്രജ്വലിനെതിരെ ആരോപണങ്ങളുയർന്ന സമയത്തുതന്നെ പിതാവ് എച്ച്. ഡി. രേവണ്ണയെ, ഈ ആരോപണവുമായി ബന്ധപ്പെട്ട ഒരു തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. പ്രജ്വൽ പീഡിപ്പിച്ച സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നും ഫാമിലെ മുൻ ജീവനക്കാരിയെ പീഡിപ്പിച്ചുവെന്നുമാണ് രേവണ്ണക്കെതിരായ കേസുകൾ.
ആരോപണങ്ങൾ, ഹാസൻ മണ്ഡലത്തിലുടനീളം അതിശക്തമായ ജനവികാരമുണ്ടാക്കി. സ്ത്രീകളുടെ നേതൃത്വത്തിൽ പ്രജ്വലിനെതിരെ പ്രകടനങ്ങൾ നടന്നു. സ്ത്രീവോട്ടർമാർ ഒന്നടങ്കം പ്രജ്വലിന് എതിരായി. ഇത് ജനവിധിയിൽ പ്രതിഫലിക്കുകയും ചെയ്തു. ഇതോടൊപ്പം, സംസ്ഥാന സർക്കാറിന്റെ മികച്ച പ്രതിച്ഛായയും സൗജന്യ ബസ് യാത്ര അടക്കമുള്ള സ്ത്രീപക്ഷ നടപടികളും കോൺഗ്രസിന് അനുകൂല ഘടകങ്ങളായിരുന്നു.
2023`ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഹാസൻ ജില്ലയിൽ ജെ.ഡി-എസ് ക്ഷയിച്ചുവരികയായിരുന്നു.
പ്രജ്വലിനെതിരായ ആരോപണങ്ങൾ പുറത്തുവരുന്നതിനുമുമ്പേ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രജ്വലിന്റെ പ്രചാരണത്തിനെത്തിയിരുന്നു. മോദിയുടെ ഗ്യാരന്റിക്ക് വെളുപ്പിച്ചെടുക്കാനാവാത്തതായിരുന്നു, പ്രജ്വൽ നടത്തിയ കൊടും കുറ്റകൃത്യങ്ങളുടെ കറ.
പലതവണ ചർച്ച നടത്തിയശേഷമാണ് ജെ.ഡി-എസുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയത്. മൂന്നു സീറ്റാണ് ജെ ഡി എസിന് നൽകിയത്. ജനതാദൾ ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ മകനും ദൾ എം.എൽ.എയും മുൻമന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ മകനാണ് പ്രജ്വൽ.
ഹാസനിലെ പ്രബല ശക്തികളായ രണ്ട് ഗൗഡ കുടുംബങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പോരുകൂടിയായിരുന്നു ഇത്തവണ നടന്നത്. എച്ച്.ഡി. ദേവഗൗഡ തന്നെയായിരുന്നു ഹാസനിലും കൊച്ചുമകനുവേണ്ടിയുള്ള സ്റ്റാർ കാമ്പയിനർ. ഹാസനിലെ മത്സരം ദേവഗൗഡയെ സംബന്ധിച്ച് പഴയൊരു കണക്ക് തീർക്കാനുള്ളതുകൂടിയായിരുന്നു.
ഹാസൻ ജില്ലയിലെ രണ്ട് ഗൗഡ കുടുംബങ്ങളിലെ പുതുതലമുറകൾ തമ്മിലുള്ള പോരാട്ടം കൂടിയാണ് ഇത്തവണ. ഒരു കാലത്ത് ദേവഗൗഡയുടെ വിശ്വസ്തനും പിന്നീട് കടുത്ത എതിരാളിയുമായി മാറിയ ജി. പുട്ടസ്വാമി ഗൗണ്ടയുടെ കൊച്ചുമകനാണ് പ്രജ്വലിനെതിരെ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി ശ്രേയസ് പട്ടേൽ. ദേവഗൗഡയും പുട്ടസ്വാമിയും നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സ്ഥിരം എതിരാളികളായിരുന്നു. 1989ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവഗൗഡയോട് തോറ്റ പുട്ടസ്വാമി 1999-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേവഗൗഡയെ 1.41 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്.