മതേതര ചേരിക്കുണ്ട്, രാഷ്ട്രീയ ജാഗ്രതക്കുറവ്‌

ന്യൂനപക്ഷങ്ങൾക്കെതിരെ സംഘ്പരിവാർ നിരന്തരം കെട്ടിച്ചമയ്ക്കുന്ന അടിസ്ഥാനരഹിതമായ കഥകൾ തൽക്ഷണം കേരളത്തിലും പടരുന്നു. കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കപ്പെടുന്ന വർഗീയ പാഷാണങ്ങൾ കോൺഗ്രസ്, മാർക്സിസ്റ്റ് അനുഭാവികളിൽ പോലും അങ്കലാപ്പുണ്ടാക്കാൻ കാരണമാകുന്നുണ്ട്. ഫേക്ക് വാർത്തകളുടെ നിജസ്ഥിതി പുറത്തുവരുമ്പോഴേക്കും പതിനായിരങ്ങളുടെ മനസ്സിൽ വിഷബീജം വിതയ്ക്കപ്പെട്ടിരിക്കും- മുജീബ് റഹ്മാൻ കിനാലൂർ എഴുതുന്നു.

ന്ത്യയിലെ അറിയപ്പെടുന്ന ആക്ടിവിസ്റ്റായ ശബ്നം ഹഷ്മിയെ ദില്ലിയിലെ അവരുടെ വസതിയിൽ ഒരിക്കൽ സന്ദർശിച്ചപ്പോൾ, രാജ്യത്ത് അതിവേഗം വളരുന്ന വർഗീയവത്കരണത്തെ കുറിച്ചായിരുന്നു അവർ സംസാരിച്ചത്. 2002- ലെ ഗുജറാത്ത് കലാപത്തിനുശേഷം അവരുടെ പ്രവർത്തനമണ്ഡലം സമൂഹത്തിൽ വെറുപ്പ് പടരുന്നതിനെ ചെറുക്കാനുള്ള വിവിധ പദ്ധതികളാണ്. ആ സംസാരത്തിനിടെ, ഹിന്ദുത്വ രാഷ്ട്രീയക്കാർ തൃണമൂല തലത്തിൽ വർഗീയതയെ എങ്ങനെയാണ് വേരുപിടിപ്പിക്കുന്നത് എന്നതിനെ കുറിച്ച് വിശദീകരിച്ചിരുന്നു. മനുഷ്യരെ പരസ്പരം അകറ്റാനുള്ള വ്യാപകമായ പരിപാടികൾ അവർ നടത്തുമ്പോൾ മനുഷ്യരെ പരമാവധി അടുപ്പിക്കാനുള്ള ലളിതമായ ശ്രമങ്ങൾ വേണമെന്ന് പറഞ്ഞ ശബ്നം, തങ്ങൾ നടപ്പാക്കാൻ പോകുന്ന ‘മേരേ ഘർ ആകേ തോ ദേഖോ’ (ഞങ്ങളുടെ വീട്ടിൽ വന്നു കാണൂ) എന്ന ഒരാശയം കൂടി അവതരിപ്പിക്കുകയുണ്ടായി.

ഗ്രാമങ്ങളിലും നഗരങ്ങളിലും ജീവിക്കുന്ന ഭിന്ന മത സംസ്കാര പശ്ചാത്തലമുള്ള മനുഷ്യർ ഇതര മതക്കാരുടെ വീടുകൾ സന്ദർശിക്കുകയും അവരുമായി സംസാരിക്കുകയും സ്നേഹബന്ധം സ്ഥാപിക്കുകയും ചേർന്നിരുന്ന് ഭക്ഷണം കഴിച്ചു മടങ്ങുകയും ചെയ്യുന്നതാണ് പരിപാടി. 'മേരേ ഘർ ആകേ തോ ദേഖോ' പദ്ധതിക്ക് ഇപ്പോൾ കേരളത്തിലും കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ നടക്കാൻ പോകുകയാണ്. എന്നാൽ, മലയാളിയായ ഞാൻ വർഷങ്ങൾക്കു മുമ്പ് ഈ ആശയം കേട്ടപ്പോൾ കേരളത്തിൽ അതിനു പ്രസക്തിയില്ല എന്നാണ് കരുതിയത്. ഗുജറാത്തിലോ ഉത്തർപ്രദേശിലോ മധ്യപ്രദേശിലോ പോലെ മുസ്‍ലിം- ഹിന്ദു വിഭാഗീയത കേരളത്തിൽ പ്രകടമല്ല എന്ന ബോധ്യം കൊണ്ടാണ്, 'ഞങ്ങളുടെ വീട്ടിൽ വരൂ' എന്ന പ്രമേയത്തിൽ എനിക്ക് കൗതുകം തോന്നാതിരുന്നത്.

‘മേരേ ഘർ ആകേ തോ ദേഖോ’ വിദ്വേഷത്തെ ചെറുക്കാനുള്ള ക്യാംപയിനില്‍ നിന്ന്

ഒരു ഹിന്ദുവീട്ടിൽ മുസ്‍ലിം വരുന്നതോ മുസ്‍ലിംവീട്ടിൽനിന്ന് ഹിന്ദു അയൽക്കാർ ഭക്ഷണം കഴിക്കുന്നതോ കേരളത്തിൽ വളരെ സ്വാഭാവികമാണ്. കൊണ്ടും കൊടുത്തും പരസ്പരം ഇടപഴകിയും മതങ്ങൾക്കതീതമായ സാമൂഹിക ബന്ധങ്ങൾ കേരളത്തിൽ പണ്ടേ നിലനിൽക്കുന്നുണ്ട്. നൂറ്റാണ്ടുകൾ നീണ്ട ചരിത്രം ആ മൈത്രീ പാരമ്പര്യങ്ങൾക്കുണ്ട്. ക്രൈസ്തവരും അറബികളും കേരളത്തിലേക്ക് കടന്നുവന്ന കാലം മുതൽക്കു തന്നെ സഹകരണാടിസ്ഥാനത്തിലുള്ള സാമൂഹിക ബന്ധങ്ങളാണ് നിലനിന്നുപോന്നത്. എടുത്തുപറയാവുന്ന, വമ്പിച്ച ഒരു വർഗീയ കലാപമോ അതിന്റെ മുറിവുകളോ നമ്മുടെ സാമൂഹിക ആദാന പ്രദാനങ്ങൾക്ക് പരിക്കേൽപ്പിച്ചിട്ടില്ല.

കേരളത്തിലെ അയൽപക്കബന്ധങ്ങൾ, ഇന്ത്യയിൽ മറ്റിടങ്ങളിൽ കാണാത്ത വിധം സൗഹാർദ്ദപൂർണമാണ്. ഇടകലർന്ന വാസരീതിയാണ് കേരളത്തിൽ മിക്ക സ്ഥലങ്ങളിലും. അതുകൊണ്ട്, സാധാരണ ജീവിതത്തിലും വിശേഷാവസരങ്ങളിലും പാരസ്പര്യം പൂത്തു നിന്നു. ഹിന്ദുവിനെ മാറ്റിനിർത്തി മുസ്‍ലിംവീട്ടിൽ ഒരു വിവാഹ ആഘോഷമോ, മറിച്ചോ വിരളമായിരിക്കും. വീട്ടിൽ ഒരു വിശേഷ പലഹാരം ഉണ്ടാക്കിയാൽ അത് അയൽക്കാർക്കു കൂടി പങ്കുവെക്കുന്നതായിരുന്നു മലയാളിയുടെ രീതി. അവിടെ മതം തടസ്സമേ ആയിരുന്നില്ല.

ഊഷ്മളമായ സൗഹാർദ്ദവും സഹകരണ മനോഭാവവും വാണിജ്യബന്ധങ്ങളുടെ മുൻഉപാധിയാണ്. കച്ചവടക്കാരായ അറബികളും അവരുടെ പിൻതുടർച്ചക്കാരായ മുസ്‍ലിംകളും ഉണ്ടാക്കിയ ബന്ധങ്ങളെ സാമൂഹിക ശാസ്ത്രപരമായി സ്വാധീനിച്ച പ്രധാന ഘടകം വാണിജ്യസമൂഹം എന്ന അവരുടെ പ്രത്യേകത കൂടിയാണ്. ഉത്തരേന്ത്യയിൽ നിന്ന് ഭിന്നമായി, കേരളത്തിലെ മുസ്‍ലിംകൾ ഒരു അധിനിവേശ ശക്തിയായി, ഭരണവർഗമായി മാറിയില്ല എന്നതും ഹിന്ദു- മുസ്‍ലിം ബന്ധങ്ങളെ വിള്ളലില്ലാതെ നില നിർത്തി. മലബാർ സമരം പോലെ അപൂർവ്വം ചില സംഭവങ്ങൾ അപവാദമായി ഉണ്ടെങ്കിലും അതും അടിസ്ഥാന തലത്തിൽ വലിയ തോതിലുള്ള സ്പർദ്ദ ഉണ്ടാക്കിയിട്ടില്ല എന്നതാണ് വാസ്തവം.

2002- ലെ ഗുജറാത്ത് കലാപത്തിനുശേഷം ശബ്നം ഹഷ്മിയുടെ പ്രവർത്തനമണ്ഡലം സമൂഹത്തിൽ വെറുപ്പ് പടരുന്നതിനെ ചെറുക്കാനുള്ള വിവിധ പദ്ധതികളാണ്

ജീവിതാനുഭവങ്ങളിലൂടെ സ്വാഭാവികവും പ്രായോഗികവുമായി രൂപപ്പെട്ട സാഹോദര്യാധിഷ്ഠിത സമുദായാന്തര ബന്ധങ്ങളെ സൈദ്ധാന്തികമായി കൂടി സ്ഥാപിച്ചെടുക്കുകയാണ് നമ്മുടെ നവോത്ഥാന നായകന്മാർ ചെയ്തത്. നാരായണ ഗുരുവിന്റെ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്ന സങ്കല്പം ആധുനിക കേരളത്തിന്റെ സാമൂഹിക ഭാവനകളുടെ സാര സംഗ്രഹമായി തീരുകയും ചെയ്തു. നമ്മുടെ ആത്മീയ ഗുരുക്കളും നവോത്ഥാന നായകരും മതഭ്രാന്തിനെയും വെറുപ്പിനെയും കഴുകിക്കളയുന്ന ഒരു സാമൂഹിക പരിസരം നിർമ്മിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചു. വർഗീയതയെയും മതകാലുഷ്യങ്ങളെയും പടിപ്പുറത്ത് നിർത്താൻ അത് സഹായകരമായി.

കേരളപ്പിറവിക്കുശേഷം രൂപപ്പെട്ടുവന്ന രാഷ്ട്രീയ സമവാക്യങ്ങളുടെ മൂലധനം മൈത്രിയിലൂന്നിയ നമ്മുടെ സമുദായാന്തരബന്ധങ്ങളും സാമൂഹ്യ ബോധവുമാണ്. കേരളത്തിൽ ഇടതുരാഷ്ട്രീയം ശക്തിപ്പെട്ടതിലും പരമ്പരാഗതമായ മൈത്രീ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.

കേരളത്തിൽ രൂപപ്പെടുകയും ഇത്രയും കാലം തകരാതെ നിലനിൽക്കുകയും ചെയ്ത മുന്നണി ബന്ധങ്ങളെ സാദ്ധ്യമാക്കിയതിൽ ‘മതാന്തര സാഹോദര്യം' എന്ന ആശയത്തിനും പ്രായോഗിക അനുഭവത്തിനുമുള്ള പങ്കോളം മറ്റൊന്നിനുമില്ല. ഭിന്ന മത സംസ്കാര പശ്ചാത്തലമുള്ളവർ ഒന്നിച്ചു ചേർന്ന് രാഷ്ട്രീയ മുന്നണികൾ രൂപപ്പെടുത്തി സഹകരിച്ചു പ്രവർത്തിക്കുന്ന അനുഭവങ്ങൾ ഇന്ത്യയിൽ വളരെ കുറവാണ്. മതാധിഷ്ഠിത വോട്ടു ബാങ്കുകളുള്ള മുസ്‍ലിം ലീഗും കേരള കോൺഗ്രസും അതിൽനിന്ന് പൊട്ടിപ്പിളർന്നുണ്ടായ ഗ്രൂപ്പുകളും പ്രബലമായ ഇരു മുന്നണികളുടെ ഭാഗവാക്കാകുകയും രാഷ്ട്രീയ സമവാക്യങ്ങൾ രചിക്കുകയും ചെയ്തു എന്നത് ചെറിയ കാര്യമല്ല. ന്യൂനപക്ഷ സമുദായങ്ങളും ഭൂരിപക്ഷ സമുദായത്തിൽ പെട്ടവരും മുന്നണിക്കകത്ത്, രാഷ്ട്രീയ മര്യാദകളും സാമൂഹിക സന്തുലനവും പാലിച്ച്, ഭരണ- പ്രതിപക്ഷ പദവികൾ കയ്യാളുക വഴി, വർഗീയതയെ അകറ്റിനിർത്താനും ശക്തമായ ഒരു സെക്യുലർ രാഷ്ട്രീയ അടിത്തറ കാത്തുസൂക്ഷിക്കാനും സാധിച്ചു.

ശ്രീനാരായണ ഗുരു

ഇതൊക്കെ യാഥാർത്ഥ്യങ്ങളായിരിക്കുമ്പോഴും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കകത്ത് വന്ന സാമൂഹ്യമാറ്റങ്ങളും അതുളവാക്കിയ രാഷ്ട്രീയ പ്രതിഫലനങ്ങളും കാണാതിരുന്നുകൂടാ. ജനാധിപത്യത്തിന്റെ തന്നെ പഴുതിലൂടെ കടന്നുവന്ന അപകടങ്ങളാണതിൽ പ്രധാനപ്പെട്ടത്. ഇലക്ട്രൽ പൊളിറ്റിക്സിന്റെ ദൗർബല്യങ്ങൾ മുതലെടുത്ത് പിന്തിരിപ്പൻ ശക്തികൾ സമൂഹത്തിൽ പിടിമുറുക്കി. മതവും സമുദായവും അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ട രാഷ്ട്രീയ സമവാക്യങ്ങൾക്ക് വളരെ ഏറെ പരിമിതികളുണ്ട്‌. നീക്കുപോക്കുകളും കോമ്പ്രമൈസുകളും ആവശ്യമായി വന്നു. 'മത സമുദായ സംരക്ഷണത്തിന്റെ' മറവിൽ, വോട്ട് ബാങ്കുകളായ മതസംഘടനകളും സമുദായ സംഘടനകളും മുന്നോട്ടുവെക്കുന്ന, സെക്യുലർ ഫാബ്രിക്കിനെ ദുർബലമാക്കുന്ന പലതരം വിലപേശലുകൾക്ക് വഴങ്ങിക്കൊടുക്കേണ്ട ഗതികേട് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് വന്നുചേർന്നു. കാലോചിതമായി കൊണ്ടുവരേണ്ട സാമൂഹ്യ പരിഷ്കരണ നിയമങ്ങൾ പലതും പാതിവഴിയിൽ മുടങ്ങി. ഇതിലൂടെ തീവ്ര മതാത്മകത തിടം വെക്കുകയും പതിയെ അത് വർഗീയതയ്ക്ക് വഴി വെട്ടുകയും ചെയ്തു. സവിശേഷമായ ജനസംഖ്യാനുപാതം നിലനിൽക്കുന്ന കേരളത്തിൽ, മത സമുദായ ശക്തികളുടെ വളർച്ച സങ്കീർണമായ പ്രതിപ്രവർത്തനങ്ങൾ സൃഷ്ടിച്ചത് സ്വാഭാവികമായിരുന്നു. ശബരിമല വിവാദം, ജാതി സംഘടനകളുടെ പ്രകോപനങ്ങൾ, മേൽ ജാതി സംവരണം, ജന്റർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട സംവാദങ്ങൾ, തീവ്ര ക്രൈസ്തവ സംഘടനകളുടെ ആവിർഭാവം തുടങ്ങി സമീപകാലത്ത് അതിന് ധാരാളം ഉദാഹരണങ്ങൾ കാണാം. എന്തിനധികം, തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തുമ്പോഴും തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കുമ്പോഴുമെല്ലാം മതം, അതിനകത്തെ ഉപവിഭാഗങ്ങൾ, ജാതി, ഉപജാതി തുടങ്ങിയ പരിഗണനകൾ മേൽക്കൈ നേടി. ഇക്കാര്യത്തിൽ ഇരു മുന്നണികളും തുല്യമാണുതാനും.

കുടിയേറ്റം, പുത്തൻ പണക്കാരുടെ രംഗപ്രവേശം, ഉയർന്ന വിദ്യാഭ്യാസം, മധ്യവർഗങ്ങളുടെ വളർച്ച, നവ സാങ്കേതിക വിദ്യകളുടെ ലഭ്യത, ആഗോള സമൂഹവുമായുള്ള അടുത്ത ബന്ധം തുടങ്ങിയ അനേകം ഘടകങ്ങൾ ക്രമാനുഗതമായി കേരളത്തെ വലിയ തോതിൽ വലതുപക്ഷ വല്ക്കരിക്കുകയുണ്ടായി. ആഗോളവൽക്കരണവും ഉദാരവൽക്കരണവും വളർത്തിയ വ്യക്തികേന്ദ്രീകൃത ബോധവും ഉപഭോഗത്വരയും അതിന് ആക്കം കൂട്ടുകയും ചെയ്തു. സമൂഹം കൂടുതൽ മതാത്മകവും യാഥാസ്ഥിതികവും ആകുമ്പോൾ വർഗീയത എളുപ്പം വളരും. വർഗീയത, ഒന്ന് മറ്റൊന്നിന് വളം വെക്കുകയും ചെയ്യും.

‘കേരള സ്റ്റോറി' എന്ന വിദ്വേഷ ചിത്രം ക്രൈസ്തവ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ സ്ക്രീൻചെയ്തത് കേരളത്തിലാണെന്നത് വിസ്മരിച്ചുകൂടാ.

രാമജന്മഭൂമി പ്രക്ഷോഭം മുതൽ ദേശീയതലത്തിൽ കുതിച്ചുവളർന്ന ബി ജെ പിക്ക് കേരളം വിദൂര സ്വപ്നമാക്കിയത്, ഇവിടെ ചരിത്രപരമായി നിലനിന്ന സാഹോദര്യവും മൈത്രിയും ആയിരുന്നു. പുറത്ത് സെക്യുലർ ആയിരിക്കുമ്പോഴും മുമ്പ് വിവരിച്ച സാമൂഹിക മാറ്റങ്ങളിലൂടെ, അകത്ത് വിഭാഗീയത ആവേശിച്ച കേരള സമൂഹത്തിൽ ഇര പിടിക്കാനുള്ള ഒന്നാന്തരം അവസരമാണ് ബി ജെ പിക്ക് വന്നുചേർന്നത്. മതസ്വത്വ കേന്ദ്രീകൃതമായ ഏത് സംവാദങ്ങളെയും ജ്വലിപ്പിച്ചുനിർത്തുകയും അതിലൂടെ മുതലെടുക്കുകയും ചെയ്യാനാണ് ഹിന്ദുത്വ രാഷ്ട്രീയം ശ്രമിക്കുന്നത്. 'സോദരത്വേന' എന്ന സാമൂഹിക വിഭാവനകളെ അസ്ത്രപ്രജ്ഞമാക്കി തൽസ്ഥാനത്ത്, അതിന്റെ വിപരീതമായ വെറുപ്പും കാലുഷ്യവും പടർത്തുകയാണ് അവർ ആഗ്രഹിക്കുന്നത്.

ബി ജെ പി കേന്ദ്രത്തിൽ അധികാരശക്തിയായി വന്നശേഷം മാധ്യമങ്ങളിൽ അവർക്ക് കിട്ടിയ ദൃശ്യത, വർഗീയ പ്രചാരണത്തിന് ആക്കം കൂട്ടി. 'ഹിന്ദുക്കൾ' കേരളത്തിൽ അവഗണിക്കപ്പെടുന്ന വിഭാഗമാണ്‌, ഹിന്ദു സംസ്കാരത്തെയും ആചാരങ്ങളെയും ഇടതുപക്ഷവും ന്യൂനപക്ഷങ്ങളും അപമാനിക്കുന്നു, ഹിന്ദുവിശ്വാസങ്ങൾക്കും ക്ഷേത്രങ്ങൾക്കും പരിഗനണന ലഭിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങൾ വാദിച്ചുറപ്പിക്കാനാണ് മാധ്യമ ഇടങ്ങൾ അവർ ഉപയോഗിച്ചത്. കേരളത്തിൽസ്യൂഡോ സെക്യുലറിസമാണ് നിലനിൽക്കുന്നത് എന്ന ഒരു പൊതുധാരണ പരത്താൻ അവർ ആവുന്നത്ര ശ്രമിച്ചുപോരുന്നുണ്ട്.

തീർത്തും അസത്യമായ ലവ് ജിഹാദ് പ്രൊപ്പഗാൻഡ സജീവമായി ഉന്നയിക്കുകവഴി, സാധാരണക്കാരായ ഹിന്ദുക്കളിൽ മുസ്‍ലിംകൾക്കെതിരെ സംശയം നിർമിച്ചെടുക്കാൻ അവർക്ക് സാധിച്ചു എന്നതാണ് വാസ്തവം. ‘കേരള സ്റ്റോറി' എന്ന വിദ്വേഷ ചിത്രം ക്രൈസ്തവ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ സ്ക്രീൻചെയ്തത് കേരളത്തിലാണെന്നത് വിസ്മരിച്ചുകൂടാ. ഉത്തരേന്ത്യയിൽ ഹിന്ദു വോട്ട് ഏകീകരണത്തിനും വർഗീയ ധൃവീകരണത്തിനും ഫലപ്രദമായി ഉപയോഗിക്കുന്ന 'വാട്ട്സാപ്പ് യൂണിവാഴ്സിറ്റി' വലിയ തോതിൽ കേരളത്തിലും അവർ ഉപയോഗിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്ന വിദ്വേഷ ജനകമായ വീഡിയോകൾ കേരളത്തിലും അവർ ഉപയോഗിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ നിരന്തരം കെട്ടിച്ചമയ്ക്കുന്ന അടിസ്ഥാനരഹിതമായ കഥകൾ തൽക്ഷണം കേരളത്തിലും പടരുന്നു. കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കപ്പെടുന്ന വർഗീയ പാഷാണങ്ങൾ കോൺഗ്രസ്, മാർക്സിസ്റ്റ് അനുഭാവികളിൽ പോലും അങ്കലാപ്പുണ്ടാക്കാൻ കാരണമാകുന്നുണ്ട്. ഫേക്ക് വാർത്തകളുടെ നിജസ്ഥിതി പുറത്തുവരുമ്പോഴേക്കും പതിനായിരങ്ങളുടെ മനസ്സിൽ വിഷബീജം വിതയ്ക്കപ്പെട്ടിരിക്കും.

'ലവ് ജിഹാദ്' പ്രശ്നം കേരളത്തിൽ ആദ്യമായി ഉന്നയിച്ചത് കമ്യൂണിസ്റ്റ് നേതാവായ വി. എസ്. അച്ചുതാനന്ദൻ ആണെന്ന് വിശദീകരിക്കുന്ന യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന്റെ വീഡിയോ ഇന്നും ലൈവായി നിൽക്കുന്നു. മലപ്പുറത്ത് മുസ്‍ലിം കുട്ടികൾ കോപ്പിയടിച്ചാണ് ഉന്നത വിജയം നേടുന്നത് എന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞതും ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു. വി.എസിനുപുറമേ വേറെയും ചില മാർക്സിസ്റ്റ് നേതാക്കളുടെ പ്രസ്താവനകൾ ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌.

ഒരു ജനവിഭാഗത്തെ സംശയത്തിന്റെ മുനയിൽ നിർത്താൻ സാധിച്ചാൽ അവർക്കെതിരെയുള്ള അപരവൽക്കരണം എളുപ്പമാണ്. കഴിഞ്ഞ പതിറ്റാണ്ടിൽ സോഷ്യൽ മീഡിയയുടെ സഹായത്തോടെ മുസ്‍ലിം അപരവൽക്കരണം ഏറെക്കുറെ വിജയകരമായി നടത്താൻ സംഘപരിവാറിനു സാധിച്ചിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൊടിക്കുകീഴിൽ വരാത്ത, വിവിധ പാർട്ടിക്കാരായ സാധാരണ ഹിന്ദുക്കളെ പോലും സാംസ്കാരികമായി ഏകീകരിക്കാൻ അവർക്ക് കഴിഞ്ഞു.

സാമൂഹിക ഇടപെടലുകളിൽ വളരെ കൂടുതൽ രാഷ്ട്രീയ ജാഗ്രത അനിവാര്യമായ കാലമാണിത്. മതേതര രാഷ്ട്രീയ നേതാക്കൾ ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നുണ്ടോ എന്ന് ആത്മ പരിശോധന നടത്തേണ്ടിയിരിക്കുന്നു. 'ലവ് ജിഹാദ്' പ്രശ്നം കേരളത്തിൽ ആദ്യമായി ഉന്നയിച്ചത് കമ്യൂണിസ്റ്റ് നേതാവായ വി. എസ്. അച്ചുതാനന്ദൻ ആണെന്ന് വിശദീകരിക്കുന്ന യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന്റെ വീഡിയോ ഇന്നും ലൈവായി നിൽക്കുന്നു. മലപ്പുറത്ത് മുസ്‍ലിം കുട്ടികൾ കോപ്പിയടിച്ചാണ് ഉന്നത വിജയം നേടുന്നത് എന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞതും ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു. വി.എസിനുപുറമേ വേറെയും ചില മാർക്സിസ്റ്റ് നേതാക്കളുടെ പ്രസ്താവനകൾ ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. ബി ജെ പിക്കാർ മാത്രമല്ല, ലീഗുകാരും കോൺഗ്രസുകാരും അത്തരം പ്രസ്താവനകൾ പ്രചരിപ്പിക്കുന്നത് കാണാം. വി.എസ് ഒരു വർഗീയവാദിയാണെന്ന് അദ്ദേഹത്തിന്റെ ചരിത്രമറിയുന്നവർ കരുതാനിടയില്ല. എന്നാൽ ചില സന്ദർഭങ്ങളിൽ നടത്തിയ പരാമർശങ്ങളിലെ രാഷ്ട്രീയ ജാഗ്രതയില്ലായ്മ മാർക്സിസ്റ്റ് പാർട്ടിയുടെ മതേതര പ്രതിബദ്ധതയ്ക്ക് നേരെയുള്ള കൊഞ്ഞനം കുത്തായി എഴുന്നേറ്റു നിന്നേക്കും. 'മാഷാ അല്ലാഹ്' സ്റ്റിക്കർ വിവാദവും ഈ രീതിയിൽ വിശകലനം ചെയ്യേണ്ടതുണ്ട്. സന്ദർഭത്തിൽനിന്ന് വെട്ടി മാറ്റി ചിത്രങ്ങളും വാക്കുകളും എളുപ്പം ദുരുപയോഗം ചെയ്യാവുന്ന സത്യാനന്തര കാലത്താണ് നാം ജീവിക്കുന്നത് എന്ന് ചുരുങ്ങിയ പക്ഷം മതേതര പക്ഷത്തുള്ളവർ എങ്കിലും മറന്നു പോകരുത്.

ഇതിന്റെ മറുവശമാണ് മാർക്സിസ്റ്റുകൾ മുസ്‍ലിം വിരുദ്ധരാണെന്നും ഹിന്ദുത്വ സഹയാത്രികരാണെന്നും കുപ്രചാരണം നടത്തുന്നത്‌. പഴയകാല ചരിത്രങ്ങളും സിദ്ധാന്തങ്ങളും വക്രീകരിച്ചാണിങ്ങനെ ചെയ്യാറുള്ളത്‌. മുസ്‍ലിം ലീഗിലെ ബുദ്ധിജീവികളായ ചിലർ സംഘ്‌പരിവാറിനെയും മാർക്സിസ്റ്റ് പാർട്ടിയെയും സമീകരിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുമ്പോൾ അവർ, ഫാഷിസത്തെ എത്ര ലാഘവമായാണ് കാണുന്നത് എന്നു തോന്നും. പോയിപ്പോയി, ‘മുണ്ടുടുത്ത മോദിയാണ് പിണറായി വിജയൻ’ എന്നു പോലും അവർ ഉദീരണം നടത്തിക്കളയും. തങ്ങളുടെ വ്യക്തിവിരോധം തീർക്കാൻ പ്രയോഗിക്കുന്ന ഇത്തരം ഉദീരണങ്ങൾ ഫാഷിസത്തെ നോർമലൈസ് ചെയ്യുകയാണെന്ന് അവർ ഓർക്കുന്നില്ല.

ഗുജറാത്ത് മുതൽ രാജ്യത്ത് എല്ലായിടത്തും വർഗീയ രാഷ്ട്രീയം പത്തിവിടർത്തിയത് മനുഷ്യരുടെ മനസ്സിൽ വെറുപ്പ് നിറച്ചുകൊണ്ടാണ്. ആസൂത്രിതമായി വിഭാഗീയത വളർത്തുകയാണ് ഫാഷിസ്റ്റുകളുടെ തന്ത്രം. കേരളത്തിലും അവർ അതിനാണ് തക്കം പാത്തിരിക്കുന്നത്. താൽക്കാലികമായ രാഷ്ട്രീയലാഭങ്ങൾക്കും തെരഞ്ഞെടുപ്പ് വിജയത്തിനും വേണ്ടി നമ്മുടെ മതേതര അന്തരീക്ഷത്തിൽ മാലിന്യം ചൊരിയാൻ ശ്രമിച്ചാൽ അതിന്റെ നേട്ടം കൊയ്യുക ആരാണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് ഊഹിക്കാവുന്നതേയുള്ളൂ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒട്ടും രാഷ്ട്രീയ ജാഗ്രതയില്ലാത്ത, ദീർഘവീക്ഷണമില്ലാത്ത തന്ത്രങ്ങളാണ് വടകര നിയോജക മണ്ഡലത്തിൽ നാം കണ്ടത്. ഷാഫി പറമ്പിൽ എന്ന കോൺഗ്രസ് യുവനേതാവിനെ അദ്ദേഹത്തിന്റെ മതസ്വത്വം മാത്രം മുൻനിർത്തി പ്രതിരോധിക്കുന്ന നിലപാട് ബി ജെ പി സ്വീകരിക്കുന്നതിൽ അത്ഭുതമില്ല. പക്ഷെ, ഇടതുപക്ഷ വൃത്തങ്ങളിൽ നിന്ന് അതുണ്ടാകുന്നത്‌, അത് എത്ര താഴെത്തട്ടിലായാലും അപായ സൂചനയാണ്. മറുവശത്ത്, കെ. കെ. ശൈലജ ടീച്ചർക്കെതിരെ 'കാഫിർ' എന്ന് വിശേഷിപ്പിച്ച് മുസ്‍ലിം ലീഗിലെ ഏതെങ്കിലും ഒരു സാധാരണ പ്രവർത്തകൻഒരു പോസ്റ്റ് ഇട്ടെങ്കിൽ അതും കേരളം എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നതിന്റെ സൂചനയായി വിലയിരുത്താം. ഇരുവിഭാഗം നേതാക്കളും തങ്ങളുടെ അറിവോടെ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് വിശദീകരിക്കുകയും കേസുകളും സമരങ്ങളും നടക്കുകയും ചെയ്യുന്നുണ്ട്. സത്യാവസ്ഥ എന്താകട്ടെ, മതേതരചേരിയെ സംബന്ധിച്ച് ദൌർഭാഗ്യകരമാണ് ഈ സംഭവം.

വർഗീയ ശക്തികൾ നോമ്പുനോറ്റ് നടക്കുന്ന സാമൂഹ്യ വിഭജനത്തിന് തങ്ങളുടെ ജാഗ്രതക്കുറവ് കാരണമായെങ്കിൽ അവർ ഖേദിക്കേണ്ടി വരും എന്ന കാര്യത്തിൽ തർക്കമില്ല.

മതസംരക്ഷണത്തിന്റെ ആവരണമണിഞ്ഞും അധികാരത്തിന്റെ പ്രലോഭനങ്ങൾ കാണിച്ചും പണം വാരി വിതറിയും ഇ ഡിയെ അഴിച്ചുവിട്ട് പേടിപ്പിച്ചും വിജയം എന്ന ഏക ലക്ഷ്യത്തിന് യാതൊരു നൈതികതയും തത്വദീക്ഷയും ഇല്ലാതെ ബിജെപി കൈമുട്ടി വിളിക്കുമ്പോൾ, ‘നോ’ പറയണമെങ്കിൽ ഉറച്ച രാഷ്ട്രീയസ്ഥൈര്യവും മതേതര പ്രതിബദ്ധതയും ആവശ്യമുണ്ട്. മതേതര രാഷട്രീയത്തിന് കരുത്താകും എന്നു പ്രതീക്ഷിക്കപ്പെട്ട പലരും മറുകണ്ടം ചാടി. ഇനിയും അവസരം കാത്തിരിക്കുന്നവർക്ക് പുറകിൽ രാഷ്ട്രീയ ദാല്ലാൾമാർ വട്ടം കൂടി നടപ്പുണ്ട്.

നമ്മൾ പാടിപ്പുകഴ്ത്തുന്നത്ര മതേതര ബോധം മലയാളികൾക്കുണ്ടോ എന്ന് ഇനിയുള്ള കാലമാണ് തെളിയിക്കാൻ പോകുന്നത്. വെറുപ്പിന്റെ പെട്രോൾ നിറഞ്ഞ അന്തരീക്ഷത്തിലേക്ക് ഒരു തീപ്പെട്ടി കൊള്ളി ഉരസിയാൽ മതിയാകും, ആകെ തീപിടിക്കാൻ. വർഗീയതക്കും വലതുപക്ഷ രാഷ്ട്രീയതും വേരുതാഴ്ത്താൻ മനഃശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായി പാകപ്പെട്ടു കഴിഞ്ഞ ഒരു സമൂഹത്തിൽ നൂറ്റാണ്ടുകളായി നാം പടുത്തുയർത്തിയ മൈത്രിയുടെ, മതാന്തര സാഹോദര്യത്തിന്റെ സൗധങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുമോ?. ഇല്ലെന്ന് നമുക്ക് സമാശ്വസിക്കാം. അന്യാദൃശമായ രാഷ്ട്രീയ ജാഗ്രത കൊണ്ട് വെറുപ്പിന്റെ വ്യാപാരികളെ തോൽപ്പിക്കാം.

ശബ്‌നം ഹാഷ്മിയെ പിന്തുടർന്ന്, ‘മേരേ ഘർ ആകേ തോ ദേഖോ’, ‘ഞങ്ങളുടെ വീട്ടിലേക്ക് വരൂ’ എന്ന് നമ്മുടെ അയൽക്കാരോട് പറയാം. ഈ കെട്ട കാലത്ത് ഒന്നിച്ചുണ്ട്‌, വർത്തമാനങ്ങൾ പറഞ്ഞു ഒരുമ കെടാതെ സൂക്ഷിക്കാം. ജീവിതം കൊണ്ടു മാത്രമേ വർഗീയതയെ ആത്യന്തികമായി ചെറുക്കാനാകൂ.

Comments