രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന ഊർജ്ജാവശ്യങ്ങൾ നിറവേറ്റുന്നതിനും, കാലാവസ്ഥാ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുമായി 2047- ഓടെ 100 ഗിഗാ വാട്ട് ആണവോർജ്ജം ഉത്പാദിപ്പിക്കുക (നിലവിൽ ഇന്ത്യയുടെ ആണവോർജ്ജോത്പാദനം 8 ഗിഗാ വാട്ട് ആണ്) എന്ന ലക്ഷ്യത്തോടെ, ആണവോർജ്ജ മേഖലയിൽ കാലാനുസൃതമായ നിയമപരിഷ്‌കരണം നടത്തുന്നതിന്, ഇന്ത്യൻ ആണവോർജ്ജ പദ്ധതികളിലേക്ക് സ്വകാര്യ മൂലധത്തിന്റെ പ്രവേശനം മോദി സർക്കാർ ഒരുക്കിക്കഴിഞ്ഞിരിക്കുന്നു.
2025 ഡിസംബർ 12ന് ലോക്‌സഭയിൽ കേന്ദ്ര ആണവോർജ്ജ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് അവതരിപ്പിക്കുകയും 17ന് പാസാക്കുകയും ചെയ്ത Sustainable Harnessing and Advancement of Nuclear Energy for Transforming India (SHANTI) Bill- 2025, ഇന്ത്യയിലെ ആണവ റിയാക്ടറുകളുടെ നിർമ്മാണത്തിലും വികസനത്തിലും സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം സുഗമമാക്കുന്നതിനും ആണവ വ്യവസായത്തിനായി നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുമായി 1962-ലെ 'ആണവോർജ്ജ നിയമവും' 2010-ലെ 'സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ്' നിയമവും ഭേദഗതി ചെയ്യാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒന്നാണ്.
1962-ലെ ആണവോർജ്ജ നിയമത്തിലെ സെക്ഷൻ 3 അനുസരിച്ച്,
‘‘… ആണവോർജ്ജം ഉൽപ്പാദിപ്പിക്കാനും വികസിപ്പിക്കാനും ഉപയോഗിക്കാനും വിനിയോഗിക്കാനും അതുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യങ്ങളിൽ ഗവേഷണം നടത്താനും’’,
‘‘ഏതെങ്കിലും നിർദ്ദിഷ്ട അല്ലെങ്കിൽ റേഡിയോ ആക്ടീവ് വസ്തു നിർമ്മിക്കാനോ അല്ലെങ്കിൽ ഉൽപ്പാദിപ്പിക്കാനും’’,
‘‘ഏതെങ്കിലും റേഡിയോ ആക്ടീവ് വസ്തു വാങ്ങാനോ അല്ലെങ്കിൽ നേടാനോ സംഭരിക്കാനോ കൊണ്ടുപോകാനും’',
‘‘അത്തരം റേഡിയോ ആക്ടീവ് വസ്തു വിനിയോഗിക്കാനും’’
ഉള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമായിരുന്നു. 1962-ലെ ആണവോർജ്ജ നിയമത്തിലെ ഈ പ്രത്യേക വ്യവസ്ഥയിൽ മാറ്റം വരുത്തി, ഇന്ത്യയിലുടനീളമുള്ള ആണവ നിലയങ്ങളുടെയും ചെറുകിട മോഡുലാർ റിയാക്ടറുകളുടെയും (Small Modular Reactors-SMRs) നടത്തിപ്പുകാരായി സ്വകാര്യ കമ്പനികളുടെ കടന്നുവരവിന് വഴിയൊരുക്കുകയാണ് പുതിയ ഭേദഗതി ബില്ലിലൂടെ സർക്കാർ ചെയ്തിട്ടുള്ളത്.

ആണവോർജ്ജത്തിന്റെ സവിശേഷ സ്വഭാവം, വികിരണ വസ്തുക്കളുടെ ബഹിർഗമനം, ആണവ മാലിന്യങ്ങളുടെ ശേഖരണം, പൊതുജനങ്ങളുടെ മൊത്തത്തിലുള്ള സുരക്ഷയ്ക്ക് ഉയർത്തുന്ന വിവിധ ഭീഷണികൾ എന്നിവ കണക്കിലെടുക്കുമ്പോൾ സ്വകാര്യ കമ്പനികളെ ആണവ പദ്ധതികളുടെ നടത്തിപ്പുകാരാക്കി മാറ്റുന്നത് അപകടകരമാണ്. ആണവ അപകടങ്ങളിൽ നിന്നുള്ള നാശനഷ്ടങ്ങൾക്ക് ദുർബലമായ ബാധ്യത, ഇരകൾക്ക് നീതി ലഭിക്കാനുള്ള പരിമിതമായ സാധ്യതകൾ, നിയന്ത്രണങ്ങളുടെ അപര്യാപ്തത എന്നിവ നിലവിലെ ഭേദഗതികളുടെ പ്രത്യേകതകളാണ്.
66 പേജുകളുള്ള 'ശാന്തി' ബില്ലിന്റെ രണ്ടാം അധ്യായത്തിൽ ആണവോർജ്ജ മേഖല പൂർണ്ണമായും സ്വകാര്യ മൂലധനത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 'ആണവ ഇന്ധന ചക്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പ്രക്രിയകളെയും', (ഖനനം, സമ്പുഷ്ടീകരണം, ഊർജ്ജോത്പാദനം, വികിരണ വസ്തുക്കൾ കൈകാര്യം ചെയ്യൽ) ഉൾപ്പെടുത്തിക്കൊണ്ടാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. വിവിധ മേഖലകളിൽ ലൈസൻസുകൾ നേടിയെടുക്കാൻ സ്വകാര്യ കമ്പനികളെ ഇത് അനുവദിക്കുന്നു.
അതുപോലെ, ഏതൊരു പ്രവർത്തനത്തിനും ഒരൊറ്റ ലൈസൻസ് മാത്രം മതിയെന്ന വ്യവസ്ഥയും സൃഷ്ടിച്ചിരിക്കുന്നു. ഒരു പദ്ധതിയുടെ ലൈസൻസ് റദ്ദാക്കപ്പെട്ടാൽ, ആ സവിശേഷ പദ്ധതി കേന്ദ്ര സർക്കാർ ഏറ്റെടുക്കും, 'വായ്പ നൽകുന്നവരുടെയും നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും മറ്റ് പങ്കാളികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കൽ', 'ലൈസൻസുള്ള പദ്ധതികളുടെ തുടർച്ച നിലനിർത്തുന്നതിനായുള്ള പദ്ധതികൾ' എന്നിവയ്ക്കായിരിക്കും മുൻഗണന.
ഇതിനർത്ഥം; പൊതുസുരക്ഷ, പദ്ധതിബാധിത സമൂഹങ്ങൾ, തൊഴിലാളികൾ, സുരക്ഷിതമല്ലാത്ത പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകുന്നതിനു പകരം ആണവോർജ്ജ പദ്ധതിയുടെ വാണിജ്യ- വ്യാപാര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് ബിൽ കൂടുതലായും മുന്നോട്ടുവെക്കുന്നത്.
ലൈസൻസ് നൽകൽ, റദ്ദാക്കൽ, ഏറ്റെടുക്കൽ എന്നിവയിൽ കേന്ദ്ര സർക്കാരിന് വിശാലമായ അധികാരം നൽകുന്ന വ്യവസ്ഥകൾ, സ്വതന്ത്ര ഏജൻസികളാലുള്ള നിയന്ത്രണവും പ്രാദേശിക /കമ്മ്യൂണിറ്റി മേൽനോട്ടവും വ്യക്തതയോടെ ഉറപ്പുവരുത്താതെ, ഫെഡറൽ എക്‌സിക്യൂട്ടീവിന്റെ കൈകളിൽ ഫലപ്രദമായി കേന്ദ്രീകരിക്കുന്നു. ഈ അധികാര കേന്ദ്രീകരണവും, 'ഏതൊരു വ്യക്തിയെയും' ഈ മേഖലയിൽ പ്രവേശിക്കാൻ അനുവദിക്കുന്നതിനുള്ള വിശാലമായ വിവേചനാധികാരവും, അങ്ങേയറ്റം അപകടകരമായ ആണവോർജ്ജ സാങ്കേതികവിദ്യകളുടെ നടത്തിപ്പിൽ അവശ്യം സ്വീകരിക്കേണ്ട മുൻകരുതൽ തത്വത്തിന് (precautionary principle) വിരുദ്ധമാണ്.

ആണവാപകടങ്ങളുമായി ബന്ധപ്പെട്ട ബാദ്ധ്യതകൾ സംബന്ധിച്ച് ബില്ലിലെ മൂന്നാം അദ്ധ്യായം വിശദീകരിക്കുന്നതിങ്ങനെയാണ്:
ബില്ലിലെ വകുപ്പ് 13(1) അനുസരിച്ച്,
''ഓരോ ആണവ സംഭവത്തിന്റെയും (ആണവാപകടങ്ങളുടെ ഔദ്യോഗിക പദം ആണവ സംഭവങ്ങൾ എന്നാണ്) പരമാവധി ബാധ്യത 300 ദശലക്ഷം രൂപയ്ക്ക് തുല്യമായ പ്രത്യേക ഡ്രോയിംഗ് അവകാശങ്ങൾ (Special Drawing Rights) അല്ലെങ്കിൽ കേന്ദ്ര സർക്കാർ വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കുന്ന അത്രയും ഉയർന്ന തുക ആയിരിക്കും’’.
ഒരു ആണവാപകടത്തിന്റെ വ്യാപ്തി എന്നത് ഇതര വ്യാവസായിക അപകടങ്ങളിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമായ ഒന്നായിരിക്കുമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അത്തരമൊരു ആണവ വികിരണ ചോർച്ചയോ സമാനമായ രീതിയിലുള്ള അപകടങ്ങളോ സംഭവിച്ചാലുണ്ടാകുന്ന ദീർഘകാല ആരോഗ്യ, ഉപജീവന, പാരിസ്ഥിക ചെലവുകളുമായി തട്ടിച്ചുനോക്കിയാൽ ബില്ലിൽ നിർദ്ദേശിക്കുന്ന 300 ദശലക്ഷം രൂപ എന്നത് തികച്ചും അപര്യാപ്തമായ തുകയാണെന്ന് മാത്രമല്ല, നിലവിൽ അന്താരാഷ്ട്ര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട മികച്ച നഷ്ടപരിഹാര മാനദണ്ഡങ്ങൾക്ക് താഴെയാണ്.
ദുരന്തങ്ങളുടെ വ്യാപ്തി പരിഗണിക്കാതെ ഏത് തരത്തിലുള്ള അപകടങ്ങൾക്കും ഒരേ ബാധ്യതാ പരിധി നിശ്ചയിക്കുന്നത് യാഥാർത്ഥ്യ ബോധത്തിന് നിരക്കുന്ന ഒന്നല്ല. 2010-ലെ ആണവ ബാദ്ധ്യതാ നിയമത്തിൽ പ്രഖ്യാപിക്കപ്പെട്ട ഈ തുക, ഒന്നരപ്പതിറ്റാണ്ടിനുശേഷവും മാറ്റമില്ലാതെ തുടരുകയാണെന്ന് കൂടി ആലോചിക്കേണ്ടതുണ്ട്. വാസ്തവത്തിൽ, ആണവ ബാധ്യതയ്ക്ക് പരിധി നിശ്ചയിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21-ൽ ഉൾപ്പെടുത്തിയിരിക്കുന്ന 'ജീവിക്കാനുള്ള അവകാശത്തെ' ലംഘിക്കുന്നതിന് തുല്യമായ സംഗതിയാണ്.
പുതിയ ബില്ലിലെ പരിഹാസ്യമായ മറ്റൊരു നിയമമെന്നത് ആണവാപകടങ്ങളിൽ നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനുള്ള പ്രാരംഭ കാലയളവ് മൂന്നു വർഷമായി നിജപ്പെടുത്തുന്നുവെന്നതാണ്. കൂടാതെ അപകടം നടന്ന് പത്ത് വർഷങ്ങൾക്ക് ശേഷം സ്വത്ത് നാശങ്ങൾക്കും 20 വർഷങ്ങൾക്കുശേഷം ശാരീരിക ക്ലേശങ്ങൾക്കും ഉള്ള നഷ്ടപരിഹാരത്തിനുള്ള അവകാശവാദം ഇല്ലാതാകുകയും ചെയ്യുന്നു.
ഒരു ആണവ നിലയത്തിലെ അപകടങ്ങൾക്ക് നിലയത്തിനാവശ്യമായ ഉപകരണങ്ങൾ സപ്ലൈ ചെയ്ത വിതരണക്കാരിൽ നിന്നുകൂടി നഷ്ടപരിഹാരം ഈടാക്കാൻ ഓപ്പറേറ്റർമാരെ അനുവദിച്ചുകൊണ്ടുള്ള നിയമമായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. 2010- ലെ ആണവ ബാദ്ധ്യതാ നിയമം ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നുണ്ട്. ആണവാപകടത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ഓപ്പറേറ്റർമാർക്കാണെങ്കിലും ഈ ആക്ടിലെ സെക്ഷൻ 17 അനുസരിച്ച്, ഉപകരണ വിതരണക്കാർക്കെതിരെ നഷ്ടപരിഹാരത്തിനായി സമീപിക്കാൻ അവകാശം നൽകുന്നു. നിലവാരം കുറഞ്ഞ ഉപകരണങ്ങളാണ് വിതരണം ചെയ്തതെന്ന് തെളിഞ്ഞാൽ വിതരണക്കാരെ കുറ്റക്കാരായിക്കണ്ടുകൊണ്ട് നിയമനടപടികൾക്ക് 2010- ലെ ആണവ ബാദ്ധ്യതാ നിയമം അനുവാദം നൽകിയിരുന്നു.
എന്നാൽ ഇത്തരത്തിൽ ഉപകരണ വിതരണക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഓപ്പറേറ്റർമാരെ അനുവദിച്ചിരുന്ന മുൻ വ്യവസ്ഥകൾ പുതിയ ബില്ലിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. അതിനാൽ, തെറ്റായ രൂപകൽപ്പനയോ നിലവാരമില്ലാത്ത ഘടകങ്ങളോ കാരണം ഒരു അപകടം സംഭവിച്ചാലും, വിതരണക്കാർ പണം നൽകാൻ ബാദ്ധ്യതപ്പെടുന്നില്ല. ഇതിന്റെ മുഴുവൻ ഭാരവും ഇന്ത്യൻ നികുതിദായകരുടെ തലയിലായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ല.
ആണവ ദുരന്തങ്ങളെത്തുടർന്നുണ്ടാകുന്ന ചെലവുകളെ സംബന്ധിച്ച് ചെറുതായെങ്കിലും ധാരണ ലഭ്യമാകാൻ ചെർണ്ണോബൈൽ ദുരന്തത്തെ ഉദാഹരണമായെടുത്താൽ മതിയാകും. സോവിയറ്റ് യൂണിയന്റെ പതനത്തിലേക്ക് പോലും എത്തിപ്പെട്ട ഈ ആണവാപകടത്തിലെ ശുചീകരണച്ചെലവ് 200-700 ബില്യൺ ഡോളർ വരെയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ ഇന്ത്യ ഗവൺമെന്റ് കണക്കാക്കിയിരിക്കുന്ന തുകയുടെ നൂറ് മുതൽ മൂന്നൂറ് വരെ മടങ്ങാണ് ഈ തുക.

ആണവോർജ്ജ മേഖലയിലേക്ക് സ്വകാര്യ മൂലധന പ്രവേശനം സാധ്യമാക്കണമെങ്കിൽ അവയുടെ അപകട ബാദ്ധ്യതകളിന്മേലുള്ള ഉത്തരവാദിത്തം ഭരണകൂടം ഏറ്റെടുക്കേണ്ടതുണ്ട്. ഈയൊരു ഉറപ്പാണ് ഇന്ത്യാ ഗവൺമെന്റ് പുതിയ നിയമത്തിലൂടെ സ്വകാര്യ കമ്പനികൾക്ക് നൽകുന്നത്. രണ്ടാം ഷെഡ്യൂളിൽ നിശ്ചയിച്ചിട്ടുള്ള പരിധിയിലധികം ബാദ്ധ്യത ഓപ്പറേറ്റർമാർക്ക് സംഭവിക്കുകയാണങ്കിൽ, അധിക ബാധ്യതയ്ക്ക് കേന്ദ്ര സർക്കാർ ഉത്തരവാദിയാകുമെന്ന് ബില്ലിലെ അദ്ധ്യായം III, സെക്ഷൻ 14(1)(a) വ്യക്തമാക്കുന്നു. ഫലത്തിൽ, വിനാശകരമായ അപകടസാധ്യതയുടെ ഭൂരിഭാഗവും ഭരണകൂടം ഏറ്റെടുക്കുന്നു, അതേസമയം, സ്വകാര്യ ഓപ്പറേറ്റർമാർ ലാഭം നേടുന്നത് തുടരുന്നു. ഇത് സ്വകാര്യ സ്ഥാപനങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ പൊതുഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നതിലേക്ക് നയിക്കുന്നു. കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കിൽ ആണവാപകടങ്ങളുടെ വൻ ബാദ്ധ്യതകളിൽനിന്ന് വൻകിട സ്വകാര്യ കമ്പനികളെ മുക്തരാക്കുകയാണ് പുതിയ നിയമ നിർമ്മാണത്തിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നത്.
ആണവ നിലയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾക്ക് കാരണമാകുന്നവർക്കെതിരായ നിയമ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് പൊതു സമൂഹങ്ങളെ വിലക്കുന്നതാണ് മറ്റൊരു നിയമം. ഇത്തരത്തിലുള്ള അപകടങ്ങളിൽ പരാതി നൽകാനുള്ള അധികാരം കേന്ദ്ര സർക്കാരോ ആണവോർജ്ജ നിയന്ത്രണ ബോർഡോ (Atomic Energy Reguatory Board) നിശ്ചയിക്കുന്ന ഒരാൾക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നതാണ് പുതിയ നിയമത്തിലെ മറ്റൊരു നിബന്ധന!
പുതിയ ബില്ലിലെ പരിഹാസ്യമായ മറ്റൊരു നിയമമെന്നത് ആണവാപകടങ്ങളിൽ നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനുള്ള പ്രാരംഭ കാലയളവ് മൂന്നു വർഷമായി നിജപ്പെടുത്തുന്നുവെന്നതാണ്. കൂടാതെ അപകടം നടന്ന് പത്ത് വർഷങ്ങൾക്ക് ശേഷം സ്വത്ത് നാശങ്ങൾക്കും 20 വർഷങ്ങൾക്കുശേഷം ശാരീരിക ക്ലേശങ്ങൾക്കും ഉള്ള നഷ്ടപരിഹാരത്തിനുള്ള അവകാശവാദം ഇല്ലാതാകുകയും ചെയ്യുന്നു. വികിരണങ്ങളുമായി ബന്ധപ്പെട്ട ശാരീരിക ക്ലേശങ്ങൾ, പ്രത്യേകിച്ചും അർബ്ബുദം പോലുള്ളവ പ്രകടമാകുന്നത് 30 മുതൽ 40 വരെ വർഷങ്ങൾക്ക് ശേഷമായിരിക്കുമെന്നത് തെളിയിക്കപ്പെട്ട സംഗതിയാണ്. അതുപോലെത്തന്നെ ഗർഭവതിയായ സ്ത്രീകൾ വികിരണബാധയേൽക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളിൽ ജനിതക രോഗങ്ങൾക്ക് കാരണമാകുമെന്നതും വസ്തുതയാണ്. എന്നാൽ ഇതുസംബന്ധിച്ച് യാതൊരുവിധ നിയമനടപടികൾക്കും ഉള്ള സാധ്യത പുതിയ നിർമ്മാണത്തിലൂടെ നൽകുന്നില്ലെന്ന് കാണാം. അന്താരാഷ്ട്ര തലത്തിൽ ഇപ്പോഴും നിലിവിലുള്ള മാനദണ്ഡങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഇന്ത്യൻ അധികാരികൾ ഈ നിയമനിർമ്മാണത്തിന് തയ്യാറായിട്ടുള്ളത്. ഫുക്കുഷിമ അപകടം നടന്ന് 13 വർഷങ്ങൾക്ക് ശേഷവും അതുസംബന്ധിച്ച നഷ്ടപരിഹാര കേസുകൾ സർക്കാർ പരിഗണിക്കുന്നത് കാണാൻ സാധിക്കും. സ്വകാര്യ കമ്പനികളെ ആണവോർജ്ജ മേഖലയിലേക്ക് ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിൽ കാലപരിധി ക്ലിപ്തപ്പെടുത്തുന്നത് ആത്യന്തികമായി ആരെ സഹായിക്കാനാണെന്നത് വ്യക്തമാണ്.
ആണവ നിലയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾക്ക് കാരണമാകുന്നവർക്കെതിരായ നിയമ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് പൊതു സമൂഹങ്ങളെ വിലക്കുന്നതാണ് മറ്റൊരു നിയമം. ഇത്തരത്തിലുള്ള അപകടങ്ങളിൽ പരാതി നൽകാനുള്ള അധികാരം കേന്ദ്ര സർക്കാരോ ആണവോർജ്ജ നിയന്ത്രണ ബോർഡോ (Atomic Energy Reguatory Board) നിശ്ചയിക്കുന്ന ഒരാൾക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നതാണ് പുതിയ നിയമത്തിലെ മറ്റൊരു നിബന്ധന! അതായത്, സമൂഹത്തിലെ വാച്ച്‌ഡോഗ് സംവിധാനങ്ങൾക്ക്-സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾക്ക്- ഇത്തരത്തിൽ പരാതി നൽകാൻ കഴിയില്ലെന്ന്. ഈ രീതിയിൽ ജുഡീഷ്യൽ സഹായം പരിമിതപ്പെടുത്തുന്നതിലൂടെയും കേന്ദ്ര അധികാരികളിലൂടെയും പ്രത്യേക സംവിധാനങ്ങളിലൂടെയും സിവിൽ, ക്രിമിനൽ നടപടികൾ നടത്തുന്നതിലൂടെയും, സാധാരണ കോടതികളെ സമീപിക്കാനും ഫലപ്രദമായ പരിഹാരങ്ങൾ ലഭിക്കാനുമുള്ള അപകട ബാധിതരായ ആളുകളുടെ മൗലികാവകാശത്തെയാണ് ബിൽ ഇല്ലാതാക്കുന്നത്.

പുതിയ നിയമനിർമ്മാണത്തിന്റെ മറ്റൊരു ജനവിരുദ്ധ മുഖമെന്നത്, ആണവ നിലയ പദ്ധതി ആരംഭിക്കുന്നതിന് മുന്നെ പബ്ലിക് ഹിയറിംഗ് ആവശ്യമില്ലെന്നതാണ്. ഒരു സിമന്റ് ഫാക്ടറി ആരംഭിക്കാൻ പോലും ജനങ്ങളുടെ അനുവാദം ആവശ്യമുണ്ടെന്നിരിക്കെയാണ് യാതൊരുവിധ ജനകീയ കൂടിയാലോചനകൾക്കും അവസരം നൽകാതെ പദ്ധതിക്ക് ലൈസൻസ് നൽകാൻ സർക്കാരിന് അധികാരം നിക്ഷിപ്തമാക്കിയിരിക്കുന്നത്.
ആണവ നിലയങ്ങൾ പോലുള്ള അങ്ങേയറ്റം അപകടകരമായ ഊർജ്ജോത്പാദന സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ ശക്തമായ നിയന്ത്രണ സംവിധാനങ്ങൾക്ക് കീഴിലായിരിക്കേണ്ടത് പൊതുസുരക്ഷയെ സംബന്ധിച്ച് സുപ്രധാനമായ സംഗതിയാണ്. എന്നാൽ പുതിയ ബില്ലിന് കീഴിലെ നിയന്ത്രണ സംവിധാനങ്ങൾ സ്വതന്ത്രവും കാര്യക്ഷമവുമായ ഒരു സ്വതന്ത്ര ഏജൻസിയുടെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്.
പുതിയ നിയമ നിർമ്മാണത്തിലൂടെ ആറ്റമിക് എനർജി റെഗുലേറ്ററി ബോർഡിന് നിയമപരമായ പദവി നൽകുമ്പോൾത്തന്നെ, (അദ്ധ്യായം IV: ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ്) ഇവയിലേക്കുള്ള നിയമനങ്ങൾ കേന്ദ്ര സർക്കാരിലും ആണവോർജ്ജ കമ്മീഷനിലും (എ.ഇ.സി) നിക്ഷിപ്തമായിരിക്കുകയാണ്. ഇത് എ ഇ ആർ ബിയുടെ സ്വയംഭരണത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. കാരണം റെഗുലേറ്റർ എല്ലായ്‌പ്പോഴും എക്‌സിക്യൂട്ടീവ് നിയന്ത്രണത്തിന് വിധേയമായിരിക്കും.
സ്വതന്ത്രവും ബഹു- പങ്കാളിത്തമുള്ളതും നിക്ഷ്പക്ഷവും കാര്യക്ഷമവുമായ ഒരു നിയന്ത്രണ ഏജൻസിക്ക് പകരം സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന ഒരു റഗുലേറ്ററി ഏജൻസിയെ നിയമിക്കുകയാണ് സർക്കാർ ചെയ്യുന്നത്. സ്വകാര്യ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏതറ്റംവരെ പോകാൻ തയ്യാറുള്ള ഭരണകൂടം പൊതുതാൽപ്പര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുമെന്നത് യാഥാർത്ഥ്യമാണ്.
ആറ്റമിക് എനർജി റെഗുലേറ്ററി ബോർഡിനെ ഒരു നിയന്ത്രണ ഏജൻസിയായി പുതിയ ബിൽ അംഗീകരിക്കുന്നുവെങ്കിലും, ദേശസുരക്ഷയെ അടിസ്ഥാനമാക്കി ചില സവിശേഷ മേഖലകളിൽ കൂടുതൽ അധികാരം നൽകുന്ന രീതിയിൽ കേന്ദ്ര സർക്കാരിനെ അതിനും മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്നതായി കാണാവുന്നതാണ്. ബില്ലിലെ അദ്ധ്യായം III, വകുപ്പ് 25 ഇങ്ങനെ പറയുന്നു:
''കേന്ദ്ര സർക്കാരിന് ദേശീയ പ്രതിരോധത്തിന്റെയും സുരക്ഷയുടെയും ആവശ്യങ്ങൾക്കായി, ചില പ്രവർത്തനങ്ങൾ നടത്താം, ഈ ഉദ്ദേശ്യത്തിനായി, ഏതെങ്കിലും നിർദ്ദിഷ്ട പദാർത്ഥം അല്ലെങ്കിൽ റേഡിയോ ആക്ടീവ് പദാർത്ഥം അല്ലെങ്കിൽ നിലയസൗകര്യങ്ങൾ, പ്രവർത്തനങ്ങൾ.... സ്വത്ത്, പ്രദേശങ്ങൾ എന്നിവയെ ബോർഡിന്റെ അധികാരപരിധിയിൽ നിന്ന് ഒഴിവാക്കാം''.

കൂടാതെ, ''സുരക്ഷാ നടപടികൾ, ലൈസൻസിംഗ്, മറ്റ് കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അധികാരങ്ങൾ വിനിയോഗിക്കുന്നതിനും പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിനും കേന്ദ്ര സർക്കാർ... ഒന്നോ അതിലധികമോ റെഗുലേറ്ററി സ്ഥാപനങ്ങൾ രൂപീകരിച്ചേക്കാം..'' എന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
വാസ്തവത്തിൽ, രാജ്യസുരക്ഷയുടെ കവചത്തിനുള്ളിൽ എല്ലാത്തരം സിവിൽ സമൂഹ മേൽനോട്ടവും ഇല്ലാതാക്കുക എന്നതാണ് ഇത്തരമൊരു നിയമ നിർമ്മാണത്തിലൂടെ അധികാരികൾ ലക്ഷ്യമിടുന്നത്. പാർലമെന്റ് കമ്മിറ്റിയുടെ പൊതുപരിശോധന അടക്കമുള്ള കാര്യങ്ങളിൽ ഇനിയങ്ങോട്ട് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും എന്നുതന്നെയാണ് കരുതേണ്ടത്.
ചുരുക്കത്തിൽ, ആണവോർജ്ജവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതുതായി പാസാക്കിയ നിയമം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം, സുരക്ഷ, മനുഷ്യാവകാശം, എന്നിവയെ ഭീഷണിയുടെ നിഴലിലാക്കി മാറ്റുന്ന ഒന്നാണ്. പൊതുവിൽ ഒട്ടനവധി രഹസ്യാത്മക നിലനിൽക്കുന്ന ഈ മേഖലയെ കൂടുതൽ രഹസ്യാത്മകതയിലേക്കും പൊതുസമൂഹത്തിന് പ്രവേശനം പൂർണ്ണമായും ഇല്ലാതാക്കുന്നതിലേക്കും നയിക്കുന്ന ഒന്നാണ് പുതിയ നിയമ നിർമ്മാണം.
