തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ പുരുഷാകാരങ്ങൾ

‘‘കലണ്ടറുകളിലും പത്രങ്ങളിലും റോഡിലും ബസിലും തീവണ്ടികളിലും ഗ്യാസ് സിലിണ്ടറിനടുത്തും എന്തിന് റേഷൻ കടകളിൽപ്പോലും പുരുഷന്മാരുടെ ചിത്രങ്ങൾ നിറം പിടിച്ചുനിൽക്കുന്നു. ഇവരൊക്കെ ഏതു രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരായാലും ജനാധിപത്യ ബോധത്തിൽ നിന്ന് മതാധിപത്യബോധത്തിലേക്ക് മുതലാളിത്ത പൊതുബോധം പരിവർത്തിക്കപ്പെട്ടതിൻ്റെ കൂടി സാക്ഷ്യങ്ങളാണ് മേല്പറഞ്ഞ പുരുഷാകാരചിത്രങ്ങൾ’’- ഗീത എഴുതുന്നു.

ഗീത

2024 ഏപ്രിലിൽ ഇന്ത്യൻ ജനത ഭരണാധികാരികളെ തെരഞ്ഞെടുക്കാൻ പോളിങ് ബൂത്തിലേക്കു പോവുകയാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിൻ്റെ ഏറ്റവും വലിയ രാഷ്ട്രീയാഘോഷമാകേണ്ടതാണ് അവിടെ നടക്കുന്ന തെരഞ്ഞെടുപ്പുകൾ. എന്നാൽ ഇന്ത്യയിലെ, കേരളത്തിലെ ജനാധിപത്യവിശ്വാസി (നി)കൾ നേരിടുന്ന ഏറ്റവും വലിയ അധികാര ഭീഷണിയായി തെരഞ്ഞെടുപ്പുകൾ മാറുന്ന സാഹചര്യം ഉണ്ടായതെങ്ങനെ?

അമ്മമാരുടെ നാടാണ് ഇന്ത്യയെന്നത് വിവേകാനന്ദൻ അഭിമാനത്തോടെ പ്രസംഗിച്ചു. ശരിയാണ് രാജ്യത്തെ, രാജ്യാതിർത്തിക്കുള്ളിലെ നദികളെപ്പോലും അമ്മയായി കാണുന്ന പാരമ്പര്യമാണ് ഇവിടെയുള്ളത്. ഇന്ത്യയെന്നാൽ ഭാരതാംബയാണ്, ഗംഗാനദി ഗംഗാമയ്യയുമാണ്. പക്ഷേ സമീപകാലത്ത് എല്ലാ മാധ്യമങ്ങളിലൂടെയും പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു പരസ്യം ശ്രദ്ധയിൽപ്പെട്ടു. പഴയ രണ്ടാം ക്ലാസിലെ കേരള പാഠാവലിയിൽ ഉണ്ടായിരുന്ന ‘അമ്മയെന്നെ കുളിപ്പിക്കും’ എന്നു തുടങ്ങുന്ന പാഠത്തെ അതിശയിക്കുന്നതായിരുന്നു ആ പരസ്യം. കുഞ്ഞുങ്ങൾക്ക് എല്ലാം നൽകുന്നതും അവരെ കരുത്തരാക്കുന്നതും അമ്മയാണ്, എന്നാൽ ആ അമ്മയെ ശക്തയാക്കുന്നതാര്, ‘മോദി ജീ…’ എന്നാണ് ആ പരസ്യം അറിയിക്കുന്നത്. സൃഷ്ടിസ്ഥിതികർത്രിയായ പെണ്ണിനെ ആണധികാര ഭരണകൂടം റദ്ദു ചെയ്തത് എത്ര അനായാസമായാണ്. ഒരു രാഷ്ട്രത്തിലെ എല്ലാ ‘അമ്മ’മാരെയും ഒറ്റയടിക്ക് പുരുഷാകാരം പൂണ്ട പ്രധാനമന്ത്രി അശക്തരാക്കിക്കളഞ്ഞു.

ഒരു രാഷ്ട്രത്തിലെ എല്ലാ ‘അമ്മ’മാരെയും ഒറ്റയടിക്ക് ​ഒരൊറ്റ പരസ്യത്തിലൂടെ പുരുഷാകാരം പൂണ്ട പ്രധാനമന്ത്രി അശക്തരാക്കിക്കളഞ്ഞു.

സ്ത്രീയോടുള്ള സമീപനത്തിൽ ഈ ദേശീയ തുടർച്ചയിൽത്തന്നെയാണ് കേരളവുമുള്ളത്. കോവിഡ് കാലത്തെ സന്ധ്യകളിൽ മലയാളിയുടെ ജനപ്രിയമായിരുന്ന സ്ഥിരം കാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. അതതു ദിവസങ്ങളിലെ കോവിഡ് സ്ഥിതിയെക്കുറിച്ചുള്ള അറിയിപ്പായിരുന്നു അത്. മുഖ്യമന്ത്രി എന്ന പുരുഷൻ തൻ്റെ വകുപ്പുസംബന്ധമായ വിവരങ്ങൾ നേരിട്ടറിയിക്കുമ്പോൾ ഓരത്ത് അനുസരണയോടെ, നിശ്ശബ്ദയായിരിക്കുന്ന വനിതാ ആരോഗ്യ മന്ത്രി ഏതു ശാക്തീകരണത്തെയാണ് പ്രതിനിധീകരിച്ചതെന്നത് ഇന്നും എനിക്കു മനസിലാകാത്ത രാഷ്ട്രീയദൃശ്യമാണ്. ആംബുലൻസിൽ വെച്ച് കോവിഡ് രോഗിണി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് ലോകത്തിൽ മറ്റെവിടെയെങ്കിലും സംഭവിച്ചിട്ടുണ്ടോന്നറിയില്ല. കേരളത്തിൽ അതു സംഭവിച്ചു.

സ്ത്രീസമൂഹത്തിൻ്റെ അബോധമായ അശക്തഭാവം സ്വാഭാവികമായ ദുർബലതയാണോ? കര്യക്ഷമതാകുറവാണോ? ഇത്തരം ഒരു വിശകലനത്തിനൊരുങ്ങുമ്പോഴാണ് ആണ് - പെണ്ണ് എന്നീ പരികല്പനകൾ ഒരു ജനവിഭാഗത്തിൽ രൂപപ്പെടുന്നതെങ്ങനെയെന്ന അന്വേഷണം പ്രസക്തമാകുന്നത്.

ആംബുലൻസിലെ രക്ഷാസംവിധാനങ്ങൾ ചോദ്യം ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തപ്പോൾ പുരുഷൻ ശക്തനാണെങ്കിൽ ബലാത്സംഗം നടക്കുമെന്ന വിചിത്രവാദമാണ് വനിതാമന്ത്രി ഉന്നയിച്ചത്. അതായത് പുരുഷശക്തിയെ മറികടക്കാൻ ജനാധിപത്യ സർക്കാർ സംവിധാനങ്ങൾ പ്രാപ്തമല്ല എന്ന സന്ദേശമായിരുന്നു അത്. ഇത്തരമൊരു നിർഭാഗ്യകരമായ പ്രതികരണം വനിതാമന്ത്രിയിൽ നിന്നുണ്ടാകാൻ കാരണം, നേരത്തേ സൂചിപ്പിച്ച പ്രസ്തുത ‘ഇരിപ്പി’ലെ സ്ത്രീഭാഗം സഹിക്കേണ്ടി വന്ന അതേ നിസ്സാഹയതയായിരിക്കാനേ വഴിയുള്ളൂ. അത് പുരുഷൻ്റെ അധിക ‘ശക്തി’യുമായി ബന്ധപ്പെട്ട ഒരു സമൂഹത്തിൻ്റെ അബോധം തന്നെയാണ്.

സ്ത്രീസമൂഹത്തിൻ്റെ അബോധമായ ഈ അശക്തഭാവം സ്വാഭാവികമായ ദുർബലതയാണോ? കര്യക്ഷമതാകുറവാണോ? ഇത്തരം ഒരു വിശകലനത്തിനൊരുങ്ങുമ്പോഴാണ് ആണ് - പെണ്ണ് എന്നീ പരികല്പനകൾ ഒരു ജനവിഭാഗത്തിൽ രൂപപ്പെടുന്നതെങ്ങനെയെന്ന അന്വേഷണം പ്രസക്തമാകുന്നത്. കൂടുതൽ വിശദീകരിക്കാതെത്തന്നെ ഇന്ത്യയെപ്പോലെ ഒരു മതാത്മക സമൂഹത്തിൽ നമുക്കു മനസിലാക്കാനാകുന്ന ഒരു യാഥാർഥ്യം അതതു പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്ന മതത്തിൻ്റെ പ്രഭാവമാണ്. പ്രത്യക്ഷ മതചിഹ്നങ്ങൾ വഹിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. അധികാരികളായ പുരുഷസ്വരൂപങ്ങൾക്കിടയിൽ സ്ത്രീകൾ എങ്ങനെ ദൃശ്യരാകുന്നുവെന്നത് പ്രധാനമാണ്.

മുഖ്യമന്ത്രി എന്ന പുരുഷൻ തൻ്റെ വകുപ്പുസംബന്ധമായ വിവരങ്ങൾ നേരിട്ടറിയിക്കുമ്പോൾ ഓരത്ത് അനുസരണയോടെ, നിശ്ശബ്ദയായിരിക്കുന്ന വനിതാ ആരോഗ്യ മന്ത്രി ഏതു ശാക്തീകരണത്തെയാണ് പ്രതിനിധീകരിച്ചതെന്നത് ഇന്നും എനിക്കു മനസിലാകാത്ത രാഷ്ട്രീയദൃശ്യമാണ്.

ആരാധനാലയങ്ങളിൽ അതതു മതചിഹ്നങ്ങളോടെ സ്ത്രീകൾ ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നത് മതാശയങ്ങളുടെ മാത്രം ബലത്തിൽ അല്ല. ഇതൊരല്പം അതിവാദമായി തോന്നാം. എങ്കിലും ഒരുദാഹരണ സംഭവത്തിലൂടെ വ്യക്തമാക്കാം.
ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി വന്നതിനെത്തുടർന്ന് കേരളത്തിലുണ്ടായ സംഘർഷങ്ങൾ ദേശീയ രാഷ്ട്രീയത്തെത്തന്നെ ബാധിക്കുകയുണ്ടായി എന്നാണു ഞാൻ വിലയിരുത്തുന്നത്. വലിയൊരു വിഭാഗം സ്ത്രീകൾ തന്നെ ഈ വിധിക്കെതിരെ വരുന്നു. അവർ വിശ്വാസികളാണെന്നു സ്വയം അവകാശപ്പെട്ട നാമജപ ഘോഷയാത്രക്കാരികളായിരുന്നു. നിയമം അനുവദിച്ച പ്രവേശം കിട്ടണമെന്നു വാദിച്ച് എതിർ പക്ഷം സ്ത്രീകൾ. നാമജപത്തെ വനിതാ മതിൽ കൊണ്ട് ചെറുക്കാൻ പുരുഷന്മാർ നിശ്ചയിച്ചു. ഫലത്തിൽ എന്തു സംഭവിച്ചു? കേരള സ്ത്രീകൾ രണ്ടു തരം ട്രൈബുകളായി വിഭജിക്കപ്പെട്ടു - കുലസ്ത്രീകളും ഫെമിനിച്ചികളും. ആണധികാരത്തെ ഈ വിഭജനം ഏറെ തൃപ്തിപ്പെടുത്തി. കുലസ്ത്രീകളും ഫെമിനിച്ചികളും കാണുന്നിടത്തും നോക്കുന്നിടത്തും ഏറ്റുമുട്ടിക്കൊണ്ടേയിരുന്നു. പുരുഷൻ്റെ ഒരു രോമത്തിനു പോലും പോറലേറ്റില്ല എന്നതിൽ എന്തദ്ഭുതം.

എന്താണ് കുലസ്ത്രീകളുടെ ലക്ഷണം? സാരി, പൊട്ട്, ആഭരണങ്ങൾ, വിശ്വാസം, പ്രാർഥന, ... അവരെ പുരോഗമനകാരികളായ ചിലർ ‘കുലകൾ’ എന്നു പോലും ഇരട്ടപ്പേരിട്ടു. അപ്പോൾ ആരാണ് മറുപക്ഷം? സാരിവിരുദ്ധർ, അവിശ്വാസിനികൾ, ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചേ പറ്റൂ എന്നു ശഠിക്കുന്നവർ. പരസ്പരമറിയാത്ത സ്ത്രീകളെ പരസ്പരം ഏറ്റുമുട്ടുന്ന ശത്രുചേരികളിലാക്കി എന്നെന്നേക്കുമായി വിഭജിച്ചതിൽ ആണധികാരം പ്രത്യക്ഷമായി വിജയിച്ച ഒരു ചരിത്ര സന്ദർഭമായിരുന്നു ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സംഭവങ്ങൾ.

പരസ്പരമറിയാത്ത സ്ത്രീകളെ പരസ്പരം ഏറ്റുമുട്ടുന്ന ശത്രുചേരികളിലാക്കി എന്നെന്നേക്കുമായി വിഭജിച്ചതിൽ ആണധികാരം പ്രത്യക്ഷമായി വിജയിച്ച ചരിത്ര സന്ദർഭമായിരുന്നു ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സംഭവങ്ങൾ.

ആരാണതു തീരുമാനിച്ചത്? ആരൊക്കെയാണതു നടപ്പിലാക്കിയത്? 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നാമം ജപിച്ച സ്ത്രീകൾക്കും മതിൽ കെട്ടിയ സ്ത്രീകൾക്കും എന്തുസംഭവിച്ചു? പിന്നീടൊരു സ്ത്രീയും ശബരിമലയിൽ കയറേണ്ട എന്നു നാമം ജപിച്ചില്ല; കയറണമെന്നു മതിലും കെട്ടിയില്ല. ആരും അവരോടു പിന്നെന്തു വേണമെന്ന് അന്വേഷിച്ചതായി അറിവില്ല. പിന്നീടൊരു സ്ത്രീയും ശബരിമലയിൽ കയറിയില്ല; ആരും കയറ്റിയുമില്ല. എത്ര വലിയ തെരഞ്ഞെടുപ്പുകളിയാണ് തങ്ങളെ വെച്ച് ആണുങ്ങൾ കളിച്ചതെന്ന് കുലസ്ത്രീകൾക്കിടയിലോ ഫെമിനിച്ചികൾക്കിടയിലോ പിന്നീടു ചർച്ചകൾ പോലും നടന്നില്ലെന്നതാണ് അദ്ഭുതം.

ജനാധിപത്യ രാഷ്ട്രീയത്തിനു പകരം മതരാഷ്ട്രീയം ആധിപത്യം സ്ഥാപിച്ചു തുടങ്ങിയ ഈ ഘട്ടമാണ് ഇന്ത്യയെ പൂർണമായും ഒരു പുരുഷാധികാര രാഷ്ട്രമാക്കി മാറ്റുന്നത്.

പ്രകടവും പ്രത്യക്ഷവുമായി നടന്ന ദൃശ്യാനുഭവമാണ് മേൽക്കൊടുത്തതെങ്കിൽ പരോക്ഷമായി സ്ത്രീകൾക്കെതിരെ ഒട്ടേറെ അടിയൊഴുക്കുകൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കഴിഞ്ഞ കാൽനൂറ്റാണ്ടായി വിദ്യാർഥികൾക്കും ചെറുപ്പക്കാർക്കുമിടയിൽ നടന്ന അരാഷ്ട്രീയവത്കരണമാണ്. പ്രപുൽ ജയകാർ ഇന്ദിരാഗാന്ധിയുമായി നടത്തിയ ദീർഘമായ അഭിമുഖത്തിൽ അവരുടെ ബാല്യകൗമാര യൗവന ദശകളെപ്പറ്റി ചോദിക്കുന്നുണ്ട്. അച്ഛൻ വഴിക്കുള്ള രാഷ്ട്രീയബന്ധങ്ങൾ, മുത്തശ്ശിയിലൂടെയുള്ള ഗാർഹിക, സാമൂഹിക അറിവുകൾ എന്നിവ ഇന്ദിരാഗാന്ധിയെന്ന രാഷ്ട്രീയ നേത്രിയെ, പ്രധാനമന്ത്രിയെ എങ്ങനെ നിർഭയയും കർമോസുകയുമായി വാർത്തെടുത്തുവെന്നതു വ്യക്തമാക്കുന്നുണ്ട്. ഏകാധിപത്യത്തിൻ്റെയും അടിയന്തരാവസ്ഥയുടെയും പേരിൽ ഇപ്പോഴും വിമർശിക്കപ്പെടുന്നവളും / വിമർശിക്കപ്പെടേണ്ടവളുമാണ് ഇന്ദിരാഗാന്ധിയെങ്കിലും തെരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെട്ട അവരുടെ ഇച്ഛാശക്തിയും കാര്യപ്രാപ്തിയും വരവു വെക്കപ്പെടേണ്ടതുണ്ട്. ഏതാണ്ട് അതേകാലത്ത് അത്രയും ഊക്കോടെ ഉദിച്ചുവരികയും പിടിച്ചു നില്ക്കുകയും ചെയ്ത ജനനേതാവായിരുന്നു കെ. ആർ. ഗൗരിയമ്മ. ഇന്ദിരാഗാന്ധിയിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകളും കർമ പരിപാടികളുമായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ മരണം വരെ ഉറച്ചു നിന്ന പോരാളിയായിരുന്നു ഗൗരിയമ്മ. അക്കാലത്ത് ഇന്ത്യയിലൊട്ടാകെ ഉയർന്നുവന്ന വനിതാ നേതാക്കളുണ്ട്.

രാഷ്ട്രീയ നിലപാടുകളും കർമ പരിപാടികളുമായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ മരണം വരെ ഉറച്ചു നിന്ന പോരാളിയായിരുന്നു കെ.ആർ. ഗൗരിയമ്മ

ഇവർ എവിടെ നിന്നു വന്നവരാണ് എന്നന്വേഷിക്കുമ്പോൾ രാഷ്ട്രീയമായ പൊതു ഉൽപം കാണാം- ഇന്ത്യൻ സ്വാതന്ത്ര്യ സമരവും നവോത്ഥാന മുന്നേറ്റങ്ങളുമാണത്. മാനവിക സാമൂഹികതയുടെയും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൻ്റെയും താൻപോരിമയുടെയും അംശങ്ങൾ ഇവരിൽ കലർന്നിരുന്നു. തുടർന്നു വന്ന ആധുനികതയിൽ സ്ത്രീകളിൽനിന്ന് ഈ രാഷ്ട്രീയ ഊർജം ചോർന്നുപോയതായി കാണാം. ക്രമേണ ആകാശം മുട്ടുന്ന പുരുഷരൂപങ്ങളും പേരിനു മാത്രം സ്ത്രീകളും എന്നതായി പൊതു മട്ട്. ആധുനികാനന്തര ഘട്ടത്തിലെ സ്ത്രീവാദ സിദ്ധാന്തങ്ങളും മുന്നേറ്റങ്ങളും പുതിയൊരുണർവ് സ്ത്രീകളിൽ ഉണ്ടാക്കിയെങ്കിലും അവരുമായി ബന്ധപ്പെട്ട അധികാര ലോകങ്ങൾ പലതായി ചിതറിപ്പോയിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് 1992-ലെ ബാബറിപ്പള്ളി തകർക്കൽ ഇവിടത്തെ ജനതയിൽ മറ്റൊരു തരം ധ്രുവീകരണം സൃഷ്ടിച്ചു. അപ്പോൾ ശക്തമായ നാമജപം തന്നെയാണ് മറ്റൊരു പ്രകൃതത്തിൽ, ശബരിമല സ്ത്രീപ്രവേശ സംഘർഷത്തിലേതുപോലെ ഉയർന്നുവന്നത്. സ്വാതന്ത്ര്യാനന്തരം 1992 വരെയുള്ള ഇന്ത്യയായിരുന്നില്ല 1992 നു ശേഷമുള്ള ഇന്ത്യയെന്നു വ്യക്തം. അതിൻ്റെ കാര്യകാരണങ്ങൾ എന്തായാലും ഇന്ത്യയെന്ന രാഷ്ട്രത്തിൽ അഗാധമായ മുറിവുകളാണ് ആ സംഭവം ഉണ്ടാക്കിയത്.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നാമം ജപിച്ച സ്ത്രീകൾക്കും മതിൽ കെട്ടിയ സ്ത്രീകൾക്കും എന്തു സംഭവിച്ചു?

ജനാധിപത്യ രാഷ്ട്രീയത്തിനു പകരം മതരാഷ്ട്രീയം ആധിപത്യം സ്ഥാപിച്ചു തുടങ്ങിയ ഈ ഘട്ടമാണ് ഇന്ത്യയെ പൂർണമായും ഒരു പുരുഷാധികാര രാഷ്ട്രമാക്കി മാറ്റുന്നത്. ചരിത്രവും രാഷ്ട്രീയവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അതായത്, സ്ത്രീയുടെ രാഷ്ട്രീയ ദൃശ്യതയെന്നത് ചരിത്ര പരമായിക്കൂടി ഉരുത്തിരിഞ്ഞുവരുന്നതാണ്.

നിയമസഭ - ലോക്സഭകളിലെ സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കുന്ന സ്ത്രീസംവരണ ബിൽ പലതവണ പരാജയപ്പെടുകയായിരുന്നു. വ്യക്തിപരമായ ഒരെഴുത്തിൻ്റെ ചരിത്രം ഇവിടെ പറയേണ്ടിയിരിക്കുന്നു.

വിമോചനത്തിൻ്റെ സ്വയംനിർണയാവകാശം ഏറ്റെടുത്ത സ്ത്രീകളെ ഒന്നടങ്കം പിൻതള്ളി പരിഷ്കരണത്തിൻ്റെ കാലഹരണപ്പെട്ട മൂല്യങ്ങൾ ഒരു കൂട്ടം പുരുഷന്മർ ഉന്നയിച്ചതിൻ്റെ ദുരന്തഫലമായിരുന്നു ഇക്കാലത്തും ‘കുലസ്ത്രീസങ്കല്പ’ രൂപീകരണവും വനിതാമതിലും.

1998-ലാണ് ‘വനിതാ സംവരണം: ഒരു നൈതിക പ്രശ്നം’ എന്ന ലേഖനം ഞാനെഴുതുന്നത്. ഒരേ സമയം നിരാശയും പ്രതീക്ഷയും നിറഞ്ഞ എഴുത്തായിരുന്നു അത്. ബില്ല് പാസ്സാകാത്ത നിരാശയും എന്നെങ്കിലും അതു വരുമല്ലോ എന്ന പ്രതീക്ഷയും. ‘പ്രാതിനിധ്യത്തിൻ്റെ പുറമ്പോക്കു പ്രശ്നങ്ങൾ’ എന്ന പ്രതികരണം 2006-ലാണ് വന്നത്. 1998- ൽ ത്തന്നെ ഏതു സ്ത്രീക്കാണ് സംവരണം എന്ന പ്രശ്നം ഉന്നയിക്കപ്പെട്ടു. പുരുഷന്മാർക്കിടയിൽ നിലവിലില്ലാതിരുന്ന സംവരണം സ്ത്രീകളുടെ കാര്യം ചർച്ചക്കു വരുമ്പോൾത്തന്നെ അതീവ ജാഗ്രതയോടെ ഉന്നയിക്കപ്പെട്ടു എന്നതാണ് രസകരം. സ്ത്രീസംവരണ ബില്ല് തുടരെത്തുടരെ തള്ളപ്പെട്ടതോടെ, അതിനോടുള്ള എൻ്റെ പ്രതികരണങ്ങളെ ഞാൻ പിൻവലിച്ചു. കാരണം ഏതധികാരിയാണ് സ്വന്തം അധികാരം വിട്ടുതരിക? നവോത്ഥാനകാലത്ത് അരങ്ങത്തേക്ക് നയിക്കപ്പെട്ട സ്ത്രീകൾ തന്നെ അടുക്കളയും കൈകാര്യം ചെയ്യേണ്ടിവന്നതിലെ വൈരുധ്യം ഒരിക്കൽപ്പോലും ചർച്ച ചെയ്യപ്പെടുകയുണ്ടായില്ല. ശബരിമല സ്ത്രീപ്രവേശചർച്ചകളിലേക്ക് നവോത്ഥാന പരിഷ്കരണവാദങ്ങൾ ബോധപൂർവം കടത്തിവിട്ട ഇടതുപക്ഷപുരോഗമന ബുദ്ധിജീവിതം അവകാശപ്പെട്ടവർ സർവ്വരും പുരുഷന്മാരായിരുന്നു. വിമോചനപരമായ ആശയങ്ങളാൽ നയിക്കപ്പെടാൻ തുടങ്ങിയ ആധുനികാനന്തര സ്ത്രീസമൂഹത്തെ ഒന്നടങ്കം ആധുനിക പരിഷ്കരണ ചർച്ചകളിലേക്കു പിൻതള്ളി അതിൽത്തന്നെ തളച്ചിടാൻ ഈ പുരുഷാധികാരികൾ വ്യഗ്രത പൂണ്ടു. അവരുടെ ബോധാബോധങ്ങളെ പിൻതള്ളി മുമ്പോട്ടു പോകുന്നതിൽ നിന്ന് സ്ത്രീകൾ തടയപ്പെട്ടു എന്നതാണ് ഫലത്തിൽ സംഭവിച്ചത്. വിമോചനത്തിൻ്റെ സ്വയംനിർണയാവകാശം ഏറ്റെടുത്ത സ്ത്രീകളെ ഒന്നടങ്കം പിൻതള്ളി പരിഷ്കരണത്തിൻ്റെ കാലഹരണപ്പെട്ട മൂല്യങ്ങൾ ഒരു കൂട്ടം പുരുഷന്മർ ഉന്നയിച്ചതിൻ്റെ ദുരന്തഫലമായിരുന്നു ഇക്കാലത്തും ‘കുലസ്ത്രീസങ്കല്പ’ രൂപീകരണവും വനിതാമതിലും. അതോടെ കൂടുതൽ ശക്തിയാർജിച്ച പുരുഷസ്വരൂപ പ്രതിനിധാനങ്ങൾ നാട്ടിലെ മുക്കിലും മൂലയിലും പൂർവാധികം നിറഞ്ഞുകവിഞ്ഞു.

സ്ത്രീയുടെ രാഷ്ട്രീയ ദൃശ്യതയെന്നത് ചരിത്രപരമായിക്കൂടി ഉരുത്തിരിഞ്ഞുവരുന്നതാണ്.

ജിന്നയോ സവർക്കറോ ഗോദ്സേ പോലുമോ വിശ്വാസികളായിരുന്നില്ലെന്നു നമുക്കറിയാം. എന്നിട്ടും ലോകത്തിലാദ്യമായി മതത്തിൻ്റെ പേരിൽ വിഭജിക്കപ്പെട്ട രാഷ്ട്രമായി ഇന്ത്യ അറിയപ്പെട്ടു. അപ്പോൾ മതവും വിശ്വാസവും രണ്ടാണോ? വിശ്വാസിനികളായ സ്ത്രീകൾക്ക് രണ്ടു ദൈവ പുരുഷന്മാർ നല്കപ്പെട്ടു- രാമനും അയ്യപ്പനും. എന്നാൽ ലോക്സഭയിലോ നിയമസഭയിലോ മാത്രമല്ല, അമ്പലകമ്മിറ്റികളിലും ഉത്സവ കമ്മിറ്റികളിലും ദേവസ്വം ബോർഡിലും സ്ത്രീകളെത്രയുണ്ട്? കേരളത്തിൽ മാളു ഹജ്ജുമ്മക്കു ശേഷം എത്ര സ്ത്രീകൾ പള്ളിക്കമ്മിറ്റികളിൽ ഉണ്ടായിട്ടുണ്ട്? ക്രിസ്തുമത മുൾപ്പടെയുള്ള മറ്റു മത- ജാതി വിഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അതായത് രാഷ്ട്രമെന്ന പോലെ മതവും സ്ത്രീകളെ പ്രയോജനപ്പെടുത്തിയത് അതിനകത്തെ പുരുഷൻ്റെ അധികാരത്തെ നിലനിർത്താൻ മാത്രമാണ്.

കേരളത്തിലെ സ്ത്രീ പ്രാതിനിധ്യ പ്രസ്ഥാനം 'പെൺ മെമ്മോറിയൽ' സമർപ്പിക്കുന്നത് വനിതാ സംവരണ ബിൽ പാസായ ശേഷമാണ്. അതിനുശേഷം വന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിപ്പട്ടിക പരിശോധിച്ചാൽ ഇക്കാര്യത്തിൽ ഇവിടെ നിലവിലുള്ള രാഷ്ട്രീയ പാർട്ടികളുടെ നിലപാടു വ്യക്തമാണ്.

സ്ത്രീസംവരണ ബില്ല് പാസ്സായ ഒരവസ്ഥ ഇന്നുണ്ട്. എന്നാൽ 2029- ലെ ലോകസഭാ തെരഞ്ഞെടുപ്പു മുതലാണ് പോലും അതു പ്രാബല്യത്തിൽ വരിക. മറ്റു ബില്ലുകൾക്കൊന്നുമില്ലാത്ത ഈ കാലതാമസം സ്ത്രീസംവരണ ബില്ലിനു മാത്രമുണ്ടാകുന്നത് യാദൃച്ഛികമായി കാണാനാവില്ല. കേരളത്തിലെ സ്ത്രീ പ്രാതിനിധ്യ പ്രസ്ഥാനം 'പെൺ മെമ്മോറിയൽ' സമർപ്പിക്കുന്നത് ബില്ലു പാസായ ശേഷമാണ്. അതിനുശേഷം വന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിപ്പട്ടിക പരിശോധിച്ചാൽ ഇക്കാര്യത്തിൽ ഇവിടെ നിലവിലുള്ള രാഷ്ട്രീയ പാർട്ടികളുടെ നിലപാടു വ്യക്തമാണ്. ‘എൻ്റെ തല, എൻ്റെ ഫുൾഫിഗർ’ ( ഉദയനാണ് താരം) എന്ന മട്ടിൽ കലണ്ടറുകളിലും പത്രങ്ങളിലും റോഡിലും ബസിലും തീവണ്ടികളിലും ഗ്യാസ് സിലിണ്ടറിനടുത്തും എന്തിന് റേഷൻ കടകളിൽപ്പോലും പുരുഷന്മാരുടെ ചിത്രങ്ങൾ നിറം പിടിച്ചുനിൽക്കുന്നു. ഇവരൊക്കെ ഏതു രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരായാലും ജനാധിപത്യ ബോധത്തിൽ നിന്ന് മതാധിപത്യബോധത്തിലേക്ക് മുതലാളിത്ത പൊതുബോധം പരിവർത്തിക്കപ്പെട്ടതിൻ്റെ കൂടി സാക്ഷ്യങ്ങളാണ് മേല്പറഞ്ഞ പുരുഷാകാര ചിത്രങ്ങൾ. എടുത്തു പറയേണ്ടിവരുന്നു, മതമെന്നതിന് വിശ്വാസം എന്നർഥമേയില്ല. വിശ്വാസിനികളുടെ സമൂഹവും ഈ അധികാരപരിധിയിൽനിന്ന് പുറംതള്ളപ്പെട്ടു. അതായത് ‘കുലസ്ത്രീകളും’ ‘ഫെമിനിച്ചി’കളും ഒരുപോലെ പുറത്തായിപ്പോകുന്ന മത രാഷ്ട്രത്തിൻ്റെ അതിരുകളെയാണ് ഈ പുരുഷാകാരങ്ങൾ ഭദ്രമാക്കുന്നത്.


ഗീത

സ്​ത്രീപക്ഷ പ്രവർത്തക, ആക്​റ്റിവിസ്​റ്റ്​. സാഹിത്യം, സിനിമ, സംസ്​കാര പഠനം എന്നിവയിൽ വിമർശനാത്​മക ഇടപെടൽ. വിവിധ കോളേജുകളിൽ മലയാളം അധ്യാപികയായിരുന്നു. കണ്ണാടികൾ ഉടയ്​ക്കുന്നതെന്തിന്​, എഴുത്തമ്മമാർ, മലയാളത്തിന്റെ​​​​​​​ വെള്ളിത്തിര, കളിയമ്മമാർ, പെൺകാലങ്ങൾ, ഗീതയുടെ സമ്പൂർണ കഥകൾ, അമ്മക്കല്ല്​ (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments