ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

സുപ്രീംകോടതി എന്തു പറയും? കെജ്രിവാൾ കാത്തിരിക്കുന്നു, പ്രതിപക്ഷവും

ഇ.ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി തള്ളിയ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതി എടുക്കുന്ന നിലപാട് നിർണായകമായിരിക്കും. അത് കെജ്‌രിവാളിന്റെയും ഇന്ത്യ മുന്നണിയുടെയും മാത്രമല്ല, ഡൽഹി സർക്കാറിന്റെ തന്നെ നിലനിൽപ്പിനെ ബാധിക്കുന്ന ഒന്നായി മാറിയേക്കാം.

Election Desk

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും ഡൽഹി രാഷ്ട്രീയ സംഘർഷങ്ങളുടെ ഉച്ചസ്ഥായിയിലാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും ജയിൽവാസവും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്താനുള്ള ബി.​ജെ.പി നീക്കം​ ദ്രുതഗതിയിലാണ്. അതിനായി, ഡൽഹിയിൽ ഭരണപ്രതിസന്ധിയു​ണ്ടെന്ന് വരുത്തിത്തീർക്കാനുള്ള കൊടുപിടിച്ച ശ്രമമാണ് നടക്കുന്നത്.
തൊഴിൽ- പിന്നാക്കക്ഷേമ വകുപ്പുമന്ത്രി രാജ്കുമാർ ആനന്ദിന്റെ രാജി ഇത്തരം നീക്കങ്ങളുടെ ഭാഗമാണ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി രാജ്കുമാറിന് നോട്ടീസ് നൽകിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ രാജ്കുമാർ ആനന്ദിന്റെ വീട്ടിൽ കഴിഞ്ഞവർഷം നവംബറിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഈ സമ്മർദത്തിലാണ് രാജി എന്നാണ് ആപ് വിശദീകരിക്കുന്നത്. ഡൽഹി സർക്കാറിനെ ദുർബലമാക്കാനുള്ള ബി.ജെ.പി സമ്മർദതന്ത്രമാണ് രാജിയിൽ കലാശിച്ചതെന്ന് സൂചനയുണ്ട്.

മറ്റൊരു നീക്കത്തിൽ, നിയമവിരുദ്ധ നിയമനമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിനെ നീക്കി. മദ്യനയക്കേസില്‍ ബിഭവിനെ തിങ്കളാഴ്ച ഇ.ഡി ചോദ്യം ചെയ്യാനിരിക്കേയാണ് നടപടി. കേന്ദ്ര സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് ബിഭവിനെ നിയമിച്ചതെന്ന് വിജിലന്‍സ് സ്‌പെഷല്‍ സെക്രട്ടറി രാജശേഖര്‍ പറഞ്ഞു.

ഡൽഹി സർക്കാറിൽ ഭരണപ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീർത്ത്, ലഫ്. ഗവർണറുടെ റിപ്പോർട്ട് വാങ്ങിയെടുത്താൽ രാഷ്ട്രപതി ഭരണം സാധ്യമാകും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച സുപ്രീംകോടതി എടുക്കുന്ന തീരുമാനം ഇതോടെ ഏറെ നിർണാകയമായി.

ഇ.ഡി അറസ്റ്റു ചെയ്ത് തീഹാർ ജയിലിൽ തുടരുന്ന കെജ്രിവാളിന്, ആം ആദ്മി പാർട്ടി കൺവീനർ എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും മദ്യനയരൂപീകരണത്തിലും കോഴ ചോദിക്കുന്നതിലും ഗൂഢാലോചനയിലും പങ്കുണ്ട് എന്നതിനുള്ള തെളിവുകൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട് എന്ന ഡൽഹി ഹൈകോടതി നിരീക്ഷണം ബി.ജെ.പിക്ക് കിട്ടിയ മറ്റൊരു പിടിവള്ളിയാണ്. അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി പരാമർശം.

'ജയിൽ കാ ജവാബ് വോട്ട് സേ' - ജയിലിന് മറുപടി വോട്ടിലൂടെ എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടിയാണ് ആപ്പിന്റെ പ്രചാരണം

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തെ ഇ.ഡി അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്രസർക്കാരും ബി.ജെ.പിയും പകപോക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു എന്നുമായിരുന്നു ആപിന്റെയും കെജ്രിവാളിന്റെയും ആരോപണം. സിറ്റിംഗ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്നും കെജ്രിവാൾ ആരോപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയാണെന്ന കാരണം കൊണ്ടുമാത്രം ഒരാളെ അറസ്റ്റ് ചെയ്യാതിരിക്കാൻ കഴിയില്ലെന്ന ഇ.ഡി വാദത്തെ കോടതി ശരിവെക്കുകയാണ് ചെയ്തത്‌.

ഹൈകോടതി വിധിക്കെതിരെ കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ചു. ഇനി, അവധികൾക്കുശേഷം തിങ്കളാഴ്ചയാണ് ഹർജി പരിഗണിക്കുക. കെജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് സിങ്‌വി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട്, ഹർജി അടിയന്തരമായി വാദം കേൾക്കണമെന്ന് അഭ്യർഥിച്ചിരുന്നു. വിശ്വാസ്യതയില്ലാത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും അവ തങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലെന്നും അഭിഷേക് സിങ്‍വിയുടെ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം മെയിൽ ചെയ്യാനായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിർദേശം.

തുടർച്ചയായ കോടതി നടപടികളിലൂടെ കെജ്‌രിവാറിനെ ഇലക്ഷൻ കഴിയുന്നതുവരെ ജയിലിടാനുള്ള നീക്കത്തിലാണ് ഇ.ഡി. ഈ സാഹചര്യം മുതലെടുത്ത്, കെജ്രിവാൾ രാജി വക്കണമെന്നും ഡൽഹി സർക്കാറിനെ പിരിച്ചുവിടണമെന്നുമുള്ള ആവശ്യം ബി.ജെ.പി ശക്തമാക്കുകയാണ്.

മദ്യനയരൂപീകരണത്തിലും കോഴ ചോദിക്കുന്നതിലും ഗൂഢാലോചനയിലും കെജ്രവാളിന് പങ്കുണ്ട് എന്നതിനുള്ള തെളിവുകൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട് എന്ന ഡൽഹി ഹൈകോടതി നിരീക്ഷണം ബി.ജെ.പിക്ക് കിട്ടിയ പിടിവള്ളിയാണ്

കെജ്രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണ് എന്ന് ബോധ്യപ്പെടുത്തുന്നതിൽ ഇതുവരെയുള്ള പ്രതിപക്ഷനീക്കം വിജയിച്ചിട്ടുണ്ട്. ജയിലിൽനിന്ന് ഭരണം നടത്തേണ്ടിവരുന്ന, ഉറച്ച പ്രതിപക്ഷ സ്വരമുള്ള മുഖ്യമന്ത്രി എന്ന ഇമേജ് നിർമ്മിച്ചെടുക്കാൻ ആപിനും കെജ്രിവാളിനും കഴിഞ്ഞിട്ടുണ്ട്. ജയിലിലായിരിക്കുമ്പോഴും ഡൽഹിയിലെ ജനങ്ങളുടെ ക്ഷേമത്തിൽ ബദ്ധശ്രദ്ധനായ മുഖ്യമന്ത്രി എന്ന പ്രതിച്ഛായയാണിപ്പോൾ കെജ്രിവാളിനുള്ളത്.

എന്നാൽ ഹൈകോടതി വിധിക്കുശേഷവും രാഷ്ട്രീയപ്രേരിത അറസ്റ്റ് എന്ന പ്രചാരണം മുന്നോട്ട് കൊണ്ടുപോകാൻ ആപിന് കഴിയുമെങ്കിലും ബി.ജെ.പി ഇതേ കോടതിവിധിയെ തന്നെ ആപിനെതിരായ ആയുധമാക്കും എന്നുറപ്പ്. കോടതിവിധിയെ ആർക്കാണ് ചോദ്യം ചെയ്യാൻ കഴിയുക എന്നതാവും ബി.ജെ.പിയുടെ പ്രചാരണത്തിൽ ഇനിയുള്ള ചോദ്യങ്ങൾ. വിധി ചോദ്യം ചെയ്യുന്നവർ എന്നത്തേയുംപോലെ ദേശദ്രോഹികളും രാജ്യവിരുദ്ധരുമാവുകയും ചെയ്യും. അതായിത് ഡൽഹി ഹൈക്കോടതിയുടെ വിധി, പ്രചാരണത്തിൽ ബി.ജെ.പിക്ക് മുൻതൂക്കം കൊടുക്കാൻ മാത്രം ശേഷിയുള്ള ഒന്നാണ്.

കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്ന ആപ് പ്രവർത്തകർ

അതിനിടെ ആം ആദ്മി പാർട്ടി നേതാവും ഡൽഹിയിലെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുമായ രാജ് കുമാർ ആനന്ദ് രാജിവെച്ചത് പാർട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്. പാർട്ടി അഴിമതിയിൽ മുങ്ങിയെന്നും ദളിത് വിരുദ്ധത പാർട്ടി മുഖമായെന്നുമുള്ള രാജ് കുമാർ ആനന്ദിന്റെ പ്രതികരണവും ആപിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അധികാരത്തിൽ തുടരാൻ ധാർമികതയില്ലെന്നും രാജ്കുമാർ പറഞ്ഞു. ആപിന്റെ അന്ത്യം എന്നാണ് വിഷയത്തിൽ ബി.ജെ.പി പ്രതികരിച്ചത്. സർക്കാരിനെ തകർക്കാനുള്ള ബി.ജെ.പി ശ്രമം എന്ന് ആപ് നേതാവ് സഞ്ജയ് സിംഗ് പ്രതികരിച്ചെങ്കിലും ബി.ജെപിക്കെതിരെയുള്ള സ്ഥിരം ആക്ഷേപം എന്നതിൽ കവിഞ്ഞ ആ പ്രതികരണത്തിന് ഒന്നും ചെയ്യാനുമില്ല.

മദ്യനയക്കേസിൽ ജയിലിലായിരുന്ന സഞ്ജയ് സിംഗ് ഈ മാസമാദ്യം ജയിൽ മോചിതനായത് ആപിന്റെ പ്രചാരണ പരിപാടികളുടെ മൈലേജ് വർദ്ധിപ്പിച്ചിട്ടുണ്ട്. എ.സി ക്ലാസ് മുറികളിലിരുന്ന് പഠിക്കുന്ന നിങ്ങളുടെ കുട്ടികളുടെ ക്ഷീണമേശാത്ത മുഖം, ഒരു കുറ്റവും ചെയ്യാതെ ജയിലിൽ കിടക്കുന്ന കെജ്രിവാളിന്റെ മുഖം, സർക്കാർ സംഘടിപ്പിച്ച തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നിങ്ങളുടെ മാതാപിതാക്കളുടെ മുഖം, വൈദ്യുതി ബില്ലിലെ പൂജ്യം എന്ന അക്കം - പോളിംഗ് ബൂത്തിലേക്ക് പുറപ്പെടും മുമ്പ് നിങ്ങളുടെ ഓർമയിൽ ഇതെല്ലാം വരണം എന്ന സഞ്ജയ് സിഗിംന്റെ വാക്കുകൾ ആപ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം വീടുകൾ കയറിയുള്ള പ്രചാരണവും തുടങ്ങിയതോടെ 'ജയിൽ കാ ജവാബ് വോട്ട് സേ' - ജയിലിന് മറുപടി വോട്ടിലൂടെ എന്ന മുദ്രാവാക്യം പ്രധാനമായും ഉയർത്തിക്കാട്ടി പ്രചാരണം മുന്നോട്ട കൊണ്ടുപോകാനും സഞ്ജയ് സിംഗ് ആഹ്വാനം ചെയ്തിരുന്നു.

'പാർട്ടി നേതാക്കളെ ജയിലിലടച്ചതിന് മറ്റൊരു തരത്തിലും മറുപടി നൽകേണ്ടതില്ല. ഏകാധിപത്യത്തെ വോട്ട് ചെയ്ത് പരാജയപ്പെടുത്തുകയാണ് ജനാധിപത്യത്തിന്റെ രീതി' എന്നാണ് ആപ് ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പാഠക് കഴിഞ്ഞ ദിവസം പറഞ്ഞത്.

എ.സി ക്ലാസ് മുറികളിലിരുന്ന് പഠിക്കുന്ന നിങ്ങളുടെ കുട്ടികളുടെ ക്ഷീണമേശാത്ത മുഖം, ഒരു കുറ്റവും ചെയ്യാതെ ജയിലിൽ കിടക്കുന്ന കെജ്രിവാളിന്റെ മുഖം, സർക്കാർ സംഘടിപ്പിച്ച തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നിങ്ങളുടെ മാതാപിതാക്കളുടെ മുഖം, വൈദ്യുതി ബില്ലിലെ പൂജ്യം എന്ന അക്കം എന്ന സഞ്ജയ് സിഗിംന്റെ വാക്കുകൾ ആപ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു

അതേസമയം, വലിയ രാഷ്ട്രീയ പ്രധാന്യമുള്ള, ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കാൻ പോന്ന ഡൽഹിയിൽ എന്തുവിലകൊടുത്തും ജയിക്കുക എന്ന നയമാണ് ബി.ജെ.പി പിന്തുടരുന്നത്. കേന്ദ്ര സർക്കാരിന്റെ അധികാര കേന്ദ്രങ്ങൾക്ക് തൊട്ടുതാഴെയുള്ള ഡൽഹിയിൽ ചുവടുകൾ പെട്ടന്ന് നീക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും ബി.ജെപിക്കുണ്ട്. മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മകൾ ബാംസുരി സ്വരാജ്, മുൻ എം.പിയും ഗായകനും നടനുമായ മനോജ് തിവാരി തുടങ്ങിയ സ്ഥാനാർത്ഥികളുടെ സെലിബ്രറ്റി സ്റ്റാറ്റസ് ഗുണം ചെയ്യുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ആപിനെ പ്രതിരോധത്തിലാക്കാൻ ഈ സെലിബ്രിറ്റി പദവികൊണ്ട് മാത്രം കഴിയുമോ എന്നും ബി.ജെ.പി സംശയിക്കുന്നുണ്ട്.

ബിരേന്ദർ സിംഗ്

ഉത്തരേന്ത്യൻ ബെൽറ്റിൽ പെട്ട മറ്റ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കളികളും ഡൽഹി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വലിയ ഘടകമാണ്, പ്രത്യേകിച്ച് തൊട്ടടുത്തുള്ള ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ രാഷ്ട്രീയം. ഹരിയാനിലെ മുൻ ബി.ജെ.പി നേതാവും കഴിഞ്ഞ മോദി സർക്കാരിൽ മന്ത്രിയുമായിരുന്ന ബിരേന്ദർ സിംഗ് കോൺഗ്രസിലേക്ക് മാറിയത് ബി.ജെ.പിക്ക് തിരിച്ചടിയാണ്. ഭാര്യയും മുൻ എം.എൽ.എയുമായിരുന്ന പ്രേംലത, മകൻ ബ്രിജേന്ദ്ര സിംഗ് എന്നിവരും കോൺഗ്രസിലേക്ക് മാറി. ജിൻഡ് ജില്ലയിൽ ശക്തമായ സ്വാധീനമുള്ള ബിരേന്ദർ സിംഗിന്റെ കോൺഗ്രസിലേക്കുള്ള മാറ്റം ബി.ജെപിക്കും കോൺഗ്രസിനും ഡൽഹി ഭരിക്കുന്ന ആപിനും ദേശീയ വിഷയമാണ്. റിസൾട്ടിനെ സ്വാധീനിക്കാൻ മാത്രം പ്രസക്തമായത്. കൂറുമാറ്റം ആരോപിച്ച് പലപ്പോഴും കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന ബി.ജെ.പിക്ക് തിരിച്ചടി കൊടുക്കാൻ ആപിനും കോൺഗ്രസിനും കിട്ടിയ അവസരമാണ് ബിരേന്ദർ സിംഗിന്റെ കോൺഗ്രസിലേക്കുളള മാറ്റം.

Comments