ഇപ്പോൾ സോറൻ, ഇനി കെജ്രിവാൾ, തുടരും ഇ.ഡിയുടെ ഇലക്ഷൻ വേട്ട

കേന്ദ്ര ഏജൻസികളെ മുൻ നിർത്തി പ്രതിപക്ഷ പാർട്ടികളെയും ഇന്ത്യ മുന്നണിയിലെ നേതാക്കളെയും കുടുക്കിലാക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാവുകയാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇ.ഡി അഞ്ചാമതും സമൻസ് നൽകിയിരിക്കുകയാണ്. തെരഞ്ഞെടുപ്പുവരെ ഇത്തരം ഇ.ഡി വേട്ടകൾ തുടരാനാണ് സാധ്യത.

'ജീവിതം പോരാട്ടമാണ്
ഞാൻ ഓരോ നിമിഷവും പോരാടുകയായിരുന്നു
ആ പോരാട്ടങ്ങൾ ഇനിയും തുടരുകയും ചെയ്യും
എന്നാൽ വിട്ടുവീഴ്ചകൾക്കായി ഞാൻ ഒരിക്കലും യാചിക്കയുമില്ല'
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ഇ.ഡി അറസ്റ്റിന് തൊട്ടു പിന്നാലെ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ എക്‌സിൽ പങ്കുവെച്ച ഹിന്ദി കവിതയുടെ ആദ്യ വരികളാണിത്. ഹിന്ദി കവി ശിവമംഗൾ സിംഗ് സുമന്റെ വരികൾ.

പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഉറച്ചുകൊണ്ട് ഇത് എക്‌സിൽ പങ്കുവെക്കുമ്പോഴേക്കും ഹേമന്ത് സോറൻ പക്ഷെ അറസ്റ്റു ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. 2020 - 22 കാലയളവിൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതല വഹിക്കവേ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നതും ഉൾപ്പടെ 3 കള്ളപ്പണ കേസുകളാണ് ഇ ഡി ഹേമന്ത് സോറെനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സോറന്റെ അറസ്റ്റിനു തൊട്ടു പിന്നാലെ ബി ജെ പി ജാർഖണ്ഡ് സംസ്ഥാന കമ്മറ്റിയുടെ പ്രതികരണവും എത്തിയിരുന്നു. ‘അഴിമതിക്കെതിരായ ധർമയുദ്ധത്തിൽ വിജയം’ എന്നായിരുന്നു ജാർഖണ്ഡിൽപ്രതിപക്ഷ കക്ഷിയായ ബി ജെ പി യുടെ പ്രതികരണം: ''ഒടുവിൽ നിയമം ഹേമന്തിനെ പിടികൂടി ഇത് ഞങ്ങളുടെ ധർമയുദ്ധലെ വിജയമാണ്. ഈ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് ഇതോടെ അവസാനിക്കുന്നത്'' എന്നായിരുന്നു ബി ജെ പിയുടെ ജാർഖണ്ഡ് വക്താവ് പ്രതുൽ ഷാ ഡിയോ പറഞ്ഞത്.

ജയിലിൽ നിന്നുപോലും ബി ജെ പി യെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ തനിക്ക് കഴിയുമെന്ന് പ്രഖ്യാപിച്ച ഹേമന്ത് സോറന്റെ അറസ്റ്റിനെ പൂർവകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അങ്ങനെ കാണാനേ കഴിയൂ. ബി ജെ പി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന തുറന്ന യുദ്ധം.

‘മഹാരാഷ്ട്രയിലെ നേതാവിനെപ്പോലെ അവർക്ക് എന്നെ അറസ്റ്റ് ചെയ്യാം, പക്ഷേ ശിക്ഷിക്കാൻ കഴിയില്ല’ എന്ന് മഹാരാഷ്ട്രയിലെ പത്ര ചൗൾ പുനർവികസനവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന് ജാമ്യം ലഭിച്ചതുസംബന്ധിച്ച് നടത്തിയ പരാമർശവും ഹേമന്ത് സോറനെ ബി ജെ പിയുടെ കണ്ണിലെ കരടാക്കിയിരുന്നു.
മുൻപും കേന്ദ്ര അന്വേഷണ ഏജൻസികളെ വിമർശിച്ച് രംഗത്തെത്തിയിരുന്നു ഹേമന്ത് സോറൻ.

ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്

കേന്ദ്ര ഏജൻസികളെ മുൻ നിർത്തി പ്രതിപക്ഷ പാർട്ടികളെയും വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ മറ്റ് നേതാക്കളെയും ബി ജെ പിയും മോദി സർക്കാരും കുടുക്കിലാക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാവുകയാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ബി.ജെ.പി പ്രവേശനത്തിനുതൊട്ടുപുറകേയാണ് പ്രതിപക്ഷത്തിനുനേരെയുള്ള ഇ.ഡി വേട്ട ശക്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്.

ഇ.ഡി നടപടിക്ക് വിധേയനാകുന്ന നാലാമത്തെ പ്രമുഖ പ്രതിപക്ഷനേതാവാണ് സോറൻ. നേരത്തെ, ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ നിയമവിരുദ്ധ ഓൺലൈൻ ബെറ്റിംഗ് കേസെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുതൊട്ടുമുമ്പായിരുന്നു ഇ.ഡിയുടെ നടപടി. ഇത് ബി.ജെ.പി പ്രധാന പ്രചാരണ വിഷയമാക്കുകയും ചെയ്തു. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, മകനും ബീഹാറിലെ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവർക്കെതിരെയും 'തൊഴിലിന് ഭൂമി' കുംഭകോണം ആരോപിച്ച് നിയമനടപടിയെടുത്തിരുന്നു.

ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ്

ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇ.ഡി അഞ്ചാമതും സമൻസ് നൽകിയിരിക്കുകയാണ്. ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാണ് നിർദേശം. സമൻസുകൾ നിയമവിരുദ്ധമാണെന്നാരോപിച്ചാണ് നാലു തവണയും കെജ്‌രിവാൾ ഹാജരാകാതിരുന്നത്. ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, സജ്ഞയ് സിങ്, വിജയ് നായർ തുടങ്ങിയവരെയാണ് ഈ കേസിൽ ഇ.ഡി അറസ്റ്റു ചെയ്തിട്ടുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാമ്പയിൻ സമയത്ത് തന്നെ അറസ്റ്റു ചെയ്യാനാണ് കേന്ദ്ര സർക്കാർ നീക്കമെന്നാണ് കെജ്‌രിവാൾ പറയുന്നത്.

‘ഇന്ത്യ’ മുന്നണിയിലെ പ്രധാന കക്ഷികളിൽ ഒന്നായ ജാർഖണ്ഡ് മുക്തി മോർച്ചയുടെ നേതാവുകൂടിയായ ഹേമന്തിന്റെ അറസ്റ്റ് ഇന്ത്യ മുന്നണിയുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നാണ് അറിയേണ്ടത്. സോറന്റെ അറസ്റ്റ് ജാർഖണ്ഡിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ ബി ജെ പി പ്രചാരണ വിഷയമാക്കുമെന്ന് ഉറപ്പ്. ഇപ്പോഴും താളപ്പിഴകൾ നിലനിൽക്കുന്ന 'ഇന്ത്യ'യിൽ ഇനിയും വിള്ളലുകൾ വീഴ്ത്താൻ ബി ജെ പി ഹേമന്ത് സോറന്റെ അറസ്റ്റിനെ ശക്തിയുക്തം ഉപയോഗിക്കും.

സജ്ഞയ് സിങ്, മനീഷ് സിസോദിയ

ഇ.ഡിയുടെ നടപടികളിലേറെയും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. അതിന് തെളിവുകളോ തുടർനടപടികളോ ഉണ്ടാകാറില്ല. മാത്രമല്ല, പ്രതിപക്ഷനേതാക്കളാണ് ഇ.ഡിയുടെ പ്രധാന ലക്ഷ്യം. ബി.ജെ.പിയോട് അനുഭാവമുള്ളവർ എല്ലാ നടപടികളിൽനിന്നും സംരക്ഷിക്കപ്പെട്ടുനിൽക്കുകയും ചെയ്യുന്നു. എങ്കിലും, കേന്ദ്ര ഏജൻസിയുടെ നടപടി മുന്നിൽവച്ച് പ്രതിപക്ഷമാകെ അഴിമതിക്കാരാണ് എന്ന കാമ്പയിൻ നടത്താൻ ബി.ജെ.പിക്ക് കഴിയും.

രാഷ്ട്രീയ ഏകത വീണ്ടെടുത്തുകൊണ്ടിരുന്ന ഇന്ത്യ മുന്നണിയെ കുറഞ്ഞപക്ഷം ജാർഖണ്ഡിലെങ്കിലും തറപറ്റിക്കാൻ മാത്രം ശക്തിയുണ്ട് ഹേമന്ത് സോറന്റെ അറസ്റ്റിന്. വിജയിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ കൂറു മാറാൻ സാധ്യതയുള്ളത്ര നേർത്ത രാഷ്ട്രീയം പേറുന്ന പാർട്ടികളാണ് ഇന്ത്യ മുന്നണിയിലുള്ളത് എന്നതും ബി ജെ പിക്ക് ശക്തിയാവും.

വിജയ് നായർ

ഇന്ത്യ സഖ്യത്തിലെ പാർട്ടികളെയും സഖ്യത്തെ അപ്പാടെയും പ്രതിരോധത്തിലാക്കാൻ ബി ജെ പി ഹേമന്ത് സോറന്‌റെ അറസ്റ്റിനെ ഉപയോഗിക്കുമെന്നുറപ്പ്.
ഇന്ത്യ മുന്നണിയിലെ വിള്ളലുകൾ വലുതാക്കാനും വിഭാഗീയതയ്ക്ക് തിരികൊളുത്താനും അധികാരത്തിലിരുന്ന് ബി ജെ പി ക്ക് എളുപ്പം സാധിക്കുമെന്നതും ഹേമന്ത് സോറന്റെ അറസ്റ്റിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

തമിഴ്‌നാട്, മഹാരാഷ്ട്ര, ബീഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് രണ്ടാം പങ്കാളിയാവുകയും ഇവിടങ്ങളിൽ ബി ജെ പി വിരുദ്ധ സഖ്യങ്ങൾ സ്ഥിരത കൈവരിച്ചതും ഈ സംസ്ഥാനങ്ങളിലെ സീറ്റു വിഭജനമുൾപ്പടെയുള്ള ഘടകങ്ങളെ എളുപ്പമാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ബി ജെ പി വിരുദ്ധത എന്ന ഒറ്റ കാര്യം മാത്രമാണ് ഇന്ത്യാ സഖ്യത്തിലെ കക്ഷികളെ ഒന്നിപ്പിച്ചുനിർത്തുന്ന ഏക ഘടകം എന്നിരിക്കേ ഹേമന്ത് സോറന്റെ അറസ്റ്റ് കുറഞ്ഞപക്ഷം ഝാർഖണ്ഡിലെങ്കിലും ഇന്ത്യ മുന്നണിയുടെ പ്രതീക്ഷകളെ ബാധിച്ചേക്കാം.

Comments