മധ്യപ്രദേശ് - ഇന്ത്യൻ രാഷ്ട്രീയത്തിൽ സവിശേഷമായ സ്ഥാനമുണ്ട് ഈ സംസ്ഥാനത്തിന്. പേര് സൂചിപ്പിക്കും പോലെ ഇന്ത്യയുടെ എറ്റവും നടുവിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം. ഛത്തീസ്ഗഢ് രൂപീകരിക്കുന്നതുവരെ വലിപ്പത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു മധ്യപ്രദേശ്. 55 ജില്ലകളുള്ള, 230 നിയമസഭാ സീറ്റും 29 ലോകസഭാ സീറ്റുമുള്ള സംസ്ഥാനം. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം. ആറ് സീറ്റ് എസ്.ടി, നാലെണ്ണം എസ്.സി സംവരണമാണ്. 2011ലെ സെൻസസ് പ്രകാരം 8.77 കോടിയാണ് ജനസംഖ്യ.
മധ്യപ്രദേശിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോഴും ഇതുപോലെ വലിയ സംഖ്യകളുടെ നിരയാണ് കാണാൻ കഴിയുക. ജയവും തോൽവിയും കുറിക്കുന്ന വലിയ സംഖ്യകൾ. 1951 മുതൽ 1971 വരെ കോൺഗ്രസിനെ ജയിപ്പിച്ചുവിട്ട പാരമ്പര്യമാണ് മധ്യപ്രദേശിനുള്ളത്. 1951-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമ്പോൾ മധ്യപ്രദേശിൽ പേരിനുപോലും ഒരു പ്രതിപക്ഷമുണ്ടായിരുന്നില്ല. പിന്നെയും ആറ് വർഷങ്ങൾക്ക് ശേഷം 1957-ലെ ലോകസഭാ തിരഞ്ഞെടുപ്പിലാണ് ഒരു സീറ്റെങ്കിലും ജയിച്ച് മറ്റൊരു പാർട്ടി കോൺഗ്രസിന് എതിർ നിൽക്കുന്നത്. അന്ന് ആകെ 35 സീറ്റിൽ 34ലും ജയിച്ചത് കോൺഗ്രസാണ്. ഒരു സീറ്റിൽ അഖില ഭാരത ഹിന്ദുമഹാസഭയും.
1962-ലെ തിരഞ്ഞെടുപ്പിലാണ് മധ്യപ്രദേശിൽ കോൺഗ്രസ് ആദ്യമായി അൽപം പിറകോട്ട് പോകുന്നത്. അന്ന് 36-ൽ 24 സീറ്റിലാണ് കോൺഗ്രസിന് വിജയക്കാനായത്. മൂന്നുവീതം സീറ്റുകളിൽ ഭാരതീയ ജനസംഘും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും ജയിച്ചു.
അവിടുന്ന് വോട്ട് നില കുറഞ്ഞുതുടങ്ങിയ കോൺഗ്രസിന് 1977 ആവുമ്പോഴേക്കും മധ്യപ്രദേശിലെയും ഇന്ത്യയിലെ തന്നെയും ഭരണവും നഷ്ടപ്പെട്ടു. അക്കൊല്ലം കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലെത്തിയത് ജനതാ പാർട്ടിയാണ്. കേന്ദ്രത്തിൽ അധികാരത്തിലെത്തുന്ന ആദ്യ കോൺഗ്രസ് ഇതര പാർട്ടി കൂടിയായിരുന്നു ജനതാപാർട്ടി.
മൊറാർജി ദേശായി പ്രധാനമന്ത്രിയായപ്പോൾ മധ്യപ്രദേശിൽ ജനതാ പാർട്ടി നേതാവ് കൈലാഷ് ജോഷി മുഖ്യമന്ത്രിയായി. 1980-ൽ കേന്ദ്രത്തിൽ ഇന്ദിരാ ഗാന്ധിയിലൂടെ വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ മധ്യപ്രദേശിലും ചിത്രം മാറി. ആകെ 320 നിയമസഭാ സീറ്റുകളിൽ 246 ഇടത്തും ജയിച്ച് കോൺഗ്രസ് അധികാരത്തിലേറി. അർജുൻ സിംഗ് മുഖ്യമന്ത്രിയായി. ജനതാ പാർട്ടിക്ക് രണ്ട് സീറ്റിലേക്ക് ചുരുങ്ങേണ്ടി വന്നു. പിന്നെയും കുറേക്കാലത്തേക്ക് മധ്യപ്രദേശിൽ നിന്ന് ജയിച്ച് ലോക്‌സഭയിൽ എത്തുന്നത് കോൺഗ്രസ് സ്ഥാനാർത്ഥികൾ തന്നെയാണ്.
1989-ലാണ് മധ്യപ്രദേശ് രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാകുന്നത്. അന്നുമുതൽ ഏറിയും കുറഞ്ഞും മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ബി.ജെ.പി സാന്നിധ്യമുണ്ട്. 27 സീറ്റാണ് അത്തവണ ബി.ജെ.പി മധ്യപ്രദേശിൽ നേടുന്നത്. പിന്നീടങ്ങോട്ട് എല്ലാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് മധ്യപ്രദേശിൽ വലിയ ചലനമുണ്ടാക്കാനായിട്ടുണ്ട്.
90-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശ് മുഴുവനായും പിടിച്ചെടുക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. 220 സീറ്റിൽ ജയിച്ച് സുന്ദർ ലാൽ പട്വ മുഖ്യമന്ത്രിയായി. 1996 ആവുമ്പോഴേക്കും കേന്ദ്രത്തിലും ബി.ജെ.പി അധികാരത്തിലെത്തിയിരുന്നു. പിന്നീടങ്ങോട്ട് മധ്യപ്രദേശ് ബി.ജെ.പി കോട്ടയായി. 1989 മുതൽ 1999 വരെ ഒരു തവണ മാത്രമാണ് കോൺഗ്രസിന് അധികാരത്തിലെത്താൻ കഴിഞ്ഞത്; 91ൽ. 2000 മുതൽ കോൺഗ്രസ് ചിത്രത്തിലേ ഇല്ല.
2003 നു ശേഷം മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്കാണ് മേൽക്കൈ. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്കായിരുന്നു വിജയം. ആകെ 230 സീറ്റുകളിൽ 163 സീറ്റ് നേടി മോഹൻ യാദവ് മുഖ്യമന്ത്രിയായി. 66 സീറ്റു നേടാനേ കോൺഗ്രസിന് കഴിഞ്ഞുള്ളൂ.
ലോകസഭാ തിരഞ്ഞെടുപ്പിന്റെ എല്ലാ ആവേശവുമുയർത്തുന്ന സെമി ഫൈനലായാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പട്ടത്. മധ്യപ്രദേശിലെ ജയവും തോൽവിയും ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുണ്ടാക്കുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു.
യഥാർത്ഥത്തിൽ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കാൻ മാത്രം സ്വാധീനമുണ്ട് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലത്തിന്. ബി.ജെ.പിയെ നേരിടാൻ വിപുലമായ പദ്ധതികളായിരുന്നു കോൺഗ്രസ് കഴിഞ്ഞ തവണ തയ്യാറാക്കിയത്. മധ്യപ്രദേശിൽ വലിയ തിരിച്ചുവരവായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. എന്നാൽ ആകെ 29 സീറ്റിൽ 28ലും വിജയം ബി.ജെ.പിക്കായിരുന്നു.
മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ, ഛിന്ദ്വാര ലോകസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച നകുൽ നാഥ് മാത്രമാണ് കോൺഗ്രസിനായി വിജയം കൊണ്ടുവന്നത്. 37,536 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു നകുൽ നാഥിന്. മറ്റ് മണ്ഡലങ്ങളിലെല്ലാം ജയിച്ചെന്ന് മാത്രമല്ല നേടിയ വോട്ടുകളുടെ എണ്ണത്തിലും വലിയ വർദ്ധന ഉണ്ടാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. ബി.എസ്.പി, എസ്.പി തുടങ്ങിയ കക്ഷികളും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നെങ്കിലും ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.
'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ മത്സരിക്കുന്നത്. പത്ത് സ്ഥാനാർത്ഥികളെ മാത്രമാണ് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ എല്ലാ മണ്ഡലങ്ങളിലേക്കും ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രചാരണം നേരത്തെ തുടങ്ങാനുമായി. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിനാൽ കോൺഗ്രസിന് പ്രചാരണം തുടങ്ങാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
10 സ്ഥാനാർത്ഥികളെ കൂടി ഉൾപ്പെടുത്തി കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക മല്ലികാർജുൻ ഖാർഗേ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസിനായി വിജയം കൊണ്ടുവന്ന നകുൽനാഥിൽ തന്നെയാണ് ഇത്തവണയും കോൺഗ്രസ് പ്രതീക്ഷ. നകുൽനാഥിനെ തന്നെ പ്രധാനമായും ഉയർത്തിക്കാണിച്ചുകൊണ്ടായിരുന്നു ഖാർഗേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
എന്നാൽ കഴിഞ്ഞ മാസം അവസാനത്തോടെ നകുൽനാഥിന്റെ പിതാവും മുതിർന്ന് കോൺഗ്രസ് നേതാവുമായ കമൽനാഥ് ബി ജെ പിയിലേക്ക് മാറുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പുറത്തുവന്ന വാർത്തകൾ മധ്യപ്രദേശ് കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു.
തന്നെ രാജ്യസഭാംഗമാക്കണമെന്നായിരുന്നു കമൽനാഥിന്റെ ആവശ്യം. രാജ്യസഭാ സീറ്റ് നൽകാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ ബി.ജെ.പിയിൽ ചേരുമെന്നായിരുന്നു അഭ്യൂഹങ്ങൾ. ഒപ്പം, മകനും ചിന്ദ്‌വാഡ എംപിയുമായ നകുൽനാഥ് കോൺഗ്രസിന്റെ രാജ്യസഭാഗം വിവേക് തൻഖ എന്നിവരും ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശേഷം മധ്യപ്രദേശ് കോൺഗ്രസിന്റെ നേതൃപദവികളിൽ നിന്ന് ഹൈക്കമാൻഡ് കമൽനാഥിനെ നീക്കിയിരുന്നു. ഇതായിരിക്കാം കമൽനാഥിനെ ചൊടിപ്പിച്ചത് എന്നായിരുന്നു വിലയിരുത്തലുകൾ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തീവ്രഹിന്ദുത്വയെ എതിർക്കാൻ കമൽനാഥ് പ്രയോഗിച്ചത് കോൺഗ്രസ് നയങ്ങളെക്കാൾ കൂടുതൽ മൃദുഹിന്ദുത്വ പ്രഖ്യാപനങ്ങളായിരുന്നു എന്നും ഓർക്കണം.
ഹിന്ദുത്വ ആശയങ്ങൾ വിളമ്പുന്നതിൽ ബി.ജെ.പിയെക്കാൾ ഒട്ടും പുറകിലല്ല തങ്ങളും എന്ന് കാണിക്കാനുള്ള കമൽനാഥിന്റെ വ്യഗ്രത പ്രചാരണ പരിപാടികളിലെല്ലാം നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കമൽനാഥിന്റെ ബി.ജെ.പി പ്രവേശം ഇനിയും തള്ളിക്കളയാൻ കഴിയാത്ത പ്രഹേളികയാണെന്ന് കോൺഗ്രസും കണക്കുകൂട്ടുന്നുണ്ടാവണം.
ബി.ജെ.പിയൂടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ആഴത്തിൽ വേരുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം അത് കാണിക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് കമൽനാഥിന്റെ തീവ്ര ഹിന്ദുത്വ പ്രകടനമാണ്, കഴിഞ്ഞതവണ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തോൽവി ഉറപ്പിച്ചത്. '83 ശതമാനം ഹിന്ദുക്കൾ ജീവിക്കുന്ന ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അതിന് അങ്ങനെയൊരു പ്രഖ്യാപനം ആവശ്യമില്ലെന്നും' പ്രസ്താവിച്ച ഈ കോൺഗ്രസ് നേതാവിനെ വരവേൽക്കാൻ ബി.ജെ.പി ഇപ്പോഴും കാവിപ്പരവതാനി വിരിച്ചിരിക്കുകയുമാണ്.
കഴിഞ്ഞ തവണ ഭോപാൽ മണ്ഡലത്തിൽ നിന്ന് ബി.ജെ.പിയുടെ വിവാദ സ്ഥാനാർത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിനോട് തോറ്റ കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ഇത്തവണ മത്സരത്തിനുണ്ടാവുമോ എന്നാണ് അറിയാനുള്ളത്. കഴിഞ്ഞ തവണ 8,66,482 വോട്ട് പ്രഗ്യാ സിംഗ് ഠാക്കൂർ നേടിയപ്പോൾ ദിഗ്വിജയ് സിംഗിന് നേടാനായത് 5,01,660 വോട്ടുകൾ മാത്രം. അതായത് 61 ശതമാനത്തിലധികം വോട്ട് പ്രഗ്യാ സിംഗ് നേടിയപ്പോൾ ദിഗ്വിജയ് സിംഗിന് നേടാനായത് 35 ശതമാനം മാത്രം.
ഇത്തവണ ഭോപ്പാൽ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി അലോക് ശർമയാണ്. കോൺഗ്രസിന് സ്ഥാനാർത്ഥിയായിട്ടുമില്ല. ഭോപ്പാൽ മണ്ഡലം ബി.ജെ.പിക്കും കോൺഗ്രസിനും ഒരുപോലെ പ്രധാനപ്പെട്ടതുമാണ്. ആകെ 29 മണ്ഡലങ്ങളിൽ 28ലും മത്സരത്തിന് കോൺഗ്രസ് ഇറങ്ങുമ്പോൾ പിന്തുണ നൽകാൻ സമാജ് വാദി പാർട്ടിയുമുണ്ട്. ഖജുരാഹോ മണ്ഡലത്തിൽ സമാജ് വാദി പാർട്ടിയെ കോൺഗ്രസും പിന്തുണയ്ക്കും.