MODEL CODE OF CONDUCT
അഥവാ ‘MODI CODE OF CONDUCT’

ഇലക്ഷൻ കാമ്പയിനിടെയുണ്ടാകുന്ന വിദ്വേഷ പ്രസംഗങ്ങ​ൾക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ ഇലക്ഷൻ കമീഷനോ സുപ്രീംകോടതിയോ കൃത്യമായി വിശദീകരിച്ചിട്ടില്ല. അതേസമയം, പരാതികളിൽ നടപടിയെടുക്കാനുള്ള കമീഷന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് കോടതി ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതായത്, കമീഷന്റെ ഇച്ഛാശക്തിയാണ് ഇക്കാര്യത്തിൽ നി​ർണായകം. ആ ഇച്ഛാശക്തിയാണ്, നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തിനുമുന്നിൽ നിശ്ശബ്ദത പുലർത്തുന്നതിലൂടെ ഇല്ലാതാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, വിദ്വേഷ പ്രസംഗം എന്ന തെരഞ്ഞെടുപ്പു ചട്ടലംഘനത്തിന്റെ പരിധിയിൽ വ്യക്തമായി വരുന്ന നിയമലംഘനം നടത്തിയിട്ടും തെരഞ്ഞെടുപ്പു കമീഷൻ എന്തുകൊണ്ട് നടപടിക്ക് മടിച്ചുനിൽക്കുന്നു. ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ്, അടുത്ത ഘട്ടങ്ങൾ നടക്കാനിരിക്കവേ, ഈ പരാതിയിൽ അതിവേഗം നടപടി വേണ്ടതാണ്. എന്നാൽ, 'പ്രതികരിക്കുന്നില്ല' എന്നാണ് കമീഷൻ നൽകിക്കൊണ്ടിരിക്കുന്ന മറുപടി.
കമീഷൻ നടപടിയെടുക്കാത്തതിനെതുടർന്ന് സുപ്രീംകോടതിയിൽ ഹർജി എത്തിയിട്ടുണ്ട്. സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ടിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.

കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷം കമീഷന് രേഖാമൂലം പരാതി നൽകിയിട്ടും ഒരു പ്രതികരണവുമുണ്ടായിട്ടില്ല. ആയിരക്കണക്കിനുപേർ വ്യക്തിപരമായും പൗരസംഘടനകളുടെ പേരിലും മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കമീഷന് കത്തയച്ചിട്ടുണ്ട്. എന്നാൽ, ഈ നിമിഷം വരെ ദുരൂഹമായ നിശ്ശബ്ദത പുലർത്തുകയാണ് കമീഷൻ. മുമ്പും മോദിക്കും അമിത് ഷാക്കുമെതിരെ ചട്ടലംഘനം ആരോപിക്കപ്പെട്ടപ്പോൾ പുലർത്തിയ അതേ നിശ്ശബ്ദത.

രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയു‍ടെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗം

എന്താണ് മാതൃകാ പെരുമാറ്റ ചട്ടം?

മുസ്‌ലിംകൾക്കെതിരെ ശത്രുതയുണ്ടാക്കാനും മതങ്ങൾ തമ്മിൽ വിദ്വേഷം പടർത്താനും ലക്ഷ്യമിട്ടുള്ള മോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണ്.
മാതൃകാ പെരുമാറ്റചട്ടത്തിലെ ആദ്യ മൂന്നു വ്യവസ്ഥകൾ ഇതാണ്:

-No party or candidate shall include in any activity which may aggravate existing differences or create mutual hatred or cause tension between different castes and communities, religious or linguistic.

-Criticism of other political parties, when made, shall be confined to their policies and programme, past record and work. Parties and Candidates shall refrain from criticism of all aspects of private life, not connected with the public activities of the leaders or workers of other parties. Criticism of other parties or their workers based on unverified allegations or distortion shall be avoided.

-There shall be no appeal to caste or communal feelings for securing votes. Mosques, Churches, Temples or other places of worship shall not be used as forum for election propaganda.

ജനപ്രാതിനിധ്യ നിയമത്തിലെ (1951) സെക്ഷൻ 123(3), (3അ), 125 എന്നീ വകുപ്പുകളുടെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പിന്റെയും കൂടി ലംഘനമാണ് മോദിയുടെ പ്രസംഗമെന്ന് നിയമവിദഗ്ധർ അർഥശങ്കക്കിടയില്ലാത്തവിധം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതനുസരിച്ച്, നടപടിയെടുക്കാവുന്ന ചട്ടലംഘനം തന്നെയാണ് നരേന്ദ്രമോദിയുടെ പ്രസംഗം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റചട്ടത്തിലെ ആദ്യ മൂന്നു വ്യവസ്ഥകൾ

ഒരു പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ പൗരർക്കെതിരെ വിദ്വേഷകരമായി പ്രസംഗിച്ചുവെന്നുമാത്രമല്ല, അതിന് ബലം പകരുന്ന മട്ടിൽ തീർത്തും വസ്തുതാവിരുദ്ധമായ ആക്ഷേപങ്ങൾ ഉന്നയിക്കുക കൂടി ചെയ്തു. 'കുടിയേറ്റക്കാർ' എന്നും 'കൂടുതൽ കുട്ടികളെയുണ്ടാക്കുന്നവർ' എന്നുമുള്ള ആക്ഷേപം ഒരു പ്രധാനമന്ത്രിയാണ്, തന്റെ ജനതക്കെതിരെ ഉന്നയിച്ചത്. തന്റെ ആക്ഷേപങ്ങൾക്ക് ബലം പകരാൻ, മുൻ പ്രധാനമന്ത്രിയുടെ പ്രസംഗം മാത്രമല്ല, പ്രധാന പ്രതിപക്ഷ കക്ഷിയുടെ പ്രകടനപത്രിക കൂടി വളച്ചൊടിക്കുകയാണ് മോദി ചെയ്തത്. തെരഞ്ഞെടുപ്പുകാലത്തും അല്ലാത്തപ്പോഴും ഒരു പ്രധാനമന്ത്രിയും നടത്താത്ത കുറ്റകൃത്യം കൂടിയാണിത്. ആർ.എസ്.എസും ബി.ജെ.പിയും മുസ്‍ലിംകൾക്കെതിരെ കാലാകാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ കാമ്പയിനാണ് പ്രധാനമന്ത്രി നിർലജ്ജം ഏറ്റെടുത്തത്.

'മോഡൽ കോഡ് ഓഫ് കോൺഡാക്റ്റ്' 'മോദി കോഡ് ഓഫ് കോൺടാക്റ്റ്' ആക്കി മാറ്റിയിരിക്കുകയാണ് എന്ന പ്രതിപക്ഷ ആരോപണം ശരിവക്കുംവിധമാണ് ഇലക്ഷൻ കമീഷന്റെ നിശ്ശബ്ദത. 'പെരുമാറ്റച്ചട്ടലംഘനം ആര് നടത്തിയാലും, അത് ഉന്നത രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ, നടപടിയുണ്ടാകും എന്ന് കമീഷൻ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യ കമീഷണർ രാജീവ് കുമാർ പറഞ്ഞതിന്റെ ചൂടാറിയിട്ടില്ല. 'മസിൽ- മണി പവർ, ചട്ടലംഘനം, വ്യാജ പ്രചാരണം എന്നിവയാണ് സ്വതന്ത്രവും നീതിപൂർവകവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് കമീഷനുമുന്നിലുള്ള ഭീഷണികൾ' എന്ന് രാജീവ് കുമാർ പറഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പണം പിടികൂടിയ ഗുജറാത്താണ് മണി പവറിൽ മുന്നിലെന്നും കമീഷൻ പുറത്തുവിട്ട കണക്കുകളിലുണ്ട്.
എന്നാൽ, നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ ചട്ടലംഘനങ്ങളിൽ കമീഷൻ എന്ത് നടപടിയാണ് എടുത്തത് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, കമീഷൻ ഒഴിഞ്ഞുമാറുകയായിരുന്നു.

തമിഴ്നാട്ടിലെ വെല്ലൂരിൽ ഡി.എം.കെയെയും കോൺഗ്രസിനെയും 'ഹിന്ദു വിരുദ്ധരാക്കി' ചിത്രീകരിച്ചായിരുന്നു മോദിയുടെ പ്രസംഗം

നരേന്ദ്ര മോദി ആദ്യമായല്ല വിദ്വേഷ പ്രസംഗം നടത്തുന്നത്, മോദിയുടെ മുന്നിൽ ആദ്യമായല്ല, ഇലക്ഷൻ കമീഷന് നാവിറങ്ങിപ്പോകുന്നതും. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 12 വർഷം ഇത്തരം നിരവധി പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് കാമ്പയിനിൽ, തമിഴ്‌നാട്ടിൽ മോദി നടത്തിയ വർഗീയ പരാമർശത്തിനെതിരെ ഇ.എ.എസ്. ശർമ കമീഷന് പരാതി നൽകിയിരുന്നു. ഡി.എം.കെയെയും കോൺഗ്രസിനെയും 'ഹിന്ദു വിരുദ്ധരാക്കി' ചിത്രീകരിച്ചായിരുന്നു മോദിയുടെ പ്രസംഗം.

വിമർശിക്കപ്പെടുന്ന
ഇലക്ഷൻ കമീഷൻ

ഇലക്ഷൻ കമീഷൻ ഭരണകക്ഷിയുടെ നാവായി മാറുന്നുവോ എന്ന ആശങ്ക, ഈ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പല തലങ്ങളിൽ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനുതൊട്ടുമുമ്പ് കമീഷണർ അരുൺഗോയൽ രാജിവച്ചത്, ഭരണഘടനാ സ്ഥാപനങ്ങളുടെ നേർക്കുള്ള കടന്നുകയറ്റത്തിന്റെ സൂചനയാണെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ രാജി, തെരഞ്ഞെടുപ്പ് നീതിപൂർവം നടക്കുമോ എന്ന ചോദ്യം ഉയർത്തുന്നുണ്ടെന്നുകൂടി കോൺഗ്രസ് അന്ന് വ്യക്തമാക്കിയിരുന്നു. വിരമിക്കുന്നതിന് മൂന്നുവർഷം ബാക്കിയുണ്ടായിരുന്ന അരുൺ ഗോയൽ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചതെന്ന് വിശദീകരിക്കപ്പെട്ടുവെങ്കിലും, രാജിക്കു പുറകിലെ ദുരൂഹമായ പ്രേരണകൾ ഇന്നും ‘അജ്ഞാത’മാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനുതൊട്ടുമുമ്പ് കമീഷണർ അരുൺഗോയൽ രാജിവച്ചത്, ഭരണഘടനാ സ്ഥാപനങ്ങളുടെ നേർക്കുള്ള കടന്നുകയറ്റത്തിന്റെ സൂചനയാണെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു.

മറ്റു ഭരണഘടനാ സ്ഥാപനങ്ങളെയെന്ന പോലെ, ഇലക്ഷൻ കമീഷനെയും കൈപ്പിടിയിലൊതുക്കാൻ കേന്ദ്ര സർക്കാർ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ‘ഫലശ്രുതി’യെന്ന നിലയ്ക്കാണ്, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും മറ്റ് കമീഷണർമാരെയും തിരഞ്ഞെടുക്കുന്ന സെലക്ഷൻ പാനലിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പുതിയ നിയമം - The Chief Election Commissioner and Other Election Commissioners (Appointment, Conditions of Service and Term of Office) Act-2023- കൊണ്ടുവന്നത്. ഈ നിയമത്തിനെതിരെ വൻ വിമർശനമുയരുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ എന്ന സ്ഥാപനത്തിന്റെ സകല വിശ്വാസ്യതയെയും ഇല്ലാതാക്കുന്നതാണ് നിയമം എന്നായിരുന്നു വിമർശനം. പുതിയ നിയമപ്രകാരം, തെരഞ്ഞെടുപ്പ് കമീഷണർമാരെ തെരഞ്ഞെടുക്കാനുള്ള കമ്മിറ്റിയിൽ പ്രധാനമന്ത്രി, കേന്ദ്ര ക്യാബിനറ്റ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണുള്ളത്.
നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി പരിഗണനയിലാണ്. സുപ്രീംകോടതിവിധി മറികടന്നുളള നിയമനിർമാണം ഭരണഘടനാ താൽപര്യത്തെയും ജനാധിപത്യപ്രക്രിയയുടെ സുതാര്യതയെയും അട്ടിമറിക്കുന്നതാണ് എന്നാണ് ഹർജിക്കാരായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ വാദം.
എന്നാൽ, തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിൽ നിയമം സ്‌റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു. അരുൺ ഗോയൽ രാജിവച്ചതിനെതുടർന്ന് നിയമിക്കപ്പെട്ട ഗ്യാനേഷ് കുമാറിന്റെയും സുഖ്ബീർ സിങ്ങ് സന്ധുവിന്റെയും പേരിൽ ആരോപണങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. 'തെരഞ്ഞെടുപ്പ് അടുക്കുകയാണ്, സൗകര്യം കൂടി നോക്കുക പ്രധാനമാണ്' എന്നാണ് സുപ്രീംകോടതി പറഞ്ഞത്.

ഇലക്ഷൻ കമീഷൻ പക്ഷപാതപരമായി പ്രവർത്തിച്ചാൽ എന്തു ചെയ്യും? പാർലമെന്റിന് കമീഷനെ വിചാരണ ചെയ്യാം. അത്, തെരഞ്ഞെടുപ്പ് കഴിഞ്ഞേ സാധ്യമാകൂ.

എന്താണ് വിദ്വേഷ പ്രസംഗം എന്ന് കൃത്യമായി നിയമത്തിൽ നിർവചിക്കുന്നില്ല എന്നതാണ് കമീഷന്റെ നിശ്ശബ്ദതയുടെ ന്യായം. 2022-ൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കമീഷൻ ഇക്കാര്യം പറയുന്നുണ്ട്: ''ഇലക്ഷൻ കാലത്ത് നടത്തുന്ന വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് കൃത്യമായ നിയമമില്ലാത്തതിനാൽ ഇന്ത്യൻ പീനൽ കോഡിലെയും ജനപ്രാതിനിധ്യനിയമത്തിലെയും വകുപ്പുകൾ അനുസരിച്ചാണ് കമീഷൻ ഇക്കാര്യത്തിൽ നടപടിയെടുക്കുന്നത്''.

ഉദ്ധവ് താക്കറേ

ബി.ജെ.പി നേതാക്കൾക്കുമുന്നിൽ മാത്രമാണ് കമീഷന്റെ നിശ്ശബ്ദതയെന്നതും ശ്രദ്ധിക്കേണ്ടതാണ്. ശിവസേനയുടെ (ഉദ്ധവ് താക്കറേ വിഭാഗം) പ്രചാരണ ഗാനത്തിൽനിന്ന് 'ഹിന്ദു', 'ജയ് ഭവാനി' എന്നീ വാക്കുകൾ എടുത്തുമാറ്റാനാവശ്യപ്പെട്ട് കമീഷൻ കഴിഞ്ഞദിവസം കത്തയച്ചിരുന്നു. ‘മോദിക്ക് നിങ്ങൾ ആദ്യം നോട്ടീസ് അയക്കൂ’ എന്നു പറഞ്ഞ് ഉദ്ധവ് താക്കറേ ഈ ആവശ്യം നിരസിക്കുകയാണ് ചെയ്തത്.

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അപൂർവ സന്ദർഭങ്ങളിൽ കമീഷൻ ഇടപെട്ടിട്ടുണ്ട്. ശിവസേന നേതാവ് ബാൽ താക്കറേയെ ആറു വർഷം വോട്ടു ചെയ്യുന്നതിൽനിന്നും ഇലക്ഷനിൽനിന്ന് മത്സരിക്കുന്നതിൽനിന്നും തടഞ്ഞിരുന്നു. മഹാരാഷ്ട്ര നിയമസഭയിലേക്ക് 1987-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ശിവസേന സ്ഥാനാർഥിയായിരുന്ന ഡോ. രമേശ് പ്രഭുവിന്റെ പ്രചാരണത്തിനിടെ, താക്കറേ ചില മുസ്‌ലിം പേരുകൾ പരാമർശിക്കുകയും ഒരു ഹിന്ദുവിന് മറ്റു ഹിന്ദുക്കൾ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു: ''ഈ വിജയം എന്റേതോ ശിവസേനയുടെതോ ആയിരിക്കുകയില്ല, ഹിന്ദുയിസത്തിന്റേതായിരിക്കും' എന്നാണ് ബാൽ താക്കറേ പ്രസംഗിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കുന്തേ ബോബെ ഹൈകോടതിയെ സമീപിച്ചതിനെതുടർന്ന് പ്രഭുവിന്റെ വിജയം അസാധുവാക്കുകയും ചെയ്തു. ഈ കേസ് പിന്നീട് സുപ്രീംകോടതിയിലെത്തി.

ഡോ. രമേശ് പ്രഭുവും പി.ആർ. കുന്തേയും തമ്മിലുള്ള കേസിൽ സുപ്രീംകോടതി പറഞ്ഞത്, കാമ്പയിനിൽ ഏതെങ്കിലും മതത്തെ പരാമർശിക്കുന്നതും 'ഹിന്ദുത്വ' എന്ന വാക്ക് ഉപയോഗിക്കുന്നതും ജനപ്രാതിനിധ്യനിയമത്തിലെ 123(എ) വകുപ്പനുസരിച്ച് ചട്ടലംഘനമല്ല എന്നാണ്. 1996-ലെ മനോഹർ ജോഷി- നിതിൻ ഭറുവ പാട്ടീൽ കേസിലും സുപ്രീംകോടതി പറഞ്ഞത്, കാമ്പയിനിൽ ഒരു സ്ഥാനാർഥി, 'ഹിന്ദു രാഷ്ട്രം സ്ഥാപിക്കും' എന്ന് പ്രസംഗിച്ചാൽ അതും 123(എ) വകുപ്പനുസരിച്ച് ചട്ടലംഘനമാകില്ല എന്നാണ്. കാരണം, അത് ഒരു പ്രതീക്ഷയെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്.

യോഗി ആദിത്യനാഥ്

2014-ലെ ലോക്‌സഭാ ഇലക്ഷൻ കാലത്തും, വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സുപ്രീംകോടതിക്കുമുന്നിൽ പൊതുതാൽപര്യ ഹർജികളെത്തി. രാഷ്ട്രീയ പ്രവർത്തകർ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ പരിശോധിക്കാൻ നിയമ കമീഷനോട് നിർദേശിച്ച സുപ്രീംകോടതി, ഇത്തരം പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന് ഇലക്ഷൻ കമീഷനുള്ള അധികാരം ശക്തമാക്കാൻ പാർലമെന്റിൽ നിർദേശം സമർപ്പിക്കാനും ആവശ്യപ്പെട്ടു.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കാമ്പയിനിൽ യു.പിയിൽ ബി.എസ്.പി നേതാവ് മായാവതിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തിയ വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ കേസിൽ, കമീഷൻ പ്രതിനിധിയെ കോടതി വിളിച്ചുവരുത്തി. തങ്ങൾക്ക് നടപടിയെടുക്കാൻ നിയമ പരിമിതികളുണ്ട് എന്നായിരുന്നു കമീഷന്റെ വാദം. ഇതിനോട് രൂക്ഷമായാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ച് പ്രതികരിച്ചത്; 'നടപടിയെടുക്കാൻ കമീഷന് ഉത്തരവാദിത്തമുണ്ട്, അതുകൊണ്ട് ഇത്തരം വിഷയങ്ങൾക്കുമുന്നിൽ ഉറങ്ങാൻ പാടില്ല'.

ഇത്തരം നിരീക്ഷണങ്ങൾ ഒഴികെ, സുപ്രീംകോടതിയും ഇലക്ഷൻ കാമ്പയിനിടെയുണ്ടാകുന്ന വിദ്വേഷ പ്രസംഗത്തിനെതിരായ നടപടികളെ കൃത്യമായി വിശദീകരിച്ചിട്ടില്ല. അതേസമയം, പരാതികളിൽ നടപടിയെടുക്കാനുള്ള ഇലക്ഷൻ കമീഷന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് കോടതി ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട്.

അതായത്, കമീഷന് ഇച്ഛാശക്തിയുണ്ടെങ്കിൽ, തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കാം. കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പു കാമ്പയിനുകളിൽ, വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ വൻ വർധനയുമുണ്ടായിട്ടുണ്ട്. അതിലെ പ്രതികളിലേറെയും ബി.ജെ.പിക്കാരുമാണ്.

2023-ൽ മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളുടെ 668 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വാഷിങ്ടൺ കേന്ദ്രമായ ഇന്ത്യ ഹെയ്റ്റ് ലാബ് എന്ന ഗ്രൂപ്പാണ് ഈ കണക്കെടുത്തത്. ഇതിൽ, 498 സംഭവങ്ങളും, അതായത്, 75 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നാണ് റിപ്പോർട്ട് ചെയ്തത്.
ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ടിലും, കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ 45 ശതമാനം വർധനയുണ്ടായി. 2022-ൽ കൂടുതൽ കേസുകൾ യു.പിയിലാണ് റിപ്പോർട്ട് ചെയ്തത്.

ഇത്തരം യാഥാർഥ്യങ്ങളും ‘ഞങ്ങൾ നിസ്സഹായരാണ്' എന്ന കമീഷന്റെ കരച്ചിലിന് കാരണമായിട്ടുണ്ട് എന്ന് ന്യായമായും സംശയിക്കാം.

Comments