അതേ സഖ്യം, അതേ ഒഡീഷ, തന്ത്രങ്ങൾ മാത്രം മാറുന്നു

കൂടുതൽ ലോക്സഭാ സീറ്റുക​ൾ കൈയടക്കുക, നിയമസഭയിൽ ഭരണകക്ഷിയാകുക, പിന്നെ, എൻ.ഡി.എയുടെ ഒരു നിർജീവ ഘടകകക്ഷിയാക്കുക- ബി.ജെ.പിയുടെ ഒഡീഷ ലക്ഷ്യം വ്യക്തം. ഈയൊരു ഭീഷണി നവീൻ പട്നായിക്ക് തിരിച്ചറിയുന്നുണ്ട് എന്നതാണ് സഖ്യം യാഥാർഥ്യമാകാനുള്ള കടമ്പയും.

Election Desk

15 വർഷത്തിനുശേഷം ബി.ജെ.പി- ബി.ജെ.ഡി സഖ്യ സാധ്യത തെളിഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തിലാണ് ഒഡീഷ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടുന്നത്.

2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നവീൻ പട്‌നായിക്കിന്റെ ബി.ജെ.ഡി ആകെയുള്ള 147-ൽ 112 സിറ്റും നേടി ബി.ജെ.പിയെ ഞെട്ടിച്ചു. ഏറെ കാലം സംസ്ഥാനത്തെ ഭരണകക്ഷിയായിരുന്നു കോൺഗ്രസിന് കിട്ടിയത് വെറും ഒമ്പത് സീറ്റ്. സി.പി.എമ്മിനും ഒരു സീറ്റുണ്ടായിരുന്നു.
ലോക്‌സഭയിൽ ആകെയുള്ള 21 സീറ്റിൽ 12-ഉം ബി.ജെ.ഡി നേടി. ബി.ജെ.പി എട്ടും കോൺഗ്രസ് ഒരു സീറ്റും നേടി. 2014-ൽ ബി.ജെ.ഡി 21-ൽ 20 സീറ്റും നേടിയിരുന്നു. ബി.ജെ.പിയാകട്ടെ 2014-ലെ ഒരു സീറ്റിൽനിന്ന് എണ്ണം എട്ടിലേക്കുയർത്തി.

പവന്‍ കല്യാണ്‍, ചന്ദ്രബാബു നായിഡു

ബി.ജെ.ഡിയുമായി സഖ്യമുണ്ടാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ബി.ജെ.പി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് ലക്ഷ്യം വെച്ച് ഒരു വിശാല എൻ.ഡി.എയാണ് പാർട്ടി ലക്ഷ്യം. ആന്ധ്രയിൽ ടി.ഡി.പി- ജനസേന, കർണാടകത്തിൽ ജെ.ഡി.എസ്, ബീഹാറിൽ നിതീഷ് കുമാറിന്റെ ജനതാദൾ എന്നീ പാർട്ടികളുമായി ഉണ്ടാക്കിയ സഖ്യം ഇതിന്റെ ഭാഗമായിരുന്നു. ബി.ജെ.ഡിയുമായുള്ള സഖ്യത്തെയും ബി.ജെ.പി ഈയൊരു നയപരമായ നീക്കമായാണ് കാണുന്നത്. ലോക്സഭാ സീറ്റുകൾക്കൊപ്പം, നിയമസഭയും സ്വന്തമാക്കുക എന്നതുകൂടിയാണ് ലക്ഷ്യം. സംസ്ഥാനത്ത് കൂടുതൽ ലോക്സഭാ സീറ്റുക​ൾ കൈയടക്കുക, നിയമസഭയിൽ ഭരണകക്ഷിയാകുക, പിന്നെ, എൻ.ഡി.എയുടെ ഒരു നിർജീവ ഘടകകക്ഷിയാക്കുക- ബി.ജെ.പി ലക്ഷ്യം വ്യക്തം. രണ്ടാഴ്ചക്കിടെ സംസ്ഥാന ബി.ജെ.പി നേതാക്കൾ മൂന്നു തവണയാണ് ദൽഹിയിലെത്തി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയത്. അമിത് ഷാക്കാണ് സഖ്യ ചർച്ചയുടെ മേൽനോട്ടം. ഒഡീഷയിലെ മത്സരവുമായി ബന്ധപ്പെട്ട് ബി.ജെ.പി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇരു പാർട്ടികളും തമ്മിൽ ആശയപരമായ ഭിന്നതയൊന്നുമില്ല. പൗരത്വ ഭേദഗതി നിയമം., ഡൽഹിയിൽ ലഫ്റ്റനന്റ് ജനറലിന് കൂടുതൽ അധികാരം നൽകുന്ന എൻ.സി.ടി ബിൽ, സർജിക്കൽ സ്‌ട്രൈക്ക്, നോട്ടുനിരോധനം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ആർട്ടിക്കിൾ 370 റദ്ദാക്കൽ, ജി.എസ്.ടി, നോട്ടുനിരോധനം, മുത്തലാഖ് ബിൽ എന്നിവയിലെല്ലാം ബി.ജെ.പി സർക്കാരിനൊപ്പമായിരുന്നു ബി.ജെ.ഡി.

നിതീഷ് കുമാര്‍, നരേന്ദ്രമോദി

1998 മുതൽ 2009 വരെ ഇരു പാർട്ടികളും സഖ്യത്തിലായിരുന്നു. എ.ബി. വാജ്‌പേയ് മന്ത്രിസഭയിൽ നവീൻ പട്‌നായിക്ക് അംഗവുമായിരുന്നു. കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാറിന് ബി.ജെ.ഡി ഉറച്ച പിന്തുണയും നൽകിയിരുന്നു. 2017, 2022 വർഷങ്ങളിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും എൻ.ഡി.എ സ്ഥാനാർഥിക്കായിരുന്നു ബി.ജെ.ഡി പിന്തുണ.
2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പാണ് ബി.ജെ.ഡി വിട്ടുപോന്നത്. 2008-ലെ കാന്ധമാൽ കലാപത്തിന്റെ പേരിലായിരുന്നു ഈ വഴിപിരിയൽ.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ സ്ഥാനാർത്ഥിത്വത്തെ എതിർത്ത നവീന് പട്‌നായിക്ക് പിന്നീട് മോദിയുമായി ചങ്ങാത്തത്തിലാവുന്ന കാഴ്ചയാണ് കണ്ടത്. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളെ അതിശക്തമായി വിമർശിക്കാറുള്ള മോദി പലപ്പോഴും നവീന് പട്‌നായിക്ക് സർക്കാരിനോട് മൃദു സമീപനം പുലർത്തി. 2019-ൽ കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവിനെ രാജ്യസഭയിലെക്കെത്താൻ സഹായിച്ചത് ബി.ജെ.ഡിയായിരുന്നു.

മാർച്ച് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷ സന്ദർശിച്ചതിനുപുറകേ സഖ്യ ചർച്ച വീണ്ടും സജീവമായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രിയാണ് നവീൻ പട്‌നായിക്കെന്നാണ് മോദി പുകഴ്ത്തിയത്. ഇതിന് മറുപടിയായി, മോദി രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുകയാണെന്നും ഒഡീഷയുടെ വികസനത്തിന് മോദിയുടെ പിന്തുണ ആവശ്യമാണെന്നും നവീന് പട്‌നായിക്ക് പറഞ്ഞു.

2019-ൽ കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവിനെ രാജ്യസഭയിലെക്കെത്താൻ സഹായിച്ചത് ബി.ജെ.ഡിയായിരുന്നു.

സീറ്റു വിഭജനമാണ് ഇത്തവണ കീറാമുട്ടിയായി നിൽക്കുന്നത്. 21-ൽ 14 സീറ്റ് വേണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. 13-14 സീറ്റിൽ ബി.ജെ.പിയും 7-8 സീറ്റിൽ ബി.ജെ.ഡിയും എന്ന ധാരണ ഉരുത്തിരിയുന്നുണ്ടെന്നാണ് സൂചന. കൂടുതൽ ലോക്സഭാ സീറ്റുകൾ ബി.ജെ.പിക്ക് നൽകുന്നതിനുപകരമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റുകളിൽ ബി.ജെ.ഡി മത്സരിക്കും. എൻ.ഡി.എ സഖ്യകക്ഷിയായിരുന്ന സമയത്ത് ഇത്തരമൊരു ഫോർമുലയിലാണ് ശിവസേനയും ബി.ജെ.പിയും മത്സരിച്ചിരുന്നത്.

എന്നാൽ, സഖ്യമില്ലാതെ ഒറ്റയ്ക്കു മത്സരിച്ചാൽ തങ്ങൾക്ക് മുഴുവൻ സീറ്റും നേടാമെന്ന ആത്മവിശ്വാസത്തിലാണ് നവീൻ പട്‌നായിക്ക്. ബി.ജെ.പിക്ക് കൂടുതൽ ലോക്സഭാ സീറ്റുകൾ നൽകിയാൽ, തങ്ങളുടെ എണ്ണം കുറയുമെന്നുമാത്രമല്ല, ബി.ജെ.പി സ്വാധീനം വർധിപ്പിക്കുമെന്ന ഭീതിയും ബി.ജെ.ഡിക്കുണ്ട്.

ഒറ്റയ്ക്കു മത്സരിച്ച് ബി.ജെ.ഡിയെ തറപറ്റിക്കാമെന്ന ആത്മവിശ്വാസം സംസ്ഥാന ബി.ജെ.പിയിലുമുണ്ട്. ബി.ജെ.ഡിയുമായുള്ള സഖ്യം സംസ്ഥാനത്തെ ബി.ജെ.പിയുടെ വിശ്വാസ്യതയെ പ്രതികുലമായി ബാധിക്കുമെന്ന ഒരു കാമ്പയിനും സംസ്ഥാന ബി.ജെ.പി ഘടകം ഉയർത്തുന്നുണ്ട്. നവീൻ പട്‌നായിക്കിനെ മാറ്റിനിർത്തിയാൽ കാര്യമായി ബി.ജെ.ഡി ശൂന്യമാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഒറ്റയ്ക്കുനിന്ന് സ്വാധീനം വർധിപ്പിക്കുകയാണ് നല്ലതെന്നുമുള്ള രാഷ്ട്രീയതന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്.

ഒ.ബി.സി രാഷ്ട്രീയമാണ് ഇത്തവണ നവീൻ പട്‌നായിക്കിന്റെ തുരുപ്പുചീട്ട്. കഴിഞ്ഞ വർഷം, ബീഹാറിലെ ജാതി സെൻസസിനു പുറകേ, ഒ.ബി.സി വിഭാഗക്കാരുടെ സാമൂഹിക- സാമ്പത്തിക പദവി കണക്കാക്കാനുള്ള സർവേക്ക് നവീൻ പട്‌നായിക്ക് ഉത്തരവിട്ടത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒ.ബി.സി വോട്ട് ലക്ഷ്യം വച്ചായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 22 സമുദായങ്ങളെ കൂടി ഒ.ബി.സി പട്ടികയിൽ ചേർക്കാനുള്ള ബില്ലും കഴിഞ്ഞ വർഷം സർക്കാർ കൊണ്ടുവന്നിരുന്നു. സംസ്ഥാന ജനസംഖ്യയിൽ 54 ശതമാനം ഒ.ബി.സി വിഭാഗക്കാരാണ്. സംവരണ പരിധി 50 ശതമാനത്തിൽനിന്ന് ഉയർത്തണമെന്ന ആവശ്യവും ബി.ജെ.ഡി ഉയർത്തിയിരുന്നു.
21 ലോക്‌സഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണം എസ്.സി, മൂന്നെണ്ണം എസ്.ടി സംവരണമാണ്.

കോൺഗ്രസിന് ഇത്തവണയും തിരിച്ചുവരവിന് സാധ്യത കുറവാണെന്നാണ് പൊതുവെയുള്ള സൂചനകൾ. ഒഡീഷയിൽ സംഘടനാപരമായി തകർന്ന അവസ്ഥയിലാണ് പാർട്ടി. നാല് ദശകത്തോളം സംസ്ഥാനത്ത് അധികാരത്തിലിരുന്ന കോൺഗ്രസ് 2000 മുതൽ അധികാരത്തിന് പുറത്താണ്. 1999-ൽ മുഖ്യമന്ത്രിയായിരുന്ന ഹേമനന്ദ ബിസ്വാളായിരുന്നു കോൺഗ്രസിന്റെ അവസാനത്തെ മുഖ്യമന്ത്രി. ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് തകർച്ച നേരിട്ടു. 1996-ൽ നേടിയ 16 സീറ്റാണ് പാർട്ടി അവസാനമായി നേടിയ രണ്ടക്കം. അതിനുശേഷം നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സീറ്റും വോട്ട് വിഹിതവും കുറഞ്ഞുവന്നു.

ഇത്തവണ, തെലങ്കാനയിലും കർണാടകത്തിലും വിജയകരമായി പരീക്ഷിച്ച ജനപ്രിയ വാഗ്ദാനങ്ങൾ ആവർത്തിക്കുന്നതാണ് കോൺഗ്രസ് പ്രകടനപത്രിക.

ഇത്തവണ, തെലങ്കാനയിലും കർണാടകത്തിലും വിജയകരമായി പരീക്ഷിച്ച ജനപ്രിയ വാഗ്ദാനങ്ങൾ ആവർത്തിക്കുന്നതാണ് കോൺഗ്രസ് പ്രകടനപത്രിക. 5 ലക്ഷം യുവാക്കൾക്ക് ജോലി, പ്രതിമാസം 3000 രൂപ തൊഴിലില്ലായ്മ വേതനം, ഗൃഹലക്ഷ്മി യോജന പ്രകാരം ഗൃഹനാഥകൾക്ക് ഓരോ മാസവും 2,000 രൂപ, ഓരോ കുടുംബത്തിനും 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറും എല്ലാ വനിതാ സ്വയം സഹായ സംഘങ്ങൾക്കും (എസ്എച്ച്ജി) ബാങ്ക് വായ്പ എഴുതിത്തള്ളലും തുടങ്ങിയവ കോൺഗ്രസ് പ്രകടന പത്രിക ഉറപ്പുനൽകുന്നു. കർഷക കടങ്ങൾ എഴുതിത്തള്ളും, പ്രതിമാസം കർഷകർക്ക് 2000 രൂപ വീതം പെൻഷൻ, ക്വിന്റലിന് 3,000 രൂപയ്ക്ക് നെല്ല് വാങ്ങും, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവർക്കും 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, വാർദ്ധക്യ പെൻഷൻ പ്രതിമാസം 2,000 രൂപ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും ഒ ബി സി വിഭാഗത്തിന് 27% സംവരണം തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.

Comments