ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്ത് ബി.ജെ.പിക്ക് നൽകുന്നത് വലിയ തലവേദനകൾ. പാർട്ടിക്കുള്ളിലും പുറത്തും അതൃപ്തിയുടെ വേലിയേറ്റത്തിലാണ് കാമ്പയിൻ.
സംസ്ഥാനത്തെ പ്രബല വിഭാഗമായ രജപുത്രരുടെ അനിഷ്ടമാണ് ബി.ജെ.പിയുടെ പുതിയ പ്രതിസന്ധി. ഹിന്ദുത്വയ്ക്കും ജാതിസമവാക്യങ്ങൾക്കുമെല്ലാം പലതും ചെയ്യാൻ കഴിയുന്ന ഗുജറാത്തിൽ ജനസംഖ്യയുടെ 17% വരുന്ന രജപുത്രരുടെ അനിഷ്ടം നല്ലതിനാവില്ലെന്ന കാര്യം ബി.ജെ.പിയെ ഭയപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും സ്വന്തം തട്ടകത്തിൽ കാലിടറിയാൽ ബി.ജെ.പിക്ക് അത് വലിയ രാഷ്ട്രീയ തിരിച്ചടിയുമാവും. രജപുത്രരെ ഭയക്കണമെന്ന് ഇതിനകം ബി.ജെ.പിക്ക് ബോധ്യമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പർഷോത്തം രൂപാല നടത്തിയ വിവാദ പ്രസ്താവനയാണ് രജപുത്ര വിഭാഗത്തൈ ചൊടിപ്പിച്ചത്. ബ്രിട്ടീഷുകാരോട് രാജകുടുംബാഗങ്ങൾ സന്ധി ചെയ്‌തെന്നും ക്ഷത്രിയസ്ത്രീകളെ രാജകുടുംബാംഗങ്ങൾ ബ്രിട്ടീഷുകാർക്ക് വിവാഹം ചെയ്തുനൽകി എന്നുമായിരുന്നു പർഷോത്തം രൂപാലയുടെ കമെന്റ്.
മന്ത്രിക്കെതിരേ രൂക്ഷ പ്രതിഷേധങ്ങളാണ് സംസ്ഥാനത്താകെ നടക്കുന്നത്. രാജ്‌കോട്ട് മണ്ഡലത്തിൽ നിന്ന് പർഷോത്തം രൂപാലയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്നാണ് രജപുത്രരുടെ ആവശ്യം. ഒന്നിലധികം തവണ മാപ്പു പറഞ്ഞ് പ്രതിഷേധം തണുപ്പിക്കാനുള്ള രൂപാലയുടെ ശ്രമം വിജയം കണ്ടതുമില്ല. പിന്നാലെ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതും ഗുജറാത്തിലെത്തി സമുദായ നേതാക്കള കണ്ടിരുന്നു. എങ്കിലും, എക്കാലവും ബി.ജെ.പിയുടെ കൊടിക്കുകീഴെ അണിനിരന്നിരുന്ന രജപുത്ര വിഭാഗത്തിൽനിന്ന് ബി.ജെ.പിയിലേക്കുള്ള വോട്ടിന്റെ ഒഴുക്കിൽ ഇത്തവണ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. പട്ടിദാർ ഉൾപ്പടെ മറ്റു സുമദായങ്ങളുടെ പിന്തുണ ഉറപ്പാക്കാനും ബി.ജെ.പി ഓടിനടക്കുന്നുണ്ട്.
അതിനിടെ, പർഷോത്തം രൂപാലയ്‌ക്കെതിരായ രജപുത്ര പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കർണിസേന നേതാവ് രാജ് ഷെഖാവത്തിനെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ വച്ച് ഗുജറാത്ത് പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. രജപുത്രരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കർണിസേന പോലൊരു സംഘടനയെ ചൊടിപ്പിച്ചത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. അറസ്റ്റിനിടെ ഷെഖാവത്ത് തലയിൽ അണിഞ്ഞിരുന്ന ടർബൻ ബലമായി അഴിച്ചുമാറ്റിയതും വിവാദമായിട്ടുണ്ട്. വിശ്വാസവും രാഷ്ട്രീയവുമെല്ലാം കൂടിക്കുഴഞ്ഞുകിടക്കുന്ന ഗുജറാത്തിൽ ഷെഖാവത്തിന്റെ ടർബന് പോലും എത്രമാത്രം രാഷ്ട്രീയ മുഖമുണ്ടെന്ന് ബി.ജെ.പി അറിയാനിരിക്കുന്നതേയുള്ളൂ.
സൗരാഷ്ട്ര - കച്ച് മേഖലയിലും രജപുത്രർക്കിടയിൽ മൊത്തത്തിലും വലിയ സ്വാധീനമുള്ള രാജ് ഷെഖാവത്തിനെതിരെയുള്ള നടപടി ബി.ജെ.പിക്ക് ഗുണം ചെയ്യില്ലെന്നുറപ്പ്. ക്ഷത്രിയ സമുദായത്തെ ബി.ജെ.പി അപമാനിക്കുന്നെന്നാരോപിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. അതായത്, ബി.ജെ.പി ആവർത്തിച്ചു പറഞ്ഞിരുന്ന, കഴിഞ്ഞ തവണത്തെ 26-ൽ 26 എന്ന അമിതാത്മവിശ്വാസത്തെ തകർക്കാൻമാത്രം ശക്തമായ ഒരു ആയുധം ബി.ജെ.പി തന്നെ ഗുജറാത്തിൽ തയ്യാറാക്കിക്കഴിഞ്ഞിരിക്കുന്നു.
മാത്രമല്ല, ഏപ്രിൽ ആറിന് രജപുത്ര വിഭാഗത്തിൽ നിന്നുള്ള സത്രീകൾ ബി.ജെ.പി ഗുജറാത്ത് സംസ്ഥാന കമ്മറ്റി ഓഫീസിനുമുന്നിൽ കൂട്ടമായി ജൗഹർ (രജപുത്ര സ്ത്രീകൾ സതിക്ക് സമാനമായി ആചരിച്ചുവന്നിരുന്ന ആത്മഹത്യ ആചാരം) ആചരിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പർഷോത്തം രൂപാലയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കുക എന്നതുതന്നെയായിരുന്നു ഇവരുടെയും ആവശ്യം. സാഹചര്യം കൈവിട്ടുപോയേക്കുമോ എന്ന് ബി.ജെ.പി തന്നെ ഭയന്നുപോയതായിരുന്നു ഈ സംഭവം.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ വഡോദരയിലും സബർഗന്ധയിലും സ്ഥാനാർത്ഥികളെ പിൻവലിക്കേണ്ടിവന്നതും പാർട്ടിക്ക് മുമ്പു തന്നെ തിരിച്ചടിയായിരുന്നു. പട്ടേൽ പ്രക്ഷോഭങ്ങളിൽഗുജറാത്തിൽ ബി.ജെ.പിക്കുണ്ടായ ക്ഷീണം തീർക്കാൻ ശ്രമിക്കുമ്പോഴാണ് പുതിയ വെല്ലുവിളിയായി രജപുത്ര വിഭാഗം എത്തിയിരിക്കുന്നത്. എന്തായാലും മോദിയും അമിത്ഷായും ഇത്രനാൾ വീമ്പ് പറഞ്ഞു നടന്നിരുന്നത് പോലെ അത്ര ഈസിയാവില്ല ഇത്തവണ ഗുജറാത്ത്.
രൂപാലയുടെ സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ എല്ലാ ജില്ലയിലും കോലം കത്തിച്ച് പ്രതിഷേധിക്കുമെന്ന രജപുത്രരുടെ പ്രഖ്യാപനവും ബി.ജെ.പിയെ പിടിച്ചുകുലുക്കുന്നുണ്ട്. സൗരാഷ്ട്ര കച്ച് മേഖലയിൽ ഒതുങ്ങുമെന്ന് കരുതിയ പ്രശ്‌നം സംസ്ഥാനമാകെ പടർന്നുപിടിച്ചാൽ, ബി.ജെ.പി വിയർപ്പൊഴുക്കേണ്ടി വരും. തിരഞ്ഞെടുപ്പിനുശേഷവും രൂപാല ഇതേ വാദം തുടർന്നാലോ എന്നാണ് രാജ്പുത്തുകളുടെ ചോദ്യം. ബി.ജെ.പിയിൽ നിന്ന് സമുദായം അകറ്റപ്പെടുകയാണെന്ന ആശങ്കയും രാജ്പുത്ത് വിഭാഗത്തിനുണ്ട്.
ബി.ജെ.പിയിൽ സൗരാഷ്ട്ര മേഖലയിൽ നിന്നുള്ള രജപുത്ര സമുദായത്തിൽനിന്ന് അഞ്ച് എം.എൽ.എമാരും ഒരു രാജ്യസഭാ എം.പിയും മാത്രമാണുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും കേന്ദ്രമന്ത്രിമാരായ മൻസുഖ് മാണ്ഡവ്യയും രൂപാലയും പാട്ടിദാർ സമുദായത്തിൽ നിന്നുള്ളവരാണ്. ഗുജറാത്ത് മന്ത്രിസഭയിലും ശ്രദ്ധേയമായ ക്ഷത്രിയമുഖമില്ല.
രാജ്‌കോട്ട് മണ്ഡലത്തിൽ 50,000 രജപുത്ര വോട്ടുകളാണുള്ളത്. മാത്രമല്ല കോൺഗ്രസ് രാജ്‌കോട്ടിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ രജപുത്ര വിഭാഗം പ്രതികൂലമായി നിലപാടെടുത്താൽ പോലും തിരഞ്ഞെടുപ്പ് ഫലത്തിൽ അത് കാര്യമായ സ്വാധീനം ചെലുത്തില്ലെന്നും ഏറിയാൽ 10,000- 20,000 വരെ വോട്ടു മാത്രമേ ബി.ജെ.പിക്ക് നഷ്ടമാകൂ എന്നും നിരീക്ഷണങ്ങളുണ്ട്.
അതേസമയം, വോട്ടെടുപ്പ് ഫലങ്ങളിൽ മാറ്റം വരുത്താൻ സമുദായത്തിന് കഴിയുമെന്ന് ക്ഷത്രിയ നേതാവ് വാസുദേവ് സിംഗ് ഗോഹിൽ പറഞ്ഞു: 'ഞങ്ങൾ ഗുജറാത്ത് ജനസംഖ്യയുടെ 17 ശതമാനമാണ്. രാജ്കോട്ട് ജില്ലയിൽ മാത്രം മൂന്ന് ലക്ഷത്തോളം രജപുത്ര വോട്ടർമാരുണ്ട്. മാത്രമല്ല, മറ്റ് സമുദായങ്ങളുടെ പിന്തുണയും ഞങ്ങൾക്കുണ്ട്. അതായത് രജപുത്ര വിഭാഗത്തിൽ നിന്നുള്ള ഒരാൾക്ക് മറ്റു 10 വോട്ടുകൾ കൂടി നേടാൻ കഴിയും. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ മാറ്റം വരുത്താൻ മാത്രം പ്രാപ്തിയുള്ളവരാണ് ഞങ്ങൾ’.
സ്ഥാനാർഥി നിർണയത്തിൽ വൻ വിമതപ്രതിഷേധം ബി.ജെ.പിയെ ഇപ്പോൾതന്നെ വലയ്ക്കുന്നുണ്ട്. പരസ്യ പ്രതിഷേധ റാലികളും സ്ഥാനാർഥികളുടെ കോലം കത്തിക്കലുമെല്ലാം നിർബാധം നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കാമ്പയിനിൽ സജീവമാകുന്നതോടെ എല്ലാം ഭദ്രമാക്കാം എന്ന ആത്മവിശ്വാസം മാത്രമേ ഇപ്പോൾ ഗുജറാത്തിലെ ബി.ജെ.പിക്കുള്ളൂ. 26 എം.പിമാരാണ് ലോക്‌സഭയിൽ ഗുജറാത്തിൽനിന്നുള്ളത്. മൂന്നു ദശാബ്ദമായി ബി.ജെ.പി സംസ്ഥാനത്ത് ആധിപത്യം പുലർത്തുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി 26 സീറ്റിലും ജയിച്ചിരുന്നു.